Slider

അകന്നു പോയ ചൈതന്യംഹേ മാംസപിണ്ഡമേ .....

ബുദ്ധിയും ,വിവേകവും നശിച്ച രക്ത-കാമ ദാഹിയായ
പ്രതികരണ ശേഷിയില്ലാത്ത സ്വാർത്ഥമതീ ...
സൃഷ്ടികളിൽ  ഉത്തമമെന്ന എന്റെ അഹങ്കാരത്തെ
ശൂന്യതയിലേക്ക് തള്ളിയിട്ട നിന്നെ മാംസപിണ്ഡത്തെക്കാളുപരി  ഒരു അലങ്കാരമില്ല ചാർത്തീടുവാൻ ....

എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എന്തിനൊക്കെയോ വേണ്ടി പായുന്ന
നീ എന്നിൽ വെറുപ്പിന്റെ കണികകളെ പ്രസവിപ്പിച്ചു.
എവിടെ തിരഞ്ഞാലും നിനക്കെന്നെ കാണുവാൻ കഴിയില്ല ഇന്ന്
നിന്നെ സൃഷ്ടിച്ച നോവിന്റെ ലജ്ജയിൽ ഓടിയൊളിച്ചു ഞാൻ
കാതങ്ങൾക്കപ്പുറം ..

നിനക്കായി സൃഷ്ടിച്ച തമസ്സിലും , ജ്യോതിയിലും ,മണ്ണിലും ,കല്ലിലും
മരത്തിൻ കഷ്ണങ്ങളിൽ പോലും നിന്റെ വിളികൾക്കായി കാതോർത്തിരുന്ന ഞാൻ കർണ്ണം പൊത്തി അകലങ്ങളിലേക്ക് പാഞ്ഞു ..

ഇന്ന് നീ എത്ര കണ്ടു അശ്രുവിൻ ചാലുകൾ തീർത്താലും , കണ്ഠം പൊട്ടുമാറുച്ചത്തിൽ കരഞ്ഞാലും എനിക്ക് നിന്നെ കേൾക്കാൻ കഴിയില്ല മാനുഷാ ..

കാറ്റും , മഴയും , ഇരുട്ടും ,വെളിച്ചവും ,പുഴകളും , കാടുകളും.,നിനക്ക് മുൻപേ  നിനക്കായി ഞാൻ സൃഷ്ടിച്ചെടുത്തു.
പൂക്കളും, കായ്കളും,പക്ഷി മൃഗാദികളും നിന്റെ വരവിനായി കാത്തിരുന്ന കാലം
പറക്കമുറ്റാത്ത കാലത്തു നീ ഇവറ്റകളുടെ തൊഴനായിരുന്നു
കാലക്രമേണ നിന്നിലെ മനുഷ്യത്വം മലീമസപ്പെടുന്നത് ഞാൻ വ്യഥാ കണ്ടുകൊണ്ടിരുന്നു .

നല്ലതു മാത്രം ചിന്തിക്കാൻ ഞാൻ തന്ന ശിരസ്സുകൾ ഒന്നൊന്നായി
നീ വെട്ടി അരിഞ്ഞു അപ്പുറവും ഇപ്പുറവും എണ്ണം തികച്ചു
സ്നേഹവും , കരുണയും പാകപ്പെടുത്തിയ നിന്റെ മനസ്സിന്റെ അങ്കണത്തിൽ ദുഷ്ടതയും അഹങ്കാരവും നീ കുത്തി നിറച്ചു.

കൂപ്പുവാനായി നിനക്ക് തന്ന കൈകളാൽ നീ 51 വെട്ടുകൾ  തീർത്തു.
നിന്നെ എഴുതാൻ പഠിപ്പിച്ച കരങ്ങളെ നീ വെട്ടിഎടുത്തു.
ലാളിക്കേണ്ട നിന്റെ കരങ്ങൾ പിഞ്ചു ശരീരങ്ങളെ  പിച്ചി ചീന്തി
കാമ വെറിപൂണ്ട നീ ആൺ- പെൺ , സ്വന്ത -ബന്ധ ഭേദമന്യേ,മൃഗങ്ങളെ പോലും നിശബ്ദരാക്കി ഭോഗിച്ചു .

നീയാൽ ലാളിക്കപ്പെടേണ്ട പിഞ്ചു ശരീരത്തിൽ ഇരുട്ടിന്റെ മറവിൽ ലഹരിയുടെ ഉന്മാദത്തിൽ നീ പേക്കൂത്തു നടത്തി.
വിശപ്പടക്കാൻ നിനക്ക് ഞാൻ സർവ്വസ്വാതന്ത്ര്യം തന്നപ്പോൾ
മൃഗത്തിന്റെ പേരിൽ നീ നിന്റെ സഹോദരനെ അടിച്ചു കൊന്നു

 ഒരു നേരത്തെ വിശപ്പടക്കാൻ ബുദ്ധി ഭ്രമം വന്ന നിന്റെ
അനിയന്  ഒരു പിടി അരി കൊടുക്കേണ്ട നീ അരിയുടെ പേരിൽ  അവനെ കെട്ടിയിട്ടു അടിച്ചു കൊന്നു ..
ഇനിയുമുണ്ടാലങ്കാരങ്ങൾ ഏറെ ചുടുചോരതൻ മണമുള്ളത് നിന്നിൽ ചാർത്തുവാൻ ...
പൈശാചികനായ രക്തദാഹീ ,പുഞ്ചിരിക്കുന്ന മുഖവുമായി എന്റെ ചിത്രങ്ങൾക്കും സ്തൂപങ്ങൾക്കും , മുൻപിൽ വന്നു നിന്ന് കപടഭക്തി
കാണിക്കാതെ കടന്നു പോകൂ  മാംസപിണ്ഡമേ എൻ മുന്നിൽ നിന്നും.

നീ മൂലം എൻ സുന്ദരസൃഷ്ടിയായ മഴകൾ പേമാരിയായി
പുഴകൾ പ്രളയമായി ,വെളിച്ചങ്ങൾ സ്വയം കത്തി വരൾച്ചയായി
ഇരുട്ട് നിന്നെ തുറിച്ചു നോക്കി , കാടുകൾ നിന്റെ മേൽ കടപുഴകി വീണു
പക്ഷി മൃഗാദികൾ പോലും മുൻപില്ലാത്തവിധം ക്രൂദ്ധരായി .

നിന്റെ കാപട്യവും , സ്വാർത്ഥതയും , രക്ത-കാമ ദാഹവും വെടിഞ്ഞു ഒരു നല്ല മനുഷ്യനായി എൻ മുന്നിൽ വന്നു നിൽക്കൂ ഒരു  തിരി നാളത്തിന്റെ വെളിച്ചത്തിൽ

അന്ന് ഞാൻ വരാം നിന്നിലേക്ക്നിന്റെ തെറ്റുകൾ പൊറുത്തു കൊണ്ട് ..രാജേഷ്   അവിട്ടം ....
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo