Slider

നിനക്കിവിടെയെന്താ പണി

0
Image may contain: 1 person, close-up and indoor
"നിനക്കിവിടെ എന്താ പണി... ?"
വല്ലതും നേരെചൊവ്വേ വച്ചുണ്ടാക്കാൻ പാടില്ലേ.. ?
ഇന്നെന്താണാവോ കുഴപ്പം കണ്ടുപിടിച്ചത് .. ? നാവോളം എത്തിയ ചോദ്യം ഞാൻ ചോറിനോടൊപ്പം വിഴുങ്ങി. എന്തിനാ വെറുതെ.. !
ഭക്ഷണം കഴിക്കുമ്പോ പതിവാണല്ലോ.. ഈ പറച്ചിൽ.
ചേട്ടന്റെ ദേഷ്യം തീരുന്നില്ല..
"ആകെ ഈ വീട്ടിലെ പണിയല്ലേയുള്ളൂ നിനക്ക്.. അല്ലാതെ മലമറിക്കുകയൊന്നും വേണ്ടല്ലോ.. ? അതുപോലും നേരേപാടെ ചെയ്യില്ല..
നോക്കിയേ .. ഈ പാവയ്ക്ക ഉലത്തിയതിന് എരിവില്ല. മീൻ കറിയ്ക്ക് പുളിയില്ല... !"
പുളിയില്ലേ... ?
ഞാൻ മീൻചട്ടിയിലേയ്ക്ക് തലചെരിച്ചു നോക്കി. അപ്പോൾ കറുമ്പൻ കുടംപുളി നിന്നെനോക്കി സൈറ്റടിച്ചു.
"പുളിയിറങ്ങാൻ നേരമായില്ല കറിവച്ചിട്ട് അതാ.. !" ഞാൻ പതിയെ പറഞ്ഞു.
"നിനക്ക് എന്നും ഉണ്ടല്ലോ ഓരോ ഞ്യായികരണങ്ങള്.. "
" ഇതുകൊടുത്തൽ പട്ടിപോലും തിന്നില്ല.. അവടെയൊരു കറി.. !"
ഇതുകേൾകേണ്ട താമസം വാതിൽക്കൽ കിടന്നിരുന്ന ഞങ്ങളുടെ പട്ടി കൈസർ സടകുടഞ്ഞെഴുനേറ്റു ചേട്ടന്റെ നേരെനോക്കി രണ്ടു കുര.
"വന്നല്ലോ ചോദിക്കാൻ അവളുടെ പട്ടി.. അവളെ വഴക്കുപറഞ്ഞാൽ അവൻ അപ്പോ വന്ന് എന്റെ തന്തയ്ക്ക് വിളിക്കും.. കേട്ടില്ല വിളിക്കുന്നത്... "
കുരച്ചുകൊണ്ട് നിൽക്കുന്ന കൈസറിനെ നോക്കി ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. അതോടെ അവൻ ശാന്തനായി.
കുറച്ചുമുമ്പ് ഞാനവന് ചോറിൽ പാലൊഴിച്ചു പാൽകഞ്ഞിയാക്കി കൊടുത്തിരുന്നു. പാൽക്കഞ്ഞി കുടിച്ചവന് പാവയ്ക്ക കൂട്ടി ചോറുണ്ണുന്നതിന്റെ വിഷമം അറിയാവോ.. !
ഞാൻ മക്കളെ നോക്കി അവർ ഇതൊന്നും അറിയുന്നുപോലും ഇല്ല. T V യിൽ കോമഡി ഉത്സവം കണ്ട് ചോറുണ്ണുന്നു.
ചേട്ടൻ ഭക്ഷണം കഴിച്ചെഴുനേറ്റു.. ഒപ്പം ഞാനും.
അടുക്കളയിൽ പാത്രം കഴുകുമ്പോൾ ഞാൻ ചിന്തിച്ചു. ഞാനിവിടെ ചുമ്മാതിരിക്കുവാണോ.. ?
രാവിലെ അഞ്ചരയ്ക്ക് എഴുനേൽക്കുന്നതല്ലേ. എന്നിട്ട് അപ്പോ തുടങ്ങുന്ന പണിയാ. രാവിലെ ഒരു യുദ്‌ധം നടത്തിയാണ് മക്കളെ സ്കൂളിൽ വിടുന്നത്. അതുകഴിഞ്ഞു ചേട്ടൻ ഓഫീസിലേയ്‌ക്കും പോയി കഴിയുമ്പോ , വീടൊരു പൂരം കഴിഞ്ഞ പൂരപ്പറമ്പു പോലെയാരിക്കും. അതുമുഴുവൻ തൂത്തു തുടച്ചു , ചോറും കറികളും ഉണ്ടാക്കി, പാത്രം കഴുകി , തുണിയും അലക്കി കഴിയുമ്പോഴേയ്ക്കും സമയം രണ്ടര മൂന്നാവും.. പിന്നെ ഒന്ന് വേഗന്ന് കുളിച്ചിറങ്ങുമ്പോഴേയ്ക്കും മക്കള് സ്കൂളിൽ നിന്നും വരും.
പിന്നെ അവർക്കു ചായയും പലഹാരവും ഉണ്ടാക്കി കൊടുക്കണം. അവരുടെ വഴക്കിന് പരിഹാരം കാണണം. രണ്ടിനും വികൃതി കൂടുതലാണ്. അതിനിടയ്ക്ക് അത്താഴം ഉണ്ടാക്കണം.
എന്തുപറയാൻ അങ്ങനെ നേരം വെളുക്കുന്നതു മുതൽ രാത്രി കിടക്കുന്നവരെ ഒരു സ്ത്രീ എന്തെല്ലാം ജോലികൾ ചെയ്യുന്നു. അതാരും കാണുന്നില്ല. നല്ലൊരു വാക്ക് പറയുന്നില്ല. എന്നിട്ടും നിനക്ക് എന്താണ് പണി എന്ന ചോദ്യം ബാക്കി... !
"അമ്മേ...എനിക്കുറക്കം വരുന്നു.. "
ദാ... അമ്മ വരുന്നു..! മോളാണ് അഞ്ച് വയസുണ്ടെങ്കിലും ഉറങ്ങണെങ്കിൽ ഞാൻ അടുത്തുകിടക്കണം. അങ്ങനെ ഇന്നത്തെ കലാപരിപാടികൾ കഴിഞ്ഞു.
കറിയുടെ കാര്യത്തിൽ ദേഷ്യപ്പെട്ടാലും ചേട്ടൻ പാവമാണ്. സ്നേഹവുമാണ്.
പാചകത്തിൽ ഞാനത്ര മിടുക്കിയല്ല. എല്ലാം ഉണ്ടാക്കും.. ഞാൻ ഉണ്ടാക്കുന്നതെല്ലാം എനിക്ക് നല്ല രുചിയായിട്ട് തോന്നുകയും ചെയ്യും. ഇന്ന് നല്ല കറിയുണ്ടാക്കി ചേട്ടനെ ഞെട്ടിക്കണം.
മീൻകാരന്റെ വരവിനായി കാത്തിരിക്കുവാ.. ഞാനിപ്പോൾ.
അതാ.. മീൻ കാരൻ വരുന്നുണ്ട്..
"എന്താ മീൻ.. ?"
"ചാള , ചൂര , കൊഴുവ.. " ഏതാ ചേച്ചീ...വേണ്ടേ.. ?
" ചൂര തന്നേരെ.. "
അങ്ങനെ ചൂര വാങ്ങി. ഇനി മനോഹരമായി കറിയുണ്ടാക്കണം. ഇന്ന് ചേട്ടന്റെ കണ്ണ് തള്ളും നോക്കിക്കോ..
"ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ.. " ചേട്ടൻ എന്റെ ഉള്ളിലിരുന്നു പറഞ്ഞു.. !
നോക്കാം.. !
എന്നാ ഞാൻ മീൻകറി ഉണ്ടാകട്ടെ... !
"കർത്താവെ.. . മിന്നിച്ചേക്കണേ.. !!!""
*************************************I
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo