Slider

സാന്ത്വനം കാംക്ഷിക്കുന്നവർ

0


മീര പുലരിയെ കാത്തു കിടക്കുക തന്നെയായിരുന്നു . ബെഡ് ലാംമ്പിന്റെ മങ്ങിയ പ്രകാശത്തിൽ വാൾക്ലോക്കിലെ സൂചിയനക്കം സസൂഷ്മം ശ്രദ്ധിച്ചു് ...ഒപ്പം തൊട്ടരികെ കിടന്നുറങ്ങിക്കൊണ്ടിരുന്ന മോന'ൂട്ടനെ ഇടം കൈ കൊണ്ട് മാടിയൊതുക്കി ഒന്നുകൂടി തന്നോടു ചേർത്തു കിടത്തി . പാൽ മണം തിരിച്ചറിഞ്ഞിട്ടെന്ന പോലെ അപ്പോഴേക്കുമവന്റെ കുഞ്ഞിളം കൈകൾ , മിഴികൾ പോലും തുറക്കാതെ തന്റെ ചുരത്താൻ വെമ്പി നിന്ന മാറിടത്തിലേയ്ക്ക് അരിച്ചെത്താനും ചുണ്ടുകളെത്തിക്കാനും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു . അതൊന്നുമറിയാതെപ്പോഴും വിഷ്ണുവേട്ടൻ , മോനൂട്ടനപ്പുറത്ത് തന്റെ തൊട്ടരികെത്തന്നെയായി സുഖമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു .
എന്തിനെ വിഷ്ണുവേട്ടനും കൂടി തന്നോടൊന്നുരിയാടുക പോലും ചെയ്യാതെ , വെറുതെ പിണങ്ങിക്കിടന്നത് ...? വിഷ്ണുവേട്ടൻ പോലും തനിക്കൊപ്പമില്ലായെങ്കിൽ പിന്നെയെന്താണീ ജീവിതത്തിനൊരർത്ഥം... ? മുന്നൊക്കെ തനിക്കൊരു മനോവിഷമം തട്ടിയെന്നറിഞ്ഞാലുടൻ തന്നെ ....വിഷ്ണുവേട്ടന്റെയമ്മ വൈദേഹിയമ്മയുടെ മുന്നിൽ വച്ചു് ഒന്നും തന്നെ പറഞ്ഞില്ലെങ്കിൽ കൂടി , അകമുറിയിലേക്കെത്തിക്കഴിഞ്ഞാലുടൻ തന്നെ ചേർത്തു പിടിച്ചാ ഹൃദയത്തിലേക്കടുപ്പിച്ചു നിർത്തി , നെറുകയിലും , പുറത്തും അമർത്തി തടവി കഴുത്തിനും , കാതിനുമിടയിലായധരങ്ങൾ ആഞ്ഞമർത്തി തേനിറ്റുവീഴും പോലെ മൊഴിയാറുള്ളതല്ലെ....
" നീയ്യെന്റെ പൊന്നല്ലേടാ ....."
വിതുമ്പാൻ വെമ്പി നിന്നിരുന്ന തന്റെ മിഴിയിണകളെ മാറി മാറി മുത്തിക്കൊണ്ട് തന്നെ ഒരിക്കൽക്കൂടി വരിഞ്ഞു പിടിച്ചു കൊണ്ട് വീണ്ടും വിഷ്ണുവേട്ടൻ പറയും....
" ഞാൻ എന്റെ പൊന്നിനൊപ്പമല്ലേടാ മോനെ... "
സത്യത്തിൽ അത്തരമൊരു സാന്ത്വനം മാത്രം ലഭിച്ചാൽ മതിയായിരുന്നു തനിക്ക് .... അതിനു വേണ്ടി മാത്രമായിരുന്നു താൻ കാതോർത്തു കിടന്നിരുന്നതും .... പക്ഷേ അത്തരം ആശ്വാസധ്വനികളൊന്നും തന്നെ വിഷ്ണുവേട്ടനിൽ നിന്നും ഇന്നലെ ഉണ്ടായതേയില്ല ..... ഇന്നേരം വരെ തനൊരു തലോടലിന്നായി കാത്തുകിടക്കുകയായിരുന്നു . പക്ഷെ ഇന്നേരം വരെയതുമാത്രമുണ്ടായതേയില്ല .... ഒരു വാക്കുപോലുമുരിയാടിയില്ലായെങ്കിലും താനൊരു സ്പർശത്താൽത്തന്നെ സംതൃപ്തയായിത്തീർന്നേനെ....വിഷ്ണുവേട്ടന്റെ അമ്മ വൈദേഹിയമ്മ വെളിപ്പെടുത്തിയതെല്ലാം അവരുടെ ആകുലതകളയായിരുന്നിരിക്കാം , പക്ഷേ പരോക്ഷമായോ , പ്രത്യക്ഷമായോ.... താനായിരുന്നല്ലൊ അവരുടെ ലക്ഷ്യം.... താൻ മനസ്സറിയാത്ത കാര്യങ്ങൾക്ക് ബലിയാടായിത്തീരുകയായിരുന്നല്ലൊ... വൈദേഹിയമ്മ ഇത്രയൊക്കെ പറഞ്ഞിട്ടും വിഷ്ണുവേട്ടൻ അവരോടു മറുത്തൊന്നും തന്നെ പറഞ്ഞു കാണില്ലെന്നും മീര ഊഹിച്ചു പോയി .
താൻ നോക്കിക്കിടക്കുകയായിരുന്നു വിഷ്ണുവേട്ടൻ മുറിയിലേക്കെത്തുന്നത് .... പതിവിന് വിപരീതമായി വിഷ്ണുവേട്ടൻ തന്നേയും മോനൂട്ടനേയും ഒന്നു തിരിഞ്ഞ നോക്കുക പോലും ചെയ്യാതെയായിരുന്നു വശം തിരിഞ്ഞു കിടന്നതു തന്നെ....അന്നേരം മുതലേ താനും കാതോർത്തു കൊണ്ടേയിരിക്കുകയായി രുന്നു വിഷ്ണുവേട്ടന്നെയൊരു മുരടനക്കത്തിന്നായി.... വയ്യ...
ഇനിയും തനിക്കിത് സഹിക്കാനാവില്ല....മിഴികളിപ്പോഴും ചാലിട്ടൊഴുകിക്കൊണ്ടിരുന്നു .
മോനൂട്ടൻ കുടി കഴിഞ്ഞ് മുലക്കണ്ണിൽ നിന്നും മുഖം വെട്ടിച്ച് കൈകാലുകൾ തല്ലി കളിക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു..... അല്പ നേരം കാം... കൂം... എന്നും പറഞ്ഞ് അവൻ വീണ്ടുമൊരു പൂച്ചയുറക്കത്തിലേക്ക് വഴുതി വീണു. മീര വീണ്ടും ഓരോന്നാലോചിക്കാൻ തുടങ്ങി .
വിഷ്ണുവേട്ടന്റെ അമ്മ പഴിച്ചത് തന്റെ മാതൃത്വത്തെയായിരുന്നു..... തന്റെ കഴിവുകേടായാണവർ മോനൂട്ടന്റെ ന്യൂനതയെ കണ്ടത് . വാസ്തവത്തിൽ തനങ്ങിനെയൊരു ന്യൂനത അറിഞ്ഞില്ലായെന്നുള്ളത് സത്യം തന്നെയായിരുന്നു .... പക്ഷേ അയൽപക്കത്തെ പാറുക്കുട്ടിത്തള്ള പറയുന്നതുവരെ ഇവിടെ ആരും തന്നെ അത് മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ലല്ലൊ .... വിഷ്ണുവേട്ടൻ പോലും....
മോനൂട്ടൻ തന്റെ ഉദരത്തിലൂറിയ നാൾ തൊട്ട വിഷ്ണുവേട്ടനും തന്റെ ഉടലിന്റേയും , ഉദരത്തിന്റെയും ഉയർച്ചതാഴ്ചകൾ തൊട്ടറിഞ്ഞു കൊണ്ടിരുന്നതല്ലേ..... അന്നതേപ്പറ്റിയൊന്നും ആരുമെന്തെ തിരക്കിയില്ല... കുറ്റമെല്ലാം തനിക്കു മാത്രം..... തന്റെ മാത്രം കഴിവുകേട് ..... വിവരമില്ലായ്മ ....തന്നെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് വിഷ്ണുവേട്ടന്റെ അമ്മ എന്തൊക്കെയാണ് പറഞ്ഞത്......
ഒന്നര മാസത്തോളം ഒരു കുഞ്ഞിനേയും കൊണ്ടു നടന്നിട്ടും തനിക്കൊരു ചുക്കും അറിയാനായില്ലെന്ന് .... താനൊരു വ ഹയ്ക്കും കൊള്ളാത്തവളാണെന്ന്....
വിഷ്ണുവേട്ടൻ എല്ലാം കേട്ട നിന്നു..... അമ്മയോട് മറുത്തൊന്നും പറയാതെ ....
ഇടനെഞ്ചു പൊട്ടി , നടയിലകത്തു നിന്നും താൻ മോനൂട്ടനേയും കൊണ്ട് അകമുറിയിലേക്കെത്തി വിതുമ്പിക്കൊണ്ടിരുന്നപ്പോഴെല്ലാം പിൻ ചുമലിലായി വിഷ്ണുവേട്ടന്റെ ഒരു മൃദുസ്പർശം എപ്പോഴും താൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നു . പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. വിഷ്ണുവേട്ടൻ അകായിലേക്കെത്തിയ പാടെ തന്നേയും മോനൂട്ടനേയുമൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ .... തന്നോടൊന്നറിയാടു കപോലും ചെയ്യാതെ ഒറ്റയുറക്കം .... അതു തന്നെ വലിയൊരു കള്ളത്തരമാണെന്ന് തനിക്കുറപ്പുണ്ടായിരുന്നു .... മതി.... ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം .... താനും തന്റെ മോനൂട്ടനും ഇവിടെയാർക്കുമൊരു ശല്യമായിക്കൂടാ.... ഈ പുലർച്ചെത്തന്നെ എല്ലാവരും ഉണർന്നെണീക്കും മുന്നേ ഇവിടെ നിന്നും പടിയിറങ്ങണം തനിക്കു് .... പെട്ടെന്നവളൊന്നു ഞെട്ടി.... മോനൂട്ടനൊന്നു ചിണുങ്ങിയൊ ....? മീര ഒന്നു ചെരിഞ്ഞ് ഇടതു കൈ മുട്ടുകുത്തി ശിരസ്സുയർത്തി അവനെയൊന്നു നോക്കി .... ഇല്ല അതു തന്റെ തോന്നലായിരുന്നു . എന്തോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് മീര പതിയെ ആ ബഡ്ഡിൽ നിന്നും ഊർന്നിറങ്ങി ....
സാധാരണ നിലയിൽ പുലർച്ചെ ഉണർന്നാലുടനെത്തന്നെ , കുളിച്ചീറ നോടെത്തന്നെ അടുക്കളയിലേയ്ക്ക് കയറുകയായിരുന്നു പതിവ്.... ആദ്യമൊക്കെ വിഷ്ണുവേട്ടന്റെ അമ്മ പറയുമായിരുന്നു " കുട്ടിയെന്തിനെ ഇത്രേം നേരത്തേ എണീറ്റു പോരുന്നേയെന്ന് " പിന്നെയതൊരു ശീലമായപ്പോൾ അമ്മയെല്ലാമൊരു ഗൂഡ സ്മിതത്തിലൊതുക്കി .... അവരെഴുന്നേറ്റെത്തുമ്പോഴേക്കും കട്ടൻ തിളപ്പിച്ചിട്ടുണ്ടാകും താൻ ... അരിയടുപ്പത്തേയ്ക്കിട്ടു കഴിയുമ്പോഴേയ്ക്കും വിഷ്ണുവേട്ടന്റെ അമ്മയെത്തിയിരിക്കും . തലേന്നാളേ കലക്കിവച്ചിട്ടുള്ള മാവുകൊണ്ട് രാവിലെ കാപ്പിയ്ക്ക് ദോശ ചുടണമൊ , അതോ ഇഡ്ഡലിയുണ്ടാക്കണമോയെന്ന് അമ്മ വന്നിട്ടേ തീരുമാനമെടുക്കാറുണ്ടായിരുന്നുള്ളൂ . 
സമയമിപ്പോഴും മൂന്നര കഴിഞ്ഞതേയുള്ളൂ ... ഇനിയാർക്കു വേണ്ടിയാണ് താനാവിടെ അടുപ്പു കത്തിക്കേണ്ടുന്നത് .... ?എന്തിനു വേണ്ടിയിട്ടാണ് കളിച്ചു ശുദ്ധം വരുത്തേണ്ടുന്നത് ....? അങ്ങിനെയൊക്കെചിന്തിച്ചു പോയെങ്കിലും മീരയുടെ വിരൽത്തുമ്പുകൾ ഷവർ ഓണാക്കിക്കഴിഞ്ഞിരുന്നു.
ഒരായിരം സൂചിമുനകൾ ശരീരത്തിലേക്കൊന്നിച്ചാഴ്ന്നിറങ്ങുന്നതു പോലെ.... പക്ഷേ പുലർക്കാലക്കുളിരിന്ന് തന്നെ ഒട്ടും തീണ്ടിയിട്ടേയില്ല .... തണുത്ത വെളളത്തിനും തന്റെ ഉള്ളിലാളിക്കത്തുന്ന അഗ്നിയെ ഒട്ടും തന്നെ ശമിപ്പിക്കാനാവില്ലെന്നവൾക്കുറപ്പായി .... ശരീരം വലിച്ചെടുക്കുന്ന ജലാംശമെല്ലാം നീരാവി കണക്കെ മീതേയ്ക്കുയർന്ന് പാതി തുറന്നു വച്ചിരുന്ന വെന്റിലേറ്റർ വഴി നീലവിഹായസ്സിലേയ്ക്ക് വിലയം ചെയ്യപ്പെടുന്നു.
കുളിമെടക്കുത്തിൽ തിരുകി വയ്ക്കാറുളള തുളസിക്കതിർ വരെ താൻ തലേന്നാൾ സന്ധ്യയോടെ തന്നെ പൊട്ടിച്ചെടുത്തു സൂക്ഷിച്ചു വയ്ക്കാറുണ്ടായിരുന്നു . പതിവു തെറ്റിക്കാതെ മീര അന്നും സിന്ദൂരച്ചെപ്പിന്റെ മൂടി തുറന്നു മാറ്റി അതിന്റെ കള്ളറയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന തുളസിക്കതിരെടുത്ത് കുളി മെടക്കെട്ടിലേയ്ക്ക് തിരുകി വച്ചു . പിന്നെ ഒരു നുള്ള് കുങ്കുമമെടുത്ത് സിന്ദൂരരേഖയിലേയ്ക്ക് ചാർത്തി . അലമാര മെല്ലെ തുറന്നപ്പോഴെ മീരയുടെ കയ്യെത്തി നിന്നത് താനപൂർവ്വമായി മാത്രം ധരിച്ചിരുന്ന സെറ്റുമുണ്ടിലായിരുന്നു. തന്നെ സെറ്റുമുണ്ടിൽ കാണാൻ ഏറ്റവും കൊതി വിഷ്ണുവേട്ടനു തന്നെയായിരുന്നു. ആ കൊതിയൊരിക്കലും തീരാതിരിക്കുന്നതിന്നു വേണ്ടിത്തന്നെയായിരുന്നു താനത് വല്ലപ്പോഴുമേ ധരിക്കേണ്ടതുള്ളൂവെന്ന് തീരുമാനിച്ചതും ..... ഇനിയൊന്നും കാത്തുവയ്ക്കേണ്ടതായില്ലല്ലൊ .... ഇന്നത്തോടെ എല്ലാം അവസാനിക്കുകയല്ലേ....
മീര മോനൂട്ടനെ ഒരു നനുത്ത ടവ്വലിലേക്കെടുത്തു കിടത്തി . പിന്നെ പതിയെ മാറത്തേയ്ക്ക് ചാച്ച് തോളിലേയ്ക്കിട്ടു .... മതി... ഇനി യാത്രയാകാം.... അതിനു മുമ്പെ മീര 
വിഷ്ണുവേട്ടന്റെ പാദത്തിന്നുത്തേയ്ക്ക് നീങ്ങി നിന്ന് തൊട്ടു തൊടാനായൊന്നു കുനിഞ്ഞതും നിർത്താതെ പെയ്യുകയായിരുന്നു മിഴികൾ രണ്ടും ....ചുടുനീർത്തുള്ളികളെങ്ങാനും വിഷ്ണുവേട്ടനെ പൊള്ളിച്ചുണർത്തിയേക്കുമെന്നവൾക്കു തോന്നി . തിരിത്തൊന്നു നോക്കുക കൂടി ചെയ്യാതെ മീര ആ അകമുറിയിൽ നിന്നും പുറത്തേയ്ക്കു കടന്നു . വാതിൽകടക്കും നേരം വരേയും മീരയുടെ മനസ്സ് തുടികൊട്ടിക്കൊണ്ടിരുന്നു. പിന്നിൽ നിന്നുള്ള വിഷ്ണുവേട്ടന്റെ വിളിയൊച്ചയൊന്നു കേൾക്കാൻ .... അകത്തളവും നടുമുറിയും പിന്നിട്ടു് മുൻവാതിലിന്റെ കൊളുത്തെടുത്ത് മീര വീണ്ടുമൊരിക്കൽ കൂടി വിഷ്ണുവേട്ടന്റെ പിൻ വിളിയ്ക്കായി കാത്തു നിന്നു . ഇല്ല .... ആരും തന്നെ വിളിച്ചു നിർത്തുന്നില്ല ...... കനത്ത നിശ്ശബ്ദത അപ്പോഴും പുലരിയെ ഗ്രസിച്ചു നിന്നിരുന്നു .വീണ്ടും പടിയടച്ച തിന്നു ശേഷമായിരുന്നു , എങ്ങോട്ടാണീ യാത്രയെന്ന് മീര ആലോചിച്ചു തുടങ്ങിയതു തന്നെ .
പത്തു മിനിറ്റെങ്കിലും നടന്നാൽ മാത്രമെ ബസ് സ്റ്റോപ്പിലേക്കെത്താനൊക്കൂ .... അതു വരെയുള്ള വഴിയ്ക്കിടയിൽ പരിചയക്കാരാരേയും കണ്ടുമുട്ടാനിടവരല്ലേയെന്നായിരുന്നു മീരയുടെ അപ്പോഴത്തെ പ്രാർത്ഥന .
സമയമപ്പോഴും നാലര കഴിഞ്ഞിട്ടേയുള്ളൂ .
ബസ് സ്റ്റോപ്പിൽ വച്ചും ചിലപ്പോൾ പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടിയെന്നു വരാം . മീര മോനൂട്ടനെ തന്റെ മാറത്തേയ്ക്ക് ചേർത്തൊതുക്കി പിടിച്ച് താഴേയ്ക്കു നീണ്ടു കിടന്നിരുന്ന സെറ്റുമുണ്ടിന്റെ മുന്താണി പിടിച്ചെടുത്ത് തല വഴി നന്നായി മൂടി മറച്ചു . പിന്നെ ചുവടുകൾക്ക് വേഗവും കൂട്ടി . ആദ്യത്തെ ബസ്സിൽത്തന്നെ തനിയ്ക്ക് ഇവിടം വിട്ടു് പോകേണ്ടതുണ്ടു്
മീരയെത്തിപ്പോൾ ബസ് സറ്റോപ്പ് തീർത്തും വിജനമായിരന്നു. യാത്രികരായപ്പോൾ മീരയും മോനൂട്ടനും മാത്രം . പരിചിത മുഖങ്ങളിൽ നിന്നുള്ള പലായനത്തിന്നായി തയ്യാറെടുത്തിരിക്കുന്നവർ.... ദിശാബോധമില്ലാത്ത പ്രയാണത്തിന്റെ ആരംഭത്തിന്നായി കാത്തുനില്ക്കുന്നവർ.....
അതോർത്തപ്പോഴേയ്ക്കും മീരയുടെ മിഴികൾ വീണ്ടും സജലങ്ങളായിത്തീർന്നു . മുന്താണിത്തലപ്പുകൊണ്ടവൾ വീണ്ടും മിഴിയിണകൾ ഒന്നൊപ്പി . അകലെ നിന്നും ബസ്സിന്റെ ഇരമ്പം കേട്ടതും മീരയുടെ നെഞ്ച് ഒന്നു കൂടി പിടച്ചു പോയി . അന്നേരം വരേയ്ക്കും തന്നെയാരും തിരിച്ചറിയല്ലേയെന്ന് മനസ്സുരുവിട്ടു കൊണ്ടേയിരുന്നുവെങ്കിലും , ആ നിമിഷം മുതൽ മീരയുടെ മനസ്സു് ചഞ്ചലിതമായിപ്പോയി . ആരെങ്കിലും തന്നെയൊന്നു തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ....? മീരയിന്നേരത്തേയ്ക്കെ വിടേയ്ക്കാണെന്നൊന്നു ചോദിച്ചിരുന്നെങ്കിൽ ...? മൂടിപ്പുതച്ചു വച്ച ശിരോ തലത്തിലെ മുന്താണിയവൾ വലിച്ചുനീക്കി.... തന്നെയാരെങ്കിലുമൊന്നു തിരിച്ചറിയട്ടെ.... നേരത്തെ സിന്ദൂരരേഖയിൽ തൊട്ട കുങ്കുമം ഭയം കൊണ്ട് വിയർക്കാൻ തുടങ്ങിയ നെറുകയിലേക്കമർന്നൊട്ടിക്കഴിഞ്ഞിരുന്നു .കാവിലെ വെളിച്ചപ്പാടിന്റെ പള്ളിവാളറ്റം കൊണ്ടു ചെമന്ന തിരുനെറ്റി കണക്കെ .... ആഴിയിലേക്കാണ്ടിറങ്ങുന്ന ആദ്യാർക്കാരുണിമ പോലെ....
ബസ്സ് നിർത്തിയ്ക്കാനായി മീരയൊന്നു കൈ നീട്ടുക പോലും ചെയ്തില്ല , എങ്കിലും അതൊരു കിതപ്പോടെ അവളുടെ മുന്നിലായിത്തന്നെ വന്നു നിന്നു . തനിക്കായി തുറന്നിട്ട ബസ്സിന്റെ ഡോർ ഹാൻഡലിൽ പിടിച്ചുയരാൻ തുടങ്ങവെ മീര വീണ്ടുമൊരിക്കൽക്കൂടിയൊന്നു പിൻതിരിഞ്ഞു നോക്കിപ്പോയി . തന്നെ തിരിച്ചറിഞ്ഞാരെങ്കിലും പേരെടുത്തു വിളിച്ചു ചോദിക്കുന്നുണ്ടോ - ....?
" വിഷ്ണുന്റെ പെണ്ണല്ലേ....? ,നീ ഈ നേരത്തീപ്പൊടിക്കൊച്ചുമായി....? "
പക്ഷേ ബസ്സിലെ കിളിയുടെ ശബ്ദം കേട്ടായിരുന്നു മീര സ്റ്റെപ്പിലേയ്ക്ക് ചുവടു വച്ചത് .... അയാൾ കയറാൻ തിരക്കുകൂട്ടിക്കൊണ്ട് എന്തൊക്കേയോ പറഞ്ഞു കൊണ്ടിരുന്നു .ബസ്സൊന്നു ലഞ്ഞതും മീര മോനൂട്ടനെ നെഞ്ചിലേക്കൊന്നു കൂടി ചേർത്തു പിടിച്ചു . അവനെ പുതച്ചു വച്ചിരുന്ന ടവ്വലിന്റെ തലപ്പ് ശിരസ്സിലേയ്ക്കൊന്നു കൂടി വലിച്ചു കയറ്റിയിട്ടുകൊടുത്തു . നേരമപ്പോഴും പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ.... ടൗണിലേയ്ക്ക് ചരക്കെടുക്കാൻ പോകുന്ന ചെറുകിട കച്ചവടക്കാരായിരുന്നു ആ ബസ്സിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും .... ബസ്സിൽ ആളുകളധികമുണ്ടായിരുന്നില്ലെങ്കിലും മീരയുടെ തൊട്ടായി ഒരു മദ്ധ്യവയസ്കയായ സ്ത്രീ ഇരുപ്പുണ്ടായിരുന്നു . പച്ചമീനിന്റെ ഒരു വാട മണം ചുറ്റുവട്ടത്താകെ തങ്ങിനില്ക്കും പോലെ മീരയ്ക്ക് തോന്നി . " അവിടെ '' യെന്നും പറഞ്ഞു കൈ നീട്ടിയ കണ്ടക്ടറോട് "മാർക്കറ്റെന്നും " പറഞ്ഞവർ എട്ടുരൂപ ചില്ലറയെടുത്തു നീട്ടി .അടുത്തതായി അയാളുടെ കൈ നീണ്ടു വരുന്നത് തന്റെ നേർക്കാണെന്നു കണ്ട് മീര ഒരു പത്തു രൂപ നോട്ടെടുത്തു നീട്ടി ക്കൊണ്ട് പറഞ്ഞു ....
" ടൗണിലേക്ക് "
തണുത്ത കാറ്റ് വീശിയടിയ്ക്കുന്നുണ്ടായിരുന്നു . മീര മോനൂട്ടനെ ഒന്നു കൂടി ചേർത്തു പിടിച്ചു . അവളുടെ തൊട്ടരികെയിരുന്നിരുന്ന മദ്ധ്യവയസ്ക മോനൂട്ടനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നപ്പോൾ മീര അതുകണ്ട് അവരിൽ നിന്നൊരകലം പാലിക്കാനെന്ന വിധം ഒരല്പം മറുവശത്തേയ്ക്ക് നീങ്ങിയിരുന്നു. മീരയുടെ കണ്ണുകളപ്പോഴേയ്ക്കും അകാരണമായി കൂമ്പിയടയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു .
താനും മോനൂട്ടനും അടുത്ത പ്രഭാതം കാണാൻ ബാക്കിയുണ്ടാകരുതെന്നു തന്നെയായിരുന്നു തലേന്നാൾ തീരുമാനിച്ചത് .... പക്ഷേ തിരിച്ചുവരവുദ്ദേശിച്ചിട്ടില്ലാത്ത ആ യാത്രയിൽ മോനൂട്ടനെ കൂടി ഒപ്പം കൂട്ടാൻ തന്നെക്കൊണ്ടാകുന്നേയില്ലായിരുന്നു . ആ കുഞ്ഞു മുഖത്തെ മന്ദഹാസം താനായി ഒടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേത്തെത്തിച്ചേരുകയായിരുന്നു അവസാനം .
പെട്ടെന്നായിരുന്നു ടവ്വലിൽ സുഖസുഷപ്തിയിലായിരുന്ന മോനൂട്ടന്റെ കുഞ്ഞി കൈകളും , ഇളം ചുണ്ടുമെല്ലാം മാറത്ത് ചുരമാന്താൻ തുടങ്ങിയത് . അതിനൊപ്പം തന്നെ അവൻ ചുണ്ടുകൾ ചുളുക്കി കരയാനും തുടങ്ങിക്കഴിഞ്ഞിരുന്നു . പെട്ടെന്നു തന്നെ മീരയവനെയൊന്നു തട്ടിപ്പൊത്തി നോക്കിയെങ്കിലും അവന്റെ കരച്ചിലിന്റെ ആക്കം അനുനിമിഷം കൂടിക്കൊണ്ടിരുന്നു . ചുമിലിൽ പതിഞ്ഞു കിടന്നിരുന്ന മോനൂട്ടനെ അവളെടുത്ത് തന്റെ മടിയിലേക്ക് മലർത്തിക്കിടത്തി ചേർത്തു പിടിച്ചു .മോനൂട്ടന്റെ ഡയപ്പറിന്ന് ഒരു നനുത്ത ചൂട്....
അവൻ കാര്യം സാധിച്ചതിന്നു ശേഷം അറിയിക്കുകയാണ് തന്നെ . ഇനിയുമവന് പാല് കിട്ടിയില്ലെങ്കിൽ ആ കരച്ചിലിന്റെ ഈണം തന്നെ മാറുമെന്നവൾക്കറിയാം .ഒരു പാൽക്കുപ്പി പോലും താൻ കൈയ്യിൽ കരുതിയിട്ടുമില്ല . ആദ്യമായിട്ടായിരുന്നു അത്തരമൊരു പ്രതിസന്ധിയെ തനിക്ക് നേരിടേണ്ടി വരുന്നത് ....കാരണം മോനൂട്ടനുമായി തനിക്കിന്നേവരെ ഒരിടത്തും ഒറ്റയ്ക്ക് പോകേണ്ടി വന്നിട്ടില്ലായിരുന്നു . മോനൂട്ടൻ കരച്ചിലിന് ശക്തി കൂട്ടിക്കൊണ്ടിരുന്നു .... മീര ഒരു താളത്തിൽ തന്നെ തുടകൾ ഇളക്കി അവനെ വീണ്ടും തട്ടിപ്പൊത്തിക്കൊണ്ട് പതിഞ്ഞ താളത്തിൽ മൂളിക്കൊണ്ടിരുന്നു .
"അമ്മേടെ മോനൂട്ടാ..അച്ഛേടെ പൊന്നൂ ട്ടാ.."
" അമ്മേടെ മോനൂട്ടാ..അച്ഛേടെ പൊന്നൂ ട്ടാ.."
അവന്റെ കരച്ചിൽ ഒന്നു കൂടെ മറുകാൻ മാത്രമെ അത് ഉപകരിക്കുകയുണ്ടായുള്ളൂ .അവളുടെ അടുത്തിരുന്ന മദ്ധ്യവയസ്കയപ്പോൾ മീരയെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു
" അതിന് വിശന്നിട്ടാ മോളേ ... അതിന് വല്ലതും .... "
മീരയതുകേട്ടവരെ മിഴിച്ചു നോക്കി . മോനൂട്ടൻ വീണ്ടും ചുണ്ടു പിളർത്തിയുറക്കെക്കരയുവാനും മാറിലേയ്ക്ക് മുഖമിട്ടുരയ്ക്കാനും തുടങ്ങി . ഒരു ചെറിയ ബസ്സ് യാത്രയ്ക്കിടെ മീര ഇത്രത്തോളമൊന്നും പ്രതീക്ഷിച്ചതേയില്ലായിരുന്നു .തന്റെ മാറിടമപ്പോഴേയ്ക്കും ചുരത്താൽ തുടങ്ങിക്കഴിഞ്ഞുവെന്നവൾക്കുറപ്പായിയെങ്കിലും മോനൂട്ടനെയപ്പോഴെങ്ങിനെയൂട്ടണമെന്നവൾക്ക് ഒരു ധാരണയും കിട്ടിയതേയില്ല . മീരയുടെ മനസ്സു വായിച്ചിട്ടെന്ന വിധം അവരപ്പോൾ പറഞ്ഞു .
" പാലു കിട്ടാതെയവൻ കരച്ചിലു നിർത്തില്ല മോളാ ടവ്വല് തന്നെയൊന്ന് മറപിടിച്ചവനു കൊടുത്തേയ്ക്ക് "
മീരയതോടെ ഒന്നുകൂടി കുനിഞ്ഞു താണിരുന്ന് മോനൂട്ടനെ തന്റെ മാറത്തേയ്ക്ക് ചേർത്തു പിടിച്ചു . അവർ പറഞ്ഞത് തീർത്തും ശരിയായിരുന്നു .
മോനൂട്ടൻ ഒരു മൂളക്കത്തോടും , വല്ലാത്തൊരു കസൃതിയോടും കൂടെ കുടിച്ചു കൊണ്ടേ യിരുന്നു . പെട്ടെന്നായിരുന്നു ആ
മദ്ധ്യവയസ്ക അവളോടു തിരക്കിയത്....
" മോളെവിടേയ്ക്കാ.... "
മനസ്സ് കണ്ണുനീർ പൊഴിയ്ക്കാനുള്ള ഒരു അവസരത്തിന്നായി കാത്തിരിക്കുകയായിരുന്നുവെന്ന് മീരയ്ക്കു തന്നെ തോന്നി . മോനൂട്ടന്റെ കുഞ്ഞു ചന്തിയിൽ താളാത്മകമായി തട്ടിക്കൊണ്ടിരിക്കവെത്തന്നെ മീരയുടെ മിഴികൾ രണ്ടും നിറഞ്ഞു കവിയാനും തുടങ്ങി . കവിൾത്തടത്തിൽ രൂപം കൊണ്ട കണ്ണീർച്ചാലുകൾ സെറ്റുമുണ്ടിന്റെ മുന്താണിയിലേയ്ക്കു തന്നെ പെയ്തിറങ്ങിത്തുടങ്ങിയിരുന്നു . 
തൊട്ടരികെയിരുന്നിരുന്ന ചേടത്തിയുടെ ചോദ്യമൊരു സാന്ത്വനമായിരുന്നോ...?പുലർ കാലെ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങിയ തന്റെ ഈ പ്രവർത്തിയിലുള്ള ഉത്കണ്ഠയായിരുന്നോ....? മീരയ്ക്ക് ആലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടിയില്ല . തീർത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നിട്ടു കൂടി ഇനിയും അവരെന്തെങ്കിലും ചോദിക്കുകയാണെങ്കിൽ എല്ലാം അവരോട് പറഞ്ഞു് മനസ്സൊന്നു തുറക്കാനുള്ള ഒരു ത്വര മീരയുടെ മനസ്സിനെ പൊതിഞ്ഞു നിന്നു . അവരുടെ അടുത്ത ചോദ്യം കേൾക്കുന്നതിനായി അവൾ അവരെ യൊന്നു പാളി നോക്കുക കൂടി ചെയ്തു . അവരപ്പോഴൊരു ചെറുപുഞ്ചിരിയോടെ വീണ്ടും തിരക്കി .
" അല്ല മോളെ.... മോളെന്തിനാ ഇങ്ങിനെ സങ്കടപ്പെടുന്നത് .... ഈ പൊടിക്കൊച്ചി നേയും കൊണ്ട് .. ഇത്രേം നേരത്തെ തനിച്ച് എങ്ങോട്ടിറങ്ങിയതാ....? "
അതു കേട്ടതും മീരയറിയാതെത്തന്നെ അവളുടെ ശിരസ്സ് പച്ച മീൻ വാടയ ടിയ്ക്കുന്ന അവരുടെ വസ്ത്രാഞ്ചലത്തിലേയ്ക്ക് ഒരാശ്രായത്തിനെന്ന പോലെ , മെല്ലെയൊന്നു ചാഞ്ഞു പോയി . അവരവളുടെ നെറുകയിൽ തലോടുകയും അവളെ തന്നോടു ചേർത്തു പിടിക്കുക കൂടി ചെയ്തപ്പോൾ അവൾ തീർത്തും അലിഞ്ഞില്ലാതാവുകയായിരുന്നു 
* * * * 
പുറത്ത് ആകെ ബഹളമായിരുന്നു , വിഷുത്തലേന്ന് ബന്ധുക്കളും , സുഹൃത്തുക്കളുമൊക്കെയായി ഒട്ടേറെപ്പേർ വിരുന്നെത്തിയിട്ടുണ്ടായിരുന്നു . തന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയുമെല്ലാം എത്തിയിരുന്നുവെങ്കിലും അവരൊക്കെ നേരത്തെത്തന്നെ തിരികെ പോയിക്കഴിഞ്ഞിരുന്നു . സന്ധ്യയായതോടെ
വിഷ്ണുവേട്ടന്റെ മൂത്ത സഹോദരിയുടെ മക്കൾ പടക്കം പൊട്ടിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു . മോനൂട്ടൻ തീരെ ചെറുതും , പ്രസവം കഴിഞ്ഞ് ശരിക്കും ഒന്നര മാസം മാത്രം കഴിഞ്ഞിരുന്നതിനാലും മോനൂട്ടനും താനും അകമുറിയിൽത്തന്നെയായിരുന്നു സമയം പോക്കിയിരുന്നത് . പ്രസവശേഷം തന്നെ വീട്ടിലേയ്ക്ക് പറഞ്ഞു വിടുന്നതിൽ 
വിഷ്ണുവേട്ടനു തന്നേയായിരുന്നു ഏറെ അനിഷ്ടം . നേരെ ഇവിടേയ്ക്ക് കൊണ്ടു വരുമ്പോൾ മോനൂട്ടനെ കാണാതിരിയ്ക്കാനാവില്ലായെന്നാണ് 
വിഷ്ണുവേട്ടൻ പറഞ്ഞതെങ്കിലും , തന്നേക്കൂടി എപ്പോഴും കണ്ടു കൊണ്ടിരിക്കാനാണ് അങ്ങിനെ വാശിപിടിച്ചതെന്നും മീരയ്ക്ക് നല്ലവണ്ണമറിയാമായിരുന്നു . പക്ഷേ വിഷ്ണുവേട്ടൻ മണ്ടിത്തിരിഞ്ഞ് തന്റെ അരികിലേയ്ക്കെത്തിപ്പെടുമ്പോഴേയ്ക്കും 
വിഷ്ണുവേട്ടന്റെ അമ്മയും അത് കണ്ടു പിടിച്ച് അവിടേയ്ക്കെത്തിപ്പെട്ടിട്ടുണ്ടാകും . തന്നെ ശരിയ്ക്കൊന്നു കണ്ടുതീരും മുന്നെ ത്തന്നെ അവരൊന്നു മുരടനക്കും . അതോടെ വിഷ്ണുവേട്ടൻ ഒരു ഇളിഭ്യച്ചിരിയോടെ തന്റെ മുറയിൽ നിന്ന് പുറത്തേയ്ക്കും കടക്കും . മാസമൊന്നു കഴിഞ്ഞായിരുന്നു .... വിഷ്ണുവേട്ടൻ അമ്മ വൈദേഹിയെ സ്വാധീനിച്ച് കൃത്യം ഒരാഴ്ച മുന്നെത്തൊട്ട് ഒപ്പം കിടക്കുന്നതിനുള്ള അനുവാദം തരപ്പെടുത്തിയെടുത്തതു തന്നെ ... അതും മറ്റൊന്നും ഉണ്ടാകരുത് എന്ന താക്കീതോടെ ... സത്യത്തിൽ വിഷു പ്രമാണിച്ച് വീട്ടിൽ വിരുന്നുകാരെത്തെ മെന്നുള്ളതിനാലും വീട്ടിലെ സ്ഥലപരിമതി നിമിത്തവുമെല്ലാം വിഷ്ണുവേട്ടന്റെ അമ്മ അതിന് സമ്മതിച്ചു പോവുകയായിരുന്നു .
പക്ഷേ എല്ലാം കീഴ്മേൽ മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു . സന്ധ്യയോടെ മറ്റത്തു പൊട്ടി വിരിഞ്ഞു തുടങ്ങിയ ലാത്തിരിയുടെയും , പൂത്തിരിയുടേയും , കമ്പിത്തരിയുടേയും , മേശപ്പൂവിന്റേയും നിറ വെളിച്ചത്തോടൊപ്പം നാത്തൂന്റെ മുതിർന്ന കുട്ടികൾ രണ്ടാളും ഈർക്കിൾത്തുമ്പിൽ ഓലപ്പടക്കം കുത്തി നീട്ടിപ്പിടിച്ച് ഉൾപ്പേടിയോടെ പൊട്ടിക്കാൻ തുടങ്ങി . അതിനിടയ്ക്കെപ്പോഴോ ആണ് ആരോ മാലപ്പടക്കത്തിന്ന് തീ കൊളുത്തിയത് ....വിഷ്ണുവേട്ടന്റെ
അമ്മ അയാളെ പ്രാകിക്കൊണ്ട് താനും മോനൂട്ടനും കഴിഞ്ഞിരുന്ന മുറിയിലേയ്ക്കോടിയെത്തിക്കൊണ്ട് പറഞ്ഞു
" ഈ കൊച്ചിനെയിപ്പോഴുണർത്തിയ്ക്കുമിവർ .... ഒരു പിഞ്ചു കുഞ്ഞുള്ളതാ കുടുംബത്ത് .. അതെങ്ങാനുമുണർന്ന് കരച്ചിൽ തുടങ്ങിയാൽ പിന്നെ ...."
വിഷ്ണുവേട്ടന്റെ അമ്മയോടൊപ്പം തൊട്ടയൽപക്കത്തെ വീട്ടിലെ പാറുത്തള്ളയുമുണ്ടായിരുന്നു . അവരിരുവരും കൂടി അകമുറിയിലേക്കെത്തിയപ്പോഴും മോനൂ ട്ടൻ വലിയ ഭാവവ്യത്യാസങ്ങളേതുമില്ലാതെ കൈകാലുകൾ രണ്ടുമലച്ചു തല്ലിക്കൊണ്ട് മോണകാട്ടി ചിരിച്ചുകൊണ്ടിരുന്നു .
പാറുത്തള്ള ഒരു നിമിഷം കൈകാലിട്ടിലച്ചു തല്ലി കളിച്ചു കൊണ്ടിരുന്ന മോനൂട്ടനെ അന്തം വിട്ടെന്ന മട്ടിലൊന്നു നോക്കി . പിന്നെ പുറത്ത് പൊട്ടിക്കൊണ്ടിരിക്കുന്ന മാലപ്പടക്കത്തിന്റെ ശബ്ദത്തെ അതിജീവിക്കാനെന്നവണ്ണം വിഷ്ണുവേട്ടന്റെ അമ്മയുടെ ചെവിയിൽ എന്തൊ പറഞ്ഞു.... പാറുത്തള്ള പറഞ്ഞത് മീരയ്ക്ക് മനസ്സിലായില്ല . പക്ഷേ 
വിഷ്ണുവേട്ടന്റെ അമ്മയുടെ മുഖഭാവത്തിൽ നിന്നും അവർ പറഞ്ഞതെന്തായാലും ഒരു നല്ല കാര്യമായിരിക്കില്ലെന്ന് മീരയ്ക്ക് തോന്നി . കാരണം അപ്പോഴേയ്ക്കും 
വിഷ്ണുവേട്ടന്റെ അമ്മയുടെ മുഖം വല്ലാതെ വിവർണ്ണമായിക്കഴിഞ്ഞിരുന്നു .അവരൊരങ്കലാപ്പോടെ താഴേയ്ക്ക് , അവരെ നോക്കി കൈകാലിട്ടടിച്ച് മോണകാട്ടിച്ചിരിച്ചു കൊണ്ടിരുന്ന മോനൂട്ടന്റെ
അരികിലേയ്ക്കിരുന്നു . പിന്നെ 
മോനൂട്ടന്റെ ചെവിയ്ക്കരികലായിത്തന്നെ ഇരുന്ന് ഇരു കൈകളും ഉറക്കെ കൊട്ടി ശബ്ദമുണ്ടാക്കി . അവർ 
മോനൂട്ടന്റെ ചെവിക്കടുത്തിരുന്ന് കൈകൊട്ടിക്കൊണ്ടിരിക്കുന്നതിനോടു് 
മോനൂട്ടൻ യാതൊരു വിധത്തിലും പ്രതികരിക്കുന്നതേയില്ലായിരുന്നു . അപ്പോൾ അവരെ തോണ്ടി വിളിച്ചു കൊണ്ട് പാറുത്തള്ള പറഞ്ഞു
" ഇല്ല വൈദേഹി കുട്ടിയ്ക്ക് ചെവിയ്ക്കെന്തൊ ഏനക്കേടുണ്ടു്... അല്ലെങ്കിലിമ്മാതിരി പടക്കം പൊട്ടിക്കൊണ്ടിരിക്കുമ്പൊ ....കുട്ടി ഞെട്ടിപ്പിടഞ്ഞ് കാറിക്കരയേണ്ടതല്ലേ ....? "
അതും കൂടി കേട്ടപ്പോൾ വൈദേഹിയമ്മ നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു .
" എന്റെ ഭഗവതി ഒരു ചെക്കിടൻ ചെക്കനെ യാണല്ലൊ നീയ്യെന്റെ വിഷ്ണുന് കൊടുത്തത്.... "
അതും പറഞ്ഞവർ പാറുവമ്മയേയും കൊണ്ടൊരു കൊടുങ്കാറ്റുപോലെ മുറിയ്ക്കു പുറത്തേയ്ക്കു് പാഞ്ഞു . പുറത്തപ്പോഴും വിഷുപ്പടക്കം തിമർത്തു പൊട്ടിക്കൊണ്ടിരുന്നു .
പടക്കത്തിന്റെ ഇരമ്പമപ്പോൾ മീരയുടെ നെഞ്ചിലേയ്ക്കു തന്നെ ആവഹിച്ചു കഴിഞ്ഞിരുന്നു . അവൾ ഭയാശങ്കകളോടെത്തന്നെ മോനൂ
ട്ടനെ വാരിയെടുത്തു കൊണ്ട് മാറത്തേയ്ക്കടുക്കിപ്പിടിച്ച് വെപ്രാളത്തോടെ തിരക്കി
" ന്റെ കുട്ടാ സത്യായിട്ടും ന്റെ മോനീ ശബ്ദോന്നും കേക്കിണില്ലേടാ ... "
മീരയപ്പോൾ ദൈന്യതയോടെ ആ മദ്ധ്യവയസ്കയെത്തന്നെ നോക്കിയിരിക്കുന്ന് വിതുമ്പിക്കൊണ്ടിരുന്നു . അവരപ്പോൾ മീരയുടെ താടിയ്ക്കു പിടിച്ച് അവളെ അവരുടെ നേരെ പിടിച്ചിരുത്തിക്കൊണ്ട് തിരക്കി .
" ചെവിടുകേൾക്കാത്ത കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നുമിറങ്ങിപ്പോകാൻ കുട്ട്യോടവർ പറഞ്ഞോ....?"
" അങ്ങിനെയൊക്കെ എന്തിനാ പറയണെ ചേച്ചി... എനിക്കറിഞ്ഞൂടെ അവർക്കെന്നേം മോനേം വേണ്ടാതായിക്കഴിഞ്ഞുവെന്ന് "
കരച്ചിലിനിന്നിടയിൽ ഒരേന്തലിന്റെ സഹായത്തോടെ മീര പറഞ്ഞു നിർത്തി .അപ്പോഴവർ വീണ്ടും തിരക്കി
" കുട്ടീടെ തോന്നലല്ല എനിക്കറയേണ്ടത്.... അവിടങ്ങിനെ ആരെങ്കിലും കുട്ട്യോട് പറയ്യെണ്ടായിട്ടുണ്ടോ അതാണെനിക്കറിയേണ്ടത് ....? "
" അങ്ങിനെയൊക്കെ പറയണേക്കാളും മുന്നെ ആ പടിയിറങ്ങിപ്പോരുന്നതല്ലെ ചേച്ചി നല്ലത് " .
" ശരി ഇനിയിതു പറ .... കുട്ടിയെവിടേയ്ക്കു പോകാൻ തീരുമാനിച്ചാ ആ പടിയിറങ്ങിപ്പോന്നത്...? " .
" അത് അതറീല്ല ചേച്ചി.... ഇനിയെന്തിനാ ഞങ്ങളു രണ്ടും ഈ ഭൂമിയ്ക്കൊരു ഭാരമായി ....? " .
അതു കേട്ടവർ മീരയെയൊന്നു പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു .
" മണ്ടത്തരം പറയില്ല കുട്ടി...."
" സത്യാ ചേച്ചി... ഞാമ്പറയണെ... "
അപ്പോഴവരൊരു ദീർഘനിശ്വസമുതിർത്തു കൊണ്ട് പറയാൻ തുടങ്ങി
" മോളെ എനിക്ക് 58 വയസ്സു കഴിഞ്ഞു , ഇരുപതാം വയസ്സിലായിരുന്നു എന്റെ കല്യാണം കഴിഞ്ഞത് . 38 കൊല്ലമായി ഇപ്പോഴും കാത്തിരിയ്ക്കുകയാണ് ഒരു കുഞ്ഞിക്കാലു കാണാനായി . ചെവി കേൾക്കില്ലായെങ്കിലും , കണ്ണു കാണുകയില്ലായെങ്കിലും , മുടന്തനാണെങ്കിലും ഞങ്ങൾക്കു താലോലിച്ചു വളർത്താനായി ഒരു കുഞ്ഞിനെ കിട്ടാൻ ..... ഇനിയീ വയസ്സാം കാലത്ത് ഒരു കുഞ്ഞിനെ എടുത്തു വളർത്താൻ പോലും സന്നദ്ധരായിരിക്കുകയാണ് ഞങ്ങൾ .... എന്നിട്ട് മോളിപ്പോൾ.... ഈശ്വരന്മാരനുഗ്രഹിച്ചു ഒരു കുഞ്ഞിനെ തന്നിട്ട് ....."
" അതല്ല ചേച്ചി ....? "
" മോളൊന്നും പറയണ്ട ഇപ്പോൾ.... ഇവിടെ ഇറങ്ങണം..... എന്നിട്ടടുത്ത ബസ്സിന് കുട്ടി വീട്ടിലേയ്ക്ക് തിരിക്കണം.... "
" ഞാൻ.... ഞാൻ വീടുവിട്ടിറങ്ങിയതാ ചേച്ചി..... ആരോടും പറയാതെ .... പുലരും മുന്നെത്തന്നെ .... ഇനി തിരിച്ചു.... "
മീര വിവശതയോടെ പറഞ്ഞ കൊണ്ടൊന്നു നെടുവീർപ്പിട്ടു....
അപ്പോഴവർ വീണ്ടും പറഞ്ഞു
" അവരക്കാർക്കും മോളേയും കുഞ്ഞിനേയും സ്വീകരിക്കാൻ കഴിയില്ലെന്നല്ലെ മോളു വിശ്വസിക്കുന്നത് .... ആണൊ....? തെളിച്ചു പറ.... "
" എനിക്കൊന്നും അറിയില്ല ചേച്ചി ...."
" മോളെ ഒരു പ്രശ്നത്തിന് തീരുമാനമെടുക്കും മുന്ന് എല്ലാ വശത്തു നിന്നുമതിനൊരു വ്യക്തത കൈ കൊണ്ടിരിക്കണം .... എടുത്തു ചാട്ടം ഒന്നിനമൊരു പരിഹാരമല്ല..."
അതും പറഞ്ഞവർ ചിരപരിചിതയെപ്പോലെ ആ ബസ്സിലെ കണ്ടക്ടറെ നോക്കി പറഞ്ഞു
" ആളെറങ്ങാനുണ്ടേയ്..... "
വണ്ടി നില്കും മുന്നത്തന്നെയവർ തന്റെ മീൻ വട്ടകയുമായി തന്റെ സീറ്റിൽ നിന്നു മെഴുന്നേറ്റു കഴിഞ്ഞിരുന്നു . മോനൂട്ടനേയുമെടുത്ത് ഒരു നിമിഷം സംശയിച്ചു നിന്ന മീരയെക്കൂടി അവരാ ബസ്സിൽ നിന്നും പിടിച്ചിറക്കി . റോഡിലേയ്ക്കിറങ്ങി പകച്ചു നിന്ന മീരയെ നോക്കി അവർ പറഞ്ഞു
" മോള് ഒന്ന് കൊണ്ടും വിഷമിക്കേണ്ട അവർ നിന്നേം കുഞ്ഞിനെം സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഞാൻ നിന്നെ എന്റെ വീട്ടിലേയ്ക്കായിരിക്കും കൂട്ടിക്കൊണ്ടു പോകുക .... പോരെ മോളെ നിനക്കും നിന്റെ ഈ പൊന്നുമോനും ഞാനുണ്ടാകും തുണ.... "
മീരയുടെ മറുപടിയ്ക്കായൊന്നും കാത്തു നിൽക്കാതെ അവർ എതിരെ വന്നു കൊണ്ടിരുന്ന ഓട്ടോ കൈ കാണിച്ചു നിർത്തി . മുരണ്ടു കുതിക്കാൻ തുടങ്ങിയ ഓട്ടോയിലിരുന്ന് മീര തിരക്കി
" ചേച്ചിയപ്പോൾ മർക്കറ്റിലേക്ക് ....."
" മോളെ കമ്പോളത്തിൽ തീരെ വിലയില്ലാത്ത ഒരു വസ്തുവാ പെണ്ണ്.... അയിലയും , മത്തിയും പോലും രണ്ടാം വില്പനയ്ക്ക് മൂല്യം വർദ്ധിക്കുന്ന വസ്തുവായി മാറുമ്പോൾ , എല്ലാ പുരുഷന്മാരുടെയും ഗർഭ പാത്രം ചുമക്കുന്ന പെണ്ണു മാത്രമാണീ ലോകത്തിൽ മുടക്കാച്ചരക്ക്.... രണ്ടാം വില്പനയിൽ മൂല്യം തീരെയില്ലാതാകുന്ന ലോകത്തിലെ ഏക വസ്തു ..... ആവശ്യക്കാരേറെയുണ്ടാകുമെങ്കിലും ശരിയായി സംരക്ഷിക്കാനായാരും തയ്യാറാകാത്തതും പെണ്ണിനെത്തന്നെ ....."
ഓട്ടൊ പെട്ടെന്നു തന്നെ മീര കയറിയ ബസ് സ്‌റ്റോപ്പിലേയ്ക്കടുത്തുകൊണ്ടിരുന്നു .
നേരം വെളുത്തിട്ടും അകമുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിലൊ , ചിണുങ്ങലൊ ഒന്നും തന്നെ കേൾക്കാതായപ്പോഴായിരുന്നു വൈദേഹിയമ്മ ആകെ പകച്ചു പോയത് അടുക്കളയിലേയ്ക്കായിരുന്നു പിന്നെ അവർ കണ്ണോടിച്ചത് . മീരയെയും കുഞ്ഞിനെയും അവിടേയും കാണാഞ്ഞായിരുന്നവർ അവരുടെ കിടപ്പുമുറിയിലേക്കെത്തി നോക്കിയത്... വിഷ്ണു ഉറക്കമുണർന്നിട്ടില്ല .... ബാത്ത് റൂം തുറന്നതന്നെ കിടക്കുന്നുണ്ട്... വേവലാതിയോടെ അവർ പുറത്തേയ്ക്ക് തന്നെ പോന്നു . ഇനിയിവളതെവിടെപ്പോയി കാണും.... നേരം പുലർന്നു കഴിഞ്ഞിരുന്നു.... മീരയുണ്ടല്ലോ എന്നതിനാലാണ് താൻ നേരം വൈകിയതും .... ഭയാശങ്കകളോടേയും , വല്ലാത്തൊരുൾപ്പേടിയോടും കൂടെത്തന്നെ അവർ അപ്പോഴും ഉറക്കത്തിലായിരുന്ന മകനെ തട്ടിയുണർത്തി വിവരം ധരിപ്പിച്ചു . പിന്നെ വിഷ്ണുവിന്റെ മറുപടിയ്ക്ക് കാത്തുനില്കാതെത്തന്നെ അവരാ മുറി വിട്ടു പുറത്തേയ്ക്കിറങ്ങി . ഇന്നലെ താൻ അങ്ങിനെയൊക്കെ പറയേണ്ടിയിരുന്നില്ലയെന്ന് അവർക്കപ്പോഴാണ് തോന്നിയത് . അവരുടെ മനസ്സിൽ ദുശ്ശങ്കകളും , ചീത്ത വിചാരങ്ങളും നടമാടിക്കൊണ്ടിരുന്നു . അടുക്കളമുറ്റത്തേയ്ക്കിറങ്ങി അവർ ഉറക്കെനീട്ടി വിളിച്ചു .
" മീരേ ... മോളെ മീരെ .... മീര മോളേ.... "
അടുക്കളക്കോലായിൽ നിന്നുമവർ പാഞ്ഞിറങ്ങിച്ചെന്നെത്തി നോക്കിയത് അടുക്കളയോടു ചേർന്നുള്ള കിണറ്റിലേയ്ക്കു തന്നെയായിരുന്നു .... അയൽപക്കങ്ങളിലെല്ലാമപ്പോഴും വിഷുപ്പടക്കം തകർത്തു പൊട്ടിക്കൊണ്ടിരുന്നു . അവർ വീണ്ടും വേവലാതിയോടെ ഉച്ചത്തിൽ നീട്ടി വിളിച്ചു .
" മീരേ ... മോളെ മീരെ .... മീര മോളേ.... "
വൈദേഹിയമ്മയുടെ ആ നീട്ടിവിളി കേട്ട് തൊട്ടയൽപക്കത്തെ വീട്ടിലെ പാറുത്തള്ള കൊന്നത്തറി നട്ടുപിടിപ്പിച്ച എതക്കഴയിലൂടെ ഇപ്പുറത്തേയ്ക്കോടിയെത്തി വൈദേഹിയമ്മയോടു തിരക്കി
" ന്താ വൈദേഹി ണ്ടായെ .... മീര മോളെവിടെപ്പോയതാ....?"
വൈദേഹിയമ്മയപ്പോഴും ചുറ്റുപാടത്തും താഴെ തൊടിയിലുമെല്ലാം വെറുതെ കണ്ണു പായിച്ചു കൊണ്ടൊരു അസ്വാരസ്യതയോടെ പറഞ്ഞു .
" പാറുത്തള്ളയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ...? "
കാര്യം ശരിക്കും മനസ്സിലാകാതെ പാറുത്തള്ളയും തിരിച്ചു ചോദിച്ചു .
" നീ പറയുന്നതു കേട്ടാൽ ഞാൻ നിനക്കെന്തൊ ദ്രോഹം ചെയ്തതുപോലുണ്ടല്ലോ വൈദേഹി ....? "
" അതെ നിങ്ങളു തന്നെയല്ലേ ഇന്നലെ ഇവിടുത്തെ അകായിൽ നിന്നു കൊണ്ടതു പറഞ്ഞത്....? "
അവരുൾകണ്ഠയോടെ വൈദേഹിയമ്മയുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു
" ഞാനെന്തു പറഞ്ഞെന്നാ വൈദേഹി ....? "
'' മോനൂട്ടന് ചെവി കേൾക്കില്ലാന്ന്.... "
" അത് വൈദേഹി ഞാനൊരു ഊഹം പറഞ്ഞതല്ലേ..... നാലു ചുറ്റും കിടന്ന് പടക്കം പൊട്ടിത്തെറിയ്ക്കുമ്പോ കൈകാലിട്ടടിച്ചു ചിരിച്ചോണ്ടു കിടക്കണ കൊച്ചിനെ ഞാനിന്നേവരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല വൈദേഹി . അതോണ്ടാ കൊച്ചിന് ചെവിയ്ക്ക് തകരാറുണ്ടെന്നെനിക്ക് തോന്നിപ്പോയി ഞാനത് നിന്നോട് നേരിട്ടു പറഞ്ഞു . അതൊരു തെറ്റാണോ....? എനിക്കു തോന്നിയത് ഞാൻ മനസ്സിലൊളിപ്പിച്ചു വച്ച് അപ്പുറത്തു മിപ്പുറത്തും പരദൂഷണം ചെന്നു പറയാൻ നില്ക്കാതെ നിന്നോടു നേരിട്ടു പറഞ്ഞു .അത്രല്ലേ വൈദേഹി ഉണ്ടായുള്ളൂ... "
അതും പറഞ്ഞവർ കൈമലർത്തിക്കാട്ടി .
" അതെ ഇങ്ങിനെ ഓരോന്നു പറഞ്ഞു വരും പാറുത്തള്ള.... കണ്ണും പൂട്ടി അതിനു പിന്നാലെ ഞാനും വച്ചു പിടിയ്ക്കും .... ഇപ്പൊ .... ഇപ്പൊ എല്ലാം ശരിയായില്ലേ...."
" അതിനു മാത്രം ഇപ്പൊ ഇവിടെ എന്താണ്ടായേ വൈദേഹി യേ.... "
വൈദേഹിയമ്മ അതിനു മറുപടി പറയാതെ താഴെ പറമ്പിലേക്കെത്തി നോക്കി വീണ്ടും ഉച്ചത്തിൽ വിളിച്ചുകൂവി
" മീരേ ... മോളെ മീരെ .... മീര മോളേ.... "
" മീര മോളെവിടെപ്പോയി വൈദേഹി ....? "
" മീരേം മോനൂട്ടനേം ഇവിടൊന്നും കാണന്നില്ലെന്റെ പാറുത്തള്ളെ ഉണർന്നപ്പൊത്തൊട്ടി വിടെയെല്ലാവരും അവരെത്തിരഞ്ഞോണ്ടിരി ക്യാ.... "
അതും പറഞ്ഞവർ വിവശതയോടെ അടുക്കളക്കോലായിലേയ്ക്ക് കയറി തലയ്ക്കു കൈയ്യും കൊടുത്ത് പതറിയിരുന്ന പോയി . അപ്പോഴേയ്ക്കും ചുറ്റുവട്ടത്തെ പടക്കം പൊട്ടലിന്നൊരു ശമനം വന്നു കഴിഞ്ഞിരുന്നു .തലേന്നാൾ വരുന്നെത്തിയിരുന്ന അവരുടെ മകൾ ചിത്തിരയപ്പോഴേയ്ക്കും അവരിരുവർക്കുമടുത്തേയ്ക്ക് ഓടിക്കിതച്ചെത്തി ഭീതിയോടെ തിരക്കി
" അമ്മാ അപ്പുറത്തെവിടേയും കാണാനില്ല .... ഇനി മോനൂട്ടനേയും കൊണ്ട് താഴെ പറക്കുളത്തിലെങ്ങാനും - ...? ''
" നീയ്യിങ്ങനെ നാക്കു വളച്ചൊന്നും പറയല്ലേ ചിത്തിരേ... മനുഷ്യന്റെ നെഞ്ചില് തീയ്യാ.... "
" ഞാൻ സത്യാമ്മേ പറയണേ ഇനിയവിടേം കൂടെ നോക്കാനുള്ളൂ....? "
മകൻ വിഷ്ണു കൂടി അപ്പോഴവിടേയ്ക്കെത്തി . അയാളുടെ ശബ്ദം പോലും വിറപൂണ്ടിരുന്നു .അയാളും നിരാശയോടെ പറഞ്ഞു .
" ഇല്ലമ്മേ ഇവിടെയെവിടേയും അവരെ ...."
" ദേവി ഇനിയെവിടെ ചെന്നു ഞാൻ തിരക്കും ഈ കുട്ട്യോളെ ...."
വൈദേഹിയമ്മ വേവലാതിയോടെ പറഞ്ഞു . പിന്നെ വീണ്ടും മകനെ നോക്കിക്കൊണ്ട് ആധിയോടെ തിരക്കി .
" മോനെ ഞാൻ നിന്നോടൊ മീരയോടൊ അരുതാത്തതെന്തെങ്കിലും പറയുകയുണ്ടായൊ'...? , ഒന്നൊന്നൊര മാസമായിട്ടും കുട്ടീടെ ന്യൂനതകൾ 
കണ്ടെത്താൻ കഴിഞ്ഞില്ലാന്നെല്ലാതെ വേറെ വല്ലതും ഞാൻ പറഞ്ഞോടാ മോനെ ....? കൊച്ചിനെ നല്ലൊരു ഡേക്ടറെ കാണിക്കണമെന്നു പറഞ്ഞതു തെറ്റാണൊ....? "
പിന്നെയവരൊരു സംശയത്തോടെ മകന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നുകൊണ്ടു് പതിയെ തിരക്കി
" അല്ലാ നീയ്യവളെ പിന്നെ വല്ലതും പറയുകയുണ്ടായൊടാ മോനെ ....?"
" ഇല്ലമ്മേ.... ഞാനകത്തേയ്ക്ക് ചെല്ലുമ്പോഴേയ്ക്കും അവൾ കിടന്നിരുന്നു ..... പിന്നെയവളെ വിളിച്ചുണർത്തേണ്ടയെന്നു കരുതി "
" ഒന്നും പറഞ്ഞില്ല ....."
" ഇല്ലമ്മേ നേരം വെളുത്തിട്ടെന്തു വേണമെന്നു തീരുമാനിച്ചേക്കാമെന്ന് ഞാനും കരുതി... "

പെട്ടെന്നായിരുന്നു വീടിന്നു മുന്നിലൊരു ഓട്ടൊ വന്നു നിന്ന ശബ്ദമവർ കേട്ടത് . ഓട്ടൊയിൽ നിന്നും ആദ്യമിറങ്ങിയത് മീരയുടെ കൂടെയുണ്ടായിരുന്ന മദ്ധ്യവയസ്കയായിരുന്നു . വിഷ്ണുവും , വൈദേഹിയമ്മയും , സഹോദരി ചിത്തിരക്കുമൊപ്പം അയൽക്കാരി പാറുത്തള്ളയും മുൻ മുറ്റത്തേയ്ക്കൊരു കുതിപ്പായിരുന്നു . അവരെത്തുമ്പോൾ പുറത്തേയ്ക്കിറങ്ങി നിന്നിരുന്ന മദ്ധ്യവയസ്ക മീരയേയും കൊച്ചിനേയും കൈപിടിച്ചു് ആ ഓട്ടോയിൽ നിന്നും താഴേയ്ക്കിറക്കുകയായിരുന്നു .

വൈദേഹിയമ്മ മീരയുടെ അടുത്തേയ്ക്കോടിച്ചെന്ന് മോനൂട്ടായി അത്യാവേശത്തോടെ കൈ നീട്ടുകയായിരുന്നപ്പോൾ . തോരാത്ത കണ്ണുകളുമായി നിന്നിരുന്ന മീര ആ ക്ഷണത്തിൽത്തന്നെ തന്റെ ചുമലിൽ സുഖമായി കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയെടുത്ത് അവർക്കു നേരെ നീട്ടി . അതു കണ്ടു നിന്നിരുന്ന മദ്ധ്യവയസ്കയായ മീൻകാരി മീരയെ പൊടുന്നനെ അതു വിലക്കി . അതു കണ്ട് മുന്നാക്കം ചുവടുവച്ചത് മീരയുടെ ഭർത്താവ് വിഷ്ണുവായിരുന്നു , അയാൾക്കു പിന്നിലായി സഹോദരി ചിത്തിരയുമുണ്ടായിരുന്നു . അതു കണ്ട് ഒക്കത്തൊതുക്കിപ്പിടിച്ചിരുന്ന മീൻ കൊണ്ടു പോകുന്നതിനായിക്കരുതിയിരുന്ന അലുമ നീയം വട്ടക ആ മദ്ധ്യവയസ്ക നിലത്തേയ്ക്കിട്ടു , അപ്പോൾ മുൻ വശത്തേയ്ക്കിറങ്ങിയോടിയെത്തിയ ഏവരേയും ചൂണ്ടിക്കൊണ്ടവർ പറഞ്ഞു .

" നിങ്ങളാരും തന്നെ അമിതാവേശം കാണിക്കല്ലേ...." 

പിന്നെയവർ മീരയുടെ ഭർത്താവു് വിഷ്ണുവിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു

" എടാ ചെറുക്കാ ഒരു രാത്രി മുഴുവനും നൊമ്പരത്തീക്കാറ്റിൽ ആടിയുലയുകയായിരുന്നു ഈ മോള് ..... ഈ ജീവിതം തന്നെ അവസാനിപ്പിക്കുവാനുള്ള മാർഗ്ഗമാരായുകയായിരുന്നു പുലരും വരെ.... നേരം പുലരും വരെ മനസ്സു നൊന്തു കിടന്നവൾ നിന്റെ കൂടെത്തന്നെ .... നിന്റെയൊരു താലോടലിന്നായി.... നിന്റെയൊരു നോട്ടത്തിന്നായി.... കണ്ണിമ പൂട്ടാതെ കിടന്നിവൾ .... നീയ്യെപ്പോഴെങ്കിലുമോർത്തോ ഒരു ഭാര്യയുടെ നിസ്സഹായാവസ്ഥ .... അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നൊമ്പരം ..... ഒരു സാന്ത്വനത്തിന്നായി നീണ്ടു നില്ക്കുന്ന മൗനത്തിന്റെ വിങ്ങൽ ...."

വിഷ്ണുവിനൊന്നും പറയാനുണ്ടായിരുന്നില്ല . അപ്പോഴവർ വിഷ്ണുവിന്റെ അമ്മയേയും , സഹോദരിയേയും നോക്കി വീണ്ടും പറഞ്ഞു തുടങ്ങി

" ഇവർക്കൊക്കെ അതായത് ഒരമ്മായിയമ്മയ്ക്കും നാത്തൂനുമെല്ലാം അന്യവീട്ടിൽ നിന്നും കെട്ടിക്കൊണ്ടുവന്ന പെണ്ണിനോട് ഇത്തരത്തിലെല്ലാം പെരുമാറാൻ കഴിഞ്ഞെന്നവരും .... എന്നിട്ടും കുടി ഇവൾ ഇവരെയെല്ലാം അനുസരിച്ചു വരുന്നത് നിന്റെ ഭാര്യയായതൊന്നു കൊണ്ടു മാത്രമല്ലേ....? നിന്റെ കുഞ്ഞിന്റെ അമ്മയായതുകൊണ്ട് മാത്രമല്ലേ.....? ഈ കുഞ്ഞിന് എന്തെങ്കിലും അരുതായ്കയുണ്ടെങ്കിൽ , അസുഖങ്ങളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആ കുഞ്ഞിന്റെ അമ്മയ്ക്കു മാത്രമാണൊ....? കുഞ്ഞിന്റെ അച്ഛനായ നിനക്കൊരു ബാധ്യതയുമില്ലേ....? ഇത്രയും നിസ്സാരമായ ഒരു കാര്യത്തിന് ഒരു പെണ്ണിനെ കിടപ്പറയിൽ പോലും ഒറ്റപ്പെടുത്തുന്നതിൽ എന്തു ന്യായം അവൾ കിടക്കപ്പായയിൽ നിന്നു മിറങ്ങിപ്പോയിട്ടു ഇന്നേരം വരെ നിങ്ങളാരും അറിഞ്ഞു പോലുമില്ല . ഇവളെവിടെയെങ്കിലും പോയി തന്റെയും കുഞ്ഞിന്റേയും ജീവനൊടുക്കിയിരുന്നുവെങ്കിലോ....? "

വിഷ്ണുവപ്പോൾ ചകിതനായി അവരോടു പറഞ്ഞു

" ഇല്ല ആവർത്തിക്കില്ലയിതൊരിക്കലും "

" ആവർത്തിക്കാതിരിക്കാൻ നീ മുൻകയ്യെടുക്കണം , നിന്റെയൊരു നോട്ടം മതിയായിരുന്നു..... നിന്റെയൊരു തലോടൽ മതിയായിരുന്നു .....ഈ കുട്ടിയ്ക്ക് മുന്നെ കഴിഞ്ഞതു മുഴുവൻ വിസ്മരിച്ചു കളയാൻ , എല്ലാം മറക്കാൻ .... "

കൂപ്പുകൈകളുമായിയായിരുന്നു വൈദേഹിയമ്മ പിന്നെ മീരയുടെ അടുത്തേക്കു ചെന്നത് . അവരുടെ ചുണ്ടുകളപ്പോൾ മന്ത്രിച്ചു കൊണ്ടിരുന്നു 

" മാപ്പ്.... മാപ്പു്:... മോളേ.... ക്ഷമിക്കില്ലേ.... ഈയ്യൊരു വട്ടം... മോളീ അമ്മയോട് ...."

മീരയപ്പോൾ ഒരു വിതുമ്പലോടെ മോനൂട്ടനെ അവരുടെ നേർക്കു നീട്ടി . അവരപ്പോഴേയ്ക്കും പതം പറഞ്ഞു കൊണ്ടവളേയും കൂടി ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു . ബന്ധങ്ങൾക്കിടയിലെ മഞ്ഞുരുകിയൊലിച്ചു കഴിഞ്ഞു .... മഴു വേനനിൽ പെയ്ത കുളിർ മഴ കിട്ടിയ വേഴാമ്പലിനെ പോലെ മീരയും ചാരിതാർത്ഥ്യയായി നിറകണ്ണുകളോടെ നിന്നു .
കണ്ണുകൾ തുടച്ചവൾ ആദ്യം തിരഞ്ഞത് അവളെ അവിടേയ്ക്ക് തിരിച്ചെത്തിച്ച ആ പാവപ്പെട്ട , മീനച്ചൂരടിച്ചിരുന്ന മദ്ധ്യവയസ്കയെയായിരുന്നു . അവരെ തന്റെ കുടംബത്തിനു പരിചയപ്പെടുത്താനായിരുന്നു അവൾ തിരിഞ്ഞത് . പക്ഷേ അപ്പോഴേയ്ക്കുവർ ആ പടിപ്പുറം താണ്ടി പുറത്തേയ്ക്ക് ചുവടുവച്ചു കഴിഞ്ഞിരുന്നു .

ശുഭം

ജോയ് താണിക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo