

ചെമ്മണ്ണ് പറക്കുന്ന ആ നാട്ടിടവഴിയില്‍ ഞായറാഴ്ചയുടെ വൈകുന്നേരങ്ങള്‍ ആഘോഷിക്കുകയായിരുന്നു ഞങ്ങളുടെ ബാല്യം. ഞങ്ങളോട് തോറ്റ് സൂര്യന്‍ പതുക്കെ പടിഞ്ഞാറെ ചെരിവിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ അവസാന ഓവറുകളാണ്. കുട്ടന്റെ തീ പറക്കുന്ന ബോള്‍ നേരിടാന്‍ ബാറ്റുമേന്തി ക്രീസില്‍ കാത്ത് നില്‍ക്കുകയാണ് ഞാന്‍.
പെട്ടെന്നാണ് വീടിന്റെ പിന്നാമ്പുറത് നിന്നും അമ്മയുടെ വിളി കേട്ടത്.
“എടാ .. സിനിമ തൊടങ്ങി...”
കളിയില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. ദൂരദര്‍ശനിലെ 4 മണിക്കുള്ള സിനിമക്കായി ഒരാഴ്ചയായുള്ള കാത്തിരിപ്പാണ്.
പിന്നെ എല്ലാവരും കൂടെ ഒരു ഓട്ടമായിരുന്നു. നേരെ ടി വിയുടെ മുന്നിലേക്ക്.
“സോഫേന്ന് എറങ്ങി താഴെ ഇരിക്കെട .. മേത്ത് പൊത്തന വെശര്‍പ്പാണ് “
അമ്മമ്മയുടെ വായില്‍ നിന്ന് കേട്ടപ്പോ ഞാന്‍ പതുക്കെ താഴെ നിലത്തേക്ക് ഇറങ്ങി ഇരുന്നു.
“നിലാപ്പോങ്കലായെലാ....”
ടിവിയില്‍ നിന്നും സിനിമയുടെ തുടക്കത്തിലുള ഗാനം അങ്ങനെ ഒഴുകിയെത്തുകയാണ്.
സംവിധാനം പ്രിയദര്‍ശന്‍, ടി വി സ്ക്രീനില്‍ തെളിഞ്ഞു. ഞാന്‍ ചുറ്റും നോക്കി. അമ്മമ്മയുടെ അടുത്ത് അച്ഛന്‍ ഇരിപ്പുണ്ട്. അച്ഛച്ഛന്‍ തന്റെ മരക്കസേരയിലാണ്. ആ കസേരയിൽ അച്ഛച്ഛന്‍ മാത്രമേ ഇരിക്കാറുള്ളൂ. വാതിലിനു അടുത്തായി സിന്ധു ചേച്ചി ഇരിപ്പുണ്ട്.
ഇപ്പുറത്ത് ശാരദേച്ചിയും കാര്‍ത്യായനി ഏടത്തിയും. അമ്മ ഇടക്കിടക്ക് അടുക്കളയില്‍ നിന്നും എത്തി നോക്കുന്നുണ്ട്. എനിക്ക് മുന്‍പിലായി കുട്ടനും ശ്യാമും അപ്പുവും പിന്നെ എന്റെ സ്വന്തം 2 അനിയന്മാരും. മരം കൊണ്ടുള്ള പഴയ ഒരു സോഫയുണ്ട്. സിധിയേട്ടനും ബെന്നിയേട്ടനും ജാനകിയെടത്തിയും അതിലാണ്
ഇരിക്കുന്നത്. വരാന്തയില്‍ ബാലേട്ടനും രാഘവേട്ടനും. ഇവരൊക്കെ ഞങ്ങളുടെ അയൽക്കാരാണ്. ടി വി കാണാനായി ഞങ്ങളുടെ വീട്ടിലേക്ക് വരും. എല്ലാവരും ആ ടി വി സ്ക്രീനിലേക്ക് ഉറ്റു നോക്കുകയാണ്. പിന്നീടുള്ള മണിക്കൂറുകള്‍ ലാലേട്ടനും ശ്രീനിവാസനും ശോഭനയും നെടുമുടി വേണുവും ഒക്കെ കൂടി ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചു. നാളെ സ്കൂളില്‍ പോകുമ്പോള്‍ പറയാനായി സിനിമയിലെ ഡയലോഗ് ഓര്‍ത്ത് വെക്കാനും ഞാൻ മറന്നില്ല.
അത് ഒരു കാലമായിരുന്നു. ഇന്നത്തെ പോലെ ചാനലുകളുടെയും പരിപാടികളുടെയും ബാഹുല്ല്യമില്ലെങ്കിലും ടെലിവിഷന്‍ പല കുടുംബങ്ങളെ ഒരു കുടുംബമാക്കിയ കാലം.
ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് വീട്ടില്‍ ടി വി വാങ്ങുന്നത്. സാധാരണയായി ഞാന്‍ എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞാലും അച്ഛനും കൂടെ ഇഷ്ടം ഉണ്ടെങ്കിലെ വാങ്ങാറുള്ളൂ.
ഇല്ലെങ്കില്‍ എത്ര വാശി പിടിച്ചിട്ടും ഒരു കാര്യവും ഇല്ല. അച്ഛന്റെ നിശ്ചയ ദാർഢ്യത്തിന് മുന്‍പില്‍ എന്റെ വാശി തോറ്റ് തൊപ്പിയിടാറാണ് പതിവ്. ടി വിയുടെ കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ വേണ്ട എന്ന്
പറഞ്ഞെങ്കിലും ഞാന്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ എന്റെ തുടര്‍ച്ചയായുള്ള നിസ്സഹകരണ - നിരാഹാര സമരങ്ങളുടെ ഫലമായാണ് വീട്ടിലേക്ക് ടി വി എത്തുന്നത്. അന്ന് വീടിനു മുകളിലേക്ക്
ആന്റിന ഉയര്‍ന്നപ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ കൊടിയേറ്റമായിരുന്നു. ദൂരദര്‍ശന്‍ എന്ന ഒരൊറ്റ ചാനല്‍ മാത്രമാണ് ഉണ്ടായിരുന്നുള്ളു എങ്കിലും അന്ന് അത് ധാരാളമായിരുന്നു.
ഞായറാഴ്ച വൈകിട്ട് സിനിമ കഴിഞ്ഞാല്‍
പിന്നെ മുതിര്‍ന്നവര്‍ എല്ലാവരും അയല്‍പക്കത്തെ അവരവരുടെ വീടുകളിലേക്ക് മടങ്ങും. ഡെന്‍വര്‍ ദ ലാസ്റ്റ് ഡൈനോസറും കൂടെ കഴിഞ്ഞാലെ കുട്ടനും ശ്യാമും അപ്പുവും ഒക്കെ പോകുള്ളൂ. എല്ലാം കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോള്‍ മനസ്സില്‍ നാളെ സ്കൂളില്‍ പോകണം എന്ന ചിന്ത നിറയും. അങ്ങനെ സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാകും കളിച്ച് വന്നിട്ട് കുളിക്കാത്തതിനു അമ്മയുടെ വഴക്ക് കേള്‍ക്കുന്നത്. പിന്നെ നേരെ
കുളിമുറിയിലേക്ക് ഒരു ഓട്ടമാണ്. പശ്ചാത്തലത്തില്‍ അപ്പോള്‍ ടി വിയില്‍ നിന്നും 7 മണി വാര്‍ത്ത തുടങ്ങുന്നതിന്റെ സംഗീതം കേള്‍ക്കാം..
എല്ലാ ദിവസങ്ങളിലും രാത്രിയിലും ചില ദിവസങ്ങളില്‍ വൈകുന്നേരവും ഇത് പോലെ എല്ലാവരും ടിവിയുടെ മുന്‍പില്‍ ഒത്ത് കൂടും. മലയാളത്തിലെ മെഗാ സീരിയലുകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന
മധു മോഹന്റെ സീരിയലുകളാണ് അന്ന്. മിക്കവാറും ഓരോ ദിവസങ്ങളിലും ഓരോ സീരിയലുകള്‍ ആയിരിക്കും. ഒരു എപ്പിസോഡ് കഴിഞ്ഞാല്‍ അടുത്തതിനായി ഒരു ആഴ്ച കാത്തിരിക്കണം.
കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മാറ്റം ഉണ്ടാകാറുണ്ട് എങ്കിലും മധു മോഹന്റെ മിക്ക സീരിയലുകളിലും അഭിനേതാക്കള്‍ ഒന്ന് തന്നെയായിരിക്കും. ഇന്ന് സീരിയലുകളോട് പുച്ഛം ആണെങ്കിലും അന്ന് അത്
ആര്‍ത്തിയോടെ കണ്ടിട്ടുണ്ട്.
കാര്‍ത്യായനി ഏടത്തിയുടെ സീരിയല്‍ കാഴ്ചയാണ് രസകരം. കാര്‍ത്യായനി ഏടത്തി പകല്‍ മുഴുവന്‍ അവരുടെ വീട്ടില്‍ നിന്നും തുണി നെയ്യും. രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അവരുടെ വീട്ടില്‍ നിന്നും നെയ്യുന്നതിന്റെ ശബ്ദം കേള്‍ക്കാം. ഒരേ താളത്തില്‍ അതിങ്ങനെ കാതിലേക്ക് വന്ന് അലയടിക്കും. ഞങ്ങളുടെ നാട്ടിലെ മിക്കവരുടെയും ജീവിത്തിന്റെ താളമാണ് അത്. നെയ്ത്ത് കഴിഞ്ഞ് വൈകിട്ടാണ് ഞങ്ങളുടെ വീട്ടിലേക്ക് ടി വി കാണാന്‍ വരുന്നത്. മിക്കവാറും സീരിയല്‍ തുടങ്ങി കഴിഞ്ഞ് കുറച്ച് സമയം കഴിയുമ്പോള്‍ തന്നെ മൂപ്പര്‍ ഉറക്കം തൂങ്ങി തുടങ്ങും. പകൽ മുഴുവൻ ജോലി ചെയ്തതിന്റെ ആലസ്യം കൊണ്ടാവാം. ഞാന്‍ പതുക്കെ മുന്നില്‍ ചെന്ന് ഉച്ചത്തില്‍ കൈ കൊട്ടുമ്പോള്‍ അവര്‍ ഞെട്ടി എഴുന്നേല്‍ക്കും. എന്നിട്ട് പറയും.
“ഞാന്‍ ഒറങ്ങീക്കൊന്നും ഇല്ലെടാ. ഇഞ്ഞി മുന്നുന്ന് മാറ്.”
ഒരു ദിവസം അവര്‍ പറഞ്ഞു
“ഇന്റെ കല്യാണം ആവുമ്മൾക്കും ഇമ്മക്ക് ഇതിലും വെല്ല്യൊരു ടി വി വാങ്ങണം”
ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇതിലും വലുത് വേണെങ്കില്‍ ഇനി തിയ്യേറ്ററിലെ സ്ക്രീന്‍ എടുത്ത് കൊണ്ട് വരേണ്ടി വരും”
“ഇഞ്ഞി പോടാ.. അതൊക്കെ ഉണ്ടാവും.. “
ആ സമയത്തൊന്നും വലിയ ടി വികള്‍ വന്നു തുടങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ ഇത് കേട്ട് ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
ആയിടക്കാണ് ഓം നമശ്ശിവായയും ജയ് ഹനുമാനുമൊക്കെ മലയാളത്തില്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയത്. സാധാരണയായി രാത്രി 8.30 ആകുമ്പോഴേക്കും ഞാന്‍ ഉറക്കമാകും.
പക്ഷെ ഈ രണ്ട് ദിവസങ്ങളില്‍ രാത്രി 9.30 ആകുന്നതും കാത്തിരിക്കും. അമ്മമ്മ വലിയ ഭക്ത ആയതിനാല്‍ ഈ സീരിയല്‍ ഞങ്ങളെ കാണിക്കാന്‍ വലിയ ഉത്സാഹമാണ്.
ഈ സീരിയലുകള്‍ കാണാന്‍ സാധാരണ ടിവി കാണാന്‍ വരാത്ത ഒരാള്‍ കൂടെ വരും. കണ്ണേട്ടന്‍. കൂടെ ഭാര്യ സരോജിനിയേടത്തിയും കാണും. 9.15 ആകുമ്പോഴേക്കും ഒരു ടോര്‍ച്ചിന്റെ
വെളിച്ചം തെളിയും. അപ്പോള്‍ മനസ്സിലാകും കണ്ണേട്ടന്‍ വരുന്നുണ്ടെന്ന്. കണ്ണേട്ടന്‍ നാട്ടിലെ അമ്പലത്തിലെ കോമരമാണ്.
ചുരുണ്ട് അല്പം നീണ്ട മുടി. വെറ്റില കറ പിടിച്ച പല്ലുകള്‍. ഉത്സവത്തിന് പല ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഉറഞ്ഞ് തുള്ളി ഒടുവില്‍ കയ്യിലെ വാള്‍ കൊണ്ട് സ്വന്തം നെറ്റിയില്‍ ആഞ്ഞൊരു വെട്ടാണ് പിന്നെ മുഖത്ത് മുഴുവന്‍ രക്തമായിരിക്കും.
അപ്പോഴേക്കും ആരെങ്കിലുമൊക്കെ വന്നു മുഖത്തെ മുറിവില്‍ മഞ്ഞള്‍ പൊടി തേക്കും. അച്ഛന്റെ കൈയില്‍ തൂങ്ങി ഉത്സവം കാണുമ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തെന്നു പറഞ്ഞു ഇനി നമ്മളെയെങ്ങാനും ആ വാള്‍ വെച്ച് വെട്ടുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. ആകെക്കൂടെ കണ്ണേട്ടനെ പറ്റി എന്റെ കുഞ്ഞു മനസ്സില്‍ ഒരു ഭീകര ചിത്രമാണ് ഉണ്ടായിരുന്നത്.
കാണുമ്പോഴെല്ലാം വെറ്റില കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചിരുന്നെങ്കിലും എനിക്ക് ഭയമായിരുന്നു. സീരിയല്‍ കാണാനുള്ള വരവാണ് ആ ഭയത്തെ ഇല്ലാതാക്കിയത്.
സീരിയലുകളുടെ ഇടവേളകളില്‍ പറയുന്ന തമാശകളും പുരാണ കഥകളും എന്റെ മനസ്സിലെ ഭയത്തിനെ അലിയിച്ച് കളഞ്ഞു. ഉറഞ്ഞു തുള്ളുന്ന കോമരവും കണ്ണേട്ടന്‍ എന്ന പച്ച മനുഷ്യനും തമ്മില്‍ ഒരുപാട് ദൂരം
ഉണ്ടെന്നു പതുക്കെ പതുക്കെ എന്റെ കുഞ്ഞു മനസ്സിന് മനസ്സിലായി.
ടി വിയില്‍ വരുന്ന ക്രിക്കറ്റ് കളി അക്കാലത്ത് വീടിനെയും പൂരപ്പറമ്പ് ആക്കിയിരുന്നു. ഞങ്ങള്‍ ബാലക സംഘങ്ങള്‍ ഒക്കെ ഉണ്ടാകും. കൂടാതെ നാട്ടിലെ ഒട്ടുമിക്ക ചേട്ടന്മാരും. വരാന്തയില്‍ ഇരുന്നാലും
ടി വി കാണാം എന്നതിനാല്‍ അകത്തേക്ക് കയറാന്‍ മടി ഉള്ളവര്‍ വരാന്തയില്‍ സ്ഥാനം പിടിക്കും. നാട്ടില്‍ വേറെ പല വീട്ടിലും അന്ന് ടി വി ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ 3 ആണ്‍ കുട്ടികള്‍
ആണെന്നതും പെണ്‍കുട്ടികള്‍ ഇല്ല എന്നതുമാണ് ഇത്രയും ചേട്ടന്മാര്‍ മടി കൂടാതെ വരാന്‍ കാരണം എന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. അന്ന് സച്ചിന്‍ തന്നെയായിരുന്നു കളിയിലെ വികാരം. സച്ചിന്‍ ഔട്ട് ആയാല്‍ കുറെ പേരൊക്കെ കാഴ്ച മതിയാക്കി മടങ്ങും. കാലം കുറച്ച് മുന്നോട്ട് പോയപ്പോള്‍ ദൂരദര്‍ശനിലെ പരിപാടികളുടെ എണ്ണം വര്‍ധിച്ചു. ഉച്ചക്കും സീരിയല്‍ തുടങ്ങി. ക്രിക്കറ്റ് ഉണ്ടാകുമ്പോള്‍
സീരിയല്‍ ഉണ്ടാകില്ല എന്നത് അമ്മമ്മയേയും അയല്‍പക്കത്തെ ചേച്ചിമാരെയും മുഷിപ്പിച്ചിരുന്നു.
ഒരു ദിവസം ഉച്ചക്ക് സ്കൂളില്‍ ക്ലാസ് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് കണ്ണേട്ടന്‍ സ്കൂളിലേക്ക് ഓടി വരുന്നത് കണ്ടത്. കണ്ണേട്ടന്‍ കാര്‍ത്യായനി ഏടത്തിയുടെ ഭര്‍ത്താവാണ്. അന്ന് ക്ലാസിനു ചുറ്റും മതിലുകളോ മറയോ ഇല്ലാത്തതിനാല്‍ കണ്ണേട്ടന്‍ ഓടി വരുന്നത് കാണാമായിരുന്നു.
“രാഹുലിനെ ഒന്ന് വീട്ടിലേക്ക് വിടണം”
കണ്ണേട്ടന്‍ ബാലകൃഷ്ണന്‍ മാഷോട് പറഞ്ഞു.
ആ നേരത്ത് പതിവില്ലാതെ വിളിപ്പിച്ചത് എന്നെ ഒന്ന് ഭയപ്പെടുത്തി. ഞാന്‍ നേരെ വീട്ടിലേക്ക് ഓടി. പുറകെ കണ്ണേട്ടനും.
ഞാന്‍ വീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ എല്ലാവരും ടി വിയുടെ മുന്‍പില്‍ ഇരിപ്പുണ്ട്. ടി വിയില്‍ കറുപ്പും വെളുപ്പും കുത്തുകള്‍ മാത്രമേ കാണാനുള്ളൂ.
“എടാ . സീരിയല്‍ കിട്ടുന്നില്ല. ഇഞ്ഞി ഇതൊന്ന് ശേരിയാക്ക്യെ ..“
“ഹോ .. ഇതിനായിരുന്നോ“ എല്ലാവരുടെയും സങ്കടം നിറഞ്ഞ ആ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
ഞാൻ നോക്കിയപ്പോള്‍ ആന്റിനയില്‍ നിന്ന് ടി വി യിലേക്കുള്ള വയര്‍ ഊരി കിടക്കുകയാണ്. ഇന്നലെ രാത്രി ഇടി എടുത്തപ്പോൾ ഊരിയിട്ടത് തിരിച്ച് കുത്താൻ മറന്നതാണ്. അത് തിരിച്ച് കുത്തിയപ്പോള്‍ ടി വിയില്‍ നിന്നും
“ജ്വാലയായ് .......” ഒഴുകി വന്നു.
അത് വരെ അമാവാസി പോലിരുന്ന മുഖങ്ങളിലെല്ലാം പാൽ നിലാവ് പരന്നു. ഒരു രക്ഷകനെ പോലെ എല്ലാവരും എന്നെ നോക്കി. ഇന്നിനി സ്കൂളില്‍ പോകാതെ ഇവിടിരുന്നു ടി വി കണ്ടാലോ എന്ന് ആലോചിക്കുമ്പോഴേക്കും കാര്‍ത്യായനി ഏടത്തി പറഞ്ഞു.
“മോന്‍ ഇനി സ്കൂളിലേക്ക് പൊയ്ക്കോ”
എല്ലാവരുടെയും കൂടെ കഥയും പറഞ്ഞു സീരിയല്‍ കാണുന്നതും നല്ല രസമായിരുന്നു. പക്ഷെ അത്രക്ക് സ്നേഹം അവര്‍ ഈ രക്ഷകനോട് കാണിക്കില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ സ്കൂളിലേക്ക്
മടങ്ങി. പിന്നീട് ഉച്ചക്ക് സീരിയല്‍ കാണാനായി മാത്രം ഒന്നോ രണ്ടോ തവണ പനി പിടിച്ചിട്ടുണ്ട് എന്നാണ് ഓര്‍മ്മ !!
കാലം ഒരു ടെലിവിഷന്‍ സ്ക്രീനില്‍ എന്ന പോലെ മിന്നി മറഞ്ഞു പോയി. അയൽ പക്കത്തെ വീടുകളില്‍ ടി വി വന്നു. ടി വി കാണാനായി ആരും ഞങ്ങളുടെ വീട്ടിലേക്ക്
വരാതെയായി. ആളുകളെ ഒരുമിപ്പിച്ചിരുന്ന ടെലിവിഷന്‍ ആളുകളെ അവരവരുടെ വീടുകളിലെ ടെലിവിഷന്‍ സ്ക്രീനിനു മുന്‍പില്‍ തളച്ചിട്ടു. പരിപാടിയുള്ളപ്പോള്‍ മാത്രം ടി വി തുറക്കുക എന്നത് മാറി എപ്പോള്‍
തുറന്നാലും പരിപാടി എന്ന രീതിയായി. കാര്‍ത്യായനി ഏടത്തിയുടെ ദീർഘ വീക്ഷണം ശരിയായി. വലിയ ടി വികള്‍ മാര്‍ക്കറ്റില്‍ വന്നു. എന്റെ കല്യാണത്തിന് മുന്‍പ് തന്നെ വീട്ടില്‍ വലിയ ഒരു ടി വി വാങ്ങി. പക്ഷെ അത് കാണാന്‍ കാര്‍ത്യായനി ഏടത്തി ഉണ്ടായിരുന്നില്ല. ഓര്‍മ്മയില്‍ ഈ ടെലി ചിത്രങ്ങള്‍ ഒക്കെ ബാക്കി നിര്‍ത്തിക്കൊണ്ട് കാര്‍ത്യായനി ഏടത്തിയും, ഭര്‍ത്താവ് കണ്ണേട്ടനും, കോമരം
കണ്ണേട്ടനും കാലത്തിന്റെ കറുത്ത സ്ക്രീനിനു പിന്നിലേക്ക് മറഞ്ഞു.
By Rahul Raj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക