Slider

ഒറ്റമൂലി

0


നേരം സന്ധ്യയോടടുത്തിരുന്നു.   തിരകളും തീരവും കുങ്കുമമണിഞ്ഞു സൂര്യനോട് യാത്ര പറയുവാനായി ഒരുങ്ങിനിന്നു. തീരം ചേർന്ന് ആഴ്ച്ചയിൽ ഒരിയ്ക്കൽ മാത്രം കൂടിയിരുന്ന   അന്തിചന്ത ഉണർന്നു. ചന്ത ദിവസങ്ങളിൽ സാധാരണ കാണാറുള്ള പോലെതന്നെ അന്നും അവിടെ നല്ല തിക്കുംതിരക്കും ഉണ്ടായിരുന്നു. ചന്ത കൂടാറുള്ള സ്ഥലത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും എടുത്ത് പറയാൻ  ആകെയുള്ളത് കുമ്മായം പൂശിയനിരവുവാതിലുകളോടു കൂടിയ രണ്ടു മുറി കടകൾ മാത്രം. അതിൽ ഒന്ന് മമ്മതിന്റെ തയ്യൽ കടയും മറ്റോന്ന് ഔസേപ്പിന്റെ പലചരക്കു കടയും. ചന്ത ദിവസങ്ങൾ രണ്ടു പേർക്കും  കച്ചവടം പൊടിപൊടിക്കും. അന്ന് അവിടെ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ദൂരെ ദേശത്തു നിന്നു പോലും ആളുകൾ എത്തും.  അത് കടപ്പുറത്തിന് ഒരു ഉത്സവ പ്രതീതി ഉണ്ടാക്കുമായിരുന്നു. മമ്മതിന്റെ തയ്യൽക്കടയുടെ മുൻപിലായ് ഒരു ഇരുമ്പ്പെട്ടിയിൽ കുറച്ച് മരുന്നുകളും അടുക്കിവച്ച് ഒരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു. ചുറ്റിലും ആവശ്യക്കാരും. ഇയാളെ  ചന്തകളിൽ കണ്ടുതുടങ്ങിയത് അടുത്ത കാലത്താണ്. ഒത്ത ഉയര മുള്ള വെളുത്ത ഒരു ചെറുപ്പക്കാരൻ. അലക്കിത്തേച്ച വെള്ളമുണ്ടും കുപ്പായവും. കുപ്പായത്തിനു മുകളിലായ് ഒരു കറുത്ത കോട്ടും അയാൾ ധരിച്ചിരുന്നു. മരുന്നുകൾ അടുക്കി  തുറന്നു വച്ചിരിക്കുന്ന കറുത്ത പെട്ടിക്കുള്ളിലായ് വെള്ള അക്ഷരങ്ങളിൽ  അയാളുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. "ലൂക്കോ വൈദ്യൻ".
വളരെ കുറഞ്ഞ കാലംകൊണ്ട് തന്നെ ലൂക്കോ വൈദ്യന് തന്റെ കൈപ്പുണ്യത്തിൽ  ഉള്ള   വിശ്വാസം നാട്ടുകാരിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. വൈദ്യൻ തൊട്ടാൽ മാറാത്ത വ്യാധിയില്ലെന്ന ഖ്യാതി നാട്ടിലും മറുനാട്ടിലും പറഞ്ഞറിഞ്ഞു. ഒരു ഉളുക്ക് തൊട്ട് വാതം വരെയും ഒരു തുമ്മൽ തൊട്ട് അഞ്ചാം പനിവരെയുമുള്ള സർവ്വ രോഗങ്ങൾക്കും ലൂക്കോ വൈദ്യന്റെ കൈയ്യിൽ മരുന്നുണ്ടാവും.  ലൂക്കോ വൈദ്യനെ കാണാനുള്ള രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടി വന്നു. സ്വന്തം ജോലിയിലെ സത്യസന്ധതയും തികഞ്ഞ ആത്മാർത്ഥയും ആയിരുന്നു അയാളുടെ മൂലധനം. കാശിനു വേണ്ടിയുള്ള ചികിത്സകളായിരുന്നില്ല അവിടെ നടന്നത്. ഒരു രോഗത്തെ വേരോടെ  ഇല്ലാതാക്കുന്ന രീതിയായിരുന്നു ലൂക്കോ  വൈദ്യന്റെതു.  മരുന്നിനൊപ്പം അൽപം സ്നേഹവും ചാലിച്ചാൽ അത് അമൃതിനു തുല്യം എന്ന രഹസ്യക്കൂട്ട് അറിയുന്ന ഒരു വൈദ്യനായിരുന്നു ലൂക്കോ.
 നേരത്തോടൊപ്പം ഇരുളും കൂടി വന്നു. പെട്രോമാക്സുകളും മണ്ണെണ്ണവിളക്കുകളും തെളിഞ്ഞു തുടങ്ങി. അവ വാണിഭക്കാർക്ക് വെളിച്ചം വിതറി അവിടെ കച്ചവടം പൊടിപൊടിച്ചു. ലൂക്കോ വൈദ്യൻ അന്ന് പതിവിലും നേരത്തേ തന്റെ പെട്ടിയടച്ചു.  അന്നത്തെ ചികിത്സ അവസാനിപ്പിച്ചു പെട്ടിയും തൂക്കി അയാൾ തീവണ്ടിയാപ്പീസ് ലക്ഷ്യമാക്കി നടന്നു. അപ്പുറത്തായൊരാൾ തന്നെയും കാത്തു നിൽക്കുന്നുവെന്നറിയാതെ.
പൂഴി കലർന്ന ചെമ്മൺ പാതയിലൂടെ അയാൾ നടക്കുമ്പോൾ അങ്ങിങ്ങായ് ചിതറി കിടക്കുന്ന സൂര്യപ്രകാശം തിരിച്ചു പോകാൻ മടി കാട്ടി നിഴലുകൾക്കിടയിൽ ഒളിയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഒരു പ്രൗഢഗംഭീരമായ ആഡംബര കാറിൽ നിന്നും ഇറങ്ങിയ ഒരു  മധ്യവയസ്കന്റ ലക്ഷണങ്ങളോടു കൂടിയ ഒരാൾ  ലൂക്കോ വൈദ്യന്റെ  സമീപം നടന്നു വന്നു. ''വൈദ്യൻ തീവണിയാപ്പീസിലേക്കല്ലേ? പോന്നോള്ളൂ.  ഞാനും ആ വഴിക്കാണ്." ഇന്നു വരെ കണ്ടിട്ടില്ലാത്ത അപരിചിതനായ ഒരു വ്യക്തിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന സംശയത്തോടെ ലൂക്കോ അയാളെതന്നെ നോക്കി. "ഭയക്കണ്ടാ. വൈദ്യനെ കൊണ്ട് ഒരു ആവശ്യമുണ്ടായിരുന്നു. വൈദ്യനും ഉപയോഗമുള്ള കാര്യം തന്നെയാണ്. കാര്യം വഴിയേ പറയാം. വന്നാട്ടേ." അയാളുടെ അതിഭവ്യമായ പെരുമാറ്റവും എളിമയും ലൂക്കോ വൈദ്യനു ധൈര്യം പകർന്നു. ക്ഷണം ലൂക്കോ വൈദ്യനു സ്വീകാര്യമായി തോന്നി. ഒരു ഞരക്കത്തോടെ കാറിന്റെ ഇൻജിൻ ഉണർന്നു. കാറിനുള്ളിലെ കമ്പിളിപോലുള്ള സീറ്റിൽ ഇരിക്കുമ്പോൾ രത്നങ്ങൾ പതിച്ച  മോതിരങ്ങൾ ധരിച്ചിരുന്ന അപരിചിതന്റെ വസ്ത്രങ്ങളിൽ പൂശിയിരുന്ന അത്തറിന്റെ പരിമളം വൈദ്യനെ മറ്റൊരു ലോകത്തിലേക്കു ആനയിച്ചു.  കാറിന്റെ    ഹെഡ്ലാമ്പുകൾ മിഴികൾ തുറന്നു. വാഹനത്തിന്റെ ചക്രങ്ങൾ ഹെഡ്ലാമ്പിൽ നിന്നുള്ള വെളിച്ചത്തെ പിൻതുടർന്ന്  ചെമ്മൺ പാതയിലൂടെ ഉരുണ്ടു നീങ്ങി.
ഇരുവശങ്ങളിലും തലയുയർത്തി നിന്ന പനങ്കാടുകൾ  ഇരുളിനോപ്പം നിഴലുകളായി  ലയിച്ചുചേരുംതോറും ഇരുട്ടിന്റ ഘനവും വർദ്ധിച്ചു വന്നു.  "എന്റെ പേര് തരകൻ. കച്ചവടമാണ്." വണ്ടിയോടിച്ചിരുന്ന വ്യക്തി സ്വയം പരിചയപ്പെടുത്തി. തരകൻ മുതലാളിയെ അറിയാത്തവരില്ല. നാട്ടിലെ കോടീശ്വരൻ എന്നു പറയാം. ഒരുപാട് വ്യവസായങ്ങൾ. തടിമില്ല്, ചിട്ടിക്കമ്പിനി, ജൗളിക്കടകൾ, കയർ വ്യവസായം, സോപ്പ് കമ്പിനി, തീപ്പെട്ടി കമ്പിനി അങ്ങനെ ഒരുപാട് വ്യവസായങ്ങൾ.  വ്യവസായങ്ങൾ പോലെ തന്നെ മുതലാളിയുടെ മദ്യപാനവും സ്ത്രീ വിഷയത്തിലുള്ള താത്പര്യവും നാട്ടിൽ പ്രസിദ്ധമാണ്. പ്രായം അൻപതോടുണ്ടെങ്കിലും കാഴ്ചയിൽ അയാളെ അത്രയും പറയില്ല. സിൽക്ക് ജുബ്ബയും മുണ്ടും അതാണു പതിവു വേഷം. തരകൻ മുതലാളി ഇതുവരെ മൂന്നു തവണ വിവാഹിതനായി. അവസാനത്തേത് അങ്ങ് വടക്കുനിന്ന് ആയിരുന്നു. ആദ്യത്തെ രണ്ടു ഭാര്യമാരും മരിച്ചത് തരകൻ മുതലാളിയുടെ ചവിട്ടേറ്റാണെന്  നാട്ടുകാർക്കിടയിൽ ഒരു സംസാരമുണ്ട്. പറഞ്ഞിട്ടെന്തു കാര്യം മുതലാളി തീരുമാനിക്കുന്നതേ നാട്ടിൽ നടക്കൂ. അതാണ് നിയമം. തന്നെക്കൊണ്ടുള്ള അവശ്യം എന്തെന്ന് ചോദിക്കും മുൻപുതന്നെ  ലൂക്കോ വൈദ്യനു ഉത്തരം കിട്ടി. ''എനിയ്ക്ക്  യൗവ്വനം വേണം വൈദ്യരേ. എനിയ്ക്ക് അതിനുള്ള മരുന്ന് വേണം.  പലചരക്കു കടക്കാരൻ ഔസേപ്പാണ് പറഞ്ഞത് വൈദ്യന്റെ കൈയ്യിൽ അങ്ങനെയൊരു മരുന്നുണ്ടെന്ന്. കാശ് എത്രയായാലും കുഴപ്പമില്ല. ഞാൻ അത് വാങ്ങാൻ തയ്യാറാണ്." ലൂക്കോ വൈദ്യൻ നിശബ്ദനായി ക്ഷമയോടെ തരകൻ മുതലാളിയുടെ അവശ്യം കേട്ടിരുന്നു. " മരുന്ന് സേവിച്ചാൽ യുവത്വം കിട്ടില്ലേ? വൈദ്യനു എന്നെ സഹായിക്കാൻ പറ്റില്ലേ?'' ലൂക്കോ വൈദ്യൻ എന്തോ ആലോചനയിലാണ്ട പോലെ നിശബ്ദത തുടർന്നു. തീവണ്ടിയപ്പീസ് ലക്ഷ്യമാക്കി അവർ സഞ്ചരിച്ച വാഹനം നീങ്ങിക്കോണ്ടിരുന്നു.
ഇരുവർക്കിടയിലും തളം കെട്ടിയ നിശബ്ദതയ്ക്ക് വിരാമം കൽപിച്ച് ലൂക്കോ വൈദ്യൻ മൗനം വെടിഞ്ഞു."അങ്ങനെ ഒരു മരുന്നുണ്ട്. അത്  പവിത്രമായും പരിശുദ്ധിയോടും കൂടി നീറ്റിയെടുക്കേണ്ട ഒന്നാണ്.  അത് കായകല്പ ചികിത്സ പോലെ  പഥ്യം നോറ്റു സേവിക്കേണ്ടതുമാണ്." ലൂക്കോ വൈദ്യൻ സംഭാഷണം നിർത്തിയെന്തോ വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു. "പണം ഒരു വിഷയമേയല്ല. വൈദ്യനു ഇതിനായി എത്ര രൂപ വേണ്ടി വരും?" തരകൻ മുതലാളി അക്ഷമനായി.  "പണം അല്ല കാര്യം. അതിനു മുകളിലും പലതുണ്ട്.  തലമുറകൾ കൈമാറി വന്ന വൈദ്യപാരമ്പര്യ കുടുംബത്തിൽ നിന്നുള്ള ആളാണ് ഞാൻ. അപ്പൻ മരിച്ചപ്പോൾ തറവാട് ക്ഷയിച്ചു. വൈദ്യവും നിലച്ചു.   കിടപ്പാടം തന്നെ ഇല്ലാതായിമകനെന്ന നിലയ്ക്ക് ഞാൻ വൈദ്യം  വിശപ്പു മാറ്റാനായി എടുത്തു ചെയ്തു. ഇത്തരം ഒരു മരുന്ന് എന്റെ മുൻ തലമുറക്കാർ പോലും ചെയ്യതിട്ടില്ല. ഇതു ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ട് ചെയ്തു തരാൻ കഴിയുന്ന ഒരു മരുന്നല്ല. ശാസ്ത്ര പ്രകാരം ഇതു ചെയ്യാൻ കുറേ ഉപാധികൾ ഉണ്ട്. ജന്മം കൊണ്ട് ഇനിയും ഒരുപാട് കർമ്മങ്ങൾ മാനവരാശിക്ക് ചെയ്തു തീർക്കാൻ ബാക്കിയുള്ള മഹാസിദ്ധൻമാർക്കും യോഗികൾക്കും വേണ്ടി മാത്രമേ ഇതു ചെയ്തു കൊടുക്കാൻ പാടുള്ളു. ഇതു തയ്യാറാക്കുന്ന വൈദ്യൻ ആരോ അയാൾ അതോടു കൂടി വൈദ്യവൃത്തി ഉപേക്ഷിച്ചിരിക്കണം. മറ്റൊരു കാര്യം ഒരു രോഗിയെ മരണത്തിൽ നിന്നും  രക്ഷിക്കാനേ വൈദ്യനു അവകാശമുള്ളു അല്ലാതെ ജനിക്കുമ്പോൾ തന്നെ  നിശ്ചയിക്കപ്പെട്ട ഒരാളുടെ മരണത്തെ  തടയാനുള്ള അധികാരം  ഇല്ല." തന്റെ നിസ്സഹായാവസ്ഥ ലൂക്കോ വൈദ്യൻ തുറന്നു പറഞ്ഞു. തരകൻ മുതലാളിയുടെ മുഖത്ത് നിരാശ പടർന്നു. വണ്ടിയുടെ ചക്രങ്ങൾ തീവണിയാപ്പീസിനു മുന്നിലായി മെല്ലെ നിന്നു. ലൂക്കോ വൈദ്യൻ വണ്ടിയിൽ നിന്നു ഇറങ്ങാനായി ഭാവിച്ചു. "വൈദ്യരെ, നിങ്ങൾക്ക് ശേഷകാലം മുഴുവൻ ജീവിക്കാനുള്ള പണം ഞാൻ തന്നാലോ? അൻപതിനായിരം ഉറുപ്പിക തരാം. നിങ്ങൾക്ക് ഒരു വീടും പുരയിടവും കൂടെ വാങ്ങാൻ ഉള്ള കാശും തരാം. തീരുമാനം ഇപ്പോഴെങ്കിൽ മുൻകൂർ പണം അടുത്ത കൂടികാഴ്ച്ചയിൽ തരാം. ഒന്നു കൂടി ആലോചിക്കൂ." പ്രലോഭനം കൃതമായി ലക്ഷ്യത്തിൽ കൊണ്ടുവെന്ന് തരകന് തോന്നി. എന്തോ ആലോചിച്ചു നിന്ന ശേഷം ലൂക്കോ വൈദ്യന്റെ കണ്ണുകൾ മങ്ങിയ വെട്ടത്തിൽ പ്രകാശിച്ചു.  "ശരി, ഞാൻ നോക്കട്ടേ. എന്തായാലും  മുൻകൂർ  തരാമെന്ന് പറഞ്ഞ പണം തയ്യാറാക്കിക്കൊള്ളു. നാളെ വീണ്ടും കാണാം." ലൂക്കോ വൈദ്യൻ കാറിൽ നിന്നും ഇറങ്ങി തീവണ്ടിയാപ്പീസ് ലക്ഷ്യമാക്കി നടന്നു പോകുന്നത് തരകൻ മുതലാളി നോക്കിയിരുന്നു.
നട്ടുഉച്ചനേരമായിരുന്നു.  അന്ന് വെയിലിന്റെ ചൂട് സഹിക്കാവുന്നതിലും കൂടുതലായിരുന്നു. കൂപ്പിൽ നിന്നും കൊണ്ടുവന്ന തടികൾ മില്ലിനു പുറത്ത് കൂട്ടിയിട്ടിരുന്നു. തടിമില്ലിന്റെ ഒരു വശത്തായി ഒരു കൊച്ച് ഓഫീസ് മുറി.  തരകൻ മുതലാളി കണക്കുകൂട്ടുകയായിരുന്നു. പുറത്ത് പണിക്കാരുടെ സംസാരവും ഒച്ചയും കേൾക്കാം. ലൂക്കോ വൈദ്യന്റെ മുതലാളിയെന്ന വിളി കേട്ടാണ് തരകൻ മുതലാളി കണക്കിന്റെ ലോകത്തിൽ നിന്നും മുഖമുയർത്തി നോക്കിയത്. ''വരൂ വൈദ്യരേ, നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." മുതലാളി ലൂക്കോ വൈദ്യനോട് ഇരിക്കുവാനായി ആംഗ്യനിർദ്ദേശം നൽകി. തനിയ്ക്കു വേണ്ടി കാത്തിരുന്ന പോലെ ഒഴിഞ്ഞു കിടന്ന കസേരയിൽ വൈദ്യൻ മുതലാളിയുടെ എതിർവശത്തായി ഇരുന്നു. മുതലാളി മേശയുടെ വലിപ്പിൽ നിന്നും ഒരു കടലാസു പൊതി വൈദ്യനു മുന്നിലേക്ക് മേശയുടെ മുകളിൽ വച്ചു. "രണ്ടായിരം ഉറുപ്പികയുണ്ട്. കുറഞ്ഞു പോയെങ്കിൽ പറയാം." "ഞാൻ കാശിനു വേണ്ടിയല്ല ഇതു ചെയ്യുന്നത് എന്നു മുതലാളി മനസ്സിലാക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു ഒരു മാറ്റം വേണം എന്ന തോന്നൽ മാത്രമാണ് ഞാൻ ഒരു കാര്യം ഏറ്റെടുത്തത്." വൈദ്യൻ ഒരു പുഞ്ചിരിയോടെ തുടർന്നു " ഞാൻ ചെയ്തു തരാൻ പോകുന്ന മരുന്ന് ആരും തന്നെ ചെയ്തു കൊടുക്കുന്ന ഒന്നല്ല എന്നു കൂടെ മുതലാളി മനസ്സിലാക്കണം. പ്രകൃതിയുടെ നിയമത്തെ പ്രകൃതിയുടെ ശക്തി കൊണ്ടു തടയുന്നത് തന്നെ തെറ്റാണ്. ഇത് തയ്യാറാക്കുന്ന വിധം അതികഠിനവുമാണ്. നാൽപത്തൊന്ന് ദിവസം നീണ്ടു നിൽക്കുന്ന മരുന്നിന്റെ  നിർമ്മിതിയ്ക്കു മന:ശുദ്ധിയും ശരീരശുദ്ധിയും പൂർണ്ണമായും ഇത് ഉണ്ടാക്കുന്ന ആളും സ്വീകരിക്കാൻ പോകുന്ന   ദേഹവും സൂക്ഷിക്കേണ്ട ഒന്നാണ്. ഇതിന്റെ നിർമ്മിതിക്ക് കഠിനമായ ശ്രമവും ക്ഷമയും ആവശ്യമുള്ള ഒരു കർമ്മമായതിനാൽ അൻപതിനായിരം ഉറുപ്പികയ്ക്കു പുറമേ തന്ന രണ്ടായിരം ഉറുപ്പിക നന്നേ കുറവാണ്. അതു കൊണ്ട് ഈ തന്ന രണ്ടായിരം ഉറുപ്പികയും ഇനി തരാനുള്ള തുകയും ചേർത്തു അറുപതിനായിരം ഉറുപ്പിക മുതലാളി സന്തോഷത്തോടെ തന്നെ തരണം" വൈദ്യൻ സംഭാഷണം  നിർത്തുമ്പോൾ തരകൻ മുതലാളി ഒരു പുഞ്ചിരിയോടെ കാര്യങ്ങൾ ക്ഷമയേടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. തരകന്റെ മുഖത്തെ  ഭാവാന്തരങ്ങൾ സൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ലൂക്കോ വീണ്ടും തുടർന്നു. "ഇന്നേയ്ക്ക് നാൽപതൊന്നാം നാൾ ഞാൻ ഇവിടെയെത്തും , മരുന്നുമായി. മരുന്ന് കഴിയ്ക്കുന്നതിനും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്.. അത് കർശനമായ് തന്നെ പാലിക്കേണ്ടതുണ്ട്. വക കാര്യങ്ങളൊക്കെ മരുന്നുമായ് വരുമ്പോഴാകാം. മുതലാളിയ്ക്ക് സമ്മതം തന്നെയല്ലേ?." അത്രയും നേരം ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരുന്ന തരകൻ മുതലാളി മൗനം  മുറിച്ചു "അറുപതിനായിരം ഉറുപ്പിക ഒരല്പം കൂടുതലല്ലേ? തരാമെന്ന് പറഞ്ഞ അൻപതിനായിരം ഉറുപ്പികയ്ക്കു പുറമേ ഒരു വീടും പുരയിടവും വങ്ങാനുള്ള പണം തരാമെന്ന്  ഞാൻ പറഞ്ഞതു ശരി.  ഇപ്പോൾ നൽകുന്ന തുകകൊണ്ടു തന്നെ നിങ്ങൾക്ക് ഒരു വീടും പുരയിടവും സ്വന്തമാക്കാം. അപ്പോൾ ഇത് ശരിയാണോ?"
"താങ്കളുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായി. തെറ്റിധരിക്കണ്ട, മരുന്നിന്റെ ചില രഹസ്യ   ചേരുവകൾക്കായി വേണ്ടി മാത്രമാണ് അധികതുക. എന്റെ കൈയിൽ നിന്നുണ്ടായേക്കാവുന്ന ചിലവുകൾ കൂടെ കൂട്ടി പറഞ്ഞുവെന്നേ ഉള്ളു. സമ്മതമെങ്കിൽ വരുന്ന നാൽപത്തിയൊന്നാം നാൾ അതായത് മീന മാസം ഇരുപത്തിയേഴാം തിയതി  ഞാൻ ഇവിടെയെത്തും . മുതലാളിയ്ക്ക് വേണ്ടതെന്താണോ അതുമായി. മാത്രമല്ല ഇനിയുള്ള ദിനങ്ങൾ മുതലാളി മരുന്നിനെ സ്വീകരിക്കാൻ ശരീരത്തെ സജ്ജമാക്കിയെടുക്കേണ്ടതുണ്ട്. സസ്യാഹാരവും ബ്രഹ്മചര്യവും ഇനിയുള്ള നാൽപതൊന്ന് ദിനങ്ങളും നിർബന്ധമായും അനുഷ്ഠിച്ചിരിക്കണം. സ്വീകർത്താവിന്റെ വിശ്വാസം മരുന്നിന്റെ ശക്തിയെ ഇരട്ടി ബലപ്പെടുത്തും, ഫലവും." ലൂക്കോയുടെ ഉത്തരവും വിവരണവും തരകൻ മുതലാളിക്കു നന്നേ ബോധിച്ചു. "ശരി സമ്മതിച്ചു. മരുന്നിന്റെ ചേരുവകളിൽ ഒരു കുറവും വരുത്തണ്ട." തരകൻ സമ്മതഭാവത്തിൽ തലയാട്ടിക്കൊണ്ടു പറഞ്ഞു. "എന്നാൽ ഞാൻ അങ്ങോട്ട്?" ലൂക്കോ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. "വൈദ്യന്റെ ശരിക്കുള്ള നാടേതാ?"
"അങ്ങ് തെക്കാ, ചൂണ്ടൽ എന്നു പറയും."
"വാക്കുകൾക്ക് ഒരു വടക്കൻ ചുവയുണ്ട്. അതു കൊണ്ട് ചോദിച്ചതാ."
"പഠിച്ചതും വളർന്നതും വടക്കുള്ള അമ്മയുടെ വീട്ടിൽ നിന്നായതു കൊണ്ടാവാം."
ഒരു ചെറുപുഞ്ചിരിയോടെ മേശപ്പുറത്തിരുന്ന  പണപ്പൊതി കൈയ്യിൽ ഉണ്ടായിരുന്ന സഞ്ചിയുടെ ഉള്ളിൽ വച്ചകൊണ്ട് ലൂക്കോ വൈദ്യൻ അവിടെ നിന്നും ഇറങ്ങി നടന്നു. വെയിൽ വീണ വഴിയിലൂടെ ലൂക്കോ വൈദ്യൻ നടന്നകലുമ്പോൾ  തരകൻ മുതലാളി തന്റെ പോക്കറ്റിൽ കിടന്ന ടിന്നിൽ നിന്നും എടുത്ത ഒരു സിഗററ്റിന് തീ കൊടുക്കുകയായിരുന്നു. " ഇല്ല വൈദ്യരേ, പണം നിങ്ങൾ ഇവിടെ നിന്നും കൊണ്ടു പോകില്ല. അടുത്ത വരവിന് ഒരു മടക്കം ഉണ്ടാകില്ല." അന്തരീക്ഷത്തിൽ പരന്ന പുകച്ചുരുളുകളെ നോക്കി തരകൻ മുതലാളി ആരോടെന്നില്ലാതെ അടക്കം പറഞ്ഞു.
മീനസൂര്യൻ  കത്തിനിന്നു. നാട്ടിൽ കൊടും ചൂടും വരൾച്ചയും ബാധിച്ചു. വീശുന്ന വരണ്ട കാറ്റിനു പോലും ചൂട് അധികമായിരുന്നു. തരകൻ മുതലാളിയെ മാത്രം ഇതൊന്നും ബാധിച്ചു കണ്ടില്ല. അയാൾക്ക് വരാൻ പോകുന്ന യുവത്വത്തെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസ്സിൽ. യുവത്വം നേടിയ ശേഷം ജീവിതത്തിനെ കുറിച്ചുള്ള  സ്വപനങ്ങൾക്കു വർണ്ണം പൂശിയിരുന്ന ദിവസങ്ങളായിരുന്നു അയാൾക്കത്. വൈദ്യന്റെ നിർദ്ദേശം പോലെ യൗവ്വനം സ്വീകരിക്കാൻ പോകുന്ന ശരീരത്തെ സജ്ജമാക്കുകയായിരുന്നു അയാൾ. ദിവസങ്ങൾക്കു ദൈർഖ്യം കൂടി വരുന്നുവോ എന്നു മുതലാളി പലപ്പോഴും സംശയിച്ചു. പ്രതീക്ഷാനിർഭരമായ  ദിനങ്ങൾ. മീനം ഇരുപത്തിയേഴ്. എന്നത്തെയും പോലെ ദിവസവും മില്ലിനോട് ചേർന്നുള്ള തന്റെ മുറിയിൽ തൂക്കിയിരുന്ന ലക്ഷീമീ ദേവിയുടെ ചിത്രമുള്ള ഏതോ തുണി കടയുടെ പരസ്യമുള്ള കലണ്ടറിന്റെ തിയതി അയാൾ കരിയുടെ ഒരു കഷണം കൊണ്ടു വെട്ടി. നീണ്ട നാൽപത്തൊന്നു നാളത്തെ കാത്തിരുപ്പ്  അവസാനിച്ചിരിക്കുന്നു. പുറത്തേക്കു നോക്കി  വൈദ്യനെ പ്രതീക്ഷയോടെ അയാൾ കാത്തിരുന്നു, പുറത്ത് പറഞ്ഞേൽപ്പിച്ച ജോലി തീർക്കാൻ തയ്യാറായി മുതലാളിയുടെ വിശ്വസ്തരായ രണ്ടു തൊഴിലാളികളും. വീശിയ കാറ്റും കാതിൽ പതിച്ച ശബ്ദവുമെല്ലാം  വൈദ്യന്റ വരവായ്  തരകൻ മുതലാളിയ്ക്ക് അനുഭവപ്പെട്ടു.
പക്ഷേ അന്ന്‌    ലൂക്കോ വൈദ്യൻ അവിടെ എത്തിയില്ല. പകരം വയസ്സായ ഒരാളാണ് മില്ലിലേയ്ക്ക്  കടന്നു വന്നത്. പ്രായാധിക്യം കൊണ്ട് അയാൾ അവശനായി കാണപ്പെട്ടു. പുറത്തു നിന്നു സംസാരിയ്ക്കുന്ന രണ്ടു പേരൊഴികേ ആരും തന്നെ മില്ലിന്റെ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല. അയാൾ നേരെ  തരകൻ മുതലാളിയുടെ മുറിയിലേക്കാണ് കയറി ചെന്നത്. പ്രതീക്ഷിച്ചിരുന്ന വൈദ്യനു പകരം മറ്റോരാളുടെ ആഗമനം തരകൻ മുതലാളിയിൽ ആശങ്കയാണ് ഉളവാക്കിയത്.  "ലൂക്കോ വൈദ്യൻ പറഞ്ഞിട്ടു വന്നതാ. വൈദ്യന്റെ അമ്മ ഇന്നു കാലത്ത് മരിച്ചു.  ഇതിവിടെ ഏൽപിച്ചു ഇവിടുന്നു തരുന്ന സാധനം അവിടെ എത്തിക്കണമെന്ന് പറഞ്ഞു." കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും  ഒരു തടിയിൽ തീർത്ത ചെറിയ  പെട്ടി അയാൾ  തരകൻ മുതലാളിയുടെ മുൻപിലേക്ക് വച്ചു.  " കുറിപ്പ് ഇവിടെ തരാൻ പറഞ്ഞേൽപിച്ചിരുന്നു. " വയോധികൻ സംസാരിക്കുമ്പോൾ പ്രായാധിക്യം കൊണ്ടുള്ള കിതപ്പു അറിയാൻ സാധിക്കുമായിരുന്നു. കണക്കുകൂട്ടലുകളിൽ പിഴവു സംഭവിച്ചു പോയതിലെ കടുത്ത നിരാശ മറച്ചു കൊണ്ട് തരകൻ മുതലാളി അയാളിൽ നിന്നും    കുറിപ്പ്  വാങ്ങി.
പ്രിയ തരകൻ മുതലാളി അറിയുവാൻ ലൂക്കോ എഴുതുന്നത്വരുന്നത് സ്വന്തം ആൾ തന്നെയാണ്. വിശ്വസിക്കാം! മരുന്ന് സേവിച്ചു തുടങ്ങാൻ ഉള്ള ഏറ്റവും ഉത്തമ ദിവസവും ഉപയോഗിക്കാൻ ഉള്ള നിർദ്ദേശങ്ങളും  നേരിട്ടു നൽകാം. പണം ഭദ്രമായി ആയാളെ ഏൽപിക്കാം. നിർദ്ദേശങ്ങൾ കിട്ടുന്നത് വരെ പെട്ടി തുറക്കാതെ ഭദ്രമായി സൂക്ഷിക്കുക. ചിട്ടകൾ പഴയതുപോലെ തുടരുക.
                         ശേഷം മുഖദാവിൽ,
ലൂക്കോ.
മുന്നിൽ ഇരിക്കുന്ന തടിയിൽ തീർത്ത പെട്ടിയെ നോക്കി അസ്വസ്ഥനായി തരകൻ മുതലാളി ചിന്തയിലാണ്ടു. അവസരത്തിലെ ഒരു ചതി അവസാന പടിയിൽ കുടം ഉടച്ച അവസ്ഥയാകും തനിക്കുണ്ടാക്കുക എന്ന സത്യം അയാൾ വൈമനസ്യത്തോടെ ഉൾക്കൊണ്ടു. മുഖത്ത് പടർന്ന ക്രൗര്യം പുഞ്ചിരികൊണ്ടു മറച്ചുപിടിച്ച് ഒരു തുണി സഞ്ചി അയാൾ വൃദ്ധന്റെ കൈയിൽ ഏൽപിച്ചു കൊണ്ട് അയാളെ പുറത്തേക്ക് ആനയിച്ചു.  "പറഞ്ഞ സാധനം മൊത്തം ഉണ്ടെന്ന് വൈദ്യനോട് പറയണം."  പുറത്തു കാത്തു നിന്നവരോട് കൈകൊണ്ട് എന്തോ ആംഗ്യം നൽകിക്കൊണ്ട് വയസ്സായ മനുഷ്യനെ സ്നേഹത്തോടെ തരകൻ മുതലാളി യാത്രയാക്കി. അവർ മൂവരും നിഷ്ക്രിയരായി വൃദ്ധൻ കൺമറയും വരെ നോക്കി നിന്നു. തിരിച്ചു വരുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി തടിപ്പെട്ടി തരകൻ മുതലാളിയുടെ മേശമേൽ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു. വിണ്ടും  കാത്തിരിപ്പ് സമ്മാനിച്ചു കൊണ്ട് പെട്ടി തരകൻ മുതലാളിയെ ആശയക്കുഴപ്പത്തിലാക്കി.
ഒരാഴ്ച്ച നീണ്ട തരകൻ മുതലാളിയുടെ കാത്തിരിപ്പിന്റെ ഇടവേള  ഭംഞ്ജിക്കപ്പെട്ടത്  തപാലിന്റെ രൂപത്തിൽ ആയിരുന്നു. വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയ ഒരെഴുത്ത് തരകൻ മുതലാളിയെ തേടിയെത്തി.
പ്രീയ തരകൻ മുതലാളി അറിയുവാനായി ലൂക്കൊ എഴുതുന്നത്.   കൊടുത്തു വിട്ട പണം കിട്ടി. കൃത്യമായിട്ടുണ്ടായിരുന്നു. വളരെ നന്ദി. നേരിട്ടു  വന്നു കണ്ട് കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയാത്തത്തിൽ അതിയായ ഖേദം അറിയിച്ചു കൊള്ളുന്നു. ഇവിടെ അമ്മയുടെ മരണാനന്തര ചടങ്ങുകളും മറ്റു തിരക്കുകളും ആയതിനാലും മറുവശത്ത് ഔഷധ സേവയ്ക്കായുള്ള അനുയോജ്യ മുഹൂർത്തം ആഗതമായി വന്നതു   കൊണ്ടുമാണ് നേരിട്ടു വരുന്നതിനു പകരമായി കത്തെഴുതാനുള്ള സാഹചര്യമുണ്ടായത്. ഇതിലെ നിർദ്ദേശങ്ങൾ കൃത്യമായും വീഴ്ചയില്ലാതെയും പാലിക്കേണ്ടതാകുന്നു. വരുന്ന മേടമാസം പത്താം തിയതി സൂര്യാസ്തമയം കഴിഞ്ഞു   അർദ്ധരാത്രിയ്ക്കു മുൻപായുള്ള ഏതു സമയവും ഔഷധം  സേവിക്കാനുള്ള ശുഭമുഹൂർത്തങ്ങളായി കണക്കാക്കാം. പെട്ടിയ്ക്കുള്ളിൽ ഇരിക്കുന്ന രണ്ടു ചെപ്പുകളിൽ ഒന്നിൽ കുങ്കുമവും മറ്റൊന്നിൽ ഭസ്മവുമാണ്. ഇതിൽ  നിന്നും മൂന്ന് നുള്ള് കുങ്കുമവും തുല്യം ഭസ്മവും   ശുദ്ധമായ പശുവിൻ പാലിൽ കലർത്തി ദിവസം ഒരു നേരം വച്ച്  ഒരാഴ്ച്ച മുടങ്ങാതെ കഴിക്കുക.  മരുന്ന് കഴിക്കുന്ന ഒരാഴ്ച്ചക്കാലം സൂര്യപ്രകാശമേൽക്കാതെ അടച്ച മുറിയിൽ കഴിയുക. ഫലം സിദ്ധിക്കും. നിശ്ചയം. നേരിട്ടു കാര്യങ്ങൾ കണ്ടറിയാൻ ഇവിടുത്തെ തിരക്കുകളൊഴിഞ്ഞ ശേഷം അങ്ങയെ കാണാൻ എത്രയും നേരത്തേ തന്നെ ഞാൻ  അവിടെ എത്തിച്ചേരുന്നതാണ്.

ശേഷം മുഖദാവിൽ,
ലൂക്കോ.
കത്തിന്റെ ഉള്ളടക്കം തരകൻ മുതലാളിയുടെ ഉള്ളിൽ തീർത്തതു സന്തോഷത്തിന്റെ എണ്ണമറ്റ അലകളായിരുന്നു. തന്റെ  ഒരുപാട് നാളത്തെ കാത്തിരിപ്പിനു ഒരു വിരാമം ഇതാ കുറിയ്ക്കപ്പെട്ടിരിക്കുന്നു. യുവത്വത്തിന്റെ പടിയിലേക്ക് ഒരിക്കൽ കൂടെ കാലെടുത്തു വെയ്ക്കാനായി ഇനിയുള്ള ദിനങ്ങൾക്കു വിരലെണ്ണം അകലം. .മനസ്സിനെ ഏറെ വേദനിപ്പിച്ച ധനനഷ്ടം പോലും  അയാൾ പാടേ വിസ്മരിച്ചു. ഒരുപാട് കൊതിച്ച കളിപ്പാട്ടം കൈയിൽ കിട്ടിയ കുട്ടിയെപ്പോലെ അയാൾ മനസ്സു തുറന്ന് ചിരിച്ചു.
മേടം പത്ത്. സർവ്വ ശുഭകാര്യങ്ങൾക്കും നാന്ദി കുറിയ്ക്കാൻ അനുയോജ്യമായ ദിവസം. പത്താമുദയം. സൂര്യൻ ചക്രവാളങ്ങൾക്കുമപ്പുറം മറഞ്ഞു കാണാൻ അക്ഷമനായി തരകൻ മുതലാളി യുവത്വം സ്വപ്നം കണ്ടു പകൽ കഴിച്ചുകൂട്ടി. വലിയ മാളികയിൽ സൂര്യപ്രകാശം കടക്കാത്ത വിധം ഒരു മുറിയും  സജ്ജീകരിക്കപ്പെട്ടു. സൂര്യന്റെ അവസാന കിരണവും  പകലിനോട് വിട പറഞ്ഞ് യാത്രയായി എന്നുറപ്പാക്കിയ ശേഷം തരകൻ മുതലാളി മുറിയ്ക്കുള്ളിലേക്ക് കടന്നു കതകടച്ച് മേശമേൽ ഇരുന്ന വിളക്ക് കൊളുത്തിവച്ചു. ഗർഭത്തിൽ തന്റെ  യൗവ്വനം പേറുന്ന തടിയിൽ തീർത്ത പെട്ടിയുടെ മുൻപിൽ  അയാൾ അടക്കാനാവാത്ത ജിജ്ഞാസയോടെ ഇരുന്നു. തടിയിൽ തീർത്ത പൂട്ടു തുറന്ന് അയാൾ  പെട്ടിയുടെ ഉള്ളിൽ നിന്നും രണ്ടു ചെപ്പുകൾ പുറത്തേക്കെടുക്കുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മേശമേൽ അടച്ചു വച്ചിരുന്ന പശുവിൻ പാലിലേക്ക് രണ്ടു ചെപ്പുകളിൽ നിന്നും എടുത്ത മരുന്ന് മൂന്ന് നുള്ളുകൾ വിതം ഇട്ടശേഷം കണ്ണടച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒറ്റ വലിക്കു അയാൾ കുടിച്ചു തീർത്തു.  അയാൾ അതേ ഇരുപ്പ്  കുറച്ചു നേരം കൂടെ  തുടർന്നു.    എവിടെ നിന്നോ ഒരു അദൃശ്യമായ ശക്തി തന്നിലേക്ക്  ആവേശിക്കപ്പെടുന്നതായി തരകൻ മുതലാളിയ്ക്ക് അനുഭവിച്ചറിയാൻ സാധിച്ചു. മനസ്സിലും  ശരീരത്തിലും പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു  ദിവ്യമായ സുഖം പെയ്തിറങ്ങുന്നത് പോലെ. കൈകാലുകൾ പക്ഷിത്തൂവൽ പോലെ ഭാരരഹിതമായി  മാറി. കണ്ണുകളിൽ നിദ്രയുടെ സുഖാനുഭൂതി തഴുകിയിറങ്ങി. തരകൻ മുതലാളി മെല്ലെ ഗാഡനിദ്രയിലേക്ക് വഴുതി വീണു. ആഴമുള്ള ഒരു നിദ്ര. അയാളുടെ ശ്വാസം മന്ദഗതിയിലേക്കു മാറി. പിന്നെ അതു മെല്ലെ നിശ്ചലമായി. ശരീരവും ശ്വാസവും എന്നെന്നേക്കുമായി നിലച്ചു. അടുത്ത പ്രഭാതത്തിൽ നാടുണർന്നത് തരകൻ മുതലാളിയുടെ മരണവാർത്ത കേട്ടുകൊണ്ടായിരുന്നു. അതിൽ പിന്നെ നാട്ടിലെ ആരും തന്നെ ലൂക്കോ വൈദ്യനെ കണ്ടിട്ടേയില്ല, തരകൻ മുതലാളി വടക്കുനിന്നു വിവാഹം കഴിച്ചു കൊണ്ടുവന്ന ഭാര്യയേയും.


 By: ഷിലിൻ പരമേശ്വരം,
പരമേശ്വര വിലാസം,
കടയ്ക്കാവൂർ,
തിരുവനന്തപുരം.  695306
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo