Slider

ഒരു ഹണിമൂൺ ദുരന്ത കഥ

0
Image may contain: 1 person

ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ഒരു ആറേഴ് മാസമായപ്പോളാണ് ഹണിമൂൺ ഒന്നും പോയില്ലല്ലോ എന്ന ബോധോദയം എനിക്കുണ്ടായത്..
സ്വന്തം നിലയിൽ ഒരു കല്യാണം കഴിച്ചപ്പോളേക്കും ചേട്ടായിയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായാർന്നു.. പിന്നെ വീടൊക്കെ വാടകക്കെടുത്ത് അത്യാവശ്യ സാധനങ്ങൾ ഒക്കെ വാങ്ങിച്ച് ചെന്നൈയിൽ ഒരുമിച്ച് ജീവിതം തുടങ്ങിയപ്പോളേക്കും കുറച്ച് ഞെരുക്കത്തിലായി.. അതിനാൽ അപ്പോളൊന്നും അമ്മാതിരി ചിന്തകൾ ഉണ്ടായിരുന്നില്ല...
ആദ്യമാദ്യം എല്ലാ വീക്കെന്റുകളിലും ചെന്നൈയിലെ കൊടുംചൂടിനെ വകവെക്കാതെ ചേട്ടായീടെ ബൈക്കിൽ സിറ്റിയിലേക്ക് പോകുമാർന്നു.. ഞങ്ങൾ താമസിക്കുന്ന സെമ്പാക്കം എന്ന സ്ഥലത്തു നിന്നും ഒന്നര മണിക്കൂർ പോകണം സിറ്റിയിൽ എത്താൻ .. അവിടെ സ്പെൻസർ പ്ലാസയിലും സിറ്റി സെന്ററിലും ചുമ്മാ കറങ്ങി നടക്കാ... സത്യത്തിലോ മായാജാലിലോ സിനിമക്ക് പോവുക... പിന്നെ ശരവണ ഭവനിൽ നിന്നും ചില്ലി പൊറോട്ടയൊക്കെ സാപ്പിടുക ... അതൊക്കെ കഴിഞ്ഞ് തിരിച്ച് വരുമ്പോളേക്കും രാത്രിയാവും...
ഞാൻ ഉറക്കം തൂങ്ങി ബൈക്കിന്റെ പുറകിൽ നിന്നും വീഴോന്ന് ചേട്ടായിക്ക് ഭയങ്കര ടെൻഷൻ ആർന്നു... വെറുതെ ഉറക്കം തൂങ്ങുന്ന പോലെ അഭിനയിച്ച് ചേട്ടായീനെ ടെൻഷൻ അടിപ്പിക്ക എന്റെ ഒരു ക്രൂരവിനോദമായിരുന്നു...😀
അങ്ങനെയങ്ങനെ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ സിറ്റിയിൽ പോക്ക് മടുത്തു... പിന്നെ വീട്ടിൽ തന്നെ ഇരിക്കലായി ...അങ്ങനെയിരിക്കുമ്പോളാണ് ഹണിമൂൺ ചിന്തകൾ എന്നിൽ ഉടലെടുക്കുന്നത് ... എന്നിൽ മാത്രം ഉടലെടുത്തോണ്ടായില്ലല്ലോ ...എടുക്കേണ്ടവനിൽ എടുക്കണമല്ലോ ...
വിവാഹ ജീവിതത്തിൽ ഹണിമൂണിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പിന്നീടുള്ള ദിനങ്ങളിൽ ചേട്ടായീ കേൾക്കേണ്ടി വന്നത് .... അവസാനം ഹണിമൂൺ ഇല്ലാത്ത വിവാഹ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്നും വള്ളിയില്ലാത്ത നിക്കർ പോലെയാണെന്നുമൊക്കെ ചേട്ടായിക്ക് തോന്നിത്തുടങ്ങി.... അങ്ങനെ സഹികെട്ട് അദ്ദേഹം ഹണിമൂണിന് പോവാംന്ന് സമ്മതിക്കുകയാണ് സുഹൃത്ത്ക്കളെ സമ്മതിക്കുകയാണ്...
പ്രകൃതി രമണീയമായ ഒരു സ്ഥലത്തേക്കായിരിക്കണം പോകേണ്ടത്... അധികം ചിലവും പാടില്ല ദൂരവും പാടില്ല.. ഈ മൂന്ന് ഗുണവും ഒത്ത് വരുന്ന സ്ഥലമെന്ന നിലയിൽ ഊട്ടിക്ക് നറുക്കു വീണു..
അതിനും മുമ്പ് 3 തവണ ഞാൻ ഊട്ടിയിൽ പോയിട്ടുണ്ട്...എട്ടാം ക്ലാസിൽ പഠിക്കുമ്പോ എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി ടൂറിന്, പിന്നെ പ്ലസ് ടു വിലും കോളേജിലും ക്ലാസ് ടൂറിനും... പക്ഷെ എനിക്കവിടം മടുത്തിട്ടില്ല.. അവിടുത്തെ ചെറിയ തണുപ്പും ഹെയർ പിൻ വളവുകളും വഴിയിൽ വിരിഞ്ഞ് നിൽക്കുന്ന റോസാ ചെടികളും ഒക്കെ ഓർമ വരും എനിക്ക് ഊട്ടിയെ പറ്റി ഓർക്കുമ്പോ ...
അങ്ങനെ 2009 ലെ നവംബറിൽ ഞങ്ങൾ ഞങ്ങൾടെ ആദ്യ ഹണിമൂൺ യാത്രക്ക് പെട്ടീം തൂക്കിയിറങ്ങി ...ചെന്നൈയിൽ നിന്ന് മേട്ടുപാളയം വരെ നീലഗിരി എക്സ്പ്രസിൽ.. പിന്നെ അവിടുന്ന് വളരെ ഫേമസായ ഊട്ടി ട്രെയിനിൽ ഊട്ടിയിലേക്ക് ... അവിടെ 2 ദിവസം ലേക് വ്യൂ റിസോട്ടിൽ നിന്നിട്ട് തിരിച്ച് ഇതേ മാർഗത്തിലൂടെ തിരിച്ച് ചെന്നൈയ്ക്ക് ... ഇതായിരുന്നു ഞങ്ങൾടെ സിമ്പിൾ ആന്റ് ഹമ്പിൾ പ്ലാൻ!
ലേക് വ്യൂ റിസോടും എന്റെ ആഗ്രഹ പ്രകാരം ബുക് ചെയ്തതാണ്. പണ്ട് പ്രെസ് ക്ലബിൽ നിന്ന് ടൂർ പോയപ്പോൾ അവിടെയാ താമസിച്ചെ .. റിസോട് റിസോട് എന്ന് കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായി ഒരു റിസോട് ജീവനോടെ കാണുന്നത് അന്നാണ്! പിന്നെ അവിടുന്ന് അന്ന് കഴിച്ച ഫ്രൈഡ് റൈസിന്റേം ചില്ലി ചിക്കന്റേം ടേസ്റ്റും... എന്റെമ്മോ വായിൽ വെള്ളം വരുന്നു... അന്നൊക്കെ ഞാൻ ടൂർ പോകുന്നത് തന്നെ നല്ല ഫുഡടിക്കാൻ ആയിരുന്നു ..
എന്തായാലും ഞങ്ങൾ പുറപ്പെട്ടു.. ചേട്ടായിക്ക് മാത്രേ സ്വെറ്റർ ഉള്ളൂ.. അവിടെ നല്ല തണുപ്പായിരിക്കും എനിക്കും കൂടെ വാങ്ങാംന്ന് പുള്ളി പറഞ്ഞു.. "ഓ.. രണ്ട് ദിവസത്തേന് വേണ്ടി സ്വെറ്ററൊന്നും വാങ്ങി ചുമ്മാ പൈസ കളയേണ്ട... ആ തണുപ്പ് ഞാനങ്ങട് സഹിച്ചേക്കാം" എന്നും പറഞ്ഞ് ഞാൻ വല്യ മദർ തെരേസ ആയി !
എന്തായാലും ഞങ്ങൾ പുറപ്പെട്ടു.. മേട്ടുപ്പാളയം എത്തി അവിടുന്ന് ആ ഊട്ടി ട്രെയിനിൽ കയറി ... മെല്ലെ മെല്ലെയാണ് അതിന്റെ പോക്ക് ...പ്രകൃതി രമണീയത അതിന്റെ പാരമ്യത്തിൽ ...
കൂണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ എന്നെ കുറച്ച് കുരങ്ങൻമാർ ആക്രമിക്കാൻ ശ്രമിച്ചു.. ആയോധന കലകളിലുള്ള പ്രാവീണ്യം മൂലം ഞാൻ വീര സാഹസികമായി ഓടി രക്ഷപ്പെട്ടു..🏃🏃. എന്റെ കയ്യിലെ ആപ്പിൾ കണ്ടിട്ടാ കൊരങ്ങൻമാർ വന്നേ എന്ന് ഞാനും രക്തം രക്തത്തെ തിരിച്ചറിഞ്ഞതാണെന്ന് ചേട്ടായിയും അവകാശപ്പെട്ടു...
🙄🙄... ആ ഒരു ദുരനുഭവം ഒഴിച്ച് ബാക്കിയാത്രയെല്ലാം അടിപൊളി ആയിരുന്നു...
അങ്ങനെ ഞങ്ങൾ ഊട്ടിയിൽ എത്തി... അവിടെ കാല് കുത്തിയതും ,ഋഷ്യശൃംഗനും വൈശാലിയും അംഗരാജ്യത്ത് എത്തിയ പോലെ മഴ തുടങ്ങി... (ഉപമ കുറച്ച് കൂടുതൽ നന്നായി പോയോ ?,🤔🤔)...
പ്രണയമണി തൂവൽ പൊഴിയും പവിഴ മഴയൊക്കെ പാടി ചെക്ക് ഇൻ ചെയ്ത് ഞങ്ങൾടെ വില്ലയിൽ എത്തി... നല്ല തണുപ്പ് ... തണുപ്പിനിത്ര തണുപ്പുണ്ടെന്ന് എനിക്കപ്പോളാ മനസിലായെ... എന്തായാലും അന്ന് പുറത്തിറങ്ങിയില്ല...
രാത്രി എന്റെ നൊസ്സു കാരണം ഫ്രെഡ് റൈസും ചില്ലി ചിക്കനും ഓർഡർ ചെയ്തു... പണ്ട് എന്നെ ഭ്രമിപ്പിച്ച രുചിയില്ല! സാധാരണ രുചി... അല്ലേലും പണ്ട് കഴിച്ചിരുന്ന ചിക്കൻ കറിക്കൊക്കെ എന്ത് ടേസ്റ്റാർന്നു... വല്ലപ്പോളും കഴിച്ചിരുന്നത് കൊണ്ടാവും ...
എന്തായാലും പിറ്റേന്നും മഴ കൂടിയതല്ലാതെ കുറഞ്ഞില്ല.. പുല്ല്, ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ .. ഊട്ടി വരെ വന്നിട്ട് മുറിയിൽ തന്നെ ഇരുന്നാൽ പോരല്ലോ ... "തണുത്തിട്ട് വയ്യ " എന്ന് ഞാൻ ... "വേണേൽ എന്റെ സ്വെറ്ററെടുത്തോ " എന്ന് ചേട്ടായി പറഞ്ഞതും അത് ഞാൻ അപ്പൊ തന്നെ എടുത്തിട്ടു ...
(ഇത് പോലൊരു ഭാര്യയെ കിട്ടാൻ എന്ത് മുജജന്മ സുകൃതം ആണ് ചെയ്തതാവോ )
ഒരു കുടയും പിടിച്ച് മഴയെ മൈൻഡ് ചെയ്യാതെ പുറത്തിറങ്ങി...ആദ്യം ഞങ്ങൾ ബോട്ടിങ്ങിന് പോകാംന്നോർത്തു... അപ്പൊ അവിടുത്തെ വിവരമില്ലാത്ത ബോട്ടുകാർ ഞങ്ങളെ കളിയാക്കി .. ഈ മഴയത്ത് ബോട്ടെടുക്കാൻ അവർക്ക് തലക്കോളമില്ലാന്ന്! 
🙄🙄
അതിൽ തളരാതെ ഞങ്ങൾ ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡനിലേക്ക് പോയി... ഇതിനു മുമ്പ് 3 തവണ പോയിട്ടുണ്ടെങ്കിലും ആദ്യമായി കാണുന്ന പോലെ തോന്നി... വിജനമായ ബോട്ടാണിക്കൽ ഗാർഡൻ ഉടുപ്പില്ലാത്ത പാവക്കുട്ടിയെ പോലെ തോന്നിച്ചു ... (ദിതാണ് നുമ്മ പറഞ്ഞ കവി ഭാവന!)
ഞങ്ങൾക് ആശ്വാസമായി വേറെ ഒരു ഫാമിലി കൂടി വന്നു... അവർക് ഞങ്ങളേക്കാൾ കുറച്ച് കൂടിയ ഇനം വട്ടാണ് ... അച്ഛനും അമ്മയും രണ്ട് പീക്കിരി പിള്ളേരും കുടയില്ലാതെ മഴ നനഞ്ഞ് ബോട്ടാണിക്കൽ ഗാർഡൻ കണ്ട് നടക്കുന്നു ..
എന്തായാലും ആകെ നനഞ്ഞ് ഞങ്ങൾ തിരിച്ചു റൂമിലെത്തി... അപ്പൊ ടി വി യിൽ വാർത്ത..കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഉണ്ടായ കാരണം ആ ഊട്ടി ട്രെയിൻ റദ്ദാക്കിയത്രേ. 🙆🙆🙆.. ഇതൊരു ബല്ലാത്ത ജാതി മഴയായി പോയി !...
എങ്ങനേലും തിരിച്ച് പോയാൽ മതിയെന്നായി... അന്ന് രാത്രി തണുപ്പ് കാരണം വിറകൊക്കെ കത്തിച്ചു ചൂടുപിടിച്ചാണ് ഉറങ്ങിയെ...
പിറ്റേന്ന് ഞങ്ങൾ ചെക് ഔട്ട് ചെയ്യാൻ പോയപ്പോൾ മേട്ടുപാളയത്തേക്ക് ബസൊന്നും പോണില്ല! "ടാസ്കി വിളിക്കെടോ ടാസ്കി " എന്നയെന്റെ ദീനരോദനത്തിന്റെ ഫലമായി അവസാനം റിസോട്ടിലെ ആൾക്കാർ ടാക്സി വിളിച്ചു ... റിസ്ക് ആയോണ്ട് 2000 രൂപയാകുംത്രേ... എന്തേലും ആകട്ടെ രക്ഷപ്പെട്ടാൽ മതിയെന്നായി...
ടാക്സിയിൽ കേറി കുറച്ച് പോയപ്പോളേക്കും ഞങ്ങൾടെ വണ്ടി പോലീസ് തടഞ്ഞു... കനത്ത മണ്ണിടിച്ചിൽ കാരണം ഊട്ടി മേട്ടുപ്പാളയം റോഡ് ആകെ തകർന്നു... വണ്ടികൾ ഒന്നും വിടുന്നില്ലാന്ന്!
തണുപ്പായത് കൊണ്ട് എന്റെ ബുദ്ധിപരമായ നീക്കങ്ങൾ ഒന്നും പുറത്തെടുക്കാൻ സാധിച്ചില്ല.. "ഉണരൂ ഉപഭോക്താവേ ഉണരൂ " പരസ്യം കേട്ടുണർന്ന ഉപഭോക്താവിനെപ്പോലെ ചേട്ടായീടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു...." മൈസൂർ റൂട്ട് അടച്ചിട്ടുണ്ടാവില്ല...വണ്ടി വേഗം മൈസൂരിലേക്ക് വിടൂ.. അവിടുന്ന് ട്രെയിൻ പിടിക്കാംന്ന് " ... അപ്പോ ആ ഡ്രൈവറിന് എന്തോ കർണാടക പെർമിറ്റില്ലന്നോ മറ്റോ പറഞ്ഞു ... എന്തായാലും ആ നല്ലവനായ ഡ്രൈവർ പറഞ്ഞു ഇപ്പോ ബസ് സ്റ്റാൻഡിൽ പോയാൽ മൈസൂർ ബസ് കിട്ടിയേക്കും എന്ന് ...
ഭാഗ്യത്തിന് ആ ബസ് ഞങ്ങൾക്ക് ക്കിട്ടി... പുറത്ത് നല്ല കളർഫുളും ഡെക്കറേഷനും ഒക്കെ ആണേലും അകത്ത് ഒരു വൃത്തിയുമില്ലാത്ത ഒരു വൃത്തികെട്ട ബസ് ! എന്തായാലും സീറ്റ് കിട്ടി.... കുറച്ച് കഴിഞ്ഞപ്പോൾ ശർദ്ധിക്കാൻ വന്നു... ചേട്ടായീടെ മടിയിൽ കിടന്നുറങ്ങി... പാവം ചേട്ടായിക്കും ശർദ്ധിക്കാൻ വന്നാർന്നു.. ആരോട് പറയാൻ ?.. ആര് കേൾക്കാൻ? ... പാവം വണ്ടി എവിടേയോ ബ്രേക്കിന് വേണ്ടി നിർത്തിയപ്പോൾ പോയി ശർദ്ധിച്ചിട്ട് വന്നു ... ഉറക്കമൊക്കെ കഴിഞ്ഞ് ഞാനും അപ്പോളേക്കും ഉഷാറായി...
അങ്ങനെ ഞങ്ങൾ മൈസൂർ എത്തി...'' ചേട്ടായീ, നമുക്കിവിടെ ഒന്നു കറങ്ങിയാലോ '' എന്ന് ഞാൻ ...''നിനക്കിത് വരെ മതിയായില്ല അല്ലേ " എന്ന് ചേട്ടായി ...
എന്തായാലും ഞങ്ങൾ സുഖമായി തിരിച്ചെത്തി.. അപ്പൊ അവിടുന്ന് രക്ഷപെട്ടില്ലായിരുന്നെങ്കിൽ ഒരു രണ്ട് ദിവസമെങ്കിലും അവിടെ പെട്ടു പോയേനേ... മൈസൂരിലേക്കുള്ള വഴിയും മണ്ണിടിച്ചൽ മൂലം അടച്ചു... അന്നത്തെ (2009 നവംബറിലെ ) കനത്ത മഴയിലും മണ്ണിടിച്ചിലിലും 38 പേരാണ് മരിച്ചത് !
പ്രകൃതി ദുരന്ത സമയത്ത് ഹണിമൂൺ ആഘോഷിച്ച ദുരന്തങ്ങൾ ആയി ഞങ്ങളെങ്കിലും മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു ആ ഹണിമൂൺ .... ആ നിലയ്ക്കാത്ത മഴയും തണുപ്പും ആളൊഴിഞ്ഞ ബോട്ടാണിക്കൽ ഗാർഡനും സ്വെറ്റർ ഊരി തന്ന പാവം ചേട്ടായിയും... ഓർമകൾക്കെന്ത് സുഗന്ധം!

BY: Deepthi Prasanth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo