Slider

മരവും മനുഷ്യനും !

0
മരവും മനുഷ്യനും !
"മുറ്റം മുഴുവൻ കരിയിലയാ.. ഇത് തൂത്ത്‌ തൂത്ത് നടുവൊടിഞ്ഞു .. ആകെ മാസം തരുന്നത് അഞ്ഞൂറു രൂപയാ.. നാശം പിടിച്ച ഈ മാവ് !! ഇന്നുവരെ ഒരു ഉണ്ണിമാങ്ങാ പോലും ഇതിൽ ഉണ്ടായികണ്ടീട്ടില്ല .. അങ്ങ് വെട്ടിക്കളയാൻ ഉള്ളതിന് "
മുറ്റമടിക്കാൻ വന്ന കാളിക്കുട്ടിയുടെ പിറുപിറുക്കൽ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ശരിയാണ് ..
പടർന്നു പന്തലിച്ചീട്ടു വർഷം കുറച്ചായെങ്കിലും എല്ലാ വർഷവും മാമ്പഴക്കാലം വന്നുപോയീട്ടും എന്റെ ശിഖരങ്ങളിൽ ഒരിക്കലും ഒരുണ്ണി പോലും ഉണ്ടായില്ല .
ആ വീട്ടിലുള്ളവർ എനിക്കെല്ലാം തരുന്നു .. വെള്ളം ,വളം ..
പക്ഷെ ഒരിക്കൽ പോലും കായ്ക്കാൻ എനിക്കാവുന്നില്ല !!
ഒക്കെയുണ്ടായിട്ടും ഒന്നുമില്ലാത്തവളെ പോലെ ഞാൻ ഇലകൾ പൊഴിച്ച് കരഞ്ഞുകൊണ്ടേ ഇരിക്കുന്നു ..
ഈ വീട്ടിലെ ഒരു കുട്ടി വർഷങ്ങൾക്ക് മുൻപ് ഈ മിറ്റത്ത് നട്ടതാണെന്നെ .. ആ കുട്ടി വളർന്നു വലിയവനായി , ഞാനും .
കരുത്തോടെ വളർന്ന് നിറയെ ശിഖരങ്ങളുമായി തലയുയർത്തി നിൽക്കുന്ന എന്നെ കാണുമ്പോൾ അവൻ അഭിമാനത്തോടെ പറയുമായിരുന്നു
"ഞാൻ നട്ട മാവാണ് "..
അത് കേൾക്കുമ്പോൾ എന്റെ ശിഖരങ്ങളിൽ പുതിയ തളിരുകൾ നിറച്ച് ഞാൻ സന്തോഷിക്കും!!
ആ വീട്ടിലെ കുട്ടികൾ എനിക്കു ചുറ്റും ഓടി കളിച്ചു .. ചില കുസൃതികൾ എന്റെ ശിഖരങ്ങളിൽ തത്തിക്കയറി .. അവർക്ക് ചുവടു തെറ്റരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ എന്റെ ശിഖരങ്ങൾ അവർക്കായി നീട്ടി .. അവരുടെ സന്തോഷങ്ങളെല്ലാം എന്റെയും കൂടിയായി !
പക്ഷെ പിന്നീടെപ്പഴോ എല്ലാം താളം തെറ്റി .. പൊട്ടിച്ചിരികളും സന്തോഷശബ്ദങ്ങളും മാത്രം ഉയർന്നു കേട്ട ആ വീട്ടിൽ നിന്നും ആക്രോശങ്ങളും കരച്ചിലുകളും നെടുവീർപ്പുകളും ഉയർന്നു കേൾക്കാൻ തുടങ്ങി.
സന്തോഷ ശബ്ദങ്ങളാൽ മുഖരിതമായിരുന്ന പകലുകൾ നിശ്ശബ്ദതക്ക് വഴിമാറി .. താരാട്ടു പാട്ടുകൾ നിറഞ്ഞിരുന്ന രാത്രികൾ ഹൃദയം നുറുങ്ങിയുള്ള കരച്ചിലുകളാൽ വിങ്ങി !!
ഒരിക്കൽ കിടപ്പു മുറിയുടെ ജനാലയിലൂടെ ഞാൻ കണ്ടു , എന്നെ നട്ടു നനച്ചു വളർത്തിയ ആ കൈകൾ ഒരു സ്ത്രീയുടെ മുഖത്ത് ആഞ്ഞടിക്കുന്നത് ..
ഓടികളിക്കാൻ മറന്നുപോയ രണ്ടു കുരുന്നുകൾ അതു കണ്ട് ഭയന്ന് മുറിയുടെ മൂലയിൽ പതുങ്ങുന്നത് ..
ആ സ്ത്രീയുടെ കണ്ണുനീർ എന്റെ ഹൃദയത്തിലാണ് വീണത് ..
എനിക്ക് ശക്തി ക്ഷയിച്ചപോലെ തോന്നി . അവളുടെ കണ്ണുനീരിനൊപ്പം എന്റെ ഇലകളും പൊഴിയാൻ തുടങ്ങി !!
ആരോ അടുത്തിരുന്നു തേങ്ങും പോലെ തോന്നി.. ഞാൻ ശിഖരങ്ങൾ കുനിച്ച് താഴോട്ടു നോക്കി . ആ കുരുന്നുകളിൽ ഒരാൾ .. അവൻ വിങ്ങി വിങ്ങി കരയുകയാണ് .. അവന്റെ കണ്ണുനീർ വീണ് എന്റെ വേരുകൾ പൊള്ളുന്നു.. എന്നിലെ മാതൃഹൃദയം പിടയുന്നു !!
"അപ്പുവേട്ടാ എന്തിനാ കരയുന്നെ ?"
" പരീക്ഷക്ക് ഞാൻ തോറ്റുപോയി ചിന്നു "
"അയ്യോ ഇനി എന്തു ചെയ്യും ?? അച്ഛൻ അറിഞ്ഞാൽ അടിക്കില്ലേ ?"
" അടിക്കട്ടെ .. അച്ഛൻ എന്നെയും അടിക്കട്ടെ , അമ്മയെ അടിക്കുന്ന പോലെ അടിക്കട്ടെ. പാവം അമ്മ , എന്തുമാത്രം കരഞ്ഞു , വായ് പൊട്ടി ചൊര വന്നു .. എന്നീട്ടും നമ്മളോട് പറഞ്ഞില്ലേ അച്ഛനോട് പിണങ്ങരുത് അച്ഛൻ പാവാണെന്ന് "
" അപ്പുവേട്ടാ അച്ഛൻ എന്തിനാ കള്ളു കുടിക്കുന്നെ ?? "
"അച്ഛന് ജോലിയിലെ ടെൻഷൻ മാറ്റാനാണത്രേ "
"അപ്പുവേട്ടൻ വലുതായി ജോലി കിട്ടുമ്പോൾ കള്ളു കുടിക്കുവോ "
"ഇല്ല ചിന്നു .. അപ്പുവേട്ടന് ആരും കരയുന്നത് ഇഷ്ടമല്ല . ഇന്ന് ടീച്ചർ അച്ഛനെ സ്‌കൂളിലേക്ക് വിളിപ്പിച്ചീട്ടുണ്ട് . അച്ഛൻ വന്നാൽ എന്നെ തല്ലും. ചിലപ്പോൾ അമ്മയെയും.. അപ്പോൾ ചിന്നു അകത്തെ മുറിയിൽ ഒളിച്ചോട്ടോ .. അമ്മയും ഏട്ടനും കരയുമ്പോൾ ചിന്നുവിനും കരച്ചിൽ വരില്ലേ .. ചിന്നു കരയുന്നത് ഏട്ടന് ഇഷ്ടമല്ല "
"പഠിക്കാഞ്ഞത് എന്താ ഏട്ടാ ?? അതല്ലേ തോറ്റു പോയെ "
"എനിക്ക് പഠിക്കാൻ പറ്റുന്നില്ല ചിന്നു ... പഠിക്കാൻ ഇരിക്കുമ്പോൾ അമ്മയുടെ കരയുന്ന മുഖം ഓർമ വരും .. പിന്നെങ്ങനെ ഞാൻ പഠിക്കും?"
" അച്ഛൻ വരും മുൻപ് നമുക്ക് പിറകിലെ ചായ്പ്പിൽ ഒളിച്ചിരിക്കാം.. ഏട്ടൻ വാ "
ചിന്നു അപ്പുവിന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് വീടിനു പിറകിലേക്ക് പോയി ..
എനിക്കവനെ ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു .. പക്ഷെ എനിക്കതിനാവില്ലല്ലോ .. അതുകൊണ്ട് ഞാൻ കരഞ്ഞു ..
എന്റെ ഇലകൾ പൊഴിച്ച് കരഞ്ഞു !
അതാ അയാൾ .. കാറിൽ നിന്നും ഇറങ്ങി എനിക്ക് നെരെ വരുന്നു .. എനിക്കറിയാം അയാൾ എന്തിനെന്റെ അടുത്ത് വരുന്നുവെന്ന്. എന്റെ കൈകൾ മുറിച്ചെടുത്ത് ഇതിനു മുൻപും അയാൾ ആ കുഞ്ഞുങ്ങളെ തല്ലിയിട്ടുണ്ട്. ഞാനങ്ങ് മരിച്ചുണങ്ങി പൊയിരുന്നെങ്കിലെന്ന് തോന്നിപോയി .. പിന്നെ അയാൾ ഒരിക്കലും എന്റെ കൈകൾ കൊണ്ട് ആ കുഞ്ഞുങ്ങളെ നോവിക്കില്ലല്ലോ !
പക്ഷെ അയാൾ എന്റെ ചുവട്ടിൽ തളർന്നിരുന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നത് മദ്യപിച്ചീട്ടായിരുന്നില്ല .. കരഞ്ഞത് കൊണ്ടായിരുന്നു എന്നെനിക്ക് മനസിലായി . അയാളുടെ മുഖത്തെ ഭാവം ദേഷ്യമായിരുന്നില്ല. കുറ്റബോധം ആയിരുന്നു . അയാൾ എന്റെ മേൽ ചാരി പൊട്ടിക്കരഞ്ഞു .
ഞാൻ നിച്ഛലയായി അയാൾക്ക് മുകളിൽ തണൽ വിരിച്ചു നിന്നു !
അന്ന് കിടപ്പു മുറിയുടെ ജനാല വഴി ഞാൻ കണ്ടു ,അയാൾ ഭാര്യയുടെ മടിയിൽ തലവെച്ച് കരയുന്നത് , അവർ അയാളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നത് , ഭയന്ന് മാറിനിന്ന മക്കളെ അയാൾ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് .. എല്ലാ മുഖങ്ങളിലും സന്തോഷം വിടരുന്നത് .
ആ സന്തോഷം വേരുകളിൽ കൂടി എന്റെയുള്ളിലും നിറയുന്നത് ഞാനറിഞ്ഞു. എനിക്കെന്റെ ഊർജ്ജം തിരികെ കിട്ടിയപോലെ.
കാറ്റിനെ കൂട്ട് പിടിച്ച് ഞാൻ ശിഖരങ്ങളിളക്കി നൃത്തം ചെയ്തു . വളരെ നാളുകൾക്ക് ശേഷം പൊട്ടിചിരികളാൽ ആ വീടും എന്റെ മനസും നിറഞ്ഞു .
" ആഹാ .. ഈ മാവ് നിറയെ കായ്ച്ചിരിക്കുന്നല്ലോ "
കുറച്ചു ദിവസത്തിന് ശേഷം എന്നെ നോക്കി കാളിക്കുട്ടി അത്ഭുതം കൂറി.!
ഞാൻ ഇലകൾ പൊഴിക്കാതെ ഇളകി ചിരിച്ചു !
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo