Slider

കഥയല്ലിതു ജീവിതം

0

കഥയല്ലിതു ജീവിതം
********************************
മൂന്നു വർഷങ്ങൾക്കു മുൻപുള്ള ഒരു ഡിസംബർ മാസത്തിലെ പകൽ. സമയം ഉച്ചയോടടുക്കുന്നു. അടുക്കളയിൽ അമ്മ എന്തോ വറുത്തരച്ചു വയ്ക്കുന്നതിൻ്റെ കൊതിയൂറുന്ന മണം എനിക്ക് കിട്ടുന്നുണ്ട്. പപ്പാ എവിടെയോ പോയി വന്നിട്ട് ടി വി കാണുന്നു. ഞാൻ സിറ്റ് ഔട്ടിലിരുന്നു സ്വപ്നം കാണുകയും ഓർമ്മകൾ അയവിറക്കുകയും ചെയ്തു കൊണ്ട് ഒരു പാട് നാളുകൾക്കു ശേഷം സ്വന്തം വീട്ടിലെ കുറച്ചു ദിവസങ്ങളിലെ താമസം വെറുതെയിരുന്ന് ആസ്വദിക്കുന്നു .
ഒരു ആയുർവേദ ട്രീട്മെൻ്റിൻ്റെ ഭാഗമായിരുന്നു ആ വാസം. പപ്പയുടെയും അമ്മയുടെയും കരുതലും സ്നേഹവും ഒക്കെ വീണ്ടും അനുഭവിച്ച കുറെ ദിവസങ്ങൾ. രാവിലെ തോന്നുമ്പോൾ എഴുന്നേൽക്കുക, എടുത്തു കയ്യിൽ കിട്ടുന്ന ചായ കുടിച്ചു കൊണ്ട് പത്രം വായിക്കുക, മൂന്നാലു നേരം കഴിക്കാൻ നേരം കൈ കഴുകി ഇരിക്കുക, ബാക്കി സമയം പുസ്തകം വായിക്കുകയോ ടി വി കാണൽ തുടരുകയോ ചെയ്യുക, ഓർമ്മകളിലലയുക, സ്വപ്നം കാണുക... ഇതൊക്കെയായിരുന്നു ദിനചര്യകൾ. ഓടി നടന്ന വഴികൾ ഇനിയും ഓടി വരൂ എന്ന് മാടി വിളിച്ചപ്പോൾ ഞാൻ പുഞ്ചിരിയോടെ നിരസിച്ചു. ചിലരുടെയെങ്കിലും മുഖത്ത് സഹതാപവും മിക്കവരുടെയും മുഖത്ത് മൂടിവച്ച സന്തോഷവും ഞാൻ കണ്ടു. ഭർത്താവു കൂടെയില്ലാതിരുന്നതിനാൽ ചിലരുടെയൊക്കെ മുഖത്ത് സംശയവും. അധികപ്പറ്റാകുമോ എന്ന് പേടിച്ചിട്ടാവും വിളിക്കേണ്ടവരും അന്വേഷിക്കേണ്ടവരും തിരക്ക് നടിച്ചു. പുരുഷ സുഹൃത്തുക്കൾ മിണ്ടാൻ മടി കാണിച്ചു. ഒരു സ്ത്രീ കൂടുതൽ സ്വതന്ത്രയായിരിക്കുന്നതു ഭർത്താവു കൂടെയുള്ളപ്പോഴാണെന്ന് ഞാനന്ന് പഠിച്ചു .
ഓർമ്മകളിൽ ഒരു കൊച്ചു കുഞ്ഞായി വീണ്ടും ആ മുറ്റത്തു കൂടി പിച്ചവയ്ക്കുമ്പോഴാണ് റോഡിലൂടെ ആ പൊരിവെയിലത്ത് ഒരു അമ്മൂമ്മ നടന്നു പോകുന്നത് ഞാൻ കണ്ടത്. വളരെ മെല്ലെയാണ് നടത്തം. ഇടയ്ക്കു നടുവിന് കൈ കൊടുത്തു കൊണ്ട് കുറച്ചു നേരം നിൽക്കും. പിന്നെ വീണ്ടും നടക്കും. ഈ പൊള്ളുന്ന നട്ടുച്ചയ്ക്ക് ഒരാളെ പോലും റോഡിൽ കാണാറില്ല. പണ്ടൊക്കെ ആളുകൾ നട്ടുച്ചയ്ക്കും റോഡിലൂടെ നടക്കുമായിരുന്നു. കല്യാണം കഴിഞ്ഞ് അധികമാകാത്ത ചേട്ടനും ചേച്ചിയും വർത്തമാനമൊക്കെ പറഞ്ഞു നടന്നു പോകുന്നത് കാണാനായിരുന്നു കൊച്ചായിരുന്നപ്പോൾ എനിക്കേറ്റവും ഇഷ്ടം. ഒരു കുടയൊക്കെ ചൂടി അവർ പോകുന്നത് ഞാനങ്ങനെ നോക്കി നിൽക്കും . കല്യാണം കഴിയുമ്പോൾ ഞാനും അങ്ങനെ പോകുന്നതിനെക്കുറിച്ചു സങ്കൽപ്പിച്ചു കൊണ്ട് ...
ഈ പൊള്ളുന്ന ചൂടിൽ നടന്നു പോകുന്നതരായിരിക്കും എന്ന് അത്ഭുതപ്പെട്ടു നോക്കുമ്പോഴുണ്ട് അമ്മൂമ്മ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു..
"എവിടെ പോയതാ ?"
ഞാൻ വിളിച്ചു ചോദിച്ചു. എൻ്റെ വിളി കേൾക്കാൻ നോക്കിയിരുന്നത് പോലെ അമ്മൂമ്മ മുറ്റത്തേയ്ക്ക് കയറി വന്നു.
"കുറച്ചു വെള്ളം താ മോളെ"
ഞങ്ങളുടെ സംസാരം കേട്ട് ഇറങ്ങി വന്ന അമ്മ വെള്ളം കൊണ്ട് വന്നു കൊടുത്തു. അപ്പോൾ പപ്പയും ഇറങ്ങി വന്നു.
"എവിടെ പോയാരുന്നു ഈ നട്ടുച്ചയ്ക്ക് ? "പപ്പാ ചോദിച്ചു.
വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് അമ്മൂമ്മ പറഞ്ഞു തുടങ്ങി.
"ഒന്നും പറയണ്ട മോനെ... സ്വത്തൊക്കെ മകൻ അവൻ്റെ പേരിൽ എഴുതി വേണോന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും ചിന്തിക്കാതെ അതങ്ങെഴുതിക്കൊടുത്തു. എല്ലാം കയ്യിലായപ്പോൾ അവൻ അതൊക്കെ വിറ്റേച്ച് എങ്ങാണ്ടോ പോയി. ഞാൻ പോകാനൊരെടവും ഇല്ലാതെ കടത്തിണ്ണെ കെടക്കുന്നതു കണ്ട നാട്ടുകാര് പിരിവെടുത്ത് മൂന്നു സെന്റ് സ്ഥലവും മേടിച്ച് ഒരു കുഞ്ഞു കൂരയും ഉണ്ടാക്കി തന്നു. പണ്ടാരാണ്ടു പറഞ്ഞ പോലെ കൂനിന്മേൽ കുരു പോലെ അപ്പഴാ ഈ റേഷൻ കാർഡിൻ്റെ പ്രശ്നം വന്നെ...എനിക്ക് കിട്ടിയത് എ പി എല്ലാ... നോക്കാൻ വന്ന സാറമ്മാര് എന്നാ കണ്ടിട്ടാണോ എനിക്ക് അത് തന്നെ ? അതുകൊണ്ടെന്നാ... ഇപ്പം റേഷൻ അരിയും മണ്ണെണ്ണയും ഒന്നും കിട്ടുന്നില്ല. വിശക്കുമ്പോൾ വല്ലടത്തും കേറി ചെല്ലും. പക്ഷെ എത്ര ദിവസോന്നു പറഞ്ഞാ ...അവർക്കും മടുക്കുവേലെ ? ആരാണ്ടു പറഞ്ഞു പഞ്ചായത്തു പ്രസിഡന്റിനെ പോയി കണ്ടാൽ ശരിയാക്കി തരുവെന്ന്...കണ്ടിണ്ട് വരുന്ന വഴിയാ... അവളൊരു നല്ല കൊച്ചാ, ശരിയാക്കി തരാവെന്നാ പറഞ്ഞേക്കുന്നെ."
"അമ്മൂമ്മ എന്തിനാ ഈ വെയിലത്തു നടന്നത്? ബസിനു പോയിക്കൂടാരുന്നോ?" ഞാൻ ചോദിച്ചു .
"ഇപ്പോൾ അവിടേം ഇവിടേം ആയിട്ടു കുറെ പോക്കായി മോളെ ...എനിക്ക് വരുമാനമൊന്നും ഇല്ലല്ലോ. ബസിനു കേറിയാൽ മിനിമം ചാർജ് എങ്കിലും കൊടുക്കണ്ടേ ?"
എൺപതിലധികം വയസ്സ് പ്രായമുള്ള നേരെ നടക്കാൻ ബുദ്ധിമുട്ടുന്ന ആ അമ്മൂമ്മ പറഞ്ഞത് കേട്ട് ഞാൻ വിഷമത്തോടെ മുറ്റത്തു കിടക്കുന്ന കാറിലേയ്ക്കും ബുള്ളറ്റിലേയ്ക്കും പപ്പയുടെ മുഖത്തേക്കും മാറി മാറി നോക്കി. പപ്പയുടെ മുഖം വിവർണ്ണമാകുന്നതും ആ തല കുനിയുന്നതും ഞാൻ കണ്ടു. ക്രിസ്മസിനു വേണ്ടി മുറ്റം മുഴുവൻ തൂക്കിയിരിക്കുന്ന അലങ്കാരങ്ങൾ ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചു . അന്നു വൈകിട്ട് വീട്ടിൽ പണിക്കു വരുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
" ചേച്ചീടൊക്കെ കാർഡ് ഏതാ ?"
"ഓ..നമ്മൾക്കൊന്നും പറയാനൊന്നും ആരുമില്ലാത്തോണ്ട് എ പി എല്ലാ കിട്ടിയേ...പിന്നെ ചേട്ടൻ പണീം കളഞ്ഞ് അവരുടെയും ഇവരുടെയും ഒക്കെ പുറകെ കുറെ നടന്ന് ബി പി എൽ ആക്കി". ബി പി ൽ കാർഡ് കിട്ടുക എന്നുള്ളത് ആരുടെയോ ഔദാര്യമാണ് എന്ന മട്ടിൽ ചേച്ചി പറഞ്ഞു.
പിറ്റേന്ന് രാവിലെ ഞാൻ എന്നേറ്റു വന്നപ്പോഴേയ്ക്കും പപ്പാ എവിടെയോ പോകാൻ റെഡി ആയി നിൽക്കുകയായിരുന്നു. എങ്ങോട്ടാ എന്ന ചോദ്യത്തിന് പപ്പാ ഇങ്ങനെയാണ് മറുപടി പറഞ്ഞത് .
"നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കും. പക്ഷെ തെറ്റാണെന്നറിഞ്ഞിട്ടും അത് വീണ്ടും തുടർന്നാൽ കിട്ടുന്ന ശിക്ഷ വലുതായിരിക്കും. നിസ്സാര ആനുകൂല്യങ്ങൾക്ക് വേണ്ടി ബി പി ൽ കാർഡ് മേടിച്ചപ്പോൾ എനിക്കറിയത്തില്ലായിരുന്നു അത് കുറേ പട്ടിണി പാവങ്ങളുടെ കണ്ണീരാണെന്ന്... ഞാനൊന്നു കുമ്പസാരിച്ചിട്ടു കൂടിയേ വരാത്തൊളെളന്ന് അമ്മയോട് പറഞ്ഞേരെ." പപ്പാ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കണ്ണീരിലൂടെ പുഞ്ചിരിച്ചു.
ഇതൊരു കഥയല്ല ... ജീവിതമാണ് . ഞാനിതിവിടെ എഴുതുന്നത് വെറും ലൈക്കിനും കമെന്റിനും വേണ്ടിയല്ല. ഇത് വായിക്കുന്ന ഒരാളെയെങ്കിലും ചിന്തിപ്പിക്കാനായാൽ, ഒരാൾ എങ്കിലും മാറ്റത്തിനു തയ്യാറായാൽ ഞാൻ കൃതാർത്ഥയായി.
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo