Slider

നൊമ്പരം

0

നൊമ്പരം
**********
പന്ത്രണ്ട് വയസ്കാരൻ മകൻ പൂരിക്ക്‌ വേണ്ടി ഉപ്പുമാവും മൂന്ന് പൂവൻപഴവും ബഹിഷ്കരിച്ച് നടുക്കളത്തിൽ ഇറങ്ങി കുത്തിയിരുന്ന് പോക്കിമോൻ കാനുകയാണ്.
"നിനക്ക് വേണ്ടങ്കിൽ കഴിക്കണ്ട" എന്ന എന്റെ പ്രതിഷേധം ഞാനുമറിയിച് വീട് ക്ലീൻ ചെയ്തു തുടങ്ങിയെങ്കിലും അരമണിക്കൂറിനുള്ളിൽ എന്നിലെ 'അമ്മത്തം ' പുറത്തുചാടി, ഇപ്പോൾ ഉപ്പുമാവ് കഴിച്ചാൽ നാല് മണിക്ക് പൂരി ഉണ്ടാക്കിത്തരാം എന്ന വ്യവസ്ഥയിൽ ഞാനും, മകനും ഒപ്പുവച്ചു.
അനന്തര ഫലമായി അവന് ആദ്യം എടുത്ത് വച്ചതിന്റെ ഇരട്ടി പൂവൻ പഴവുമായ് ഉപ്പുമാവ് കഴിച്ചു.
ക്ലീനിംഗും, കുളിയും, ഉച്ചയൂണും, കഴിഞ്ഞ് വനിതയും കൈയ്യിലേന്തി ഞാനൊന്നു കിടന്ന നേരത്ത് അവനും എന്റടുത്ത് വന്നുകിടന്ന് ആലോചന തുടങ്ങി.
ഇടയ്ക്ക് വനിതയിൽ നിന്ന് കണ്ണെടുത്തവനെ നോക്കിയപ്പോഴാണ് അവൻ എന്നോട് ചോദിച്ചത്
" അമ്മയ്ക്ക് ഗൾഫിൽ പൊക്കൂടെ .....?"
ഇടി മുഴങ്ങുമ്പോൾ പോലും ഞെട്ടാത്ത ഞാൻ തരിച്ചിരുന്ന് പോയ്.
"കുട്ടിക്കളി മാറ്റാതെ ഇപ്പഴും തെക്കുവടക്ക് വെറുതെ നടക്കുന്ന നിന്റച്ഛനോട് പോയി പറയ്" എന്നാണ് എന്റെ മനസ്സിൽ വന്നതെങ്കിലും;വായിൽ നിന്ന് പുറത്തേയ്ക്ക് വന്നത്
" എന്തിനാ ...... മോനേ? എന്നായിരുന്നു.
" അമ്മേ എൻ.ആർ.ഐ. പേരന്റ് സിെൻറ കുട്ടികൾക്ക് എത്ര നല്ല ടോയ്സ് ഉണ്ടെന്നറിയാമോ.........?
ഇവൻ ജനിച്ച് ഒരാഴ്ച്ച ആകുന്നതിനു മുന്നേഇവന് വേണ്ടി ടോയ്സ് വാങ്ങിക്കൂട്ടുന്ന ഇവന്റെ അപ്പാപ്പനെ, അതായത് എന്റെ അച്ഛനെ ഓർത്തു.
ഇവന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടതിന്റെ ബാക്കി ടോയ്സ് സ്റ്റോർ റൂമിലും സ്റ്റെയറിന്റെ താഴെയും ചിതറിയും, പല ബോക്സിലും കൂനികൂടി ഇരിക്കുന്നതും ഓർത്തു.
ഈ കഴിഞ്ഞ ഡിസംബർ വെക്കേഷന് അപ്പുപ്പനും. പേരക്കിടാവും, നാല് ദിവസത്തെ കറക്കം കഴിഞ്ഞ് വന്നപ്പോൾ ഒരു വലിയ ബാഗ് നിറയെ ടോയ്സ് ആയിരുന്നു.
" അമ്മ ഗൾഫിൽ പോയാൽ ,അമ്മയെ കണ്ടില്ലേൽ മോന് വിഷമം ആകില്ലേ... ?
ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.
" അതിനു സ്കൈപ്പിലൂടെ അമ്മയെ കാണാല്ലോ ........"
ദൈവമേ! ഒരു നിമിഷം െഡസർട്ടിൽ ഒറ്റക്ക് നിൽക്കുന്ന പോലെ പൊള്ളി.
ഇവൻ ഉണരുമ്പോഴാണ് എനിക്ക് നേരം പുലരുക. ഇവൻ ഉറങ്ങുമ്പോഴാണ് ഞാനും ഉറങ്ങുക.
" പൂരി ഉണ്ടാക്കിത്തരാൻ സ്കൈപ്പിനോട് പറ, എനിക്ക് പറ്റില്ല, "
വനിത താഴെ ഇട്ട് ഞാൻ തിരിഞ്ഞ് കിടന്നു.
സങ്കടം വന്ന് എന്റെ കണ്ണ് നിറഞ്ഞിരുന്നു.
രണ്ട് മിനിട്ട് ആ കുന്നതിന് മുന്നേ അവൻ എന്നെ കെട്ടിപ്പിടിച്ച്, ഒരു കാലെടുത്ത് എന്റെ ദേഹത്ത് വച്ചു പറഞ്ഞു
"ഞാൻ വെറുതെ പറഞ്ഞ യാ, അമ്മ പോകണ്ട എനിക്കമ്മയെ കണ്ടില്ലേൽ സങ്കടം വരും."
അത് കേട്ടപ്പോൾ ഡെസർട്ടിൽ നിന്നും കുളു, മണാലി താഴ്വരയിലൂടെ സഞ്ചരിക്കുന്ന പോലൊരു പ്രതീതി.
എന്റെ മോൻ എന്റെ സങ്കടം മനസ്സിലായല്ലോ എന്ന ആശ്വാസം .
സന്തോഷം കൊണ്ട് വീണ്ടും എന്റെ കണ്ണ് നിറഞ്ഞു.
അപ്പോൾ എനിക്കൊരുമ്മ കൂടെ തന്നിട്ടവൻ ചോദിച്ചു
"അമ്മ ഇനി പൂരി ഉണ്ടാക്കാമോ.....?

Anjali Rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo