Slider

മഹൽ കിത്ത

0
🐾 മഹൽ കിത്ത 🐾
പുതിയ ഓഫിസില്‍ ജാബിറിനു കൂട്ടായി എലീന വന്ന ദിവസം .
“അനും പങലാൻ മോ ? “(എന്താണ് നിന്റെ പേര് ?)
“അനും വലീത്ത ?“ (എന്താണ് വിശേഷം ?)
ജാബിര്‍ തനിക്കറിയാവുന്ന തഗാലോഗ് (ഫിലിപ്പൈന്‍സിലെ ദേശീയ ഭാഷ) വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അവള്‍ ഉച്ചത്തില്‍ ചിരിക്കും. അവന്‍റെ ഉച്ചാരണം കേള്‍ക്കാന്‍ അവള്‍ വീണ്ടും അവനെകൊണ്ട് പറയിപ്പിക്കും. മനാമയില്‍ അവള്‍ എത്തിയിട്ട് ഒരു മാസം ആവുന്നതേയുള്ളൂ ..അവളുടെ ആദ്യത്തെ വിദേശ സഞ്ചാരം. ..ആദ്യത്തെ വിദേശ ജോലി..ആദ്യ ഇന്ത്യൻ സഹപ്രവർത്തകൻ. കമ്പനിയുടെ പ്രാരംഭ സമയമായതിനാല്‍ കാര്യമായ ജോലികള്‍ ഇല്ല. ബോസ് വല്ലപ്പോഴും വന്നുപോകും, അത്ര തന്നെ.
“ലീ....നിനക്ക് ഞാന്‍ മലയാളം പഠിപ്പിച്ചു തരാം....പക്ഷെ നീ എനിക്ക് നിന്റെ പ്രോവിന്‍സിന്റെയും അഗ്നിപര്‍വതതിന്റെയും കഥകള്‍ പറഞ്ഞു തരണം. ഞാന്‍ ഇതുവരെ അഗ്നിപര്‍വതം നേരില്‍ കണ്ടിട്ടില്ല. “
എലീനയുടെ ആൽബെ പട്ടണം മൗണ്ട് മായോൻ അഗ്നിപര്‍വതത്തിന്റെ മടിയിലാണ് ഉറങ്ങുന്നത്. പതിനാല് വയസ്സുള്ളപ്പോഴാണ് ആദ്യമായി അത് പൊട്ടിയൊലിച്ചു വരുന്നത് അവൾ കണ്ടത്.. ജനം ആർത്തലച്ചു ചിന്നിച്ചിതറിയ നാളുകള്‍ .കുളങ്ങളും പാടങ്ങളും കലങ്ങി മറിഞ്ഞു. മീനുകള്‍ ചത്തു പൊന്തി. കാലികളും കായ്കനികളും ഉരുകിയൊഴുകി. 10 km നോ-ഗോ-സോൺ ആയി പ്രഖ്യാപിക്കപ്പെട്ടു. ബോട്ടില്‍ അടുത്ത പ്രോവിന്‍സിലേക്ക് ബോധമില്ലാതെ എത്തുമ്പോള്‍ അവള്‍ക്ക് മുത്തച്ചനും ആകെയുള്ള ചേട്ടനും നഷ്ടമായി കഴിഞ്ഞിരുന്നു..പിന്നെ അവളുടെ കളിക്കൂട്ടുകാരന്‍, അവളുടെ എല്ലാമായ ടോം.
“ജാബ്‌..ബുൽകാൻ എന്നാണ് അഗ്നിപർവ്വതത്തിനു ഞങ്ങൾ പറയുക.. ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് മായോന്‍ അഗ്നിപർവ്വതം .അതിനെക്കുറിച്ചുള്ള കഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്...”. അവൾ ഒരു നിമിഷം മൗനം പൂണ്ടു നിന്നു.
“ എന്‍റെ മുത്തശ്ശി പറയാറുണ്ട് ഉരുകിയൊലിക്കുന്ന അഗ്നിപർവതത്തെ പോലെ ഈ ഭൂമിയിൽ വേറൊരു കാഴ്ച മാത്രമേയുള്ളു എന്ന്. നിനക്കറിയോ ജാബ് ? ശരിയുത്തരം പറഞ്ഞാൽ എന്‍റെ വക ഒരു കോസ്‌റ്റോ കോഫി.."
"എന്തായിരിക്കുമത്?" ജാബിർ ഒന്നാലോചിച്ചു..പെട്ടെന്ന് ഒരു മിന്നൽപ്പിണർ മനസ്സിലേക്ക് തുളച്ചു കയറി..ലിറ്ററേച്ചർ ക്‌ളാസിൽ പ്രൊഫ. മധുസൂദനൻ സർ ഷെല്ലിയുടെ പ്രണയ കാവ്യം പരിസരം മറന്നു നീട്ടി ചൊല്ലുകയാണ്. ആര്യ അവളുടെ നിറഞ്ഞ കണ്ണുകൾ താൻ കാണാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചു.
The fountains mingle with the river,
And the rivers with the ocean,
........
Nothing in the world is single;
.....
In one another's being mingle;--
Why not I with thine?
“..എനിക്കറിയാം അഗ്നിപർവ്വതം പോലെ ലോകത്ത് ഒന്നേ ഉളളൂ.. അത് പെണ്ണിന്റെ മനസ്സാണ്”
അവൾ ഒന്നവനെ നോക്കി പിന്നെ കൈകളിൽ മുഖം പൂഴ്ത്തി, തല താഴ്ത്തിയിരുന്നു. പതുക്കെ അവർ രണ്ടു പേരുമല്ലാത്ത വേറൊരാൾ അവിടെ ഉള്ളതായി അവനു തോന്നി..ഞെട്ടി ചുറ്റും നോക്കി..
ഇല്ല, ആരുമില്ല, അല്ല, ഉണ്ട്..ആരോ ഉണ്ട്..
ലിറ്ററേച്ചർ ക്ലസ്സിന്റെ ജനാലയിലൂടെ പുറത്തെ നെല്ലി മരത്തിന്റെ ഒരിക്കലും കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്തവിധം ആകാശത്തിലേക്ക് നീണ്ടുപോയ ചില്ലകളെ നോക്കി നെടുവീർപ്പിടുന്ന ആര്യയുടെ മുഖം വീണ്ടും...
ജാബിർ അന്നാദ്യമായി കാണുന്നതുപോലെ എലീനയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വെളുപ്പും ചുവപ്പും നിറങ്ങൾ കലഹിക്കുന്ന കവിൾ, നിലാവ് പോലുള്ള ചിരി ! അപ്പുറത്തെ വീട്ടിലെ പത്തു വയസ്സുകാരി മിന്നുവിന്റെ മുഖമായിരുന്നു ഈ നിമിഷം വരെ അവളിൽ ജാബിർ കണ്ടിരുന്നത്. അവൻ ഉച്ച ഭക്ഷണം കഴിക്കാൻ വെളിയിൽ പോകുമ്പോൾ ഓഫിസിലെ അവളുടെ റൂം അകത്തുനിന്നും അടച്ചിടും. ജാബിർ വന്നു വാതിലിൽ ഇടിച്ചു പേടിപ്പിക്കും. അവളുടെ പിറകിൽ ഒളിച്ചിരുന്ന് പെട്ടെന്ന് ചെവിയിൽ കൂക്കും..അവൾ തല്ലാൻ പിറകെ ഓടും, പിടി കിട്ടിയാൽ അവന്റെ ചെവിയിൽ നുള്ളും.
"നീ പാമ്പിനെ ഫ്രൈ ചെയ്താണോ കറി വെച്ചാണോ കഴിക്കാറ് ?"
" പട്ടിയെ തോലോടെയാണോ തോൽ ഉരിഞ്ഞാണോ തിന്നാറ് ?"
ജാബ്‌...സ്റ്റോപ്പ് ഇറ്റ് ...എനിക്ക് ഛർദ്ദിക്കാൻ വരുന്നു .. എല്ലാ ഫിലിപ്പിനോകളും അത് കഴിക്കില്ല. ഞാൻ ചിക്കൻ അല്ലാത്ത വേറൊരു ഇറച്ചിയും കഴിക്കാറില്ല.."
എലീനയിൽ നിന്നും ആര്യയുടെ മുഖം വെട്ടിമാറ്റാൻ ജാബിർ തന്റെ തല ശക്തിയായൊന്നു കുടഞ്ഞു. എലീനക്ക് എങ്ങിനെയാണ്‌ ആര്യ ആവാന്‍ കഴിയുക? നിലവിളക്കും നക്ഷത്രവും ഒന്നാവുമോ ? വീണ്ടും വീണ്ടും അവളിൽ മിന്നുവിനെ തിരയുമ്പോൾ ആരോ ഉള്ളിൽ കിടന്നു അലറുന്നു - മിന്നുവല്ല, ആര്യ, ആര്യ..ഈ വിളിയാളത്തെയായിരിക്കുമോ പിശാച് എന്ന് പറയുന്നത് !
" ജാബ്‌, നീയെന്റെ മുടി നോക്കൂ. ഇവിടെ വന്നതുമുതൽ എന്തൊരു കൊഴിച്ചലാണ്." പെട്ടെന്ന് ആര്യയുടെ തെച്ചിപ്പൂമണമുള്ള മുടിച്ചുരുൾ അവന്റെ കവിളിലേക്ക് പാറി വന്നു. കൈ കൊണ്ടത് നീക്കി അവളുടെ വിടർന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആയിരം മത്താപ്പൂ ഒന്നിച്ചു കത്തിച്ചു വെച്ചത് പോലെ. തോറ്റു പിൻവാങ്ങിയപ്പോൾ കുലുങ്ങിചിരിച്ചവൾ പ്രകോപിപ്പിച്ചത്...
"മസ്സാജ് ചെയ്താൽ ശരിയാവുമോ ?" എലീനയുടെ ശബ്ദമാണെന്ന തിരിച്ചറിവിന് വീണ്ടും ചില നിമിഷങ്ങൾ വേണ്ടി വന്നു.
എലീനയുടെ നൈലോൺ നാരുകൾ പോലുള്ള മുടിയിഴകളിൽ വിരലുകൾ തന്ത്രികൾ മീട്ടിയപ്പോൾ അവൾ അരുമയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ തോന്നിപ്പിച്ചു..
"ജാബ്‌... യു ആർ വണ്ടർഫുൾ..ഇങ്ങോട്ട് നോക്കിയേ..ഇങ്ങോട്ട്...“മഹൽ കിത്ത"
" ..മഹൽ... കിത്ത… മഹൽ കിത്ത ". അറിയാത്ത ഭാഷ കേട്ട് ആര്യ ചൊടിക്കുന്നത് കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു "പൊട്ടീ...അങ്ങിനെ പറഞ്ഞാൽ "ഞാൻ നിന്നെ പ്രണയിക്കുന്നു" എന്നർത്ഥം..
അന്ന് ഓഫിസിൽ എലീനയുടെ സഹോദരി വന്ന ദിവസം. ജാബിറിനോട് അവള്‍ പറഞ്ഞു:
" നിന്റെ ബോസ് മാത്രമായിരുന്നെങ്കിൽ ഞാൻ ലെയിയെ ഇവിടെ ജോലിക്ക് വിടില്ലായിരുന്നു. നിന്നെ പറ്റി അവൾ വളരെ നന്നായി പറഞ്ഞു..നീ എന്റെ സഹോദരെപ്പോലെയാണ് .. ഐ ട്രസ്റ്റ് യു "
"മാമാ....ഞാൻ കണ്ടേ ...ഹി..ഹി.." മിന്നു ഓടിവന്നു ജാബിറിന്റെ കഴുത്തിൽ കൈ ചുറ്റി. അവൻ പെട്ടെന്ന് കുതറി മാറി. എലീനയും ഞെട്ടിയെഴുന്നേറ്റു..അവൻ അവന്റെ കാബിനിലേക്ക് പോയി. ആര്യയെ താൻ എവിടെയൊക്കെയാണ് കാണുന്നത് ? മുംബയിലെ വിക്ടോറിയ ടെർമിനലിൽ, ചാര്‍മിനാറിന്റെ ഓരത്ത്, പഴയ ദില്ലയിലെ ഏതോ ഗല്ലിയിൽ, ബുർജ് ഖലീഫയിലെ ഇടനാഴിയിൽ, ബാലി ദ്വീപിലെ വാക മരച്ചോട്ടിൽ, ലണ്ടനിലെ തെംസ് നദീ തീരത്ത്...അല്ല, അവന്റെ എല്ലാ യാത്രകളിലും അവളെ കാണാറുണ്ട്. ശരിക്കും അവളെപ്പോലെ മറ്റൊരു പെണ്ണ്‍ ഭൂമിയിലെന്നു അവനറിയാം. ..പക്ഷെ അവളുടെ ശേഷിപ്പുകളില്‍ ഏതെങ്കിലും ഒന്നാണ് അവനെ വലിച്ചുകൊണ്ട് പോകുന്നത് ! അവളുടെ പൂച്ചക്കണ്ണുകള്‍, അവളുടെ ചിരി, അവളുടെ നടത്തം, അവളുടെ കുസൃതി , എന്തിന് അവളുടെ നിശ്വാസം പോലും.
ആര്യ പറയാറുണ്ടായിരുന്നു പ്രണയം കണ്മുന്നില്‍ നിന്ന് കാണാതായ ഒരു പാമ്പിനെ പോലെയാണെന്ന്. ഒരിക്കൽ കൂട്ടിമുട്ടിയാൽ പിന്നെ കണ്ണുകള്‍ എവിടെയും അതിനെ തിരയും -തന്‍റെ തൊട്ടു മുന്നില്‍ ഉള്ളത് പോലെ.
"ലെയ് ...ഐ ഹാവ് ലോസ്റ്റ്‌ മൈ സെന്‍സ് ഫോര്‍ എ മൊമെന്റ്....ഐം റിയലി സോറി...”
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. പിന്നെ മെല്ലെ പറഞ്ഞു:
"ജാബ്‌...എന്റെ മരിച്ചുപോയ ‘കൂയ’ റൊണാള്‍ഡോ ക്ക് (കൂയ = ജേഷ്ടന്‍)എന്നേക്കാൾ രണ്ടു വയസ്സ് മാത്രമേ കൂടുതലുള്ളൂ...നിന്റെ സംസാരം, കുസൃതിയൊക്കെ കണ്ടപ്പോൾ എനിക്കവനെ ഓര്‍മ വന്നു....പക്ഷെ...എപ്പോഴോ...എനിക്കറിയില്ല,,,അതിൽ നിന്നും മാറി ടോമിനെ നിന്നില്‍ കാണാന്‍ ഞാന്‍ തുടങ്ങി. ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു. ..ഇറ്റ്സ് എ ടെറിബിൾ മിസ്റ്റേക്ക്... എന്‍റെ തെറ്റ് ...”
കമ്പനി പൊളിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങുക മാത്രമേ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ . ഇനി വിദേശത്തേക്ക് ഇല്ലെന്ന കഠിന പ്രതിജ്ഞ എടുത്താണ് അവള്‍ മടങ്ങുന്നത്.
“ജാബ് ..കൂയ .ജാബ് .. “കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്നു എലീനയുടെ പാസ്പോര്‍ട്ടില്‍ വീണു. മനാമ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് എയറിന്റെ മനിലയിലേക്കുള്ള വിമാനം പറക്കാന്‍ രണ്ടു മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. . എലീനയെ നിശ്ചലമായി നിന്ന് മുഖത്തു നോക്കാതെ യാത്രയാക്കി. ..നടന്നു നീങ്ങുന്നതിനു മുമ്പ് അവള്‍ പതുക്കെ അവന്‍റെ മുഖത്തേക്ക് നോക്കി :
“കൂയ ....ജാബ്....മഹല്‍ കിത്ത “
ജാബിര്‍ ഒരു നിമിഷം ശ്വാസം അടക്കി, തല ശക്തിയായി കുലുക്കി – പിശാചിനെ കശക്കി എറിയുന്നത് പോലെ. എന്നിട്ട് അവളുടെ മുഖത്ത് നോക്കാതെ പ്രതിവചിച്ചു:
“ മഹല്‍ .. കിത്ത”
അപ്പോള്‍ ആയിരം മൈല്‍ അകലെനിന്നു മിന്നുമോള്‍ പറന്നു വന്നു അവനൊരു സ്നേഹമുത്തം കൊടുത്തു.
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo