ഉന്നതകുല ജാതനായ എനിക്ക് എന്റെ ജാതിയും മതവുമാണ് എല്ലാറ്റിനും വലുത് .
എന്റെ മതത്തിന്റെ നിലപാടുകളും പ്രവർത്തനങ്ങളും ആണ് ശരി . അത് മാത്രമാണ് ശരി...ഞാൻ ,എന്റെ ,എനിക്ക് ....ഇതാണെന്റെ ലോകം ..
അറിയാതെ ദേഹത്ത് തട്ടിയ അയല്പക്കക്കാരനായ കീഴ്ജാതിക്കാരനെ ശാസിച്ച് ദൂരേക്ക് അകറ്റിനിർത്തി ...
കവലയിൽ സൗഹൃദ നോട്ടത്താൽ പുഞ്ചിരി തന്ന അന്യമതസ്ഥനെ പുച്ഛത്തോടെ അവഗണിച്ചു.......
എന്റെ മതത്തിന്റെ ദൈവമാണ് സത്യം ...മറ്റുള്ളതെല്ലാം മിഥ്യയാണ് ...അന്യമതസ്ഥരുടെ ദേവാലയങ്ങളും പ്രാർത്ഥനകളുമെല്ലാം കാണുമ്പോൾ പുച്‌ഛം തോന്നും ...
എന്റെ മതത്തെ അനുകൂലിച്ചും എതിർത്തും സംസാരിച്ച , പ്രവർത്തിച്ച കീഴ്ജാതി ,അന്യമതസ്ഥരെ ശാരീരികമായും മാനസികമായും കീഴ്‌പ്പെടുത്തി .....
എന്റെ സൗഹൃദക്കൂട്ടം എന്നും ശ്രേഷ്ട്ടകുലജാതരിൽ മാത്രം ഒതുങ്ങി നിന്നു...ആരെയും ഗൗനിക്കാതെ എന്റെ ശരിയെ മാത്രം അംഗീകരിച്ചു ഞാൻ തലയുയർത്തി ഉയരങ്ങളിൽ പറന്നു ...
താഴെ ഞാൻ ഒന്നും കണ്ടില്ല ,കണ്ട ഭാവം നടിച്ചില്ല ....
മുരുണ്ടുമ്പോൾ തുളച്ചുകയറുന്ന ബുള്ളറ്റിന്റെ സ്വരം എനിക്കൊരു ലഹരിയായിരുന്നു ....വേഗതയ്ക്ക് കാറ്റിനെ തോൽപ്പിക്കാനാവുമെന്ന എന്റെ ധാരണയെ തിരുത്താൻ ,റോഡിൽ കിടന്ന ഒരു ചെറിയ കരിങ്കൽ കഷ്ണം മതിയായിരുന്നു .....
നിലവിളിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ എന്റെ അടുത്തേക്ക് ഓടിവരുന്നു ..അവർ എന്റെ ചുറ്റും കൂടിനിൽക്കുന്നു .ചിലർ പേടിച്ചു കരയുന്നു ...ചിലർ തലചുറ്റി വീഴുന്നു ...മറ്റു ചിലർ ഒരു ഭാവമാറ്റവും ഇല്ലാതെ കാഴ്ച്ച കണ്ടു നിൽക്കുന്നു ...
എനിക്കൊരു മരവിപ്പ് മാത്രമെ തോന്നിയുള്ളൂ ..എഴുന്നേൽക്കാൻ ശ്രമിച്ചു... ആവുന്നില്ല ..ഒന്ന് കൈപിടിച്ച് സഹായിക്കാൻ ...കൂടിനിൽക്കുന്നവരിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു ...കൂടുതലും അന്ന്യമതസ്ഥരും കീഴ്ജാതിക്കാരുമാണല്ലോ !!!
ശ്രേഷ്ട്ടകുലജാതർക്കു വേണ്ടി എന്റെ കണ്ണുകൾ വീണ്ടും തിരച്ചിൽ നടത്തി ....അതാ ഒരാൾ ....ഞാൻ കവലയിൽ വെച്ച് സ്ഥിരം കുശലം പറയുന്ന ചുരുക്കം ചിലരിൽ ഒരാൾ .....എന്നെ സഹായിക്കാൻ അയാളെന്തേ വൈകുന്നു ??????? ആകാംഷയോടെ
അയാളെന്തോ ചെയ്‌യുകയാണല്ലോ ????
മൊബൈലിൽ ഫേസ്ബുക്ക് ലൈവ് പോവാനുള്ള തിരക്കിലാണ് അയാൾ ...എന്നെ ആണല്ലോ ഫോക്കസ് ചെയ്യുന്നത് !!!!! ലൈവിൽ ഇത് കാണാൻ എത്രപേർ ഓൺലൈൻ ഉണ്ടെന്നറിയാനുള്ളതായിരുന്നു അയാളുടെ ആകാംഷ എന്നത് എന്നിൽ ഭീതിയായിരുന്നു ജനിപ്പിച്ചത് ...
കണ്ണുകൾ ഒന്നുഅടച്ചു തുറന്നു ..അതാ ഒരാൾ കൂടി ..എന്റെ ശ്രേഷ്ട്ടകുല പരിചയക്കാരൻ ....അയാൾ തന്റെ കാറിൽ അക്ഷമനായി ഇരിക്കുകയാണ്..ഇടയ്ക്ക് തന്റെ വാച്ചിലേക്കും നോക്കുന്നു ...
"ഈ ബ്ലോക്ക് ഒന്ന് മാറിയിരുന്നേൽ പോകാമായിരുന്നു ..ഇപ്പോഴേ സമയം വൈകി "..അയാളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് എന്റെ കാതിൽ മുഴങ്ങി ....
കൂടിനിൽക്കുന്ന ആളുകൾക്കിടയിൽ നിന്നും ഒരാൾ എന്റെ അടുത്തേക്ക് ഓടി വന്നു ..
"ജീവനുണ്ട് ..ജീവനുണ്ട് .. "
അയാൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞുകൊണ്ട് എന്റെ ശരീരം വാരിയെടുക്കുന്നു ..അസഹനീയമായ ചോരയുടെ മണം അയാൾ ഗൗനിക്കുന്നേയില്ല ...അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ..ഞാൻ സൂക്ഷിച്ചു നോക്കി .......
'അതേ..എനിക്കറിയാം .... എനിക്കറിയാം ഇയാളെ' .......
അറിയാതെ എന്റെ ദേഹത്തു തട്ടിയതിനു ശകാരിച്ചു ദൂരേക്ക് അകറ്റിയ എന്റെ അയല്പക്കക്കാരൻ കീഴ്ജാതിക്കാരൻ ......
ഒരാൾ കൂടി മുന്നോട്ട് വരുന്നു .....പാതിയിൽ മുറിഞ്ഞു പോയ ചോരയിൽ കുളിച്ച എന്റെ കൈ അതാ അയാൾ എടുക്കുന്നു ......
കവലയിൽ സൗഹൃദത്തിനായി പുഞ്ചിരി തൂവാറുള്ള,ഞാൻ പുച്ഛത്തോടെ അവഗണിക്കാറുള്ള ആ അന്യമതസ്ഥൻ ........
"24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ ...ബ്ലഡ് കുറച്ച് വേണ്ടിവരും..കൃത്യ സമയത്താണ് നിങ്ങൾ എത്തിച്ചത് ..ഞങ്ങൾ ചെയ്യാനാവുന്നത് എല്ലാം ചെയ്യാം ....ദൈവത്തോട് പ്രാർത്ഥിക്കൂ നിങ്ങൾ "
അബോധാവസ്ഥയിലും എനിക്കെല്ലാം കാണാം ...കേൾക്കാം ..പക്ഷെ ..ഒന്നുംചെയ്യാനാകുന്നില്ല ....
ഡോക്ടറുടെ വാക്കുകൾ അവരുടെ മുഖത്തെ പ്രസാദിപ്പിക്കുന്നത് ഞാൻ നിറകണ്ണുകളോടെ കണ്ടു ...അന്യമതസ്ഥൻ തന്റെ ദൈവത്തിനെ വിളിച്ചു പ്രാർത്ഥിക്കുന്നു ,നന്ദി പറയുന്നു ...എനിക്കുവേണ്ടി ....എന്റെ ജീവനിൽ ഇനിയുമുള്ള പ്രതീക്ഷയിൽ...
ബ്ലഡ് തരാനും അവർ തയ്യാർ .......
അവരുടെ ചോര എന്റെ ശരീരത്തിലേക്ക് കലർത്തിയപ്പോൾ, എന്റെ ശ്രേഷ്ട്ട ചോര അതിനെ തടഞ്ഞില്ല ...പുച്ഛത്തോടെ അവഗണിച്ചില്ല ....അന്യ , കീഴ്ജാതി ചോരയെന്ന ഭ്രഷ്ട്ട് കൽപ്പിച്ചില്ല........തന്റെ സഹോദരനെന്നവണ്ണം വാരിപ്പുണർന്നു ....ജീവനെന്ന സത്യത്തെ യാഥാർഥ്യ മാക്കി തുടരാൻ അവരെന്റെ ശരീരത്തിലൂടെ ഒന്നായി ഒഴുകി ....
ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവത്തിനെ വിളിക്കാൻ പോലും എനിക്കാവുന്നില്ലല്ലോ ......
കുറ്റബോധം .....
ചെയ്തുകൂട്ടിയതിന്റെ എല്ലാം ........മനുഷ്യർ എന്ന സത്യത്തെ മതത്തിന്റെയും ജാതിയുടെയും ലേബൽ ഒട്ടിച്ച് തരം തിരിച്ചതിന്റെ വേദന .......
ഇന്ന് ഞാൻ മനുഷ്യലോകത്ത് ഒരു മനുഷ്യ ജീവി ആയാണ് ജീവിക്കുന്നത് ..എന്റെ മതം മനുഷ്യനാണ് ....എന്റെ ജാതി പരസ്പ്പര സ്നേഹമാണ് ...
ഇന്ന് ഞാനില്ല ....എന്റേതില്ല...എനിക്കില്ല ..... ഇപ്പോൾ .....
നാം ..നമ്മൾ ,നമ്മുക്ക് ....അതാണെന്റെ ലോകം ....
*----------*
Shibu BK Nandhanam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക