Slider

തിരിച്ചറിയാതെ പോകുന്ന അമ്മ മനസ്സുകൾ !!

0


ഒരുകൂട്ടം സർട്ടിഫിക്കറ്റുകൾ അടക്കി പെറുക്കി പല തവണ അത് നോക്കി പുഞ്ചിരിക്കുന്ന അമ്മയെ ആണ് വൈകീട്ട് ഓഫീസ് വിട്ടു അച്ഛൻ വന്നപ്പോ കണ്ടത്. ഓർമയിൽ ഇന്ന് വരെ ഞങ്ങൾ ആരും സത്യത്തിൽ അമ്മയുടെ ആ നിധികൂട്ടം കണ്ടിട്ടില്ല, അമ്മ കാണിച്ചിട്ടില്ല എന്ന് തന്നെ പറയാം. അച്ഛന് ചായ കൊടുക്കുന്നതിനിടയിൽ അമ്മ വളരെ സന്തോഷത്തോടെ പറഞ്ഞു : "അടുത്താഴ്ച വടകര വരെ ഒന്ന് പോണം "
അമ്മയുടെ അച്ഛനും അമ്മയും മരിച്ച ശേഷം വടകര പോവാൻ ഒരു ഉത്സാഹവും കാണിക്കാത്ത അമ്മയുടെ പറച്ചിൽ കേട്ടു അച്ഛൻ ഒന്ന് ഞെട്ടി. അമ്മ കാര്യം പറഞ്ഞപ്പോൾ അച്ഛൻ വീണ്ടും ഞെട്ടി. അപ്പോ തന്നെ എനിക്ക് ഒരു വിളി രണ്ടാളും കൂടി : "മോൾ വേഗം ടിക്കറ്റ് ബുക്ക്‌ ചെയ്തോ ദേ അമ്മക്ക് അവാർഡ് !". കാര്യം എന്താന്ന് അറിയാതെ ബ്ലിങ്കസ്യ ആയിരിക്കുന്ന എന്നോട് അപ്പോഴാണ് അമ്മ പറയുന്നത്. വടകരയിൽ ഉള്ള ഒരു സംഘടന പഴയക്കാല വോളീബോൾ താരങ്ങളെ ആദരിക്കുന്നുണ്ട്. അതിൽ അമ്മയും ഉണ്ട് എന്ന്. വോളീബോൾ ഉം അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാം പക്ഷെ 'താരങ്ങളെ ' ആദരിക്കുന്ന ചടങ്ങിൽ അമ്മയുടെ പ്രസക്തി ആ പരിപാടിയിൽ പങ്കെടുക്കുന്നത് വരെ എന്തെന്ന് അറിയാത്തതു എന്റെ വലിയൊരു പരാജയം ആയി തന്നെ കാണുന്നു. ഓരോ ദിവസവും വിളിക്കുമ്പോൾ നീ വരൂലേ എന്ന് അമ്മ ചോദിക്കുമ്പോഴും പോകാനുള്ള ഒരുദ്ദേശവും എനിക്ക് ഇല്ലായിരുന്നു. ആ ദിവസം അടുക്കുംതോറുമുള്ള അമ്മയുടെ നെഞ്ചിടിപ്പ് എല്ലാ ദിവസവും ഫോണിലൂടെ കേൾക്കാമായിരുന്നു. അമ്മയുടെ ഈ സന്തോഷത്തിൽ പങ്കെടുക്കാൻ ഞാൻ വന്നിലായിരുന്നെങ്കിൽ ഒരു മകൾ എന്ന രീതിയിൽ എന്റെ അടുത്ത ഒരു വലിയ പരാജയം ആയേന്നേ. പരിപാടിയുടെ രാവിലെ ആണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് അവിടെ എത്തിയത്. ഉച്ചയൂണിനായി അമ്മയുടെ വോളീബോൾ കോച്ച് ക്ഷണിച്ചത് കൊണ്ട് രാവിലെ തന്നെ ഞാനും അച്ഛനും അമ്മയും അമ്മയുടെ രണ്ടു ഫ്രണ്ട്സുമായി വടകരയിലേക് പുറപ്പെട്ടു. ഒരു വീട്ടിൽ വിരുന്നു പോവുന്ന ലാഘവത്തിൽ അവിടെ എത്തിയ എന്നെ അമ്പരിപ്പിച്ചു കൊണ്ട് അമ്മയുടെ കോച്ചും മുൻ വോളീബോൾ താരവും ആയ ശ്രീ മാണിക്കോത്തു രാഘവനും അദ്ദേഹത്തിന്റെ പ്രിയ പത്നിയും അമ്മയുടെ കൂട്ടുകാരിയുമായ മേരി കുട്ടി ആന്റിയും പുറത്തു തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ഇരിക്കുന്നതിന് മുന്നേ ഒരു ഫ്രെയിം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്തു " നിന്റെ അമ്മേനെ നോക്ക് "എന്ന് പറഞ്ഞു കോച്ച് എന്റെ നേർക്കു നീട്ടി. ജീവിതത്തിൽ ആദ്യമായാണ് അമ്മയെ ഞാൻ jersey അണിഞ്ഞു കാണുന്നത്. കോഴിക്കോട് ജില്ലക്ക് വേണ്ടി 81 ആം നമ്പർ jersey അണിഞ്ഞ അമ്മയെ കണ്ടതും ഇതൊന്നും അറിയാതെ പോയതിനു ഒരുപാട് കുറ്റബോധം ആണ് തോന്നിയത്. ആ കുറ്റബോധത്തിൽ നിന്ന് മനസ്സൊന്നു ശാന്തമായി വരുമ്പോൾ ആണ് ഒരു സർട്ടിഫിക്കറ്റ് എന്റെ നേരെ നീട്ടുന്നത്. 1981 ൽ കേരള ടീമിന് വേണ്ടി അമ്മ ഹൈദരാബാദ് ൽ കളിച്ച സർട്ടിഫിക്കറ്റ്. കണ്ടു ഷോക്ക് മാറുന്നതിനു മുന്നേ "നിന്റെ അമ്മ സ്റ്റേറ്റ് പ്ലേയർ ഒക്കെ ആയിരുന്നു, പറഞ്ഞിട്ടെന്താ നിന്റെ അച്ഛനെ കെട്ടി അമ്മ അങ്ങ് ദുബൈയിലേക് പറന്നു. ഇവളെ എനിക്ക് അന്ന് തല്ലി കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, ഫിസിക്കൽ എഡ്യൂക്കേഷൻ കഴിഞ്ഞു PSC Rank List ൽ പേര് വന്നിട്ടും അവൾക്കു വലുത് അവളുടെ കെട്ടിയോൻ അല്ലേ........ " പറഞ്ഞു മുഴുവിക്കും മുന്നേ അമ്മ കേറി വിഷയം മാറ്റി. പിന്നെ ടീമിലെ മറ്റു അംഗങ്ങളും എത്തി. അവർ പഴയ കഥകളൂം ഓരോ സ്ഥലത്തു കളിക്കാൻ പോയ വിശേഷങ്ങളും പങ്കിട്ടു. 
പരിപാടി നടക്കുന്ന വേദിയിലേക് ഒരു വോളീബോൾ താരത്തിന്റെ മോൾ ആയി ഞാൻ കടന്നു ചെന്നു. "ശ്രീലത പി, കേരളത്തിന്‌ വേണ്ടിയും, കോഴിക്കോടിനെ പ്രതിനിധീകരിച്ചും, വടകര Moonlight Recreation Club നു വേണ്ടിയും കളിച്ച............. ".
അമ്മ മൊമെന്റോ ഏറ്റു വാങ്ങുമ്പോൾ ആരും അറിയാതെ കണ്ണ് തുടക്കുന്നതിനിടയിൽ സ്റ്റേജിൽ നിന്ന പേരറിയാത്ത ഒരു മുൻ കോച്ച് കൂട്ടിച്ചേർത്തു "കേരളത്തിന്‌ നഷ്ടമായ ഒരു മികച്ച താരം". അമ്മയുടെ ഈ ഒരു മികവിനെ ഒരിക്കൽ പോലും തിരിച്ചറിയാൻ പറ്റാത്തതിലെ കുറ്റബോധവും ശ്രീലത വേണുഗോപാൽ എന്ന വോളീബോൾ താരത്തോടുള്ള എന്റെ ആദരവും കണ്ണിൽ കൂടെ ഒഴുകി.......... 

ഒരു യാഥാസ്ഥിതികകുടുംബത്തിൽ ജനിച്ച അമ്മയുടെ ഉള്ളിലെ സ്പോർട്സ് വാസന തിരിച്ചറിഞ്ഞു അന്നത്തെ കാലത്തു കളിക്കാൻ വിട്ട, അമ്മയുടെ എല്ലാ വളർച്ചക്കും കാരണക്കാരായ അമ്മയുടെ അച്ഛൻ N.C കണാരൻ and അമ്മ V.R മാധവിക്കും (രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല ) കെട്ടിപിടിച്ചു ഉമ്മകൾ. 
അമ്മയുടെ ഉറ്റ സുഹൃത്തായ, ശ്രീലത ആന്റിയെ ഈ ഒരു നിമിഷത്തിൽ വേദനയോടെ ഓർക്കുന്നു. 
അമ്മയെ നല്ലൊരു വോളീബോൾ പ്ലേയർ ആക്കിയ കോച്ച് രാഘവേട്ടനും ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ച DYFI നടക്കുതാഴ മേഖല കമ്മിറ്റിക്കും ഒരുപാട് നന്ദി. 

എന്ന്, 
വോളീബോൾ കാല് കൊണ്ടാണോ കൈ കൊണ്ടാണോ തല കൊണ്ടാണോ എന്ന് അറിയാത്ത ഒരു മുൻ വോളീബോൾ താരത്തിന്റെ മകൾ. 
ഒപ്പ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo