Slider

അക്ഷരത്തെറ്റ്

വിവാഹത്തലേന്ന് ക്ഷണിക്കപ്പെട്ട അവസാന അതിഥിയെയും യാത്രയാക്കി മധു തന്റെ മുറിയിൽ പ്രവേശിച്ചു. ഒരാഴ്ചയായി രാപ്പകലോളം മകളുടെ വിവാഹത്തിരക്കുകൾക്കു പിന്നാലെ ഓടിക്കൊണ്ടിരുന്ന അയാൾ വളരെ അധികം ക്ഷീണിതനായിരുന്നു. അതുകൊണ്ട് തന്നെ കട്ടിലിലേക്കയാൾ വീഴുകയായിരുന്നു. ഉറക്കത്തിന്റെ ഏതോ യാമത്തിൽ അയാൾ അമ്മൂ എന്ന് ഉറക്കെ വിളിച്ചുകൊണ്ടു ഞെട്ടിയെഴുനേറ്റു.. ആകെ അസ്വസ്ഥനായി ജനലിന്റെ അടുത്തുപോയി പുറത്തേക്കു നോക്കി നിന്നു.എന്തായിരിക്കും താൻ അവളെ ഇപ്പോൾ ഓർക്കാൻ എന്നുള്ള ചിന്ത അയാളെ വല്ലാതെ അലട്ടി. എത്രനേരം നിൽപ്പ് നിന്നെന്നറിയില്ല. കല്യാണം പൊടിപൊടിച്ചു. വന്നവരെല്ലാം അത്ഭുതത്തോടെ അതിനപ്പുറം അസൂയയോടെ പങ്കെടുത്ത ഒരു ഗംഭീര വിവാഹമായിരുന്നു അത് . വൈകീട്ട് വധുവരന്മാരെ പറഞ്ഞയച്ചയാൾ പൂമുഖത്തെ ചാരുകസേരയിൽ ചാരി കിടന്നു. മധുവിന്റെ മനസ് വളരെ അസ്വസ്ഥമായിരുന്നു. തന്റെ ജീവിതത്തിൽ ചെയ്തു തീർക്കാൻ ബാക്കിയുണ്ടായിരുന്ന ഒരേയൊരു കർത്തവ്യം ഇന്ന് താൻ നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു.ഇനി തനിക്കു പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുംതന്നെയില്ല. ഇന്നയാൾ ഒരു അനാഥനാണ്. പെട്ടെന്നയാൾ ഞെട്ടലോടെ ഓർത്തു... എന്നാണ് താൻ ആദ്യമായി അനാഥത്വം അനുഭവിച്ചത്‌? പത്താം വയസ്സിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ മാതാപിതാക്കളുടെ ശവശരീരം കൊണ്ടുവന്നപ്പോളൊ? ഒരു നാടടക്കം തന്റെ ദുർവിധിയിൽ മൂക്കത്തു വിരൽ വച്ചു നിന്നപ്പോൾ തന്റെ അച്ഛന്റെ ചങ്ങാതിയായ ഉണ്ണിമാമ അവനെ സ്വന്തം മകനായി സ്വീകരിച്ചു.ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപെട്ട അവരുടെ ഏകമകൾ അമ്മു തന്റെ കളികൂട്ടുകാരിയായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ  അമ്മുവിനോടുള്ള അവന്റെ ചങ്ങാത്തം അവർ പോലുമറിയാതെ പതിയെ പ്രണയമായി മാറിയിരുന്നു... മധു +2 വിജയിച്ചു, എഞ്ചിനീയറിംഗ് പഠിക്കാനുള്ള ആഗ്രഹം അവനാദ്യം അവതരിപ്പിച്ചത് അമ്മുവിനോടായിരുന്നു.അവൾ സന്തോഷം കൊണ്ട് മതിമറന്നു. പക്ഷെ അതിനു വരുന്ന ചിലവ് മധുവിന് ഓർക്കാനാവാത്തതായിരുന്നു. പക്ഷെ അമ്മുവിന്റെ കടുത്ത നിർബന്ധപ്രകാരം അവൾ വിഷയം അച്ഛനോട് അവതരിപ്പിച്ചു.25 സെന്റ് സ്ഥലവും വീടും മാത്രമേ അയാൾക്കു ആകെ സമ്പാദ്യമായിട്ടുണ്ടായിരുന്നുള്ളു. തന്റെ ഭാര്യയെ നഷ്ടപ്പെടുത്തിയ പുഴക്ക് കുറുകെ ഒരു പാലം നിർമിക്കണമെന്ന ആഗ്രഹം അയാൾ  മനസ്സിൽ അരക്കിട്ടുറപ്പിച്ചിരുന്നു.. തന്റെ ഏകമകൾ അമ്മുവിനെ പഠിപ്പിച്ചു ഒരു നല്ല എഞ്ചിനീയർ ആക്കി തന്റെ ചിരകാലാഭിലാഷം പൂവണിയിക്കാനായിരുന്നു അയാളുടെ പദ്ധതി. അതിനയാൾ കുറച്ചു പണം സ്വരൂപിച്ചു വച്ചിരുന്നു. ബാക്കി പറമ്പ് പണയം വക്കാം എന്നയാൾ കണക്കുകൂട്ടി. ഇപ്പോൾ എല്ലാം തകിടം മറഞ്ഞിരിക്കുന്നു. അമ്മു സന്ദർഭോചിതമായി തങ്ങളുടെ പ്രണയം അച്ഛനോട് തുറന്നു പറഞ്ഞു തനിക്കു വേണ്ടി തന്റെ പ്രിയപ്പെട്ടവൻ പഠിച്ചു എഞ്ചിനീയർ ആയി അച്ഛന്റെ ആഗ്രഹം സഫലിക്കരിക്കുമെന്നു വാക്കുകൊടുത്തു. മകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അച്ഛന് സമ്മതിക്കാതെ നിവർത്തിയില്ലായിരുന്നു. അങ്ങനെ അവൻ എറണാകുളത്തു പഠിക്കാനായി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു.
പെട്ടെന്നൊരു ബഹളം കേട്ടു മധു ഞെട്ടിയുണർന്നു.. പെങ്ങളുടെ വിവാഹത്തിന്റെ മദ്യസൽക്കാരത്തിലാണ് തന്റെ മൂത്തമകൻ. അവനും സുഹൃത്തുക്കളും വീടൊരു ബാർ ആക്കിമാറ്റിയിരിക്കുകയാണ്. മധു പൂമുഖത്തുനിന്നു കിടപ്പുമുറിയിൽ പോയി കിടന്നു.തന്റെ 2 മക്കൾക്കും അവരുടെ അമ്മയുടെ സ്വഭാവം ആണ് കിട്ടിയിരിക്കുന്നത് അയാൾ ഓർത്തു. പണത്തിന്റെയും പദവിയുടെയും അഹങ്കാരകൊഴുപ്പ്. മധു പതുക്കെ തലപൊക്കി ചുവരിൽ തൂക്കിവച്ചിരിക്കുന്ന ഒരു ഛായ ചിത്രത്തിൽ നോക്കി. അതൊരു സ്ത്രീയുടേതായിരുന്നു. വളരെ സുന്ദരിയും ഗാംഭീര്യം തുളുമ്പുന്ന ഭാവത്തോടു കൂടിയവളുമായിരുന്നു അവൾ. അതയാളുടെ ഭാര്യയാണ്. വിമല അന്നും എന്നും സുന്ദരിതന്നെ. അതുകൊണ്ട് തന്നെയല്ലേ എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനങ്ങളിൽ തന്നെ അവളെ താൻ ശ്രെദ്ധിക്കാൻ തുടങ്ങിയത്.. തനി നാട്ടിന്പുറത്തുകാരനായ താൻ എറണാകുളം എന്ന മഹാ നഗരത്തിൽ എത്തിച്ചേർന്നിട്ട് ഒരുമാസമായപ്പോഴേക്കും ഗ്രാമീണതയുടെ പവിത്രത തന്നിൽ നിന്നു വിട്ടകന്നിരുന്നു. പുതിയ സുഹൃത്തുക്കൾ പുതിയ ശീലങ്ങൾ അങ്ങനെ മധു മറ്റൊരു മനുഷ്യനായി. ഇടയ്ക്കിടെ വരുന്ന അമ്മുവിന്റെ എഴുത്തുകൾ മാത്രമാണ് അയാളെ നാടിനോടടുപ്പിച്ചത്. പഠിപ്പിലും ശ്രെദ്ധയില്ലാതെ ഉഴപ്പി ദുശീലങ്ങൾക്കടിമപ്പെട്ടു അയാൾ ജീവിതം ആഘോഷിച്ചു. അതിൽ ഏതോ ഒരു നിമിഷത്തിലാണ്  വിമല എന്ന ക്യാമ്പസ്സുന്ദരി തന്റെ മനസ്സിൽ ഇടം പിടിക്കുന്നത്. അന്നുതൊട്ട് അമ്മു തനിക്കു വീണ്ടും പഴയ കളികൂട്ടുകാരി മാത്രമായി ചുരുങ്ങി. അവളുടെ കത്തുകൾക് മറുപടി അയക്കാതെയായി. അയാളുടെ മനസ് മുഴുവൻ വിമലായാൽ ചുറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അവളുടെ സൗന്ദര്യം, മോഡേൺ സ്റ്റൈൽ, പണം എന്നിവ മധുവിനെ അവളോട് പറ്റിച്ചേരാൻ പ്രേരിപ്പിച്ചു. ഇതിനോടകം നല്ല സുഹൃത്തുക്കളായ വിമലയും മധുവും നാലാം വർഷമായപ്പോഴേക്കും ക്യാമ്പസ്സിലെ പ്രണയ ജോഡികളായി. അത്രയും ചേർച്ചയുള്ള ജോഡികളെ കാണാൻ വളരെയേറെ പ്രയാസമായിരുന്നു. പക്ഷെ മധുവിന്റെ ഭൂതകാലം മനസിലാക്കിയ വിമലയുടെ വീട്ടുകാർ അവരുടെ ബന്ധത്തെ എതിർത്തപ്പോൾ അതിനെ വെല്ലുവിളിച്ചവൾ മധുവിനോടൊപ്പം ഇറങ്ങിപ്പോന്നു. കയറിക്കിടക്കാൻ വീടില്ലാത്ത മധു കുറേകാലം കൂട്ടുകാരുടെ സംരക്ഷണയിൽ ഭാര്യയുമൊത്തു കഴിഞ്ഞു. ഉണ്ണിമാമയെയും അമ്മുവിനെയും ഒരുനോക്കു കാണുവാൻ പോലും ധൈര്യമില്ലാത്തതിനാൽ മധു പിന്നീട് സ്വന്തം നാട്ടിലേക്ക് പോകാതെ പഠനം നിർത്തി പണിക്കു പോയി തുടങ്ങി
.തന്റെ മുറിയുടെ വാതിൽ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടു മധു ഞെട്ടിയുണർന്നു. കുടിച്ചു ലക്കുകെട്ട മകൻ ആടിയാടി കട്ടിലിൽ വന്നിരുന്നു. മകനെ കാണാതിരിക്കാൻ മധു തല തിരിച്ചു പിടിച്ചു...മദ്യത്താൽ  ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു "എനിക്ക് നാളെ പോകണം. വിവാഹമെല്ലാം കഴിഞ്ഞു. ഇനി പറഞ്ഞ വാക്ക് പാലിച്ചു എനിക്കുള്ളത് എഴുതിതാ, അത് വിറ്റിട്ട് വേണം എനിക്കെന്റെ ബിസിനെസ്സ്കടങ്ങൾ വീട്ടാൻ, ഇനി വൈകിച്ചാൽ പറ്റില്ല. ഞാൻ പേപ്പേഴ്സ് ഒക്കെ കൊണ്ടുവന്നിട്ടുണ്ട് "... മധു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. വിമലയെ കല്യാണം കഴിച്ചതിനു ശേഷം രണ്ടര വർഷം വരെയേ തനിക്കു പ്രതീക്ഷിച്ച സ്വർഗ്ഗതുല്യമായ വിവാഹജീവിതം ലഭിച്ചുള്ളൂ. കൊട്ടാരത്തിൽ ജീവിച്ച അവൾക്കു തന്റെ ഒപ്പമുള്ള ജീവിതം ദുസ്സഹമായിരുന്നു. 2 കുട്ടികൾ ഉണ്ടായിട്ടും തന്നെ സ്നേഹിക്കാനവൾക്കു സാധിച്ചില്ല. ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ അവൾക്കു വന്ന നഷ്ടങ്ങൾക്കെല്ലാം ഉള്ള കാരണക്കാരൻ താനാണെന്നവൾ മനസ്സിലുറപ്പിച്ചു. തന്നോടും മക്കളോടും അകലം പാലിച്ചു. മൗനിയായി ഒരു മുറിയിൽ തന്നെ അടച്ചുപൂട്ടിയിരുന്നു. വീട്ടുകാരോടു അവൾ ചെയ്ത വലിയ കുറ്റം അവളെ നിരന്തരം വേട്ടയാടി. കുറ്റബോധം പ്രകടിപ്പിച്ചത് വളരെ ഭയാനകമായായിരുന്നു. പണിക്കുപോയി കുട്ടികളെയും വിമലയെയും ഒരേപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന മധുവിന് ലഭിച്ചത് കേട്ടാലറക്കുന്ന ചീത്തവിളികളും അവഗണനയും മാത്രം. വിമലയുടെ ഗതി വഷളായി വന്നതോടെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു വീട്ടിൽ വന്ന അയാളെ സ്വീകരിച്ചത് ഒരു സാരിയിൽ തൂങ്ങിയാടി നിൽക്കുന്ന വിമലയായിരുന്നു. അത് കണ്ട് പകച്ചു നിൽക്കുന്ന മക്കളെ കെട്ടിപിടിച്ചു കരഞ്ഞ അയാളെ മക്കൾ ആട്ടിയകറ്റി. അമ്മയുടെ മരണത്തിനുത്തരവാദി അച്ഛനാണെന്നവർ ഉറച്ചുവിശ്വസിച്ചു. ഇപ്പോളും വിശ്വസിക്കുന്നു. "അച്ഛനൊന്നും പറഞ്ഞില്ല "എന്ന മരുമകളുടെ സ്വരം അയാളെ വർത്തമാനകാലത്തേക്കു തിരിച്ചു കൊണ്ടുവന്നു. വിമല മരിച്ചതിൽ പിന്നെയാണ് താൻ വീണ്ടും അനാഥനായത്. ഉണ്ണിമാമയെയും അമ്മുവിനെയും ഒന്നുകാണാനും കാലിൽ വീണു മാപ്പപേക്ഷിക്കാനും മധു കൊതിച്ചു. പക്ഷെ അവരുടെ മുഖത്തുനോക്കാനുള്ള ത്രാണി അയാൾക്കുണ്ടായിരുന്നില്ല. അന്നുതൊട്ട് പകലന്തിയോളം പണിയെടുത്തയാൾ സമ്പാദിച്ചു. തന്നെ വെറുക്കുന്ന തന്റെ മക്കൾക്കു വേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചു. MBA പഠിക്കാനായി ഡൽഹിയിൽ പോയ മകനെ ജോലികിട്ടിയപ്പോൾ കൂടെപഠിച്ച പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തികൊടുത്തു വിലക്കെടുത്തു. എല്ലാ അർഥത്തിലും മകളും അമ്മയുടെ തനിസ്വരൂപമായിരുന്നു. ഇഷ്ടവിവാഹത്തിനായി അച്ഛനെക്കൊണ്ട് താങ്ങാവുന്നതിലധികം ചുമടെടുപ്പിച്ചു. അങ്ങനെ ലഭിച്ച ജീവിതമാണിന്നവൾ തുടങ്ങിവെച്ചത്. ജീവിതത്തിന്റെ  നെട്ടോട്ടത്തിൽ മധ്യവയസ്സിൽ തനിക്കു ലഭിച്ച സൗഹൃദമാണ് ഹൃദ്രോഗം. മകളുടെ വിവാഹത്തിനായി വീട് പണയം വെച്ചിരുന്നു, അത് തിരിച്ചെടുക്കണം. അതാണ് ഇനി തന്റെ ലക്ഷ്യം. മകൻ വച്ചുനീട്ടിയ മുദ്രപേപ്പർ തന്നെ പരിഹസിക്കുന്നതുപോലെ മധുവിന് തോന്നി. താൻ പണ്ട് ചെയ്ത നെറികേടിനു ഈശ്വരൻ തന്ന ശിക്ഷയാണിത്. ഇനി ഇവിടെ കഴിയാൻ വയ്യ. വീട് പണയത്തിൽ നിന്നും തിരിച്ചെടുത്തു മകന്റെ പേരിലാക്കാമെന്ന ഉറപ്പിൽ പിറ്റേന്ന് മധു പടിയിറങ്ങിപോയി.

പരിചയമുള്ള ഒരു കോൺട്രാക്ടറുടെ കീഴിൽ വാർപ്പ് പണിയെടുത്തു. നിരന്തരമായ കഠിനാധ്വാനം താങ്ങാനുള്ള ശേഷി അയാളുടെ ശരീരത്തിന് ഉണ്ടായിരുന്നില്ല. ഒരുദിവസം പണിസ്ഥലത്തുനിന്നു മധുവിന് വീണ്ടും അറ്റാക്ക് വന്നു. പണിക്കാരെല്ലാം ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടാക്കി. 3 ദിവസം അവിടെ കിടന്നു ഡിസ്ചാർജ് വാങ്ങാൻ നില്കുമ്പോളാണ് ഒരു ടെസ്റ്റ് റിസൾട്ടും കൂടെ കിട്ടാനുണ്ടെന്നറിഞ്ഞത്. അതിനായി ലബോറോട്ടോറിയുടെ മുന്നിൽ മധു ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് 75 വയസിനു മുകളിൽ പ്രായമുള്ള ഒരു വൃദ്ധൻ അയാളുടെ ശ്രെദ്ധയാകര്ഷിച്ചത്. അവരുടെ  കൂടെ മക്കളെയൊന്നും കാണുന്നില്ല. മധു അദ്ദേഹത്തിന്റെയടുത്തു ചെന്ന് വിവരമന്വേഷിച്ചു. തന്റെ മകളുടെ ലാബ് റിപ്പോർട്ടിനാണ് അദ്ദേഹം ഇവിടെ വന്നിരിക്കുന്നത്. വീട് ചെർപ്പുളശ്ശേരിയിലാണെന്നും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മധുവിന്റെ പേര് വിളിച്ചു. റിസൾട്ട് വാങ്ങി നേരെ അയാൾ ബില്ലടയ്ക്കാൻ പോയി.മധു നേരെ പണിസ്ഥലത്തേക്കാണ് പോയത്. തന്റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം ആശുപത്രിചിലവിലേക്കു പോയിരുന്നു. തുടരെ തുടരെയുള്ള മകന്റെ ഫോൺ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അതുകൊണ്ടാണ് പിന്നെയും കൂലിപ്പണിക്ക് പോകാൻ അയാൾ നിര്ബന്ധിതനായത്. പണിസ്ഥലത്തുചെന്നു നോക്കിയപ്പോൾ അവിടുത്തെ പണി കഴിഞ്ഞിരുന്നു. അടുത്തുള്ളവരോട് ചോദിച്ചപ്പോളാണ് ചെർപ്പുളശ്ശേരിയിൽ ആണ് അവർക്കിപ്പോൾ പണിയെന്നറിയാൻ കഴിഞ്ഞു. ഒന്നുമാലോചിക്കാതെ അയാൾ ചെർപ്പുളശ്ശേരിയിൽ എത്തിച്ചേർന്നു. പ്രശാന്തസുന്ദരമായ ഒരിടം. മനസിനും ശരീരത്തിനും ശാന്തി നൽകുന്ന പുണ്യഭൂമി. അവിടെയിറങ്ങി നാട്ടുകാരോട് ചോദിച്ചറിഞ്ഞു പണിനടക്കുന്ന സ്ഥലം കണ്ടുപിടിച്ചു. പക്ഷെ അറ്റാക്ക് വന്ന കാര്യം മറച്ചുവെച്ചു പണിക്കുവന്നതിൽ കോൺട്രാക്ടർ മധുവിനെ പണിയിൽ നിന്നും പിരിച്ചുവിട്ടു. നിരാശയോടെ അവിടം വിട്ട മധു  തിരിച്ചുപോകാൻ തീരുമാനിച്ചു. നേരം ഉച്ചയോടടുക്കുന്നതിനാൽ വെയിലു കൊണ്ട് വിശന്നുവലഞ്ഞ അയാൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി.അപ്പോളതാ വഴിയരികിൽ പടർന്നുപന്തലിച്ച ചന്ദ്രക്കാരൻ മാവ്. നിറയെ മാമ്പഴം താഴെ വീണു കിടപ്പുണ്ട്. അതിലൊരെണ്ണം പെറുക്കി അയാൾ കൊതിയോടെ തിന്നു. തനിക്കേറ്റവുമിഷ്ടപെട്ട മാങ്ങാ.അമ്മു ഇതുവച്ചു  എത്രതവണ തനിക്കു മാമ്പഴപുളിശ്ശേരി വച്ചുതന്നിരിക്കുന്നു. താൻ ഒരു മഹാപാപിയാണ്. ദൈവം തനിക്കു വച്ചുനീട്ടിയ സൗഭാംഗങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചവനാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചയാൾ മാവിന്ചുവട്ടിലിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ ഒരു വിറയ്ക്കുന്ന കൈകൾ അയാളുടെ ചുമലിൽ പതിച്ചു. ഞെട്ടിയെഴുന്നേറ്റ മധു തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ആശുപത്രിയിൽ കണ്ട അതെ വൃദ്ധനെയാണ്... "നീ വല്ലതും കഴിച്ചോ മോനെ "...? വിറയാർന്ന ശബ്ദത്തിലായാൾ ചോദിച്ചു. "ഇല്ല ".... "എങ്കിൽ വാ എന്റെ കൂടെ, എന്റെ വീട്ടിലേക്ക് "മധു അനുസരണയോടെ വൃദ്ധനെ അനുഗമിച്ചു.

വേണുജി എന്നായിരുന്നു അവിടുള്ളവരെല്ലാം അദ്ദേഹത്തെ  വിളിച്ചിരുന്നത്അയാളുടെ വീട്ടിൽ അയാളെ പോലെ പത്തിരുപതു നല്ല മനുഷ്യന്മാരുണ്ടായിരുന്നു... അതായിരുന്നു അവരുടെ കുടുംബം. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതായിരുന്നു അത്. മക്കളാൽ ഉപേക്ഷിക്കപ്പെട്ട തന്നെപോലുള്ളവർ. പക്ഷെ അവർക്കു പരാതിയില്ല. പരിഭവമില്ല. സ്നേഹം മാത്രമേയുള്ളു. 30 വർഷത്തിന് ശേഷം മനസ്സുനിറഞ്ഞു ഊണുകഴിച്ചു. സ്നേഹവീട് നടത്തികൊണ്ടുപോകുന്നത് വേണുജിയുടെ   മകളാണെന്നയാൾ മനസിലാക്കി... അവർക്കെന്തായിരുന്നു അസുഖം? സ്നേഹാലയം എങ്ങനെ നടത്തികൊണ്ടുപോകുന്നു? ഇങ്ങനെ നൂറുചോദ്യം മധുവിന്റെ മനസിലൂടെ ഓടിക്കളിച്ചു. മനോഹരമായി ഡിസൈൻ ചെയ്ത ഒരു ചെറുവീടാണു അത് .സ്വീകരണ മുറിയിലെ ഷോകേസ്  പുരസ്കാരങ്ങളും പ്രശസ്തിപത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രസിഡന്റിന്റെ കയ്യിൽ നിന്ന് മാതൃക അധ്യാപികക്കുള്ള അവാർഡ് വാങ്ങുന്ന സ്ത്രീയുടെ ചിത്രം അയാൾ സൂക്ഷിച്ചുനോക്കി. വയസ് ഒരു നാല്പത്തഞ്ചിനോടകം വരുന്ന ഒരു സ്ത്രീ. അപ്പോൾ ഇതായിരിക്കും ഇതുനടത്തികൊണ്ട് പോകുന്ന സ്ത്രീ. അപ്പോളേക്കും മധുവിനെകാണാൻ ഓരോരുത്തരും വന്നുകൊണ്ടിരുന്നു. എല്ലാവര്ക്കും പറയാൻ മകളുടെ കാര്യം മാത്രമേയുള്ളു. അവർ ഇവർക്കെല്ലാം സ്വന്തം മകളാണ്. അവൾ എല്ലാത്തിലും മിടുക്കിയായിരുന്നു. അതുകൊണ്ടല്ലേ നാല്പതാം വയസ്സിൽ ടീച്ചർ ജോലിയിലിരുന്നുകൊണ്ടു അവൾ എഞ്ചിനീയറിംഗ് പഠിച്ചതും വീട്ഡിസൈൻ ചെയ്തതും  . ഇതുമാത്രമല്ല നാടിനു വേണ്ടിയും ഞങ്ങടെ കുട്ടി കുറെ സേവനങ്ങൾ ചെയ്തിട്ടുണ്ട് . ഇതെല്ലം കേട്ടപ്പോൾ തനിക്കും മക്കളാൽ തിരസ്കരിക്കപ്പെട്ട വൃദ്ധന്മാരുടെ  അതേ അവസ്ഥയല്ലേയെന്നു മധു വിഷമത്തോടെ ഓർത്തു. വേണുജി ഒരുമുറിയിൽ നിന്ന് ഇറങ്ങിവരുന്നത്  കണ്ട മധു രഹസ്യമായി അയാളോട് തന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു.. ഇവിടെ താമസിക്കാനനുവദിക്കണേയെന്നു വിനീതമായി അപേക്ഷിച്ചു. പക്ഷെ മറുപടി മൗനമായിരുന്നു. മധുവിനെ സൂക്ഷിച്ചുനോക്കികൊണ്ടയാൾ പറഞ്ഞു  "ഒരാഴ്ചമുൻപാണ് നിങ്ങൾ ആവശ്യം പറഞ്ഞു വന്നിരുന്നെങ്കിൽ ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചേനെ. പക്ഷേ ഇന്നിവീടിന്റെ നെടുംതൂൺ തകർന്നു വീണിരിക്കുകയാണ്. വയസ്സന്മാരെക്കൊണ്ട്   ഇനി എത്രനാൾ ഇതുകൊണ്ടു നടക്കാനാവും? "... വാക്കുകളുടെ പരപ്പറിയാതെ മധു വീണ്ടും അപേക്ഷിച്ചുനോക്കി. ഒരു വാക്കുപോലും പറയാതെ മധുവിന്റെ കൈ പിടിച്ചയാൾ ധൃതിയിൽ ഒരു മുറിയിലേക്ക് നടന്നു.

 മരുന്നുകളുടെ മണം തളംകെട്ടികിടക്കുന്ന ഒരുമുറി. ഒത്തനടുക്കിൽ  കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു. ഫാനിന്റെ ചെറുശബ്ദമൊഴിച്ചാൽ പൂർണ നിശബ്ദത. കട്ടിലിൽ കിടക്കുന്ന സ്ത്രീക്ക് കഞ്ഞി വായിൽ കൊടുക്കുന്ന മറ്റൊരു വൃദ്ധനായ അച്ഛൻ. മധുവിനെ കണ്ടതും സ്ത്രീ അവനെ തുറിച്ചുനോക്കുന്നു.ഷോക്കേസിലെ അതേ സ്ത്രീ തന്നെയാണിത് എന്നയാൾ തിരിച്ചറിഞ്ഞു. "ഒരാഴ്ചമുമ്പ് ശനിയാഴ്ച രാത്രി  നാട്ടിൽ മോൾ പണികഴിപ്പിച്ച പാലത്തിന്റെ ഉത്ഘാടനം കഴിഞ്ഞുവരുമ്പോൾ ഒരു ആക്സിഡന്റ്. ഓര്മശക്തിയൊഴിച്ചു ബാക്കിയെല്ലാം നഷ്ടപ്പെട്ടു. ഇതാണ് ഞങ്ങളുടെ എല്ലാമെല്ലാമായ അന്നമോൾ. എന്റെ അന്നപൂർണേശ്വരി.മധു ഞെട്ടലോടെ അവളുടെ അടുത്തുചെന്നു.അതെ, അന്നുരാത്രി തന്നെയാണല്ലോ അമ്മുവിനെ താൻ സ്വപ്നം കണ്ടത്... !!!! അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കവിളിലെ നുണക്കുഴി...... മൂക്കിൻ തുമ്പിലെ കാക്കപുള്ളി മനോഹരങ്ങളായ പൂച്ചക്കണ്ണു.... എല്ലാം അതുപോലെ തന്നെയുണ്ട്...പക്ഷെ അവളെങ്ങനെ ഇവിടെയെത്തി? മധുവിന്റെ ദേഹത്തുടനീളം വൈദുതി പ്രവഹിച്ചു. കുറ്റബോധത്താൽ അവളുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാവാതെ നിൽക്കുന്ന വേണുജിയോട് ഇതാണ് തന്റെ അമ്മു, ഒരിക്കൽ താൻ വഞ്ചിച്ചു കടന്നുകളഞ്ഞതിന് ഈശ്വരൻ തന്ന ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്നും പറഞ്ഞു വിതുമ്പിക്കരഞ്ഞു. ഇതെല്ലം കേട്ടുകൊണ്ട് ഒരുവാക്കുപോലും മിണ്ടാൻ പറ്റാതെ വെറുങ്ങലിച്ചവൾ കിടന്നു. മധുവിന്റെ കരച്ചിൽ കേട്ട് അവിടെക്കെല്ലാവരും ഓടിയെത്തി. എല്ലാം മൗനമായി കേട്ടുനിന്ന വേണുജി പറഞ്ഞു "ഞാനാണ് സ്നേഹവീട്ടിൽ ആദ്യമായി വന്നത് . അപ്പോൾ അന്നമോൾക് ചെർപ്പുളശ്ശേരി UP സ്കൂളിൽ സ്ഥലമാറ്റം കിട്ടിയ സമയമായിരുന്നു.അച്ഛനും മകളും ഒറ്റക്കാണെന്ന തോന്നൽ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ഒരു സ്നേഹാലയം തുടങ്ങിയ. എല്ലാ വൈകുന്നേരങ്ങളിലും ഞാനും ഉണ്ണിയേട്ടനും നടക്കാൻ പോകുമായിരുന്നു. അന്ന് തന്നെപ്പറ്റി ഉണ്ണിയേട്ടൻ പറഞ്ഞത് ഇപ്പോളും എനിക്ക് ഓർമയുണ്ട്. ഞങ്ങളെല്ലാവരും മാറി മാറി പറഞ്ഞിട്ടും മോൾ ഒരു കല്യാണത്തിന് തയ്യാറായില്ല. അച്ഛന്റെ ആഗ്രഹംപോലെ ഒരു നല്ല എഞ്ചിനീയർ ആകണം എന്നുമാത്രമായിരുന്നു അവളുടെ മനസ്സിൽ. വൈകിയാണെങ്കിലും എന്റെ മോൾക്കതിനു കഴിഞ്ഞു. അവളെത്രമാത്രം സന്തോഷത്തോടെയാണ് താൻ പണികഴിപ്പിച്ച പാലത്തിന്റെ ഉത്ഘാടനത്തിനു പോയത്. പക്ഷെ മടങ്ങിവന്നത് ഇങ്ങനെ ചങ്കുപൊട്ടിയായിരുന്നു. ഇനിയെങ്കിലും മോൻ ഇവൾക്ക് ഒരിക്കൽ നിഷേധിച്ച ജീവിതം തിരിച്ചു കൊടുക്കണം. എന്നാലേ നിന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തവും ഉണ്ണിയേട്ടന്റെ ആത്മാവിനു നിത്യശാന്തിയും  ലഭിക്കുള്ളു.കടലാസ്സിൽ അക്ഷരതെറ്റുകൾ തിരുത്തുവാൻ അര നിമിഷനേരം മതി, പക്ഷെ ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ ഒരുജന്മം മുഴുവൻ വേണ്ടിവരും  "എന്തോ  മനസ്സിൽ ഉറച്ച തീരുമാനത്തോടെ അവനെല്ലാവരോടും കൂടി പറഞ്ഞു. "എനിക്കെന്റെ പഴയ അമ്മുവിനെ വേണം, ഞാൻ ചോദിച്ചാലവൾ മറുപടി പറയും, എന്നെ മധുവേട്ട എന്നുവിളിക്കും. എനിക്കെന്റെ തെറ്റുതിരുത്തണംഓരോതവണ അറ്റാക്ക് വരുമ്പോളും ഈശ്വരനോട് എന്താ എന്നെകൊണ്ടുപോകാത്തെ എന്നോരായിരം വട്ടം ഞാൻ ചോദിച്ചിട്ടുണ്ട്. ഇപ്പോളെനിക്കുത്തരം കിട്ടി. ഇവൾക്ക് കൂട്ടായി ജീവിതാവസാനം വരെ ഞാനുണ്ടാകും. "മധു അമ്മുവിൻറെ അടുത്തെത്തി അവളുടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. "ഇനി നിന്നെ ഞാൻ കരയാൻ അനുവദിക്കില്ല, ഇത് ഞാൻ നിന്റച്ഛന് കൊടുക്കുന്ന വാക്കാണ് "... ചുവരിൽ മാലയിട്ടു തൂക്കിയ ഉണ്ണിമാമയുടെ ഛായാചിത്രം അവനു മാപ്പുനല്കുന്നതായി മധുവിന് തോന്നി.... 


By: Dhanya P

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo