,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നേരം ഉച്ചയാവാറായി. ബസ് സ്റ്റോപ്പിനു സമീപത്തായി ഇരുന്ന രജനി തൊട്ടടുത്തുള്ള ഹോട്ടൽ സ്വാദ് ന് നേരെ നടന്നു. ഹോട്ടലിന്റെ എൻട്രൻസിനു വെളിയിലായി റോഡ് സൈഡിൽ നിന്നു. ആളുകൾ ഊണ് കഴിക്കാൻ വന്ന് തുടങ്ങുന്നതേ ഉള്ളൂ. ഹോട്ടലിൽ പ്ലേറ്റുകളെല്ലാം കഴുകി അടുക്കി അടുക്കി അട്ടിയായി മേശപ്പുറത്തു വച്ചിട്ടുണ്ട്. ഒരു വലിയ സ്റ്റീൽ ചരുവത്തിൽ നിറയെ ചോറ് കൊണ്ടു വച്ചു. വേറൊരു പാത്രത്തിൽ സാമ്പാറ് , പുളിശ്ശേരി , രസം , മോര് പിന്നെ അച്ചാറ് , വറ്റൽ മുളക് , ഇഞ്ചിക്കറി അങ്ങനെ എല്ലാം നിര നിരയായി വിളമ്പാൻ കൊണ്ടു വച്ചു. ഒരാൾ പ്ലേറ്റുകളിൽ തൂക്കുകൾ വിളമ്പി അടുക്കി വച്ചു. മാനേജർ രാവിലെ കൊളുത്തിയ വിളക്കിനു മുന്നിലെ ചായ ഗ്ലാസ് എടുത്ത് മാറ്റി , അതിനു പകരം ഒരു ചെറിയ പ്ലേറ്റിൽ കുറച്ച് ചോറും ഇത്തിരി സാമ്പാറും ഇത്തിരി പുളിശ്ശേരിയും അച്ചാറും വിളമ്പി ദൈവത്തിന്റെ ഫോട്ടോയ്ക്ക് മുന്നിൽ കൊണ്ടു വച്ചു. മേശയുടെ വലിപ്പ് തുറന്ന് ചില്ലറയുടെ ഒരു കെട്ടു പൊട്ടിച്ച് , വലിപ്പിലെ ബോക്സിൽ ഇട്ടു.
ആദ്യത്തെ കസ്റ്റമർ ഊണ് കഴിക്കാനെത്തി.
" ടോക്കൺ കൊടുക്കട്ടെ , റെഡിയായില്ലേ ? "
" റെഡി "
ആദ്യത്തെ ടോക്കൺ കൊടുത്തു.
ആളുകൾ ഓരോന്നായി വന്നു തുടങ്ങി.
ഊണ് കഴിച്ചു കഴിഞ്ഞവർ കൈ കഴുകി വെളിയിലിറങ്ങി .
രജനി റോഡരികിൽ ഇരിപ്പുണ്ടായിരുന്നു.
" വല്ലതും തരണേ , കുട്ടികൾക്ക് കൊടുക്കാനാ "
രജനി ഓരോരുത്തരുടെയും മുന്നിൽ കൈ നീട്ടി.
ചിലർ ചില്ലറകൾ കൊടുത്തു. ഒന്നു രണ്ടു പേർ പത്തു രൂപ നോട്ടും കൊടുത്തു. ഇടക്കേതോ ഒരു മനുഷ്യ സ്നേഹി ഹോട്ടലിൽ കയറി , ഒരു പാഴ്സൽ വേണം എന്നു പറയുന്നുണ്ടായിരുന്നു. മാനേജർക്ക് സംശയം , ഇത് രജനിക്ക് കൊടുക്കുവാനായിരിക്കും ,
" സാറേ , അവൾക്ക് കൊടുക്കാനാണോ? കളളിയാണ് പെരുങ്കള്ളി ,അവളുടെ പിറകിൽ മാഫിയയാണ് ."
അയാൾ ഒരു ഊണ് രജനിക്ക് , പാഴ്സൽ കൊണ്ടു കൊടുത്തു. അവൾ ചിരിച്ചു.
റോഡിനെതിർവശത്തായി ഒരു മരത്തിന്റെ ചുവട്ടിൽ രജനിയുടെ അമ്മയും അവളുടെ രണ്ട് കൊച്ചു കുട്ടികളും ഇരിക്കുന്നുണ്ട്.
രജനി ആ പാഴ്സൽ അവർക്ക് കൊണ്ടു കൊടുത്തു. കുട്ടികൾ ആർത്തിയോടെ ഭക്ഷിച്ചു. രാവിലെ ഓരോ വട മാത്രമാണ് കുട്ടികൾ കഴിച്ചത്. അവർ വിശന്ന് തളർന്നിരിക്കുകയായിരുന്നു.
ഉച്ചയ്ക്കെ ഊണ് സമയം കഴിഞ്ഞ് , കിട്ടിയ തുട്ടുകളുമായി , കുറച്ചകലെയുള്ള ഹോട്ടൽ അശ്വതി ലക്ഷ്യമാക്കി അവൾ നടന്നു.
"രണ്ട് ഊണ് പാർസൽ "
" 80 രൂപ"
രജനി ഉച്ചയ്ക്ക് കിട്ടിയ തുട്ടുകൾ കൊടുത്തു.
" ഇത് 60 രൂപയേ ഉള്ളല്ലോ ? "
" ബാക്കി വൈകിട്ട് തരാം"
അശ്വതി ഹോട്ടലിൽ ഊണിന് വില കുറവാണ്. മിക്കവാറും ദിവസങ്ങളിൽ ഒരു ഊണ് വാങ്ങാനേ സാധിക്കാറുള്ളൂ. രജനി പാഴ്സലുമായി മരച്ചുവട്ടിലുള്ള അമ്മയുടെയും മക്കളുടെയും അടുക്കൽ എത്തി. ഒരു ഊണ് അമ്മയ്ക്ക് നൽകി. ഒരു ഊണ് അവളും കഴിച്ചു. കുറച്ച് നേരം കുട്ടികളോടൊപ്പം ചിലവഴിച്ചു.
രജനിയുടെ ഭർത്താവ് നടേശൻ ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞ മാസം ഒരു ആക്സിഡന്റിൽ മരിച്ചു പോയി. രജനിയും നടേശനും പ്രേമിച്ച് കെട്ടിയതാണ്. രജനിയുടെ കുടുംബം പുറമ്പോക്കിൽ ഒരു കുടിലിലായിരുന്നു താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് ഇരുവരും ഒരു വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ട് മാറി. വാടക മാസം 2000 രൂപ. നടേശന്റെ മരണം രജനിക്ക് വലിയൊരു ആഘാതമായിരുന്നു. മാനസീകമായി അവൾ തകർന്നു. കുറച്ച് ദിവസം കൈയിൽ ബാക്കിയുണ്ടായിരുന്ന പൈസയ്ക്ക് ജീവിതം മുന്നോട്ട് പോയി. വാടക വീടൊഴിഞ്ഞു. രാത്രിയായാൽ ടൗണിലെ എസ്.ബി.ഐയുടെ മുന്നിലുള്ള തിണ്ണയിലായി ഉറക്കം. കുട്ടികൾ കൊതുകിന്റെ താരാട്ട് കേട്ടുറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ നാലുപേരും കെട്ടിപ്പിടിച്ചുറങ്ങി.
ഊണ് കഴിഞ്ഞ് നാല് മണി യായപ്പോൾ രജനി തമിഴന്റെ ചായക്കട ലക്ഷ്യമാക്കി നടന്നു. അവിടെ ചായ , വട , വാഴയ്ക്കാപ്പം , മുളക് ബജ്ജി , പയർ സഞ്ചി , മുട്ട ബജ്ജി ഇത്യാദി സാധനങ്ങളാണ് വിൽപ്പന. രജനി കടയുടെ ഓരത്ത് മാറി നിന്നു. മുഷിഞ്ഞ ചുരിദാറാണ് വേഷം കുളിച്ചിട്ട് കുറച്ച് ദിവസമായി. ചെരുപ്പില്ല. മുഖത്ത് എപ്പോഴും ശോകഭാവമാണ്. എന്നാലും ആ മുഖത്തിനൊരു ശ്രീത്വം ഉണ്ട്. ചിരിയിൽ ഒരു ശാലീനത ഒളിഞ്ഞിരിക്കുന്നുണ്ട്. രജനി കുറേ നേരം ഒരേ നിൽപ്പ് നിന്നു. ആരും ഒന്നും കൊടുത്തില്ല.
അവൾ കൈ നീട്ടി ചോദിച്ചു. ആരും ഒന്നും കൊടുത്തില്ല.
അവളുടെ മുന്നിലായി സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന ചന്ദ്രനുണ്ട്. മുടന്തനാണ് ചന്ദ്രൻ . സൈക്കിളിൽ ബോക്സ് വച്ചിട്ടുണ്ട്. അനൗൺസ്മെന്റ് റെക്കോർഡാണ് , " നാളെയാണ് നാളെയാണ് നാളെയാണ് കേരള ഭാഗ്യക്കുറി ........"
കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രന്റെ കൂട്ടുകാരൻ പാക്കരനെത്തി. തെങ്ങുകയറ്റമാണ് തൊഴില് . ഇന്നൊരു പത്തിരുപത്തഞ്ച് തെങ്ങ് കയറി. രണ്ട് പെൺമക്കളെയും കെട്ടിച്ചയച്ച് അവർക്ക് പിള്ളാരുമായി. പാക്കരൻ മുത്തച്ഛനായീന്നർത്ഥം. വൈകുന്നേരം രണ്ടെണ്ണം വീശിയിട്ടുണ്ട്.
കുറച്ച് നേരം ചന്ദ്രന്റെ ഓരത്ത് നിന്ന പാക്കരന്റെ കഴുകൻ കണ്ണുകൾ രജനിയിൽ പതിച്ചു. അയാൾ അവളെ തന്നെ നോക്കി നിന്നു. രജനി ഇതു കണ്ടു. ആദ്യം അവൾ മുഖം തിരിച്ച് നിന്നു. പാക്കരന്റെ കണ്ണുകൾ രജനിയെ മൊത്തത്തിൽ സ്കാൻ ചെയ്തു. അവൾ അവിടുന്ന് മാറി നിന്നു. വൈകുന്നേരം കുട്ടികൾക്ക് കൊടുക്കാനൊന്നും കിട്ടിയില്ല. അവളുടെ മനസ്സു പിടഞ്ഞു. പാക്കരൻ വിടാനുദ്ദേശമില്ല. വയസ്സ് എഴുപത് കഴിഞ്ഞെങ്കിലും പെണ്ണിനെ കാണുമ്പോഴുള്ള ആർത്തിക്ക് യാതൊരു കുറവും ഇല്ല. പാക്കരൻ രജനിയുടെ അടുത്ത് വന്നു. അയാൾ അവളുടെ കണ്ണുകളിൽ തന്നെ നോക്കി.
" നൂറ് രൂപ"
രജനി ഒരു നിമിഷം ഷോക്കടിച്ച അവസ്ഥയിലായി. വൈകുന്നേരം മക്കൾക്ക് കൊടുക്കാനൊന്നും കിട്ടിയില്ല. സമയം ആറ് മണി കഴിഞ്ഞു. അവൾക്ക് പരിഭ്രമമായി. മുന്നിൽ കഴുകനെ പോലെ നിൽക്കുന്നു പാക്കരൻ . നരച്ച മുടിയും ട്രിംചെയ്ത നരച്ച താടിയുമായി മെലിഞ്ഞ് കുറുകിയ ശരീരം . ലുങ്കിയും മുകളിലത്തെ രണ്ടു ബട്ടൺസ് അഴിച്ചിട്ട് നെഞ്ച് വിരിച്ച് നിൽക്കുന്ന ഷർട്ടുമിട്ട് പാക്കരൻ ഒരു ഇരുപത് കാരനെ പോലെ നിൽക്കുന്നു .
അതുവഴി പോയ ഓട്ടോ പാക്കരൻ കൈ നീട്ടി നിർത്തി.
രജനി റോഡ് സൈഡിലുള്ള മരത്തിനു കീഴെ തളർന്നിരിക്കുന്ന അമ്മയെയും മക്കളെയും മാറി മാറി നോക്കി.
അവൾ ഓട്ടോയിൽ കയറി ഒരു മാൻപേഡ യെ പോലെ പേടിച്ച് വിറച്ച് കൊണ്ട് സൈഡിലിരുന്നു. പിറകെ വാ പൊളിച്ചു കൊണ്ടിരിക്കുന്ന പെരുമ്പാമ്പിനെ പോലെ പാക്കരനും കയറി അവളുടെ അടുത്തിരുന്നു.
ഓട്ടോക്കാരൻ രാജു ചിരിച്ചു കൊണ്ട് പാക്കരനോട് ചോദിച്ചു.
" സെറ്റപ്പാണല്ലേ?"
ആ ചോദ്യം പാക്കരൻ കേട്ടില്ല. ( Jyothis)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക