ജാമറൂൾ ദേഗാ "!
"എന്താ"?
"ജാമറൂൾ"!
താഴെ കിടക്കുന്ന ഞാവൽ പഴം അവൾ ചൂണ്ടി കാണിച്ചപ്പോൾ ആണ് അത് "ജാമറൂൾ" ആണെന്ന് മനസ്സിലായത് !
നല്ല പഴുത്ത ഞാവൽ പഴം,
ഞാവൽ പഴം തരുമോ എന്ന് ചോദിച്ചവൾക്കും അതിന്റെ നിറം. നല്ല കറുപ്പ് !
അതുകൊണ്ടാവണം അവൾക്കിതുവരെ ആ ഞാവൽ പഴങ്ങൾ ആരും എടുത്തു കൊടുക്കാ തിരുന്നത് !
അന്നുമവൾ നിരാശയോടെ മടങ്ങി !
ഒരായിരംപേർക്ക് എങ്കിലും താമസിക്കാവുന്ന വലിയ ഹോസ്റ്റൽ രണ്ടായി മതിൽ കെട്ടിതിരിച്ചിരിക്കുന്നു.
മതിലിനു ഇരുവശത്തായി രണ്ട് ഞാവൽ മരങ്ങൾ.
അതിൽ ആൺകുട്ടികളുടെ ഭാഗത്തുള്ളതു മാത്രം കായ്ക്കും ! കാരണം അജ്ഞാതമാണ് !
ഇന്നെന്തായാലും കറുമ്പിക്ക് 'ജാമറൂൾ' പറിച്ചു കൊടുത്തിട്ടു തന്നെ കാര്യം, ടെറസിൽ കയറി ഞാവൽ പറിച്ചെടുത്തു, പതിവുപോലെ ടെറസിന്റെ മറുഭാഗത്തു കറുമ്പി എത്തി ! ഞാവൽ പഴത്തിനേക്കാൾ കറുപ്പാണ് അവൾക്ക് !
അവൾ ചിരിച്ചുകൊണ്ട് കൈകൾ നീട്ടി.
അങ്ങനെ ഏറെകാലമായി അവൾ കൊതിച്ച 'ജാമറൂൾ ' കൈകളിൽ വച്ചു കൊടുത്തു ഞാൻ തിരികെ നടന്നു.
"മുച്ച്കോ ഭി "
പുറകിൽ നിന്നും വേറൊരു ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്
'യാ അള്ളാ '
ജാമറൂളുമായി നിൽക്കുന്നവളുടെ പുറകിൽ കാശ്മീരി കുങ്കുമ പൂവിന്റെ നിറമുള്ള ഒരുത്തി !
...................
വൈകാതെ ജാമറൂളിന്റെ സീസൺ കഴിഞ്ഞു പക്ഷെ ഞങ്ങൾ മൂന്നുപേരും എന്നും വൈകുന്നേരം ആ ടെറസിൽ കണ്ടുമുട്ടുന്നത് തുടർന്നു !
വർഷങ്ങൾകഴിഞ്ഞു.......ജാമറൂൾ വീണ്ടും പൂത്തു. ഇന്നിപ്പോൾ ഈ ഹോസ്റ്റലിന്റെ ടെറസിൽ ഞാൻ ഒറ്റയ്ക്കാണ്
എന്റെ രണ്ട് കൂട്ടുകാരികളും ഇന്നിവിടെ ഇല്ല !
ഞാവൽപഴത്തിന്റെ നിറവും കുങ്കുമപൂവിന്റെ നിറവും നോക്കി മാത്രം ആളുകളെ കാണാതെ, ജാതിയും മതവും നോക്കി മാത്രം ആളുകളെ കാണാതെ എല്ലാവരിലും മനുഷ്യരെ കാണാൻ അവരെന്നെ പഠിപ്പിച്ചു !
ഋതുക്കൾ മാറി സാവൻ ആയി
അതെ ഇത് ഞാവൽ പൂക്കുന്ന കാലം
മണ്ണിലും മനസ്സിലും സ്നേഹത്തിന്റെ
"സാവൻ ഋതു"
"ജാമറൂൾ കി ഫല് യെ സാവന് ഋതു മേം പക്തെ ഹൈ"
കുറച്ചു ജാമറൂളുകൾ ഞെട്ടറുത്തെടുത്തു !
നിറം നോക്കാത്ത മതം നോക്കാത്ത ആരെയെങ്കിലും കണ്ടാൽ കൊടുക്കണം !
(കൊൽക്കത്ത ഡയറി )
-ഷോബിൻ കമ്മട്ടം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക