തലേന്ന് രാത്രി ഒരു 11 മണിയോടടുക്കുന്ന സമയം....
കാരക്കുറ്റി നിന്നും ഡിവിഷന്റെ രിസാല വിജയാഘോഷ പരിപാടി കഴിഞ്ഞ് 'ചോറുപൊതി'യും വാങ്ങി സുഹൃത്ത് ഹാസിലിനെ കറുത്തപറമ്പ് ഇറക്കി ഒരു വരവായിരു...
കുറഞ്ഞ സ്പീഡുണ്ടായിരുന്നെങ്കിലും വീടെത്താൻ നേരം വളരെ പതുക്കെയാക്കി....
വലതുഭാഗത്തെ കണ്ണാടി നോക്കി ആരുമില്ലെന്ന് കണ്ടപ്പോൾ അങ്ങ് തിരിച്ചു.....
കീ.... ഒരു ഹോണടി ശബ്ദം
പിന്നെ ഒരഞ്ചുമിനുട്ട് നേരത്തേക്ക് ഒരു ബോധവും ഇല്ല......
ബോധം തിരിച്ചു കിട്ടിയപ്പോൾ
"ഇല്ല പ്രശ്നമൊന്നുമില്ല"
"ഞാൻ പൊക്കോളാം"
"ഒന്നൂല്ല"
__എനിക്കും ചുറ്റും കൂടിനിന്നവരോട് ഞാൻ തന്നെ എന്തൊക്കെയോ വിളിച്ചു പറയുന്നു.
കൂട്ടത്തിലെന്നെ പിടിച്ചു നിർത്തിയ ഒരാളുടെ കൈകളിൽ നിന്ന് പല തവണ ഞാൻ ഊരാർ ശ്രമിച്ചെങ്കിലും നടന്നില്ല....
പിന്നീട് അവരെന്നെ എന്റെ വീടിനു മുന്നിലെ മെഡിക്കൽ ഷോപ്പിന്റെ തിണ്ണയിലിരുത്തി എന്തൊക്കെയോ ചോദിച്ചു...
"എന്തേലും പ്രശ്നമുണ്ടോ?"
"ചർദ്ദിക്കാൻ വരുന്നുണ്ടോ"...etc
__ എല്ലാ ചോദ്യങ്ങൾക്കും കണക്കു മാഷിനു മുന്നിൽ ഉത്തരംമുട്ടി തലയാട്ടുന്നവനെപ്പോലെ ഞാനും പ്രതികരിച്ചു. ഇല്ല എന്ന് പലതവണ തലയാട്ടി.....
അപ്പൊൾ എന്റെ മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നു.....
"ഞാനെന്തിനാ ഈ നട്ടപ്പാതിരക്ക് ഈ റോട്ടിൽ വന്ന് കിടക്കുന്നത് ?"
"ഒരു പരിചയവുമില്ലാത്ത ഇവരുടെ ചോദ്യങ്ങൾക്ക് ഒരു തടവുപുള്ളിയെപ്പോലെ ഞാനെന്തിന് മറുപടി പറയണം"
"എന്നെയും എനിക്കുമറിയാത്തവർ എന്തിന് എനിക്ക് ചുറ്റുംകൂടി നിന്ന് സമയം കളയണം?"
ഇതിനിടെ പലവട്ടം നെറ്റിയിൽ നിന്നൊലിക്കുന്ന രക്തം കൈ കൊണ്ട് തുടച്ചെടുത്തു..
മുഖത്ത് ചെളി തെറിച്ച ഒരു കുട്ടിയുടെ ലാഘവത്തോടെ...!!
വീടിനു മുന്നിൽത്തന്നെ ആയതുകൊണ്ട് വാപ്പിച്ചിക്ക് പെട്ടെന്ന് ഓടി വരാൻപറ്റി....
അങ്ങനെ കുടുംബക്കാരനും അയൽവാസിയുമായ ഇക്കയുടെ കാറിൽ നേരെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക്.....
പോകും വഴി പലതവണ ഫോണിൽ രക്തമൊലിക്കുന്ന എന്റെ മുഖചിത്രങ്ങൾ പരിശോധിച്ചുകൊണ്ടിരുന്ന....
ഒരു മത്സരം തോറ്റ നിരാശയായിരുന്നു ആ സമയത്ത് എന്നിൽ....
വഴിയിലെ അവരുടെ സംസാരത്തിൽ നിന്നാണ് മറ്റേ ബൈക്കുകാരനെക്കുറിച്ച് ഞാനോർക്കുന്നത് പോലും...
അവനും നെറ്റിയിലാണ് മുറിവെന്നും തനിക്കും മുന്നേ അവനെ കൊണ്ടുപോയെന്നും മനസ്സിലാക്കാനായി.....
ആശുപത്രിയിലെത്തി ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോൾ ഒരു സ്റ്റിച്ചിന്റെ പോലും ആവശ്യമില്ല താന്നേ മാനിക്കോളുമെന്ന് പറഞ്ഞു. വലതുപുരികത്തോട് ചേർന്ന മുറിവിൽ മരുന്ന് വെച്ച് പ്ലാസ്റ്ററൊട്ടിച്ചു തന്നു.....
എഴുതിയ രണ്ടു ഗുളികയും ഒരു ഓയിൽമെൻറും വാങ്ങി അവിടുന്ന് നേരെ തിരിച്ചു.....
വീട്ടിൽച്ചെന്ന് കയറുമ്പോൾ വരവും കാത്ത് ഉമ്മറത്തിരിക്കുന്ന ഉമ്മയെ നോക്കി ഒരു ചിരിയങ്ങ് പാസാക്കി....
" സൈക്കിളിൽ നിന്ന് വീണെഴുന്നേറ്റു വരുന്ന കുട്ടിയുടെ ഇളി"
എല്ലാം കഴിഞ്ഞ് ഉമ്മ കഴിക്കാൻ ചപ്പാത്തിയെടുത്തു വെച്ചപ്പോൾ,,
അപകടത്തിനിടയിൽ തെറിച്ചു പോയ ബിരിയാണിപ്പൊതിയിലെ കോഴിക്കാലുകൾ എന്റെ ഹൃദയത്തിലേക്ക് ആഞ്ഞ് കുത്തുന്നുണ്ടായിരുന്നു.....
By: KP Nabeel
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക