Slider

,,,,,,,,,,,,,,,,,,,,,,കട്ടുറുമ്പ്,,,,,,,,,,,,,,,,

0

,,,,,,,,,,,,,,,,,,,,,,കട്ടുറുമ്പ്,,,,,,,,,,,,,,,,
ഉണ്ണീ ഈ പണ്ടാരം പിടിച്ച പിള്ളേരെ ഞാൻ വല്ല കിണറ്റിലും ഇടും. എന്റെ സ്വഭാവം എനിക്കു തന്നെ പിടിക്കാതിരിക്കുകയാണ്. എനിയ്ക്കാകെ ചൊറിഞ്ഞു ചൊറിഞ്ഞു വരുന്നുണ്ട്.
മിണ്ടാതിരിയെടാ സുനീ അവരുടെ അച്ഛൻ ഇപ്പോൾ വരുമായിരിക്കും.
വരും വരും മണി പന്ത്രണ്ടായി, രാവിലെ 8 മണി കഴിഞ്ഞപ്പോൾ കൊണ്ടാക്കിയിട്ട് പോയതല്ലേ. ഒന്നും രണ്ടുമല്ല മൂന്ന് കട്ടുറുമ്പുകൾ. അച്ചനാണത്രേ അച്ചൻ വല്ല ഉത്തരവാദിത്വം ഉണ്ടോ?
രാവിലെ കട തുറന്ന ഉടനെ ഒരു ഒമാനി അയാളുടെ മൂന്നു പിള്ളേരെ കടയിൽ കൊണ്ട് വന്ന് മുടി വെട്ടാൻ ഏല്പിച്ചിട്ട് പോയതാണ്. മുടി വെട്ടി കഴിയുമ്പോഴേയ്ക്കും വരാം എന്ന് പറഞ്ഞിട്ട് പോയതാണ്.
നാല്, അഞ്ച്, ആറു വയസ്സുള്ള മൂന്ന് ഒമാനി പിള്ളേർ. അര മണിക്കൂർ കൊണ്ട് അവരുടെ മുടിവെട്ടി കഴിഞ്ഞു. അപ്പോൾ തൊട്ട് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കാതെ നെല്ലിക്കക്കൊട്ട മറിഞ്ഞപ്പോലെ കട മുഴുവൻ റബ്ബർ പന്തുപോലെ ചാടി ഓടി നടക്കുന്ന 3 കട്ടുറുമ്പുകൾ.
ഒരെണ്ണം കത്രിക എടുത്തോണ്ട് ഓടുമ്പോൾ അടുത്തത് ചീപ്പെടുത്തിട്ടുണ്ടാകും. മൂന്നാമത്തെ ഒരെണ്ണം പൗഡറും ക്രീമും രണ്ടു കൈയിലും ആയെടുത്ത് മുഖത്ത് പുരട്ടുന്ന തിരക്കിൽ. കത്രികയും ചീപ്പും പിടിച്ചു വാങ്ങുമ്പോൾ മുടിവെട്ടുന്നവരെ പുതപ്പിച്ചിരിക്കുന്ന മുണ്ടും കൊണ്ടു പോകും.
രണ്ടെണ്ണം കൊടുക്കാം എന്ന് വച്ചാലോ ഇവിടത്തെ പിള്ളേരെ തല്ലാൻ പാടില്ലെന്ന് നിയമം ഉണ്ട്. തല്ലിയത് ആരെങ്കിലും അറിഞ്ഞാൽ പിന്നെ കേസ്സായി പുകിലായി.
ആഞ്ജനേയ കൺട്രാൾ തരൂ, അറിഞ്ഞോണ്ട് ദൈവത്തെ വിളിച്ചു പോയി ഉണ്ണിയും, സുനിയും.
രാവിലെ കിട്ടിയ ഒരു കുരിശ്ശേ .
റബ്ബർ പന്തുപോലെ കട മുഴുവൻ ഓടിച്ചാടി നടക്കുന്ന മൂന്നു പിള്ളേരേ നോക്കാൻ ഉണ്ണി വന്ന പണിയെല്ലാം ഒഴിവാക്കി അതുങ്ങളുടെ പുറകെ ആണ് കുറേ നേരമായിട്ട്.
ഉണ്ണീ എടാ മണി പന്ത്രണ്ടു കഴിഞ്ഞിട്ട് കുറേ നേരമായല്ലോ ഇതുവരെ പിള്ളേരേ കൊണ്ടുപോകാൻ ആരും വന്നില്ലല്ലോ?
ഒരു മണിക്ക് എല്ലാരും ഷോപ്പ് അടയ്ക്കുന്നതിനാൽ അതിന് മുമ്പ് എത്തുമായിരിക്കും, ക്ഷീണിച്ചിരുന്നു ഉണ്ണിയുടെ ശബ്ദം.
പിള്ളേർ കുസൃതികൾ തുടർന്നു കൊണ്ടേയിരുന്നു, കട എങ്ങിനെ തിരിച്ചു വയ്ക്കാം എന്ന് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
മുടിവെട്ടുന്ന കത്രിക കൊണ്ട് വായിക്കാൻ വച്ചിരിക്കുന്ന മാസികയും പത്രങ്ങളും മുറിച്ചുത്തള്ളുന്ന വേന്ദ്രനെ വെള്ളം ചീറ്റി കുളിപ്പിക്കുന്ന മറ്റൊരു പാവം കുട്ടി. ചെറിയ കുട്ടി വിശന്നിട്ടാണെന്ന് തോന്നുന്നു അല്പം അടങ്ങിയിരിക്കുന്നു. അപ്പാഴാണ് ഇതുവരെ അവർക്ക് ഒന്നും വാങ്ങി കൊടുത്തില്ലല്ലോ എന്നോർത്തത്.
ഉണ്ണി കടയിൽ ചെന്ന് പിള്ളേർക്ക് വേണ്ടി തണുത്തതും ചിപ്പ്സും വാങ്ങി കൊണ്ടുവന്നു കൊടുത്തു.
അത് കഴിച്ചു തീരും വരെ അല്പനേരം അടങ്ങിയൊതുങ്ങി ഇരുന്നു. പിന്നീട് വർദ്ധിച്ച ഉത്സാഹത്തോടെ പഴയ ഭഗീരഥപ്രയത്നങ്ങൾ തുടർന്നു, പാവം പഞ്ചപാവം കുട്ടികൾ.
ഒരു മണി ആകാനുള്ള കാത്തിരിപ്പ് കഴിഞ്ഞു, ഒന്നര മണിയും കഴിഞ്ഞു. എന്നിട്ടും പിള്ളേരേ രാവിലെ കൊണ്ടു വന്നാക്കിയ ഒമാനിയുടെ പൊടിപോലും കാണാനില്ല.
പരിസരത്തുള്ള എല്ലാ ഷോപ്പും അടച്ചു. ഫോൺ ചെയ്യാമെന്ന് വച്ചാൽ രാവിലെ ഒമാനിയുടെ കൈയിൽ നിന്ന് നമ്പറും വാങ്ങിയില്ല. പട്ടിക്ക് പൊതിയാത്തേങ്ങ കിട്ടിയപ്പോലെ മൂന്നു കട്ടുറുമ്പുകളേയും നോക്കി ഉണ്ണിയും സുനിയും മുഖാമുഖം ഇരുന്നു. ദൈവമേ ശത്രുക്കൾക്ക് പോലും ഇതു പോലത്തെ ഒരു വിധി കൊടുക്കരുതേ. കുട്ടികൾ മാലാഖമാർ ഒക്കെ തന്നെയാണ്. പക്ഷെ......
ഏകദേശം പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ രാവിലെ പിള്ളേരെ കൊണ്ടാക്കിയ ഒമാനി അവന്റെ ലാൻഡ് ക്രൂസറിൽ പറന്നിറങ്ങി കടയിലേക്ക് ഓടി വന്നു.
ആസിഫിൻ അഹൂയി, ആസിഫിൻ അഹൂയി,
ഏന നിസ്യാൻ ആദ ചിക്കു
ക്ഷമിക്കണം സഹോദരാ, ഞാൻ പിള്ളേരുടെ കാര്യം മറന്നു പോയി
വാജിദ് ശുക്രൻ , വാജിദ് ശുക്രൻ.
ഒത്തിരി നന്ദി, ഒത്തിരി നന്ദി ഒമാനി വന്നു കേറിയ ഉടനെ പറഞ്ഞു.
പിന്നെങ്ങിനെയാണ് ഇപ്പോൾ പിള്ളേരുടെ കാര്യം ഓർത്തത്.
ഉണ്ണി ഉള്ളിലുള്ള ദേഷ്യം അടക്കി വച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.
ഉച്ചക്ക് വേലക്കാരി ഭക്ഷണം വിളമ്പിവച്ചപ്പോൾ പാത്രത്തിന് മുമ്പിൽ മൂന്നു പിള്ളേരുടെ കുറവ്. വലിയ വീടല്ലേ വേലക്കാരിയും ബീബിയും കൂടെ വീടു മുഴുവനും കറങ്ങി തപ്പി നടന്നിട്ടും മൂന്നു കുട്ടികളേയും കണ്ടു കിട്ടിയില്ല.
ഒടുക്കം ബീബി വന്നിട്ട് പുള്ളിക്കാരനോട് ചോദിച്ചു. രാവിലെ നിങ്ങൾ ഹല്ലാക്കിന്റെ അടുത്ത് കൊണ്ടുപോയ മൂന്നു കുട്ടികൾ എവിടെ? ഇതുവരെ തിരിച്ചു കൊണ്ടു വന്നില്ലേ?
അപ്പോൾ വണ്ടി എടുത്ത് ഓടി വന്നതാണ്.
വാജിദ് സെയ്ൻ, വാജിദ് സെയ്ൻ എന്നും പറഞ്ഞ്
ഉണ്ണി അല്പം കളിയാക്കി കൊണ്ട് ചോദിച്ചു
നിനക്കെത്ര കുട്ടികളാണ് ഉള്ളത്?
അൽഹംദുലില്ല, തെനാഷ്റ ചിക്കു മൗജൂത്ത്. അർബ ബിൻദ്, തമാനിയ വുലദ്.
അൽഹംദുലില്ല, പന്ത്രണ്ടു മക്കൾ, നാലു പെൺക്കുട്ടികളും എട്ട് ആൺ കുട്ടികളും.
ഏതായാലും ഒമാനി പോകുന്നതിന് മുമ്പ് ഉണ്ണി ഒമാനിയുടെ മൊബൈൽ നമ്പർ വാങ്ങി വച്ചു.
ഹാർവി കൊടുങ്കാറ്റിനും പേമാരിക്കും ശേഷമുള്ള അമേരിക്ക പോലെ കിടക്കുന്ന കട പഴയപ്പോലെ ശരിയാക്കി എടുക്കാൻ എത്രനേരം എടുക്കും എന്നോർത്ത് ഉണ്ണിയും സുനിയും വിശന്നിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo