Slider

"മരുഭൂമിയിലെ മാലാഖമാർ"

0
"മരുഭൂമിയിലെ മാലാഖമാർ"

" ചേച്ചീ വരുന്നില്ലേ...? താഴെ ക്രിസ്മസ് പരിപാടി തുടങ്ങാറായി..."
ഹോസ്റ്റലിലെ അടുത്ത റൂമിൽ താമസിക്കുന്ന കൊച്ചു വന്നു വിളിച്ചു..
"നീ പൊയ്ക്കോ രശ്മി...ഞാൻ വരുന്നില്ല"
ആഘോഷങ്ങളിലൊന്നും വലിയ താല്പര്യം തോന്നാറില്ല.അപ്പച്ചന്റേം അമ്മച്ചിടേം കൂടെയുണ്ടായിരുന്ന കാലത്ത് മാത്രമാണ് ക്രിസ്മസ് മനസ്സറിഞ്ഞു ആഘോഷിച്ചിട്ടുള്ളത്.പാതിരാ കുർബാനയ്ക്ക് പള്ളിയേലേക്കിറങ്ങുന്നതിനു തൊട്ടുമുൻപ് അപ്പച്ചനെ മാത്രം സാക്ഷിയാക്കി എന്റെ നോമ്പ് തെറ്റിക്കുന്ന ബീഫ് റോസ്റ്റിന്റെ മണം,പൂത്തിരി കത്തിക്കാൻ കൈവിറയ്ക്കുന്ന ചേച്ചിയുടെ പുറകിൽ വച്ച് പടക്കം പൊട്ടിക്കുമ്പോൾ അവൾ നിലവിളിച്ചോടിയത്,സ്റ്റാർ തൂക്കാൻ മുറ്റത്തെ പുളിമാവിൽ വലിഞ്ഞു കേറുന്നത്..എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ...
ജനാലയുടെ കർട്ടൻ നീക്കി അവൾ ആകാശത്തേക്ക് നോക്കി.തെളിഞ്ഞ ആകാശത്തു പൂർണ്ണചന്ദ്രൻ തിളങ്ങി നിൽക്കുന്നു.ഗൃഹാതുരത്വം കഠിനമാവുന്ന സമയങ്ങളിൽ ഈ ആകാശക്കാഴ്ച്ച ഒരു പരിധിവരെ ആശ്വാസമാവാറുണ്ട്. ഓർമ്മകൾ അവളെ പുറകോട്ട് കൊണ്ടുപോയി.
ആശുപത്രികളിൽ പാറിപ്പറന്നു നടക്കുന്ന വെളുത്ത മാലാഖമാരോട് ചെറുപ്പം മുതലുള്ള ആരാധനയാണ് നേഴ്സിങ് പഠിക്കാൻ പ്രേരിപ്പിച്ചത്. സാമ്പത്തികമായി അത്ര ഉയർന്ന കുടുംബം അല്ലായിരുന്നിട്ടും അപ്പച്ചൻ എന്റെ ആഗ്രഹങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി.
പഠനവും ബോണ്ടും പൂർത്തിയാക്കി ഒരു ഹോസ്പിറ്റലിൽ ജോലിക്കു കയറി.കല്ല്യാണാലോചനകൾ നിരന്തരം വന്നുകൊണ്ടേയിരുന്നുവെങ്കിലും,സ്വന്തം പഠനവും ചേച്ചിയുടെ വിവാഹവും വരുത്തിവച്ച വലിയ ബാധ്യതയിൽ അപ്പച്ചനെ ഒന്ന് കരകയറ്റിയിട്ട് മതി എന്നായിരുന്നു എന്റെ ആഗ്രഹം.
അങ്ങനെയിരിക്കെയാണ് അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിൽ നിന്നും ഒരാലോചന വന്നത്‌.ചെറുക്കന് ബിസിനസ്സ് ആണ്.
"ഇതുപോലൊരു നല്ല കുടുംബത്തിൽ നിന്നൊരാലോചന വേറെ കിട്ടില്ല മോളെ.സ്ത്രീധനവും കാര്യമായിട്ടൊന്നും ചോദിച്ചിട്ടില്ല.പെണ്ണ് നഴ്സ് ആയിരിക്കണം എന്ന ഒരേയൊരു ഡിമാൻഡ് മാത്രമേ അവർക്കുള്ളൂ എന്നാണ് ബ്രോക്കർ പറഞ്ഞത്"
അപ്പച്ചന്റെ താൽപര്യത്തിന് മുന്നിൽ ഒടുവിൽ ഞാൻ സമ്മതം മൂളി.
കല്ല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽത്തന്നെ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ഏകദേശ രൂപം എനിക്കു കിട്ടി.ബിസിനസ്സ്‌ എല്ലാം പരാജയപ്പെട്ട് നിൽക്കുകയാണ് ഭർത്താവ്.പുറം മോടിയല്ലാതെ യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലായിരുന്നു.എന്നെ എത്രയും പെട്ടെന്ന് വിദേശത്തു ജോലിക്കയച്ചു കടം വീട്ടാനുള്ള പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
ആറുമാസത്തിനകം വിസ ശരിയായി സൗദിയിൽ എത്തിയപ്പോഴാണ് ഞാൻ ഗർഭിണി ആണെന്ന വിവരം അറിഞ്ഞത്.ആദ്യമായി നാടുവിട്ടത്തിന്റെ കഷ്ടപ്പാടുകൾക്കു കൂട്ടായി ഗർഭാവസ്ഥയിലെ അസ്വസ്ഥകളും അനുഭവിച്ച നാളുകൾ.സാധിച്ചു തരാൻ കൂട്ടിനാരുമില്ലാത്തതിനാലാവണം പച്ചമാങ്ങ-മസാല ദോശ പൂതികൾ ഒന്നും തന്നെ എനിക്ക് ഇല്ലാഞ്ഞത്.
മാസം തികഞ്ഞപ്പോ നാട്ടിലെത്തി ഒരു പെൺകുഞ്ഞിന് ജന്മം നൽകി...
"ഈ കുഞ്ഞിനെ പിരിയാൻ എനിക്ക് മനസ്സ് വരുന്നില്ലിച്ചായാ...ഞാനിനി തിരിച്ചു പോണില്ല.."
"നീ പോവാതെ ഇവിടുത്തെ കടങ്ങൾ എങ്ങിനെ വീട്ടും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ ആളെ നിർത്താം...കൂടാതെ അപ്പനും അമ്മയും ഉണ്ടല്ലോ"
ഇച്ചായന്റെ തീരുമാനങ്ങൾക്കു മുന്നിൽ എന്റെ ആഗ്രഹങ്ങൾക്ക് വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല.മുലയൂട്ടിയും താരാട്ടു പാടിയും കൊതി തീരും മുൻപേ തിരിച്ചു വീണ്ടും സൗദിയിലേക്ക്.
താനെ ചുരുത്തപ്പെടുന്ന മുലപ്പാൽ തിങ്ങി മാറിടം വേദനിക്കുമ്പോൾ കണ്ണെത്താദൂരത്ത് വിശന്നു കരയുന്ന കുഞ്ഞിന്റെ മുഖം ഓർമ്മവരും.വിങ്ങുന്ന മാറിടത്തെക്കാൾ നീറുന്ന മനസ്സിന്റെ വേദനയായിരുന്നു അസഹനീയം.
ഓരോ തവണ നാട്ടിൽ നിന്ന് യാത്ര പറയുമ്പോഴും,എത്രയും പെട്ടെന്നീ പ്രവാസം അവസാനിപ്പിക്കണമെന്ന മോഹവുമായി വർഷങ്ങൾ തള്ളി നീക്കി.ബിസിനസ്സിലെ പിടിപ്പുകേട് കാരണം ഭർത്താവിന്റെ കടം കൂടിക്കൂടി വന്നു.
കുടുംബം വളർത്താനുള്ള ഭർതൃ വീട്ടുകാരുടെ ആഗ്രഹത്തിന് വഴങ്ങി ഞങ്ങൾക്ക് മക്കൾ മൂന്നായി.കരയിൽ മുട്ടയിട്ടു മറഞ്ഞ കടലാമയെപ്പോലുള്ള ഒരമ്മയാണ് താനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവർ പിച്ചവെക്കുന്നതോ കൊഞ്ചിക്കരയുന്നതോ നേരിട്ടനുഭവിക്കാൻ കഴിയാത്ത ഒരമ്മ.
"അമ്മേ"എന്ന വിളിയോടെ ഓടിവരുന്ന മക്കളുടെ മുഖം പ്രതീക്ഷിച്ചു നാട്ടിലേക്കിറങ്ങുമ്പോൾ വേലക്കാരിയുടെ സാരിത്തുമ്പിൽ അഭയം പ്രാപിച്ചുകൊണ്ട് അവർ എന്നെ തോല്പിക്കാറായിരുന്നു.വിരുന്നുകാരിയല്ല അമ്മയാണെന്നു തിരിച്ചറിഞ്ഞു മക്കൾ സ്നേഹിക്കാൻ തുടങ്ങുമ്പോഴേക്കും, 'റിട്ടേൺ ടിക്കറ്റിലെ' തീയതി എന്നെ നോക്കി ക്രൂരമായി ചിരിക്കാൻ തുടങ്ങിയിരിക്കും.
"മക്കളോട് ഒരുപാട് അടുക്കാൻ നിക്കണ്ടാ....പോവാൻ നേരത്ത് അവർക്കു വിഷമം ആവും"
ഭർത്താവും, പിന്നെ എന്റെ മനസ്സും കൂടെക്കൂടെ ഇതോർമ്മിപ്പിക്കാറുണ്ടെങ്കിലും ഞാൻ കൂട്ടാക്കാറില്ലായിരുന്നു.
മൂന്നാമത്തെ കുഞ്ഞുണ്ടായപ്പോഴേക്കും കടബാധ്യത കാരണം ഭർത്താവിന് നാട്ടിൽ നില്ക്കാൻ പറ്റാത്ത അവസ്ഥയായി.പലരേയും കണ്ടപേക്ഷിച്ചു ഒരു കമ്പനിയിൽ വിസ ശരിയാക്കി ഭർത്താവിനെ ഞാൻ സൗദിയിലേക്ക് കൊണ്ടുവന്നു.ഒരു കുഞ്ഞിനെയെങ്കിലും കൊഞ്ചിക്കാനുള്ള ആഗ്രഹം കാരണം ചെറിയ കുട്ടിയേയും കൂടെ കൂട്ടി.
ഹോസ്റ്റലിൽ നിന്നും വാടക മുറിയിലേക്ക് മാറിയപ്പോൾ, കുടുംബ ജീവിതത്തിന്റെ വർണ്ണപ്പകിട്ടുകൾ ആസ്വദിക്കാൻ ആദ്യമായി ഒരവസരം കിട്ടിയ സന്തോഷത്തിലായിരുന്നു.
രണ്ടുപേരും ജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകൾക്കു കഷ്ടപ്പാടുകൾ സാധാരമാണ്,എങ്കിലും ഭർത്താവിന്റെ ഭാഗത്തു നിന്നും യാതൊരു സഹകരണവും ഇല്ലാഞ്ഞതിനാൽ എന്റെ കഷ്ടപ്പാടുകൾ ഇരട്ടിയായി.
ഒരു ഗ്ലാസ് വെള്ളത്തിനു പോലും എന്നെ ആശ്രയിക്കുന്ന ഭർത്താവ്,പിഞ്ചു കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും,കുഞ്ഞിന് വയ്യാതായാൽ ക്രെച്ചിൽ നിന്ന് ഫോൺ വരുമ്പോഴുള്ള ടെൻഷൻ,ഹോസ്പിറ്റലിലെ തിരക്ക് പിടിച്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ പറ്റാത്ത പകലുകൾ.എന്തൊക്കെയാണെങ്കിലും ഒറ്റപ്പെടലുകളിൽ നിന്നുള്ള വലിയൊരു ആശ്വാസം ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് കമ്പനിയിൽ ഒരു പ്രശ്നം കാരണം ഭർത്താവിന്റെ വിസ ക്യാൻസൽ ആവുന്നത്.ഭർത്താവിനെയും കുഞ്ഞിനേയും നാട്ടിൽ വിടുക എന്നല്ലാതെ വേറെ നിവൃത്തി ഇല്ലാതായി.അങ്ങനെ ഒരു വർഷത്തെ കുടുംബ ജീവിതം കഴിഞ്ഞു വീണ്ടും ഹോസ്റ്റലിലേക്ക്.പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ചത് വർഷത്തിൽ വീണു കിട്ടുന്ന ഇരുപത്തിയെട്ട് ദിവസങ്ങളിൽ.മൂന്നു പ്രസവിച്ചിട്ടും ഒന്നിനെപോലും മതിവരുവോളം തലോലിക്കാൻ പറ്റിയിട്ടില്ല..
ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.
മൂത്ത മോളുടെ വീഡിയോ കാൾ ആണ്...." ഹാപ്പി ക്രിസ്മസ് മമ്മീ....."
"സെയിം റ്റു യൂ മോളു....."
"മമ്മീ അടുത്ത തവണ വന്നാൽ മമ്മി തിരിച്ചു പോവണ്ട കേട്ടോ.. കിച്ചൂട്ടനും അമ്മുക്കുട്ടിയും എല്ലാം മമ്മിയെ കാത്തിരിക്കുവാ...മമ്മി ഇനി എന്നും നമ്മുടെ കൂടെ ഉണ്ടാവണം"
തിരിച്ചു ചെല്ലാൻ അവശ്യപ്പെടാറുള്ളത് മൂത്തമോൾ മാത്രമായിരുന്നു.മുഖത്തെ വിഷമം മോള് കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. നാട്ടിലുള്ളവരെ കാണാൻ വീഡിയോ കോള്കൾ വലിയ അനുഗ്രഹം ആണെങ്കിലും മനസ്സിലെ സങ്കടങ്ങൾ അവർ അറിയാതിരിക്കാൻ വോയിസ് കാളുകൾ തന്നെയാണ് നല്ലത്.
" ശരി മോളൂ അമ്മ മോൾക്ക് വാക്കു തരുന്നു.അടുത്ത തവണ അമ്മ ഇവിടത്തെ ജോലി നിർത്തി വരും.നിങ്ങളോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കാൻ....നീ പപ്പയ്ക്ക് ഫോൺ കൊടുക്കൂ."
"ഹാപ്പി ക്രിസ്മസ് ഇച്ചായാ"
"ഓ ക്രിസ്മസ് അത്രയ്ക്ക് ഹാപ്പി ഒന്നുമല്ല... ബാങ്കിൽ നിന്ന് മാനേജർ വിളിച്ചിരുന്നു....എത്രയും പെട്ടെന്ന് ലോണിന്റെ പലിശ എങ്കിലും അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യും എന്ന് പറഞ്ഞു.നീ പെട്ടെന്ന്തന്നെ എന്തെങ്കിലും ഒരു വഴി കണ്ടേ പറ്റു..."
"ശരി ഇച്ചായാ....ഞാൻ നോക്കട്ടെ...ബൈ.നൈറ്റ് ഡ്യൂട്ടിക്കു പോകാൻ സമയമായി...ഗുഡ് നൈറ്റ്"

"മതിയെടീ കഷ്ടപ്പെട്ടത്.... ഉള്ളതുകൊണ്ട് നമുക്കിനി ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം" എന്നൊരു വാക്ക് എന്നെങ്കിലും തന്റെ ഭർത്താവിൽ നിന്നും കേൾക്കാനാവും എന്ന പ്രതീക്ഷയോടെ അവൾ ഡ്യൂട്ടിക്കു പോകാനിറങ്ങി.....
അനിയത്തിയെ കെട്ടിക്കാൻ കല്യാണം ഉപേക്ഷിച്ചവർ,പ്രസവിച്ച കുഞ്ഞുങ്ങളെ മുലയൂട്ടാനും കൊഞ്ചിക്കാനും ഭാഗ്യമില്ലാത്തവർ,നല്ല പ്രായത്തിൽ കുടുംബത്തോടൊപ്പം കഴിയാൻ യോഗമില്ലാത്തവർ,ആഘോഷങ്ങൾ സൗകര്യപൂർവം മറക്കാൻ പഠിച്ചവർ....അങ്ങനെ തന്നെപോലുള്ള ആയിരം പ്രവാസി നേഴ്സ്മാർ ഈ മരുഭൂമിയിൽ കൂട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെ അവൾ വീണ്ടും തുടരുന്നു.... നിലയ്ക്കാത്ത പ്രവാസം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo