നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയ്യപ്പനും ദിർഹവും

ചെറുപ്പത്തിൽ കടയിൽ പോയിട്ട് വരുമ്പോൾ കിട്ടുന്ന മിച്ചം വരുന്ന ചില്ലറ തുട്ടുകൾ എല്ലാം കൂട്ടിവച്ച്‌  മനപ്രയാസം ചേട്ടന്റെ ചായക്കടയിലെ 2 രൂപയ്ക്കു  4 എണ്ണം കിട്ടുന്ന  ദോശയും ചമ്മന്തിയും കഴിക്കലായിരുന്നു ആദ്യത്തെ പരിപാടി . പിന്നീടുള്ള  കുറച്ചു പൈസ പോസ്റ്റ് ഓഫീസിലെ അമ്മയുടെ കൂട്ടുകാരിയെ പ്രീതിപ്പെടുത്താൻ , കുട്ടികളുടെ സമ്പാദ്യ പദ്ധതിയിൽ  കൊണ്ടുപോയി ഇടുമായിരുന്നു. അവസാനം വരുന്ന രണ്ടോ ,മൂന്നോ ചില്ലറ തുട്ടുകൾ കൊറ്റംകുളങ്ങരയിലെയോ  അവലോർമഠം ക്ഷേത്രത്തിലെയോ ഭണ്ഡാരത്തിൽ നിക്ഷേപിക്കുമായിരുന്നു . ഇതൊക്കെ ആയിരുന്നു അന്നത്തെ സാമ്പത്തിക ഇടപാടുകൾ. ആദ്യത്തെ 2 ചെയ്തികളിൽ ഒന്ന് വയറിനെ തൃപ്തി പെടുത്തലും  മറ്റേതു നല്ല പിള്ള ചമയലും ആയിരുന്നപ്പോൾ അവസാനത്തേത് പരീക്ഷകളിൽ നല്ല മാർക്ക് കിട്ടാനും ,അച്ഛൻ ഒരു സൈക്കിൾ വാങ്ങിത്തരാനുമായുള്ള ദൈവത്തിനെ മണി അടിയ്ക്കൽ ആയിരുന്നു.

പൈസ ഭണ്ടാരത്തിൽ ഇട്ടു പ്രാർത്ഥിച്ചാൽ ഇഷ്ട കാര്യം സാധ്യമാവും എന്നായിരുന്നു സങ്കല്പ്പം. ഒരു തരത്തിൽ പറഞ്ഞാൽ കൈക്കൂലി കൊടുത്തു കാര്യം സാധിക്കുക. ഇഷ്ട്ടകാര്യ സാധ്യത്തിനു കാശു കൊടുക്കുന്നതാണല്ലോ കൈക്കൂലി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റായ നാട്ടിൽ പരസ്യമായി നമുക്ക് കൈക്കൂലി കൊടുക്കാൻ പറ്റിയ ഏക സ്ഥലം അമ്പലവും  , പള്ളിയും , മസ്ജിദും. ഒരു വിജിലൻസിനെയും ,എൻഫോഴ്സ്മെന്റിനെയും പേടിക്കാതെ നമുക്ക് എന്തും കൊടുക്കാം

അതവിടെ നിൽക്കട്ടെ....

പിന്നീടുള്ള  ജീവിതമാകുന്ന യാത്രയിൽ ഒരു ചെരുപ്പില്ലാത്ത കാൽനട  യാത്രക്കാരനായി ( ചെരുപ്പില്ലെങ്കിൽ പതുക്കെയല്ലേ നടക്കാൻ കഴിയൂ ) ഇവിടെ  അറബ് മരുഭൂമിയിൽ കുടുംബവുമായി എത്തിച്ചേർന്നു.
പതിവുപോലെ ഒരു ദിവസം പുറത്തെവിടെയോ പോയി വന്നപ്പോൾ ഏതൊരു അമ്മയെയും പോലെ എന്റെ ഭാര്യയും തന്റെ കുഞ്ഞിന് ദൃഷ്ടി ദോഷം വരാതിരിക്കാൻ , ഫ്ലാറ്റിലെ  സ്വീകരണ മുറിയിലെ അയ്യപ്പൻറെ ഫോട്ടോയുടെ മുൻപിൽ  പൈസ ഉഴിഞ്ഞിടാൻ നോക്കിയപ്പോൾ , ചെറിയ  നോട്ടുകളോ , ചില്ലറ തുട്ടുകളോ എന്റെയോ അയാളുടെയോ പേഴ്സിൽ കണ്ടില്ല. പിന്നീട് കാര്യങ്ങൾ എന്റെ കോടതിയിൽ എത്തിയപ്പോൾ , ഒരു വലിയ നോട്ട് എങ്ങനെ ഉഴിഞ്ഞിടും എന്നാലോചിച്ചു കൊണ്ട് ദൈവങ്ങളെ വച്ചിരിക്കുന്ന തട്ടിൽ ഞാൻ പരാതി നോക്കി , മറ്റൊന്നിനുമല്ല , കൈയിലുള്ള നോട്ടിനെ ഒന്ന് ചില്ലറമാറ്റിയെടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം . പക്ഷെ നേരത്തെ ഉഴിഞ്ഞു വച്ചതും , പ്രാർത്ഥിക്കുമ്പോൾ വല്ലപ്പോഴും പോക്കറ്റിൽ നിന്നും എടുത്തു അവിടെ വച്ചിരിക്കുന്ന ചില്ലറ തുട്ടുകളും ചെറിയ നോട്ടുകളും ഒന്നും കയ്യിലുളളളതിനെ ചെറുതാക്കാൻ പര്യാപ്ത മായിരുന്നില്ല.

കിടപ്പുമുറിയിലുള്ള ബാഗ് പരിശോധിച്ചപ്പോൾ , കിട്ടിയത് 1 രൂപാ നാണയങ്ങളും , 2 പത്തു രൂപാ നോട്ടുകളും (ഇന്ത്യൻ രൂപ) .പിന്നെ ഒന്നും ആലോചിക്കാതെ ഒരു പത്തുരൂപാ നോട്ട് എടുത്തു നീട്ടിക്കൊണ്ട് ഭാര്യയോട് പറഞ്ഞു ," ഇത് ഉഴിഞ്ഞിട്ടോളൂ ".

കേരളാ മുഖ്യമന്ത്രി ആരെന്നു ഒരിക്കൽ മോളോട് ചോദിച്ചപ്പോൾ , നരേന്ദ്രമോദി എന്ന് അവൾ പറഞ്ഞത് കേട്ട് ഉണ്ടായ അതേ അമ്പരപ്പ്  ഭാര്യയുടെ മുഖത്ത് ഞാൻ അന്ന്  വീണ്ടും കണ്ടു.

"ദുബായിൽ ആയിരിക്കുമ്പോൾ ദിർഹം അല്ലെ ഉഴിഞ്ഞിടേണ്ടതുഎന്ന ചോദ്യം കേട്ടപ്പോൾ , തികച്ചും സാമാന്യമായ ഒരു സംശയം ആയി എനിക്കും  തോന്നി.

പക്ഷെ ഇതേ അയ്യപ്പ സ്വാമി നാട്ടിൽ ആയിരുന്നെങ്കിൽ രൂപയും , ദുബായിൽ ആയതുകൊണ്ടു ദിർഹവും , ഇനി ദിർഹത്തിനു പകരം രൂപാ വച്ചാൽ പ്രശ്നമാവുമോ എന്നിങ്ങനെയുള്ള  സംശയങ്ങൾ  എന്നെയും ആശങ്കയിലാഴ്ത്തി .

പിന്നെ ഒട്ടും സമയം കളയാതെ ലണ്ടനിൽ ഉള്ള ഒരു കൂട്ടുകാരന് വാട്സ്ആപ്പ് message ചെയ്തു അവിടെ അയ്യപ്പന് പൗണ്ട്  ആണോ ഉഴിഞ്ഞിടുന്നതെന്നറിയാൻ.അയാൾ പറഞ്ഞു അവിടെ പൗണ്ട്  ആണ് ഉഴിഞ്ഞിടുന്നത് എന്ന്.
ഇത് കേട്ടപ്പോൾ അടുത്ത സംശയം , നാട്ടിലുള്ള അയ്യപ്പന്റെ അടുത്ത് ,മലയാളത്തിലും , ഇവിടെ അറബിയിലും , ലണ്ടനിൽ ഇംഗ്ലീഷിലും ആണോ പ്രാര്ഥിക്കേണ്ടതു ???..മൊത്തത്തിൽ സംശയങ്ങളുടെ ഒരു നീണ്ട നിര ..

അപ്പോൾ പിന്നെ ലോകത്തിന്റെ ഏതു  കോണിൽ  പോയാലും നമ്മെ നോക്കി പുഞ്ചിരിക്കുന്ന സൂര്യനെയും , ചന്ദ്രനെയും പോലെ നാം എവിടെപ്പോയാലും , നമ്മുടെ ഈശ്വരൻ നമ്മോടു കൂടെ ഉണ്ട് എന്ന് കാരണവന്മാരും , മതഗ്രന്ഥങ്ങളും പഠിപ്പിച്ചു തന്നത് വെറുതെ ആണോ  ?

അതോ ഓരോ ദേശത്തിനും , ഭാഷക്കും അനുസരിച്ചു നമ്മുടെ ഈശ്വരൻ മാർ ഭാഷയും , വേഷവും മാറുമോ ?

അതോ ഇനി വഴിപാടിലും പൂജയിലും ഒന്നുമല്ല കാര്യം മനുഷ്യ സ്നേഹമാണ് എന്തിലും വലുത് എന്നാണോ ?

ഇനി അതുമല്ലെങ്കിൽ , കഷ്ട്ടപ്പാടും , ദീനവും  അനുഭവിക്കുന്നവരിൽ ഈശ്വരനെ കണ്ടെത്തി കൈക്കൂലി തുക അവർക്കു കൊടുക്കണം എന്നാണോ ?..

പക്ഷെ ഇതൊന്നും ഒരു മതപണ്ഡിതനും  പഠിപ്പിച്ചിട്ടില്ലല്ലോ ഇനി അഥവാ അങ്ങനെ ചെയ്താൽ അവരുടെ അപ്രീതിക്ക് പാത്രമാവുമോ ?

സംശയങ്ങൾ ഇനിയും ബാക്കി യാക്കി പത്തു രൂപാ നോട്ട്ഞാൻ തിരിച്ചെടുത്തു പെട്ടിയിൽ ഒരു മൂലയിൽ തിരുകി വച്ചു .......

രാജേഷ്  അവിട്ടംNo comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot