ഒരു ബാഗും പുറകിൽ തൂക്കി റെയ്ൽവേ സ്റ്റേഷൻ ലേക്ക് പായുകയായിരുന്നു ഞാൻ.ഇന്റർവ്യൂ കഴിയാൻ ഇത്രയും താമസിക്കും എന്ന് കരുതിയില്ല.ടിക്കറ്റ് എടുക്കാതെ പോകാൻ മനസ്സിലെ ദേശസ്നേഹി സമ്മതിച്ചില്ല.അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി യിരുന്നു. എങ്ങനെയോ ജനറൽ കമ്പാർട്ട്മെന്റിൽ കയറി.അപ്പോഴാണ് ആ കണ്ണുകൾ, നീല കണ്ണുകൾ ,ഞാൻ ആദ്യമായി കാണുന്നത് .അവയുടെ തീക്ഷ്ണത എന്നെ അത്രക്കും ആകർഷിച്ചത് കൊണ്ടാവാം ചായ ക്കാരൻ വന്നത് ഞാൻ അറിയാത്തത്.
"വഴീന്ന് ഒന്നു മാറി നിക്കെടോ.കണ്ട പെണ്ണുങ്ങളെ നോക്കി നിന്നോളും."
അപ്പോഴാണ് ആ കമ്പാർട്ട്മെന്റിലെ എല്ലാവരുടെയും കണ്ണുകൾ എന്റെ നേർ ക്കാണെന്ന് ഞാൻ മനസിലാക്കിയത്. എന്റെ ഭാഗ്യം കൊണ്ട് ആവാം അല്ലെങ്കിൽ
കർണോ
ന്മാർ പറയുന്ന പോലെ നമുക്ക് കിട്ടേണ്ടത് ആ സമയത്ത് നമ്മളിൽ വന്നു ചേരും.അതിനു എല്ലാ നക്ഷത്രങ്ങളും നമുക്ക് അനുകൂലമായി വരും.രണ്ടു കണ്ണുകൾ കണ്ട് മാത്രം ഇത്രയും തീരുമാനിക്കാൻ എനിക്ക് വട്ടാണോന്ന് എനിക്കറിയില്ല .പക്ഷേ വേറെ ഒന്നും വെച്ച് തീരുമാനിക്കാൻ എനിക്ക് ആവുമായിരുന്നില്ല.കാരണം അവളുടെ കണ്ണുകൾ മാത്രമേ ദൃശ്യം ആയിരുന്നുള്ളു.അവള് പർദ്ദ ധരിച്ച ഒരു മുസ്ലിം യുവതി ആയിരുന്നു.അവളുടെ ഓരോ ചലനങ്ങളും എന്നിൽ മിന്നൽ വേഗത്തിൽ കുളിർമ ഉണ്ടാക്കി. അതേ ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.
വിൻഡോ സീറ്റിന് അരികിൽ ഇരുന്ന് അവളുടെ തട്ടം കാറ്റിൽ പാ റിയപ്പോൾ അവളുടെ കണ്ണുകൾക്ക് ഒരു വല്ലാത്ത തിളക്കം ആയിരുന്നു.അവയുടെ വശ്യ സൗന്ദര്യത്ത ഞാൻ ആരാധിക്കുക ആയിരുന്നു . എന്റെ ശല്യം തീരെ സഹിക്കാൻ പറ്റാത്തത് കൊണ്ട് ആവാം അവള് മുഖം തിരിച്ചു കളഞ്ഞു.രണ്ട് കണ്ണ് മാത്രം ആണേലും വെറുതെ വിടില്ല എന്ന മട്ടിൽ ചുറ്റുമിരുന്നവർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഉണ്ടോ ഒരു വായിനോക്കി എന്നവർ മനസ്സിൽ പറഞ്ഞു കാണണം.
" വിശാലമായ ഒരു പൂന്തോട്ടം.അവയിൽ നിറയെ ചിത്രശലഭങ്ങൾ പാറികളിക്കുന്നു. ആ കൂട്ടത്തിൽ ഒന്നിന് മാത്രം ഒരു പ്രത്യേകത.ഒരു വല്ലാത്ത തിളക്കം. ആ തിളക്കം കൂടി കൂടി വരുന്നു.പെട്ടെന്ന് ഒരു ചെറിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുന്നു .പെട്ടെന്ന് ഞാൻ ആ പുകമറക്കുള്ളില്ലേക്ക് നോക്കി .തിളക്കം നഷ്ടപെട്ടു പോയി അതിനു ....പാവം ശലഭം .എന്നിട്ടും ഞാൻ അതിനെ പിടിക്കാനായി പുറകെ പോയി.പക്ഷേ പിടി തരാതെ അത് പറന്ന് പോയി .കുറെ ദൂരം അങ്ങനെ എന്നെ കളിപ്പിച്ചു.പെട്ടെന്ന് അതൊരു പൂവിലിരുന്നു.ഞാൻ പതിയെ ചെന്ന് അതിനെ തൊട്ടു......"
അപ്പോൾ ആരോ തട്ടി വിളിച്ചു എന്നെ.
' സാർ, ലാസ്റ്റ് സ്റ്റേഷൻ എത്തി,ഒന്നു ഇറങ്ങിയെ,ഇനി ഇത് നാളയെ പോവുള്ളു.'
ട്രെയിൻ വൃത്തിയാക്കാൻ വന്നയാൾ പറഞ്ഞു.
അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നു എന്നെനിക്ക് മനസ്സിലായത്.
രംഗബോധം ഇല്ലാത്തവനെ പോലെ ഞാൻ അവിടെ നിന്ന് പരുങ്ങി. ബാഗ് എടുത്ത് ഇറങ്ങിയപ്പോൾ ആണ് ആ ശലഭത്തിന്റെ പ്രത്യേകത ഞാൻ ഓർത്തെടുത്ത്ത്.
ചുറ്റും വെറുതെ നോക്കി .അവളെ കണ്ടില്ല.അവള് ഞാൻ ഉറങ്ങിയപ്പോൾ ഏതേലും സ്റ്റേഷനിൽ ഇറങ്ങി കാണും. എന്നിട്ടും വെറുതെ പ്ലാറ്റ്ഫോമിൽ ആ കണ്ണുകൾക്കായി പരതി. നിരാശനായി ഞാൻ അങ്ങനെ വെറുതെ നടന്നു.
പെട്ടെന്ന് മുന്നിൽ ഒരു പർദ്ദ കണ്ടു. അതേ അവള് തന്നെ .അവള് പെട്ടെന്ന് തിരിഞ്ഞുനോക്കി .അതേ അവള് തന്നെ . എന്റെ സ്വപ്നത്തിന്റെ ക്ലൈമാക്സ് അതായിരിക്കും.
എന്നെ കണ്ടതും അവള് ഭയചകിതയായി .അത് അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു. അന്നേരം ആണ് ഞാൻ അത് മനസിലാക്കിയത് .രണ്ട് കണ്ണുകളിൽ കൂടി ഒരാളുടെ ഭാവങ്ങൾ നമുക്ക് അളക്കാൻ പറ്റുമെന്ന്.എത്ര മനോഹരം .!!!!
ഞാൻ അങ്ങനെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആവാം,അവള് നടന്നു തുടങ്ങി .ഞാൻ വിട്ടില്ല.പുറകെ തന്നെ വെച്ച് പിടിച്ചു.ഇൗ കുട്ടിയെന്തിനാ എന്നെ ഇത്ര ഭയപെടുന്നത്.??
പതിയെ ചുറ്റുമുള്ളവർ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി .അന്നേരം ആണ് എനിക്ക് മനസ്സിലായത് .ഞാൻ ഒരു പെൺകുട്ടിയെ ആണ് പിന്തുടരുന്നത് എന്ന്...
വെറുതെ ഒരു പെണ്ണിന്റെ പുറകെ നടന്നാൽ എന്താ .. എന്തെല്ലാം വിചാരിക്കാം .ഞാൻ അവളെ പീഡിപ്പിക്കാൻ പോകുവായിരിക്കാം. അവളെ പരസ്യമായി തട്ടി കൊണ്ട് പോകാം.അങ്ങനെ എന്തെല്ലാം സാധ്യതകൾ ഉണ്ട്.
പെട്ടെന്നൊരാൾ എന്നെ തടഞ്ഞു,
" ആഹാ എങ്ങോട്ടാഡാ ഇത്ര ധൃതിയിൽ.ഒരു പെണ്ണിനേയും വെറുതെ വിടില്ല അല്ലേ ."
അയാള് കൈയോങ്ങിയതും അവള് പറഞ്ഞു .
" അയ്യോ സാർ ഇതെന്റെ ഇക്കയാണ് , തമ്മിലൊരു സൗന്ദര്യ പിണക്കം.അതാ ഞാൻ ഒഴിഞ്ഞു മാറി നടന്നത്."
"കുടുംബപ്രശ്നം ഒക്കെ പബ്ലിക് പ്ലേസിൽ അല്ലാ കുട്ടി പരിഹരിക്കേണ്ടത്.ഇൗ കാലമാ..."
''സോറി സാർ,ഇനി ഉണ്ടാവില്ല . ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം."
അപ്പോഴേക്കും അയാള് എന്റെ മേലുള്ള പിടി വിട്ടിട്ട് ഒന്നു തറപ്പിച്ചു നോക്കിയിട്ട് നടന്നു പോയി.
ഇവൾ എന്തിനാ എന്നെ രക്ഷിച്ചത്?? എത്ര ആലോചച്ചിട്ടും പിടികിട്ടുന്നില്ല. അപ്പോഴേക്കും അവള് കുറച്ച് മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.
" കുട്ടീ, ഒന്നു നിന്നെ.... എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്."
" എനിക്കൊന്നും കേൾക്കണ്ട.താൻ എത്രയും പെട്ടെന്ന് പൊക്കോ. ഇനി ഞാൻ രക്ഷിച്ചെന്ന് വരില്ല.ആൾകാർ ശ്രദ്ധിക്കുന്നുണ്ട്."
" എന്തിനാണ് താൻ എന്നെ ആദ്യം രക്ഷിച്ചത്?"
" തന്നെ കണ്ടിട്ട് ഒരു പ്രശ്നക്കാരനായി എനിക്ക് തോന്നിയില്ല. കുറച്ച് ഒക്കെ എക്സ്പീരിയൻസ് ഉണ്ടെന്ന് കൂട്ടിക്കോ . അങ്ങനെ ഇപ്പൊ പെട്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും മാന്യന്മാരെയും അല്ലത്തവരെയും"
" അങ്ങനെ ഒരു ലുക്ക് കൊണ്ട് മാത്രം എന്നെ വിലയിരുത്താൻ തനിക്ക് കഴിഞ്ഞോ ? തരക്കേടില്ലല്ലോ.മാന്യതയുടെ മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കളും ഉണ്ടാവാം.കേട്ടിട്ടില്ലേ പകൽ മാന്യന്മാർ "
"അങ്ങനെയുള്ള ഒരാൾ ആണ് താൻ എങ്കിൽ എന്റെ പിറകെ പിന്നെയും വരില്ലായിരുന്നു."
"താൻ എന്നെ രക്ഷിച്ചത് കൊണ്ട് തനിക്ക് അപ്പോ താൽപര്യം ഉണ്ട് എന്ന് കരുതി വന്നതാവാമല്ലോ ? "
" ഹേയ് മിസ്റ്റർ,ഒരാളുടെ കണ്ണുകളിൽ പ്രകടമാണ് അയാൾക് എന്നോട് എന്താ തോന്നുന്നത് എന്ന് ,നിങ്ങളുടെ കണ്ണുകളിൽ കൗതുകം മാത്രമേ കാണാൻ കഴിയുന്നുള്ളൂ. കാമം നിറഞ്ഞ കണ്ണുകൾ ഇങ്ങനെയല്ല."
" ഓഹോ അപ്പോ പരിചയം ഉണ്ടല്ലേ കാമം നിറഞ്ഞവന്മാരെ ..."
" അതേ ,എനിക്ക് കുറച്ചൊക്കെ അറിയാം.കുറെ അവന്മാർ അങ്ങനെ പുറകെ നടന്നിട്ടുണ്ട്."അവള് കുറച്ച് ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു.
ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.പറഞ്ഞു പറഞ്ഞു കാര്യങ്ങൾ വേറെ വഴിക്ക് ആണ് നീങ്ങുന്നത് എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
"താൻ അത്രക്ക് സുന്ദരി ആണോ?? ആഹ് ആയിരിക്കും ,വെറും കണ്ണുകൾ കണ്ടു കൊണ്ട് എനിക്ക് തന്നെ ഇഷ്ടമായി. ഓകെ..ഞാൻ സ്റ്റ്റെയിട്ട് ആയിട്ട് പറയാം.എനിക്ക് കുട്ടിയെ ഇഷ്ടമായി .കുട്ടി ഇത് വരെ കല്യാണം കഴിച്ചിട്ടില്ലെങ്കിൽ ഞാൻ ആലോചനയുമായി വീട്ടിലേക്ക് വരട്ടെ."
ആദ്യം അവളുടെ കണ്ണുകൾ അമ്പരന്നു .പിന്നെ പുച്ഛം കലർന്ന ഒരു നോട്ടത്തോടെ എന്നോട് പറഞ്ഞു,
" എന്നെ ഇഷ്ടപ്പെടാൻ മാത്രം താൻ എന്റെ രണ്ടു കണ്ണുകൾ മാത്രമല്ലേ കണ്ടിട്ടുള്ളൂ.ശരിക്കുമുള്ള എന്നെ നിങ്ങള് വെറുക്കും. അതുറപ്പാ.ഇൗ ഇൻസ്റ്റണ്ട് പ്രണയത്തിലോന്നും ഒരു കാര്യവുമില്ല മിസ്റ്റർ .നിങ്ങള് ആണുങ്ങൾ എപ്പോഴും ഇങ്ങനെ ആവുന്നത് എന്താ ? എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒരാളെ ഇഷ്ടപ്പെടാൻ.?"
" ആ കണ്ണുകൾ മാത്രമായി എനിക്ക് സ്വന്തമാക്കാൻ കഴിയില്ലല്ലോ.അതുകൊണ്ട് അതിന്റെ ഉടമസ്ഥയെ മൊത്തമായി സ്വന്തമാ ക്കാനെ നിവൃത്തി ഉള്ളൂ."
തമാശ പോലെ ഞാൻ പറഞ്ഞു.
അത് കേട്ട് അവള് ഒന്നു ചിരിച്ചുവോ?? ആർക്കറിയാം?? അവള് പെട്ടെന്ന് ആ മൂടുപടം മാറ്റി.
"ഇപ്പോഴോ....?"
ഞാൻ പെട്ടെന്ന് പേടിച്ച് പോയി.മൊത്തത്തിൽ ഒരു വികൃത രൂപം. മുഖം മുഴുവൻ കരിഞ്ഞുണങ്ങിയിരിക്കുന്നൂ.കവിളുകളിൽ അവിടെ അവിടെ ആയിട്ട് പാണ്ട് വന്നതുപോലെ വെളുത്ത പാടുകൾ.ചുണ്ടുകൾക്ക് ആകൃതം നഷ്ടം ആയിരിക്കുന്നു.മൂക്കിന്റെ പകുതി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. മാംസം വെട്ടി മാറ്റിയത് പോലെ മുഖത്തിന്റെ ഒരു വശം ശോഷിച്ചു ഇരിക്കുന്നു. എനിക്കൊന്നും മനസിലായില്ല.
" ഇത് പോലെ എന്റെ പിറകെ നടന്ന ഒരുത്തന്റെ സമ്മാനമാണ്. കേട്ടിട്ടില്ലേ ആസിഡ് അറ്റാക്ക്.!!!
മൂന്നു വർഷങ്ങൾക്കു മുൻപ്.അന്നേരം ഭാഗ്യത്തിന് കണ്ണുകൾ പെട്ടെന്ന് പൊത്തിയത് കൊണ്ട് കണ്ണുകൾക്ക് ഒന്നും സംഭവിച്ചില്ല.കൈകൾ രണ്ടും പക്ഷേ ..." തന്റെ കരിഞ്ഞ് ഉണങ്ങിയ കൈകൾ തലോടിക്കൊണ്ട് അവള് പറഞ്ഞു.
എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു .
" ഒരു പെൺകുട്ടിക്ക് ഒരാളുടെ പ്രണയ അഭ്യർഥന നിരസിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇവിടെ ഇല്ല എന്ന് എനിക്ക് അന്ന് മനസ്സിലായി.മാസങ്ങളോളം ഹോസ്പിറ്റലിൽ.ഇതിലും വികൃതം ആയിരുന്നു മുഖം .ഞാൻ തന്നെ ഭയന്ന് പോയിട്ടുണ്ട് .പിന്നെ പ്ലാസ്റ്റിക് സർജറി ചെയ്താണ് ഇൗ രൂപം ആക്കിയത്.
എത്രയോ നാളുകൾ മാനസിക നില തെറ്റി ഞാൻ മുറിക്കുള്ളിൽ കഴിഞ്ഞു ....
പിന്നെ പൊരുതാൻ തീരുമാനിച്ചു . ഇങ്ങനെ സംഭവിച്ച വരുടെ ലേഖനങ്ങൾ വായിച്ചു. ധൈര്യമായി ജീവിക്കാൻ...
ആദ്യമൊക്കെ വീട്ടിൽ എല്ലാർക്കും സഹതാപം ആയിരുന്നു .പിന്നെ പിന്നെ മാറി.
നാട്ടുകാരുടെ സഹതാപവും പുച്ഛവും ആശ്ചര്യവും കൂടി കലർന്നുള്ള നോട്ടം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ പർദ്ദ അണിയാൻ തീരുമാനിച്ചു.അതിന്റെ ഒരു സുഖം അപ്പോഴാണ് മനസ്സിലായത്. ഒരു മതത്തിന് മാത്രം എഴുതി വെച്ചിട്ടുള്ള വസ്ത്രമാണ് ഇതെന്ന് കരുതുന്നവരാണ് മിക്കവരും.എത്രയോ പേർ എന്നോട് ചോദിച്ചിട്ടുണ്ട് ,എന്റെ പേര് ,കേട്ടിട്ട് എന്തിനാണ് ഒരു ഹിന്ദു ആയിട്ട് പർദ്ദ ധരിക്കുന്നത് എന്നൊക്കെ. താൻ തീവ്രവാദി ആണോ ? മതം മാറിയതാണോ ? എന്നും ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിക്കുന്നവരോട് ഞാൻ ചോദിക്കാറുള്ളത് മതവും വേഷവും തമ്മിലെന്ത് ബന്ധമെന്നാണ്.നാണം മറയ്ക്കാൻ നമ്മൾ പലതരം വേഷം അണിയുന്നു.അതിനും മതം കൽപിക്കേണ്ട കാര്യമുണ്ടോ എന്നാണ്.
സോറി... പറഞ്ഞു പറഞ്ഞു ഞാൻ തന്നെ മുഷിപ്പിച്ചു. ഇപ്പൊൾ പറയൂ , ഇഷ്ടം ഒക്കെ പോയില്ലേ... "
ഞാനൊന്നു ചിരിച്ചു . ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
വർഷങ്ങൾക്കു ശേഷം ആ അവള് ഇതാ എന്റെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു.അവള് ഒന്നേ അന്നേരം എന്നോട് ചോദിച്ചുള്ളൂ. "നമ്മുടെ കുഞ്ഞ് എന്റെ വൈരൂപ്യം അംഗീകരിക്കുമോ ?"
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു,
"നമ്മൾ അവനെ അങ്ങനെ വേണം വളർത്താൻ...സഹജീവികളെ സ്നേഹിക്കാൻ...രൂപഭംഗി നോക്കാതെ "
____ഉത്തര തോമസ്____
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക