അവനെവിടെ... കഴിക്കേണ്ടെ വല്ലതും ....?"
അമ്മയുടെ ഈ ചോദ്യം ഇവിടെ സ്ഥിരമാണ്. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വല്ലപ്പോഴുമേ ഉണ്ടാവൂ.... അവന് ഫീൽഡിൽ പോവാനുള്ള തിനാൽ എപ്പോഴും തിരക്ക് തന്നെ.
"നേരത്തെ ഇവിടെ കണ്ടിരുന്നു. .... എനിക്ക് തന്നോളൂ ... ഇപ്പൊ തന്നെ വൈകി. ആശുപത്രില് എത്തുമ്പോഴേക്കും ഇനിയും വൈകും... "... അവൻ കഴിക്കാൻ ഇരുന്നു.
"ശരിയാ നീ വൈകിയാൽ ഒരുപാട് പേര് ബുദ്ധിമുട്ടും. അത് വേണ്ട ...വേഗം പൊയ്ക്കൊള്ളുട്ടോ.... "
തന്റെ ജോലിയുടെ ഗൗരവം അമ്മയ്ക്ക് ശരിക്കറിവുള്ളതായതിനാൽ അമ്മ പെട്ടന്ന് ഭക്ഷണം വിളമ്പി.
"അവന് കുറച്ച് വൈകി ച്ചെന്നാലും മതി.... അതെങ്ങിന്യാ ....? ആത്മാർത്ഥത സമ്മതിക്കില്ലല്ലോ .. ഓടിച്ചെന്ന് വെറുതേ കാത്തിരിക്കും. ... കൂടി നിൽക്കുന്നവരുടെ മനസ്സ് വിഷമിപ്പിച്ചിട്ടേ അവൻ മടങ്ങൂ.."
അമ്മ പറയുന്നതിലും കാര്യമുണ്ട്. പക്ഷെ ഒരോ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ടല്ലോ....
ഇടയ്ക്ക് അവൻ തന്റെ അടുത്തും വരും.... മനസ്സില്ലാതെയാണെങ്കിലും ഞാനും കൂട്ടുനിൽക്കാറുണ്ട്.....
പെട്ടന്ന് കഴിച്ച് അമ്മയോട് യാത്ര പറഞ്ഞ് അയാളിറങ്ങി. രണ്ടു പേർ തന്നെക്കാത്ത് ലേബർ റൂമിൽ കിടക്കുന്നു. പെട്ടന്ന് ചെന്ന് തന്റെ കർത്തവ്യം ഭംഗിയായി ചെയ്തു....
ആളുകളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഉള്ള ചാരിതാർഥ്യം അയാളിലെ കർത്തവ്യനിരതയെ വാനോളം ഉയർത്തി....
കുറച്ച് നാൾ മുമ്പുവരെ ഈ ജോലി അയാൾക്ക് അത്രയ്ക്ക് ഇഷ്ടമില്ലായിരുന്നു. പല സ്ഥലങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടി വന്നിരുന്നു. ഇന്നിപ്പോൾ അശുപത്രികളിൽ മാത്രം പോയാൽ മതി. .. അയാൾ തന്റെ തുടർ ജോലികളിൽ മുഴുകി....
ഈ സമയം തന്റെ ജോലിയുടെ ഭാഗമായി വനാതിർത്തിയിലുള്ള കുടിലുകളൊന്നിനെ ലക്ഷ്യമാക്കി അപരൻ സഞ്ചരിക്കുകയായിരുന്നു.... ഇടയ്ക്കിടെ ഈ ഭാഗങ്ങളിൽ വരാറുള്ളതിനാൽ സ്ഥലങ്ങൾ അയാൾക്ക് പരിചിതമായിരുന്നു... അകത്ത് ശ്വാസം ആഞ്ഞു വലിക്കുന്നതിന്റെ ശബ്ദം വ്യക്തമായി കേൾക്കാം. ... പുകവലിയിലൂടെ ഞണ്ടിൻ കുഞ്ഞുങ്ങൾ കീഴ്പ്പെടുത്തിയ ശരീരം.... യുവാവെങ്കിലും രോഗം അയാളെ കാർന്നു തിന്നിരുന്നു.. പൂർണ്ണ ഗർഭിണിയായ ഭാര്യ വളരെ കഷ്ടപ്പെട്ട് ചൂടുവെള്ളം പകരുന്ന കാഴ്ച പക്ഷെ ആഗതന്റെ മനസ്സിനെ സ്പർശിച്ചില്ല. ... തന്റെ ജോലി ഭംഗി യായി ചെയ്ത് അയാൾ പടിയിറങ്ങി...
തിരിച്ചിറങ്ങുമ്പോൾ ഗർഭിണിയുടെ നിറഞ്ഞ വയറിനെ നോക്കി ഒന്നു മന്ദഹസിച്ചു.
കരഞ്ഞു കലങ്ങുന്ന കണ്ണുകളിൽ അയാളിൽ തുടർ ജോലികൾക്കായുള്ള ഊർജ്ജം നിറച്ചു. ...
വീട്ടിലെത്തുമ്പോൾ ഒരു പാട് വൈകിയിരുന്നു. ... തന്റെ ജോലിയുടേയും യാത്രയുടെയും ക്ഷീണം അമ്മ ഒരു നിശ്വാസത്തിൽ കഴുകിക്കളഞ്ഞു. വിശ്രമത്തിലായിരുന്ന അപരൻ പെട്ടന്ന് പുറത്തേക്ക് പോകാനൊരുങ്ങി. ...
"നീ അശുപത്രീലേക്കല്ലേ....?"
"അല്ല. ... കുറച്ച് ദൂരം ചെല്ലണം... ചുരത്തിന്റെ ആറാം വളവു വരെ.... "
ഇപ്പോഴും ഭരണ വൈകൃതങ്ങളും ഉച്ചനീചത്വങ്ങളും തന്റെ ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിൽ അയാൾക്ക് നീരസമുണ്ടായിരുന്നു......
ഭക്ഷണം കഴിക്കുന്നതിനിടെ അയാളെ നോക്കി അപരൻ ഒന്നു പുഞ്ചരിച്ചു. ....
ആ പുഞ്ചിരി അയാൾക്ക് അത്ര രസിച്ചില്ല. ....
"അതേയ് ... നിന്റെ ചിരിയൊക്കെ കൊള്ളാം എന്റെ പുറകേ വരാനാണ് ഉദ്യേശമെങ്കിൽ ഞാൻ ഇപ്പോൾ പോകുന്നില്ല. ...."
അവൻ പോയില്ലെങ്കിൽ തന്റെ ജോലി ബുദ്ധിമുട്ടിലാവും എന്ന ഉത്തമ ബോധ്യമുള്ളതിനാൽ അയാൾ ചിരി നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി.....
"ഇടയ്ക്ക് ഇങ്ങനെ ബുദ്ധിമുട്ടുന്നത് നല്ലതാ..
പരിചാരകവൃന്ദങ്ങളുടെ സഹായമില്ലാതെ ജോലി ചെയ്ത ഒരു കാലമുണ്ടായിരുന്നല്ലോ .. ഞാനൊക്കൊ വളരെ കഷ്ടപ്പെട്ടിട്ടാ ജോലി ചെയ്യുന്നത്. ഒരോന്നും ചെയ്തു തീർക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്കേ അറിയൂ. "
അമ്മയുടെ മുഖത്ത് വിഷമത്തിന്റെ ഒരു ലാഞ്ചന അവൻ കണ്ടു.
"അമ്മ വിഷമിക്കേണ്ട. അവസാന സമയം ഈ മകൻ ഉണ്ടാവും കൂടെ."
അവൻ കൈ കഴുകി. അമ്മയുടെ മേൽമുണ്ടിൽ മുഖം തുടച്ച് പോവാനൊരുങ്ങി...
.............. ....... .............
ഭർത്താവിന്റെ വിയോഗം അവളെ ആകെ തളർത്തിയിരുന്നു. വയറ്റിൽ വളരുന്ന കുഞ്ഞ് പുറം ലോകം കാണാൻ തിടുക്കം കാട്ടുന്നു. ... അവൾ ഒന്നു കിടന്നു. ബോധം മറയുന്ന പോലെ....
ആരൊക്കയോ ചേർന്ന് ഒരു വണ്ടിയിൽ അവളെ ആശുപത്രിയിൽ എത്തിച്ചു.
"ഇത് വളരെ വൈകി. ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങൾ മെഡിക്കൽ കോളജിലേക്ക് പോയ്ക്കോളൂ... "
അവരുടെ വാഹനം ചുരം ഇറങ്ങാൻ തുടങ്ങി.അവൾ വേദന കൊണ്ടു പുളഞ്ഞു.
ആറാം വളവിലെ ഒരു വലിയ കുഴിയിൽ വണ്ടി നിന്നു. .... പുറത്ത് കടക്കാനാവാതെ വണ്ടി മുരണ്ടു .... അൽപ്പം സമയത്തിനകം ആ ശബ്ദത്തെ കീറിമുറിച്ചു കൊണ്ട് ഒരു പൈതൽ വാവിട്ടു കരഞ്ഞു....
വണ്ടിയുടെ അടിഭാഗം ചോരയാൽ നിറഞ്ഞു. ചോര, ചക്രം മൂടിക്കിടക്കുന്ന പൊടി മണ്ണിനെ ആർദ്രമാക്കി... വണ്ടി ഒരു മുരൾച്ചയോടെ കയറി....
തണുത്തുറഞ്ഞ മുലഞ്ഞെടുകളിൽ തന്റെ ജീവാമൃത് ഉണ്ടായിരുന്നു എന്നറിയാതെ കുഞ്ഞു പൈതൽ കരഞ്ഞു കൊണ്ടേ യിരുന്നു.
ജോലി കഴിഞ്ഞു ഒരുമിച്ചു വരുന്ന രണ്ടു പേരേയും ആ അമ്മ ഒരു നെടുവീർപ്പോടെ സ്വീകരിച്ചു....
ശ്രീധർ. ആർ. എൻ.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക