നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണ് കറുത്തിട്ടാ..പെണ്ണ് കറുത്തിട്ടാണെന്നാ അവര് പറഞ്ഞത്...'' ബ്രോക്കര്‍ രാമന്‍ നിസ്സഹായനായി...

''അല്ലേല്‍ പയ്യനങ്ങ് വെളുത്തിട്ടായിരുന്നോ... സ്വന്തം മോന്ത ചെന്ന് ഒന്ന് കണ്ണാടിയില്‍ പോയി നോക്കാന്‍ അവനോട് പറ രാമാ...'' രോഷം കൊണ്ട് സുഭദ്ര ജ്വലിച്ചു...

പിന്തിരിഞ്ഞ് നടന്നപ്പോള്‍ കണ്ടത് മകള്‍ പ്രീതയുടെ നിറകണ്ണുകള്‍...

''നിന്നെയെങ്ങനെ ഞാന്‍ വെളുപ്പിക്കും കൊച്ചേ...'' സുഭദ്ര പാതി കളിയായും എന്നാല്‍ അതിലേറെ സങ്കടത്തോടെയും പറഞ്ഞു...

ഒരു തേങ്ങലോടെ പ്രീത മുറിയിലേക്ക് നടന്നു...

സുഭദ്ര സഹതാപത്തോടെ അവള്‍ പോകുന്നതും നോക്കി നിന്നു...

''കറുത്തവള്‍...'' ഒളിഞ്ഞും തെളിഞ്ഞും ഒളിയമ്പുകളുളള പരിഹാസം... അവഗണന...

''കറുത്ത് പോയത് എന്‍റെ തെറ്റാണോ... കറുപ്പ് ഒരു മോശം നിറമാണോ...?'' ആ ചോദ്യം പലതവണ തന്നോട് തന്നെ പ്രീത ചോദിച്ചു നോക്കിയിട്ടുളളതാണ്..

വിവാഹ കമ്പോളത്തില്‍ പണത്തിനൊപ്പം തന്നെ നിറത്തിനും വലിയ വില കല്‍പ്പിക്കുന്ന ചെറുപ്പക്കാരാണോ ഈ സാക്ഷര കേരളത്തില്‍...

''ഇനി ഒരു പുരുഷന്‍റെ മുന്നിലും വേഷം കെട്ടി നില്‍ക്കാന്‍ ഞാനില്ല...'' ദൃഢ നിശ്ചയത്തോടെ പ്രീത എഴുന്നേറ്റു...

''ആ ആലോചന മൊടങ്ങിയോടീ സുഭദ്രേ...'' ജാനമ്മായിയുടെ വക പരിഹാസങ്ങള്‍ക്ക് തിരി കൊളുത്തി തുടങ്ങി....

''നീയാ ആ പടുവറ് കുറച്ച് കൂടുതലിടാഞ്ഞതെന്താ കൊച്ചേ...?'' അമ്മായിയുടെ മുനവച്ച വാക്കുകള്‍ കേട്ട് പ്രീത നിശ്ശബ്ദയായി നിന്നു...

''ഒന്നാമത് നിനക്ക് കറുത്ത നിറം ഇത്തിരി കൂടുതലാ... ചമഞ്ഞ് ഒരുങ്ങി നിക്കണോടി പെണ്ണേ... എങ്കിലേ ഇക്കാലത്ത് ചെറുക്കന്മാര്‍ക്ക് പിടിക്കത്തുളളൂ... കറുപ്പാണേലും ഒരു ആനച്ചന്തം വേണ്ടേ..'' കിട്ടിയ അവസരം പാഴാക്കാതെ അവര്‍ പരമാവധി ഉപയോഗിച്ചു...

''ഒന്ന് നിര്‍ത്തുന്നുണ്ടോ നാത്തൂനേ... ഒന്നാമത് അവള് ആകെ സങ്കടപ്പെട്ട് നില്‍ക്കയാ.. ആക്കൂട്ടത്തിലാ അതിലേക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുന്നത്... അല്ലേലും ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കണ്ണാന്‍ എന്താ ചേല്.. അല്ലേ നാത്തൂനേ...' സുഭദ്ര അര്‍ത്ഥഗര്‍ഭമായി പറഞ്ഞു...

''ഞാന്‍ പോണൂ.. നല്ലത് പറഞ്ഞോടുത്താലും നീയൊന്നും പഠിക്കില്ല്യാ... അമ്മയും മോളും ഒരു തരാ... നീയൊന്നും നന്നാവില്ല്യാ...'' ഒന്ന് കാര്‍ക്കിച്ച് തുപ്പി ജാനമ്മായി ചവിട്ടി കുലുക്കി നടന്നു പോയി..

ഇത്തരം വര്‍ത്തമാനങ്ങള്‍ കൊച്ചുനാള്‍ മുതലേ കേട്ടത് കൊണ്ടാകാം പ്രീത തന്‍റേതായ ലോകത്തേക്ക് ഒതുങ്ങിയത്... അധികം ആര്‍ക്കും മുഖം കൊടുക്കാതെ അധികം സംസാരങ്ങളില്ലാതെ അമിതമായ വേഷപകര്‍ച്ചയില്ലാതെ ഒരു ചട്ടക്കൂടിനുളളിലേക്ക് ഒതുക്കപ്പെട്ടു അവളുടെ ജീവിതം...

''ഒരു പയ്യനുണ്ട്... കൊണ്ടു വരട്ടേ...'' ബ്രോക്കര്‍ രാമന്‍ പെട്ടെന്ന് വന്ന് പറഞ്ഞപ്പോള്‍ സുഭദ്ര അമ്പരന്നു പോയി...

''അതെങ്ങനെ... ഇത്ര പെട്ടെന്ന്...''

''ഇവിടെ അടുത്ത് വെറെ ഒരു പെണ്ണിനെ കാണാന്‍ വന്നതാ.. പയ്യന് പെണ്ണിനെ അത്ര കണ്ടങ്ങ് ഇഷ്ടപ്പെട്ടില്ല...'' രാമന്‍ പറഞ്ഞത് കെട്ട് സുഭദ്ര ചിരിച്ചു കൊണ്ട് ചോദിച്ചു:
''ഒരെണ്ണത്തെ കണ്ട് ഇഷ്ടപ്പെടാത്തവന്‍ എന്‍റെ മോളെ എങ്ങനെ ഇഷ്ടപ്പെടും രാമാ...? അതിലും വലിയ സുന്ദരിയാണോ എന്‍റെ മോള്...''

''എല്ലാം ഞാന്‍ പയ്യനോട് പറഞ്ഞിട്ടുണ്ട് ചേച്ചി.. പെണ്ണ് കറുത്തിട്ടാണെന്ന്... അപ്പോള്‍ പയ്യന്‍ പറഞ്ഞ് അങ്ങോട്ട് തന്നെ വണ്ടി വിടാന്ന്... നടന്നു കിട്ടിയാല്‍ നല്ല ബന്ധമാ ചേച്ചി..'' രാമന്‍റെ വാക്കുകള്‍ കേട്ട് സുഭദ്ര ചിന്താധീനയായി നിന്നു..

''ആലോചിച്ച് നില്‍ക്കാന്‍ സമയമില്ലാ ചേച്ചി.. പയ്യനും കൂട്ടുകാരനും പുറത്ത് കാറില്‍ വെയിറ്റ് ചെയ്യുകയാ...'' രാമന്‍ ധൃതി വച്ചു്.

''ഇത്ര എടിപിടീന്ന് പറഞ്ഞാലെങ്ങനാ... ഞാന്‍ കൊച്ചിന്‍റെടുത്ത് ഒന്ന് ചോദിക്കട്ടെ...'' സുഭദ്ര അകത്ത് പോയി പ്രീതയെ വിവരം അറിയിച്ചു..

''എനിക്ക് വയ്യമ്മേ... ഇനിയും ഇങ്ങനെ പ്രദര്‍ശന വസ്തുവായി നില്‍ക്കാന്‍... കല്ല്യാണം നടന്നില്ലേലും വേണ്ട...'' പ്രീത സമ്മതിക്കാന്‍ തയ്യാറായില്ല...

''ഒരു പെറ്റിതളളയുടെ മനസ്സിലെ തീ നീ മനസ്സിലാക്ക് കൊച്ചേ... നിന്‍റെ അച്ഛന്‍ നിന്നെ ഒരു കരയ്ക്ക് എത്തിച്ചില്ലല്ലോ എന്ന വേവലാതിയോടാ മരിച്ചത്... എനിക്കും ആ ഗതി വരുത്തല്ലേ കൊച്ചേ... നിന്നെ ഒരു കയ്യില്‍ പിടിച്ച് കൊടുത്തിട്ട് വേണം എനിക്ക് സ്വസ്ഥമായി കണ്ണടയ്ക്കാന്‍...'' നിറഞ്ഞ് വന്ന കണ്ണുകള്‍ നേര്യതിന്‍റെ കോന്തല കൊണ്ട് തുടച്ചു കൊണ്ട് സുഭദ്ര പറഞ്ഞു...

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞെന്നു കണ്ടപ്പോള്‍ പ്രീത തന്‍റെ തീരുമാനത്തില്‍ നിന്ന് അയഞ്ഞു...

വന്ന പയ്യനെ കണ്ട് സുഭദ്രയുടെ മനസ്സിടിഞ്ഞു...

സുന്ദരനായ ഒരു ചെറുപ്പക്കാരന്‍..
വെളുത്ത നിറം.. 
ഒത്ത നീളവും വണ്ണവുമുളള ആരോഗ്യ ദൃഢഗാത്രന്‍...

''ഒരിക്കലും ഈ പയ്യന് എന്‍റെ മോളെ ഇഷ്ടപ്പെടില്ല... ഉറപ്പ്...'' അവര്‍ വിധിയെഴുതി..

നല്ല ഹൃദ്യമായ ചിരിയോടെ പയ്യന്‍ കൂട്ടുകാരനോടൊപ്പം അകത്ത് കയറി കസേരയില്‍ ഇരുന്നു...

''എന്താ മോന്‍റെ പേര്...?'' സുഭദ്ര ചോദിച്ചു...

''ശ്രീജിത്ത്...''

ബാക്കിയെല്ലാം ചോദിക്കാതെ തന്നെ പൂരിപ്പിച്ചത് രാമനാണ്...

''വീട് പെരിനാട്... പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കാ ആള്‍... അമ്മയുണ്ട്... അച്ഛന്‍ മരിച്ചു പോയി.. ഒരു അനിയനുണ്ട്... ആള് കോളേജില്‍ പഠിക്കുകയാ...''

സുഭദ്ര എല്ലാം തലയാട്ടി കേട്ടു..

''ഞാനെങ്കി അകത്ത് ചെന്ന് മോളെ കൂട്ടി വരാം...'' സുഭദ്ര അത് പറഞ്ഞ് അകത്തേക്ക് പിന്‍വലിഞ്ഞു..

അടുക്കളയില്‍ അപ്പോഴേക്ക് ചായ തയ്യാറാക്കി കപ്പില്‍ പകരുകയായിരുന്നു പ്രീത...
വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇടുന്ന ഒരു നിറം മങ്ങിയ ചുരിദാറായിരുന്നു അവളുടെ വേഷം.. നീണ്ട മുടി അവള്‍ അലസമായി പിന്നിയിട്ടിട്ടുണ്ട്..

''നീയൊന്ന് ചെറുതായി ഒരുങ്ങിയിട്ട് വാ കൊച്ചേ.. നിന്ന വേഷത്തില്‍ തന്നെ കാണണ്ടാ...'' 

''വേണ്ടമ്മേ... ഇങ്ങനെയൊക്കെ കണ്ടാല്‍ മതി.. എന്തായാലും ഈ ബന്ധം നടക്കാനൊന്നും പോണില്ല... പിന്നെന്തിനാ വെറുതെ വേഷം കെട്ടല്‍...'' അവളുടെ മറുപടി കേട്ട് സുഭദ്ര നെടുവീര്‍പ്പിട്ടു...

ചായയുമായി പ്രീത അമ്മയോടൊപ്പം സിറ്റൗട്ടിലേക്ക് വന്നു...

പയ്യനെ കണ്ടപ്പോള്‍ അവളുടെ അവസ്ഥ സുഭദ്രയില്‍ നിന്നും വിഭിന്നമായിരുന്നില്ല...

അവന്‍റെ മുഖഭാവമെന്തെന്ന് നോക്കാന്‍ ത്രാണിയില്ലാതെ അവള്‍ തല താഴ്ത്തി...

യാന്ത്രികമെന്നോണം എല്ലാവര്‍ക്കും അവള്‍ ചായ കൊടുത്തു...

രാമന്‍ എന്തൊക്കെയോ വര്‍ത്തമാനം പറയുന്നു.. 
മറ്റാരും ഒന്നും മിണ്ടുന്നില്ല...
പ്രീതയ്ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു..

''പെണ്ണിനും ചെറുക്കനും എന്തേലും പറയാനുണ്ടെങ്കില്‍ പറയട്ടെ...'' രാമന്‍റെ നിര്‍ദ്ദേശം പാലിച്ച് ശ്രീജിത്തിനെയും പ്രീതയേയും ഒറ്റയ്ക്ക് വിട്ട് രാമനും ശ്രീജിത്തിന്‍റെ സുഹൃത്തും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി...

അകത്തേക്ക് ഉള്‍വലിയുന്ന അമ്മയെ പ്രീത ദയനീയമായി നോക്കി...

നിസ്സഹായയായി അവര്‍ അകത്തേക്ക് കയറി...

അല്‍പ്പനേരം നിശ്ശബ്ദത തളം കെട്ടി നിന്നു...

''പ്രീതയ്ക്ക് എന്താ പറയാനുളളത്...?'' ശ്രീജിത്തിന്‍റെ സ്വരം സൗമ്യമായിട്ടാണെങ്കില്‍ പോലും കേട്ടപ്പോള്‍ അവളില്‍ ഒരു ഞെട്ടലുണ്ടായി...

''ഞാന്‍ കറുത്തിട്ടാ...'' ഉളളില്‍ തങ്ങി നിന്ന തേങ്ങല്‍ ഒരു ഗദ്ഗദമായി പുറത്തേക്കൊഴുകി...

''അതിനെന്താ...?'' ആ പ്രതികരണം അവളുടെ ചുട്ടുപൊളളി നിന്ന ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ചു...

''എന്നെ ആര്‍ക്കും ഇഷ്ടപ്പെടില്ല...'' അവളുടെ പറച്ചില്‍ കേട്ട് ശ്രീജിത്ത് സൗമ്യമായി ചിരിച്ചു...

''ആര് പറഞ്ഞു ഇഷ്ടപ്പെടില്ലായെന്ന്... എനിക്ക് തന്നെ ഇഷ്ടമായി...''

ശരീരമാകെ ഒരു പ്രകമ്പനം... ഉത്സവമേളങ്ങളുടെ താളം കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നതായി അവള്‍ക്ക് തോന്നി... 
അവളുടെ മുഖത്ത് അന്നാദ്യമായി അതിമനോഹരമായ ഒരു ചിരി വിടര്‍ന്നു.... ഏഴു നിറങ്ങള്‍ വാരിവിതറി നില്‍ക്കുന്ന മനോഹരമായ മഴവില്ല് അവളുടെ മുഖത്ത് ഉദിച്ചതായി ശ്രീജിത്തിന് തോന്നി...

അന്നാദ്യമായി അവള്‍ കണ്ണാടിയില്‍ തന്‍റെ മുഖം നോക്കി...

''ഞാന്‍ സുന്ദരിയല്ലേ... കറുത്ത സുന്ദരി...'' അവള്‍ മുഖം പൊത്തി നാണത്തില്‍ ചിരിച്ചു..

''ന്നാലും നീ എന്ത് വശീകരണപൊടി കലക്കിയാ ആ പയ്യന് കൊടുത്തത്...?'' 
അസൂയ മൂത്ത ജാനമ്മായി ചോദിച്ചു...

''ഇനി ആര് എന്ത് പറഞ്ഞാലും എനിയ്ക്ക് ഒന്നുമില്ല...'' പ്രീത മനസ്സില്‍ പറഞ്ഞു...

പ്രീതയുടെ കഴുത്തില്‍ ശ്രീജിത്ത് താലിചാര്‍ത്തുന്ന മുഹൂര്‍ത്തത്തില്‍ വിണ്ണില്‍ നിന്നു പെയ്തിറങ്ങിയ പനിനീര്‍തുളളികളെന്ന പോലെ പ്രീതയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ പെയ്തിറങ്ങി...

''ഞാന്‍ കറുത്തിരുന്നിട്ടും എന്താ എന്നോട് ഇഷ്ടം തോന്നിയത്...?'' ആദ്യരാത്രിയില്‍ അവന്‍റെ വിരിമാറില്‍ ചേര്‍ന്ന് കിടന്ന് അവള്‍ ചോദിച്ചു...

''തന്‍റെ മനസ്സ് വെളുത്തതാണെന്ന് തോന്നിയത് കൊണ്ട്..'' അവന്‍റെ മറുപടി അവളെ കോരിത്തരിപ്പിച്ചു...

''നാളെ എന്‍റെ മുഖം വികൃതമായാല്‍ നീ എന്നെ ഉപേക്ഷിക്കുമോ...?'' അവന്‍റെ മറുചോദ്യം കേട്ടവള്‍ ഞെട്ടി...

''ഇല്ല... ഒരിക്കലുമില്ല... ശ്രീയേട്ടന്‍ എന്‍റെ ദൈവമാ... ദൈവങ്ങളെ ആരെങ്കിലും ഉപേക്ഷിക്കുമോ...?'' അവളുടെ മറുപടി കേട്ട് ശ്രീജിത്ത് മനോഹരമായി ചിരിച്ചു.. മെല്ലെ അവന്‍ അവളുടെ മുടിയിഴകളില്‍ തലോടി..

''ആരെങ്കിലും എന്നെ കല്ല്യാണം കഴിച്ചതില്‍ ശ്രീയേട്ടനെ കളിയാക്കിയാലോ... കുറ്റപ്പെടുത്തിയിലോ...?'' വീണ്ടും അവള്‍ക്ക് സംശയം..

''മറ്റാരെയും ഞാന്‍ ഗൗനിക്കാറില്ല... എന്‍റെ കണ്ണുകളില്‍ നീ സുന്ദരിയാണ്... എന്‍റെ.. എന്‍റേത് മാത്രമായ കറുത്ത സുന്ദരി...'' അവളെ ചേര്‍ത്ത് പിടിച്ച് അവന്‍ കിടക്കിലേക്ക് മറിഞ്ഞു...

അങ്ങകലെ മനോഹരിയായ കാര്‍മുകിലിനെ നോക്കി വിണ്ണില്‍ തിളങ്ങി നിന്ന നക്ഷത്രം കണ്‍ചിമ്മി... കുസൃതിയോടെ... പ്രണയാതുരമായി... സ്നേഹാര്‍ദ്രമായി..

(ഹണി ശിവരാജന്‍)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot