Slider

കാറ്റിന്റെ തേങ്ങലുകൾ...

0
.Image may contain: 1 person, tree, plant, outdoor and nature
റിസപ്ഷൻ കൗണ്ടറിനു മുന്നിൽ ആളു കുറവായിരുന്നു. ഏഴാമത്തെ നിലയിലാണെന്നു നേരെത്തെ അറിഞ്ഞിരുന്നെങ്കിലും ഒരിക്കൽ കൂടി ചോദിച്ചുറപ്പിക്കുവാൻ തീരുമാനിച്ചു.
റിസപ്ഷനിലെ സുന്ദരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഇടതുവശത്തെ ഇടനാഴിയിലൂടെ നടന്നു വലത്തോട്ടു തിരിയണം. ലിഫ്റ്റ് അവിടെയുണ്ട്. എഫ് അനക്ഷർ ..
നന്ദി പറഞ്ഞു ഞാൻ തിരികെ നടന്നു.
സ്പോട്ട് ലൈറ്റുകൾ വീണു മിനുസമായ തറ കണ്ണാടി പോലെ തിളങ്ങുന്നു. ഒരു വശത്തു നിരത്തിയിട്ട സ്റ്റീൽ കസേരകളിൽ അക്ഷമയുടെ മുഖങ്ങളുമായി കുറേ പേർ.ലോബിയുടെ ഒരു വശത്തു വച്ചിരിക്കുന്ന മാതാവിന്റെ രൂപക്കൂടിൽ കണ്ണു തുടച്ചു മെഴുകുതിരി കത്തിക്കുന്ന ഒരു സ്ത്രീ...
പ്രാർത്ഥനകളാവാം... ഒരു പക്ഷെ നന്ദി പറച്ചിലാവാം...
ലിഫ്റ്റിൽ നിന്നിറങ്ങവേ കണ്ടു...പരിഭ്രമത്തോടെ , അലസമായി വസ്ത്രം ധരിച്ചു മുടി പാറിയ ഒരാൾ..
മിസ്റ്റർ ഉമേഷ് ?
അരുൺ സാർ... അല്ലേ..? ഞാൻ കാത്തു നിൽക്കുകയായിരുന്നു... അയാൾ എന്റെ കൈകളിൽ പിടിച്ചു
അയാളുടെ തണുത്ത കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു
മരുന്നുകളുടെ മണം പടർന്ന ,മരണം വന്നും പോയും ഇരിക്കുന്ന ഇടനാഴിയിലൂടെ ഒന്നും മിണ്ടാതെ നടക്കുമ്പോൾ എന്താണു പറയുക എന്നാണ് ചിന്തിച്ചത്.
നീണ്ട പന്ത്രണ്ടു വർഷങ്ങൾ....
അകത്തെ മുറിയിൽ വീണ കിടക്കുകയായിരുന്നു. തലയുയർത്തി വച്ച പച്ച വിരിയിട്ട കിടക്ക.മുകളിലെ കുപ്പിയിൽ നിന്നും തുള്ളി തുള്ളിയായി മഞ്ഞ നിറമുള്ള മരുന്നു കണ്ണീരൊഴുകുന്ന പോലെ വീഴുന്നു
എണ്ണ വീഴാതെ പടർന്ന കിടന്ന മുടിയിഴകളിൽ ഇടയ്ക്ക് തെളിഞ്ഞു നിന്ന വെള്ളി വരകൾ.
മയങ്ങുകയായിരിന്നിരിക്കണം.. അസ്ഥികൂടമായി കിടന്ന ആ രൂപത്തെ നോക്കി അയാൾ പയ്യെ വിളിച്ചു.... വീണേ.... സാറ് വന്നു...
കറുത്ത നിറം പടർന്ന കൺപോളകൾ പയ്യെ തുറന്നു.. ആ പഴയ കണ്ണുകളാൽ അവളെന്നെ നോക്കി...
എഴുന്നേൽക്കണ്ട കിടന്നോളൂ.. അവൾക്കഭിമുഖമായി കസേര വലിച്ചിട്ടു ഞാനിരുന്നു.. ഒരിക്കൽ കൂടി നോക്കി.. പിന്നെ ആ നോട്ടം താങ്ങാനാവാതെ തല കുനിച്ചു..
മാഷ് വന്നല്ലോ... അതു തന്നെ സന്തോഷം... ഇടയ്ക്കവളുടെ ശബ്ദം മൗനം ദേദിച്ചു ഇടറി വീണു..
വീണ്ടും കേൾക്കുന്നു പഴയ ആ വിളി.. ഓർമ്മകളുടെ മറിഞ്ഞു പോയ താളുകളിൽ മറക്കാനാവാത്ത ആ ശബ്ദം ഇതാ വീണ്ടും..
അകലെ വാക പൂവുകൾ വീണു ചുവന്ന മരച്ചുവട്ടിൽ കടലിനെ നോക്കിയിരുന്ന ഒരു ചെറുപ്പക്കാരൻ.. അവനരുകിൽ സുന്ദരിയായ ഒരു യുവതി....
മാഷേ.... ഒരു കവിത പാടൂ..
പടിഞ്ഞാറെ ചക്രവാളത്തിന്റെ ചുവപ്പു തെളിഞ്ഞ കണ്ണുകളിലേക്കു അയാൾ നോക്കി.. കാറ്റിൽ അനുവാദമില്ലാതെ അവളുടെ മുടിയിഴകൾ അവനെ തഴുകി ഇളകുന്നുണ്ടായിരുന്നു..
ഓളങ്ങളിൽ ചാഞ്ചാടി കുണുങ്ങി വരുന്ന ഒരു കൊതുമ്പുവള്ളം കരയിൽ നിന്നകന്നു പോകുന്നതും നോക്കി അവരിരുന്നു. .ചിതറിതെറിച്ചു പോയ ചിരിയുമായി കരയിലേക്കു വന്ന കൂറ്റൻ തിരമാലകൾ തലയടിച്ചു പിൻവാങ്ങവേ അവൻ പാടി..
"കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍ "
മൗനം കുടിച്ചു നിന്ന കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..
ഞാനിറങ്ങി വരും മാഷിനൊപ്പം...
അവൻ ചിരിച്ചില്ല.. നിറയുന്ന കണ്ണുകളാൽ കൈ വെള്ളകളിലെ കൂട്ടിമുട്ടാത്ത രേഖകൾ നോക്കി അവൻ എന്തോ പറയുവാനാഞ്ഞു.. അപ്പോഴേയ്ക്കും കാറ്റിൽ ശിഖരങ്ങൾ വിട്ട ചുവന്ന പൂക്കൾ അവരുടെ മേൽ വീണ്ടും മൗനം വിതറി തുടങ്ങിയിരുന്നു..
വീണയുടെ കണ്ണിലേക്കു ഞാൻ നോക്കി.. കാറ്റിൽ കൊഴിഞ്ഞു വീണ ഇന്നലെകൾ ഇതാവീണ്ടും...
ശബ്ദം ഉറഞ്ഞു പോയ നിമിഷങ്ങൾ ഭേദിച്ചു ഞാൻ ചോദിച്ചു.
കുട്ടികൾ...
ഉമേഷ് വീണയെ ഒന്നു നോക്കി.. പിന്നെ പറഞ്ഞു... ആ ഭാഗ്യവും ഞങ്ങൾക്കില്ല കുറേ നാൾ ട്രീറ്റ്മെൻറ്റിലായിരുന്നു.. പിന്നെ ആ മോഹവും........
ഇടനാഴികളിലെവിടെയോ ഉറക്കെ ഒരു നിലവിളി കേട്ടു.. ഏതോ വേർപാടിന്റെ അറിയിപ്പ്..
ഉമേഷേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. മാഷിനെ പറ്റിയും കവിതകളെ പറ്റിയും ഒക്കെ... ഞാൻ പറഞ്ഞിട്ടു തന്നെയാ ഉമേഷേട്ടൻ മാഷിനെ വിളിച്ചത്...
വീണയുടെ ശബ്ദത്തിനു മറുപടി തിരഞ്ഞു ഞാൻ. പിന്നെ തൊണ്ടയിൽ കുരുങ്ങി നിന്ന ശബ്ദം പൊട്ടിച്ചു പറഞ്ഞു..
ഭേദമാവും...വേഗം...
അവളൊന്നു ചിരിച്ചു...ആ പഴയ ചിരി വീണ്ടും..
മാഷിനെ ഒരിക്കൽ കൂടി കാണണം എന്നു തോന്നി.. ഒത്തിരി കഷ്ടപ്പെട്ടാണ് നമ്പർ പോലും കിട്ടിയത്. വരുമെന്നു വിചാരിച്ചില്ല... സന്തോഷായി എനിക്ക്..
അതു പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയിരുന്നു. ഉമേഷ് ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ കവിളിൽ തലോടി...
ഇത് മാഷിനുള്ള എന്റെ ഗിഫ്റ്റാണ്... ഒരു പുസ്തകമാണ്.. ഇനി ഒരു പക്ഷെ........
വാക്കുകൾ മുറിഞ്ഞപ്പോൾ ഞാനാ കൈകൾ ചേർത്തു പിടിച്ചു... എല്ലാം ശരിയാവും... വീണ... യൂ വിൽ റിക്കവർ ഫാസ്റ്റ്.....
അധികനേരം നിൽക്കുവാനാവാത്തതിനാൽ യാത്ര ചോദിച്ചു പുറത്തിറങ്ങി. ഇറങ്ങുമ്പോൾ അവളുടെ മുഖത്തു നോക്കി കരയാനാവാതെ ഒന്നു ചിരിച്ചു..
ഇടനാഴിയിൽ വച്ചു ഉമേഷ് വീണ്ടും എന്റെ കൈയ്യിൽ പിടിച്ചു.പിന്നെ താഴേയ്ക്കു നോക്കി പറഞ്ഞു.
സർ അവൾക്ക് മൾട്ടിപ്പിൾ മൈലോമയാണ് ..
ആശ്വസിപ്പിക്കാനാവാത്തതിനാൽ ഞാൻ തോളിൽ തട്ടി... മൗനമായി യാത്ര പറഞ്ഞു..
ലിഫ്റ്റിൽ താഴോട്ടിറങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു.. കണ്ണാടി മിനുസമുള്ള തറയിലൂടെ എന്റെ ക്ഷീണിച്ച കാലുകൾ പയ്യെ നടന്നു..
രൂപക്കൂട്ടിൽ മെഴുകുതിരി നാളങ്ങൾക്കു പിന്നിലെ കരുണയുടെ മുഖം നോക്കി തൊഴുതു പ്രാർത്ഥിച്ചു..
പുറത്തേയ്ക്കു നോക്കിയപ്പോഴാണതു കണ്ടത്.ആശുപത്രിയുടെ മതിലിനരികിൽ , വഴി തിരിയുന്നിടത്തു ചുവന്ന പൂക്കളുള്ള ഒരു മരം.അതിനു ചുവട്ടിൽ ഒഴിഞ്ഞ ഒരു ചാരു ബഞ്ച്..
അവിടെ വച്ചു വിറയ്ക്കുന്ന കൈകളോടെ ആ പുസ്തകം തുറന്നു.
.ആദ്യ പേജിൽ കറുത്ത മഷിയിൽ ആ. വടിവൊത്ത അക്ഷരങ്ങൾ..
എന്റെ മാഷിന്,
"ഒടുവിൽ നമ്മൾ പിരിയും
ഈ കടവിൽ ഞാനേകയാവും.."
സ്നേഹപൂർവ്വം
...... വീണ....
ഒരോർമ്മപ്പെടുത്തലെന്നോണം കാറ്റിന്റെ തേങ്ങലുകൾ ഞാൻ കേട്ടു.. മുകളിലെ പച്ചപ്പുകളിൽ നിന്നും കണ്ണീരായി ചുവന്ന പൂക്കൾ താഴോട്ടൊഴുകി വീണു...
....പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo