Slider

അരൂപിയാണിന്നു ഞാൻ

2


കാതങ്ങൾക്കിപ്പുറം അരൂപിയാണിന്നു ഞാൻ...
മഴമേഘത്തോപ്പിലൊരു ചെറു കണികയാണിന്നു ഞാൻ ....
ഏകാന്തത തൻ അനന്തമാം വിഹായുസ്സിൽ.. 
മിഴിയെറിഞ്ഞിരിക്കുന്നൊരീ ത്രിസന്ധ്യയിൽ .......


എൻമിഴികൾ തേടുന്ന സ്വാന്ത്വന ദീപ്തമോ ... 
അകലെയായ് ദൂരേക്ക്‌ മാഞ്ഞുപോകുന്നിതാ ...
ഏകനായ് അന്ന് ഞാൻ ....ഏറെ കൊതിച്ചോരാ,
സ്വപ്നങ്ങളൊക്കയും കൈവിട്ട് പോയവൻ....


മനസ്സെന്ന മാന്ത്രിക കുതിരതൻ ഞാണൊന്ന് ...
കൈവിരൽ തുമ്പിനാൽ അറ്റു പോയീടവേ....
ഇന്നിന്റെ അപ്പുറം ആരായിരുന്നു ഞാൻ,..
ഉറ്റവർക്കുടയവർക്കാരായിരുന്നു ഞാൻ ....



അച്ഛനും അമ്മയ്ക്കും മകനായിരുന്നു ഞാൻ ...
ചേച്ചിയ്ക്ക് ചോരയാം കൂടപ്പിറപ്പു ഞാൻ ...
കുറ്റങ്ങൾ ഏറെയാണിന്നെന്റെ പേരിലോ ...
ചാർത്തുവാൻ മത്സരിച്ചീടുന്നു എൻ പ്രിയർ.. 


നെയ്തുകൂട്ടീടും , അച്ഛന്റെ സ്വപ്‌നങ്ങൾ ... 
അമ്മയുടെ ,ചേച്ചിയുടെ മോഹപ്രതീക്ഷകൾ ...
സ്വപ്നസൗധങ്ങളേറെ തകർത്തവൻ.....
വീടിനേറെ കളങ്കം വരുത്തിയോൻ.....


നാട്ടുകാരെന്നെ നോക്കിചിരിക്കുന്നു ...
വാക്കിൻശരങ്ങളാൽ പരിഹസിച്ചീടുന്നു ...
നാളെയുടെ നാമ്പെന്നു പാടിപുകഴ്ത്തിയോർ ..
വാടിക്കരിഞ്ഞൊരാ ചെണ്ടുപോൽ നോക്കുന്നു ..


നഷ്ടമാം സ്റ്റാറ്റസിൻ വിലയോർത്ത് തേങ്ങിയോ ...
വീടിന്റെയുള്ളിൽ ഒതുങ്ങുന്നു അച്ഛനും ...
അറിയില്ല ഞാൻ ചെയ്ത കുറ്റങ്ങളെന്തെന്ന് ...
വെറുക്കുവാൻ ഞാൻ ചെയ്ത പാപങ്ങളെന്തെന്ന് ..


ആശ്വാസമേകുവാൻ ഓടിയെത്തുന്നൊരെൻ മിത്രങ്ങൾ...
തിരക്കിലാണിന്ന്... ,അഭിനന്ദനങ്ങളേറ്റുവാങ്ങും തിരക്കിൽ ......
ഒന്നിച്ചു ഒരു ബെഞ്ചിൽ കൂടെ ഇരുന്നവർ ... ,
പാഠങ്ങളൊക്കെയും ചൊല്ലിപ്പഠിച്ചവർ ....


കവലയിൽ ഉയരുന്ന ഫ്ലെക്സിൽ നിറഞ്ഞവർ ... 
അനുമോദനങ്ങളാൽ പൂച്ചെണ്ട് നേടുന്നു ...
എ പ്ലസ്സു നേടിയോർ വാനിലേക്കുയരുമ്പോൾ ... 
ഡി പ്ലസ്സു നേടി ഞാൻ ഇരുളായി മാറുന്നു .


ചിന്തകളേറുന്നു ...ചിന്തിച്ചു പോവുന്നു.....
ജീവിത അന്ത്യമോ ഈ പരീക്ഷ ...!!!!!.
തോൽവി തൻ കയ്പുനീരിൽ കുളിർന്നൊരെൻ 
ജന്മമോ ഇന്നു ഞാൻ ചിതയിലേക്കെടുക്കുന്നു ...


ആരും പറഞ്ഞില്ല ..ഉപദേശരൂപേണ.....
സ്വാന്ത്വനിപ്പിക്കാനൊരു വാക്കുപോലും ..
ആരും പറഞ്ഞതായ് ഓർക്കുന്നതേയില്ല ...
ജീവതമുണ്ടെനിക്കേറെ ദൂരം .....


വിജയമോ ... ജീവിത തുടർച്ചയാക്കീടണം ...... 
തോൽവിയോ ...ജീവിതപാഠമാക്കീടണം ....
മാർഗമോ ... ജീവിത നന്മയാക്കീടണം ......
ലക്ഷ്യമോ....... ജീവിത വിജയമാക്കീടണം ....


കണ്ടതേയില്ല ഞാൻ ...സ്വാന്ത്വന തണലുകൾ ... കണ്ടിരുന്നെങ്കിലോ ..ഇന്ന്..അരൂപിയാവില്ല ഞാൻ ....


ഷിബു ബീ കെ 
sbknandhanam@gmail.com
2
( Hide )
  1. നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ മോശമാകും. അതിൽ കൂടുതൽ വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പുതിയ ചിന്തകൾ, തീർത്തും പുതിയ അക്ഷര കൂട്ടങ്ങൾ. പുതിയ എഴുത്തുകാരന് നല്ല ഭാവുകങ്ങൾ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo