Slider

അവിചാരിതം

0


പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവളുടെ പുറകിൽ തന്നെ നടക്കാൻ ഞാൻ ശ്രദ്ധിച്ചു.

ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരി തെളിയിച്ചു കൊണ്ട് , കണ്മഷിയിട്ട കൺകോണിൽ കൂടി അവൾ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്. അതെന്നെ അവളെത്തന്നെ പിന്തുടരാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

പുറത്തിറങ്ങിയ വിശ്വാസികൾ ലോക കാര്യങ്ങൾ പറഞ്ഞു കൊണ്ട് പല കൂട്ടങ്ങളായി നടക്കുന്നു .

കുറച്ച് മുൻപിൽ പോകുന്ന ഡയാന കുര്യൻ മാളിയേക്കൽ... എന്റെ ഭാര്യ... ഇടക്കെന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.

പള്ളിയിൽ നിന്നും വീട്ടിലേക്കു അധികം ദൂരമില്ല. എന്നെ കാക്കാതെ മുന്നോട്ടു പൊയ്ക്കോളാൻ ആംഗ്യം കാണിച്ച് മുന്നിലുള്ള കണ്മഷിയിട്ടവളുടെ നിഴലായി ഞാൻ നീങ്ങി .

അവളുടെ കഴുത്തിലുള്ള ചന്ദനക്കളർ ഷാൾ ചെറുകാറ്റിൽ ഇളകുന്നുണ്ടായിരുന്നു. എന്റെ ഇടവും വലവും നടക്കുന്ന വിയർപ്പിന്റെയും ഉണക്കമീനിന്റെയും ഗന്ധം പേറുന്നവരുടെ ഇടയിൽ അവളുടെ സുഗന്ധം വേറിട്ടു നിന്നു .

പള്ളിയിൽ പ്രാർത്ഥനയ്ക്ക് വന്നവരുടെ കൂട്ടത്തിൽ ഇടം കണ്ണിട്ട് നോക്കുന്ന അവളെകണ്ടതാണ് എല്ലാറ്റിന്റെയും തുടക്കം.

കരിമഷിയിൽ ഇളകുന്ന കണ്ണുകൾ പാടത്തെ മഴവെള്ളത്തിൽ ഇളകിത്തെറിക്കുന്ന വരാലിനെ ഓർമിപ്പിച്ചു.

നിമിഷങ്ങൾ കൊണ്ട് അവളോട്‌ മിണ്ടുന്നതും അവളുടെ മൃദുലമായ നീണ്ട വിരലുകളെ സ്പർശിക്കുന്നതും മഴയുള്ള രാവിൽ അവളുടെ ദേഹത്തിന്റെ ചൂട്പറ്റി കിടക്കുന്നതു വരെ മനസ്സിൽ കണ്ടു..

ഈ മനസ്സിന്റെ കാര്യം.. എത്ര പെട്ടെന്നാണ് പ്രതിരോധിക്കാനാകാത്ത വിധത്തിൽ രംഗങ്ങൾ ഒരു സിനിമ പോലെ കടന്ന് വരുന്നത്.

ആൾക്കാർ പല വഴിക്ക് പിരിഞ്ഞു പോകാൻ തുടങ്ങി . ചിലർ റബ്ബർ എസ്റ്റേറ്റ് വഴിയും മറ്റു ചിലർ പൂട്ടിയിട്ട സിനിമാകൊട്ടകയുടെ അടുത്തുള്ള ഇരുണ്ട ഇടവഴിയിലൂടെയും നടന്നു മറഞ്ഞു..

അതിനിടയിൽ ഭാര്യയും എന്റെ വീട്ടിലേക്കുള്ള വഴിയിൽ മറഞ്ഞിരുന്നു.

കണ്മഷിയിട്ടവളെ പിന്തുടർന്ന് എത്ര ദൂരം നടന്നു എന്നറിയില്ല.

അവളുടെ മുൻപിൽ കൂനിക്കൂടി നടക്കുന്ന ചെറിയാനും ഭാര്യ അന്നമ്മയും കൈതക്കാടുകൾ വളർന്ന് നിൽക്കുന്ന തോടിറങ്ങി അക്കരക്കു കടന്നു..

പരസ്പരം കൈ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു അവർ രണ്ടുപേരും. തോട്ടിലെ മെലിഞ്ഞ നീർച്ചാലിൽ അവർ ഒഴുകിപ്പോകുമോ എന്ന്‌ ഒരുവേള ഞാൻ സന്ദേഹപ്പെട്ടു.

വേച്ചു പോയപ്പോൾ അവർ പരസ്പരം താങ്ങാവുന്നത് ഒട്ടൊരു അസ്വസ്ഥതയോടെ ഞാൻ കണ്ടു.

അതൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടതായി തോന്നിയില്ല. അവൾ കാറ്റിൽ പറന്നുപോകുന്ന തൂവൽ പോലെയായിരുന്നു.. ഇടക്ക് അവൾക്കൊപ്പമെത്താൻ ഞാൻ പാടുപെട്ടു.

ദേഹത്തോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങൾ അവളുടെ ചലനങ്ങൾക്കനുസരിച്ചു ഇളകി.

ഇത്രയും നേരത്തിനിടക്ക് അവളുടെ ശരീരവടിവുകൾ എനിക്ക് മനഃപാഠമായിരുന്നു. അതെനിക്ക് ഒട്ടൊന്നുമല്ല ഊർജം പകർന്നത്.

ഞങ്ങൾ കൈതക്കാടും കടന്ന് തോടിന്റെ വരമ്പിൽ കൂടി കരിമ്പിൻ തോട്ടത്തിനു സമീപത്തേക്കു പ്രവേശിച്ചു. അടുത്ത് തന്നെയുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം ഒരു ഇരമ്പം പോലെ കേൾക്കാം ..

ഞാൻ തിരിഞ്ഞു നോക്കി. ആരുമില്ല.. ദൂരെ മലമുകളിൽ പുക പോലെ മഞ്ഞിറങ്ങുന്നതു കാണാം. അതോ മഴയാണോ.. ?

ഞാൻ അവളെ പിന്തുടരുകയല്ല മറിച്ചു് അവൾ തന്നെ കൊണ്ടുപോകുകയാണ് എന്ന്‌ എനിക്ക് തോന്നി.. പൊടുന്നനെ അശുഭ ചിന്തകൾ മനസ്സിലേക്ക് കടന്ന് വരാൻ തുടങ്ങി.

വീട്ടിൽ നിന്നും കിലോമീറ്ററുകൾ താണ്ടിയിരിക്കുന്നു. മുകളിൽ വട്ടമിട്ടു പറക്കുന്ന പ്രാപ്പിടിയൻ ഒരു ദുർലക്ഷണം പോലെ എനിക്ക് തോന്നി .

വരമ്പ് നാലായിതിരിയുന്ന ഇടത്തെത്തിയപ്പോൾ അവൾ നിന്നു.

ദൂരെ ഒരു കൂട്ടം കിളികൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പറന്നുപോയി .

അവറ്റകൾക്കും മുകളിൽ ആകാശം ഒരു ഉല പോലെ കത്തി നിന്നു.

കഴുത്ത് തിരിച്ചു് എന്നെ നോക്കി അവൾ മന്ദഹസിച്ചു.

...........................

മണ്ണിനടിയിലെ പെട്ടിയിൽ എന്റെ ദേഹം തിങ്ങി കിടന്നു.

എങ്ങനെയാണ് താനിവിടെയെത്തിയത് ?

മരണം ഒരു രംഗബോധമില്ലാത്ത കോമാളിയാണെന്നു പറയുന്നത് എത്ര ശരിയാണ്.

പുറത്ത് എന്നെ അടക്കി ആൾക്കാർ പിരിഞ്ഞു പോകാൻ തുടങ്ങി.

ചെറിയാനും അയാളുടെ ഭാര്യയും ഒരു കോണിൽ ചേർന്നു നില്പുണ്ടായിരുന്നു.

അധികം അകലെയല്ലാതെ എന്റെ ഭാര്യ.. ഡയാന കുര്യൻ മാളിയേക്കൽ.. മുഖത്ത് റെയ്ബാന്റെ കറുത്ത കണ്ണട വെച്ച് ഒരു പ്രതിമ പോലെ നിൽക്കുന്നു .

മഴ ചാറാൻ തുടങ്ങി.. അല്ലെങ്കിലും മരണം നടന്നാൽ മഴ പെയ്യണം ..

ഇളകിക്കിടന്ന മണ്ണിൽ മഴവെള്ളം വീണ് അത് ചെളിയായി രൂപപ്പെടാൻ തുടങ്ങി.

പലവിധ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു മദിച്ചു നടന്നിരുന്ന എന്റെ ദേഹം ചെളിവെള്ളത്തിനു താഴെ അനക്കമറ്റ്‌ കിടന്നു.

പുറത്ത് ഞാനാകുന്ന ആത്മാവ് , ദേഹം ചെയ്തുകൂട്ടിയ തെറ്റുകൾക്ക് മുന്നിൽ എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നിന്നു.

...................................

എന്താ പേര്.. ?

ഉച്ചവെയിലിൽ വിരിഞ്ഞ പൂവ് പോലെ പാടവരമ്പിൽ നിൽക്കുന്ന അവളോട്‌ ഞാൻ തിരക്കി.

അവളുടെ കരിമഷി ഇട്ട കണ്ണുകളിൽ അകലെയുള്ള മലനിരകൾ പ്രതിബിംബിച്ചു.

അവൾ പേര് പറഞ്ഞില്ല. അടുത്തുള്ള ഒറ്റപ്പെട്ട ഓലമേഞ്ഞ ഷെഡിലേക്കു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

ചുണ്ടിൽ അപ്പോഴും മയക്കുന്ന പുഞ്ചിരി തങ്ങി നിന്നിരുന്നു.

അവളുടെ പുറകെ ഒരു സ്വപ്‌നാടകനെപ്പോലെ നടക്കുമ്പോൾ കൈയിൽ ഞെരിഞ്ഞമർന്ന എണ്ണമറ്റ പെൺകുട്ടികളുടെ രൂപങ്ങൾ എനിക്ക് ചുറ്റും നിരന്നു നിന്നു.

ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ഞാൻ !

പുറത്തുള്ള മുഷിഞ്ഞ ബെഞ്ചിലേക്ക് കൈ ചൂണ്ടി അവൾ അകത്തേക്ക് പോയി.

ഇവൾക്കെന്താ മിണ്ടാട്ടമില്ലാത്തത് എന്ന് ഞാൻ അത്ഭുതം കൂറി.

എന്റെ മുന്നിൽ കൊയ്ത്തു കഴിഞ്ഞ പാടം കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്നു.

അവൾ ഒരു ഗ്ലാസ്‌ തണുത്ത സംഭാരവുമായി വന്ന് എന്റെ കയ്യിലേക്കു വച്ചു തന്ന് ദൂരെ മാറി , ചുണ്ടുകൾ കടിച്ചു പിടിച്ച് നിലത്തേക്ക് നോക്കി മിണ്ടാതെ നിന്നു..

അവളുടെ മൗനത്തിന് ഒരു പാട് അർഥങ്ങൾ ഉണ്ടെന്ന് തോന്നി.

വെയിലിന്റെ കാഠിന്യവും കിലോമീറ്ററുകൾ നടന്ന പരവേശവും കാരണം നാവിൽ തോന്നിയ ചെറിയ കയ്പ് വകവെക്കാതെ ഞാൻ സംഭാരം വലിച്ചു കുടിച്ചു.

നിമിഷങ്ങൾ പോകെ മുന്നിലുള്ള പെണ്ണും പാടവും ഉച്ചവെയിലുമൊക്കെ വെള്ളം വീണു കലങ്ങിയ ഛായാചിത്രം പോലെ എന്റെ കണ്മുന്നിൽ നിന്നു.

വയറ്റിൽ നിന്ന് മുകളിലേക്കു വന്ന ഓക്കാനം ചുണ്ട് കടിച്ചു പിടിച്ച് ഞാൻ തടഞ്ഞു..

അവസാനം കണ്ണുകൾ കൂമ്പിയടഞ്ഞു ശരീരം കുഴഞ്ഞു ഇരുന്ന ബെഞ്ചിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ ഒരു പരിചിത സ്ത്രീ ശബ്ദം ദൂരെ ഒരു ഗുഹയിൽ നിന്നെന്ന പോലെ അവ്യക്തമായി ഞാൻ കേട്ടു.

... ചതിയൻ..

അത് ഡയാനയുടെതായിരുന്നോ.. അറിയില്ല.

സംഭാരത്തിലെ വിഷത്തിന്റെ കാഠിന്യമാകാം എന്നെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്.

..............................

അന്ന് സ്വന്തം പാടത്തിനടുത്തുള്ള ഒറ്റപ്പെട്ട ഓലഷെഡിൽ കുര്യൻ മാളിയേക്കൽ മരിച്ചു വിറങ്ങലിച്ചു കിടന്നു.

ചെയ്ത് കൂട്ടിയ തെറ്റുകൾ കൊണ്ടുള്ള മനസ്താപം കാരണം വിഷം കുടിച്ച് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.

തന്റെ മുറിയിലെ നിലക്കണ്ണാടിക്ക് മുന്നിൽ ഡയാന കുര്യൻ മാളിയേക്കൽ
തല ഉയർത്തി പിടിച്ചു് നിന്നു.

ആ മുഖത്ത് ഒരു കൃത്യം ചെയ്ത് തീർത്ത ചാരിതാർഥ്യം ഉണ്ടായിരുന്നു..

പാപത്തിന്റെ ശമ്പളം മരണമെന്ന ബൈബിൾ വാക്യം ഉരുവിട്ട് കൊണ്ട് , അവൾ മേശവലിപ്പു തുറന്ന് ഒരു ചെക്ക് പുറത്തെടുത്തു.

അത് മുറിയുടെ ഒരു മൂലയിൽ അനങ്ങാതെ അവളെത്തന്നെ നോക്കി നിൽക്കുന്ന കണ്മഷിയിട്ട പെൺകുട്ടിക്ക് കൊടുത്തു് ഇങ്ങനെ പറഞ്ഞു.

... നിന്റെ ജോലി കഴിഞ്ഞു.. നിനക്ക് പോകാം..

ഡയാനയുടെ കണ്ണിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു് അവൾ പുറത്തേക്കിറങ്ങി.

അവിടെ അവളെയും കാത്തു കറുത്ത അംബാസിഡർ കാറുമായി ചെറിയാനും ഭാര്യ അന്നമ്മയും കാത്തുനിൽപ്പുണ്ടായിരുന്നു...

Sreejith govind
കണ്ണൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo