
നാട്ടിലെ ഇത്തവണത്തെ മഴവെള്ളം കണ്ടപ്പോൾ കല്യാണ സമയത്ത് പറ്റിയ ഒരബദ്ധം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്
ആരും ചിരിയ്ക്കല്ലേ...
കല്യാണം ഒക്കെ കഴിഞ്ഞു വിരുന്നുണ്ട് നടക്കുന്ന കാലം.... കോട്ടയംകാരനായ എനിയ്ക്ക് വെള്ളപൊക്കം എന്നൊക്കെ പറഞ്ഞാൽ വലിയ മഴക്കാലത്ത് കാൽപാദം വരെ മിറ്റത്ത് പൊങ്ങുന്ന വെള്ളമാണ്.
ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് തിരുവല്ലയിൽ നിന്നാണ്. ഭാര്യവീടിൻറെ ചുറ്റും പാടവും കായലുമൊക്കെയാണ് മഴക്കാലം ആവുമ്പോൾ വീടിന്റെ അകത്തിരുന്നു മീൻ പിടിയ്ക്കാം അത്രയ്ക്ക് വെള്ളമാണ്..
ഇനി കാര്യത്തിലേക്ക് വരാം..
അങ്ങനെ മഴക്കാലത്ത് ഭാര്യ പറഞ്ഞു ചേട്ടാ, ചേട്ടൻ അല്ലെ പറഞ്ഞത് ഞങ്ങളുടെ വീട്ടിൽ വെള്ളപൊക്കം എന്നൊക്കെ പറയുന്നത് പുളു ആണെന്ന്?
വാ നമുക്ക് അങ്ങോട്ട് പോവാം. രണ്ടു ദിവസം അവിടെ നിന്ന് വെള്ളം ഒക്കെ കണ്ടിട്ട് തിരിച്ചു വരാം എന്ന്
ഞാൻ പറഞ്ഞു ഇതൊക്കെ എന്ത്? വാ പോയേക്കാം.. അങ്ങനെ ഞങ്ങൾ ഉച്ച തിരിഞ്ഞു തിരുവല്ലയ്ക്ക് യാത്ര തിരിച്ചു.. പോയ വഴിയ്ക്കെല്ലാം നല്ല മഴയും
സന്ധ്യ ആയി തിരുവല്ലയിൽ എത്തിയപ്പോൾ. അവിടുന്ന് കുറച്ചു പലഹാരമൊക്കെ വാങ്ങി ഒരു ഓട്ടോ വിളിച്ചു ഞങ്ങൾ രണ്ടു പേരും കൂടി ഭാര്യയുടെ വീട്ടിലേക്ക് പോയി. പോയ വഴിക്കാണ് എനിയ്ക്ക് മനസിലായത് ഞാൻ കണ്ടതൊന്നും അല്ല വെള്ളപൊക്കം എന്ന്.. ഓട്ടോയ്ക്ക് ഉള്ളിൽ വരെ പോയ വഴിയിൽ വെള്ളം..
എനിയ്ക്ക് ചെറുതായി പേടി വരാൻ തുടങ്ങി..
ഡീ നിനക്ക് നീന്താൻ അറിയാമോ ??
കൊള്ളാം...... ചുറ്റിനും വെള്ളത്തിൽ കിടക്കുന്ന എന്നോടാണോ ചേട്ടാ നീന്തൽ അറിയാവോന്നു ചോദിക്കുന്നത് ??
എനിയ്ക്ക് ചെറുതായി പേടി വരാൻ തുടങ്ങി.. കാരണം എനിയ്ക്ക് നീന്തൽ അറിയില്ല.
ഡീ ഇപ്പോൾ നമ്മൾ രണ്ടു പേരും വെള്ളത്തിൽ പെട്ടാൽ നിനക്ക് എന്നെ രക്ഷിക്കാൻ പറ്റുവോ??
പിന്നേ നീന്തൽ അറിയാൻ മേലാത്ത നിങ്ങളെ അതും എന്റെ ഇരട്ടി തടീം വണ്ണോമുള്ള ചേട്ടനെ ഞാൻ എങ്ങനെ രക്ഷിയ്ക്കാൻ ആണ്..
ഞാൻ ഒച്ച വച്ച് ആളെ കൂട്ടാം.. അവൾ പറഞ്ഞു..
ഈശ്വരാ വെറുതെ പോരണ്ടായിരുന്നു.. എന്തെങ്കിലും പറ്റിയാൽ അതോടെ തീർന്നു.. ഇങ്ങനെ ഒക്കെ ഓർത്തോണ്ടിരുന്നപ്പോൾ ഓട്ടോക്കാരൻ വണ്ടി ഒതുക്കിയിട്ട് പറഞ്ഞു, ചേട്ടാ ഇനി വണ്ടി പോകില്ല. അങ്ങോട്ട് ഭയങ്കര വെള്ളം ആണ്. തന്നേമല്ല, ഒഴുക്കും കൂടുതൽ ആണെന്ന്. പേടിയുടെ മേൽ ഓട്ടോ ഡ്രൈവറിന്റെ അടുത്ത ആണിയടി.
ചേട്ടാ വാ നമുക്ക് നടക്കാം.. ഒരു കിലോമീറ്റർ അല്ലേ ഉള്ളൂ.. ഞാൻ ദയനീയമായി ഭാര്യയെ ഒന്ന് നോക്കി. എന്നാലും പേടി മുഖത്ത് കാണിയ്ക്കാതെ ഓട്ടോക്കാരന് പറഞ്ഞതിലും പത്തു രൂപ കൂടുതൽ കൊടുത്തു പറഞ്ഞു വിട്ടു.
ചേട്ടാ ഏതായാലും മൊത്തം നനയും ചേട്ടൻ കുട പിടിച്ചോ.. കൈൽ പലഹാരം ഉള്ളതല്ലേ..
അവൾ പേടി കൂടാതെ സാരി ഒക്കെ പൊക്കി കുത്തി ഒരഭ്യാസിയെ പോലെ നടക്കാൻ തുടങ്ങി..
ഞാൻ പറഞ്ഞു കുറച്ചു പയ്യെ നടക്കൂ.. നിനക്കിവിടുത്തെ വഴി ഒക്കെ നല്ല പരിചയം കാണും എനിക്കില്ല..
നീ കൈയിൽ പിടിച്ചേ.. ഞാൻ അവളുടെ നേരെ കൈ നീട്ടി.. അവൾ പറഞ്ഞു ചേട്ടാ ഞാൻ സാരി പൊക്കി പിടിക്കട്ടെ.. ചേട്ടൻ എന്റെ പിറകെ ഇങ്ങു നടന്നു വന്നാൽ മതി..
ഞാൻ മനസില്ലാ മനസോടെ സമ്മതിച്ചു... എന്നിട്ട് സ്‌കൂളിൽ രാവിലെ അസംബ്ലിയ്ക്ക് വരിവരിയായി പോകുന്ന ഓർമ്മയോടെ അവളുടെ പിറകിൽ ഓരോ സ്റ്റെപ്പും വിയറ്റ്‌നാം കോളനിയിൽ ഇന്നസെന്റ് പറയുന്ന പോലെ "ഇതിനെക്കാളും വലുത് ചാടി കിടന്നവൻ ആണീ കെ കെ ജോസഫ്" എന്ന് മനസിൽ പറഞ്ഞുറപ്പിച്ച് വളരെ സൂക്ഷിച്ചു വച്ച് നടന്നു ഒരു വിധത്തിൽ വീടിന്റെ അടുത്ത് വരെ എത്തി..
വെള്ളം കയറിയാൽ മീണ് കയറിവരും ആ ഭാഗത്തൊക്കെ.. അങ്ങനെ കയറി വരുന്ന മീനിനെ പിടിയ്ക്കാൻ പെണ്ണിന്റെ അച്ഛൻ പറമ്പിൽ മുഴുവൻ കിടങ്ങു പോലെ കുഴി കുത്തിയിട്ടിട്ടുണ്ടാരുന്നു..
ഇതറിയാവുന്ന ഭാര്യ അതിലൊന്നും വീഴാതെ മുന്നിൽ നടന്നു പറമ്പിൽ കയറി.. നിത്യ തൊഴിൽ അഭ്യാസം പോലെ നടന്നു പോവുന്നു
ചേട്ടാ സൂക്ഷിച്ചോണേ കുഴി ഉണ്ടാവുമെ എന്ന് പറഞ്ഞു തീർന്നില്ല ഞാൻ ദേ കിടക്കുന്നു കഴുത്തറ്റം വെള്ളത്തിൽ കുഴിയിൽ... ഞാൻ വിചാരിച്ചു വീണത് കിണറ്റിലോ മറ്റോ ആണെന്ന്.. വീണ വീഴ്ചയിൽ കാലിൽ എന്തോ കുത്തി കയറിയതോ, കടിച്ചതോ ആയ ഫീലിംഗ്.
ഞാൻ വീണത് കണ്ടതും ഭാര്യ തിരിഞ്ഞു നിന്ന് ഒറ്റ ചിരി... കൈൽ ഇരുന്ന പലഹാരപ്പൊതി നനയാതെ ഞാൻ പൊക്കി പിടിച്ചു...
ആസ്ഥാനത്ത് ഭാര്യയുടെ ഒരു ചോദ്യവും.. ചേട്ടാ കളസം ഇട്ടിട്ടുണ്ടല്ലോ അല്ലേ?? കാരി മീൻ കയറി വരുന്ന സമയം ആണ്.. കടിയ്ക്കും എന്ന്. ഞാൻ ഒന്ന് ഞെട്ടി കാലിൽ ഇനി കാരി കടിച്ചതാണോ വേദന? എന്തേലും ആവട്ടെ ആസ്ഥാനത്തൊന്നും അല്ലല്ലോ എന്ന് സമാധാനിച്ചു.
ഞാൻ പറഞ്ഞു എടീ വീട്ടിൽ നിന്നും ആരെങ്കിലും വരുന്നേനു മുന്നേ നീ പിടിച്ചേ ഞാൻ കയറട്ടെ.. ഭാര്യ പിടിച്ചിട്ടും രക്ഷയില്ല. കയറാൻ പറ്റുന്നില്ല..
അവൾ പിന്നെ വീട്ടിൽ നിന്നും അച്ഛനെ ഒക്കെ വിളിച്ചു വന്നിട്ടാ വീട്ടിൽ കയറാൻ പറ്റിയത്..
അവിടെ ജനിച്ചു വളർന്ന് വെള്ളം കണ്ടു കിടക്കുന്ന അവർക്കെല്ലാം ഭയങ്കര ചിരി..
കാൽപാദം വരെ മിറ്റത്ത് പൊങ്ങുന്ന വെള്ളപൊക്കം കണ്ട എനിയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ സമാധാനവും
അതിൽ പിന്നെ അവളുടെ വീട്ടിൽ പോവുമ്പോൾ എപ്പോളും അമ്മേ അവിടെങ്ങനാ വെള്ള പൊക്കം ഉണ്ടോ എന്ന് വിളിച്ചന്വേഷിച്ചിട്ടേ യാത്ര പോകാറുള്ളൂ
സുനിൽ - കുട്ടായി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക