Slider

പരൽ മീൻ എന്ന ടെറ്റനസ്

0


ജീവിതത്തിലെ ഏറ്റവും മികച്ച സന്തോഷങ്ങളിൽ ചിലതെന്ന് പറയുന്നത് ഒരു പക്ഷെ കുട്ടിക്കാലത്തെ വേനൽ അവധിക്കാലങ്ങളിൽ ഉണ്ടായിട്ടുള്ള കൂടിച്ചേരലുകളും അന്നത്തെ ചില മറക്കാനാവാത്ത ഓർമകളും ഒക്കെ ആയിരുന്നു. അത് പോലുള്ള സന്തോഷങ്ങൾ പിന്നീട് ജീവിതത്തിലെ ഏതേലും അവധിക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നിപ്പോഴും സംശയവും ആണ്. ഒരുപാടു നനുത്ത ഓർമ്മകൾ സമ്മാനിച്ച തേൻ നെല്ലിക്ക പോലെ ഓർത്തു ഓർത്തു അയവിറക്കാൻ കഴിയുന്ന കയ്പ്പും മധുരവും നിറഞ്ഞ ഒരു കുട്ടിക്കാലം എല്ലാവരെയും പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു. ആണ്ടു പരീക്ഷയുടെ അവസാന ദിവസം രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുന്നെ തന്നെ മുൻ ദിവസങ്ങളിൽ ഒന്നുമില്ലാത്ത പോലൊരു ശക്തമായ കൂടിയാലോചനയുണ്ട് ഞങ്ങൾക്കിടയിൽ. പലപ്പോഴും ക്ലാസ്സിലെ ടീച്ചർമാർ അത് കണ്ടിട്ടു പറയും "ആഹ് അവസാന പരീക്ഷയെങ്കിലും ഇവന്മാർ ഒക്കെ പഠിച്ചിട്ടാ വന്നേന്നു തോന്നുന്നേ,കണ്ടില്ലേ അവന്മാരുടെ ഒക്കെ ഒരു ചർച്ച ചെയ്യലും, പരിഭ്രമവും ഒക്കെ". വാസ്തവത്തിൽ അത് പരീക്ഷയെ പറ്റിയുള്ള പരിഭ്രമമോ, ചർച്ചകളോ ഒന്നും ആയിരുന്നില്ല. ആ ചർച്ചകൾ ഒക്കെ അന്ന് വൈകുന്നേരം മുതൽ തുടങ്ങാൻ ഇരിക്കുന്ന ക്രിക്കറ്റ് കളിക്കുള്ള വയൽ വെട്ടി ഗ്രൗണ്ട് ആക്കുന്നതും പിന്നെ ബോളും, ബാറ്റും വാങ്ങുന്നതിനുള്ള പങ്കു പിരിവിനെ പറ്റിയും ഒക്കെയുള്ള കലുഷിതമായ ചർച്ചകൾ ആയിരുന്നു. പലപ്പോഴും ആ പങ്കു പിരിവിനുള്ള കാശു ഞങ്ങളൊക്കെ സ്വരു കൂട്ടിയിരുന്നത് പറമ്പിലെ കശുവണ്ടി വിറ്റ കാശു കൂട്ടി വച്ചൊക്കെയായിരുന്നു. അങ്ങനെ വീടിനടുത്തുള്ള വയൽ വെട്ടി ലോർഡ്സ് ഗ്രൗണ്ട് ആക്കി ക്രിക്കറ്റ് കളിച്ചതും, ഉച്ചക്ക് മൂന്ന് മണിക്കു വീടിനടുത്തു കൂടെ പോകുന്ന ഐസ് വണ്ടിക്കാരൻ ചേട്ടനെ തടഞ്ഞു നിർത്തി ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഐസ് തെരഞ്ഞു വാങ്ങി കഴിച്ചതും, ഐസ് കഴിച്ചത് പറഞ്ഞപ്പോഴാ ഓർത്തത് ആ ചേട്ടൻ വരുമ്പോൾ ഒരു ബെൽ അടിയുണ്ട് "ണിം..ണിം..ണിം" ഹോ എ ആർ റഹ്മാൻ പോലും ഇത്ര താളത്തിൽ കൃത്യമായി കമ്പോസ് ചെയ്തു ആളുകളെ കൊതിപ്പിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. അത് പോലെ തന്നെ പ്രിയപ്പെട്ടവരുടെ വീടുകളിൽ പോയി താമസിച്ചു അവധിക്കാലങ്ങൾ ചെലവഴിച്ചതുമൊക്കെ മറക്കാനാവാത്ത ഓർമ്മകൾ ആയിരുന്നു. വാസ്തവം പറഞ്ഞാൽ ഇതിൽ എല്ലാത്തിലുമുപരി ഞങ്ങളൊക്കെ ഏറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും വീടിനടുത്തുള്ള ചേറു കുളം കലക്കി മീൻ പിടിക്കുന്നതായിരുന്നു. അതൊരു അവർണനീയമായ മനോഹര അനുഭവം ആയിരുന്നു. ചെറിയ കുട്ടികൾ മുതൽ നാട്ടിലെ മുതിർന്നവർ വരെ ഉണ്ടാവും ആ മീൻ പിടിത്ത കൂട്ടായ്മയിൽ, അതായതു ഞങ്ങളും ചേട്ടന്മാരും പിന്നെ ഞങ്ങളുടെ മുത്തച്ഛനും വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി. അന്നു പിന്നെ ഞങ്ങൾക്കൊക്കെ ഇന്നത്തെ പിള്ളേരെ പോലെ ചേറിൽ ഇറങ്ങിയാൽ കാലു അഴുകുമെന്നോ കുളത്തിൽ പൊട്ടി കിടക്കുന്ന കുപ്പി ചില്ലുകൾ കൊണ്ട് കാലു സെപ്റ്റിക് ആകുമെന്നോ ഉള്ള പേടിയും ഇല്ലായിരുന്നു, കാരണം ഒരു പക്ഷെ ഞങ്ങളുടെ ഒക്കെ തലമുറ വരെയെങ്കിലും ജനിച്ചതും വളർന്നതും മണ്ണിൽ കളിച്ചും മഴ നനഞ്ഞും ചേറിൽ കിടന്നോടിയും ഒക്കെ തന്നെ ആയിരുന്നു. പിന്നെ കാലിൽ കുപ്പി ചില്ലു കൊള്ളുന്നത് കമ്മ്യൂണിസ്റ്റു പച്ച ഉള്ളടത്തോളം ഒരു പ്രശ്നമേ ആയിരുന്നില്ല അന്നൊക്കെ. പറഞ്ഞു വന്ന ഞങ്ങളെയൊക്കെ ഏറെ രസം പിടിപ്പിച്ച,ആവേശം കൊള്ളിച്ച ആ മീൻ പിടുത്തം മിക്കവാറും ഒരു ഞായാറാഴ്ച ദിവസം ആയിരിക്കും. അതിനു കാരണം മറ്റൊന്നുമല്ല, മിക്കപ്പോഴും ഞായാറാഴ്ചകളിൽ ആകും ഒരു വിധപ്പെട്ട എല്ലാവരും തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു വീടുകളിൽ ഉണ്ടാകുന്നത്. കാത്തിരിപ്പിനൊടുവിൽ അങ്ങനെ ഞങ്ങളൊക്കെ കാത്തിരുന്ന കുളം കലക്കി ചേറിൽ തപ്പി മീൻ പിടിക്കുന്ന ആ ഞാറാഴ്ച ദിവസം എത്തി. രാവിലെ ഒരു ഏഴര ആയിക്കാണും അപ്പോഴേക്കും മുത്തച്ഛന്റെ വക മുന്നറിയിപ്പെത്തി " ആ പുട്ട് കുടം രണ്ടും പിന്നെ വലിയ ചെമ്പു കലവും എടുത്തോളൂ". ചെമ്പല്ലിയും പള്ളത്തിയും മറ്റു ചെറു മീനുകളും പുട്ട് കുടത്തിലും കാരിയും,വരാലും മുഷിയും ഒക്കെ വലിയ ചെമ്പ് കലത്തിലും ആയിരുന്നു ഇട്ടു വക്കുന്നത്. അങ്ങനെ ഒറ്റാലും, കോര് വലയും വെള്ളം തേവി പറ്റിക്കാനുള്ള പാത്രങ്ങളുമായി പാടിഞ്ഞാറ്റതിലെ കുളത്തിലേക്ക് മുത്തച്ഛനെയും ചേട്ടന്മാരെയും അനുഗമിച്ചു ആർത്തുല്ലസിച്ചു ഞങ്ങൾ യാത്ര തുടങ്ങാൻ നേരം അച്ഛന്റെ വക മുന്നറിയിപ്പ് എത്തി "ചേറിലും കണ്ടത്തിലും ഒക്കെ ചാടി ഇറങ്ങി കയ്യിലും കാലിലും കുപ്പി ചില്ലു കുത്തി മുറിച്ചോണ്ടു വരരുത് " "ഇല്ല" എന്നൊന്ന് അമർത്തി മൂളിക്കൊണ്ടു ഒരു ചെറു പുഞ്ചിരിയോടെ മുന്നു പിന്നു നോക്കാതെ കുളത്തിലേക്ക് ഞങ്ങൾ വച്ച് പിടിച്ചു. ആ മീൻ പിടിക്കലിന്റെ ആദ്യ ഘട്ടം കുളത്തിനെ മടകെട്ടി കരയും കുളവുമായി തിരിക്കുക എന്നുള്ളത് ആണ് പിന്നീട് ആ മീൻ പിടിക്കാൻ വന്ന ആബാലാവൃന്ദങ്ങളും കൂടെ കുളത്തിലേക്കു ഇറങ്ങി പുട്ട് കുടവും ചെറിയ പോണി പാത്രങ്ങളും എടുത്തു വെള്ളം തേവി പറ്റിക്കാൻ തുടങ്ങും. വെള്ളം തേവി പറ്റിക്കുമ്പോ ഞങ്ങൾ കുട്ടി സെറ്റുകൾ പരസ്പരം പറയും " ടാ നീ കുറച്ചു വെള്ളം എന്റെ ദേഹത്തേക്കും കൂടെ കോരി ഒഴിച്ചോ, ചേട്ടന്മാരൊക്കെ വിചാരിച്ചോട്ടെ നമ്മളും നല്ല കഷ്ടപ്പെടുന്നുണ്ടെന്ന്". അങ്ങനെ ഞങ്ങളുടെ ഒക്കെ നീണ്ട കഷ്ടപ്പാടിനൊടുവിൽ ആ കുളത്തിലെ വെള്ളം വറ്റി ഏകദേശം ചേറും കുറച്ചു കലക്ക വെള്ളവും മാത്രമായി തീർന്നിട്ടുണ്ടാകും. ഇനിയാണ് ഇതുവരെ വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന ആവേശകരമായ ആ മീൻ പിടുത്തം തുടങ്ങുന്നത്. ആദ്യം കാലു വച്ച് അങ്ങോട്ടും ഇങ്ങോട്ടും ആയി കുളത്തിലെ ചേറു നല്ലതു പോലെ കലക്കാൻ തുടങ്ങും. ചേറ് അങ്ങനെ കലക്കിയാൽ കുളത്തിലെ മീനുകളുടെ കണ്ണ് കലങ്ങും എന്നും അപ്പോൾ മീൻ പിടുത്തം കൂടുതൽ എളുപ്പം ആകും എന്നുമാണ് മുത്തച്ഛൻ പറയാറുള്ളത് . ശേഷം ഒറ്റാലും ആയി മുതിർന്നവരുടെ കൂട്ടവും, കോരു വലകളുമായി ഞങ്ങളും മീൻ പിടുത്തം തുടങ്ങും. ആദ്യത്തെ മീൻ ആർക്കു കിട്ടിയാലും അതൊരു ആവേശം ആണ്. കൂകി വിളിച്ചു അതെല്ലാരെയും അറിയിക്കാതെ ഒരു സമാധാനവും ഉണ്ടാകില്ല. സത്യം പറഞ്ഞാൽ അത് ആദ്യത്തെ മീനു മാത്രമല്ല തുടർന്നുള്ള ഓരോ മീൻ കിട്ടുമ്പോഴും ആ ആവേശം അങ്ങനെ തന്നെ ഉണ്ടാകും. അങ്ങനെ പരലും പള്ളത്തിയും,ചെമ്പല്ലിയും,വരാലും, മുഷിയും, കാരിയും കൂരിയുമായി മീൻ പിടുത്തം പൊടി പൊടിക്കുമ്പോഴാണ് എന്റെ ഭാഗത്തുന്നുള്ള ഒരലറി വിളിയും തേങ്ങി കരച്ചിലും. പെട്ടെന്ന് എല്ലാരും ഒന്ന് സ്തബ്ധരായി. ചുരുക്കി പറഞ്ഞാൽ ആ കുളത്തിലെ മീനുകൾ പോലും ഒരു നിമിഷം ശ്വാസം അണച്ച് നിന്നിട്ടുണ്ടാകും. ആ രീതിയിയിലുള്ള അലർച്ചയും കരച്ചിലും ആയിരുന്നു എന്റേത്. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം മുത്തച്ഛന്റെ വക ചോദ്യം എത്തി "എന്ത് പറ്റി കുഞ്ഞേ, നീ എന്തിനാ ഇങ്ങനെ കരയുന്നെ" മറുപടിയെന്നോണം കരച്ചിൽ നിർത്താതെ തന്നെ ഞാൻ ഏങ്ങി ഏങ്ങി പറഞ്ഞു " കയ്യിൽ കാരി കുത്തി, ഞാൻ അതിനെ എടുത്തു കുടത്തിലേക്കു എറിഞ്ഞിട്ടും ഉണ്ട് " അങ്ങനെ അവനെ വിട്ടു കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. കുത്തു കൊണ്ടെങ്കിലും ആ കാരിയെ ഞാൻ കൃത്യമായി എടുത്തു കരയിലിരുന്ന വലിയ ചെമ്പു കുടത്തിലേക്കു എറിഞ്ഞിട്ടുണ്ടായിരുന്നു. കാരി മുള്ളിന്റെ നീറ്റൽ സഹിക്കാൻ വയ്യാതെ നിന്ന് കരഞ്ഞ എന്നോട് മുത്തച്ഛൻ പറഞ്ഞു "ഇങ്ങനെ കരയാനും പേടിക്കാനും മാത്രം ഒന്നുമില്ല കുഞ്ഞേ, നീയിങ്ങു വന്നേ" പതുക്കെ നീറ്റൽ സഹിക്കാൻ വയ്യാതെ തേങ്ങി തേങ്ങി ഞാൻ മുത്തച്ഛന്റെ അടുത്തെത്തി. അപ്പോഴാണ് നമ്മുടെ കഥാനായകന്റെ വരവ് ചുറ്റും ഉള്ള എല്ലാരേയും ഒന്ന് നോക്കിക്കൊണ്ട് മുത്തച്ഛൻ ആ ചേറു വെള്ളത്തിൽ നിന്നും രണ്ടു പരൽ മീനിനെ പിടിച്ചെടുത്തു എന്റെ കയ്യിലെ കാരി കുത്തിയ ഭാഗത്തേക്ക് നല്ലതു പോലെ ഉരച്ചു തന്നു കൊണ്ടിരുന്നു. എന്നിട്ടു വീണ്ടും രണ്ടു പരൽ മീനിനെ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് കുത്തു കൊണ്ട ഭാഗത്തു തേച്ചു പിടിപ്പിച്ചോളാൻ പറഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത പോലെ അവരെല്ലാം മീൻ പിടുത്തം തുടർന്നു. ഏകദേശം ഒരു അഞ്ചു നിമിഷം കഴിഞ്ഞപ്പോളേക്കും ഞാനും പതുക്കെ വേദന ഒക്കെ മാറി ആർത്തുല്ലസിച്ചു അവർക്കൊപ്പം വീണ്ടും ആ മീൻ പിടുത്തം തുടർന്നു. അന്നത്തെ ഒക്കെ ടെറ്റനസ് ആയിരുന്നു ആ പരൽ മീനും കമ്മ്യൂണിസ്റ്റു പച്ചയും ഒക്കെ. പറഞ്ഞു വന്നത് അന്നൊക്കെ ഒരു ചെറിയ മുറിവോ ചതവോ ഒക്കെ ഉണ്ടായാൽ പോലും അതിനുള്ള പ്രതിവിധികളും നമുക്കൊക്കെ ചുറ്റും തന്നെ ഉണ്ടായിരുന്നു എന്നതാണ്. അതൊക്കെ ഉപയോഗിച്ചാൽ തന്നെ മാറാവുന്ന ചെറിയ അസുഖങ്ങളെ നമ്മൾക്കൊക്കെ അന്നു ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതാകും വാസ്തവം. നമ്മളൊക്കെ മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി വളർന്നതിന്റെ ഗുണം. ഇന്നു ടെക്നോളജി വളരുന്നതനുസരിച്ചു മനുഷ്യന്റെ പ്രകൃതിയോടുള്ള ഇടപെടലുകൾ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് വേണം പറയേണ്ടത്, "ദു:ഖകരമായ സത്യം ".
മണ്ണിനേയും നാടിനേയും സ്നേഹിക്കുന്ന ഒരു നല്ല സമൂഹം ഇവിടെ ഇനിയും ഉണ്ടാകട്ടെയെന്നു നമുക്ക് ആത്മാർത്ഥമായി ആഗ്രക്കിക്കാം,അല്ലെ ???

By: 

Prathapan, C
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo