മകൾ എന്ന മകൻ
---------------------------
ആ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സ് പോലെ തന്നെ അന്തരീക്ഷവും ആകെ മ്ലാനമായിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങൾ കാണുമ്പോൾ എന്റെ കണ്ണുകൾ കണ്ണാടിയിൽ നോക്കുന്നത് പോലെ തോന്നിച്ചു. ആ അഴികൾക്കിടയിലൂടെ അകത്തേക്ക് വരുന്ന തണുത്ത കാറ്റിന് എന്റെ ഉള്ളം കുളിർപ്പിക്കാനായില്ല.
---------------------------
ആ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സ് പോലെ തന്നെ അന്തരീക്ഷവും ആകെ മ്ലാനമായിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങൾ കാണുമ്പോൾ എന്റെ കണ്ണുകൾ കണ്ണാടിയിൽ നോക്കുന്നത് പോലെ തോന്നിച്ചു. ആ അഴികൾക്കിടയിലൂടെ അകത്തേക്ക് വരുന്ന തണുത്ത കാറ്റിന് എന്റെ ഉള്ളം കുളിർപ്പിക്കാനായില്ല.
"രാഘവന്റെ കൂടെ ഉള്ളതാരാ..?"
ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത് പോലെ ഞാൻ തിരിഞ്ഞ് നോക്കി. ഐസിയുവിന്റെ മുൻപിലെ കസേരകളൊന്നിൽ ഇരുന്ന് ചെറുമയക്കത്തിലേക്ക് വീണു തുടങ്ങിയ അമ്മ മെല്ലെ എഴുന്നേൽക്കാൻ ഭാവിച്ചു. അതിനു മുൻപ് ഞാൻ അവിടേക്ക് ഓടിയെത്തി. ഒരു കുറിപ്പ് നീട്ടിക്കൊണ്ട് നഴ്സ് പറഞ്ഞു.
"ഈ മരുന്ന് പുറത്ത് നിന്നും വാങ്ങണം. വാങ്ങി വന്നാൽ ആളെ കാണാം."
ഞാൻ ഒന്നും മിണ്ടാതെ ആ കുറിപ്പ് വാങ്ങി പുറത്തേക്ക് നടന്നു. പ്രതീക്ഷയോടെ എന്ന നോക്കുന്ന അമ്മയെ അഭിമുഖീകരിക്കാൻ എനിക്ക് ധൈര്യം വന്നില്ല.
"മരുന്ന് വാങ്ങാനാ.."
"അതെയോ... ഞാൻ കരുതി കാണാൻ വിളിച്ചതാണെന്ന്."
ഒരു ദീർഘ നിശ്വാസം അമ്മയിൽ നിന്നുതിർന്നു. അത് ആശ്വാസത്തിന്റേതാണോ എന്നെനിക്ക് നിശ്ചയമില്ല. മരുന്ന് വാങ്ങി മടങ്ങി വരുമ്പോഴും അമ്മ അതെ ഇരിപ്പ് ഇരിക്കുന്നുണ്ടായിരുന്നു. വല്ലാത്ത തളർച്ചയും ക്ഷീണവും ആ മുഖത്ത് പ്രകടമായിരുന്നു. ഏറെ ദിവസങ്ങളായുള്ള ആശുപത്രിവാസം അമ്മയെ വല്ലാതെ മാറ്റിയെടുത്തു.
ഐസിയുവിലേക്കുള്ള ബെല്ലടിച്ച് ഞാൻ കാത്തു നിന്നു. ഒരു നേഴ്സ് വന്നു വാതിൽ തുറന്ന് തന്നു. ഞാനും അമ്മയും അകത്തേക്ക് കയറി. കാലത്തും വൈകീട്ടും ഐസിയുവിൽ കിടക്കുന്ന അച്ഛനെ കാണാൻ അനുവാദം ഉണ്ട്.
ബെഡിൽ കൈകൾ നീട്ടി വച്ച് ശാന്തനായി കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് ഞാൻ ഒരു നോട്ടമേ നോക്കിയുള്ളൂ. പിന്നീടുള്ള എന്റെ ശ്രദ്ധ മുഴുവൻ അടുത്തുള്ള മോണിറ്ററിൽ ആയിരുന്നു. പ്രതീക്ഷയുടെ അക്കങ്ങൾ അവിടെ തെളിയുന്നില്ലെന്നത് നിരാശയോടെ ഞാൻ മനസ്സിലാക്കി. അഞ്ചുമിനിറ്റ് നേരത്തെ ആ കാഴ്ചക്ക് ശേഷം പുറത്തേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ ശൂന്യമായിരുന്നു.
അല്പം കഴിഞ്ഞ് പുറത്തേക്ക് വന്ന നേഴ്സിനെ മാറ്റി നിർത്തി ഞാൻ ചോദിച്ചു.
"എന്തെങ്കിലും മാറ്റം..?"
എന്നെ ആശ്വസിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് കേൾക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അത് ചോദിച്ചതെങ്കിലും അവരുടെ മുഖത്തെ വരണ്ട ചിരി എനിക്കുള്ള ഉത്തരമായിരുന്നു. നിരാശയോടെ ഞാൻ ആ വരാന്തയിൽ നിന്നു. ഒരുപാട് പേർ ആ ആശുപത്രിയിൽ ഉണ്ടായിരുന്നിട്ടും ഇരുട്ടിൽ ഒറ്റപ്പെട്ടുപോയ പോലെ എനിക്ക് തോന്നി.
ദിവസങ്ങൾക്ക് മുൻപ് ഓപ്പറേഷനെ തെല്ലും ഭയമില്ലാതെ ചിരിച്ച് കൊണ്ട് ആശുപത്രിപ്പടികൾ കയറി വന്ന അച്ഛന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ വരുന്ന വയറു വേദനക്കുള്ള പരിഹാരം ആയിരുന്നു ഓപ്പറേഷൻ. വയറിനകത്ത് മുഴയുണ്ടെന്നും അത് നീക്കം ചെയ്യണമെന്നും പറഞ്ഞപ്പോൾ അതല്ലാതെ മറ്റു നിവൃത്തികൾ ഉണ്ടായിരുന്നില്ല.
ഓപ്പറേഷൻ കഴിഞ്ഞ് സുഖമായാൽ വയറു നിറയെ ഭക്ഷണം കഴിക്കണം എന്ന ആഗ്രഹവുമായി ചിരിച്ചുകൊണ്ടാണ് അച്ഛൻ ഓപ്പറേഷൻ തിയറ്ററിലേക്ക് പോയത്. മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർമാർ പുറത്തേക്ക് കടക്കുമ്പോഴേക്കും ഞാനും അമ്മയും അക്ഷമരായി കഴിഞ്ഞിരുന്നു.
പ്രതീക്ഷിച്ച മറുപടിയൊന്നുമല്ല അവർ ഞങ്ങൾക്ക് നേരെ നീട്ടിയത്. 'വെന്റിലേറ്ററിലാണ്. നമുക്ക് വെയിറ്റ് ചെയ്യാം.' എന്ന അവരുടെ മറുപടിക്ക് മുൻപിൽ ഞാൻ തകർന്ന് പോയിരുന്നു. പക്ഷെ അപ്പോഴും അമ്മ നല്ല ധൈര്യവതിയായിരുന്നു. അച്ഛൻ ഒരു കുഴപ്പവും കൂടാതെ മടങ്ങിവരും എന്ന് അമ്മ ഉറച്ച് വിശ്വസിച്ചു.
പക്ഷെ ദിവസങ്ങൾ നീങ്ങും തോറും അമ്മയിൽ തെല്ല് ഭയം ജനിപ്പിക്കാൻ തുടങ്ങി. ആവലാതിയോടെ ഞാനും അമ്മയും ദിവസങ്ങൾ തള്ളി നീക്കി. ആ കാത്തിരിപ്പിനൊടുവിൽ ഒരു അശുഭവാർത്തയാണ് എത്തിയത്. ഒരു നാൾ ഡോക്ടർ എന്നെ അടുത്ത് വിളിച്ച് ചോദിച്ചു.
"നിങ്ങളുടെ കൂടെ പുരുഷന്മാർ ആരും ഇല്ലേ..?"
"ഇല്ല. ഞാനും അമ്മയും മാത്രേ ഉള്ളു."
നിസ്സഹായഭാവത്തിൽ അയാൾ എന്നെ നോക്കി. അയാളുടെ മൗനം എന്നെ കൂടുതൽ ഭയപ്പെടുത്തി. ഒടുവിൽ ക്ഷമ നശിച്ച് ഞാൻ പറഞ്ഞു.
"എന്നോട് പറഞ്ഞോളൂ ഡോക്ടർ എന്താണെങ്കിലും..."
ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി അയാൾ. പിന്നെ പറയാൻ തുടങ്ങി
"അത്... രാഘവന്റെ കണ്ടീഷൻ ഇത്തിരി മോശമാണ്. ബ്ലഡ് പ്രഷർ തീരെ കുറവാണ്. കിഡ്നിയും വേണ്ടപോലെ ഫങ്ഷൻ ചെയ്യുന്നില്ല. പ്രഷർ നോർമൽ ആകാതെ ഡയാലിസിസ് ചെയ്യാനും കഴിയില്ല. ഞങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്."
ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഞാനിരുന്നു. ആ നേരം അമ്മ കൂടെ ഇല്ലാതിരുന്നത് ഒരു അനുഗ്രഹമായി തോന്നി. അച്ഛന്റെ തിരിച്ച് വരവ് കാത്തിരിക്കുന്ന അമ്മക്ക് ഈ വാർത്ത ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്നു വരില്ല.
"പിന്നെ... അദ്ദേഹത്തിന്റെ പാത്തോളജി റിപ്പോർട്ട് വന്നു. കാൻസർ ആണ്. അതും ലാസ്റ് സ്റ്റേജ്. ഇപ്പൊ കണ്ടീഷൻ ബെറ്റർ ആയാലും കൂടുതലൊന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. ഏറിയാൽ ഒരു ആറുമാസം..."
ഏറ്റവും ലളിതമായാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും എനിക്കത് കടുപ്പമേറിയ ഒരു വാർത്ത ആയിരുന്നു. തീയേ പേടിച്ച് പുഴയിൽ ചാടിയ അവസ്ഥ. ശ്വാസം കിട്ടാത്തത് പോലെ ഒരു പിടച്ചിൽ എനിക്കുണ്ടായി. ഒരക്ഷരം പോലും മിണ്ടാനാകാതെ ഞാനിരുന്നു.
ആ മുറിയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോഴേക്കും ഒരു അസാധാരണമായ ധൈര്യം എന്നെ വലയം ചെയ്തിരുന്നു. അമ്മയെ ഒന്നും അറിയിക്കാതെ ആ വേദന ഞാൻ ഒറ്റക്ക് പേറി. ആ ദിവസങ്ങളിൽ അമ്മയുടെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞില്ലെനിക്ക്. ജീവിതത്തിലെ ഏറ്റവും പരീക്ഷണം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു അത്.
"രാഘവന്റെ കൂടെ ഉള്ളതാരാ...?"
ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ അമ്മക്ക് മുൻപേ ഓടിയെത്തി.
"അവസ്ഥ കുറച്ച് മോശമാണ്. പ്രഷർ തീരെ താണു തുടങ്ങിയിരിക്കുന്നു. എപ്പോഴും ഇവിടെ ആള് വേണം."
ഞാൻ തലയാട്ടുക മാത്രം ചെയ്തു. അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോൾ എന്ത് പറയണം എന്നൊരു രൂപവും എനിക്കുണ്ടായിരുന്നില്ല. ഇനിയും മറച്ചു വെക്കാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് എല്ലാം തുറന്ന് പറഞ്ഞു.
ഒരു കരച്ചിൽ അമ്മയിൽ നിന്നുയരുമ്പോഴേക്കും ആ വാർത്തയും ഞങ്ങളിലേക്കെത്തി. അവസാനമായി അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പതിവ് പോലെ ഞാൻ മോണിറ്ററിലേക്ക് നോക്കി. നീളൻ വരകൾ എന്നെ തോൽപ്പിക്കും പോലെ നീങ്ങിക്കൊണ്ടിരുന്നു.
പിന്നീടുള്ള നിമിഷങ്ങൾ എനിക്ക് തിരക്ക് പിടിച്ചതായിരുന്നു. അച്ഛന്റെ ഇനിയുള്ള കാര്യങ്ങൾ മുടക്കം കൂടാതെ നടക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിച്ചു. നിലവിളിച്ച് കരയുന്ന അമ്മക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ പിടിച്ച് നിന്ന എന്നെ പലരും ആശ്ചര്യത്തോടെയും കുറ്റപ്പെടുത്തലുകളോടെയും നോക്കി. എല്ലാത്തിനെയും ഞാൻ അവഗണിച്ചു. എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
അവസാനം ഒരു പിടി ചാരം മാത്രമായി എന്റെ അച്ഛൻ മാറുന്നത് വരെ സകലവേദനയും കടിച്ചമർത്തി ഞാൻ നിന്നു. ഒരു നിമിഷം കണ്ണടച്ച് നിന്ന് ഞാൻ അച്ഛനോട് യാത്ര പറഞ്ഞു. അച്ഛന് വേണ്ടി ഈ മകളെന്ന മകൻ എല്ലാ കടമയും പൂർത്തിയാക്കിയിരുന്നു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
Nalla kadha..... Enikkishttayi
ReplyDelete