---------------------------------------
*റാംജി..*
നേരം വെളുക്കാറായി...
കോഴിക്കൂട്ടിൽ എന്തോശബ്ദം കേട്ടാണ് പൈലിച്ചായൻ കണ്ണുതുറന്നത്..
തിടുക്കത്തിൽ അവിടെച്ചെന്ന് നോക്കുമ്പോൾ കൂടുതുറന്നുകിടക്കുന്നു,കോഴിതൂവലുകൾ അവിടിവിടെയായി പറന്നുനടക്കുന്നുണ്ട്..
എന്തുപറ്റിയതാകും,അയാൾചിന്തിച്ചു..
അപ്പോഴാണ്
കഴിഞ്ഞദിവസം കുരുവിള പറഞ്ഞത് അയാളുടെ ഓർമ്മയിൽവന്നത്,
"സൂക്ഷിക്കണേ ഇച്ചായാ നാട്ടിൽ കുറുക്കൻ ഇറങ്ങിയിട്ടുണ്ട്"
മറ്റത്തറേലെ കുരുവിളയും,
മീമ്പനകാട്ടിൽ പൈലിച്ചായനും പങ്കുകച്ചവടക്കാരാണ്.. കാലങ്ങൾക്കുമുന്നേ കുന്നുകയറി കുടിയേറിയവർ...
തുടക്കം മുതൽതന്നെ
രണ്ടുപേരും കഠിനമായി അധ്വാനിച്ച് മക്കളെ നല്ലനിലയിൽ പഠിപ്പിച്ചു.
ഒപ്പം തരക്കേടില്ലാത്ത സമ്പാദ്യവും വെട്ടിപിടിച്ചിരുന്നു..
മലഞ്ചരക്കും,ടിമ്പേഴ്സും,ലൈൻബസുകളുമൊക്കെയായി അവരുടെ വ്യാപാരം പരന്നുകിടക്കുന്നു..
പൈലിച്ചായനെക്കാൾ മൂന്നുകൊല്ലത്തെ ഇളപ്പമുണ്ട് കുരുവിളക്ക്.
അധ്വാനികളായതിനാൽ
കാരിരുമ്പിന്റെ കരുത്തായിരുന്നു ഇരുവർക്കും.
കുരുവിള ശുദ്ധനും,പാവവുമെങ്കിൽ ,പൈലിച്ചായൻ ഈറ്റപുലിയാണ്.
മൂക്കിൻ തുമ്പത്താണ് പുള്ളിയുടെ ദേഷ്യം..
നാട്ടിലെ പ്രമാണിമാർ കൂടിയാണിവർ..
അന്യായമായി നാട്ടിൽനടക്കുന്ന ഒരു പ്രശ്നങ്ങളിലും ഇവർ തീർപ്പ് കാണാറില്ല.
എന്നാൽ ന്യായമായ കാര്യങ്ങളെങ്കിൽ,ഇടപെടുകയും തീർപ്പ് കൽപ്പിക്കുകയും ചെയ്യും..
അടുത്തിടെയാണ് ഇരുവരുംകൂടി ഒരു വർക്ക് ഷോപ്പ് തുടങ്ങുന്നത്.
കുന്നുകയറിക്ഷീണിക്കുന്നവണ്ടികളെ,കുട്ടപ്പന്മാരാക്കിവിടുന്നത് ഇവിടെനിന്നാണ്..
നാട്ടിലെ വണ്ടിമുതലാളിമാരുടെ ഇഷ്ട കേന്ദ്രംകൂടിയാണ് "മിശിഹാ ആട്ടോ മൊബയിൽസ്."
കുരുവിളക്ക് സ്വന്തമായി നാടൻ പൂവൻ കോഴികളുടെ ഒരുഫാമുണ്ട്...
കോഴികളെയെല്ലാം ഇങ്ങനെ കുറുക്കൻ കൊണ്ടുപോകുന്നതിൽ മനസ്താപപെട്ട് ,അതിനെ രക്ഷിക്കുന്നതിനായ് പുതിയ മാർഗ്ഗങ്ങൾ അവലമ്പിച്ചതിനുഫലമാ യാണ് കുറുക്കൻ അവിടെനിന്നൊഴിഞ്ഞുപോയത്,എന്നാൽ ഇപ്പോൾ നാട്ടുകാർക്ക് ശല്ല്യമായി അവൻ വിഹരിച്ച് നടക്കുകയാണ്..
അങ്ങനെയാണ് പൈലിച്ചായന്റെ കോഴിക്കൂട്ടിലും കുറുക്കനെത്തിയത്..
വിദേശങ്ങളിൽ ജോലിക്കുപോയിരിക്കുന്ന മക്കളും കുടുംബവും വെക്കേഷനാകുമ്പോൾ നാട്ടിലെത്തും.
അവർക്ക് തിന്നാനായി വളർത്തുന്ന ,പെട്ടകം പോലിരിക്കുന്ന കോഴികളിൽ ഒന്നിനെയാണ് കുറുക്കൻ കൊണ്ടുപോയത്..
പങ്കുകച്ചവടത്തിലെ ലാഭം കുറഞ്ഞാലും പൈലിച്ചായൻ സഹിക്കും,എന്നാൽ കൊച്ചുമക്കൾക്കുവേണ്ടി നിർത്തിയിരിക്കുന്ന കോഴികളെ നഷ്ടപെട്ടാൽപുള്ളി സഹിക്കുകേല..
കുരുവിള പറഞ്ഞ ,കെണിവെക്കുന്നപദ്ധതിയോട് യോജിപ്പില്ലാതെ.
അതിനെ വകവരുത്തുവാനായി വേട്ടകാരൻ കുട്ടപ്പായിയെ അടിവാരത്തുനിന്ന് വരുത്തുവാനുള്ള തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നു.
കുരുവിളപറഞ്ഞു..
പൊളിക്കും ഇച്ചായാ..
കുട്ടപ്പായി ആളൊരുവേന്ദ്രനാ..
എസ്റ്റേറ്റുകളിൽ വരുന്ന പന്നികളെ,തീറ്റിയിൽ തോട്ടാ ഒളിപ്പിച്ച് പിടിക്കുന്നതിൽ കേമനാ അവൻ.
ഒരു സംഭവം കേൾക്കണോ
ഒരു ക്രിസ്മസ് തലേന്ന് കുട്ടപ്പായിവച്ച തീറ്റിതിന്ന്.
തലപൊട്ടിചിതറിയിട്ടും,അരകിലോമീറ്ററോളം
ഓടി അടിവാരത്തുള്ള കുരിയാക്കോസു മുതലാളീടെ കാർഷെഡിലോട്ടാ കയറിപോയത്.
അല്ല കണ്ടവരും ഉണ്ട് എന്നാൽകുട്ടപ്പായി അന്വഷിച്ചുവന്നപ്പോൾ ഇതിനെ എടുത്തിട്ട് മുതലാളി കൈമലർത്തി..
അതും പറഞ്ഞ് ഇരുവരും വാക്കേറ്റമായി,പിന്നെ
വാക്കേറ്റംമൂത്ത് കയ്യാംകളിയിൽ വരെയെത്തി.
ഇതിനെ ചൊല്ലി നാട്ടുകാരും രണ്ടുചേരിയായിതിരിഞ്ഞു.
ഒടുക്കം അടിവാരത്തുള്ള സെന്റ് തോമസ് പള്ളിയിലെ ഫ്രഡറിക് അച്ചൻ വന്നാ ഒത്തുതീർപ്പാക്കിയത്..
പുഞ്ചിരിച്ചുകൊണ്ട് പൈലിച്ചായൻ പറഞ്ഞു..
നീ ഒന്നും പറയണ്ടാ ടാ ഉവ്വേ.
അവനേംഅറിയാം അവന്റെപ്പനേയും അറിയാം
പൈലിച്ചായൻ പറഞ്ഞു..
എന്തായാലും ഈ സംഭവത്തിനുശേഷം കുരിയാക്കോസുമുതലാളി പള്ളിയിലോട്ട് പോകാറില്ല..
പള്ളിപുതുക്കിപണിയാൻ സംഭാവന പിരിക്കാൻ വന്ന ഫ്രഡറിക്ക് അച്ചനെ ഇയാൾ, നാണംകെടുത്തി മടക്കിയയക്കുകയും ചെയ്തു..
അതോടുകൂടി ,
സഭയിലുള്ളവരെല്ലാം കുരിയാക്കോസുമുതലാളിയോട് സഹകരിക്കാതാകുകയും,
അയാളുടെ ബിസിനസുകൾ ഓരോന്നായി തകർന്ന് നിക്കകള്ളിയില്ലാതെ, ആത്മഹത്യ ചെയ്യുകയും ചെയ്തു..
ഇത്രയും അനർത്ഥങ്ങൾ ഉണ്ടായതിനാൽ
ആരും തന്നെ, കുട്ടപ്പായി പിടിക്കുന്ന മൃഗങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കുവാൻ നിൽക്കാറില്ല..
നാട്ടുകാരുടെ ധൈര്യമില്ലായ്മയെ മുതലെടുത്തുംകൊണ്ട് കുട്ടപ്പായി കീർത്തിമാനാകുകയും,തരക്കേടില്ലാത്ത സമ്പത്ത് നേടിയെടുക്കുകയും ചെയ്തു.
വളരെ ചുരുങ്ങിയ കാലംകൊണ്ട് അയാളുടെ കഠിനാധ്വാനത്താൽ,പോസ്റ്റാഫീസിനു പിന്നിലുള്ള കണ്ണായ സ്ഥലമുൾപ്പടെ രണ്ടേക്കറോളം പലയിടങ്ങളിലായി കുട്ടപ്പായിക്ക് വാങ്ങാനായി..
ജോലിയോട് തികഞ്ഞ ആത്മാർത്ഥത കാണിക്കുന്നപോലെതന്നെ, യാതൊരു മടിയുമില്ലാതെ തന്റെ പ്രതിഫലം ചോദിച്ചുവാങ്ങുന്നതിൽ കാർക്കശ്യം കാട്ടിയിരുന്നു..
അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ മറ്റത്തറേലെ കുരുവിള, പൈലിച്ചായന്റെ ഈ തീരുമാനത്തേക്കുറിച്ച് പറയുന്നത്..
പൈലിച്ചായനെ നേരിൽ കണ്ട് കാര്യങ്ങൾ ഉറപ്പിക്കാമെന്ന പ്ലാനിൽ രാവിലെതന്നെ കുട്ടപ്പായി മീമ്പനക്കാട് തറവാട്ടിലെത്തി..
പഴയകാല ഫ്രഞ്ചുരീതിയിൽ പണിതിരിക്കുന്ന,തലയെടുപ്പുള്ളൊരു ബംഗ്ലാവ്.
പുറത്തെവിടെയോ പോകാൻ ഡ്രൈവർ മാത്തുകുട്ടി കാർ ഇറക്കിയിട്ടിരിക്കുകയാണ്. ദൂരങ്ങളിലേക്ക് പോകണമെങ്കിലെ അച്ചായൻ കാറിറക്കൂ..
ഇല്ലെങ്കിൽ കുരുവിളക്കൊപ്പം അയാളുടെ കാറിലാണ് സഞ്ചാരം..
കുട്ടപ്പായിയെകണ്ടതും പൈലിച്ചായൻ ചോദിച്ചു.
എടാ ഉവ്വേ..
നിന്റെപെണ്ണ് സിസിലികൊച്ചിനെങ്ങനുണ്ട്..
കുഴപ്പമില്ലച്ചായാ..
കുട്ടപ്പായി പറഞ്ഞു,
വീണ്ടും പൈലിച്ചായൻ ചോദിച്ചു.
നിന്റെ മോൻ സാംകുട്ടി ഇപ്പോൾ എന്തിനു പഠിക്കുവാ...
അയാൾപറഞ്ഞു,
അവനേ ഇപ്പോൾ അടിവാരത്തുള്ളയൊരു കോളേജിൽ ചേർത്തിരിക്കുകയാ,അവിടെനിന്നുതന്നെ പഠിക്കുന്നു.
വല്ലപ്പോഴും ഞങ്ങളുചെന്ന് കൂട്ടികൊണ്ടുവരും.ഇപ്പോൾ കുറേനാളായി അവൻ വന്നിട്ട് .രണ്ടൂനാൾകഴിഞ്ഞ് അവന്റെ പരീക്ഷകഴിയും,പിന്നെ വെക്കേഷനാ മൂന്നുദിവസം കഴിഞ്ഞ് കൂട്ടികൊണ്ട് വരണം എന്നുവിചാരിക്കുന്നു.
അയാൾ പറഞ്ഞുനിർത്തി..
വീണ്ടും പൈലിച്ചായൻ ചോദിച്ചു, വറീത്‌മാപ്പിളക്കും,താണ്ടമ്മച്ചേച്ചിക്കും ദീനമൊന്നുമില്ലെല്ലോ അല്ലേ..
ഇല്ലച്ചായാ രണ്ടുപേർക്കും സുഖമാ..
അതൊക്കെ പോട്ടെ,
എന്നതാ അച്ചായാ ഇവിടുത്തെ പ്രശനം.?
കുരുവിളച്ചായൻ പറഞ്ഞതു നേരാണോ..
എത്രയെണ്ണത്തിനെയാ കൊണ്ടുപോയത്..?
പൈലിച്ചായൻ പറഞ്ഞു..
ഞാൻ ജീവനെപോലെ സംരക്ഷിച്ചിരുന്നകോഴികളാ..
കായ് എത്ര ചെലവായാലും വേണ്ടില്ല,
എങ്ങനെയേലും നമുക്കതിനെ പിടിക്കണ മെടാഉവ്വേ..
.കാശ് എന്നുകേട്ടപ്പോൾ
കുട്ടപ്പായിയുടെ മുഖം കൂടുതൽ തെളിഞ്ഞു..
കാര്യങ്ങൾ അറിഞ്ഞ് ,സാധാരണരീതിയിൽ കെണിവെച്ചിട്ട് കുട്ടപ്പായി മടങ്ങിപോയി..
അന്നുരാത്രിയിലും ഒന്നിനെ കുറുക്കനടിച്ചോണ്ട് പോയി..
രാവിലെ കുട്ടപ്പായി വന്നപ്പോൾ
കടുത്തദേഷ്യത്തിൽ പൈ ലിച്ചായൻ കുട്ടപ്പായിയോടുപറഞ്ഞു
എന്നതാടാ ഉവ്വേ നീ വല്ല്യ വേട്ടകാരനാണന്നുപറഞ്ഞിട്ട്,നിന്റെ കണ്മുന്നിൽ നിന്നല്ലെ കൊണ്ടുപോയത്.
നിനക്ക് മേലായെങ്കിൽ പറയണം..
എനിക്ക് ഉറക്കമൊഴിയാൻ മേലാത്തതുകൊണ്ടാ അല്ലങ്കീ എന്റെ തോക്കിലെ ഒരുണ്ട മതിയാരുന്നു..
അപ്പനുമായി ഈ കുന്നുകേറിവന്നപ്പോൾ മുതലുള്ള കൂട്ടാ,
കൊലകൊമ്പനെ വരെ വീഴ്ത്തിയ വീരൻ..ഉന്നംപിഴക്കാതെ ഇരയെ വീഴ്ത്താൻ എനിക്കിപ്പോളുമറിയാം..
കുട്ടപ്പായി നിന്ന് ചൂളി...
ആത്മസംയമനംവീണ്ടെടുത്തുകൊണ്ട്,അയാൾ പറഞ്ഞു
"അച്ചായൻ പേടിക്കണ്ടാ നാളെതന്നെ അതിനെപിടിച്ച് അച്ചായന്റെ മുന്നിലിട്ടുതരാം..പോരേ..
അന്നുരാത്രിയിൽ ഉറക്കമൊളച്ചിരുന്നിട്ടും,കുറുക്കൻ വന്നില്ല..
തുടർന്ന് പിറ്റേദിവസവും കാത്തിരുന്നു, അന്നും വരാതായപ്പോൾ കുട്ടപ്പായി ഉഴപ്പുകാണിച്ചു..
അന്നുരാത്രി പൈലിച്ചായന്റെ രണ്ടുകോഴികളേയാണ് കുറുക്കൻ കൊണ്ടുപോയത്..
ആകുലചിത്തനായിരുന്ന പൈലിച്ചായൻ പെട്ടന്ന് രൗദ്രഭാവത്തിലായി,
സമനില കൈവിട്ട അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തോക്ക് വലിച്ചെടുത്തുംകൊണ്ട് കുട്ടപ്പായിയുടെ അടുത്തേക്ക് ചെന്നു...
നിന്നെ ഇനി ജീവനോടെ വിടില്ല,..നിന്റെ വാക്ക് വിശ്വസിച്ചതാ എന്റെ മണ്ടത്തരം..
പെട്ടന്നുതന്നെ രോഷമടങ്ങി തോക്ക് താഴ്ത്തികൊണ്ടുപറഞ്ഞു
നിനക്ക് മേലായെങ്കിൽ പറ..
ഞാൻ വേറേ വഴിനോക്കിക്കോളാം,
ഇനിയെനിക്ക് നിന്നെ വിശ്വാസമില്ല.
എന്നുപറഞ്ഞ് നടക്കാൻ തിരിഞ്ഞപ്പോൾ കുട്ടപ്പായി പറഞ്ഞു..
അച്ചായൻ എനിക്ക് കൂലിയൊന്നും തരണ്ടാ പക്ഷെ,ഞാനിതിനെപിടിക്കും..
ഒരവസം കൂടിതരണം..
വലിയ ശ്രദ്ധകൊടുക്കാതെ പൈലിച്ചായൻ അവിടുന്ന് നടന്നകന്നു..
തന്റെ അഭിമാനത്തിനാണ് ക്ഷതം പറ്റിയിരിക്കുന്നത്.. ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയിൽ,ഇങ്ങനെ നാണംകെടേണ്ടിവന്നിട്ടില്ല..
ഇപ്പോൾ വച്ചിരിക്കുന്ന കെണി പോരാ..എങ്ങനെയും അതിനെ പിടിക്കണം ഇല്ലങ്കിൽ,ഇതോടുകൂടി ഈ പണി നിർത്തേണ്ടിവരും..
പുതിയ ചിലപദ്ധതികൾ മനസ്സിൽ ആസൂത്രണംചെയ്തുകൊണ്ട് അയാൾ മലയിറങ്ങി ...
അടിവാരത്തുള്ള
ഉതുപ്പാച്ചന്റെ ഹാർഡ് വെയർ ഷോപ്പിൽ നിന്നും, പുതിയമോഡൽ കെണി നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ മേടിച്ചുകൊണ്ട് അയാളുടെ വീട്ടിലേക്ക് പോയി..
വൈകുന്നേരത്തിനുമുൻപ് തന്റെ ഐഡിയായിലുള്ള കെണിശരിയാക്കി
സന്ധ്യ മയങ്ങുന്നതിനുമുൻപേ മീമ്പനകാട്ടിൽ എത്തി..
അവിടെ ചെന്നപ്പോൾ ഡ്രൈവർ മാത്തുകുട്ടിമാത്രമേ ഉണ്ടായിരുന്നുള്ളു..
എവിടെപോയി മാത്തുക്കുട്ടീ എല്ലാവരും...
കുട്ടപ്പായി ചോദിച്ചു..
അയാൾ പറഞ്ഞു "വെക്കേഷനുവരുന്ന മക്കളേയും കുടുംബത്തേയും വിളിക്കാൻ വിളിക്കാൻ ഡിറ്റ്രോയിഡ് എയർപ്പോർട്ടിലോട്ട് പോയിരിക്കുവാ"..
കുട്ടപ്പായിച്ചായൻ വന്നാൽ അങ്ങോട്ടേക്ക് കൂട്ടികൊണ്ടുചെല്ലണമെന്ന് പൈലിച്ചായൻ പറഞ്ഞിട്ടുണ്ട്..
കുരുവിച്ചായന്റെ ക്യാഡിലായിലാ അവരെല്ലാം പോയിരിക്കുന്നത്.
ഇച്ചായൻ എളുപ്പം കേറിക്കേ..ശട്ടേന്ന് നമുക്ക് പോകാം..
മാത്തുകുട്ടി ധൃതികൂട്ടി..
ഇപ്പം വരാമെന്ന് പറഞ്ഞ് കെണിയുമായി പിന്നാമ്പുറത്തുപോയി സെറ്റ് ചെയ്തതിനുശേഷം, വേഗം തന്നെ കുട്ടപ്പായി വണ്ടിയിൽ കയറി ..
.
മാത്തുകുട്ടിയുടെകാൽ ആക്സിലറേറ്ററിൽ ഞെരിഞ്ഞമർന്നു..
വണ്ടി ചീറിപാഞ്ഞു..
മാത്തുകുട്ടിയുടെ ഡ്രൈവിംഗ് പരിജ്ഞാനത്തിൽ,
അധികം താമസിക്കാതെ തന്നെ എയർപ്പോർട്ടിലെത്തി..
പാർക്കിങ്ങിൽ വണ്ടിയൊതുക്കി അരൈവലിൽ എത്തിയപ്പോളേക്കും സിഡ്നിയിൽ നിന്ന് ആൻഡ്രൂസും കുടുംബവും എത്തിയിരുന്നു..
പൈലിച്ചായൻ നല്ല സന്തോഷത്തിലാണ്.
കുറുക്കനേകുറിച്ചുള്ള ആകുലതയൊന്നും അയാളിലില്ല..
കുട്ടപ്പായിയേ കണ്ടതും പൈലിച്ചായൻ പറഞ്ഞു.
എടാ ഉവ്വേ....
നിന്റെ മോൻ സാംകുട്ടി പഠിക്കുന്ന മിഷിഗൻ യൂണിവേഴ്‌സിറ്റി അടുത്തുതന്നല്ലിയോ....
അവന്റെ പരീക്ഷ ഇന്ന് കഴിഞ്ഞ് കാണുമെല്ലോ.. നമുക്ക് അവനേംകുടെ കൂട്ടിപോകാം..
ഇങ്ങനെ ഒരു പ്ലാനുകൂടിയുണ്ടായിരുന്നു,
അതിനാ നിന്നേയും വരുത്തിയത്..
എയർപ്പോർട്ടിൽനിന്ന് മീമ്പനക്കാട് തറവാട്ടിലെത്തിയപ്പോൾ ,ആഹ്ലാദിപ്പിക്കുന്ന മറ്റൊരു വാർത്തയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു..
ആ രാത്രി ആഘോഷമാക്കിമാറ്റുവാൻ മിഷിഗണിലെ ,ഹോക്സ്ടൺ ഹോട്ടലായിരുന്നു അവർ തിരഞ്ഞെടുത്തത്..
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക