Slider

നക്ഷത്രം .[കവിത]

0
നക്ഷത്രം .[കവിത]
**********
നിനച്ചിരിക്കാത്ത നേരത്ത്
നേർത്ത നിലാവിന്റെ ചേലിൽ
നിന്റെ ഓർമ്മകൾ തഴുകിയപ്പോൾ
നീ എപ്പോഴും നോക്കിയിരിക്കാറുള്ള
ആകാശത്തേക്ക് ഞാനും നോക്കി.'!
നക്ഷത്രങ്ങൾക്ക് പൂത്തു നില്കാൻ
മാത്രമാണ് ആകാശം .
നിന്റെ നീലകണ്ണുകൾ
നക്ഷത്രങ്ങളേക്കാൾ
തിളങ്ങുന്നതാണെന്ന്
പറഞ്ഞ നേരത്താണ്
നിന്റെ ചുണ്ടിന്റെ മധുരം
ഞാനാദ്യമായ് അറിഞ്ഞത്.!
ഇലഞ്ഞി പൂമണം നിറഞ്ഞ
മുറ്റത്ത്,
നക്ഷത്രങ്ങളൊന്നും വിരിയാത്ത
ഒരു രാത്രിയുടെ ഇരുട്ടിൽ ഇരുന്ന്
നിന്റെ ആലിലവയറിൽ ഇക്കിളിയിട്ട്
മടിയിൽ തല വെച്ച് കിടന്ന്
നമ്മൾ കണ്ട സ്വപ്നങ്ങൾ .....,
പിന്നെ... ,ഒരിടവപ്പാതിയിലെ രാത്രിയിൽ ,
ഇടിമിന്നലേറ്റ് ,ഇലഞ്ഞിമരച്ചോട്ടിൽ
നീ വെണ്ണുനീറായപ്പോൾ
എന്നെക്കാൾ കൂടുതൽ കരഞ്ഞത് പ്രകൃതിതന്നെയായിരുന്നല്ലോ .?
തകർത്തു പെയ്ത മഴ,
നിന്റെ കരിഞ്ഞുറഞ്ഞ മേനിയെ
കുളിപ്പിച്ചു തന്നതും
നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ .?
നിനക്കായ് പകുത്തു വെച്ച
എന്റെ ജീവിതം
മറ്റൊരാൾക്ക് പകുത്തു നല്കാൻ
എനിക്കാവാത്തതിനാൽ
കഷായ വേഷത്തിനുള്ളിൽ
ഞാനെന്നെ പൊതിഞ്ഞത്.!
ഹരിദ്വാറിന്റെ സ്നാനഘട്ടിൽ
നിന്റെ ആത്മാവിന്റെ
മോക്ഷവും കാംക്ഷിച്ചു
ഞാനിപ്പോഴും മുങ്ങുകയാണ്.
ജപമണികൾ പൊട്ടി ചിതറിയ
പടിക്കെട്ടുകളിൽ
നീ കാത്തിരുന്നേക്കണം.
ശിവ മന്ത്രങ്ങൾ മുഖരിതമായ
സ്നാന ഘട്ടുകളിൽ
ജപമന്ത്രങ്ങൾ ഉരുവിടുന്ന ഉടലോടെ
എന്റെയാത്മാവിനെയും
കൊണ്ടു ഒന്നിച്ചു പോയിടാം.!
.**************
അസീസ് അറക്കൽ .
***************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo