അയാൾക്ക് ഒരു ഭ്രാന്തന്റെ രൂപമുണ്ടന്ന് ഞാൻ പറഞ്ഞത് അയാളുടെ മുഖത്ത് നോക്കാതെയാണ്. അത് കേട്ട് ആയാൾ പൊട്ടിച്ചിരിച്ചു ചിരിച്ചു. " ഭ്രാന്തന് ഒരു നിർദ്ദിഷ്ട്ട രൂപമുണ്ടോ സുഹൃത്തേ.....? " എന്നോടുള്ള ചോദ്യം ന്യായമാണ്. ശരിയാണെന്ന് തോന്നി. താടിയും മുടിയും വളർന്ന അയാളുടെ വസ്ത്രങ്ങൾ പക്ഷെ വൃത്തിയുള്ളതാണ്. നഖവും വിരലുകളും ഭംഗിയുള്ളതുമായിരുന്നു. പാദങ്ങൾ നഗ്നമാണ്. കല്ലും മണ്ണും മാലിന്യവും അന്ഗ്നിയും ചോരയും കണ്ണീരും ഒക്കെ വീണ വഴിത്താരകൾ അയാൾ പിന്നിട്ടത് ഈ നഗ്‌ന പാദങ്ങൾ കൊണ്ടാണ്. തോൾ സഞ്ചിയിൽ എന്താണന്ന് ഒരിക്കൽ ചോദിച്ചപ്പോൾ " കർമ്മം ഫലം " എന്ന് മറുപടി പറഞ്ഞുകൊണ്ട് ആയാൾ പൊട്ടിച്ചരിച്ചു. അയാൾ ഒരു ഭ്രാന്തനല്ല എന്നെനിക്ക് തോന്നി.
കുറെക്കാലം അയാളെ കാണാനില്ലായിരുന്നു. അപ്രതീക്ഷിതമായി ഒരിക്കൽ വീണ്ടും കണ്ടുമുട്ടി. ഭ്രാന്തൻമാരില്ലാത്ത നാടന്വേഷിച്ചു പോയതാണന്നും അങ്ങനെയൊരു നാടില്ല എന്നും അയാൾ പറഞ്ഞു.
അയാൾ ഏകനായ ഒരു കവിയായിരുന്നു, കാലം നിയോഗിച്ച കവി. കരികൊണ്ടും ചെങ്കല്ലു കൊണ്ടും അയാൾ തന്റെ വീടിന്റെ ചുമരുകളിലാണ് കവിതകൾ എഴുതിയത്. എഴുതിയ കവിതകൾ ഉറക്കെ ആലപിക്കും, ഒപ്പം കരയുകയും ചിരിക്കുയും അട്ടഹസിക്കുകയും ചെയ്തു.
അയാൾ തെരുവിൽ അലഞ്ഞു നടക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. മറ്റുള്ളവരുടെ വലിയ കെട്ടിടങ്ങളുടെയും ,വീടിന്റെ ചുമരുകളിലും മതിലുകളിലും അയാൾ കരികൊണ്ട് കവിതയെഴുതാൻ തുടങ്ങി. മണ്ണും മനസും മരവും പുഴയും കാമവും സ്നേവും, ഉന്മയും തിന്മയും ഒക്കെ അയാൾ കവിതകൾക്ക് വിഷയങ്ങളാക്കി. വിലകൂടിയ കൃത്രിമ പെയിന്റുകൾ കൊണ്ട് ചുമരുകൾ ഭംഗിയാക്കിയവർക്ക് ആയാൽ ഒരു ശല്യമായി മാറി. കരികൊണ്ട് അയാൾ കവിതകളെഴുതി അവരുടെ കെട്ടിടങ്ങളുടെയും വീടിന്റെയും ചുമരുകൾ വൃത്തിഹീനമാക്കി. അയാൾക്ക് ഭ്രാന്താണന്ന് അവർ വിളിച്ചു പറഞ്ഞു. സത്യം പറയുന്നതെങ്ങനെ ഭ്രാന്താകുമെന്ന് അയാൾ ചോദിച്ചു. പലർക്കും അയാളെ ഭയമായി. തങ്ങളുടെ കെട്ടിടങ്ങളുടെ ചുവരുകളിൽ അയാളെഴുതിയ കവിതകൾ വായിച്ചു ചിലർ ബോധം കെട്ടുവീണു. ചിലർ ചിരിച്ചു. മറ്റു ചിലരൊക്കെ ചിലരൊക്ക അയാളെ മർദ്ദിച്ചു.
ചില സാഹിത്യകാരൻമാർ അയാളെക്കുറിച്ച് ചർച്ച ചെയ്തു. അവർ അയാളെ ഉപദേശിച്ചു. കവിതകൾ കടലാസിലെഴുതാൻ നിർബന്ധിച്ചു. എഴുതിയവ പ്രസിദ്ധീകരിക്കാൻ സഹായം വാഗ്ദാനം ചെയ്തു. അതു കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. അയാളെ ഉപദേശിച്ച ചില എഴുത്തുകാരുടെ വീടുകളുടെ ചുമരുകളിൽ അയാൾ കരികൊണ്ട് എന്ന് കവിതകളെഴുതി.
കവി ഭ്രാന്തനായതാണോ, അതോ ഭ്രാന്തൻ കവിയായതാണോ എന്ന് ചിലർക്ക് സംശയമായി. അങ്ങനെ അയാളെ ഭ്രാന്തൻ കവി എന്ന് പേരിട്ടു വിളിച്ചു. അങ്ങനെ പേരിട്ടു വിളിച്ചവർ ചേർന്ന് അയാളെ ചികിത്സക്കായി ആശുപത്രിയിലാക്കി. അയാളുടെ ചികിത്സക്ക് പണം പിരിച്ചു. ചികിത്സക്കിടയിൽ ആശുപത്രിമുറിയിലെ ഭിത്തികളിൽ അയാൾ കരികൊണ്ടും ചെങ്ക ല്ലുകൊണ്ടും കവിതകളെഴുതുകയും ഉറക്കെ ആലപിക്കുകയും ചെയ്തു. ചികിത്സ തുടർന്നു. അയാളുടെ ഭ്രാന്ത് കുറഞ്ഞു വന്നുവെന്ന് ചിലർ പറഞ്ഞു. ഇപ്പോൾ അയാൾ ഭിത്തിയിൽ കരികൊണ്ട് കവിതകളെഴുതാറില്ല, കവിതകളെ എഴുതാറില്ല, ആലപിക്കാറുമില്ല.
ഭ്രാന്തൻ കവി നോർമ്മലായി എന്ന് എല്ലാരും പറഞ്ഞു. അലഞ്ഞു നടക്കാതെയും കരികൊണ്ട് ഭിത്തിയിൽ എഴുതാതെയും മറ്റൊരു മനസുമായി അയാൾ ഇപ്പോൾ സ്വന്തം വീട്ടിലുണ്ട്. കരികൊണ്ട് അക്ഷരങ്ങൾ കോറിയിട്ട സ്വന്തം വീടിന്റെ ചുമരുകൾ കണ്ട് അയാൾ തന്നെ അത്ഭുതപ്പെട്ടു. താനാണ് ഇങ്ങനെയെല്ലാം ചെയ്തത് എന്ന് അയാൾക്ക് സംശയമായി.
വീടിന്റെ ചുമരുകൾ വിലകൂടിയ പെയിന്റുകൾ കൊണ്ട് ആയാൾ ഭംഗി വരുത്തി. അയാളുടെ ഭ്രാന്തൻ യുഗത്തിലെ ചെയ്തികൾ ആ ചുമരുകളിൽ നിന്നും മാഞ്ഞു പോയി. താടിയും മുടിയും ഉപേക്ഷിച്ച ആയാൾ മുഖത്തും ചായം തേച്ചു കൂടുതൽ സുമുഖനായി . അയാളെ വെറുത്തവർ അയാളോട് ഇഷ്ട്ടം കൂടാൻ വന്നു. ക്രമേണ അയാൾ അവരിൽ ഒരാളായി മാറി. ഇതെല്ലാം ഞാൻ കണ്ടു നിന്നു
ഇവരെല്ലാം കൂടി മുൻപ് സ്വബോധമുണ്ടായിരുന്ന ഒരാളെക്കൂടി ഭ്രാന്തനാക്കി തങ്ങളോടൊപ്പം കൂടെകൂട്ടിയെന്നു എന്റെ മനസ്സ് പറഞ്ഞു .
മുൻപ് അയാളുടെ സഞ്ചാരപാതകളിൽ ഞാൻ അയാളെ പിന്തുടർന്ന് അയാൾക്കൊപ്പം അലഞ്ഞിട്ടുണ്ട് . ചുമരുകളിൽ, മതിലുകളിൽ, ചികിത്സതേടിയ ആശുപത്രിയുടെ ഭിത്തികളിൽ ഒക്കെ അയാൾ എഴുതിയ പ്രതിഭ തുളുമ്പുന്ന രചനകൾ ഞാൻ ശേഖരിച്ചിരുന്നു.അതെല്ലാം അയാളുടെ കൈകളിൽ വെച്ചു കൊടുത്തു.
ഇതെല്ലാം ഒരു പുസ്തകമാക്കണമെന്ന് പറഞ്ഞു. "നിങ്ങൾ കെട്ടിടങ്ങളുടെ ചുമരുകളിലായിരുന്നില്ല കരികൊണ്ട് കവിതകൾ എഴുതിയത്, പലരുടെയും മനസിന്റെ ചുമരുകളിലായിരുന്നു" എന്ന് പറഞ്ഞു അയാളെ ബോധ്യപ്പെടുത്തി. എന്നിട്ട് ചുമരുകൾ നിറം പൂശി വൃത്തിയാക്കിയ അയാളുടെ വീട്ടിൽ നിന്നും മനസ്സിൽ നിന്നും ഞാൻ പുറത്തേക്കു ഇറങ്ങി നടന്നു.
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട .
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക