Slider

"മുക്തി"

0

"മുക്തി"
*********
"ഡാ ഉണ്ണ്യേ.. നീ വന്നിട്ട് കുറേ നേരായോ"
സ്നേഹവും സൌഹൃദവും വാത്സല്യവും എല്ലാം നിറഞ്ഞ ആ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. സഹപാഠിയും ബാല്യകാലസുഹൃത്തുമായ സുകുമാരൻ.
ബസ് സ്റ്റാൻഡിനടുത്ത് റെസ്റ്റോറൻഡില്‍ ആളൊഴിഞ്ഞ മൂലയിൽ ഇന്ന് കാണാം എന്ന് സുകുവിനോട് ഞാൻ പറഞ്ഞിരുന്നു.
"ഇല്ല സുകു.. ഞാൻ വന്നിട്ട് അഞ്ച് മിനുട്ടേ ആയുള്ളൂ, പിന്നെ അച്ഛന് എങ്ങിനെയുണ്ട്.."
"ഇപ്പോ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് ഡിസ്ചാർജ് കിട്ടും."
സുകുവിന്റെ അച്ഛൻ നഗരത്തിലെ ആശുപത്രിയിൽ കിടക്കുകയാണ്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. ഡാഡിയും സുകുവിന്റെ അച്ഛനും ഒരേ പ്രായക്കാരാണ്. ഡാഡിയുടെ അറുപതാം പിറന്നാൾ ആണ് അടുത്തയാഴ്ച്ച.
മുപ്പത്തഞ്ച് വയസ്സേ ആയിട്ടുള്ളു എങ്കിലും സുകു മാറിയിരിക്കുന്നു. പണ്ട് ഫുട്ബോൾ എന്ന് ഞങ്ങൾ കളിയാക്കി വിളിച്ചിരുന്ന അവൻ ഇന്ന് മെലിഞ്ഞു. തലയിൽ കഷണ്ടി കയറി തുടങ്ങി. അവന്റെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി മാത്രമാണ്, അന്നും ഇന്നും ഒരുപോലെ ഉള്ളത്.
"നീയ്യിപ്പോ സൌദില് അല്ലേ , അവിടെ കുറെ പുതിയ നിയമങ്ങൾ ഒക്കെ വന്നൂന്ന് കേട്ടൂലോ, നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ?" സുകു ചോദിച്ചു
"ഇല്ല, പക്ഷേ അധികകാലം അവിടെ നിൽക്കാൻ ഞാനും ഉദ്ദേശിച്ചിട്ടില്ല. കുറച്ച് കടങ്ങൾ ഉണ്ടായിരുന്നത് ഒക്കെ കഴിഞ്ഞു, ഒരു രണ്ടോ മൂന്നോ കൊല്ലം കൂടി നിൽക്കണം. ഡാഡിക്കും മമ്മിക്കും വയസ്സാവുകയല്ലേ. അവരുടെ കൂടെ ആള് വേണല്ലോ."
സുകുവിന് ബിരുദം കഴിഞ്ഞപ്പോൾ തന്നെ നാട്ടിൽ സർക്കാർ ജോലി കിട്ടി. ഭാര്യയുടെ നാട്ടിൽ അവർക്ക് ഭാഗമായ് കിട്ടിയ പറമ്പിൽ ഒരു വീട് വച്ച് താമസിക്കുന്നു. രണ്ട് മക്കൾ ആണ് അവർക്ക്‌, മൂത്ത കുട്ടിക്ക് 3 വയസും താഴെയുള്ള കുട്ടിക്ക് പത്ത് മാസം പ്രായവും. അവന്റെ വിവാഹം നേരത്തേ കഴിഞ്ഞു. ഭാര്യക്ക് ജോലിയൊന്നുമില്ല. വീട്ടുകാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നു.
"പിന്നെ നിന്റെ ഡാഡിയുടെ അറുപതാം പിറന്നാളിന് വേണ്ട തയ്യാറെടുപ്പൊക്കെ ഞാൻ നമ്മുടെ 'അമ്മ വീട്ടിൽ' ചെയ്തിട്ടുണ്ട് " സുകു പറഞ്ഞു.
മമ്മിയും ഡാഡിയും സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. മമ്മി ഒരു പുരാതന മുസ്ലിം കുടുംബത്തിൽ നിന്നും ഡാഡി ഉയർന്ന ഹിന്ദു കുടുംബത്തിൽ നിന്നും ആണ്. ഡാഡി കോളെജിൽ പഠിക്കുമ്പോൾ ഡാഡിയുടെ ജൂനിയർ ആയിരുന്നു മമ്മി. ഡാഡിക്ക് ഗ്രാമത്തിലെ വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി. മമ്മിയുടെ ഇഷ്ടത്തിനെതിരായി സ്വജാതിയിൽ നിന്നും തന്നെ ഒരു നിക്കാഹ് ഉറപ്പിച്ചപ്പോൾ ആണ് ഡാഡി വിളിച്ചിറക്കിക്കൊണ്ട് വന്നത്.
മമ്മിയുടെ ഉമ്മയും ബാപ്പയും ചെറുപ്പത്തിലേ മരിച്ചിരുന്നു. രണ്ട് ആങ്ങളമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് എങ്ങിനെയെങ്കിലും മമ്മിയെ ആരുടെയെങ്കിലും തലയിൽ വച്ച് കെട്ടി ഭാരം ഒഴിച്ചു വെക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഡാഡിക്ക് വീട്ടിൽ ഒരു ചേട്ടനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തെ പ്രമാണി ആയതു കൊണ്ട് ഒരു മുസ്ലീമിനെ കെട്ടി വീട്ടിൽ കയറരുത് എന്ന് ചേട്ടനും അമ്മയും തറപ്പിച്ച് പറഞ്ഞപ്പോൾ ഡാഡി വീട് വിട്ടിറങ്ങിയതാണ്. ഞാൻ ഉണ്ടായ ശേഷം ഡാഡി ഒന്നു രണ്ട് തവണ വീട്ടിൽ പോയി, പക്ഷേ ചേട്ടൻ കയറ്റിയില്ല. അമ്മയ്ക്കും ചേട്ടൻ പറയുന്നതിന് അപ്പുറം ഒന്നുമില്ലായിരുന്നു.
ബന്ധുക്കൾ ആരുമില്ലാത്തതിനാൽ പിറന്നാളിന് ആഘോഷങ്ങൾ ഒന്നും വേണ്ടാ പകരം ഏതെങ്കിലും ഒരു വൃദ്ധാശ്രമത്തിൽ അന്തേവാസികളുടെ കൂടെ ആവാം ആ ദിവസം എന്ന് ആണ് ഡാഡിയുടെ ആഗ്രഹം. അത് ഞാൻ സുകുവിനെ അറിയിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങൾ ആണ് "അമ്മ വീട്" എന്ന വൃദ്ധാശ്രമത്തിൽ സുകു ചെയ്തത്.
ഞാനും സുകുവും തമ്മിലുള്ള ബന്ധം പ്രൈമറി ക്ലാസ് മുതൽ തുടങ്ങിയതാണ്.. പത്താം ക്ലാസുവരെ ഞങ്ങൾ രണ്ടു പേരും ഒരേ ക്ലാസിൽ, ഒരേ ബഞ്ചിലിരുന്നായിരുന്നു പഠിച്ചത്. സുകു പഠിക്കാൻ മിടുക്കനായിരുന്നു. ഞാൻ അൽപം അലസനും. പ്രിഡിഗ്രിക്ക് ഞങ്ങൾ രണ്ട് കോളെജിൽ ചേർന്നെങ്കിലും ചങ്ങാത്തം മുറിഞ്ഞു പോയില്ല.
പണ്ടത്തെ കാര്യങ്ങൾ ഒക്കെ അയവിറക്കി സമയം പോയതറിഞ്ഞില്ല. ഉച്ചയാവാൻ തുടങ്ങിയപ്പോൾ കടയിൽ ഊണിന് തിരക്ക് കൂടാൻ തുടങ്ങി.
"ഞാൻ ഇപ്പോ വന്നാ നിന്റെ അച്ഛനെ കാണാൻ പറ്റ്വോ?" ഞാൻ ചോദിച്ചു.
" ഇന്ന് ഡിസ്ചാർജ് ആകും. നീ എല്ലാവരേയും കൂട്ടി ഒരു ദിവസം വീട്ടിലേക്കു വാ, ബാക്കി കാര്യങ്ങൾ അവിടെ വച്ച് സംസാരിക്കാം. ഞാൻ ഇപ്പോ പോട്ടെ,"
സുകുവിനോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. യാത്രയിൽ മുഴുവൻ "അമ്മവീട് " ആയിരുന്നു മനസ്സിൽ.
"അമ്മവീട്" ഏതാണ്ട് പതിനഞ്ച് വർഷം നാട്ടിലെ പ്രമാണിയായിരുന്ന മേജർ മേനോൻ സാറിന്റെയും ഭാര്യ ജാനകിയമ്മയുടെയും ഓർമ്മയ്ക്കായ് ഉദയം കൊണ്ടതാണ്.
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം മേജർ മേനോൻ സാറും ഭാര്യയും രണ്ടു പെൺമക്കളുമായി അദ്ദേഹം പുതിയതായി പണി കഴിപ്പിച്ച വീട്ടിൽ ആണ് താമസിച്ചിരുന്നത്.. ആ വീടിന് അടുത്തു തന്നെ വീട്ടുപറമ്പിൽ അവരുടെ പഴയ വീട് ഉണ്ടായിരുന്നു, മേജർ അപ്പൂപ്പന്റെ അമ്മയുടെ ഓർമ്മയ്ക്കായി ആ വീട് പൊളിക്കാതെ വച്ചിരിക്കുകയായിരുന്നു.
ആ സമയത്താണ് ഡാഡി മമ്മിയെ വിവാഹം ചെയ്ത് ആ നാട്ടിൽ വരുന്നത്. വളരെ പുരോഗമന ചിന്താഗതിക്കാരനായ അപ്പൂപ്പൻ അവർക്ക് താമസിക്കാൻ തന്റെ പഴയ വീട് തുറന്നു കൊടുത്തു. ഞാൻ ജനിച്ചതും വളർന്നതും ഒക്കെ ആ വീട്ടിൽ ആയിരുന്നു.
വീട്ടുകാരും ബന്ധുക്കളും ആരുമില്ലാതിരുന്ന ഡാഡിക്കും മമ്മിക്കും അവർ അച്ഛനും അമ്മയും ആയി.
അവരുടെ വീട് ഞങ്ങൾ ആ പ്രദേശത്തുള്ള കുട്ടികളുടെ ഒക്കെ കളിവീട് ആയിരുന്നു. സ്കൂൾ കഴിഞ്ഞാൽ ഞങ്ങൾ അധിക സമയവും ചിലവഴിച്ചത് ആ വട്ടിലാണ്.'
ഞാൻ അവരെ അമ്മുമ്മ, അപ്പൂപ്പൻ എന്ന് വിളിച്ച് വളർന്നു.
അമ്മൂമ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു. നല്ല വെളുത്ത വസ്ത്രത്തിലല്ലാതെ അമ്മൂമ്മയെ കാണാൻ കഴിയില്ല നെറ്റിക്ക് മുകളിൽ കുറച്ച് ചുരുണ്ട മുടികൾ ഒഴിച്ച് ബാക്കി എല്ലാം നന്നായി ചീകി ഒതുക്കിയിരിക്കും. നെറ്റിയിൽ ചന്ദനമില്ലാതെ അമ്മൂമ്മയെ കാണില്ല. മുഖത്ത് സദാ സമയവും ഒരു കോളിനോസ് പുഞ്ചിരി ഉണ്ടാവും, ദേഷ്യപ്പെട്ട് കണ്ടിട്ടേയില്ല. വൈകീട്ട് വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ നെറ്റിയിൽ ഭസ്മക്കുറിയിടും, അതും നിർബന്ധമാണ്.
മേജർ അപ്പൂപ്പൻ പണ്ട് പട്ടാളത്തിൽ ഉള്ള കാലത്ത് ശീലിച്ച കൊമ്പൻ മീശ എന്നും ഭംഗിയാക്കി പിരിച്ച്‌ വയ്ക്കും.
പ്രായത്തിൽ മുതിർന്നവരായതിനാലും, പഠിപ്പിൽ അവർക്കുള്ള താൽപര്യവും കാരണം ചേച്ചിമാർ വൈകുന്നേരങ്ങളിൽ ഞങ്ങൾക്ക് ട്യൂഷൻ തരും. മിക്കവാറും ഹോം വർക്ക് ചെയ്യുക അവിടെ വരാന്തയിൽ ഇരുന്നായിരിക്കും. വേനലവധിക്കാലത്ത് അവിടെ ആകെ ബഹളമാണ്, ഡാൻസും പാട്ടും കളികളും എന്നിങ്ങനെ. ഫുട്ബോളും ക്രിക്കറ്റും ടിവിയിൽ വന്നാൽ ഞങ്ങളെ ഒക്കെ അപ്പൂപ്പൻ പിടിച്ചിരുത്തും. കളി കഴിഞ്ഞാൽ അപ്പൂപ്പൻ ചോദ്യങ്ങൾ ചോദിക്കും. ഗോളിയുടെ പേര്, ഗോൾ അടിച്ചാളുടെ പേര്, ബാറ്റിംങ്ങ് ചെയ്ത ആളുടെ പേര്, ചിലപ്പോൾ സ്പെല്ലിംങ്ങും ചോദിക്കും. ഞങ്ങൾ കുട്ടികളെ കളികൾ കാണാനും കളിക്കാനും പഠിപ്പിച്ചത് അപ്പൂപ്പൻ ആണ്. പിന്നെ സാരോപദേശ ക്ലാസുകളും.
അധിക സമയവും അപ്പൂപ്പൻ പറമ്പിൽ ആയിരിക്കും, നേരം വെളുത്താൽ മുതൽ പണിക്കാരുടെ കൂടെ നിന്ന് പണിയാൻ തുടങ്ങിയാൽ ഇരുട്ടാവും വരെ പറമ്പിലാവും. എപ്പോഴും എന്തെങ്കിലും ഒക്കെ പട്ടാളക്കഥകൾ പറയാനുണ്ടാവും. ഇതിനിടയിൽ എല്ലാവരെയും കൃഷി ചെയ്യാനും പഠിപ്പിക്കും. ഞങ്ങൾ കുട്ടികൾക്ക് കൃഷി ചെയ്യാൻ ഒരു സ്ഥലം അപ്പൂപ്പൻ മാറ്റി വച്ചിട്ടുണ്ടായിരുന്നു. അതിൽ ഉണ്ടാകുന്ന വിളകൾ ഉപയോഗിച്ച് അമ്മൂമ്മ കറികൾ വച്ച് ഞങ്ങളെ കഴിപ്പിക്കും.
വളരുമ്പോൾ നല്ലവരായി ഭൂമിക്ക് ഉപകാരം ഉള്ളവരായി വളരണം എന്നാണ് അപ്പൂപ്പന്റെ തത്വം. പിന്നെ സമയനിഷ്ട, കൃത്യനിഷ്ട ഇതു രണ്ടും ജീവിതചര്യ ആക്കണം എന്നതും അപ്പൂപ്പന് നിർബന്ധമാണ്.
അപ്പൂപ്പന്റെ ഈ രീതികൾ ഞങ്ങൾ കുട്ടികളുടെ ജീവിതത്തിൽ ഞങ്ങൾ അറിയാതെ തന്നെ ഒരു അച്ചടക്കം ഉണ്ടാക്കി. ഇന്നും അവ പാലിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.
എന്നോട് അമ്മൂമ്മയ്ക്കും അപ്പൂപ്പനും അതിയായ സ്നേഹം ആയിരുന്നു. അവരാണ് എനിക്ക്‌ ഉണ്ണി എന്ന് ഓമനേപ്പേരിട്ടത്. ഞാൻ ഡാഡി മമ്മി എന്ന് വിളിക്കുന്ന കേട്ട് അപ്പൂപ്പൻ പറയും അമ്മയ്ക്കും ഉമ്മയ്ക്കും ബാപ്പക്കും അച്ഛനും അപ്പനും ഒക്കെ ജാതിയുണ്ട് പക്ഷേ ഉണ്ണീടെ "മമ്മിക്കും ഡാഡിക്കും" ജാതിയും മതവും ഒന്നും ഇല്ല എന്ന്.
അവരുടെ രണ്ട് പെൺമക്കളും പിന്നീട് കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്ക് കുടിയേറി.
ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അപ്പൂപ്പൻ മരിക്കുന്നത്. പറമ്പിൽ ബോധം കെട്ട് വീണതാണ്. ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു. അപ്പൂപ്പന്റെ മരണം അമ്മൂമ്മയെ വളരെയധികം തളർത്തി.
ഒറ്റക്കായ അമ്മുമ്മയെ മക്കൾ അവരോടൊപ്പം കൊണ്ടുപോകാൻ ശ്രമിച്ചു. അമ്മൂമ്മയ്ക്ക് വീട് വിട്ട് പോകാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു, ഞങ്ങളുടെ കൂടെ കഴിഞ്ഞോളാം എന്നാണ് പറഞ്ഞത്. പക്ഷേ അധികം വൈകാതെ അമ്മൂമ്മയും വിട പറഞ്ഞു. ഒരു ദിവസം ഉറങ്ങാൻ കിടന്ന അവർ പിന്നീട് ഉണർന്നതില്ല.
ആ വീടും പറമ്പും പിന്നീട് ഒരു ട്രസ്റ്റ് ആക്കി മാറ്റി ആ ചേച്ചിമാർ തുടങ്ങിയതാണ് "അമ്മവീട്" എന്ന പേരിൽ ഒരു വൃദ്ധാശ്രമം. അതിന്റെ മുൻപിൽ തന്നെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഓരോ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
അമ്മൂമ്മയുടെ മരണവും ഡാഡിയുടെ സ്ഥലം മാറ്റവും ഒരേ സമയത്തായിരുന്നു. ഞങ്ങൾ താമസം ടൌണിലേക്ക് മാറി.
സുകു അന്നും ഇന്നും അവിടെ വളണ്ടിയർ ആയി പ്രവർത്തിച്ചു വരുന്നു.. ഞാൻ അധികവും പണമായാണ് സഹായിക്കുക. വിദേശത്ത് പോകും വരെ ഞാനും അവിടെ പോകാറുണ്ടായിരുന്നു..
പിറന്നാൾ ദിവസം കാലത്തു തന്നെ ഞങ്ങൾ അമ്മ വീട്ടിൽ എത്തി. സുകുവിന്റെ കുടുംബവും, പിന്നെ ഡാഡിയുടെ കൂടെ ജോലി ചെയ്തിരുന്ന രണ്ടു പേരും ഉണ്ടായിരുന്നു.
ഡാഡിയും മമ്മിയും അന്ന് ഇവിടം വിട്ട ശേഷം ആദ്യമായാണ് ഇവിടെ വരുന്നത്. അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും പ്രതിമകൾക്ക് മുന്നിൽ കൈകൂപ്പി നിന്നു മമ്മി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിന് ഞങ്ങളും കൂടി. ആ സമയം അന്തേവാസികളുമായി ഡാഡിയും മമ്മിയും സംസാരിച്ചു കൊണ്ടിരുന്നു. പന്ത്രണ്ടു മണിയാവുമ്പോഴെക്കും ഭക്ഷണം തയ്യറായി.
അന്തേവാസികൾ ഓരോരുത്തരായി ഊണുമുറിയിലേക്ക് വരാൻ തുടങ്ങി. അവരെല്ലാം ഡാഡി കൊടുത്ത കോടി വസ്ത്രങ്ങൾ ധരിച്ചാണ് വന്നിരുന്നത്.
എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഡാഡി തന്നെ എല്ലാവർക്കും ചോറ് വിളമ്പിക്കൊടുത്തു. ആ അന്തേവാസികളുടെ അവസ്ഥ കണ്ട് ഡാഡി വളരെ അസ്വസ്ഥനാണ് എന്ന് മനസ്സിലായി.. ഡാഡിയെ കെട്ടിപ്പിടിച്ച് ഞാൻ ആശ്വസിപ്പിച്ചു.
"ഡാഡി, ഞാനും പത്മവും ജീവിച്ചിരിക്കുമ്പോൾ നിങ്ങൾക്കൊരിക്കലും ഇങ്ങിനെ ഒരു ഗതി വരില്ല".
നടത്തിപ്പുകാരിൽ കുറച്ച് പ്രായം ചെന്ന ഒരാളായ മേനോൻ സാർ വന്ന് അഞ്ചാറ് ഇലകൾ മുറിയിൽ കൊണ്ട് പോകണമെന്ന് പറഞ്ഞു. നടക്കാൻ സാധിക്കാത്ത ചിലർക്ക് അവരവരുടെ മുറികളിൽ തന്നെ ആണ് ഭക്ഷണം നൽകാറുള്ളതെന്ന് പറഞ്ഞു. ഞാനും ഭാര്യയും ഭക്ഷണം പകർന്ന പാത്രങ്ങൾ എടുത്ത് അദ്ദേഹത്തിന്റെ കൂടെ പോയി.
ഞങ്ങൾ പണ്ട് താമസിച്ചിരുന്ന വീടിനെ വൃത്തിയാക്കി അതിലാണ് വളരെ പ്രായം ചെന്നവരെ താമസിപ്പിച്ചിരുന്നത്. പരിചരിക്കാൻ മുഴുവൻ സമയവും നേഴ്സുമാർ ഉണ്ടായിരുന്നു.
മൂന്ന് മുറികളിലായി ആറ് പേരാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ടു മുറികളിലും ഭക്ഷണം വിളമ്പി മൂന്നാമത്തെ മുറിയിൽ എത്തി.
ഡാഡിയുടെയും മമ്മിയുടെയും ബെഡ് റൂം ആയിരുന്നു പണ്ട് ആ മുറി.
അവിടെയും വളരെ പ്രായം ചെന്ന രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. ഒരാൾ കട്ടിലിൽ . കയ്യിൽ ഒരു വടിയുമായ് കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. മറ്റേയാൾ കട്ടിലിൽ ജനലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. മേനോൻ സാർ സ്നേഹത്തോടെ അമ്മേ എന്ന് വിളിച്ചപ്പോൾ അവർ പതുക്കെ എഴുന്നേറ്റു.
ഒരു എൺപത് എൺപത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു സ്ത്രീ. അലസമായി പാറി നടക്കുന്ന മുടി, അലക്ഷ്യമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, നിരാശ പ്രതിഫലിക്കുന്ന കണ്ണുകൾ, ജീവിതത്തോടുള്ള വിരക്തിയും ആ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. പക്ഷേ അവരുടെ മുഖത്തിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ടായിരുന്നു. കണ്ടിട്ട് ഏതോ വലിയ കുടുംബത്തിലെ അമ്മയാണ് എന്ന് തോന്നുന്നു. ഞാൻ പതുക്കെ അവരെ എഴുന്നേൽപ്പിച്ചിരുത്തി.
ആരോഴെക്കും പായസത്തിന്റെ പാത്രവുമായി ഡാഡി അകത്തേക്ക് വന്നു.. കട്ടിലിൽ ഞാൻ പിടിച്ചിരിക്കുന്ന സ്ത്രീയെ കണ്ടതും ഡാഡി കയ്യിലുണ്ടായിരുന്ന പായസപാത്രം താഴെ വച്ച് ഓടി വന്നു.
"അമ്മേ , അമ്മെന്താ ഇവിടെ ..." അവർ ഒന്നും മിണ്ടാതെ ഡാഡിയെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ഡാഡി വീണ്ടും ചോദിച്ചു
"അമ്മേ, ഇത്‌ ഞാനാ , അമ്മേടെ കുട്ടൻ.."
ഡാഡി തിരിഞ്ഞ്‌ എന്നോട് പറഞ്ഞു.
"മോനേ, ഇത് നിന്റെ അച്ഛമ്മയാ, എന്റെ അമ്മ"
ഇത് കേട്ട് നിന്ന മേനോൻ സാർ ഡാഡിയോട് പറഞ്ഞു.
"മാഷേ, അവർക്ക് ഒന്നും ഓർമ്മയില്ല. ഇവർ ഒരു മകന്റെ കൂടെയായിരുന്നു. മൂന്ന് വർഷം മുൻപ് ആ മകൻ മരിച്ചപ്പോൾ അയാളുടെ മക്കൾക്ക് ഇവർ ഒരു ഭാരമായി. അവർ തന്നെയാണ് ഇവിടെ കൊണ്ടാക്കിയത്. ഇടയ്ക്ക് മക്കളെക്കുറിച്ച് ഓർമ്മ വരുമ്പോൾ ഇരുന്ന് കരയും. ഓർമ്മ പോയാൽ പിന്നെ കരച്ചിലും നിർത്തും. ഇവിടെ എല്ലാവരുടേയും കഥ ഇങ്ങിനെയൊക്കെ തന്നെയാണ്."
ഞാൻ ഓടിപ്പോയി മമ്മിയേയും പത്മത്തേയും കൊണ്ടുവന്നു. അവർക്ക് അച്ഛമ്മയെ കാണിച്ചുകൊടുത്തു. മമ്മി ചെന്ന് അച്ഛമ്മയുടെ കൈപിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. മമ്മി കാരണമാണ് അച്ഛമ്മയും ഡാഡിയും അകന്നതെന്നു മമ്മി എപ്പോഴും പറഞ്ഞ്‌ കരയാറുണ്ട്. ആ അമ്മയുടെ ശാപം ഒരിക്കലും തന്നെ വിട്ടുപോവില്ല, അത്രയും വലിയ പാപമാണ് താൻ ചെയ്തത്‌ എന്ന് മമ്മി വിശ്വസിച്ചിരുന്നു.
ഞാൻ രണ്ടു പേർക്കും ഇലയിട്ടു ഡാഡി ചോറ് വിളമ്പി. മമ്മി അച്ഛമ്മയുടെ ഒരു വശത്ത്‌ ഇരുന്നു.
അച്ഛമ്മ നോക്കിയിരുന്നതല്ലാതെ ഉണ്ടില്ല. ഡാഡി അവർക്ക് ചോറ് ഉരുട്ടി വായിൽ കൊടുത്തു. ഒന്നും മിണ്ടാതെ അവർ ഭക്ഷണം കഴിച്ചു. അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്ന് തോന്നി. വിളമ്പിയ ചോറ് മുഴുവൻ കഴിഞ്ഞപ്പോൾ ഇനി വേണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ ഒരു ഗ്ലാസിൽ പായസം എടുത്ത് ഡാഡിക്ക് കൊടുത്തു. ഡാഡി സ്പൂണുകൊണ്ട് അച്ഛമ്മയ്ക്ക് വായിൽ കൊടുത്തു. ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ ആ ഗ്ലാസിലെ പായസം മുഴുവനും അച്ഛമ്മ കുടിച്ചു.
അമ്മൂമ്മയുടെ കയ്യിൽ നിന്നും ഞാനും എത്ര കാലം ഇങ്ങിനെ കഴിച്ചിട്ടുള്ളതാണ്. ഒരു മഗ്ഗിൽ വെള്ളം എടുത്ത് ഡാഡി അച്ഛമ്മയുടെ വായ് തുടച്ച് അച്ഛമ്മയെ കട്ടിലിൽ പിടിച്ച് ഇരുത്തി.
" മറവിയുടെ രോഗം അമ്മക്കല്ല സാർ, എനിക്കാണ്. അമ്മ ജീവിതത്തിൽ ഒരൊറ്റ തെറ്റേ ചെയ്തിട്ടുള്ളൂ, എന്നേ പോലെ സ്വാർത്ഥനായ ഒരു മകന് ജന്മം നൽകി എന്നത് . ഞാൻ ഒരിക്കലും എന്റെ അമ്മയെ മറക്കരുതായിരുന്നു. ഞാൻ ഒളിച്ചോടിയത്‌ എന്റെ കടമകളിൽ നിന്നുമാണ്" അച്ഛൻ മേനോൻ സാറിനെ നോക്കിപ്പറഞ്ഞു.
"അസ്തമിച്ച സൂര്യനും അടുത്ത ദിവസം ഉദിക്കുന്നില്ലേ ഭൂമിക്ക് പ്രകാശം നൽകാൻ. ഇനിയും വൈകിയിട്ടില്ല. തെറ്റ് എന്നായാലും അറിഞ്ഞാൽ തിരുത്തുക, അതാണ് ശരി" മേനോൻ സാർ പറഞ്ഞു.
വൃദ്ധാശ്രമത്തിൽ നിന്നും തിരിച്ചു പോരുമ്പോൾ അച്ഛമ്മയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ചെയ്ത പാപത്തിൽ നിന്നും മുക്തി കിട്ടിയപോലെ മമ്മിയും, ഡാഡിയും രണ്ടു ഭാഗത്തുമിരുന്ന് അച്ഛമ്മയേ ചേർത്തു പിടിച്ചു, ഇനിയൊരിക്കലും ആ അമ്മയെ അനാഥയാക്കില്ല എന്ന ദ്യഢപ്രതിൻജ്ഞ എടുത്ത പോലെ.
ഒരിക്കൽ അമ്മൂമ്മയുടെ മരണം കൊടുത്ത ദു:ഖത്തിൽ കരഞ്ഞ് ഈ വീട് വിട്ടിറങ്ങിയ ഡാഡിയും മമ്മിയുടെയും കണ്ണുകൾ ഇന്ന് അച്ഛമ്മയുമായി തിരിച്ചു പോകുമ്പോഴും സന്തോഷാശ്രുക്കളാൽ നിറഞ്ഞിരുന്നു.
ഗിരി ബി വാരിയർ
19 ജനുവരി 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo