നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോഴിക്കോടൻ ഹൽവ

Image may contain: 1 person, sunglasses and beard
കോഴിക്കോടൻ ഹൽവ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഇന്നാണ് അവളുടെ കല്യാണം.. !
ചടങ്ങ് ആൻഡമാനിലെ ഹാവ്‌ലോക്ക് ബീച്ച് റിസോർട്ടിൽ വെച്ച്...
എഫ് ബി വഴിയാണ് അവളെന്നെ ക്ഷണിച്ചത്.
കല്യാണക്കുറിപോലുമില്ലായിരുന്നു.
അല്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നല്ലോ.
അത് കൊണ്ട് തന്നെയാണ് ആൻഡമാൻ വരെ പോകാമെന്നു വെച്ചത്.
ഞങ്ങളുടെ രണ്ടാളുടെയും ചങ്ങാതി വിനോദിനോട് ചോദിച്ചപ്പോൾ അവന് സമയമില്ലത്രേ .
ആൾക്കാരൊക്കെ എത്ര പെട്ടെന്നാണല്ലേ ബന്ധങ്ങളൊക്കെ മറക്കുന്നത്.
അവരെപ്പറഞ്ഞിട്ടു കാര്യമില്ല.
എല്ലാവർക്കും തിരക്കല്ലേ.
അല്ലെങ്കിലും യാത്ര ഒറ്റക്കാണ് നല്ലത്.
പലതും കണ്ടു പഠിക്കാനുണ്ടാകും.
അവളും ഞാനും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലേ.
അവളെപ്പറ്റി പറയാം.. വിശദമായി.
പന്ത്രണ്ട് കൊല്ലം പുറകിലേക്ക് പോകാം.
നന്മകളുടെ നാടായ കോഴിക്കോടിലേക്ക്
..............................................................
മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ ഡിപ്ലോമ രണ്ടാം വർഷം വിദ്യാർത്ഥി ആയിരുന്ന ഞാൻ ചേച്ചിയുടെ കല്യാണം പ്രമാണിച്ച് ഒരാഴ്ചത്തെ ലീവിന് ശേഷം തിരിച്ചു ചെന്നപ്പോളാണ് അവളെ കണ്ടത്.
.. സംസ്‌കൃത ഭൂഷൺ റായ്..
വായിൽ കൊള്ളാത്ത പേരുമായി ഇരുനിറത്തിൽ ഒരു ആൻഡമാൻകാരി പെണ്ണ്.
എന്റെ ജൂനിയറായി വന്നതാണ്.
കൽക്കത്തയിലാണ് കുടുംബത്തിന്റെ വേരുകൾ.
സാധാരണയിൽ കവിഞ്ഞ ഉയരവുമായി അവൾ മറ്റുള്ള പെൺകുട്ടികളുടെ ഇടയിൽ ഉയർന്നു നിന്നു.
സീനിയറായ എന്നോട് അവൾ താഴോട്ടു നോക്കി സംസാരിച്ചപ്പോൾ എനിക്ക് എന്തോ പോലെ.
എനിക്ക് കുറച്ച് കൂടി ഉയരമുണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചുപോയ നിമിഷം.
ആൻഡമാൻകാരിയല്ലേ ഹിന്ദി സംസാരിച്ചുകളായാം എന്ന് കരുതി അറിയാവുന്ന ഹിന്ദി ആയ.. നാം ക്യാ ഹൈ..? എന്ന് ചോദിച്ച എന്നോട് എന്റെ പേര് സംസ്‌കൃത ഭൂഷൺ റായ് എന്ന് പച്ചമലയാളത്തിൽ പറഞ്ഞ് അവളെന്നെ ഞെട്ടിച്ചു.
കൂടെയുണ്ടായിരുന്ന എന്റെ ക്ലാസ്സ്‌മേറ്റ് വിനോദ് കുട്ടിക്ക് മലയാളം അറിയാം എന്ന് ആത്മഗതം ചെയ്തു.
വല്ലാത്ത പേര് എന്നവൻ പറഞ്ഞെങ്കിലും തന്റെ ഇഷ്ടനടിയായ , ലൈഫ് ഇൻ മെട്രോയിലഭിനയിച്ച ടാലന്റഡ് ഡാർക്ക്‌ ബ്യൂട്ടി , കൊങ്കണ സെന്നിന്റെ ഛായ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് ഇരുത്തി മൂളി.
അവനാരെയും അങ്ങനെ പെട്ടെന്ന് അംഗീകരിക്കുന്ന കൂട്ടത്തിലല്ല.
തിയറി പഠനവും , പ്രാക്റ്റിക്കലും അതിന്റെ മുറക്ക് നടക്കുമ്പോഴും കാക്കകൾ ബോംബ് വർഷിക്കുന്ന മെഡിക്കൽ കോളേജ് നടപ്പാതയിലെ വൈകുന്നേരക്കറക്കവും, യൂക്കാലി മരങ്ങൾ അതിരിട്ട കോളേജ് ഗ്രൗണ്ടിനെ ചുറ്റിയുള്ള അലസവൈകുന്നേരങ്ങളും , ഒരു മഴപ്പെയ്ത്തിനു ശേഷം പഞ്ചാരപ്പാറയിലിരുന്നു ദൂരെ താഴ്‌വാരത്തിൽ മരങ്ങൾ പെയ്യുന്നതും നോക്കിയുള്ള സൊറ പറയലും എല്ലാം കൂടി നാളുകൾ കഴിയുന്തോറും ഞങ്ങൾ മൂന്നുപേരും ഇണപിരിയാത്ത സുഹൃത്തുക്കൾ ആയി.
ഒരേ അഭിരുചികൾ ആയിരുന്നു ഞങ്ങളെ അടുപ്പിച്ചത്.
അന്നൊരു മഴക്കാലദിവസം അവളുടെ കുടക്കീഴിൽ മിട്ടായിത്തെരുവിൽ കൂടി ഞങ്ങൾ മൂന്നുപേരും പകുതി നനഞ്ഞു നടന്നപ്പോൾ ചർച്ച ചെയ്തത് അഭിഷേക് ഐശ്വര്യ കല്യാണക്കാര്യങ്ങൾ.
ഹൃഥ്വിക് റോഷനാണത്രെ അവളുടെ അഭിപ്രായത്തിൽ ഐശ്വര്യയ്ക്ക് കൂടുതൽ ചേർച്ച.
വഴിവക്കിലുള്ള കടകളിൽ പല നിറത്തിൽ കോഴിക്കോടൻ ഹൽവ നിരത്തി വെച്ചിരിക്കുന്നു. കോഴിക്കോടിന് പുതുതായി ഉണ്ടാക്കിയ ഹൽവയുടെ മണമാണെന്നവൾ പറഞ്ഞപ്പോൾ ഞങ്ങൾ മാർക്കറ്റിലെ തിങ്ങിനിറഞ്ഞ വഴിയോരക്കച്ചവടക്കാരുടെ ഇടയിലായിരുന്നു .
കാപ്പാട് ബീച്ചിൽ തീരം തൊടുന്ന തിരമാലകൾ നോക്കി ഇരിക്കുമ്പോൾ ഞങ്ങൾ മരിച്ചു പോകുന്ന വായനയെപ്പറ്റി ചർച്ച ചെയ്തു.മൊബൈൽ ഫോണുകൾ വിപണി കീഴടക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.
അവളന്ന് ഒരു പ്രവചനം നടത്തി.
..സ്മാർട്ട്‌ ഫോണുകൾ വായനയെ കൊല്ലുമെന്ന്...
ബീച്ചിലിരുന്ന നിമിഷത്തിലെപ്പോഴോ കണ്ണിൽക്കണ്ണിൽ നോക്കിയിരുന്ന അവർ എന്റെ വർത്തമാനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.
വിനോദ് അവളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയെന്നു തോന്നിയ നാളുകളിലാണ് ഞാനവനോട് ചോദിച്ചത്.
നിനക്കവളെ ഇഷ്ടമാണോന്ന്...
അവൻ ഉത്തരമൊന്നും പറഞ്ഞില്ല..
മുഖത്തൊരു കൃത്രിമ ഗൗരവം വരുത്തി മിണ്ടാതെയിരുന്നു. അവളോടത്‌ ഞാൻ ചോദിച്ചില്ല.
ഓണം വെക്കേഷന് ഒരാഴ്ച അടച്ചപ്പോൾ എല്ലാവരും താന്താങ്ങളുടെ വീട്ടിലേക്ക് പോകാനൊരുങ്ങി.
എന്റെ മുറിയിൽ വസ്ത്രങ്ങൾ പാക്ക് ചെയ്യുമ്പോഴാണ് വിനോദ് ഓടിക്കിതച്ചെത്തിയത്.
സംസ്കൃതയെ എന്റെ വീട്ടിലേക്ക് കൂട്ടണമത്രേ.
കാര്യം മനസ്സിലാകാതെ നെറ്റി ചുളിച്ചു നോക്കിയ എന്നോടവൻ പറഞ്ഞു
..നമ്മൾ ഓണം ആഘോഷിക്കുമ്പോൾ അവളെ ഇവിടെ ഒറ്റക്കാക്കി പോകാൻ എന്തോ ഒരു......
ഗേൾസ് ക്ഷണിച്ചിട്ടും അവൾ പോയില്ല.
പിന്നെ എന്റെ വീട്ടിലെ കാര്യം നിനക്കറിയാല്ലോ. അച്ഛനും ഞാനും മാത്രല്ലേ ഉള്ളു.
നിന്റെ വീട്ടിലാണെങ്കിൽ അമ്മ പെങ്ങന്മാരൊക്കെ ഇല്ലേ. അവൾക്കൊരു കൂട്ടാകും ....
ഞാൻ ധർമ്മസങ്കടത്തിലായി.
ഒരു പെണ്ണിനേയും കൊണ്ട് എങ്ങനെ എന്റെ നാട്ടിൻപുറത്തിലേക്ക് ചെന്നിറങ്ങും?
.. നീയൊന്നും പറയണ്ട.. പ്ലീസ്..
എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു അവൻ കെഞ്ചി.
...ഞാൻ ഇടക്കവിടെ വരാം.. നീയാകുമ്പോൾ എനിക്കൊരു ധൈര്യമാണ്...
...നിനക്കെന്താ അവളൊറ്റക്കാവുന്നതിൽ ഇത്ര വിഷമം...?
എന്റെ ചോദ്യത്തിനെ അവൻ ചിരിച്ചുതള്ളി.
പിറ്റേന്ന് വൈകുന്നേരം ഇരുട്ട് പടരാൻ തുടങ്ങിയപ്പോൾ അവളെയും കൂട്ടി എന്റെ നാട്ടിൽ വണ്ടിയിറങ്ങി. കറുത്ത ജീൻസും വെള്ള ടോപ്പും അണിഞ്ഞു തല ഉയർത്തിപ്പിടിച്ചു അവൾ എന്റെ പുറകിൽ നടന്നു.
ഒരു മഴ പെയ്ത് തോർന്ന സമയമായിരുന്നു അത്.. നനഞ്ഞു കിടക്കുന്ന വയൽ വരമ്പിലൂടെ നടക്കുമ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു. ഫോൺ ചെയ്തു വീട്ടിൽ പറഞ്ഞപ്പോൾ അമ്മ ഒന്നിരുത്തി മൂളുക മാത്രമാണ് ചെയ്തത്.
പരിഷ്‌കാരം കടന്നുചെന്നിട്ടില്ലാത്ത ഒരുൾനാടൻ ഗ്രാമത്തിൽ ഒരു പെണ്ണിനേയും കൊണ്ട് ചെന്നിറങ്ങുക എന്നത് കുറച്ച് വിഷമമുള്ള കാര്യം തന്നെ...
.... നിന്റെ നാട് സുന്ദരം തന്നെ.... !
അവൾ കൈ എന്റെ ചുമലിൽ പിടിച്ചുകൊണ്ടു പറഞ്ഞു..
ജാള്യതയോടെ മെല്ലെ അവളുടെ കൈ ഞാൻ എടുത്ത് മാറ്റി.
കാരണം മുന്നിൽ കുറച്ചകലെ എന്റെ നാട്ടുകാരൻ ഗോപാലേട്ടൻ തിരക്കിട്ടു നടന്നു വരുന്നുണ്ടായിരുന്നു.
.. ഹല്ല ഇതാരാ.. സുഖല്ലേ വിപിയെ.. അന്റെ പഠിപ്പൊക്കെ എങ്ങനെ...?
ഗോപാലേട്ടൻ പതിവ് കുശലപ്രശ്‍നം നടത്തുമ്പോഴും ശ്രദ്ധ സംസ്കൃതയിലേക്കു നീണ്ടു.
.. ഇതാരാ ..
ഗോപാലേട്ടന്റെ മുഖത്ത് നാണത്താലുള്ള ഒരു പുഞ്ചിരി തെളിഞ്ഞു
..എന്റെ കൂടെ പഠിക്കുന്നതാ.. ഓണം കൂടാൻ....
ഞാൻ നിന്നു പരുങ്ങി.
ഉം... ഒന്നിരുത്തി മൂളി ഗോപാലേട്ടൻ മുന്നോട്ട് നടന്നു.
.. എനിക്ക് സായാന്ഹക്കോളേജ് വരെ പോകണം..
പുള്ളിയുടെ സായാഹ്‌ന കോളേജ് കവലയിലെ കള്ളുഷാപ്പ് ആണ്.
.... മീനത്തിലവളുടെ താലികെട്ട്....
പോകുമ്പോൾ മൂളിപ്പാട്ടും പാടിക്കൊണ്ടാണ് ഗോപാലേട്ടന്റെ പോക്ക്.
അത് കേട്ടപ്പോൾ പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് വരുന്ന മീനത്തിൽ താലികെട്ടിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദിലീപിനെ ഞാൻ ഓർത്തു..
വീടിനു മുൻപിൽ വഴിക്കണ്ണുകളോടെ അമ്മ വേവലാതി നിഴലിക്കുന്ന മുഖവുമായി നിൽക്കുന്നുണ്ടായിരുന്നു.
നിറഞ്ഞ ചിരിയോടെ അവളെ സ്വീകരിച്ചു് അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ പുറത്തേക്ക് വന്ന ഇളയ പെങ്ങൾ ശബ്ദം താഴ്ത്തി നിനക്കിവൾ ചേരില്ല എന്നെന്റെ കാതിൽ മൊഴിഞ്ഞു.
..എനിക്കവളുടെ കഴുത്തൊപ്പമേ പൊക്കമുള്ളത്രെ...
ആ അവധിദിവസങ്ങളിലേപ്പോഴോ വീട്ടിലെത്തിയ വിനോദ് വീട്ടുവളപ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വെച്ച് അവളോട്‌ തന്റെ ഇഷ്ടം തുറന്നുപറയുമ്പോൾ ഞാൻ വീടിന്റെ കോലായിൽ എല്ലാം കേട്ടുകൊണ്ട് ഒരു ചെറുചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.
....................................................
ഹായ്‌ വിപിൻ....
ഓർമകളിൽ നിന്നുണരുമ്പോൾ എന്റെ മുന്നിൽ അവൾ.. സംസ്‌കൃത..
ഇന്നലെ വൈകുന്നേരമാണ് റിസോർട്ടിൽ എത്തിയത് . അതിഥികൾക്ക് വേണ്ടിയുള്ള മുറികൾ ഒരു മാസം മുൻപേ ബുക്ക് ചെയ്തിരുന്നുവത്രേ.
അവളെ നേരിട്ട് കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല.
മുഖം നിറയെ ചിരിയുമായി അവൾ എന്റെ മുന്നിൽ നിൽക്കുന്നു. ജീൻസും ടോപ്പുമിട്ട് ആരെയും കൂസാതെ നടക്കുന്ന ആ പഴയ പൊക്കക്കാരി പെണ്ണിൽ നിന്നും അവൾ ഒരുപാട് മാറിപ്പോയതുപോലെ തോന്നി.
പക്ഷേ ആ പഴയ ആത്മവിശ്വാസം ഇപ്പോളും അവളുടെ മുഖത്ത് അതേ അളവിലുണ്ട്.
അവൾക്ക് പുറകിൽ ശാന്തമായ നീലക്കടൽ.
വെളുത്ത പഞ്ചാരമണൽ ചവിട്ടി ഒരു കൂട്ടം കുട്ടികൾ കലപിലയുണ്ടാക്കി ഓടിപ്പോയി.
.....വിപിനെക്കണ്ടപ്പോൾ എനിക്ക് പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു.. എന്ത് രസായിരുന്നല്ലേ...?
ഗുഡ് ഓൾഡ് ഡേയ്‌സ്..
....അമ്മ അന്വേഷണം പറഞ്ഞിട്ടുണ്ട്..
ഞാൻ പറഞ്ഞു.
...ഞാൻ മറക്കില്ല വിപിന്റെ അമ്മയെ.. അന്നത്തെ നിന്റെ നാട്ടിലേക്കുള്ള യാത്രയും.....
മഴയും , പച്ചപ്പും , വിരിഞ്ഞു നിൽക്കുന്ന പൂക്കളും... സായാന്ഹ കോളേജിൽ പോകുന്ന ഗോപാലേട്ടനും... പിന്നെ... വൺ മോർ തിങ് .
അവൾ നെറ്റിയിൽ വിരൽ മുട്ടിച്ചു കണ്ണടച്ച് ആലോചനയിലാണ്ടു.
...ചീവീടിന്റെ കരച്ചിൽ....
..
യാ യാ... ചീവീട്..
അവൾ പൊട്ടിച്ചിരിച്ചു.
...ഞാൻ വിനോദിനെ കോണ്ടാക്ട് ചെയ്തിരുന്നു പക്ഷേ... വരുന്നില്ലെന്ന് പറഞ്ഞു..
..ലീവ് ഇറ്റ് മാൻ... തിരക്കായിരിക്കും..
അവൾ എന്റെ പുറത്ത് തട്ടി പറഞ്ഞു..
എന്നാൽ ശരി.. എനിക്കൊരുങ്ങാൻ സമയമായി. ചടങ്ങുകൾ തുടങ്ങാറായി.. ചിരിക്കുന്നത് നോക്കണ്ട.. ഐ ആം ടൂ നേർവസ് മാൻ...
അവൾ തിരക്കിട്ടു അകത്തേക്ക് പോയി
റിസോർട്ടിന്റെ ഒരു ഭാഗത്ത്‌ പാരമ്പര്യരീതി അനുസരിച്ചുള്ള ചടങ്ങുകൾക്കായി വിവിധയിനം പൂക്കൾ കൊണ്ടലങ്കരിച്ച ചെറിയൊരു മണ്ഡപം ഒരുക്കിയിരിക്കുന്നു.
തണുത്ത കടൽക്കാറ്റും ഇളം വെയിലുമുള്ള ബീച്ചിൽ രണ്ട് ആത്മാക്കൾ ഒന്നിക്കുന്നു..
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങ്.
സംസ്‌കൃതയുടെ അച്ഛൻ ഭൂഷൺ റോയ്‌ ഒരു സഹൃദയനാണ്.
അതിഥികൾക്ക് മുഷിച്ചലുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
അമ്മയില്ലാതെ അവളെ വളർത്താൻ അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും..?
..ആരായിരിക്കും ഇവളെക്കെട്ടാൻ പോകുന്നവൻ.. ഒരേ അഭിരുചികൾ ഉള്ളയാൾ പങ്കാളിയായി വരുക എന്നത് ഒരു ഭാഗ്യം തന്നെ..
ചടങ്ങുകൾ തുടങ്ങാറായി..
മുല്ലപ്പൂ കൊണ്ട് മുഖം മറയ്ക്കുന്ന തലപ്പാവ് അണിഞ്ഞു വരൻ താലങ്ങളേന്തിയ പെൺകുട്ടികളുടെ അകമ്പടിയിൽ വേദിയിലേക്കെത്തി ഇരിപ്പിടത്തിൽ ഉപവിഷ്ടനായി.
സ്വർണ്ണനിറത്തിലുള്ള കുർത്തയും പജാമയുമാണ് അവന്റെ വേഷം.
വിലകൂടിയ ചുവന്ന കല്യാണവസ്ത്രമണിഞ്ഞു അവളും വേദിയിലേക്കാനയിക്കപ്പെട്ടു. ഗിൽറ്റുകൾ വെയിലിൽ വെട്ടിത്തിളങ്ങി..
ശിരോവസ്ത്രത്തിലെ അലുക്കുകൾ കടൽക്കാറ്റിൽ ഇളകുന്നുണ്ടായിരുന്നു.
കല്യാണവസ്ത്രത്തിൽ അവൾ ഒരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു...
തന്റെ മുഖം കയ്യിലുള്ള വെറ്റില കൊണ്ട് മറച്ചുപിടിച്ചുണ്ട്.
മണ്ഡപത്തിലെത്തി ഒരു പീഠത്തിലിരുന്ന അവളെ കുറച്ച് ചെറുപ്പക്കാർ പീഠത്തോടെ പൊക്കിയെടുത്തു വരനു ചുറ്റും കുറേ പ്രാവശ്യം വലം വെച്ചു.
..ലോകത്ത് എന്തൊക്കെ ചടങ്ങുകളാണല്ലേ... !
പ്രദക്ഷിണത്തിനു ശേഷം അവളെ വരന്റെ നേരെ അഭിമുഖമായി ഇരുത്തി..
വെറ്റില കൊണ്ട് മറഞ്ഞിരിക്കുന്നെങ്കിലും ചുണ്ടിന്റെ കോണിലൂടെയുള്ള പുഞ്ചിരി എനിക്ക് കാണാം.
ശേഷം അവൾ രണ്ട് കൈകൾ കൊണ്ടും മുഖം മറച്ചിരുന്ന വെറ്റില മാറ്റി.. മന്ദസ്മിതം തൂകുന്ന മുഖം നാണത്താൽ കൂമ്പിപ്പോയിരുന്നു.
......ഇവളായിരുന്നോ വർഷങ്ങൾക്കു മുൻപ് ജീൻസും ടോപ്പുമണിഞ്ഞു എന്റെ പുറകെ എന്റെ ഗ്രാമത്തിലേക്ക് തലയുയർത്തിപ്പിടിച്ചു വന്നത്... !
വരനും വധുവും കൂടിനിൽക്കുന്നവരുടെ മുന്നിൽ പരസ്പരം ദർശിക്കുകയാണ്.
അയാൾ മെല്ലെ തന്റെ മുഖം മറച്ചിരുന്ന മുല്ലപ്പൂമാലകൾ ഒരു വശത്തേക്ക് മാറ്റി അവളെ ഒരു പുഞ്ചിരിയോടെ കടാക്ഷിച്ചു.
എന്നിട്ട് എന്നെയുമൊന്നു നോക്കി..
ഇവനെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ..?
വിനോദ്... !!
കല്യാണം കൂടാൻ സമയമില്ല എന്ന് പറഞ്ഞവൻ വരനായി മണ്ഡപത്തിലിരിക്കുന്നു... !
ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ കണ്ണും തള്ളിയിരിക്കുമ്പോൾ , മന്ത്രോച്ചാരണങ്ങളുടെ നടുവിൽ മുന്നിലുള്ള അഗ്നിയെ സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ടുള്ള മാല ചാർത്തി.. അവൾ തിരിച്ചും.
അഗ്‌നിക്ക് ചുറ്റും വലം വെക്കുമ്പോഴും രണ്ടാളും എന്നെ നോക്കി അമർത്തിച്ചിരിക്കുന്നുണ്ട്..
ഫോട്ടോസെഷൻ തുടങ്ങിയപ്പോൾ അടുത്ത് ചെന്ന് പോസ് ചെയ്ത ഞാൻ മെല്ലെ പറഞ്ഞു.
..പറ്റിച്ചു അല്ലേ .... എന്നോട് തന്നെ ഇത് ചെയ്യണം...
...നിന്നോടല്ലാതെ പിന്നെ ആരോടാ ചെയ്യുക..
രണ്ടുപേരുടെയും പൊട്ടിച്ചിരി മുഴങ്ങി.
അവന്റെ ബന്ധുക്കളായി രണ്ടുപേർ മാത്രം എന്റെ കണ്ണിൽപ്പെടാതെ ആൾക്കൂട്ടത്തിലുണ്ടത്രേ .
ഇനിയുള്ള പാർട്ടിയൊക്കെ കോഴിക്കോടാണ്.
അന്ന് രാത്രി റിസോർട്ടിൽ കടലിനഭിമുഖമായുള്ള ബാൽക്കണിയിൽ ഞങ്ങൾ മൂന്നുപേരും നിന്നു..
ഗതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ ഞങ്ങൾ കൈകോർത്തു പിടിച്ചിട്ടുണ്ടായിരുന്നു.
മുന്നിൽ നിലാവ് പരന്ന കടൽ.
തണുപ്പുള്ള കടൽക്കാറ്റ് ഞങ്ങളെത്തഴുകി കടന്നുപോയി.
ദൂരെ കടലിൽ നിന്നും ഒരു കൂട്ടം മിന്നാമിന്നികൾ പറന്നുപൊങ്ങി.
ജീവിതത്തിൽ കണ്ട് മുട്ടിയ തിളങ്ങുന്ന സൗഹൃദങ്ങൾ പോലെ....
ശുഭ ആദ്യരാത്രി നേർന്നുകൊണ്ട് റൂമിലേക്ക്‌ ഞാൻ നടന്നു.
എന്റെ പ്രിയ സുഹൃത്തുക്കൾ ഇന്ന് പുതിയ ഒരു ജീവിതം തുടങ്ങുകയാണ്.
ഞങ്ങളൊന്നിച്ചു നടക്കാറുള്ള മിട്ടായിത്തെരുവിലെ കോഴിക്കോടൻ ഹൽവയുടെ മണമുള്ള വൈകുന്നേരങ്ങൾ ഞാൻ ഓർത്തു
നന്മയുള്ള സൗഹൃദങ്ങൾക്ക് ഞാൻ കണ്ടെത്തിയ ഗന്ധം.
ശ്രീ 

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot