Slider

സൂപ്പർ വാലന്റൈൻസ് ഡേ!

0
സൂപ്പർ വാലന്റൈൻസ് ഡേ!
*************************************
അന്നു വൈകിട്ട് പതിവിലും നേരത്തെ എത്തി സാജു. ഓഫീസിൽ ഈയിടെയായി പണി വളരെ കുറവാണ്.
ആഗോള സാമ്പർത്തിക മാന്ദ്യം.
“ആഹാ!!” സഹധർമ്മിണിക്ക് ഭയങ്കര സന്തോഷം. “വാലന്റൈൻസ് ഡേ ആയ കൊണ്ടാണോ സാറു നേരത്തെ ?”
“തന്നെ തന്നെ... നിനക്ക് ഞാൻ എന്തൊക്കെയാ കൊണ്ടു വന്നേക്കുന്നേന്ന് നോക്ക്യേ...ഒണക്കപ്പയർ...കടുക്... വെളിച്ചെണ്ണ...നീ ഇന്നു രാവിലെ ചോദിച്ച എല്ലാമുണ്ട്.” അയാൾ സഞ്ചി അവളെ ഏല്പ്പിച്ചു.
“ഹോ!! ഒന്നും മറന്നില്ല... കള്ളൻ.” സൂസി അതും വാങ്ങി കിച്ചണിലേക്ക് നടന്നു.
അഞ്ചു വയസ്സുകാരി മകൾ സാറാ തിരക്കിലാണ്.
ഇന്റർനാഷണൽ ആയിട്ടുള്ള എന്തോ ഇടപാടാണ്. ഫോണിൽ നിന്നും മുഖമുയർത്തുന്നതേയില്ല.
“സുഹൃത്തേ... ഒന്നിങ്ങ്ട് നോക്ക്യേ...” സാജു അവളുടെ താടി പിടിച്ചുയർത്തി. “എന്നെ മനസ്സിലായോ ?”
“പപ്പ മിണ്ടണ്ട...ഇന്നു രാവിലേം ഞാൻ എണീക്കണേനു മുന്നേ പോയില്ലേ ? എനിക്ക് പപ്പേടെ ബുള്ളറ്റേ കേറി നേഴ്സറീ പോണമ്ന്നു പറഞ്ഞില്ലാർന്നോ ?”
“നീ അതിന് എണീക്കണ്ടെ കൊച്ചേ! രാവിലെ പോത്തു പോലെ കെടന്നൊറങ്ങിയാ പിന്നെങ്ങനെയാ ? നാളെ രാവിലെ നേരത്തെ എണീക്ക്ട്ടോ. പപ്പ കൊണ്ടോവാം.”
“എന്നോട് മിണ്ടണ്ട!” അവൾ മുഖം വെട്ടിച്ച് അടുത്ത സോഫയിലേക്ക് ചാടി. മൊബൈലിൽ നിന്ന് കണ്ണെടുക്കാതെയാണ് സകല അഭ്യാസവും.
“ആ പെണ്ണിന്റെ കയ്യീന്ന് ഫോണിങ്ങ് മേടിച്ചു വെച്ചെ! ഉച്ചക്കു തൊടങ്ങീതാ. കണ്ണടിച്ചു പോകും!“ ഭാര്യ ചട്ടുകവുമായി ഹാളിലെത്തി.
”ഇങ്ങനത്തെ ഒരെണ്ണം കൂടി ഒണ്ടാരുന്നല്ലോ നമുക്ക്. അവനെന്ത്യേ ?“ സാജു ബെഡ് റൂം തുറന്നു നോക്കി.
”ചെറുക്കൻ...“ ഭാര്യ ഒന്നു പരുങ്ങി ”നിങ്ങൾ അവനോടൊന്ന് സംസാരിക്കണം കേട്ടോ. വല്യ ചെക്കനായി വരുവാ. 13 വയസ്സായി.“
”തന്നേ ?“ സാജു അവളെ നോക്കി. ”എപ്പളാരുന്നു സംഭവം നടന്നത് ? “
”നിങ്ങളു കളിയാക്കണ്ട. അവനിപ്പൊ ആകെ മാറി. എന്നോടൊന്നും ഒരക്ഷരം മിണ്ടാറില്ല. വന്ന ഒടനേ റൂമിൽ കേറി വാതിലടച്ചിരിക്കും. പഠിത്തൊക്കെ ഒരു വകയാന്നു പറഞ്ഞു ടീച്ചർ.“
“എടി പെണ്ണേ, ഇതൊക്കെ ഞാൻ നിന്നോട് എത്ര കൊല്ലമായിട്ട് പറയുന്നതാ. 12-13 വയസ്സൊക്കെ ആയാ പിന്നെ കൊറച്ചു കാലത്തേക്ക് ഇച്ചിരി പാടാ. പിന്നെ പതിയെ ശരിയായി വന്നോളും. നീ എപ്പൊളും ചെന്ന് അടിയുണ്ടാക്കാതിരുന്നാ മതി.”
“എന്നും പറഞ്ഞോ? അന്വ്വേഷിക്കാണ്ടിരിക്കാൻ പറ്റ്വോ ?”
“ഓക്കേ... നീ കെടന്നു ചാടാതെ. ഞാനൊന്നു പോയി കാണട്ടെ അവനെ. ഒരു അപ്പോയിന്മെന്റ് കിട്ടുവോ ?”
“ചെല്ല്... അവൻ മോളിലുണ്ട്. ബാല്ക്കണീല്. പഠിക്കുവാണെന്നും പറഞ്ഞ് പോയതാ. പക്ഷേ ടാബിൽ കളിക്കുവാരിക്കും. എനിക്കുറപ്പാ. ആദ്യം ഈ കുപ്പായോ ക്കെ ഒന്ന് മാറ്. ഞാൻ ചായയൊണ്ടാക്കാം.”
സാജു നേരേ മുറിയിലേക്കു പോയി. ഡ്രസ്സു മാറാൻ. സൂസി ചായയുണ്ടാക്കാനും. മകൾ അപ്പോളും ഫോണിൽ കളി നിർത്തിയിട്ടില്ല.
ചായകുടിയൊക്കെ കഴിഞ്ഞ് മുകളിലെ നിലയിലേക്ക് ഗോവ്വണി കയറുമ്പോ സാജുവിന്റെ മനസ്സിൽ കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ അച്ചൻ പറഞ്ഞ വാക്കുകളായിരുന്നു.
“മക്കളെ അതിരു കവിഞ്ഞ് വിശ്വസിക്കരുത്. ഇടക്കിടക്ക് അവർ പ്രതീക്ഷിക്കാതിരിക്കുന്ന സമയത്ത് റൂമിലേക്ക് കേറിച്ചെല്ലണം. ഞെട്ടിക്കണം. ഫോണും കമ്പ്യൂട്ടറുമൊക്കെ പിടിച്ചു വാങ്ങി ചെക്ക് ചെയ്യണം. സദാ സമയവും നമ്മുടെ കണ്ട്രോളിലായിരിക്കണം.പിള്ളേർ വഴി തെറ്റിപ്പോയീന്നും പറഞ്ഞ് പള്ളീലോട്ട് വന്നിട്ട് ഒരു കാര്യവുമില്ല. ഒക്കെ ശ്രദ്ധിക്കേണ്ടത് നിങ്ങൾ കാർന്നോന്മാരാ...”
സാജുവിന്റെ മുഖത്തൊരു ചിരി പടർന്നു. പെണ്ണും പെടക്കോഴീമില്ലാത്ത അച്ചന് ഇക്കാര്യത്തിലൊക്കെ എന്തൊരു ഗ്രാഹ്യം!
ബാല്ക്കണിയിലേക്കിറങ്ങാനുള്ള ഡോറിൽ പതിയെ തട്ടി സാജു.
“നീയപ്പ്രത്തുണ്ടോടാ ?”
“യപ്!” മറുവശത്തു നിന്നും അവന്റെ സ്വരം.
“മിസ്റ്റർ മാത്തുക്കുട്ടി...ഞാൻ താങ്കളുമായി ഒരു കുറച്ചു സമയം ചിലവഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.” സാജു നാടകീയമായി ബാല്ക്കണിയിലേക്കിറങ്ങി.
““ശ്ശോ!! ” അവൻ നെറ്റിയിൽ കൈ വെച്ചു. “ഫസ്റ്റ് ഓഫ് ആൾ പപ്പാ... യൂ ആർ നോട്ട് ദാറ്റ് ഫണ്ണി. പപ്പേടെ വിചാരം പപ്പക്ക് ഭയങ്കര ഹ്യൂമർ സെൻസ് ആണെന്നാണ്. പക്ഷേ പറയുന്നതു മുഴുവനും തനി ചെളിയാണ്. ഈ മിസ്റ്റർ മാത്തുക്കുട്ടി വിളിയൊക്കെ നിർത്തേണ്ട സമയം പണ്ടേ കഴിഞ്ഞു. ”
“കർത്താവേ! അതെപ്പൊ കഴിഞ്ഞു ?”
“ദേ... പിന്നേം ചെളി! ഇതൊന്നും ഇനി ഏക്കത്തില്ല പപ്പാ . എനിക്കിപ്പ വയസ്സെത്രയായീന്നാ പപ്പേടേ വിചാരം ?”
“ഓക്കേ... നമുക്ക് സീരിയസാകാം.” സാജു അമ്പരന്നു പോയിരുന്നു ഇവനിതെപ്പൊ ഇത്രേം വലുതായി ?? “പ്രശ്നെന്താന്നു വെച്ചാൽ നീ ഈയടുത്തെടക്ക് പെട്ടെന്നങ്ങു വളർന്നു പോയി. എനിക്കൊപ്പെത്താൻ പറ്റണ്ടേ.”
“അതിന് പപ്പ എടക്കൊക്കെ വന്ന് എന്നോടൊന്നു മിണ്ടണം. എങ്കിലല്ലേ മനസ്സിലാകൂ. അതെങ്ങനാ എനിക്കാവശ്യൊള്ളപ്പൊ ഒന്നും ആരും വരില്ല കാര്യന്ന്വേഷിക്കാൻ. എന്തെങ്കിലും ഒരു ചെറിയ മിസ്റ്റേക്ക് വരാൻ നോക്കിയിരിക്കും പൊറത്തേക്ക് കേറാൻ!”
“അരാ പൊറത്തേക്ക് കേറിയേ നിന്റെ ? നീയെന്തിനാ ഇങ്ങനെ ചൂടാകുന്നെ ?”
“എനിക്കറിയാമ്മേല പപ്പാ...ഒന്നും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ദേ ഈ കാണണ കോപ്പു മുഴുവനും പഠിച്ചു തീർക്കണം. ആരെക്കൊണ്ടു പറ്റും ? റ്റ്യൂഷൻ ടീച്ചർടെ വക വേറേ. ”
“അത്രേയൊള്ളൊ!” സാജു അവന്റെ തോളിൽ തട്ടി. “അവനവനു പറ്റുന്ന പോലെ ചെയ്യാനല്ലേ ഒക്കൂ. പറ്റാത്ത കാര്യം ചെയ്യാൻ നിന്നെ ഇന്നുവരെ ഞാൻ നിർബന്ധിച്ചിട്ടുണ്ടോ ? ഇതാണു നിന്റെ പ്രശ്നമെങ്കിൽ നീ ടെൻഷനടിക്കണ്ട. ഫസ്റ്റ് റാങ്കു വാങ്ങിയില്ലേ വീട്ടി കേറ്റൂല്ലാന്നൊന്നും പറയുന്ന തന്തയല്ല ഞാൻ.”
“അങ്ങനെയല്ലല്ലോ... ഭയങ്കര കഴിവുള്ള ചെക്കനാന്നു പറഞ്ഞല്ലേ എല്ലാരും കൂടി വളത്തിക്കൊണ്ടു വന്നെ. ഇനി എനിക്ക് പുറകോട്ട് പോകാനൊക്ക്വോ ? പഠിക്കാൻ പറ്റായ്കയില്ല. പക്ഷേ അതിന്റെടക്ക് വേറേ ഓരോ ...”
“എന്താ പ്രശ്നം ? തുറന്നു പറ.”
“എങ്ങനാ പപ്പയോട് പറയാ ? ”
“ഡാ, നീ കഴിഞ്ഞ കൊല്ലം വരെ എങ്ങനാരുന്നു ? ഞാൻ വൈകിട്ട് വരുമ്പോ നീ എന്നോട് എല്ലാം പറയാറില്ലാർന്നോ ? “
“പക്ഷേ...അങ്ങനത്തെ കാര്യല്ല പപ്പാ...” അവന്റെ മുഖത്താകെ ഒരു വിഷണ്ണ ഭാവം.
“ഡാ...നമുക്ക് നടക്കാം. നീ ബാ.” സാജു അവനെ പിടിച്ചെഴുന്നേല്പ്പിച്ചു.
“ഹോം വർക്കാ...” അവൻ താഴെ ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ നോക്കി പിറു പിറുത്തു.
“അതൊക്കെ വന്നട്ടു നോക്കാഡേ. നീ വാ.” അയാൾ അവനെ നിർബന്ധിച്ച് താഴേക്കു കൂട്ടിക്കൊണ്ടു പോയി.
“എന്നാ പരിപാടി ?” ഭാര്യ അമ്പരന്നു. “എവ്ടെ പോവാ ഈ സന്ധ്യക്ക് ? ”
“ഇനി ഒരറിയിപ്പുണ്ടാകുന്ന വരെ ഞങ്ങളെ ആരും അന്വേഷിക്കണ്ട!”
“ഞാനും വരുവാ!! നമ്മക്ക് ബീച്ചി പ്പോവാം!” മകൾ ചാടിയിറങ്ങി.
“താങ്കളോടു കൂടിയാണ് ഞാൻ പറഞ്ഞത്.” സാജു അവളെ നോക്കി കണ്ണുരുട്ടി.
“മ്മളെ കൊണ്ടോവൂല്ലേമ്മാ ?” അവൾ അമ്മയെ നോക്കി. ഇപ്പൊ പൊട്ടും ചട്ടീം കലോം.
“പപ്പേം ചേട്ടായീങ്കടെ പോയിട്ട് ഇപ്പ വരും. ന്ന്ട്ട് നമുക്ക് രാത്രി പിന്നേം പോകാം. ല്ലേ പപ്പാ ? ” ഭാര്യ ഒരു മങ്കി ക്യാപ്പ് കൊണ്ടു വന്ന് മാത്തുക്കുട്ടിയുടെ കയ്യിൽ പിടിപ്പിച്ചു.
” ഈ സാധനം ഞാൻ തലേ വെക്കൂന്നാരും വിചാരിക്കണ്ട!. ഇപ്പളും ഇള്ളക്കുട്ടിയാന്നാ വിചാരം!! “ മാത്തുക്കുട്ടി അത് വലിച്ചൊരേറു കൊടുത്തിട്ട് കലിപ്പിൽ പുറത്തേക്കിറങ്ങിപ്പോയി.
”നിങ്ങളു കണ്ടോ അത് ? ഇപ്പൊ എന്നാ പറഞ്ഞാലും ഇങ്ങനാ.“ ഭാര്യക്കു സങ്കടം സഹിക്കാനാവുന്നില്ല. ”എങ്ങനൊക്കെ നോക്കിയാലും അവസാനം തന്തേടേം തള്ളേടേം ഗതി...“
”ശ്ശോ! എന്റമ്മോ! നീയൊന്നു മിണ്ടാണ്ടിരി തള്ളേ. ഈ പ്രായം കഴിഞ്ഞ് വന്നതല്ലേ നീയും ?” സാജു തലയിൽ കൈ വെച്ചു “ഇപ്പ ശരിയാക്കിത്തരാം ഞാൻ. പണ്ടത്തെ മാതിരി ഒരു നടത്തം നടന്നാ തീരുന്ന പ്രശ്നോള്ളൂ എന്റെ കൊച്ചിന്.“ സാജു പുറത്തേക്കിറങ്ങി.
ചെറുക്കൻ ഒത്തിരി ദൂരെയെത്തിക്കഴിഞ്ഞു . സാജു ഓടിയെത്തി പുറകേ.
“നീയെന്നാ നടപ്പാടാ ഈ നടക്കുന്നേ ? എന്നാ സ്പീഡാ!”
“അവടെ നിന്നാ അമ്മ പിന്നേം എന്നാങ്കിലുവൊക്കെ പറഞ്ഞോണ്ടിരിക്കും. ചുമ്മാ ചൊറിയാൻ വരും. എനിക്ക് കലി വരും ചെലപ്പൊ.”
“മകാനെ...” സാജു നീട്ടി വിളിച്ചു. “എന്നതാടാ അവൾടെ പേര് ?”
മാത്തുക്കുട്ടി നിന്നു.
“കാള വാലു പൊക്കുമ്പഴേ നമുക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലാകും. ല്ലേ ?” സാജു അവന്റെ തോളിൽ കയ്യിട്ടു.
“ആകെ പ്രശ്നാ പപ്പാ. സ്കൂളീട്ടു പോകാൻ നിവൃത്തിയില്ല. ആ കൊച്ചാണെങ്കി ഇതൊന്നും അറിഞ്ഞിട്ടു കൂടിയില്ല. ഓർക്കുമ്പോ ആകെ ടെൻഷനാ.”
“നീ എല്ലാം വിശദായിട്ടു പറ. നമുക്കാ കലുങ്കുമ്മേ ചെന്നിരിക്കാം.”
“അവൾടെ പേരു കേട്ടാ പപ്പ ചിരിക്കരുത്.” അവൻ ആദ്യമേ പറഞ്ഞു. “ആൻസി. എട്ടിലാ പഠിക്കുന്നെ. എന്റെ ജൂനിയർ.”
സാജു പൊട്ടിപ്പൊട്ടിച്ചിരിച്ചു പോയി. “പാരമ്പര്യം കാത്തു സൂക്ഷിക്കണമ്ന്നു പറഞ്ഞാ ഇതാണ്.”
സംഭവം വേറൊന്നുമല്ല. സാജു പത്തിൽ പഠിക്കുമ്പോ ഇതേ പോലൊരു കൊച്ചു ലവ്വുണ്ടാരുന്നു. ആ പെങ്കൊച്ചിന്റെ പേരും ഇതു തന്നെ ആൻസി! വർഷങ്ങൾക്കു ശേഷം മകനും ഇതാ മറ്റൊരു ആൻസിയുമായി.
“പപ്പേടെ കാലത്തെ ലവ് മാതിരിയൊന്ന്വല്ല ഇത്. എനിക്ക് ഭയങ്കര ഇഷ്ടാ. ഉറങ്ങാൻ പോലും പറ്റണില്ല. എങ്ങനാ അവളോടൊന്നു പറയാന്ന് ചിന്തിച്ച് വട്ടാകുന്നു.”
“അതാണോ നിന്റെ പ്രശ്നം ?“
”അതു മാത്രല്ല.“ അവൻ പെട്ടെന്ന് തല താഴ്ത്തി. ”വേറൊരു വല്യ പ്രശ്നൊണ്ട്... എന്റൊരു കൂട്ടുകാരൻ പന്നി… അവൻ എന്നെ ചതിച്ചു. ഇന്നാളൊരു ദിവസം ഞാനും അവനും തമ്മീ എന്തോ പറഞ്ഞ് തെറ്റി. അവൻ നേരേ പോയി ടീച്ചറോട് പറഞ്ഞു ഞാനും ആൻസിയും തമ്മീ ഇഷ്ടമാണെന്ന്.“
”ഈശോ! എന്നട്ട് ? “
”ടീച്ചർ എന്നെ വിളിപ്പിച്ചു. കൊറേ ചീത്ത പറഞ്ഞു. പിറ്റേ ദിവസം ചെല്ലുമ്പോ അമ്മയെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു.“
”ആഹാ ...“
”പക്ഷേ അമ്മ്യോട് പറയാൻ പറ്റ്വോ. ഞാനാകെ ടെൻഷനിലായി. വീടു വിട്ട് പോയാലോന്നു വരെ ചിന്തിച്ചതാ...“
”കുട്ടാ...“ സാജു അറിയാതെ മകന്റെ കൈത്തണ്ടയിൽ അമർത്തി.
“പിറ്റേ ദിവസം ഞാനൊരു ലെറ്ററെഴുതി ടീച്ചർക്കു കൊടുത്തു. ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നൊക്കെ പറഞ്ഞ്. അമ്മയോട് പറഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നൊക്കെ എഴുതി.”
സാജു ആകെ അസ്വസ്ഥനായി. “ന്ന്ട്ട് ?”
“അപ്പോ ടീച്ചർ എന്നെ കൗൺസിലർടെ അടുത്തോട്ട് പറഞ്ഞു വിട്ടു. ആ എഴുത്ത് കൗൺസിലർക്കു കൊടുക്കാൻ പറഞ്ഞു. ”
ഈ കൗൺസിലർ ഒരു മനശാസ്ത്ര വിദഗ്ധയാണ്. മാത്തുക്കുട്ടിയുടെ സ്കൂളിലെ ടീനേജ് പ്രശ്നങ്ങളൊക്കെ പരിഹരിക്കലാണ് പുള്ളിക്കാരിയുടെ ജോലി.
“കൗൺസിലർ മാഡം എന്നെ പിടിച്ചിരുത്തി ഒരു രണ്ടു മണിക്കൂർ ക്ലാസ്സെടുത്തു. എന്നിട്ട് അവസാനം പറഞ്ഞു... എപ്പളെങ്കിലും അമ്മയോട് ഇതൊക്കെ പറഞ്ഞ് ഒന്നു വിളിച്ചോണ്ട് ചെല്ലണമെന്ന്.”
പിന്നെ കുറേ നേരം നിശബ്ദതയായിരുന്നു.
‘ആത്മഹത്യ’ എന്നൊരു വാക്ക് അതിന്റെ ഇടക്ക് വന്നത് സാജുവിന്റെ മനസ്സിലങ്ങനെ കിടന്നു നീറി. ഒടുവിൽ അയാൾ മുഖമുയർത്തി.
“എനിക്കാകെ ഒരു കാര്യേ ചോദിക്കാനുള്ളൂ.” സാജു അവനെ പിടിച്ച് തനിക്കഭിമുഖമായി തിരിച്ചിരുത്തി “ഇത്രേം സംഭവോക്കെ ഉണ്ടായിട്ടും നീ എന്താ എന്നോടൊരു വാക്കു പറയാണ്ടിരുന്നേ ? അമ്മയോട് നീ പറയില്ല. എനിക്കറിയാം. അമ്മ ചെലപ്പൊ ഇതാകെ കുളമാക്കും. പക്ഷേ എന്നോട് പറയാമായിരുന്നില്ലേ ?”
“എപ്പളാ പപ്പാ ?” നിഷ്കളങ്കമായിരുന്നു അവന്റെ ചോദ്യം “പപ്പയൊന്നാലോചിച്ചു നോക്ക്യേ... രാത്രി ഏതോ നേരത്താണ് പപ്പ ഡ്യൂട്ടി കഴിഞ്ഞു വരുന്നേ.ഞാൻ ഏണീക്കുന്നേനു മുൻപേ പിന്നേം പോവും. പിന്നെപ്പളാ ഞാൻ ഇതൊക്കെ പപ്പയോട് പറയ്വാ ? “
സാജുവിന് മറുപടിയുണ്ടായിരുന്നില്ല.
”ഇപ്പത്തന്നെ നോക്ക്യേ. എനിക്കെന്താശ്വാസോണ്ട്ന്നറിയാമോ ? ഇതൊക്കെ ആരോടെങ്കിലുമൊക്കെ ഒന്നു പറയാണ്ട് ഞാനാകെ പ്രാന്തു പിടിച്ച് നടക്ക്വാരുന്നു.“
സാജു അവനെ ചേർത്ത് ഇറുക്കി കെട്ടിപ്പിടിച്ചു.
“കഴിഞ്ഞോ നിന്റെ പ്രശ്നങ്ങൾ ?”
“ഉം” അവന്റെ മുഖത്ത് പുഞ്ചിരി.
“നാളെ ഞാൻ ലീവെടുക്കാം. നിന്റെ കൗൺസിലറേം ടീച്ചറേം ഒക്കെ ഒന്നു കണ്ടു കളയാം. പിന്നെ പറ്റുവാണെങ്കി ആ ആൻസിയേം.ന്താ ?” സാജു പുഞ്ചിരിച്ചു
“പോ പപ്പാ... അവളു നമുക്കു പറ്റുവോന്നറിയില്ല. ഭയങ്കര കാശുകാരിയാ. ബെൻസൊക്കെയുണ്ട്.”
“അതല്ലേ നമക്ക് വേണ്ടേ. പിടിക്കുമ്പോ പുളിങ്കൊമ്പു തന്നെ പിടിക്കണമെന്നു കേട്ടിട്ടില്ലേ ?” സാജു പൊട്ടിച്ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
“പപ്പ സൂപ്പറാ. എനിക്കറിയാരുന്നു എല്ലാം ശരിയാകൂന്ന്. പക്ഷേ ഇതൊക്കെ ഒന്നു പറയാൻ പപ്പേനെ ഒന്നു കിട്ടണ്ടേ.”
“ഇനി അങ്ങോട്ട് നമുക്ക് ശരിയാക്കാഡാ . നീയിത്രേം വല്യതായത് ഞാൻ ശ്രദ്ധിച്ചില്ല ... വാ പോവാം. അമ്മക്ക് രാത്രി തനിച്ചായാ പേടിയാവും.”
“അമ്മയെങ്ങാനുമായിരിക്കണം. ഇത്രേം കേട്ടാ ആകാശം ഇടിഞ്ഞു വീണ പോലെയായിരിക്കും പിന്നെ.”
“മാത്തുക്കുട്ടി...നീ കുറേ കാലം കൂടി കഴിയുമ്പോ ഇതൊക്കെ ഓർത്ത് പൊട്ടിപൊട്ടി ചിരിക്കും. ഇതൊക്കെ എത്ര സില്ലി കേസുകെട്ടുകളാണെന്ന് തിരിച്ചറിയണമെങ്കി കുറച്ചു കാലം പിടിക്കും. പക്ഷേ അതുവരെ ഇങ്ങനത്തെ എന്തു പ്രതിസന്ധി വന്നാലും ഉടനടി എന്നെ വിളിച്ചിരിക്കണം. കേട്ടോ ? വീടു വിടാനും ആത്മഹത്യ ചെയ്യാനും ഒക്കെ ചിന്തിക്കുന്നേനു മുൻപ് ഒരു കോൾ… പറന്നു വരും ഞാൻ...മനസ്സിലാകുന്നുണ്ടോ നിനക്ക് ?”
അവൻ തലയാട്ടി
“ഓക്കെ... ഇനി അടുത്ത ക്ലാസ്. സെക്സ് എഡ്യൂക്കേഷൻ ...”
“വേണ്ടാ.... ” അവൻ ചാടിയെണീറ്റു.മുഖമാകെ ചമ്മിയിരിക്കുന്നു. “എനിക്കെന്തെങ്കിലും സംശയമുണ്ടെങ്കി ഞാൻ പപ്പയോട് പിന്നെ ചോദിച്ചോളാം...”
“വളരെ ഇമ്പോർട്ടന്റാണ്. നിന്റെ കൂട്ടുകാരു തന്നെ ചെലപ്പൊ ഓരോ മണ്ടത്തരങ്ങളു പറഞ്ഞ് നിന്നെ കുഴീ ചാടിക്കും.”
“ഇല്ല പപ്പാ... ബാ മ്മക്ക് വീട്ടീ പോകാം.” അവൻ തിരിഞ്ഞ് നടപ്പു തുടങ്ങി.
“ആയ്ക്കോട്ടെ...” സാജുവിന് അവന്റെ നാണം കണ്ടപ്പോ ചിരി വന്നു. “പക്ഷേ മറക്കരുത്. ഏതു വിഷയമാണെങ്കിലും തുറന്നു പറയണം.മനസ്സി വെച്ചോണ്ടിരുന്ന് ചുമ്മാ അമ്മയോട് അടിയുണ്ടാക്കാൻ നടക്കരുത്. അമ്മേടെ വെഷമം നിനക്കിപ്പൊഴൊന്നും മനസ്സിലാവില്ല. നിനക്കു പിള്ളേരുണ്ടാവണം.”
“ആ... ഇതു തന്നെയാ പ്രശ്നം. ഈ ഡയലോഗാണ് 24 മണിക്കൂറും അമ്മ പറയാറ്.”
“ഓക്കെ... അമ്മക്കും ഒരു ക്ലാസ്സ് എടുക്കണം. നമുക്കൊക്കെ ശരിയാക്കാം. നീ വാ.”
“നല്ല സൂപ്പർ വാലന്റൈൻസ് ഡേ പപ്പാ!”
“ഉം...വാലന്റൈൻ...നിന്റെ ആൻസിക്കിട്ടു ഞാൻ വെച്ചിട്ടുണ്ട്. ഒന്നുമറിയാതിരുന്ന എന്റെ കൊച്ചിനെ കറക്കിയെടുത്തിട്ട്...”
“ഹ ഹ ഹ ... ഒന്നു പോ പപ്പ!”
മനസ്സിൽ ‘ആൻസി മാരെയും ഓർത്തുകൊണ്ട് ആ അപ്പനും മകനും തിരിച്ചു നടന്നു.
നല്ലൊരു സൂപ്പർ വാലന്റൈൻസ് ഡേ!

Alex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo