Slider

ഭയം

0
Image may contain: 1 person, beard and closeup

എന്നും ഭയമായിരുന്നു എനിക്ക്. .
ഒൻപത് മാസവും ഒൻപത് ദിവസവും ഒൻപത് നാഴികയും ഒൻപത് വിനാഴികയും അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ അത്രയും നാളും ഭയത്തോടെയാണ് ഞാൻ കിടന്നത്..
എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ച് ഈ മനോഹരമായ ഭൂമി കൺനിറയെ കാണുവാൻ കഴിയാതെ പോകുമോ എന്ന ഭയം.....
ഭയമായിരുന്നു എനിക്ക്....
ഈ ഭൂമിയിൽ പിറന്നു വീണതിനുശേഷം ഇതുവരെ അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ നാളുകളത്രയും ഞാൻ കണ്ടതിൽനിന്നും വ്യത്യസ്തമായ മറ്റൊരു ലോകം ആദ്യമായി ദർശിച്ചപ്പോൾ ഭയത്തോടെയാണ് ഞാൻ ആദ്യമായി കരഞ്ഞത്..
ഭയമായിരുന്നു എനിക്ക്.....
അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് അമ്മയുടെ മുലപ്പാൽ നുകർന്ന് ആ മടിയിൽ തലചായ്ചുറങ്ങുമ്പോൾ ഞാൻ അമ്മയെ തിരിച്ചറിയുന്ന ആ മുലപ്പാലിന്റെ മണത്തിൽനിന്നും മറ്റാരെങ്കിലും എന്നെ കൈമാറി എടുക്കുമ്പോൾ ഭയമായിരുന്നു എനിക്ക്... എന്റെ അമ്മയിൽ നിന്നും വേർപെട്ടു പോകുമോ എന്ന ഭയം..
ഭയമായിരുന്നു എനിക്ക്.....
കുഞ്ഞു നുണക്കുഴി കാട്ടി അമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ട് കൈകാലിട്ടടിച്ച് കൊഞ്ചിച്ചിരിക്കവേ അറിയാതെ ചെരിഞ്ഞ് ആദ്യമായി കമിഴ്ന്നു കിടന്നപ്പോളും ഭയമായിരുന്നു എനിക്ക്...വീണ്ടും തിരിഞ്ഞു കിടക്കുവാൻ കഴിയുമോ എന്ന ഭയം. ...
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഞാൻ എന്റെ പിഞ്ചു കാലുകളിൽ ബലം കൊടുത്ത് ഇരിക്കുവാൻ ശ്രമിച്ചപ്പോഴും മെല്ലെ ആ പാദങ്ങളിൽ അണിഞ്ഞ പാദസരത്തിൻ കിലുക്കം ആദ്യമായി കേട്ടപ്പോഴും ആ പാദങ്ങൾ ചലിപ്പിച്ചു മെല്ലെ ഞാൻ ഇഴഞ്ഞു നീങ്ങിയപ്പോഴും പിന്നീട് എപ്പോഴോ ആരോടും പറയാതെ ഒരുനാൾ മെല്ലെ വിറയാർന്ന പാദങ്ങളോടെ ഭിത്തിയിൽ കൈ ഊന്നി അമ്മയെ നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചപ്പോഴും ഉള്ളിൽ ഭയമായിരുന്നു എനിക്ക്.... പാദങ്ങൾ ഇടറി താഴെ വീഴുമോ എന്ന ഭയം.....
ഭയമായിരുന്നു എനിക്ക്. .....
ആദ്യമായി ഞാൻ അമ്മേയെന്ന് വിളിച്ചപ്പോഴും പിന്നീട് മെല്ലെ പദങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴും അവ്യക്തമായി പലതും പറഞ്ഞു തുടങ്ങിയപ്പോഴും പാടിയപ്പോഴും തെറ്റിപ്പോവുമോ എന്നോർത്ത് ഭയമായിരുന്നു എനിക്ക്... വ്യക്തമായി വാക്കുകൾ ഉച്ചരിക്കുവാൻ കഴിയുമോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഞാൻ അമ്മയെ പിരിഞ്ഞു വിദ്യാലയത്തിൽ ബാലപാഠങ്ങൾ പഠിക്കുവാൻ ആരംഭിച്ചപ്പോൾ എന്നെ തനിച്ചാക്കി അമ്മ പോവുമോ എന്ന ഭയം... കൂടെയുള്ള കുട്ടികൾ വഴക്കു കൂടുമോ എന്ന ഭയം... ടീച്ചറുടെ കൈവശമുള്ള ചൂരൽകൊണ്ട് അടിക്കുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്....
ഓരോ പാഠങ്ങളും പുതുതായി പഠിപ്പിച്ചു തുടങ്ങുമ്പോഴും പരീക്ഷകൾ വരുമ്പോഴും ക്ലാസ്സിൽ ഒന്നാമനാകുവാൻ കഴിയുമോ എന്ന ഭയം...അമ്മ വഴക്കു പറയുമോ എന്ന ഭയം..
ഭയമായിരുന്നു എനിക്ക്. .....
വിദ്യാലയം വിട്ട് കലാലയത്തിലേക്ക് കടന്നപ്പോഴും അതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായി പലരും എന്നെ ഉറ്റു നോക്കുന്നതു കണ്ടപ്പോഴും മറ്റുള്ള കുട്ടികളേക്കാൾ സുന്ദരിയാണ് ഞാൻ എന്ന് തോന്നിയപ്പോഴും എന്റെ പുറകെ ഒരു നിഴൽപോലെ പിൻതുടരുന്ന പല കഴുകൻ കണ്ണുകൾ കണ്ടപ്പോഴും ഭയമായിരുന്നു എനിക്ക്.... എന്നിലെ എന്നെ രക്ഷിക്കാൻ കഴിയാതെ വരുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി മറ്റൊരു പുരുഷന്റെ മുന്നിൽ ഒരു പ്രദർശന വസ്തുവേപ്പോലെ നിന്നപ്പോഴും അത് പലവുരു തുടർന്നപ്പോഴും ഭയമായിരുന്നു എനിക്ക്.... അതുവരെ എന്നെ സംരക്ഷിച്ച എന്റെ അച്ഛനുമമ്മയ്ക്കും ഞാനൊരു ഭാരമായോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഒരന്യ പുരുഷന്റെ മുന്നിൽ അവൻ ചാർത്തുന്ന താലിച്ചരടിനായ് തല കുനിച്ചു നിൽക്കുമ്പോഴും സ്വന്തബന്ധങ്ങളെ വിട്ടകന്ന് പുതിയൊരു വീട്ടിലേക്ക് വലതുകാൽ വച്ചു കയറുമ്പോഴും ഭയമായിരുന്നു എനിക്ക്. .. ഞാൻ വന്നു കയറിയതോടെ അവിടം നശിച്ചുപോയി എന്ന് പറയുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്.....
അതുവരെ കാണാത്തതും അറിയാത്തതുമായ പുതിയൊരു ലോകത്തേക്ക് ചിറകുവിരിച്ച് പറന്നപ്പോഴും നേർപാതിയുടെ കരലാളനങ്ങളിൽ ആശ്വാസം നേടുമ്പോഴും ഭയമായിരുന്നു എനിക്ക്.... എന്നെ വിട്ടു പോകുമോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്...
ആദ്യമായി ഈ ഭൂമിയിൽ അമ്മയുടെ ഉദരത്തിൽ ഒരു ഭ്രൂണമായി പിറവിയെടുത്തു തുടങ്ങിയതുപോലെ എന്റെ ഉദരത്തിലും അതുപോലെ ഒന്നു തുടിക്കുവാൻ തുടങ്ങിയപ്പോഴും ഭയമായിരുന്നു എനിക്ക്... പണ്ട് ഞാൻ അനുഭവിച്ച അതേ ഭയം അവനുമുണ്ടോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്....
പിന്നീടെപ്പോഴും ഭയമായിരുന്നു... കാലചക്രം തിരിയുന്നതുപോലെ എല്ലാം ആവർത്തിക്കുന്നതോർത്ത്... മക്കളെയോർത്ത്... കുടുംബത്തെയോർത്ത്... ഭർത്താവിനെയോർത്ത്....ഈ ലോകത്തെയോർത്ത്... മാറി മാറി വരുന്ന ഋതുക്കളെയോർത്ത്... പേമാരിയെയോർത്ത്... സൂര്യാഘാതത്തെയോർത്ത്.... കൊടുങ്കാറ്റിനെയോർത്ത്.... വരൾച്ചയെയോർത്ത്...കടലിനെയോർത്ത്... നദികളെയോർത്ത്..... അന്തരീക്ഷത്തെയോർത്ത്... ശ്വാസവായുവിനെയോർത്ത്... ഭയമായിരുന്നു എനിക്ക്. ... .
ഭയമായിരുന്നു എനിക്ക്. .....
അവസാനം ഈ ഭൂമിയിലെ ജീവിതം അവസാനിച്ച് മറ്റൊരു സങ്കല്പ ലോകത്തേക്ക് ദേഹം വിട്ട് ദേഹി മാത്രമായി സകലതും ഉപേക്ഷിച്ചു ഇതുവരെ കണ്ടതും കൂടെ ഉണ്ടെന്നു കരുതിയതും ഒന്നും തന്റേതല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴും എല്ലാം വെറും മായക്കാഴ്ചകൾ മാത്രമായിരുന്നു എന്നറിഞ്ഞപ്പോഴും ഭയമായിരുന്നു എനിക്ക്...... ഇതൊന്നുമറിയാതെ മതമത്സരാദികളിൽപ്പെട്ടുഴലുന്ന ഈ ഭൂമിയിലെ ശേഷിച്ച ജന്മങ്ങളുടെ ജീവിതാന്ത്യമോർത്ത്.......
ഭയമായിരുന്നു എനിക്ക്. ........
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo