Slider

സൃഷ്ടി

0


അയാളുടെ കാലുകൾക്ക് വേഗതയേറി. പിന്നിൽ ആക്രോശിച്ചുകൊണ്ട് അവരുണ്ട്. കാലുകൾ ആവുന്നത്ര വേഗത്തിൽ എടുത്തെറിഞ്ഞു അയാൾ കുതിച്ചു. പൊടുന്നനെ ദൂരെ നിന്ന് ഒരു സ്ഫോടന ശബ്ദം. അലറിക്കരച്ചിലുകൾ.. അയാൾക്ക്‌ തളർച്ച തോന്നുന്നുണ്ടായിരുന്നു. 
ഒടുവിൽ ശവങ്ങൾ കൂട്ടിയിട്ട ഒരു സ്ഥലത്തു അയാളെത്തി. നിരവധി രൂപങ്ങൾ അവിടെ പല വിധത്തിൽ കിടപ്പുണ്ടായിരുന്നു..തലയറ്റ്,കയ്യും കാലും മുറിഞ്ഞ, കണ്ണടച്ച്, കണ്ണ് മിഴിച്.. ഏവരും പല ഭാവത്തിൽ... അപ്പോഴും ചൂടുള്ള രക്തം ആ ശരീരങ്ങളിൽ നിന്ന് ഒഴുകുന്നുണ്ടായിരുന്നു.. ദൗത്യം നിർവഹിച്ച മട്ടിൽ അക്രമികൾ പിന്തിരിഞ്ഞു. തളർന്ന കാലുകൾക്കു മീതെ ശരീരം ചുരുട്ടിവച്ചയാൾ ഇരുന്നു. തൊണ്ട വരളുന്നുണ്ടായിരുന്നു. ചുവന്ന വാനം പെട്ടെന്നാണ് കണ്ണീരണിഞ്ഞത്. ഒരിറ്റു ദാഹജലത്തിനായി അയാൾ ചുണ്ടുകൾ പിളർത്തി. വായിലേക്ക് ഒഴുകിയിറങ്ങിയതാകട്ടെ രക്തത്തിന്റെ,ചൂടുള്ള പുളിരസം.... അലർച്ചയോടെ അയാൾ മണ്ണിലേക്ക് വീണു.
*********
ഞെട്ടിയെണീറ്റത് മുറിയിലെ ചൂടിലേക്കായിരുന്നു. മേശമേൽ വച്ച ജഗ്ഗ്‌ എടുത്തയാൾ വായിലേക്ക് കമഴ്ത്തി. രക്തത്തിന്റെ രുചി ഇതിനുണ്ടോ ?
അയാളുടെ കണ്ണുകൾ മുറിയുടെ മൂലയിൽ വച്ച ക്യാൻവാസിലേക്കു തിരിഞ്ഞു.അവിടെ നിറങ്ങളുടെ മാലിന്യം കലരാത്ത വെളുത്ത കടലാസ്സ് അയാളെ നോക്കി പല്ലിളിച്ചു അടുത്തിരുന്ന വരണ്ട ബ്രഷുകളും ചായക്കൂട്ടുകളും അയാളെ ഒന്നെത്തി നോക്കി. 
ഇന്ന് വൈകുന്നേരത്തിനകം ഒരു ചിത്രം പൂർത്തിയാക്കേണ്ടതുണ്ട്.ഒരാഴ്ചയായി അതിനുള്ള ശ്രമത്തിലാണ്. തോമസ് സർ ഇന്നലെയും വിളിച്ചതാണ് "എന്നാ രവി സർ.. സീക്രം അന്ത വർക് കംപ്ലീറ്റ് പണ്ണുങ്കോ..യുദ്ധ ഭൂമീലിരുന്ത് നീങ്ക സെയ്യണ വർക്ന്നു സൊന്ന നമ്പ പബ്ലിസിറ്റി ഇന്ക്രീസ് ആയിടും സീക്രം... സീക്രം "..
ഭാഷകൾ കൂട്ടിക്കലർത്തിയ മേലധികാരിയുടെ ശാസന ഒളിപ്പിച്ച ശബ്ദം... വൈകുന്നേരം വരുന്ന മാധ്യമ വണ്ടിയിലേക്ക് തന്റെ ചിത്രം കൊടുത്തയക്കേണ്ടതുണ്ട്. കലാപഭൂമിയിൽ നിന്ന് പ്രശസ്ത ചിത്രകാരൻ രവിശങ്കർ വരച്ച ചിത്രമെന്ന് മാസികയിൽ അച്ചടിച്ച് വരും.എന്നാൽ.. ഇടയ്ക്കിടെയുള്ള സ്ഫോടനശബ്ദങ്ങൾ.. അലറിക്കരച്ചിലുകൾ.. പോലീസ് വാഹനങ്ങളുടെ അലറിപ്പാച്ചിൽ.. ആംബുലൻസുകളുടെ അലറിക്കരച്ചിൽ..
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം സൃഷ്ടികൾ പിറക്കേണ്ട സമയം. പക്ഷേ മനസ്സ്.. ഒരു മഹാസാഗരമായി അലറിക്കരയുകയാണ്.. തിരമാലകൾ അലയടിച്ചുയരുകയാണ്.. സൃഷ്ടിയുടെ മറുകരയെത്താൻ ഒരു കൊച്ചു നൗക പോലുമില്ലാതെ എങ്ങനെ.. ?
രവിശങ്കർ ജനലിനടുത്തേക്കു നടന്നു. ജനൽപ്പാളികൾ പതിയെ പുറത്തേക്കു തുറന്നുവച്ചു.റോഡിനപ്പുറം ഒരു കൊച്ചു ബസ്‌സ്റ്റോപ് കാണാം. ഒരാഴ്ചയിലധികമായി ബസുകളുടെ വരവും കാത്തു നെടുവീർപ്പിട്ടു നിൽക്കയാണവിടം. പൊടുന്നനെയാണ് അതയാളുടെ കണ്ണിൽപ്പെട്ടത്. ഒരു മൂലയിൽ ചുരുണ്ടുകിടക്കുന്ന രണ്ടു രൂപങ്ങൾ. തീരെച്ചെറിയ രണ്ടുരൂപങ്ങൾ.. 
ഒരു പോലീസ് ജീപ്പ് അലറിപ്പാഞ്ഞു വന്നത് അപ്പോഴാണ്. ചാടിയിറങ്ങിയ ഒരു പോലീസുകാരൻ ബസ്‌സ്റ്റോപ്പിലേക്ക് ഓടിക്കയറി. ബൂട്ടിട്ട കാലുകൊണ്ടുള്ള പ്രഹരമേറ്റാണ് ആ രൂപങ്ങൾ ഞെട്ടിയെണീറ്റത്. അടുത്ത ബൂട്ടുപ്രഹരം ഏൽക്കും മുൻപ് ഇരുവരും അവിടെ നിന്നും ഇറങ്ങി ഓടി. തന്റെ പ്രവൃത്തിയിൽ അഭിമാനം പൂണ്ട കാക്കിധാരി ജീപ്പിലേക്കു ചാടിക്കയറി ഓടിച്ചുപോയി. 
'നിയമപാലകവാഹനം' കണ്ണിൽ നിന്ന് മറഞ്ഞ ശേഷം രണ്ടുകുരുന്നുകളും എങ്ങുനിന്നോ തിരികെയെത്തി. ചെറിയ പെൺകുട്ടിക്ക് ഏതാണ്ട് മൂന്നുവയസ്സു കാണും.മറ്റേത് അവളുടെ ഏട്ടനാണെന്ന് thonnunnu. ആറു വയസ്സ് വരും. ഒരുകയ്യാൽ അനിയത്തിയെ മുറുകെ പിടിച്ചു മറുകയ്യാൽ ഇലാസ്റ്റിക് വലിഞ്ഞ ട്രൗസറും കയറ്റിപ്പിടിച്ചാണ് അവന്റെ നിൽപ്പ്. 
അനിയത്തി കരയുന്നുണ്ട്. തന്റെ കുഞ്ഞുകയ്യാൽ ആ കവിളിലേക്കിറങ്ങിയ നീർതുള്ളികളെ തുടച്ചുമാറ്റുകയും അവളെ ആശ്വസിപ്പിക്കയും ചെയ്യുന്ന സഹോദരൻ.
അപ്രതീക്ഷിതമായാണ് അവൾ റോഡിലേക്കിറങ്ങിയോടിയത്. അതെ സമയം തെക്കുനിന്നുപാഞ്ഞുവന്ന പോലീസ് വണ്ടി അവളെ ഒന്നു തൊട്ടു. മേലേക്കുയർന്ന ആ കുഞ്ഞുശരീരം തിരികെ റോഡിലേക്ക് തന്നെ വന്നു വീണു. നേരത്തെ കണ്ട രൂപവുമായി യാതൊരു സാമ്യവുമില്ലാതെ ആ കൊച്ചു ശരീരം രക്തത്തിൽ കുളിച്ചു കിടന്നു . കരഞ്ഞുകൊണ്ട് ഓടിവന്ന സഹോദരൻ അവളെ വാരിയെടുക്കാൻ ശ്രമിച്ചു. രക്തത്തുള്ളികൾ അവന്റെ ദേഹത്തും റോഡിലേക്കും പരന്നൊഴുകി...
നിർത്താതെ പോയ പോലീസ് വണ്ടിയിൽ നിന്നും തല പുറത്തേക്കിട്ട പോലീസുകാരൻ തൊപ്പി എടുത്തു തിരികെ വച്ചു... 
കണ്ണിലേക്ക് ഇരുൾ മൂടുന്നതറിഞ്ഞ രവിശങ്കർ ജനാല വലിച്ചടച്ചു. ഇരുകൈകൾ കൊണ്ടും ശിരസ്സ് താങ്ങി,തളർന്ന ശരീരം അയാൾ കസേരയിലേക്കെടുത്തു വച്ചു. 
പൊടുന്നനെ അയാളുടെ കണ്ണുകൾക്ക്‌ മുൻപിൽ വെളിച്ചം പരന്നു ക്യാൻവാസിന്റെ വെളുപ്പാണ് അയാൾ ആദ്യം കണ്ടത്.. മുന്നിലെ മഹാസാഗരം നീന്തി കടക്കാൻ തനിക്കൊരു നൗക ലഭിച്ചിരിക്കുന്നു... ഉയരുന്ന അലമാലകളെ മുറിച്ചുകടക്കാൻ തന്റെ തോണി ഇതാ തയ്യാറായിരിക്കുന്നു...
ബ്രഷെടുത്തു ചായത്തിൽ മുക്കി രവിശങ്കർ ക്യാൻവാസിലേക്കു തിരിഞ്ഞു.

By SruthiKNambiar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo