Slider

നിമജ്ജനം ( ചെറു കഥ)

0
"കഥ" മാഗസിൻ 2017 ലെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നിമജ്ജനം എന്ന കഥ.
നിമജ്ജനം ( ചെറു കഥ)
------------------
വീണക്കമ്പികളാലുതിര്‍ക്കുന്ന നാദം പോലെ ശുദ്ധവും ആനന്ദവുമാണു ഈ കടല്‍തിരകളുതിര്‍ക്കുന്ന സംഗീതവും. കന്യാകുമാരിയിലെ മൂന്ന് അലയാഴികളുടെ സംഗമ വേദിയെക്കുറിച്ച് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ അയാളോര്‍ത്തു. മുനമ്പിലെ പാറക്കെട്ടുകളില്‍ തല തല്ലി തകരുന്ന തിരമാലകളുടെ രൗദ്രതയെ, സംഗീതാത്മകമായി മനസ്സിലേക്കാനയിക്കാന്‍ വേണ്ടത് കണ്മുന്നിലെ കടലിന്റെ ഭാവത്തിനു വിജാതീയമായ ഒരു മനസ്സു തന്നെയാണു.
ഇരുള്‍ വീണ സന്ധ്യ മുനമ്പിനെ ഭയാനകമാക്കുന്നു. കരയ്ക്കും കടലിനുമിടയിലെ അതിര്‍‌വരമ്പ് പോലെ പാറക്കൂട്ടങ്ങള്‍, തക്കം പാര്‍ത്ത് കുനിഞ്ഞിരിക്കുന്ന രാക്ഷസന്മാരെ പോലെ. ഉള്‍ക്കടലില്‍ നിന്ന് പുറന്തള്ളുന്നതും കരയില്‍ നിന്നുപേക്ഷിക്കുന്നതും പരസ്പരം കൈമാറുന്നത് ഹൃദയ ശ്യൂന്യരായ ഈ ദുര്‍ഭൂതങ്ങളാണൊ? ശിഥിലമായ പൗരുഷത്തിന്റെ പാപക്കറ ഈ ത്രിവേണി സംഗമത്തില്‍ ജീവനോടെ നിമജ്ജനം ചെയ്യുവാന്‍ ഏത് ഭൂതത്തെ സമീപിക്കണം?
അന്തിമ വിധി സ്വയം കല്പിച്ച് മൗനമായ യാത്രാമൊഴികളര്‍പ്പിച്ചാരംഭിച്ച പ്രയാണത്തിന്റെ അവസാന പദന്യാസത്തിലൊരു പതര്‍ച്ച . മാനത്ത് മഴക്കാറുകള്‍ ഉരുണ്ട് കൂടുന്നുണ്ട്. വീശിയടിച്ച കടല്‍ക്കാറ്റില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ രൂക്ഷ ഗന്ധം കുറച്ച് മുന്നെ കടന്ന് പോയ പല്ലുന്തിയ മെല്ലിച്ച തമിഴനെ ഓര്‍മ്മപ്പെടുത്തി. അവശേഷിച്ചതെന്തോ സൂക്ഷിച്ച തുണിസഞ്ചി കയ്യിലെടുത്ത് രാക്ഷസന്മാരുടെ മുതുകില്‍ ചവിട്ടി മറ്റൊരിടം തേടുമ്പോള്‍, തുളുമ്പി നിന്ന കണ്‍‌തടങ്ങളിലെ മുത്തുമണികളെ ഇറുകിയടച്ച കണ്‍‌പോളകള്‍ താഴേക്കുരുട്ടിയിട്ട പോലെ കൈത്തണ്ടയില്‍, പ്രകൃതിയുടെ സാന്ത്വനം.
വരണ്ട നിലാവിനെ മഴമേഘങ്ങള്‍ അപ്രത്യക്ഷമാക്കുന്നു. ശ്രീപാദപാറയിലെ കെടാവിളക്കുകള്‍ തിരുവള്ളുവറിന്റെ ദീര്ഘകായ പ്രതിമ ഒരു നിഴല്‍ പോലെ തോന്നിപ്പിച്ചു, യുഗ യുഗാന്തരങ്ങള്‍ക്ക് മുന്നെ ആധുനിക മനുഷ്യന്റെ തത്വ ദര്‍‌ശനങ്ങളെ മനനം ചെയ്ത മഹാ പുരുഷന്‍. കടലിന്റെ ഇരമ്പലിനിപ്പോഴൊരു സംഗീതമുണ്ട്, അയാള്‍ക്കത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഇതുവരെ കേള്‍ക്കാത്ത തിരുക്കുറുളിന്റെ വരികള്‍ അയാളിലേക്ക്,
"വിശ്വസ്ഥ സ്നേഹിതന്‍ വീട്ടില്‍ നീചമായി വിഹരിപ്പവര്‍
ജീവനോടെയിരുന്നാലും പിണം പോല്‍ കഴിയുന്നവര്‍"
വന്ധ്യമാക്കപ്പെട്ട അടിയാളന്റെ അവകാശങ്ങള്‍ക്ക് ഉരിയാടാനാവാത്ത ശബ്ദമായിരുന്നു. മച്ചിലെ ഭഗവതി മൂക സാക്ഷിത്വം നിന്ന അന്തപുരങ്ങളിലെ കാച്ചിയ എണ്ണയുടെയും ചന്ദന ലേപനത്തിന്റെയും ഗന്ധം തമ്പ്രാക്കന്മാര്‍ക്ക് ആതിഥ്യമേകുമ്പോള്‍ കോലായിലെ മരത്തൂണുകളില്‍ ചാരിയിരുന്നു നിദ്ര പൂണ്ട്, ദാസി പെണ്ണുങ്ങളുടെ ഇളിഭ്യരാക്കുന്ന ചിരിയില്‍ പിണമായി. ചന്ദനലേപവും വിയര്‍പ്പിന്റെ ഗന്ധവും ഉന്മാദത്തിനൊടുവിലെ ആലസ്യത്തിന്റെ പരിസമാപ്തിയില്‍ തുല്യം ചാര്‍ത്തി കിട്ടിയ പനയോലത്താളുകളിലൂടെ വിസ്തൃതമാക്കപ്പെട്ട തറവാടിന്റെ അതിരുകള്‍ അന്തസ്സിന്റെ അടയാളമായി അഭിനയിച്ചനുഭവിച്ചവന്റെ പിന്‍‌തലമുറക്കാരന്റെ കരങ്ങള്‍ക്കും അടക്കി നിര്‍ത്താനൊ ചൂണ്ടി നിര്‍ത്താനൊ ശക്തി ക്ഷയം സംഭവിച്ചിരുന്നു.
കൗമാരത്തിന്റെ ഇതളുകള്‍ കരിയുമുന്നെ ദാമ്പത്യത്തിന്റെ ഇടനാഴിയിലേക്ക് പറിച്ച് നട്ടപ്പോഴും അവളില്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചത് യൗവ്വനത്തിന്റെ തീഷ്ണ വികാര വിചാരങ്ങളായിരുന്നു. പാകമാകും മുന്നെ തൊട്ടുണര്‍ത്തിയ ധമനികളിലെ പ്രവാഹവേഗത ശമിപ്പിക്കുന്നതിനു മുന്നെ കടലു താണ്ടുമ്പോള്‍, കണ്ടെത്തിയ സൗഹാര്‍ദ്ദങ്ങളില്‍ പലതും വിശുദ്ധപ്രണയത്തിന്റെ അവിശുദ്ധ ബന്ധങ്ങളായിമാറി.
ഒന്നര വ്യാഴവട്ടത്തോളം വിഡ്ഡി വേഷം കെട്ടിയാടിപ്പിച്ചു. വിശ്വാസ്യതയുടെ പരമോന്നതയില്‍ അഭ്യുദയാകാംക്ഷികളുടെ വാക്കുകള്‍ക്ക് സ്പര്‍ദ്ധയുടെ നിറം നല്കിയപ്പോള്‍ നഷ്ടപ്പെട്ടത് ജീവിതത്തിന്റെ നടപ്പാതകളായിരുന്നു. കാപട്യം നിറച്ച മനസ്സിനു മുന്നില്‍ ഭാവവ്യത്യാസമില്ലാതെ പൊളിവചനങ്ങള്‍ കൊണ്ട് പിടിച്ച് നില്ക്കാ നും, മറു ചോദ്യങ്ങളുതിര്‍ത്ത് എതിര്‍ക്കാനും അഗ്രകണ്യ. കണ്മുന്നില്‍ തെളിഞ്ഞ നഗ്ന സത്യങ്ങള്‍ക്ക് പോലും അവളെ പതറിക്കാനായില്ല, തന്റേടത്തോടെ ശരീരത്തിന്റെ അവശ്യകതയെന്നും അതിലുമുപരി ജീവിതത്തിലെ വ്യക്തി സ്വാതന്ത്ര്യമെന്നും വിശേഷണങ്ങളാല്‍ ന്യായീകരിച്ചപ്പോള്‍ തിരിച്ചറിഞ്ഞത്, വെറുമൊരു മേല്‍‌വിലാസക്കാരന്റെ വേഷം മാത്രമായിരുന്നു എന്ന പരമ സത്യം.
ഭാവിയിലേക്കുള്ള തുറിച്ച് നോട്ടത്തില്‍ മനസ്സില്‍ അവ്യക്തയും മുന്നില്‍ ഇരുട്ടുമായിരുന്നു. അവശേഷിച്ച പരമ്പരയിലെ ചോര, അവകാശത്തിന്റെ അസ്ഥിത്വം മറ്റൊരാളിലേക്ക് ചൂണ്ടാന്‍ അധൈര്യം കാട്ടേണ്ടതില്ല അവള്‍ക്ക് . നിരാശനായിi തലകുനിക്കേണ്ടി വരുമെന്ന തിരിച്ചറിവ്, അത് കൊണ്ടാവണം ഇരുട്ടിലലിയുമ്പോള്‍ കണ്ണില്‍ ചോരപൊടിഞ്ഞില്ല. വിഴുപ്പു പോലെ കൊണ്ട് നടന്ന ജീവിതത്തെ ഈ ത്രിവേണിയില്‍ ജീവനോടെ നിമജ്ജനം ചെയ്ത് പാപക്കറ ഒഴുക്കണമെന്ന് കരുതിയത്.
തോല്‍‌വിയും അവഗണനയും മാത്രം ശീലമാക്കിയ പലതലമുറകളൂടെ അവസാന കണ്ണിക്ക് പൊട്ടാനൊരു മടി. ഒരിക്കലെങ്കിലും ഒരു ചെറുത്ത് നില്പ്. മഴ കനത്തു. തീരുമാനത്തിന്റെ സ്ഥിരതയിലേക്ക് നീളം കൂടുന്നു.
ബീച്ച് റോഡില്‍ നിന്നും ഇടത്തോട്ടുള്ള ടാറിടാത്ത റോഡിന്റെ അവസാനമാണു കാമാക്ഷി ലോഡ്ജ്. തടിയിലുള്ള ഗോവണി കയറി മുകളിലത്തെ അടുക്കും ചിട്ടയുമില്ലാത്ത കുടുസു മുറി കാണിച്ച് തന്നത് പല്ലുന്തിയ മെല്ലിച്ച തമിഴനായിരുന്നു. മുറിക്ക് മുകളില്‍ മേഞ്ഞിരിക്കുന്ന തകരഷീറ്റിന്മേല്‍ മഴ തകര്‍ത്ത് പെയ്യുന്നു. പലക നിരത്തിയ കട്ടിലില്‍ മടക്കിവച്ചിരുന്ന പരുത്തി വിരി നിവര്‍ത്തി വിരിച്ചപ്പോള്‍, ഉണങ്ങിപിടിച്ച രേതസ്സുകളുടെ മായാത്ത പാടുകള്‍ മുറിയിലെ അരണ്ട വെളിച്ചത്തിലും വ്യക്തമായിരുന്നു. അറപ്പോടെ അത് നിഷേധിച്ച്, തുണിസഞ്ചിയില്‍ നിന്നും ഒരു തോര്‍ത്തെടുത്ത് കട്ടിലില്‍ വിരിച്ചു.
ഒരഞ്ചു രുപാ നാണയം തമിഴനെ ഏല്പിച്ചിട്ടും അയാള്‍ മുറി വിട്ട് പോകാന്‍ കൂട്ടാക്കിയില്ല, മൂലയില്‍ കുത്തിയിരുന്ന് പുറത്ത് ചാടിയ പല്ലുകള്‍ കാട്ടി വെളുക്കെ ചിരിക്കുന്നു. കന്യാകുമാരിയില്‍ വല്ലപ്പോഴും പെയ്യുന്ന മഴയുടെ ഈ ഉത്സവം വെറുതെ ഉറങ്ങി തീര്‍ക്കാന്‍ തമിഴന്‍ അനുവദിക്കുന്നില്ല. തമിഴന്റെ മലയാളം കലര്‍ന്ന തമിഴിലെ പ്രേരണ, തുറന്നിട്ട ഒറ്റപ്പാളി ജനാലയിലൂടെ അകത്തെത്തിയ മഴയുടെ ചെറു ബീജികളിലെ കുളിര്. ഉള്ളില്‍, എല്ലാത്തിനും മീതെ തോറ്റ പടയാളിയുടെ നിരാശയും പകയും. അയാള്‍ സഞ്ചിയിലെ മുഷിഞ്ഞ നോട്ടുകളെണ്ണി തിട്ടപ്പെടുത്തി, തമിഴനെ നോക്കി ചിരിച്ചു. തമിഴന്‍ ഉത്സാഹത്തോടെ ഗോവണികളിറങ്ങി താഴേക്കോടി.
അപരിചിതത്വവും ആശങ്കയും അറപ്പുമായിരുന്നു അവളെ കണ്ടത് മുതല്‍. വാടിക്കരിഞ്ഞ് കൊഴിഞ്ഞ മുല്ലപ്പൂമാല ഒരടയാളെമെന്നോണം പിന്നിയിട്ട മുടിയില്‍ തിരുകിയിട്ടുണ്ട്. എണ്ണക്കറുപ്പിന്‍‌മേല്‍ തേച്ച മഞ്ഞളിന്റെ നിറം മുഖത്തിപ്പോഴും തെളിഞ്ഞ് കാണാം. നീണ്ട് മെലിഞ്ഞ കൈക്കുഴകളില്‍ ഓരോ പ്ലാസ്റ്റിക് വളകള്‍, അക്ഷമ പ്രകടിപ്പിച്ച് കൊണ്ടവളത് കൈക്കുഴയിലിട്ട് ചലിപ്പിക്കുന്നു.
ഒറ്റപ്പാളി ജാലകത്തിലൂടെ അയാള്‍ പുറത്തേക്ക് നോക്കി. മഴ കുറഞ്ഞു. തകരപ്പാട്ടയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റിറ്റു വിഴുന്നു. മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയെ പറ്റു. മനസ്സിനെ മഥിക്കുന്ന കാമമില്ല. തോറ്റു പോയവന്റെ മനസ്സിലെ നീറുന്ന പക മാത്രം. അടുത്ത നിമിഷങ്ങളില്‍ അറിഞ്ഞ് കൊണ്ട് സംഭവിച്ചേക്കാവുന്ന പിഴവ് ഇതിനൊരു പ്രതിവിധിയുമല്ല. മനസ്സ് ഇപ്പോഴും ശുദ്ധമാണു, പക്ഷെ ശരീരം, അറിയാതെയെങ്കിലും അനുഭവിച്ചത് നീട്ടി തന്ന ഉച്ഛിഷ്ടത്തെയായിരുന്നില്ലെ? താലിച്ചരടിന്റെ കൂലി. അറിയാതെയും അറിഞ്ഞും ഫലത്തില്‍ ഒന്നു തന്നെയല്ലെ? അയാള്‍ ഒറ്റപ്പാളി ജനാല മെല്ലെ അടച്ചു, അവള്‍ പഴകിയ പോളിസ്റ്റര്‍ സാരിയുടെ മടിക്കുത്തും അഴിച്ചു.
കരിഞ്ഞുണങ്ങിയ മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന ഗന്ധം അയാള്‍ക്ക് അസഹ്യമായിരുന്നു. ഉള്ളില്‍ നിന്നും തികട്ടി വന്ന അറപ്പ് ലഘൂകരിക്കാനയാള്‍ മുറീയിലെ വെളിച്ചം കെടുത്തി. അയാളൂടെ വിരലുകളൂടെ ധ്രുത താളങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുന്നൊരു ശരീരമായിരുന്നില്ല അവളുടേത്. തുറന്ന, ശുഷ്കിച്ച മാറിടങ്ങളിലയാള്‍ മുലപ്പാലിന്റെ രുചിയും ഗന്ധവുമറിഞ്ഞ നിമിഷം, താഴെ മെല്ലിച്ച തമിഴന്റെ കയ്യിലിരുന്ന കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞു.
തുറന്നിട്ട ഒറ്റപ്പാളി ജനാലയിലയാള്‍ നെറ്റി ചേര്‍ത്ത് വച്ച് ഇരുട്ടിലേക്ക് നോക്കി നിന്നു. പിന്നില്‍ നിന്നുയര്‍ന്ന തേങ്ങല്‍, അയാളുടെ നോട്ടം തെറ്റിച്ചു. പോളിസ്റ്റര്‍ സാരി വാരി വലിച്ച് ചുറ്റി, ദയനീയ ഭാവത്തോടെ അവള്‍ അയാള്‍ക്ക് നേരെ കൈകള്‍ കൂപ്പി. തുണിസഞ്ചിയില്‍ നിന്നും എണ്ണി തിട്ടപ്പെടുത്തി വച്ചിരുന്ന പഴയ നോട്ടുകള്‍ അവള്‍ക്ക് നല്കു മ്പോള്‍ മുഖത്ത് നോക്കാതിരിക്കാനയാള്‍ ശ്രദ്ധിച്ചു. ഒരു തേങ്ങലോടെ അവളത് നിഷേധിച്ചു.
പുറത്ത് മഴ മാറീ, മഴ മേഘങ്ങളും. അയാള്‍ വിരിച്ച തോര്‍ത്തില്‍ല്‍ ഒരു കുഞ്ഞ് ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു. ഭഗ്ന പ്രണയത്തിന്റെ അവശേഷിപ്പുകളുമായി കാല്‍ മുട്ടുകളില്‍ മുഖമമര്‍ത്തി അവളിരുന്നു തേങ്ങി, ദാമ്പത്യത്തിന്റെ ദയനീയത വിശദമാക്കി അയാളും. എല്ലാത്തിനും സാക്ഷിയായി ചുവരില്‍ ചാരിയിരുന്ന, മെല്ലിച്ച എല്ലുന്തിയ തമിഴന്റെ കണ്ണുകളില്‍ പ്രത്യാശയുടെ സ്ഫുലിംഗങ്ങള്‍ ദൃശ്യമായിരുന്നു. നൈമിഷിക സുഖങ്ങളുടെ കണ്ണികള്‍ മാത്രം കോര്‍ത്തിരുന്ന തമിഴന്‍ കരയുകയായിരുന്നു. കാലം തെറ്റി പെയ്ത ആ രാത്രി മഴയില്‍ ബന്ധങ്ങളുടെ പുതു നാമ്പുകള്‍ കിളിര്‍ത്തു. അനാഥത്വത്തില്‍ നിന്നും തമിഴനും സനാഥനാവുകയായിരുന്നു. അയാളൂടെ ചുണ്ടില്‍ ഒരു മന്ദഹാസം വിടര്‍ന്നു.
(അശോക്‌ വാമദേവൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo