
.....................................
നോമ്പായത് കൊണ്ട് പുലർച്ചെ ബാങ്ക് വിളിക്കും മുമ്പ് തന്നെ എഴുന്നേറ്റ് ഭക്ഷണമൊക്കെ കഴിച്ച് നേരെ പള്ളീലേക്ക് പോയി.. സുബ്ഹി നിസ്കാരോം അൽപം ഖുറാൻ പാരായണവും പിന്നീടുള്ള ഷട്ടിൽ കളിയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സമയം 8 കഴിഞ്ഞു.. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് നല്ലോണം കയറിക്കിടന്നങ്ങ് ഉറങ്ങി.. അതൊരു സുഖള്ള ഉറക്കാണെ..
എന്തൊക്കോ കരച്ചിൽ പോലുള്ള ശബ്ദം കേട്ടാണ് പിന്നെ എണീറ്റത്. സമയം നോക്കിയപ്പോൾ പതിനൊന്ന് കഴിഞ്ഞിരിക്കുന്നു.. വയറ്റിൽ ഇപ്പഴേ എരി പൊരി സഞ്ചാരം.. അതങ്ങനെയാണ് .. പുലർച്ചെ കഴിച്ച തൊന്നും വയറിന് ഓർമ്മയില്ലല്ലോ.. കരച്ചിൽ വീണ്ടും ഉച്ചത്തിൽ കേൾക്കുന്നുണ്ട്.. ഞാൻ മുണ്ട് വാരിയുടുത്ത് പുറത്തേക്കിറങ്ങി നോക്കി.
കുറച്ചപ്പുറത്ത് കമ്മുണ്ണി കാക്കയുടെ വീട്ടിൽ നിന്നാണ് ശബ്ദം... അങ്ങോട്ട് പോവുന്ന വഴിക്കേ കാര്യമറിഞ്ഞു.. ഭർത്താവിനോട് തെറ്റി വീട്ടിൽ വന്ന് നിൽക്കുന്ന മൂപ്പരുടെ മോൾ കിണറ്റിൽ ചാടിയിരിക്കുന്നു !
കല്ല് വെച്ച് ആൾ മറ കെട്ടിയ കിണറിന് ചുറ്റും ചെറിയൊരു ആൾകൂട്ടം രൂപപ്പെട്ടിരുന്നു... തലേന്ന് പെയ്ത ചെറിയ മഴയുടെ അവശേഷിപ്പായി അവിടവിടെ വെള്ളം കെട്ടി നിന്നു. ആർക്കാരെ വകഞ്ഞ് മാറ്റി കിണറിനുള്ളിലേക്ക് നോക്കിയപ്പോഴുള്ള കാഴ്ച കൗതുകപരമായിരുന്നു..
ഏകദേശം 60 അടിയോളം താഴ്ചയുള്ള വലിയ കിണറിൽ അരയൊപ്പം വെള്ളത്തിൽ കഥാ നായിക അങ്ങനെ നിൽക്കുകയാണ്.. ഇടക്ക് പട്ടി മോങ്ങുന്ന പോലെ കരയുന്നുണ്ട്.. ചാവാൻ പോയപ്പോൾ കിണറും ചതിച്ചിരിക്കുന്നു!
ഇനിയിപ്പോൾ ആരെങ്കിലും കിണറ്റിനുള്ളിൽ ഇറങ്ങിയാലെ അവരെ പുറത്തെത്തിക്കാൻ പറ്റുകയുള്ളൂ.. നോക്കി നിന്നിട്ട് കാര്യമില്ല.. കിണറിൽ വെള്ളം കുറവെങ്കിലും ഇത്ര ആഴത്തിലേക്ക് ചാടിയപ്പോൾ വല്ല പരിക്കും പറ്റിയോന്ന് അറിയില്ലല്ലോ..
ആൾ മറക്ക് കുറുകെ വെച്ച കമ്പിയിൽ കെട്ടിയ കയറിൽ പിടിച്ച് കപ്പടകളിൽ കാൽ കവച്ച് വെച്ച് ഞാൻ പതുക്കെ താഴേക്കിറങ്ങി.. കഥാ നായിക പേടിയും ചമ്മലും കൊണ്ട് വല്ലാത്ത അവസ്ഥയിലാണ്..കാര്യമായ പരുക്കുകളില്ലെന്ന് കണ്ടപ്പോൾ സമാധാനമായി..
മുകളിൽ നിന്ന് ആരോ ഇറക്കി തന്ന കസേരയിൽ അവരെ ഇരുത്തി ഞാൻ കയറ് വലിച്ചോളാൻ പറഞ്ഞു.. മുകളിലെത്തേണ്ട താമസമുണ്ടായില്ല മൂപ്പത്തി ഇറങ്ങി ഒരോട്ടമായിരുന്നു... ശത്രുക്കൾക്ക് പോലും ഈ ഗതി വരാതിരുന്നാൽ മതിയായിരുന്നു..
എല്ലാം കഴിഞ്ഞ് കിണറ്റിൽ കരയിലിരുന്ന് വിശ്രമിക്കുമ്പോഴാണ് കമ്മുണ്ണിക്കാക്ക അത് പറഞ്ഞത്.. ഒന്നൂടി കിണറ്റിലിറങ്ങണമെന്ന് ...! ഓൾടെ കഴുത്തിലെ ഒരു പവന്റെ മാല കാണണില്ലാന്ന്... ഞാൻ മൂപ്പരെ ഇരുത്തി ഒന്ന് നോക്കി മുണ്ടും മാടികുത്തി തിരിഞ്ഞ് നടക്കുമ്പോൾ മനസ്സിൽ ആലോചിച്ചു.. നോമ്പായിപ്പോയി കള്ള കാർന്നോരേ....
- യൂനുസ് മുഹമ്മദ്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക