മോഹഭംഗം
*********
മുംതാസിനെ അവസാനമായി ഒരുനോക്ക് കാണാനാണ് ഞാൻ അവളുടെ വീട്ടിലെത്തിയത് .മുംതാസിനെ കിടത്തിയിരുന്ന മുറിയുടെ മുന്നിലെത്തിയതും ഞാനൊന്നുനിന്നു .അകത്തേക്ക് കടക്കാൻ എനിക്കെന്തോ മടി .മുംതാസിന്റെ ചേതനയറ്റ ശരീരം കാണാനുള്ള ശക്തിയില്ലാതെ അകത്തേക്ക് വെച്ചകാലുകൾ പിൻവലിച്ചു ഞാൻ പുറത്തേക്ക് നടന്നു .വീട്ടിലും മുറ്റത്തുമായി ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നു.ഞാൻ ആരെയും ശ്രേദ്ധിച്ചില്ല .മുറ്റത്തിന്റെ ഒരുകോണിലായിക്കൊണ്ട് ഒതുങ്ങിനിന്നു .
ഇന്നലെരാത്രി ജോലികഴിഞ്ഞു വൈകി കവലയിലെത്തിയപ്പോൾ സുഹൃത്ത് അപ്പുണ്ണിയാണ് എന്നോട് പറഞ്ഞത് .
''നമ്മുടെ തെക്കേതിലെ മുംതാസ് മരിച്ചു .അവള് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി .''
''എപ്പോൾ..?'' ഞാൻ ഞെട്ടലോടെ അപ്പുണ്ണിയെ നോക്കിചോദിച്ചു .
''വൈകുന്നേരം..! ആശുപത്രിയിൽ കൊണ്ടുപോയി .അവിടെ എത്തുന്നതിനു മുൻപേ മരിച്ചെന്നാണ് അറിഞ്ഞത് .''
ആ വാർത്തകേട്ട് ഞാനോരുനിമിഷം സ്തംഭിച്ചുനിന്നുപോയി .എന്റെ ശരീരമാകെ തളരുന്നതുപോലെ എനിക്കുതോന്നി .ഈ സമയം മുംതാസ് ആത്മഹത്യ ചെയ്തതിനെക്കുറിച്ചു കവലയിലെ പീടികത്തിണ്ണയിലിരുന്ന് ആളുകൾ പിന്നെയും എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടു .ഓരോരുത്തരും അവരവരുടെ രീതിയിൽ മുംതാസിന്റെ മരണത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ടിരുന്നു.
എന്റെ കരളിലെ നോവ് കണ്ണുനീരായി പുറത്തുവന്നു .അത് മറ്റുള്ളവരിൽ നിന്നും മറയ്ക്കാനായി ഞാൻ വേഗം വീട്ടിലേക്ക്നടന്നു .
മുംതാസിനെ എനിക്ക്‌വലിയ ഇഷ്ടമായിരുന്നു .കുട്ടിക്കാലത്തെ അവളുടെ ചിരിയും വർത്തമാനവുമെല്ലാം ഇപ്പോളും എന്റെ മനസിലുണ്ട് .ഓത്തുപള്ളിയിലും ,പള്ളിക്കൂടത്തിലുമെല്ലാം ഒരുമിച്ചുപഠിച്ച ഞങ്ങൾ എപ്പോഴും വഴക്ക് കൂടുമായിരുന്നു .
ഓരോ ക്‌ളാസിലും ഒന്നാമതായവൾ പഠിച്ചുമുന്നേറി .ഞാനാവട്ടെ തട്ടിമുട്ടിയെന്നവണ്ണം ഓരോക്‌ളാസുകളുടെയും പടികൾ ചവിട്ടിക്കയറി .പത്താം ക്‌ളാസിൽ തോറ്റതോടെ പഠിപ്പുനിർത്തി ഞാൻ പണിക്കിറങ്ങി .എങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നുകൊണ്ടിരുന്നു .
പഠിക്കാനായി ടൗണിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം ഞാനവളുമായി കണ്ടുമുട്ടി .ഇടക്കൊക്കെ ലൈബ്രറിയിൽ നിന്നും വായിക്കാനെടുക്കുന്ന പുസ്തകങ്ങൾ അവൾ എനിക്കും സമ്മാനിച്ചു .ആ പുസ്തകങ്ങൾക്കുള്ളിലെല്ലാം അവൾ ഓരോ കുഞ്ഞുകത്തുകൾ ഒളിപ്പിച്ചുവെച്ചു .അതിൽനിറയെ കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിലൂടെ അവൾ എന്നോടുള്ള ഇഷ്ടം കോറിയിട്ടു .
അക്ഷരത്തെറ്റുകളോടെയാണെങ്കിലും ഞാനവളുടെ ഓരോ കത്തുകൾക്കും മറുപടി കൊടുത്തുകൊണ്ടിരുന്നു .അങ്ങനെ ഞങ്ങളുടെ പ്രണയം നിശബ്ദമായി മുന്നോട്ടുപോയികൊണ്ടിരിക്കുമ്പോളാണ് പെട്ടെന്ന് മുംതാസിന് നിക്കാഹ് ഒത്തുവന്നത് .
ഒരുപാട് സമ്പത്തുള്ള ഒരുയുവാവിന്റെ വിവാഹാലോചന .പോരാത്തതിന് സ്ത്രീധനമായി അയാൾക്ക് ഒന്നുംകൊടുക്കുകയും വേണ്ട .മുംതാസിന്റെ വീട്ടുകാർക്കെല്ലാം ഈ ആലോചന ഒരുപാട് ഇഷ്ടമായി .ആ സമയം എന്തുചെയ്യണമെന്നറിയാതെ ഞാൻ നീറിപുകഞ്ഞു .
വീട്ടിലെ പ്രാരാബ്ധങ്ങളും മോശം സാഹചര്യങ്ങളുമെല്ലാം എന്നെ മുംതാസിൽ നിന്നും അകറ്റി .മുംതാസിന്റെ നല്ലഭാവിയോർത്തു ഞാൻ ഒഴിഞ്ഞുമാറി എന്നുപറയുന്നതാവും നല്ലത്.
ഒരുനാൾ അവളുടെ കല്ല്യാണക്കുറി എന്റെ കയ്യിൽകിട്ടി .വർണമനോഹരമായ ആ കല്ല്യാണക്കുറിയിലെ വധൂവരന്മാരുടെ പേര് ഞാൻ പലവട്ടം നിറമിഴികളോടെ വായിച്ചു അന്ന് .മുംതാസ് മണവാട്ടിയായി ചമഞ്ഞിരിക്കുന്നതു കാണാനുള്ള മനസില്ലാത്തതുകൊണ്ട് ഞാൻ അവളുടെ നിക്കാഹിന് പോയില്ല .വിവാഹംകഴിഞ്ഞു പുതിയാപ്ലയുടെ കൂടെ വീട്ടിലേക്ക് പോകുന്നവഴി മുംതാസിനെ ഞാൻ വഴിയരികിൽനിന്നുകൊണ്ട് നോക്കിക്കണ്ടു .കാറിലിരുന്നുകൊണ്ടവൾ എന്നെനോക്കി പുഞ്ചിരിച്ചു .ആ പുഞ്ചിരിക്ക് വേദനയുടെ നിറമാണെന്ന് അന്ന് എനിക്കുതോന്നി .
വിവാഹംകഴിഞ്ഞുപോയിട്ടും ഇടക്കൊക്കെ മുംതാസിന്റെ കത്തുകൾ എന്നെത്തേടി എത്തിക്കൊണ്ടിരുന്നു .എല്ലാകത്തിലും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളും ,സങ്കടങ്ങളും ,പരിഭവങ്ങളുമെല്ലാം നിറഞ്ഞുനിന്നു .കത്തുകൾക്കൊന്നും ഞാൻ മറുപടി അയച്ചില്ല .സങ്കടം ഉള്ളിലൊതുക്കി എല്ലാംമറക്കാൻ ശ്രെമിച്ചുഞാൻ .
ദിവസങ്ങളും മാസങ്ങളും കടന്നുപോയ്കൊണ്ടിരുന്നു .ഇതിനിടയിൽ പലവട്ടം മുംതാസ് പുതിയാപ്ലയുമായി പിണങ്ങി വീട്ടിൽ വന്നുനിന്നു .ഭർത്താവിന്റെ മദ്യപാനവും ,പരസ്ത്രീബന്ധവുമെല്ലാം അവളെ തളർത്തിക്കൊണ്ടിരുന്നു .മുംതാസിന്റെ ജീവിതം ദുരിതപൂർണമാണെന്നുള്ള അറിവ് എന്നെ സങ്കടത്തിലാഴ്ത്തി .
ഒരിക്കൽ അവളുടെ വീടിനുമുന്നിലുള്ള ഇടവഴിയിൽവെച്ചു ഞാനവളെക്കണ്ടു .സൗന്ദര്യമെല്ലാം നശിച്ചൊരു പേക്കോലമായിത്തീർന്നിരുന്നു അവൾ .അവൾക്കൊപ്പം അവളുടെ കുട്ടിയുമുണ്ടായിരുന്നു .
''എന്താ മോന്റെ പേര് .?''ഞാൻ മുംതാസിനെ നോക്കിചോദിച്ചു .
''മുഹമ്മദ് ..''അവൾ എന്നെനോക്കി വേദനയോടെ പറഞ്ഞു .
എന്റെ പേര് .മനസിലൊരു മഞ്ഞുതുള്ളി വീണപോലെ തോന്നി എനിക്കവളുടെ വാക്കുകൾ കേട്ടപ്പോൾ .അന്നാണ് ഞാൻ അവസമായി മുംതാസിനെ കണ്ടത് .പിന്നീടൊരിക്കൽകൂടി മുംതാസ് പുതിയാപ്ലയുടെ വീട്ടിൽപോയി മടങ്ങിവന്നവിവരം ഞാൻ അറിഞ്ഞിരുന്നു .
എന്റെ തോളിൽ ഒരു കൈ പതിഞ്ഞതും ഓർമ്മയിൽ നിന്നും മുക്തനായിക്കൊണ്ട് ഞാൻ തലതിരിച്ചുപിന്നോട്ട് നോക്കി .അപ്പുണ്ണിയാണ് .!
''നീ കണ്ടോ .?''
''ഇല്ല .''ഞാൻ പറഞ്ഞു .
''നന്നായി ..കാണാതിരിക്കുന്നതാണ് നല്ലത് .''എന്നെനോക്കി വേദനയോടെ പറഞ്ഞിട്ട് അപ്പുണ്ണി നടന്നുപോയി .
ഞാൻ അൽപനേരംകൂടി അവിടെ സംശയിച്ചുനിന്നു .എന്റെയുള്ളിൽ സങ്കടം അണപൊട്ടിയൊഴുകി .ഇനിയും അവിടെനിന്നാൽ പൊട്ടിക്കരയുമെന്ന് എനിക്കുതോന്നി .ആ നിമിഷം വീടിനുള്ളിൽനിന്നും ഒരു കൂട്ടനിലവിളി ഉയർന്നു .മുംതാസിന്റെ മയ്യിത്ത് അടക്കംചെയ്യാനായി പള്ളിക്കാട്ടിലേക്ക് എടുക്കുകയാണ് .അവളുടെ സഹോദരങ്ങളും ബന്ധുക്കളുമാണ് അലമുറയിട്ട് കരയുന്നത് .
മുംതാസിന്റെ മയ്യിത്തുമായി പള്ളിപ്പറമ്പിലേക്ക് നടക്കുന്നവർക്കൊപ്പം അവസാന ധിഖറും.ചൊല്ലി ഞാനും നടന്നു .അപ്പോൾ ഒരിളംകാറ്റ് എന്നെ തഴുകിക്കടന്നുപോയി അതിൽ മുംതാസിന്റെ ആത്മാവുണ്ടെന്ന് എനിക്കുതോന്നി .
------------------------------------
രചന-അബ്ബാസ്.കെ.എം,ഇടമറുക്
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക