Slider

(അമ്മയുടെ സമ്മാനം)

0
(അമ്മയുടെ സമ്മാനം)
''ചാകുന്നുമില്ല കട്ടിലൊട്ടൊഴിയുന്നുമില്ല'' കിളവിക്ക് ചത്തൂടെ മൂത്തമരുമകള്‍ പറഞ്ഞു.കണ്ണുതുറന്നിട്ടു നാലായി ഭക്ഷണം ഇറക്കുന്നുമില്ല ഉടനെ കാണുമെന്നാ തോന്നുന്നെ രണ്ടാമത്തെ മരുമകള്‍ പറഞ്ഞു.തീരും മുമ്പാ അലമാരേടെ താക്കോല്‍ ഒന്നു കിട്ടിയാരുന്നെങ്കില്‍ മടിക്കുത്തിലെ പരിശോധന കഴിഞ്ഞു മൂന്നാമത്തെ മരുമകള്‍ പറഞ്ഞു.നേരം കൂടുതല്‍ കഴിയും മുമ്പ് കുടുസു മുറിയില്‍ നിന്നും ആ അമ്മയുടെ ദേഹം വിട്ട് ആത്മാവ് പുറത്തേക്കിറങ്ങി.അച്ഛന്റെ ആത്മാവ് തെക്കേ മൂലയില്‍ കാത്തിരിപ്പുണ്ടായിരുന്നു.
''വാ പോകാം'' അച്ഛന്‍ പറഞ്ഞു.നില്ലെന്നെ നമ്മുടെ മക്കളുടേയും മരുമക്കളുടേയും സ്നേഹം കുറച്ചൂടെ കണ്ടിട്ടു പോകാമെന്നെ.
പെട്ടെന്ന് ഉളളില്‍ സന്തോഷത്തോട് കൂടിയുളള നിലവിളികള്‍ ഉയര്‍ന്നു.മൂത്തമകളും ഭര്‍ത്താവും ദുബായില്‍ നിന്നും പെട്ടെന്ന് തന്നെ വിമാനം പിടിച്ചെത്തി.
അമ്മയ്ക്കരികില്‍ ഇരിക്കുമ്പോഴും അവളുടെ കണ്ണുകള്‍ അമ്മയുടെ അഞ്ച് പവന്റെ മാലയിലായിരുന്നു.ഇല്ല മരിക്കും വരെയും ഞങ്ങളാ നോക്കിയത് ചത്താലും വിട്ടുതരില്ല എന്ന ഭാവേനെ മൂത്തമരുമകള്‍ ശോഭ മൂത്തമകള്‍ ലീലയെ ഒന്നുനോക്കി.മോതിര
വിരലില്‍ പിടിച്ചായിരുന്നു രണ്ടാമത്തെ മകള്‍ ആനന്ദവല്ലിയുടെ കരച്ചില്‍ മുഴുവനും ആ കല്ലുളള മോതിരം അവളെന്നേ നോക്കിവച്ചിരിക്കുവായിരുന്നത്രേ.മൃതശരീരം കുളിപ്പിക്കുന്നതിനായി നല്ലതിരക്ക് കണ്ടു അരിഞ്ഞാണവും മൂക്കുത്തിയും കമ്മലിനുമായി മറയ്ക്കുളളില്‍ നല്ല പോര് നടന്നു.ഒരു കയ്യാലെ വായ്ക്കരിയിടുമ്പോഴും മറ്റേ കയ്യാലെ ഇളയ മകന്‍ ഫേസ്ബുക്ക് സ്‌റ്റാറ്റസ് നോക്കുന്നുണ്ടായിരുന്നു.അച്ഛന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊച്ചു മക്കള്‍ ഫേസ്ബുക്ക് ലൈവിട്ടു.കൊളളി വയ്ക്കുന്ന നേരം എല്ലാരുടെയും വാട്ട്സ്അപ്പ് സ്റ്റാറ്റസ് ''Love u amma miss u alot'' എന്നാക്കി മാറ്റി. അമ്മ മരിച്ച തെളിവ് കാണിക്കാന്‍ ദുബായിലെ മകന്‍ സെല്‍ഫി ഒരെണ്ണം എടുത്തു അറബിക്കയച്ചു.
നേരം സന്ധ്യയായി.
ആളുകള്‍ പിരിഞ്ഞു പോയി.പിള്ളേരെ കൊണ്ട് കൊച്ചു ടി.വി വയ്പ്പിക്കൂന്നേ എന്നിട്ട് കുറച്ചു കഴിഞ്ഞു എല്ലാരും പോയി കഴിഞ്ഞു നമുക്ക് സീരിയല്‍ കാണാം.അതിന് മക്കള്‍ക്കും മരുമകള്‍ക്കും ഒരേ സ്വരം.ഒരു മകന്‍ ആരും കാണാതെ പുറത്തു പോയി ചിക്കന്‍ ബിരിയാണി വാങ്ങിക്കൊണ്ടു വന്നു.
പട്ടിണിക്കഞ്ഞി കുടിച്ച ക്ഷീണം ഒരു ഫുളളും ചിക്കന്‍ പീസും കൊണ്ട് അകറ്റി അവര്‍.
സഞ്ചയനത്തിന് ഏതു സാരി ഉടുക്കും എന്നതായി പെണ്ണുങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.
ആണുങ്ങള്‍ക്കിടയിലെ ചര്‍ച്ച സഞ്ചയനത്തിന്റെ ലെറ്ററില്‍ വയ്ക്കേണ്ട ബിരുദങ്ങളെ കുറിച്ചായി.
കല്ലറയില്‍ വേലക്കാരി തിരിവച്ചു മടങ്ങി.പുറത്തു രണ്ടാത്മാക്കള്‍ നീറുന്നത് കണ്ട് വളര്‍ത്തുനായ ഓരിയിടുന്നുണ്ടായിരുന്നു.
പതിനാറു കഴിഞ്ഞു ആ താക്കോല്‍ ഇനിയും കിട്ടിയില്ലേ അലമാരയുടെ പൂട്ട് നമുക്ക് പൊളിക്കാം എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു.
ചുറ്റികല്ല് പൊങ്ങി താന്നു.
പൂട്ട് ചിതറി തെറിച്ചു.അലമാര തുറന്നവര്‍ ഞെട്ടി.ഒരു വില്‍പത്രവും ഒരു കത്തും മാത്രം .കത്തെടുത്തവര്‍ ഉറക്കെ വായിച്ചു.
സ്നേഹം നിറഞ്ഞ മക്കളെ
അച്ഛന്‍ മരിക്കുമ്പോള്‍ ഒരു കാര്യം എന്നോട് പ്രത്യേകം പറഞ്ഞിരുന്നു.നിന്നെ സ്നേഹത്തോടെ നോക്കുന്നവര്‍ക്ക് നീ എല്ലാ സ്വത്തും എഴുതി കൊടുക്കണമെന്ന്.അങ്ങനെ നോക്കുമ്പോള്‍ നിങ്ങള്‍ ആരും തന്നെ അതിനര്‍ഹരല്ല.അതു കൊണ്ട് ഞാന്‍ എല്ലാം എന്നെ സ്വന്തം അമ്മയായി
കരുതി നോക്കിയ വേലക്കാരി സുഭദ്രയുടെ പേരില്‍ എഴുതികൊടുക്കുന്നു.
പിന്നെ ഇത്ര നാളും നിങ്ങള്‍ പരതിയ ആ അലമാരയുടെ താക്കോല്‍
ചില്ലിട്ട പൂമാലയിട്ട് ഭിത്തിയില്‍ തൂക്കിയ നിങ്ങളുടെ അച്ഛന്റെ ചിത്രത്തിന് പിറകിലെ ആണിയിലുണ്ട് നിങ്ങള്‍ ഒരിക്കലും അതെടുത്ത് മാറാല തുടക്കിലെന്നറിയാം.അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്റെ വിരലടയാളം വച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു.നിങ്ങളുടെ മക്കളെങ്കിലും നിങ്ങളെ സ്നേഹിക്കട്ടെ.അതു കൊണ്ട് എല്ലാവര്‍ക്കും എന്റെ നന്ദി നമസ്കാരം.
എന്ന്
അമ്മ
സ്തബ്ദരായി നിന്ന ആ മക്കള്‍ക്കും മരുമക്കള്‍ക്കും ഇടയില്‍ നിന്നും രണ്ടാത്മാക്കള്‍ സന്തോഷത്തോടെ
ആകാശത്തേക്കുയര്‍ന്നു
മറഞ്ഞു .
(രതീഷ് അഞ്ചാലുംമൂട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo