Slider

"പ്രവാസി പെട്ടി"

0

"പ്രവാസി പെട്ടി"
---------------------------------------
ഞാനിവിടെ ഊഴം കാത്തു കിടക്കാൻ തുടങ്ങീട്ടു കുറെ നേരായിട്ടോ അമ്മേ.ഇവരെന്നെ ഒരു മരപെട്ടിയിലാക്കി ഒരു മൂലയിൽ ഇട്ടേക്കുവാ.ഒരുപാട് ഫോർമാലിറ്റീസൊക്കെ ഉണ്ടാത്രേ,
വിസ ക്യാൻസൽ ചെയ്യണം,
ഡോക്ട്ടേർസിന്റെ റിപ്പോർട്ട്‌സ് ,വേറെ എന്തേലും ബാധ്യതകൾ ഉണ്ടെങ്കിൽ അതിന്റെ ക്ലിയറൻസ്,അങ്ങനെ അങ്ങനെ ഒരുപാട്.
ഇതൊക്കെ കഴിഞ്ഞാലെ ഇവരെന്നേ കയറ്റി വിടുള്ളൂ, അതിനെന്തായാലും രണ്ടു മൂന്നു ദിവസങ്ങൾ ഇനിയുമെടുക്കും.പോരാത്തേന് ഇന്ന് വ്യാഴാഴ്ചയും.ഇന്നിനി എന്തായാലും ഒരു കാര്യവും നടക്കില്ല.കാത്തു കിടന്നെ മതിയാകു.
ഇതിനൊക്കെ കൂടി ഒരുപാട് കാശ് ചിലവാകും അമ്മേ. എന്റെ പോക്കറ്റിൽ ആണേൽ 5 ന്റെ ഫിൽസ് പോലും ഉണ്ടായിരുന്നില്ല.
എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ റൂമിൽ ഒപ്പം താമസിച്ചവർ എല്ലാരും വന്നിരുന്നു.ഇതിന്റെ ചിലവുകളൊക്കെ ആ പാവങ്ങൾ വഹിക്കേണ്ടി വരും.
ഒരുപാട് കരഞ്ഞമ്മേ അവരൊക്കെ കൂടപ്പിറപ്പുകളെപോലെ കഴിഞ്ഞവരായിരുന്നില്ലേ.സങ്കടമായാലും സന്തോഷമായാലും പരസ്പ്പരം പങ്കിട്ടെടുത്തവർ.ഒരുപാട് പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്നവരാ അവരൊക്കെ,ഇപ്പൊ ഞാനും അവർക്കൊരു കടക്കാരനായി.
സമയം അഞ്ച് മണി ആവാറായി എന്ന്- തോന്നുന്നു.എയർപോർട്ട് കൊറിയർ ജീവനക്കാർ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്.ആരും എന്നെ ശ്രദ്ധിക്കുന്നില്ലല്ലോ അമ്മേ .ജോലി കഴിഞ്ഞു പെട്ടെന്ന് റൂമിലെത്താനുള്ള തത്രപ്പാടിലായിരിക്കും എല്ലാവരും.
തിരക്കുകൾക്കിടയിൽ ആശ്വാസം നല്കുന്ന ചെറിയൊരു ഇടവേളയാണ് ഓരോ പ്രവാസിയുടെയും വെള്ളിയാഴ്ചകൾ.
പ്രവാസി, ഒരുപാട് അർഥതലങ്ങളുള്ള ഒറ്റ വാക്ക്.ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം,ഓരോ പ്രവാസികൾക്കും അവരവരുടെ കഥകൾ പറയാനുണ്ടാകും.
ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വപ്നങ്ങൾക്കും , ആഗ്രഹങ്ങൾക്കും,കടിഞ്ഞാണിട്ട് ,പലതും സഹിച്ചും ക്ഷമിച്ചും ജീവിതം ഹോമിക്കുന്നവർ.
പെട്ടിക്കുള്ളിന്നു ചെറിയ ദുർഗന്തമൊക്കെ വരാൻ തുടങ്ങി.വല്ലാത്തൊരു വീർപ്പ് മുട്ടൽ പോലെ. ആരൊക്കെയോ എന്നെ പൂട്ടിയിട്ട പെട്ടി ലക്ഷ്യമാക്കി വരുന്നുണ്ടമ്മേ.പെട്ടി പൊക്കി എടുത്ത്‌ അവരകത്തേക്ക് കൊണ്ടുപോയി,
എങ്ങോട്ട് കൊണ്ട് പോവ്വാണോ ആവ്വോ ?എല്ലാവരും മുഖത്ത് മാസ്സ്ക്ക് ഇട്ടേക്കുവാ. ദുർഗന്ധം മനംപുരട്ടുന്നുണ്ടാകും.
മരപ്പെട്ടി പൊളിച്ചു മാറ്റി , രണ്ടുപേർ ചേർന്നെന്നെ പൊക്കിയെടുത്ത് മൃതശരീരങ്ങൾ ഫ്രീസ് ചെയ്ത് വെക്കുന്ന വേറൊരു പെട്ടിയിലാക്കി.
മരവിപ്പിക്കുന്ന തണുപ്പാണല്ലോ അമ്മേ ഈ പെട്ടിക്കകത്ത്.അമ്മക്ക് അറിയാവുന്നതല്ലേ തണുപ്പ് എനിക്ക് പറ്റില്ലെന്ന്.
കുറേ നേരായി ഇതിനകത്ത് കിടക്കാൻ തുടങ്ങീട്ട്.പുറത്ത് ആളനക്കമൊന്നും കേൾക്കുന്നില്ലല്ലോ .എല്ലാവരും പോയെന്ന തോന്നണേ.എന്റെ തൊട്ടരികിൽ വേറെയും പെട്ടികൾ കൂട്ടി ഇട്ടിരിക്കുവാ.അതിനകത്തും എന്നെപ്പോലെ ആരെങ്കിലുമായിരിക്കും.എന്റെത് പോലെ അവരുടെ പേപ്പേർസുകളും ശെരിയായി കാണില്ല.
അമ്മേ..പിന്നേ, നമ്മുടെ തൊടിയിലെ മൂവാണ്ടൻ മാവിൽ ഇക്കോല്ലം നല്ല മാങ്ങ കായ്ച്ചിരുന്നു അല്ലേ ?
എത്ര നാളായി അതിന്നൊരു മാങ്ങ കഴിച്ചിട്ട്. വയറു വിശന്നപ്പോൾ നമ്മളെ ഒരുപാട് ഊട്ടിയതല്ലേ ആ മാവ്,അമ്മാവനോട് പ്രത്യേകം പറയണം ആ മാവ് വെട്ടി എനിക്ക് ചിതയൊരുക്കരുതെന്ന് .
ഈ വരവിലെങ്കിലും ഒരു പെണ്ണൊക്കെ കെട്ടി അമ്മക്ക് കൂട്ടനൊരാളെ തരാം എന്നൊക്കെ വിചാരിച്ചതാ.അമ്മ എത്ര കഷ്ട്ടപ്പെട്ടാ ഞങ്ങളെ വളർത്തി വലുതാക്കിയത് .അച്ഛൻ ഉപേക്ഷിച്ചു പോയപ്പോഴും അമ്മ തളരാതെ പിടിച്ചു നിന്നു.ഞങ്ങൾക്കു വേണ്ടി.
അമ്മയുടെ കഷ്ട്ടപ്പാടിന് അറുതി വരുത്താനാ അമ്മയുടെ മോൻ വീമാനം കേറിയത്. പെങ്ങളുട്ടിമാരെ രണ്ടാളേം ആരുടെ മുന്നിലും കൈ നീട്ടാണ്ട് കെട്ടിച്ചുവിട്ടു.അതൊരു തരത്തിൽ നമ്മളെ തഴഞ്ഞവർക്കുള്ള മറുപടി കൂടി ആയിരുന്നു അല്ലമ്മേ ?
എന്നാൽ ഇപ്പോൾ ....ഇപ്പോൾ അമ്മേടെ മോൻ തോറ്റുപോയല്ലോ അമ്മേ..
വീട്ടിൽ ബന്ധുക്കളും നാട്ടുകാരുമൊക്കെ വന്നിട്ടുണ്ടല്ലേ,എല്ലാവരും എനിക്കുവേണ്ടി കാത്തിരിക്കുകയാകും.അവരോടൊക്കെ പൊക്കോളാൻ പറയായിരുന്നില്ലേ അമ്മേ,ഞാൻ വരാൻ വൈകുമെന്ന്‌ അവരോടൊക്കെ അമ്മാവൻ പറയുമായിരിക്കും.
എല്ലാവരേം ഒരുനോക്ക് കാണണം,ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ലാണ്ട് യാത്രചോദിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.
ഇനിയെങ്ങാനും എനിക്ക് ക്ലിയറൻസ് കിട്ടാതിരിക്കുമോ?
അനാഥ മൃതദേഹങ്ങളുടെ കൂട്ടത്തിൽ ഇവർ എന്നെയും ഇവിടെ എവിടേലും അടക്കം ചെയ്യുമോ അമ്മേ?..
അമ്മേ....എന്റമ്മ വിഷമിക്കരുത് ട്ടോ ...
*സജിത്ത് കുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo