Slider

സ്ക്രീൻഷോട്ട്

0

ഹലോ ഡോക്ടർ, 
ഞാൻ സിദ്ധാർഥ്‌. ഇവിടെ ഈസ്റ്റ് ഫോർട്ട് സ്റ്റേഷനിലെ SI ആണ്. ഇത് ASI സന്തോഷ്. ഇവിടന്നൊരു പെണ്കുട്ടിയുടെ സൂയിസൈഡ് അറ്റംപ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ഞങ്ങൾ അതിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ വന്നതാണ്.
യെസ് മിസ്റ്റർ സിദ്ധാർഥ്‌ , ഞാൻ ഡോക്ടർ രേഖ. ഞാനാണ് ആ കേസ് റിപ്പോർട്ട് ചെയ്തത്.
ഓക്കെ , എങ്ങനെയുണ്ട് ഡോക്ടർ അവർക്കിപ്പോൾ ?
ബോധം തെളിഞ്ഞിട്ടില്ല, ഇപ്പോഴും ക്രിട്ടിക്കൽ സ്റ്റേജിൽ തന്നെയാണ്. ബ്രയിനിലേക്കുള്ള വെയിനുകൾക്ക് സാരമായ ക്ഷതം സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് ഇപ്പോൾ ഒന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. പിന്നെ പരിശോധനക്കിടയിൽ അവരുടെ ഡ്രസ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു ലെറ്ററും അവരുടെ മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. അത് ഞാൻ എടുത്ത് തരാം. വരൂ നമുക്ക് എന്റെ ക്യാബിനിലിരുന്ന് സംസാരിക്കാം.
സിദ്ധാർഥ്‌ ഡോക്ടർ നൽകിയ കത്തിലെ വരികളിലൂടെ കണ്ണോടിച്ചു. "ഓഹ് സോഷ്യൽ മീഡിയ ആണല്ലേ ഇവിടെയും വില്ലൻ ?" ഇതിപ്പോ നമ്മുടെ നാട്ടിലൊരു ട്രെൻഡ് ആയി മാറുകയാണല്ലോ ഡോക്ടർ....
അതേ സിദ്ധാർഥ്‌, ഞാനും അത് കണ്ടിരുന്നു, ഒറ്റ ദിവസം കൊണ്ട് തന്നെ വളരെയേറെ പ്രതികരണങ്ങൾ വന്ന പോസ്റ്റ് ആയിരുന്നു അത് പക്ഷേ ഈ കത്ത് വായിച്ചപ്പോഴാണ് ശരിക്കും ആളെ മനസ്സിലായത്. അതുകൊണ്ടാണ് അയാളോട് ഇതിനെപ്പറ്റി എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ പോലീസിൽ ഇൻഫോം ചെയ്തത്.
ഓക്കെ ഗുഡ് , എന്നിട്ട് ഇവരുടെ ഭർത്താവ് എവിടെ ?
അയാളിവിടെയുണ്ട്, ഞാൻ സംസാരിച്ചിരുന്നു. ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണത്തെപ്പറ്റി ചോദിച്ചപ്പോൾ അതിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് അയാൾ പറഞ്ഞത്. പക്ഷേ ആള് നല്ല ടെൻഷനിലായിരുന്നു.
ഓഹ് ഓക്കെ, താങ്ക്സ് ഡോക്ടർ. പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ അവരോട് സംസാരിക്കാൻ കഴിയില്ലല്ലൊ എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടാവുമ്പോൾ ഡോക്ടർ അറിയിച്ചാൽ മതി. പിന്നെ അത് പോസ്റ്റ് ചെയ്ത ആളിന്റെ പേരെന്താ ഡോക്ടർ....
ഒരു ആനി കുര്യൻ, അങ്ങനെയാണ് പ്രൊഫൈൽ നെയിമെന്ന് തോന്നുന്നു. അവരുടെ കൈയ്യിൽ നിന്ന് കിട്ടിയ ഫോണിൽ ആ ലിങ്ക് സേവ് ചെയ്തിട്ടുണ്ട്. അത് ചെക്ക് ചെയ്താൽ കുറച്ചു കൂടി ഡീറ്റൈൽസ് അറിയാൻ കഴിയും.
ഓക്കെ ഡോക്ടർ, അത് സാരമില്ല, ഞാൻ കണ്ടുപിടിച്ചോളാം, ആദ്യം ഞാൻ അവരുടെ ഭർത്താവിനോട് ഒന്ന് സംസാരിക്കട്ടെ. ഡോക്ടർ അയാളെ ഒന്ന് വിളിപ്പിക്കാമോ?
അൽപ സമയത്തിനകം അറ്റന്റർ അയാളെ ഡോക്ടറുടെ ക്യാബിനിലേക്ക് എത്തിച്ചു. മുണ്ടും ഷർട്ടുമാണ് അയാൾ ധരിച്ചിരുന്നത്, ഏകദേശം മുപ്പത്തിയഞ്ച് വയസ്സോളം പ്രായം തോന്നിച്ചിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണിൽ ദൈന്യത നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി.
ഇരിക്കൂ... സിദ്ധാർഥിന് അഭിമുഖമായി ഇട്ടിരുന്ന ചെയറിലേക്ക് അയാൾ ഇരുന്നു.
ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം എന്തെങ്കിലും നിങ്ങൾക്കറിയാമോ ?
അറിയില്ല സർ, എന്തെങ്കിലും ഒരു വിഷമം അവൾക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഞങ്ങൾ തമ്മിലും പ്രത്യേകിച്ച് പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്തിനാണ് അവളിത് ചെയ്തതെന്ന് എനിക്കറിയില്ല സർ.
നിങ്ങളുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം നിങ്ങളുടെ വഴി വിട്ട പ്രവർത്തികൾ കൊണ്ടാണെന്ന് ഞാൻ പറഞ്ഞാൽ.....
ഇല്ല സർ , അത് തെറ്റിദ്ധാരണയാണ്. അങ്ങനെയുള്ളതൊന്നും ഞാനിത് വരെ ചെയ്തിട്ടില്ല.
മിസ്റ്റർ , മരിക്കാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപ് നിങ്ങളുടെ ഭാര്യ എഴുതിയ ഒരു കത്ത് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. അതിൽ പറയുന്നത് ആനി കുര്യൻ എന്നൊരാളോട് നിങ്ങൾ വളരെ മോശമായി പെരുമാറിയെന്നും അവരത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നുമാണ്. ഇത്രയും വ്യക്തമായൊരു തെളിവുള്ളപ്പോൾ ഇനി നിങ്ങളൊന്നും മറച്ചിട്ട് കാര്യമില്ല. മര്യാദക്ക് എന്താണ് ഉണ്ടായതെന്ന് തുറന്നു പറഞ്ഞാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ ചോദിക്കുന്ന രീതി മാറും. നിന്നെക്കൊണ്ട് പറയിക്കാൻ എനിക്കറിയാം, അത് വേണോ ?
വേണ്ട സർ അത്.... അതെനിക്കൊരു അബദ്ധം പറ്റിപ്പോയതാണ്. മദ്യത്തിന്റെ ലഹരിയിൽ ഞാൻ അറിയാതെ...
മുഖമടച്ചൊരു അടിയായിരുന്നു അതിനുള്ള മറുപടി.
ഡോക്ടർ, ഞാനിയാളെ കൊണ്ടു പോവുകയാണ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ട്. ഒരിച്ചിരി ലഹരി തലക്ക് പിടിക്കുമ്പോ പിഞ്ച് കുഞ്ഞുങ്ങളെപ്പോലും തിരിച്ചറിയാൻ ഇവനൊന്നും കഴിയില്ല. ഇങ്ങനെ ഉള്ളവനെയൊക്കെ വെറുതേ അങ്ങ് വിടുന്നത് ശരിയല്ലല്ലോ. ഇനി ഒരു പെണ്ണിന്റെ കൂടെയും ഇവനൊന്നും ഇങ്ങനെ പെരുമാറരുത്. അതിനുള്ള വഴി എനിക്കറിയാം. പിന്നെ ആ പെൺകുട്ടിയെക്കൂടി എനിക്കൊന്ന് കാണണം. എങ്കിൽ ശരി ഡോക്ടർ കാണാം. താങ്ക്സ്...
സർ സൈബർ സെല്ല് വഴി ആ പെണ്കുട്ടിയുടെ ലൊക്കേഷൻ ട്രെയിസ് ചെയ്തിട്ടുണ്ട്. പഴയ എയർപോർട്ട് റോഡിനടുത്താണ്.
ഓക്കെ ഗുഡ് വർക്ക് സന്തോഷ്. നമുക്ക് അത് വരെയൊന്ന് പോയി വരാം.
ഗൂഗിൾ മാപ്പ് വഴിയുള്ള അന്വേഷണം അവരെയെത്തിച്ചത് എയർപോർട്ട് റോഡിന് സമീപമുള്ള ഒരു രണ്ട് നില കെട്ടിടത്തിന് മുന്നിലാണ്. സിദ്ധാർഥ്‌ കോളിങ് ബെല്ലിൽ വിരലമർത്തി.
ഏകദേശം ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയാണ് വാതിൽ തുറന്നത്.
നിങ്ങളാണോ ആനി കുര്യൻ ?
അതേ സർ.
ഇവിടെ വേറേ ആരൊക്കെയുണ്ട് ?
ഇപ്പൊ ഞാനും മമ്മയും മാത്രമേയുള്ളു, ഇച്ചായൻ പുറത്ത് പോയിരിക്കുവാണ്.
ഓക്കെ നമുക്ക് അകത്തിരുന്ന് സംസാരിക്കാം. ആനി ഫെയിസ്ബുക്ക് യൂസ് ചെയ്യാറുണ്ടോ ?
ഉണ്ട് സർ.
ഓക്കെ, ഞാൻ വിഷയത്തിലേക്ക് വരാം. രണ്ട് ദിവസം മുൻപ് നിങ്ങളുടെ പ്രൊഫൈലിൽ ഒരാളുടെ പിക്ചർ ഉൾപ്പടെ വളരെ മോശമായ രീതിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നോ ?
അതെ സർ, പോസ്റ്റ് ഇട്ടിരുന്നു എന്നുള്ളത് സത്യമാണ് പക്ഷേ മോശമായി പെരുമാറിയത് ഞാനല്ല അയാളാണ്. ആര് കണ്ടാലും അറപ്പ് തോന്നുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളും ആയിരുന്നു അയാൾ എനിക്കയച്ചു തന്നത്. കൂടെ അയാളുടെ കൂടെ ചെല്ലുമോന്ന് കൂടി ചോദിച്ചപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി സർ...
എന്നിട്ട് നിങ്ങൾ പോലീസിൽ കംപ്ലൈന്റ് ചെയ്തില്ലേ ?
ഇല്ല സർ , അത്രക്കൊന്നും ഞാൻ ചിന്തിച്ചില്ല. അതുമല്ല ഇച്ചായനറിഞ്ഞാൽ വല്യ പ്രശ്നം ആക്കും. അയാളെ ഒന്ന് നാണം കെടുത്തണമെന്ന് മാത്രമേ കരുതിയുള്ളൂ. അതുകൊണ്ടാണ് ഫ്രണ്ട്സ് കൂടി സപ്പോർട്ട് ചെയ്തപ്പോൾ അതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഞാൻ എഫ് ബിയിൽ പോസ്റ്റ് ചെയ്തത്.
ഓക്കെ , ആനിക്ക് എങ്ങനെയാണ് അയാളെ പരിചയം ?
അയാളെ എനിക്ക് നേരിട്ടറിയില്ല സർ.
പിന്നെ... പിന്നെങ്ങനെയാണ് അയാൾ നിങ്ങൾക്ക് മെസ്സേജ് ചെയ്തത് ?
അത് , അയാൾ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ട് സർ.
ആനി തന്നെയല്ലേ അയാളെ ഫ്രണ്ട് ആയി ആഡ് ചെയ്തത് ?
അതേ സർ...
അപ്പോൾ കുറ്റം അയാളുടേത് മാത്രമല്ല. നിങ്ങളുടേതും കൂടിയാണ് അല്ലേ ?
ഞാൻ... ഞാനെന്ത് കുറ്റമാണ് ചെയ്തത് മോശമായി പെരുമാറിയത് അയാളല്ലേ ?
അതേ ശരിയായിരിക്കാം പക്ഷേ അയാൾക്ക് അങ്ങനെ മോശമായി പെരുമാറാൻ വഴിയൊരുക്കിയതിൽ ആനിക്കും ഒരു പങ്കുണ്ടെന്ന് ഞാൻ പറഞ്ഞാൽ...
എനിക്ക് മനസ്സിലാവുന്നില്ല എന്താണ് സർ ഉദ്ദേശിക്കുന്നതെന്ന്...
ശരി , എങ്കിൽ മനസ്സിലാവുന്ന ഭാഷയിൽ തന്നെ പറയാം. എഫ് ബിയിൽ നിങ്ങൾ ഒരു അക്കൗണ്ട് തുടങ്ങുന്ന സമയം മുതൽ അതിൽ നിങ്ങളുടെ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള ഓപ്‌ഷൻസും അവർ നൽകുന്നുണ്ടെന്നുള്ള കാര്യം ആനിക്ക് അറിയാമല്ലോ? നിങ്ങൾക്ക് ആരൊക്കെ മെസ്സേജ് അയക്കണം ഇനി അതല്ല ആരും മെസ്സേജ് ചെയ്യണ്ട എന്നാണെങ്കിലപ്പോലും അതിനുള്ള ഓപ്‌ഷൻസും അവർ നൽകുന്നുണ്ട് ശരിയല്ലേ ? ഫ്രണ്ട് അല്ലാത്ത ഒരാൾ നിങ്ങൾക്ക് മെസ്സേജ് ചെയ്താൽ പോലും നിങ്ങളത് അക്സെപ്റ്റ് ചെയതെങ്കിൽ മാത്രമേ അയാൾക്ക് നിങ്ങളോട് ചാറ്റ് ചെയ്യാൻ സാധിക്കുള്ളൂ. ഇനി ഒന്ന് കൂടി ചോദിക്കട്ടെ ആനി വിചാരിക്കാതെ ഒരാൾക്ക് നിങ്ങളുടെ ഫ്രണ്ട്ലിസ്റ്റിൽ കയറിക്കൂടാൻ കഴിയുമോ? ഇല്ലെന്ന് എന്നെപ്പോലെ തന്നെ ആനിക്കുമറിയാം.
അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് മാത്രമാണ് എന്നർത്ഥം. ചുരുക്കം പറഞ്ഞാൽ നിങ്ങൾ വിചാരിക്കാതെ നിങ്ങളോട് മോശമായി പെരുമാറാൻ മറ്റൊരാൾക്ക് കഴിയില്ല എന്നുള്ളതല്ലേ സത്യം?അതുകൊണ്ടാണ് ഇങ്ങനെയൊരു മെസ്സേജ് വന്നെങ്കിൽ അതിനുള്ള വഴിയൊരുക്കിയതും നിങ്ങൾ തന്നെയാണെന്ന് ഞാൻ പറഞ്ഞത്.
ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല. സർ അയാളുടെ തെറ്റിനെ ന്യായീകരിക്കുവാണോ ?
ഒരിക്കലുമല്ല , ഇതു പോലെയുള്ളവന്മാരെ കൈയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യേണ്ടതെന്തെന്ന് എനിക്ക് നല്ലത് പോലെയറിയാം, ഞാനത് ചെയ്തിട്ടുമുണ്ട്. പക്ഷേ ഞാനിത്രയും പറഞ്ഞത് നിങ്ങളെപ്പോലുള്ള ഓരോ പെണ്കുട്ടിയും അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പക്ഷേ അതിന് മുൻപ് ഞാനിവിടെ വരാനുണ്ടായ സാഹചര്യം എന്താണെന്ന് പറയാം. അയാളെ നാണംകെടുത്താൻ നിങ്ങൾ ചെയ്ത പോസ്റ്റിന്റെ പേരിലുള്ള കളിയാക്കലുകളും നാണക്കേടും സഹിക്കാൻ കഴിയാതെ അയാളുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചത് നിങ്ങൾ അറിഞ്ഞിരുന്നൊ ?
അയ്യോ ഇല്ല സർ ഞാൻ , ഞാനങ്ങനെയൊന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.
അതേ നിങ്ങളെപ്പോലുള്ള ഒരാളും ഇതൊന്നും മനസ്സിൽപ്പോലും ചിന്തിക്കില്ല. സോഷ്യൽ മീഡിയ വഴി ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുൻപിൽ സ്വന്തം ഭർത്താവിന്റെ ഫോട്ടോ സഹിതം ഇങ്ങനെയൊരു വാർത്ത വന്നാൽ ഏത് ഭാര്യക്കാണ് അത് സഹിക്കാൻ കഴിയുന്നത്. അയാളെ ഒരിക്കലും ഞാൻ ന്യായീകരിക്കില്ല പക്ഷേ നിസ്സാരമായ ഒറ്റ ക്ലിക്ക് കൊണ്ട് നിങ്ങളത് ചെയ്തപ്പോൾ ഓർത്തിരുന്നോ ഇതൊന്നുമറിയാതെ ഒരു കുടുംബം അയാൾക്കുണ്ടെന്നുള്ള കാര്യം. ഒന്നുമറിയാത്ത അയാളുടെ ഭാര്യ, മകൾ, അമ്മ, അച്ഛൻ, ഇവരൊക്കെ എന്ത് കുറ്റം ചെയ്തിട്ടാണ് നാട്ടുകാരുടെ മുന്നിൽ കുറ്റവാളികളെപ്പോലെ തല കുനിച്ചു നിൽക്കേണ്ടി വന്നത്.
കള്ളിന്റെയും കഞ്ചാവിന്റെയും പുറത്ത് ഭർത്താവ് ചെയ്ത കുറ്റത്തിന് ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ഭാര്യ , അച്ഛൻ ചെയ്ത കുറ്റത്തിന് മറ്റുള്ളവരുടെ കളിയാക്കലുകളും നാണക്കേടും സഹിക്കാൻ കഴിയാതെ പഠനം പോലും മതിയാക്കേണ്ടി വരുന്ന മകൾ അല്ലെങ്കിൽ മകൻ, ഒരാളെ മാത്രം നാണം കെടുത്തണമെന്ന ഉദ്ദേശത്തോടെ നിങ്ങളെപ്പോലുള്ളവർ ഇതൊക്കെ ചെയ്യുമ്പോ അറിഞ്ഞോ അറിയാതെയോ ഇവരെപ്പോലെയുള്ള നിരപരാധികളും അതിൽ അകപ്പെട്ട് പോകാറുണ്ട്.
ഇനിയെങ്കിലും ഇതുപോലൊരു സന്ദർഭം ഉണ്ടായാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ രക്ഷിതാക്കളെ വിവരമറിയിക്കുക എന്നതാണ്. എന്നിട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഈ സ്ക്രീൻ ഷോട്ടുകൾ തെളിവായി നല്കേണ്ടത് അവിടെയാണ്. ഇപ്പൊ നിങ്ങളുടെ അറിവില്ലായ്മയും എടുത്തുചാട്ടവും കൊണ്ട് തകർന്നത് ഒരു കുടുംബം മുഴുവനുമാണ്. ഇത് അവർ അവസാനമായി എഴുതിയ കത്താണ്. വായിച്ചു നോക്ക്...
പ്രിയപ്പെട്ട ഏട്ടന് ,
ഏട്ടനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. നാളിതുവരെയും സ്നേഹവും ബഹുമാനവും മാത്രമേ തോന്നിയിട്ടുള്ളൂ ഏട്ടനോട്. ചിലപ്പോൾ അത് പ്രകടിപ്പിക്കാൻ എനിക്ക് കഴിയാതെ പോയത് കൊണ്ടാവാം മറ്റൊരു പെണ്കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ ഏട്ടന് തോന്നിയത്. സ്വബോധത്തോടെ എട്ടനിത് ചെയ്യുമെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ മോൾ... ഒന്നുമറിയാതെ അവൾ ഉറങ്ങുകയാണ്. അവളെയും എന്റെയൊപ്പം കൂട്ടണമെന്നു കരുതിയതാണ് പക്ഷേ അവളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി എനിക്കതിന് കഴിയുന്നില്ല. അവൾ ജീവിച്ചോട്ടെ, അവൾക്ക് അറിവ് വയ്ക്കുന്ന കാലം വരുമ്പോൾ ചിലപ്പോൾ ഇതൊക്കെ എല്ലാവരും മറക്കുമായിരിക്കും. പക്ഷേ നാളെ ഇതൊക്കെ ലോകമറിയുമ്പോൾ, നമ്മുടെ മോളെ മറ്റുള്ളവർ ഇതേ കണ്ണിൽ കണ്ടാൽ എട്ടനത് സഹിക്കാൻ കഴിയുമോ ? അന്ന് ചിലപ്പോ ഏട്ടന് മനസ്സിലാകുമായിരിക്കും ചെയ്ത തെറ്റിന്റെ ആഴം എത്ര ആയിരുന്നുവെന്ന്.
ഇത്ര നാളും ആരുടെ മുന്നിലും തലകുനിക്കാതെ ജീവിച്ചു. പക്ഷേ ഇനിയതിന് കഴിയുമെന്ന് തോന്നുന്നില്ല.
അതുപോലെ എന്റെ ഭർത്താവിന് പറ്റിയ തെറ്റ് ജനങ്ങളുടെ മുന്നിലെത്തിച്ച അനിയത്തികുട്ടിക്ക് ലഭിച്ച അഭിനന്ദനങ്ങളും ഞാൻ കണ്ടിരുന്നു. എങ്കിലും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഒന്ന് ചോദിച്ചോട്ടെ മോളേ, മോളുടെ സ്വന്തം എട്ടനാണ് ഇങ്ങനെയൊരു തെറ്റ് പറ്റിയതെങ്കിൽ മോളിങ്ങനെ ചെയ്യുമായിരുന്നൊ ? എന്റെ ഭർത്താവ് ചെയ്ത തെറ്റിനെ ഞാൻ ന്യായീകരിക്കുകയല്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. എങ്കിലും ശിക്ഷിക്കേണ്ട രീതി ഇതായിരുന്നില്ല. ഇങ്ങനെ പൊതുജനമധ്യത്തിൽ അപമാനിക്കുന്നതിന് പകരം നിയമത്തിന്റെ വഴിയിലൂടെ മോൾക്ക് മുന്നോട്ട് പോകാമായിരുന്നു. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം നാണക്കേടും പേറി ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാണ്. നിങ്ങളോടെല്ലാം ക്ഷമ ചോദിക്കാൻ മാത്രമേ ഇപ്പോഴെനിക്ക് കഴിയു. എല്ലാവർക്കും നല്ലത് വരട്ടെ...
********************
ആനി ഇത് വായിച്ചല്ലോ അല്ലേ, എന്തിന്റെ പേരിലായാലും ഒരു വ്യക്തിയെ അപമാനിക്കുന്ന രീതിയിലോ മാനസികമായി തളർത്തുന്ന രീതിയിലോ അയാളെ പ്രതിപാദിക്കുന്ന വിവരങ്ങൾ, രേഖകൾ എന്നിവ സോഷ്യൽ മീഡിയ പോലുള്ള ഇടങ്ങളിൽ ഷെയർ ചെയ്യുന്നത് നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റം തന്നെയാണ്. ഒന്നും നോക്കാതെ എടുത്തുചാടി നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ഇതുപോലെയാണ്. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല അവർക്കൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്ക്. ഇപ്പോ ഞാനിറങ്ങുന്നു. എന്തായാലും ഈ അനുഭവം നിങ്ങളെപ്പോലെയുള്ളവർക്ക് ഒരു പാഠമായിരിക്കട്ട....
"ഓർക്കുക ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ് ഇന്ന് സോഷ്യൽ മീഡിയകളും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നതൊന്നും ചിലപ്പോൾ ഒരിക്കലും തിരിച്ചുപിടിക്കാൻ നമുക്ക് കഴിഞ്ഞില്ലെന്ന് വന്നേക്കാം..."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo