Slider

ബലൂൺ

0


ഭാഗം 1: കാണാൻപ്പറ്റാത്ത മതിൽ കെട്ടുകൾ
ഇത് ഒരു പുതിയ ബലൂൺ ഉണ്ടായ കഥയാണ്. ആ ബലൂണിൽ നിറഞ്ഞ ഒരു യുവാവിന്റെ ആത്മരോഷത്തിന്റേയും , തിരിച്ചറിവിന്റേയും ശ്വാസത്തിന്റെയും കഥ കൂടിയാണിത്.
\"പേരില്ലാകുട്ടി\", അഭ്യസ്ഥവിദ്യൻ അല്ലങ്കിലും അവശ്യത്തിലധികം അജ്ഞതയുളള അരിയാഹാരം കഴിക്കുന്ന കേരളത്തിലേ പല ലക്ഷം യുവാക്കളുടെ നടുമുറിയാണ് ഇവൻ.
വ്യക്തമായ പാരമ്പര്യം അവകാശപ്പെടാൻ കഴിയാത്ത ഭൂമിയിൽ ഇന്ന് സൃഷ്‌ടിക്കപ്പെട്ടിട്ടുളളതോ ഭാവിയിൽ ഇനി സൃഷ്ടിക്കപ്പെടാൻ സാധ്യതയുളളതോ ആയ ഒരു ജതി-മത വർഗ്ഗത്തിന്റെ കീഴിലോ പ്രത്യക്ഷത്തിൽ ഭാഗമല്ലാത്ത ഇയാളുടെ പൂർവികരെപ്പറ്റി യാതൊരു വിവരവുമില്ല. പത്രണ്ടാം വയസ്സിൽ കൂടെ ഉണ്ടായിരുന്ന സുന്ദരനും തന്നെപോലെ തന്നെ അനാഥനുമായ കൂട്ടുകാരനെ ദത്തെടുത്തുകൊണ്ടു പോകുന്നത് കണ്ട് സങ്കടവും, ഒറ്റപ്പെsലും, അസൂയയും സഹിക്കവയ്യാതെ അനാഥാലയത്തിന്റെ പഴയ മതിൽ കെട്ടു ചാടി കടന്നു പുതിയ വിശാലമായ ലോകത്തേക്ക്‌ പോയി.രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അനാഥാലയത്തിലെ ചോറും, കറിയുമായിരുന്നു പൈപ്പ് വെള്ളത്തേക്കാളും നല്ലത് എന്ന് തിരിച്ചറിഞ്ഞത്.
വിശന്ന് ഒട്ടിയ വയറുമായ് റൊട്ടി മോഷ്ട്ടിച്ച് ജയലീൽ പോകേണ്ടി വന്നില്ലെങ്കിലും , സ്ഥിതിഗതിക്കൾ മറ്റൊന്നല്ലായിരുന്നൂ. ലോകത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഓരു മേൽവിലാസത്തിലാണ് താൻ ജിവിക്കുന്നത് എന്ന അവന്റെ തിരിച്ചറവ് അവനെ ആൾക്കൂട്ടത്തിൽ തനിയെ ആക്കി.
അനാഥാലയത്തിന്റെ ഉറപ്പുളള മതിലുകൾ ചാടി കടന്ന അവന് പക്ഷേ സമൂഹത്തിൽ മനുഷ്യരെ വേർതിരിക്കുന്ന 'കാണാൻ പറ്റാത്ത മതിൽ കെട്ടുകൾ' ചാടി കടക്കുവാൻ സാധച്ചില്ല.
ഭാഗം 2: ബാലവേലയും മറ്റു ചില പ്രധാനപ്പെട്ട സംഭവങ്ങളും.
2001-2003 കാലഘട്ടം, വോട്ടവകാശമുള്ള കേരളീയർ പതിവ് പോലെ ഒരു ഭരണത്തിൽ നിന്ന് മറ്റൊരു ഭരണത്തിലേക്ക് കളം മാറ്റി ചവിട്ടിയ സമയം.
സമൂഹത്തിൽ ഉണ്ടാകേണ്ട അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് എന്നും കാരണക്കാരനാകേണ്ടത് അതിന്റെ അടിസ്ഥാനഘടകമായ നാം ഓരോരുത്തരിൽ നിന്നുമാണ് എന്ന സത്യം മറന്ന് ഭരിക്കുന്ന സർക്കാരിനെ കുരിശിൽ കയറ്റുന്ന ജനങ്ങളുടെ നടപടി ശരിയാണോ എന്ന ചോദിക്കുന്ന ഒരു നേതാവിന്റെ കവല പ്രസംഗം. അതിനു മുന്നിലൂടെ ഒട്ടിയ വയറുമായ് നടന്ന് നീങ്ങുന്ന കുട്ടി. എങ്ങനയോ നടന്ന് അവൻ ഒരു ഹോട്ടലിന്റെ വാതിൽക്കൽ എത്തി. അവന്റെ കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു , ചുവടുകൾ നിലത്ത് ഉറക്കാത്ത അവസ്ഥ പെട്ടന്ന് കണ്ണിൽ ഇരുട്ട് വീണ അവൻ നിലത്ത് വീണു.
സൂര്യൻ നട്ടുച്ചിയിൽ നിന്ന് അല്പം പടിഞ്ഞാറോട്ട് നീങ്ങിയിരിക്കുന്നു. അവൻ കണ്ണു തുറന്ന് നോക്കിയപ്പോൾ ചുറ്റും ആരും ഇല്ല. അല്പം കഴിഞ്ഞ് ഒരു ബനിയനും അതിനുള്ളിൽ വലിയ കുടവയറുമായ് ഒരാൾ വന്നു. അയാളുടെ കൈയ്യിൽ ഒരു പ്ലേറ്റ്, അതിൽ 3 പൊറോട്ടയും കടല കറിയും ഉണ്ടായിരുന്നു. അവൻ ബെഞ്ചിൽ നിന്ന് എണീറ്റു അത് വാങ്ങി ചുറ്റും നോക്കി അമ്പരന്നു നിന്നു. അത് ഒരു ഹോട്ടലിന്റെ അടുക്കളയായിരുന്നു. \"കഴിയ്ക്കടാ...\" അയാൾ പറഞ്ഞു. അത് കേൾക്കേണ്ട താമസം അവൻ ആർത്തിയോടെ തിന്നാൻ തുടങ്ങി. അതുകൊണ്ടാകാം അവന്റെ കൈവിരലുകളും ചുണ്ടും വിറക്കുന്നുണ്ടായിരുന്നു.
ഹോട്ടലിനുള്ളിൽ വലിയ തിരക്കാണ്. കുടവയറൻ വയറും കുലുക്കി അതു വഴി ഇതുവഴി പാത്രവുമായ് നടക്കുന്നു. ഒരു കൊച്ചു കുട്ടി കൗതുകത്തോട് അത് നോക്കി നിൽക്കുന്നു.
അല്പസമയത്തിനു ശേഷം ഒരു പോലീസ് ജീപ്പ് ഹോട്ടലിനു മുന്നിൽ വന്ന് നിൽക്കുകയും അതിൽ ഒരു പോലീസ് ഹോട്ടലിൽ കയറുകയും കഴിച്ചുകൊണ്ടിരുന്ന ബാലനെ ഹോട്ടലിനു മുൻപിലേക്കു കൊണ്ടു വരുകയും ചെയ്തു. അപ്പോഴേക്കും ജനം അവിടെ തടിച്ച് കൂടിയിരുന്നു. ജീപ്പിൽ നിന്ന് എസ്.ഐ ഇറങ്ങി വന്നു.
\"താൻ സ്റ്റേഷൻ വരെ ഒന്ന് വരണം \" അയാൾ ഹോട്ടൽ ഉടമയായ ലോറൻസിനോടു പറഞ്ഞു. താൻ ഒന്നും ചെയ്തിട്ടില്ലെന്നും മറ്റും അയാൾ പറയുന്നുണ്ടാരുന്നു. അയാളേയും ബാലനേയും ജീപ്പിന്റെ പുറകിൽ കയറ്റി അവർ സ്ഥലം വിടുന്നു.
ജനം അവരുടെ സംശയങ്ങൾ കഥകളാക്കിമാറ്റി. കുറെ പേർ ലോറൻസിനെ പ്രകൃതി വിരുദ്ധനായി ചിത്രീകരിച്ചു , മറ്റൊരു വ്യക്തി , എസ്.ഐ ടെ പേരു പോലും അറിയാത്ത അയാൾ പറഞ്ഞിട്ടാണ് ലോറൻസിനെ അറസ്റ്റ് ചെയ്തതെന്നും , ബാലവേല ഈ ഗവൺമെന്റിന്റെ കാലത്ത് അനുവധിക്കില്ല എന്നും അയാൾ പ്രസംഗിച്ചു. അതു പറഞ്ഞപ്പോൾ അയാളുടെ വായിൽ നിന്നു തുപ്പൽ തെറിച്ചു , ആ തുപ്പലിനു പോലും അയാളെ വേണ്ട. ഒരാൾ അ തുപ്പൽ വിഴുങ്ങി. അയാളുടെ പ്രസംഗം കേൾക്കാൻ അങ്ങനെ തുപ്പൽ വിഴുങ്ങികൾ കൂടി വന്നു. അപ്പോഴാണ് ഒരു സീരിയൽ നടി ഓടയിൽ വീണത് തുപ്പൽ വിഴുങ്ങികൾ ഓടയിൽ വീണ നടിയെ കാണാൻ ഓടി.
ഇതിനിടയിൽ ജീപ്പിൽ ലോറൻസ് ചേട്ടൻ ബാലനോടു ചോദിക്കുന്നു
\"വയറു നിറഞ്ഞാരുന്നോടാ ?\"
അവൻ ചെറുതായ് തലയാട്ടി അവന്റെ കണ്ണുകൾ തിളങ്ങി. മനുഷ്യൻ സാങ്കല്പിക ലോകത്ത് ജീവിക്കുകയും യാന്ത്രികമായ് ചലിക്കുകയും ചെയ്യുമ്പോൾ ദൈവം യഥാർത്ഥ ലോകത്ത് ജീവിക്കുകയും അദൃശ്യനായ് ചില മനുഷ്യരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. അവന് ലോറൻസിനെ ഒരു ദൈവത്തേ പോലെ തോന്നി.
പോലീസ് സ്റ്റേഷനിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. പിറ്റേന്നത്തെ പുലരിയിൽ എസ്.ഐ പത്രങ്ങളിൽ ഒരു വാർത്താ താരമായ് , ആ വാർത്ത വായിച്ചുകൊണ്ട് അദ്ദേഹം പുളകം കൊണ്ടു. എന്നാൽ പേരില്ലാ കുട്ടിയുടെ ജീവിതത്തിൽ പ്രത്യേകിച്ച് പുളകം ഒന്നും വന്നില്ല. അവൻ വീണ്ടും ഇന്ത്യയിലെ ദശലക്ഷം അനാഥരിൽ ഒരുവനായ്.
ഭാഗം 3: ആമ്പൽ
പേരില്ലാ കുട്ടിയെ ഇനി കൗമാരക്കാരൻ എന്നു വിളിക്കാം. തമിഴ്നാട്ടിൽ നിന്നു വന്ന മരുത് വിനായകത്തിന്റെ ആക്രി കടയിൽ പേപ്പർ തിരയുന്നതിനിടയിലായിരുന്നു അത് അവന്റെ കണ്ണിൽ പെട്ടത്. ഗ്രാന്റ് സർക്കസ്സിന്റെ നോട്ടീസ്. അതിലെ ആനയേയും വളയങ്ങൾ വയറ്റിലിട്ടു ചുഴറ്റുന്ന ചൈനാക്കരിയേയും കൗതുകത്തോടെ നോക്കിയ അവൻ അറിഞ്ഞിരുന്നില്ല ആ സർക്കസ്സു കൂടാരത്തിനുള്ളിൽ പതിമൂന്നു വർഷം പഴക്കമുള്ള മറ്റൊരത്ഭുതം അവനെ കാത്തിരിക്കുന്നു എന്ന്.
അവൻ ആ നോട്ടീസ് കീശയിൽ തിരുകി, എന്നിട്ട് ജോലിയിൽ മുഴുകി. വിനായകൻ അവന്റെ പ്രവർത്തികൾ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. ആറ് മണിയാകുമ്പോൾ കടയിലെ പണി ഏകദേശം കഴിയും. കടയിലേക്ക് വരുന്ന വിവിധ സാധനങ്ങൾ തരം തിരിച്ച് വയ്ക്കുന്നതാണ് അവന്റെ പ്രധാന പണി. എല്ലാ ദിവസവും അവൻ കടയിൽ കാണാറില്ല. ഇടക്ക് ചില വൈകുന്നേരങ്ങളിൽ ലോറൻസ് ചേട്ടന്റെ ചായക്കടയുടെ മുകളിലുള്ള Lodge ൽ ചായ കൊടുക്കാൻ പോവും ,അതിൽ 3 മുറികളിൽ സ്ഥിരം താമസക്കാരാണ് , അവരുടെ മുറികളിൽ ചില ഇക്കിളി മാസികകൾ ഉണ്ടാകും അതും അതിലെ ചിത്രങ്ങളും അവന് എന്നും ഒരു അത്ഭുതമായിരുന്നു.
അന്ന് ബാല വേലക്ക് പോലീസ് പിടിച്ചതുകൊണ്ട് മാത്രം ലോറൻസ് ചേട്ടന്റെ കാരുണ്യത്തിൽ വിനായകത്തിന്റെ കടയിൽ ചെന്നു പെട്ടു, ഇല്ലങ്കിൽ തൊട്ടടുത്തുള്ള ചേരിയിലെ ഏതെങ്കിലും ഒരു പ്ലാസ്റ്റിക്ക് ടാർപോളിന്റെ അടിയിൽ തീർന്നേനെ അവന്റെ ജീവിതം.
വിനായകത്തിന്റെ കടയിലെ പണി കഴിഞ്ഞാൽ കടയോടു ചേർന്നുള്ള ചായ്പിൽ കിടക്കാം കൂട്ടിന് വിതുമ്പി നിൽക്കുന്ന ഒരു ഫിലമന്റ് ബൾബും സ്വിച്ച് ഇട്ടാൽ കരയുന്ന ഒരു ഫാനും ഉണ്ട്.
എന്നത്തേതിലും വേഗത്തിൽ അവൻ പണികൾ ഒതുക്കി,ചായ്‌പിൽ ചെന്നു. വന്ന പാടെ കട്ടിലിനടിയിൽ നിന്ന് ഒരു പെട്ടി നിരക്കി വെളിയിൽ എടുത്തു , അതിൽ നിന്ന് കാശും എടുത്ത് സർക്കസ് കാണാൻ ഓടി.
അത് ഒരു വലിയ സർക്കസ് കൂടാരമായിരുന്നു. അതിന്റെ വാതിൽക്കൽ പാറാവുകാരായ രണ്ടു തടിമാടൻ കപ്പടാ മീശക്കാർ. പുറത്തു നിന്നു തന്നെ അകത്തെ ആരവങ്ങൾ കേൾക്കാം. അതിന്റെ പരിസരത്തു തന്നെ ആനയെ കെട്ടിയിട്ടിരിക്കുന്നു.
അവനാഗ്രഹിച്ച പോലെ തന്നെ വളയങ്ങൾ വയറ്റിലിട്ടു കറക്കുന്ന ചൈനാക്കാരിയെ അവൻ ആദ്യം കണ്ടു. അവരുടെ വയറിനേയും അതിനു ചുറ്റും കറങ്ങുന്ന വളയങ്ങളേയും അവൻ ഇമ വെട്ടാതെ നോക്കി നിന്നു. ആ കറങ്ങുന്ന വളയമാണോ വയറാണോ അവന് കൂടുതൽ ഇഷ്ട്ടമായത് എന്ന് അവന് മനസ്സിലാക്കാൻ പറ്റിയില്ല.
സർക്കസ് കഴിഞ്ഞു , കണ്ണ് നിറഞ്ഞു പക്ഷേ അവന്റെ മനസ്സ് നിറഞ്ഞില്ല. കൂടാരത്തിന്റെ പിറകിൽ ആണ് മൃഗങ്ങളെ കെട്ടിയിട്ടിരിക്കുന്നത് അവിടെ ചെന്നാൽ അവറ്റകളെ കൂടുതൽ അടുത്ത് കാണാം
എങ്ങനയോ അവൻ കൂടാരത്തിന്റെ പിറകിൽ എത്തി. മൃഗങ്ങളെ ഓരോന്നിനേയും കൂട്ടിൽ കയറ്റി അടക്കുന്നു. അവറ്റകൾക്ക് വെള്ളം എടുക്കാനായ് ഒരാൾ അവൻ ഒളിച്ചിരുന്ന വലിയ വീപ്പയുടെ അടുത്തേക്കു വന്നു. അയാൾ കാണാതെ അവൻ തൊട്ടടുത്തുള്ള ഒരു കൂടാരത്തിനടുത്ത് ഒളിച്ചിരുന്നു. അപ്പോഴാണ് അവൻ അതിന്റെ ഉള്ളിലേക്ക് യാദൃശ്ചികമായ് നോക്കിയത്.
അതിനുള്ളിൽ നല്ല വെട്ടം ഉണ്ട്, വളയങ്ങൾ വയറ്റിലിട്ടു കറക്കിയ ആ സ്ത്രീയുടേതു പോലുള്ള വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു , രണ്ടു മൂന്നു ചെറിയ വളയങ്ങൾ കട്ടിലിൽ കിടക്കുന്നു അരികെ ഏകദേശം പത്ത് പത്രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി അവൾ ഒരു വളയം കറക്കുവാൻ ശ്രമിക്കുന്നു.
അവളുടെ കാലിൽ വലിയ കൊലുസുകൾ , വെള്ളി കസവുള്ള ചുവന്ന പാവാടാ , ചുവന്ന ടോപ്പ് , കൈകളിൽ കിലുങ്ങുന്ന വളകൾ. പെട്ടന്ന് ഒരു വലിയ അടിയും ഒരു വേദനയും അവനനുഭവപ്പെട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പാറാവുകാരൻ. അയാൾ അവന്റെ കോളറിൽ പിടിച്ചു പൊക്കിയെടുത്തു, കൂടാരത്തിന്റെ വെളിയിലേക്ക് തള്ളി വിട്ടു.
രാത്രി അൽപം വൈകിയാണ് അവൻ കടയിൽ എത്തിയത്. അവന്റെ തുടയിൽ അടിച്ച പാട് തടിച്ച് കിടപ്പുണ്ടായിരുന്നു. അടി കൊണ്ടതും , ആളു കൂടിയതും പുറത്താക്കിയതും ഒക്കെ പെട്ടന്നായിരുന്നു. എങ്കിലും അവനെ ഒരു കുറ്റവാളിയെ പോലെ കഴുത്തിനു പിടിച്ച് പുറത്താക്കിയപ്പോൾ അവൻ ആ കുട്ടിയുടെ കണ്ണിൽ നോക്കി , തവിട്ട് നിറത്തിലുള്ള കണ്ണായിരുന്നു അവളുടേത്. അവൾ പുരികം ചുളിച്ച് വച്ചു. രണ്ടു കാര്യങ്ങൾ ആണ് അവന് ആ സംഭവത്തിലൂടെ മനസ്റ്റിലായത്. ഒന്ന് അനാവശ്യമായ് സർക്കസ് കൂടാരത്തിന്റെ പിന്നിലേക്ക് പോകരുത്. രണ്ട്, അതൊരു പേരായിരുന്നു ആ പെൺകുട്ടിയുടേത് - \"ആമ്പൽ\". ആ പേരും തവിട്ട് നിറമുള്ള കണ്ണുകളും അവന്റെ മനസ്സിൽ നിറത്തു. അങ്ങനെ അവൻ അറിയാതെ ഒരു കാര്യം ആ രാത്രിയിൽ സംഭവിച്ചു. അവൻ പൂർണ്ണമായി ഒരു കൗമാരക്കാരനായ് മാറി.
ഭാഗം 4: മേക്കപ്പ് ബോക്സ്
ആക്രി കടയിൽ പേപ്പർ അടുക്കി വക്കുന്നതിനിടയിൽ അവനൊരു പൊട്ടിയ കണ്ണാടി കിട്ടി. അത് അവൻ റൂമിൽ കൊണ്ടു ചെന്നു വച്ചു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്, ചുണ്ടിന് മുകളിലായ് രോമങ്ങൾ കുരുത്തു വന്നിരിക്കുന്നു. അത്ഭുതതോടെ അതിൽ അവൻ നോക്കി നിന്നു , അതൊന്നു പിരിക്കാൻ ശ്രമിച്ചു.
സർക്കസ് കൂടാരത്തിനുള്ളിൽ ആമ്പലും ഒരു കണ്ണാടിയുടെ മുൻപിൽ തന്നെ ആയിരുന്നു. അവൾ അതിൽ നോക്കി കരഞ്ഞു. അതൊരു മേക്കപ്പ് ബോക്സിനുള്ളിലെ ചെറിയ കണ്ണാടിയായിരുന്നു. അതിൽ പല നിറത്തിലുള്ള ചായങ്ങൾ നിരത്തി വച്ചിരിക്കുന്നു , പല നിറത്തിലും തരത്തിലും ഉള്ള വളകൾ , കമ്മൽ , മാലകൾ. മൂലയിലായ് ഒരു സ്ത്രീയുടെ ഫോട്ടോ. അവൾ വീണ്ടും അതിൽ നോക്കി വിതുമ്പി. പെട്ടി അടച്ച് വച്ച് കെട്ടി പിടിച്ച് കിടന്നു. അവൾ ഇടക്കിടക്ക് ആ മേക്കപ്പ് ബോക്സിനുള്ളിലെ സാധനങ്ങൾ എടുത്ത് അണിയാറുണ്ട്. അപ്പോൾ അവൾക്ക് അമ്മയെ ഓർമ്മവരും , അത് അവളുടെ യഥാർത്ഥ അമ്മയാണോ എന്ന് അവൾക്ക് അറിയില്ല. അവൾ ചോദിച്ചട്ടില്ല. ചൈനാക്കാരി വരുന്നതിന് മുൻപ് അവളുടെ അമ്മയായിരുന്നു വളയങ്ങൾ വയറ്റിലിട്ടു കാറക്കുന്ന ഐറ്റം ചെയ്തിരുന്നത്.
കൗമാരക്കാരന്റെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഒരോ നിമിഷവും താൻ ഇപ്പോൾ എന്തായി , തന്റെ പൊടി മീശ എത്രത്തോളം വളർന്നു എന്നൊക്കെ അറിയാൻ അവൻ അവന്റെ തന്നെ പ്രതിബിംബത്തിനുവേണ്ടി ലോകം മുഴുവൻ അന്വേഷിച്ചു കൊണ്ടിരുന്നു , പ്രതിഫലന ശേഷിയുള്ള ഒന്നിനേ പോലും അവൻ വെറുതേ വിട്ടില്ല. ആമ്പലിനെ കാണാൻ പലവട്ടം സർക്കസ് കണ്ടു അവൻ.
ഒരിക്കൽ അവൻ ആഗ്രഹിച്ചതുപോലെ സർക്കസ് കൂടാരത്തിൽ ടിക്കറ്റില്ലാതെ കയറാൻ പറ്റി. പക്ഷേ അവന്റെ ഒപ്പം ആക്രിക്കടയിലെ ഒരു മിനി ലോറിയും ഉണ്ടായിരുന്നു. സർക്കസിലെ പഴയ റൈഡിന്റേയും മറ്റും അവശിഷ്ട്ടങ്ങളും ആക്രി സാധനങ്ങളും ഒക്കെ മൊത്തമായി എടുക്കാൻ വന്നതായിരുന്നു അവർ. ആമ്പലിനെ അവൻ അവിടെ വച്ചു കണ്ടു അവർ ഇരുവരും ഒരു പുഞ്ചിരി കൈമാറി. അധികം പുഞ്ചിരി കൈമാറാൻ മാനേജർ അനുവധിച്ചില്ല അയാൾ അവനെ അവിടുന്ന് മാറ്റി. സാധനങ്ങൾ കയറ്റി വണ്ടി വിട്ടു അവൻ വണ്ടിയുടെ അരികിൽ ഇരുന്ന് അവിടെമാകെ ആമ്പലിനെ പരതി. വണ്ടി പ്രധാന കവാടം കഴിഞ്ഞ്‌ തിരിഞ്ഞ് പോകുമ്പോൾ യാദൃശ്യകമായ് അവൾ സൈഡ് മിററിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൻ ഉടനെ തിരിഞ്ഞ് നോക്കി. ആ നിമിഷം അവർക്കിടയിൽ അദൃശ്യമായ് എന്തോ ഒന്ന് പിടിച്ച് വലിച്ചടുപ്പിക്കുന്നതായി തോന്നി. വണ്ടി പിടിച്ച് നിർത്തി അവളുടെ അരികിൽ ചെന്ന് എന്താണ് നിനക്ക്‌ വേണ്ടത് എന്ന് അവന് ചോദിക്കണമെന്നുണ്ടായിരുന്നു. അത് സ്വപ്നം പോലെ അവനെ വേട്ടയാടി. എന്തിനായിരിക്കാം അവൾ തന്നെ നോക്കി കരഞ്ഞത്. പിറ്റേ ദിവസം വൈകുന്നേരം ലോറൻസ് ചേട്ടന്റെ കടയിൽ വച്ച് ആമ്പലിനെ വീണ്ടും അപ്രതീക്ഷിതമായി കാണുന്നതുവരെ ആ ചോദ്യം അവന്റെ മനസ്സിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. അത് എന്തിനാണ് എന്ന് ചോദിക്കാൻ അവൻ വാഷ് ഏരിയായുടെ പുറകിലായി ഒളിച്ചിരുന്നു. അവൾ ഭക്ഷണം കഴിച്ചതിനു ശേഷം വാഷ് ഏരിയായിലേക്ക് വന്നു. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടി വരുന്നതിനൊപ്പം അവളുടെ കാലിലെ കൊലുസിന്റെ ശബ്ദം ഉയർന്നു വന്നു. കൈ കഴുമ്പോൾ വളകൾ കിലുങ്ങി. അവൻ ആ ശബ്ദം കേട്ട് രണ്ടും കല്പിച്ച് അങ്ങോട്ടു കയറി ചെന്നു. അവളുടെ നെറ്റിയിലേക്ക് കുറച്ച് നനഞ്ഞ മുടി കിടക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല. അവൾ അവന്റെ രണ്ടു കൃഷ്ണമണിയിലേക്കും മാറി മാറി നോക്കി , അത് ചലിക്കുന്നില്ല. പെട്ടന്ന് അവളുടെ ഭാവം മാറി അവൾ ധൃതിയിൽ പറഞ്ഞു.
\" എന്റെ അമ്മയുടെ ഒരു മേക്കപ്പ് ബോക്സ് അന്ന് നിങ്ങളുടെ വണ്ടിയിലായി പോയി , അത് എനിക്ക് തിരിചെടുത്തു തരാമോ...?\"
ഇത്രയും പറഞ്ഞപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന സ്ത്രീകൾ അവളെ കൂട്ടി കൊണ്ടു പോയി. അവൻ അല്പനേരം അവൾ പോകുന്നത് നോക്കി നിന്നു. അവന് വേണ്ട ഉത്തരം ചോദ്യമായി അവൾ ചോദിച്ചിരിക്കുന്നു. ഒരു രാത്രി കൊണ്ട് അവൻ കുറെ സ്വപ്നങ്ങൾ കണ്ടിരുന്നു. തന്നെയല്ല തന്റെ നഷ്ട്ടപ്പെട്ടു പോയ വിലപിടിപ്പുള്ള പെട്ടിയെ ഓർത്താണ് അവൾ അന്ന് കരഞ്ഞത് എന്ന് അവൻ ദു:ഖ പൂർവ്വം മനസ്സിലാക്കി.
ആ പെട്ടി തമിഴ് നാട്ടിൽ നിന്ന് സാധനം എടുക്കാൻ വരുന്ന ലോറിക്കാർ കൊണ്ടു പോയി കാണരുതെ എന്ന് അവൻ പ്രാർത്ഥിച്ചു. അവൻ ലോറൻസ് ചേട്ടന്റെ കടയിൽ നിന്ന് ഓടി കിതച്ച് ആക്രിക്കടയിൽ എത്തി. സാധനങ്ങൾ കൂമ്പാരമായി ഇട്ടിരിക്കുന്നു. പെട്ടിയുടെ നിറം , വലിപ്പം ഒന്നും അവൾ പറഞ്ഞില്ല ചോദിക്കാനും പറ്റിയില്ല. കുറെ മണിക്കൂറുകളുടെ പരിശ്രമത്തിന്റെ ഫലമായി മൂന്നു ബോക്സുകൾ കിട്ടി.
അന്ന് വൈകുന്നേരത്തെ ഷോയ്ക്ക് തന്നെ അവൻ കേറി. പഴയ പഴുതിലൂടെ അവൻ ആമ്പലിന്റെ കൂടാരത്തിൽ എത്തി. അവൾ കിടക്കുകയായിരുന്നു. അവൻ അവളെ വിളിച്ചു. ഭയന്ന് അവൾ അരികിലേക്ക് വന്നു. മൂന്നു പെട്ടികൾ കിട്ടിയതിനെ പറ്റി അവൻ പറഞ്ഞു. അവൾ തിരികെ പോയി മേശവിരിപ്പിനടിയിൽ നിന്ന്‌ ഒരു താക്കോൽ എടുത്തു കൊടുത്തു. ആരും കാണാതെ അവൻ അതുമായി സ്ഥലം വിട്ടു.
അവൻ യഥാർത്ഥ പെട്ടി തുറന്ന് നോക്കിയില്ല , അന്ന് രാത്രി ആ പെട്ടി നെഞ്ചോടു ചേർത്തു വച്ച് അവൻ കിടന്നുറങ്ങി. ഒരുപാട്‌ പ്രതീക്ഷയോടെ ആമ്പലും ഉറങ്ങി.

ഭാഗം 5: തരുത്തിലെ അത്ഭുതം.
അവൻ വീണ്ടും ആമ്പലിനെ കാണാൻ കൂടാരത്തിൽ പോയി പക്ഷേ പെട്ടി തിരികെ കൊടുത്തില്ല. അത് തിരികെ കൊടുത്താൽ പിന്നീട് ആമ്പൽ അവനോടു സംസാരിക്കാൻ കൂട്ടാക്കില്ല എന്നവൻ വിചാരിച്ചു , ഭയന്നു. അവൾ എന്നും രാത്രി കൂടാരത്തിൽ അവനെ പ്രതീക്ഷിച്ചു നിന്നു. പെട്ടിയാണോ അത് കൊണ്ടുവരുന്ന ആളിനെയാണോ അവൾ കൂടുതൽ പ്രതീക്ഷിച്ചിത് എന്ന് അവൾക്ക് തിരിച്ചറിയാനാകാതെ വരുന്ന അവസ്ഥയിൽ അവൾ കണ്ണാടിയിലേക്ക് നോക്കും. അവളുടെ മുഖത്ത് ആദ്യമായി ഒരു മുഖകുരു വന്നിരിക്കുന്നു. കുറെ നേരം അവൾ അതിൽ തന്നെ നോക്കി നിന്നു.
ഒരിക്കൽ അവൻ ആരും കാണാതെ കൂടാരത്തിൽ എത്തി. നഗരത്തിൽ നിന്നു മാറി കായലിനു സമീപമായ് വേനൽ കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ തുരുത്തിലേക്ക് ആമ്പലിനെ അവൻ വിളിച്ചു. അവൾ പെട്ടന്നു തന്നെ മറുപടി പറഞ്ഞു.
\" എന്റെ പെട്ടി എനിക്ക് താ... \"
\" നിനക്ക് ലോകത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള സാധനം അല്ലെ എന്റെ കൈയ്യിലുള്ളത് , അതുപോലെ എനിക്ക് ലോകത്തിൽ ഏറ്റവും ഇഷട്ടമുള്ള ഒരു അത്ഭുതം ഉണ്ട് അത് നിന്നെ കാണിക്കാനാ...\"
\" ഇല്ല എനിക്ക് എന്റെ പെട്ടി താ...\"
\" അവിടെ വന്നാലേ തരൂ...., ഞാൻ സൈക്കിളുമായ് നാളെ അപ്പുറത്തെ വാതിലിനവിടുത്തെ കടയുടെ അടുത്തുണ്ടാകും
, വൈകുന്നേരത്തെ ഷോയ്ക്ക് മുൻപ് തിരിച്ച് വരാം...,
ഇല്ലേൽ ഞാൻ ആ പെട്ടി ഒരിക്കലും തിരിച്ച് തരില്ല.\"
ഇത്രയും പറഞ്ഞ് അവൻ സ്ഥലം വിട്ടു.
ഒരിക്കലും നടക്കാത്ത ഒരു കാര്യം എങ്ങനെ സാധിച്ചെടുക്കും എന്ന് അവൾ ആലോചിച്ചു. പോകുന്നതിനേക്കാളും , അത് പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷത്തുകളാണ് കൂടുതലും ആലോചിച്ചത്. ഷോ നടക്കുമ്പോൾ രണ്ട് മണിക്കൂർ ആരും കൂടാരത്തിൽ വരാറില്ല. ആ സമയം കൊണ്ട് തിരികെ വന്നാൽ പ്രശ്നം ഇല്ല അവൾ ചിന്തിച്ചു. എങ്കിലും ഒരു തീരൂമാനത്തിൽ എത്താതെ അവൾ ഉറങ്ങാൻ കിടന്നു.
അവൻ പറഞ്ഞ വാക്കു പാലിച്ചു ആ പെട്ടിയവൻ സൈക്കിളിന്റെ കരിയറിൽ വച്ചു കെട്ടി എന്നിട്ട് ആമ്പലിനെ പ്രതീക്ഷിച്ചു നിന്നു. ഷോ തുടങ്ങി , സ്റ്റേജിലെ ആരവങ്ങൾ അവന്റെ ഹൃദയമിടിപ്പ് കൂട്ടി , വാതിലിലേക്ക് നോക്കിയപ്പോൾ വീണ്ടും ആ ഹൃദയമിടിപ്പ് കൂടി. വാതിൽക്കൽ ആമ്പൽ പ്രത്യക്ഷപ്പെട്ടു. സൈക്കിളിന്റെ പിന്നിലെ പെട്ടി കണ്ടപ്പോൾ ഒരാശ്വാസം അവൾക്ക് തോന്നി.
അവൾ ഓടി വന്നു ആ പെട്ടി അഴിച്ചെടുക്കാൻ ശ്രമിച്ചു. അവനത് അഴിച്ചെടുത്തു കൊടുത്തു , അവളുടെ കണ്ണു നിറഞ്ഞു. അത് വാങ്ങി അവനോടൊന്നും പറയാതെ ധൃതിയിൽ തിരികെ നടന്നു. അവൻ അത് പ്രതീക്ഷിച്ചതല്ല. സൈക്കൾ വാടകക്ക് എടുത്തത് മുതൽ ലോറൻസ് ചേട്ടനോടു ഒഴുവു വേണമെന്ന് പറഞ്ഞത് വരെയുള്ള കള്ളങ്ങൾ വെറുതേയായി പോയി എന്ന് അവന് തോന്നി. പെട്ടന്ന് അവൾ എന്തോ ആലോചിച്ചിട്ട് തിരികെ വന്നു. അവന്റെ പ്രതീക്ഷയെല്ലാം തകർന്നടിഞ്ഞു അവൻ പോക്കറ്റിൽ നിന്ന് അതിന്റെ താക്കോൽ അവൾക്ക് തിരികെ കൊടുത്തു. അത് വാങ്ങിയിട്ട് അവൾ ചോദിച്ചു
\" രണ്ട് മണിക്കൂറിനുള്ളിൽ പോയിട്ട് വരാമോ... ?\"
പിന്നീട് അവർ അവിടെ നിന്നില്ല , ആൾക്കൂട്ടങ്ങളിൽ നിന്നും , തിരക്കുകളിൽ നിന്നും വലിയ റോഡുകളിൽ നിന്നും ഒക്കെ വിട്ട് അവരുടെ സൈക്കിൾ ഇടുങ്ങിയ റോഡിലേക്ക് വന്നു. ഇരുവശങ്ങളിലും വീടുകൾ കുറഞ്ഞു. അതോടൊപ്പം തന്നെ അവളുടെ ഭയം കൂടി വന്നു. അന്തരീക്ഷം ഇരുണ്ട് വന്നു. സൂര്യൻ തന്റെ പ്രകാശ കിരണങ്ങൾ തിരികെയെടുത്തു തുടങ്ങിയിരിക്കുന്നു. സൈക്കിളിന്റെ വേഗത കൂടി. അവർ ഒരു ആളൊഴിഞ്ഞ കായൽ കരയിൽ എത്തി. അവൻ പെട്ടന്ന് തന്നെ സൈക്കിൾ ഒരു പൊന്ത കാട്ടിലേക്ക് ഒതുക്കി വച്ചു. വളരെ മുമ്പ് തന്നെ അവൻ ഇവിടെ പലവട്ടം വന്നിട്ടുണ്ട് എന്ന് അവന്റെ പ്രവർത്തികൾ കണ്ടാൽ മനസ്സിലാകും. താൻ ഒരു വലിയ അപകടത്തിൽ ആണ് വന്ന് പെട്ടിരിക്കുന്നത് എന്നവൾ തിരിച്ചറിയുന്നു. അവളുടെ ശരീരം വിറക്കുവാനും വിയർക്കുവാനും തുടങ്ങി. അവൻ ഒരു ചെറിയ വള്ളം കായലിലേക്ക് തള്ളിയിറക്കി എന്നിട്ടവളെ വിളിച്ചു. അവൾ വിദൂരതയിലേക്ക് നോക്കി. ദൂരെ കുറച്ചകലയായി ഒരു തുരുത്തു കാണാം , അത് തിങ്ങി നിറഞ്ഞ് വൃക്ഷങ്ങളാണ് , അതിന്റെ പിറകിലായി സൂര്യൻ ഒളിക്കുന്നു. ആ തുരുത്തിനുള്ളിൽ ഉള്ള അത്ഭുതത്തിനെ പറ്റിയുള്ള പൂർണ്ണമായ വിശ്വാസവും അവൾക്ക് നഷ്ട്ടപെട്ടു തുടങ്ങി. അവൻ വീണ്ടും അവളെ നിർബന്ധിച്ച് വിളിക്കുന്നു. വരാൻ കൂട്ടാക്കാതെ നിന്ന അവളെ കൈ പിടിച്ച് വള്ളത്തിലേക്ക് കയറ്റി. അവളുടെ പേടി അവനേയും ഭയത്തിൽ ആഴ്ത്തി. അവൻ തുഴയെറിഞ്ഞു വള്ളം നീങ്ങി തുടങ്ങി. കരവിട്ട് വള്ളം അകലും തോറും അവളുടെ ഭയം കൂടി വന്നു. വള്ളം ഇരു കരയുടേയും മധ്യഭാഗത്ത് വന്നു. പെട്ടന്ന് ആകാശം ഇരുണ്ട് കൂടി. രണ്ടു മഴ തുള്ളികൾ അവന്റെ നെറ്റിയിൽ പതിച്ചു. അവൻ തുഴ ആഞ്ഞെറിഞ്ഞു. ആരുടേയും അനുവാധം ചോദിക്കാതെ മഴ ഭൂമിയിലേക്ക് ഇരമ്പി പെയതു. ആമ്പൽ അതുവരെ പിടിച്ചു വച്ച ഭയം മഴയോടൊപ്പം പെയ്തിറങ്ങി. വിക്കി വിറച്ചു അവൾ കരഞ്ഞു. എനിക്ക് തിരികെ പോകണം എന്നവൾ കരഞ്ഞുകൊണ്ടു പറഞ്ഞു. അവൻ പെട്ടന്ന് എന്തോ കണ്ട് തുഴച്ചിൽ നിർത്തി , പെട്ടന്നുതന്നെയവൻ എതിർ ദിശയിൽ ആഞ്ഞു തുഴഞ്ഞു. അപ്പോഴേക്കും മറ്റൊരു വള്ളം അവർക്ക് അരികിലേക്കായി വന്നു. അതിന്റെ വേഗത കൂടി വന്നു , അത് അവരുടെ വള്ളത്തിൽ ഇടിച്ച് നിന്നു. മഴ ആർത്തിരമ്പി പെയ്യുന്നു. ആമ്പലിനെ അവർ ബലമായി പിടിച്ച് വലിച്ച് അവരുടെ വള്ളത്തിലേക്കിടാൻ ശ്രമിക്കുന്നു. അവളുടെ കൈയ്യിൽ നിന്ന് പെട്ടി വെള്ളത്തിലേക്ക് തെറിച്ച് വീണു. അവൾ അമ്മേ എന്ന് നിലവിളിച്ച് കരഞ്ഞു. പ്രകൃതി പോലും ആ കരച്ചിൽ കേട്ടില്ല , ഒരു വലിയ ഇടി ശബ്ദം അതിനെ വിഴുങ്ങി. അവൻ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ വള്ളത്തിലിരുന്ന മറ്റൊരാൾ അവനെ ചവിട്ടി വെള്ളത്തിലേക്കിട്ടു. ഒരാൾ ആമ്പലിന്റെ വായ മൂടി. അവൻ വെള്ളത്തിൽ മുങ്ങി താണു. പൊങ്ങി നിവരുമ്പോൾ അവർ രണ്ടു പേരിൽ ഒരാൾ ആമ്പലിനെ അനായാസം ഒരു പാമ്പിനെ പോലെ വരിഞ്ഞ് മുറുക്കിയിരിക്കുന്നു. മറ്റെയാൾ ശക്തിയായി വള്ളം ഉൾക്കായലിലേക്ക് തുഴയുന്നു. അവൻ ജീവനും കൊണ്ട് തിരിച്ച് കരയിലേക്ക് നിന്തുന്നു. കായൽ പരപ്പിൽ ആകെ ഇരുട്ട് നിറഞ്ഞു. മഴ അപ്പോഴും തോർന്നട്ടുണ്ടായിരുന്നില്ല.
പിറ്റേ ദിവസം കായൽ പരപ്പിൽ അവളുടെ കീറിയ വസ്ത്രങ്ങൾ ഒഴുകി നടന്നു. തുരുത്തിലെ ആ അത്ഭുതം എന്താണെന്നറിയാതെ അവൾ ആ രാത്രി കൊല്ലപ്പെട്ടു. ഒരിക്കലും പൊന്തിവരാൻ പറ്റാത്ത കുറ്റബോധത്തിന്റെ കയങ്ങളിൽ കൗമാരക്കാരൻ മുങ്ങി താണു.
ഭാഗം 6 : വീണ്ടും ആമ്പൽ.
അവന് ഒട്ടും ശ്വാസം എടുക്കാൻ സാധിക്കുന്നില്ല , അവൻ കയങ്ങളിലേക്ക് താഴ്ന്നുകൊണ്ടിരുന്നു , അവൻ തന്റെ സർവ്വ ശക്തിയും എടുത്ത് മുകളിലേക്ക് നീന്തി , മുകളിലേക്ക് വരും തോറും കായൽപ്പരപ്പിൽ ഒരു പ്രകാശം തെളിഞ്ഞ് വന്നു , അത് സൂര്യ രശ്മികൾ ആണ്. ആവൻ വീണ്ടും നീന്തി , കൈയ്യും കാലും തളർന്ന് തുടങ്ങിയിരിക്കുന്നു , എങ്കിലും അവൻ കായൽ പരപ്പിന് മുകളിൽ എത്തിയിരിക്കുന്നു ഒരു കൈയ്യെത്തും ദൂരത്താണ് ഇപ്പോൾ പ്രാണവായൂവിനേയും കായലിനേയും വേർതിരിക്കുന്ന പാളി.
അവൻ കായലിന് മുകളിൽ എത്തിയിരിക്കുന്നു. പ്രാണവായൂവിനു വേണ്ടി അവൻ ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. എന്നാൽ അവന്റെയുള്ളിലേക്ക് കയറിയത് ജലമായിരുന്നു. കായലിന്റെ മുകളിൽ മറ്റൊരു കായാൽ , മുകളിലേക്ക് നീന്തിയാലും താഴേക്ക് നീന്തിയാലും ജലം. ആ നിസ്സഹായാവസ്ഥ അവനെ ഒരു നിലവിളിയിൽ എത്തിച്ചു. കണ്ണുകൾ അടച്ച് അവൻ അലറി.
തന്റെ മുറിയുടെ പുറത്ത് ഒരു പണിക്കാരൻ നിലവിളി കേട്ട് , ഓടിയെത്തിയത് കണ്ടപ്പോഴാണ് അത് ഒരു സ്വപ്നമാണെന്ന് അവൻ തിരിച്ചറിഞ്ഞത്. പണിക്കാരന് ഇതൊരു ശീലമാണ്. അയാൾ ഒന്നും ചോദിക്കാതെ പണിയിൽ മുഴുക്കി. അവൻ കിടന്ന കട്ടിലിൽ നിന്ന് എണീറ്റ് ഭിത്തിയിൽ തൂക്കിയിട്ട പൊട്ടിയ കണ്ണാടിയുടടുത്തേക്കെത്തി. അതിൽ ഒരു വലിയ മുഖം പ്രത്യക്ഷ്യപ്പെട്ടു. കറുത്ത നിറമുള്ള , പ്രത്യേകിച്ച് ഭംഗി ഒന്നുമില്ലാത്ത , താടിയുള്ള ഒരു മുഖം. പഴയ കൗമാരക്കാരൻ വളർന്ന് ഒരു യുവാവായിരിക്കുന്നു , ആമ്പൽ കൊല്ലപ്പെട്ടിട്ട് പല വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും മഴയുള്ള രാത്രിയും , കായലും ഒക്കെ യുവാവിന്റെ സ്വപ്നങ്ങളിൽ കുടുങ്ങാറുണ്ട്. അന്ന് നീന്തി രക്ഷപ്പെട്ടങ്കിലും , സ്വപ്നങ്ങളിൽ ആമ്പലിനൊപ്പം അവൻ കായലിൽ കായങ്ങളിൽ തന്നെ നിസ്സാഹായനായി രക്ഷപ്പെടാനാകാതെ വീണ്ടും വീണ്ടും കയങ്ങളിലേക്ക് നീന്തുകയാണ്.
ഭാഗം 7 : ഒരു വേശിയുടെ ആവശ്യകത.
ആമ്പൽ കൊല്ലപ്പെട്ടിട്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിരിക്കുന്നു. അതിന്റെ കൊലയാളികളായ രണ്ടു വള്ളക്കാരന്മാരും ഇന്ന് ജയിലിലാണ്. പഴയ സർക്കസ് കമ്പനി ആ സംഭവത്തിനു ശേഷം ആ നഗരം വിട്ട് എങ്ങോട്ടോ ചേക്കേറി. പഴയതുരുത്തിലേക്ക് ഇപ്പോൾ കടത്ത് ഉണ്ട് , പലേ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ആ തുരുത്തിലെ അത്ഭുതം കാണാനായി വരാറുണ്ട് , അതുകൊണ്ട് തന്നെ ഇക്കരെ ചെറിയ കടകളും മറ്റും വന്നിട്ടുണ്ട്.
എന്നാൽ അവൻ ആ ഭാഗത്തേക്ക് പേകാറില്ല , ചതിക്കപ്പെട്ടവളുടെ മനസ്സും ശരീരവുമായി ഒരു പതിമൂന്നു വയസ്സുകാരി അന്ന് തന്നെ നോക്കി കരഞ്ഞത് അവൻ ഓർക്കുന്നു. മരിക്കുന്ന അവസാന നിമിഷവും അവൾ അവനെ ഒരു ചതിയനെ പോലെ ആയിരിക്കാം കണ്ടിരുന്നത്.
ഞായറാഴ്ച ദിവസങ്ങളിൽ അവൻ ഒറ്റക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലും യാത്ര നടത്താറുണ്ട് , സ്വാതന്ത്ര്യവും , സമാധാനവും തേടി. പക്ഷേ അത് ഒരിക്കലും അവന് കിട്ടാറില്ല. ആണും പെണ്ണും ഒരുമിച്ചിരിക്കുന്ന ഏത് സ്ഥലത്തുംവച്ച് അവൻ അതി സൂഷ്മമായി അവരെ വീക്ഷിക്കാറുണ്ട്. ഒരിക്കൽ ഒരു ബസ്റ്റോപ്പിൽ വച്ച് , ഒരു ചെറുപ്പക്കാരൻ അവന്റെ കാമുകിയെ ഈ വിധം നോക്കിയതിന് അവന്റെ നെഞ്ചിൽ പിടിച്ച് തള്ളി. അവൻ റോഡിലേക്ക് തെറിച്ച് വീണു , അപ്പോഴേക്കും ചുറ്റിനും കുറച്ച് ആളുകൾ കൂടി. വീണെടുത്തു നിന്ന് എണീറ്റ് യാതൊന്നും പ്രതികരിക്കാതെ അവൻ എണീറ്റ് പോയി.
ഇങ്ങനെ കറങ്ങുന്ന കൂട്ടത്തിൽ ഒരു സിനിമാകാണും , അതിന് ഭാഷയില്ല. ഏത് ടിക്കറ്റ് കൗണ്ടറിലാണോ ആളുകൂടുതൽ അവിടെ ഇടിച്ച് കയറി നിൽക്കും. അകത്ത് കയറിയാലും അവൻ ഏതെങ്കിലും കമിതാക്കളുടെ പുറകിൽ ഇരിക്കാൻ ശ്രമിക്കും. ഇന്റർവൽ ആകുമ്പോൾ അവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കാനായി മുൻപോട്ട് ആഞ്ഞിരിക്കും , എന്നിട്ട് അവർ പറയുന്നത് കേട്ട്‌ പതുക്കെ ഒരു നാണത്തോടു കൂടി ചിരിക്കും. ചിലപ്പോൾ സ്ഥലകാല ബോധമില്ലാതെ ഓർത്ത് ചിരിക്കും , അത് ചിലപ്പോൾ ബസിലാകാം , ലോറൻസ് ചേട്ടന്റെ ഹോട്ടലിലാകാം റോഡിലൂടെ നടക്കുമ്പോഴാകാം അങ്ങനെ അവന്റെ പല വികാര ഭാവങ്ങളും അനിയന്ത്രിതമായി അവന്റെ പോലും അനുവാധമില്ലാതെ കടന്നു വരും.
തീയറ്ററിനടുത്തുള്ള തട്ടുകടയും അവിടുത്തെ ജോലിക്കാരനായ സുമനും , അവന്റെ ഞായറാഴ്ച യാത്രയിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ഒരിക്കൽ തട്ടുകടയുടെ മറവിൽ മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്ന സാരിയുടുത്ത ഒരു സ്ത്രീയെ അവൻ കണ്ടു. ശരീര വടിവ് വ്യക്തമാക്കുന്ന വിധത്തിലുള്ള ഒരു റോസ് നിറത്തിലുള്ള ഒഴുക്കൻ മട്ടിലുള്ള സാരിയുടത്തയവർ ചെറിയ ചിരിയോടു കൂടെ അത് വഴി പോകുന്ന മനുഷ്യന്മാരെ ആകർഷിക്കുന്നു. ഇടക്ക് ഹാൻഡ് ബാഗിൽ നിന്ന് മൊബൈൽ എടുത്ത് സമയം നോക്കുന്നു. പ്രകാശം പരത്തി വാഹനങ്ങൾ കടന്ന് പോകുമ്പോൾ ആ സ്ത്രീയുടെ മുഖം കൂടുതൽ വ്യക്തമാകുന്നു. നെറ്റിയിൽ ചുവന്ന വലിയ പൊട്ട് , നല്ല പഴക്കമുള്ള മുഖ ചർമ്മം , ചുണ്ടിൽ ചുവന്ന ചായം , ഇടക്ക് മേൽ ചുണ്ടും കീഴ്ചുണ്ടും തമ്മിൽ അമർത്തി അത് നന്നായി ചുണ്ടിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുന്നു.
തൊട്ടടുത്ത നിമിഷം ഒരു ഓട്ടോറിക്ഷ വന്ന് അവരെ കയറ്റികൊണ്ട് പോകുന്നു. അവൻ ആ ഓട്ടോറിക്ഷ വളവ് തിരിഞ്ഞ് പോകുന്നതുവരെ അതിനെ നോക്കി നിന്നു. ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് വച്ചുകൊണ്ട് സുമൻ അവന്റെ ചൂഴ്ന്നുള്ള ആ നോട്ടത്തിന് ഒരു വിരാമം ഇട്ടുകൊണ്ട് പറഞ്ഞു.
\"നമ്മളൊക്കെ ഒരു പകല് വരെ കിടന്നോണ്ട് കഷട്ടപെടണേന്റെ യെരട്ടി .. യെവര് ഈ രാത്രികൊണ്ട് ഒപ്പിക്കും...\"
\" യെവര് നമ്മളോടെ സിലിമാ ഒക്കെ കാണാൻ വരോ കൂട്ടത്തില് ? \" - ആ ചോദ്യം കേട്ട് സുമൻ ഒന്ന് ഞെട്ടി. പിന്നീട് ആ സംസാരം രാത്രിയിലെ ആ സ്ത്രീയുടെ ലഭ്യതയെ പറ്റിയും , നിരക്കിനെ പറ്റിയുമുള്ള ഒരു കച്ചവട ചർച്ചയായി. പിന്നീടാണ് അവന് മനസ്സിലായത് പുറമെ അത് ഒരു തട്ടുകടയാണെങ്കിലും , എല്ലാറ്റിനും ഉപരി അതൊരു വേശിയാലയത്തിന്റെ ഇടപാട് കേന്ദ്രവും , സുമൻ അതിൽ ഒരു നിപുണനായ ഇടപാട് കാരനുമാണ് എന്ന്. ഏറെ വൈകിയ ആ രാത്രിയിൽ അവർ കച്ചവടം ഉറപ്പിച്ചു.
പിന്നീട് അടുത്ത ഞായറാഴ്ച ആകുന്നതുവരെ അവൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടു തീർത്തു. തിരക്കിട്ട പണിക്കിടയിലും അവൻ കണ്ണാടി നോക്കാൻ സമയം കണ്ടെത്തി , എന്നാൽ അവൻ അറിയാതെ അവന്റെ മനസ്സിൽ ഒരു ചെറിയ ഭയം വളർന്ന് വരുന്നുണ്ടായിരുന്നു.
പതിവ് പോലെ ആ ഞായറാഴ്ചയും അവൻ ഒരു സിനിമ കണ്ടതിനുശേഷം വെളിയിൽ തട്ടുകടയിൽ ആ സ്ത്രീയേയും കാത്തിരുന്നു. അവന് എല്ലാം ഒരു അത്ഭുതമായി തോന്നി. മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നതിന്റേയും , സൗന്ദര്യമില്ലായ്മയുടേയും ഒക്കെ അമർഷം ഇല്ലാത്താക്കുവാനും , താനും ഈ ലോകത്ത് മനസ്സും മജ്ജയുമായി ജീവിക്കുന്നു എന്ന് അവനെ തന്നെ ബോധ്യപ്പെടുത്താനും കിട്ടിയ അവസരമാണ് ഇത് എന്ന് അവൻ വിചാരിച്ചു. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആ സ്ത്രീ ആ പരിസരത്തേക്ക് വരുന്നത്. ഇത് കണ്ടയുടനെ തന്നെ അവൻ ഭക്ഷണം കഴിക്കുന്നത് പൂർത്തിയാക്കാതെ ശരവേഗത്തിൽ കൈ കഴുകി , ഒന്ന് റോഡിലേക്ക് കുലുക്കി തുപ്പി ഷർട്ടിന്റെ കോളറു കൊണ്ട് വായ തുടച്ചുകൊണ്ടു ഭക്ഷണത്തിന്റെ കാശു പോലും കൊടുക്കാതെ ധൃതിയിൽ പുറത്തേക്കിറങ്ങി. ഇത് കണ്ട സുമൻ
\" ടാ ടേയ്..., കായ് തന്നിട്ടു പേടേയ്....\"
അവൻ പെട്ടന്ന് പോകറ്റിൽ നിന്ന് കാശ് എടുത്ത് കൊടുത്തു. എന്നിട്ട് ധൃതിയിൽ അവൻ അവരുടെ അടുത്തേക്ക് ചെന്നു. ചുറ്റുവട്ടത്ത് അധികം ആളുകളില്ലെങ്കിലും , അതുവഴി പോകുന്നവരെല്ലാം അവരെ ഇടം കണ്ണ് ഇട്ടും മറ്റും ശ്രദ്ധിക്കുന്നുണ്ട്. അവൻ റോഡിലും , പോസ്റ്റിലും എതിർവശത്തെ കടയിലുമൊക്കയായി നോക്കി കൊണ്ട് അവരോട് പറയുന്നു
\" ഞാൻ സുമൻ പറഞ്ഞ ആളാണ്...\"
അവർ തിരിച്ച് അവനെ ഒന്ന് നോക്കുന്നു. പലയിടങ്ങളിലായി പടർന്ന് കിടക്കുന്ന താടി , കൂട്ടിമുട്ടിയ പുരുകങ്ങൾ , കള്ള ലക്ഷണമുള്ള കണ്ണുകൾ , നീല നിറത്തിലുള്ള വളരെ നരച്ച ജീൻസും , വലിയ കളങ്ങൾ ഉള്ള തവിട്ട് നിറത്തിലുള്ള ഷർട്ടും. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഇറങ്ങുന്നത് എന്ന് വ്യക്തമാകുന്ന ഭാവ ചലനങ്ങൾ. ആകെ ഒന്ന് അവനെ പഠിച്ച ശേഷം അവർ ചോദിക്കുന്നു.
\"നീ എന്തര്നാണ് കിടന്ന് വെരകണത് ചെറ്ക്കാ..?\"
\"ഞാൻ ഇങ്ങനേം ഒന്ന് ഇയിനുമുമ്പ് പോയിട്ടില്ല...ആദ്യായിട്ടാണ് ചേച്ചീ... \" അവൻ വെപ്രാളത്തിൽ പറഞ്ഞു.
\" ഓ.... ഞാനും ആദ്യായിട്ടാണ് നിന്റൂടെ പിന്നെ എന്തര് കുഴപ്പം ? , ഇവടേ ഇങ്ങനെ തോനെ നേരം നിക്കാനൊന്നും പറ്റൂല പോയി ആട്ടോ വിളിച്ചോണ്ട് വാ...\"
അടുത്ത നിമിഷം അവർ ഒരു ഓട്ടോയിൽ എങ്ങോട്ടോ മറയുന്നു.
ഇതെല്ലാം കണ്ട് കൊണ്ടിരുന്ന സുമൻ ഭക്ഷണം കഴിക്കാൻ വന്ന ഒരാളോട്.
\"നമ്മളൊക്കെ ഒരു പകല് വരെ കിടന്നോണ്ട് കഷട്ടപെടണേന്റെ യെരട്ടി .. യെവര് ഈ രാത്രികൊണ്ട് ഒപ്പിക്കും.\"
അയാൾ ഗൗരവത്തിൽ
\"അയിന് ഞാ ഇപ്പോ എന്തോ വേണം ?\". അത് കേട്ട സുമൻ ഇളിഭ്യനായി ജോലിയിൽ മുഴുകി.
അവർ നഗരത്തിന്റെ ഏതോ ഒരു കോണിലെ ഒരു ലോഡ്‌ജിൽ എത്തിയിരിക്കുന്നു. ഓട്ടോക്കാരന് പണം എണ്ണി കൊടുത്തപ്പോൾ അവന്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. അതു കണ്ടിട്ടാവണം ആ ഓട്ടോക്കാരൻ അവനോട് പുശ്ചത്തോടു ചോദിച്ചു.
\" തീരെ വയ്യെങ്കി എന്തിനടേയ് ഈ പണിക്ക് പോണത്...
ആ പൈസ കൊണ്ടുപോയി വല്ല പള്ളീലും ഇട്ടൂടേ...?\"
ഇത് കേട്ടുകൊണ്ടു വന്ന ആ സ്ത്രീ തന്റെ സാരി തുമ്പ് ഇടുപ്പിൽ കുത്തി ദേഷ്യത്തോടെ ഓട്ടോക്കാരനോട് ചോദിച്ചു.
\"എന്ത് .. അമ്പലത്തി ഇട്ടാ വീഴൂല്ലേ....? പോയ് അവനോന്റെ പണി എടുക്കടാ...\".
അയാൾ തിരിച്ച് മറുപടി ഒന്നും പറയാതെ സ്ഥലം വിട്ടു.
അവർ ലോഡ്ജിനുള്ളിലേക്കു കയറുമ്പോൾ അവൻ ആ സ്ത്രീയോടു ചോദിച്ചു.
\"ചേച്ചി ഹിന്ദുവാണല്ലേ...\". അത് കേട്ട് അവർ അവനെ ഒന്ന് തുറിച്ച് നോക്കി എന്നിട്ട് പറഞ്ഞു.
\"ജാതിയും മതവും ഒക്കെ അറിഞ്ഞിട്ടെന്തിന്....., നീ എന്നെ കെട്ടാൻ പോണാ.....\"
അവന് ഇതൊക്കെ വളരെ അബദ്ധമായിപോയി എന്നു തോന്നി തുടങ്ങിയിരിക്കുന്നു.
കൗണ്ടറിൽ ഇരിക്കുന്ന മാനേജരുമായി ചില പൊതു സംസാരം നടത്തിയ ശേഷം ആ സ്ത്രീ അവനുമായി മുകളിലേക്ക് നടന്നു. വളരെ ഇടുങ്ങിയ വഴികളായിരുന്നു അത്. സ്വർഗ്ഗത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതാണ് എന്ന് ആരോ പറഞ്ഞത് അവൻ ഓർത്തു. ഇടനാഴിയിലെ ട്യൂബ് മിന്നിമിന്നി കത്തുന്നു.അവർ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറുന്നു. വളരെ ചെറിയ മുറിയായിരുന്നു അത്. അവൻ ആ മുറി ആകെ വലം വച്ച് ഒന്ന് നോക്കുന്നു , ആ സമയത്ത്‌ എവിടെ നിന്നോ അവന്റെ ഉള്ളിൽ ഒരു വലിയ ഭയം കടന്ന് കൂടുന്നു. അവൻ മനസ്സില്ലാ മനസ്സോടെ കട്ടിലിൽ ഇരുന്നു എന്നിട്ടവരോട് ചോദിക്കുന്നു.
\"ചേച്ചീടെ പേരെന്തരാണ് ....? \"
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു.
\" ..... ആമ്പൽ......\".
ആ പേര് അവനെ വല്ലാതെ ആഴത്തിൽ ചിന്തിപ്പിച്ചു , തന്റെ വള്ളത്തിൽ നിന്ന് വലിച്ചെഴച്ചു കൊണ്ടു പോയ ആമ്പലിനെ അവൻ ഓർത്തു , അവളുടെ നിലവിളി അവന്റെ ചെവിയിൽ ആഞ്ഞടിച്ചു , അവൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു.
\" ഞാൻ പോണ്...\"
അവരും ദേഷ്യം കൊണ്ട് ചാടി എണീറ്റു.
\" നീ എന്തര് ആളെ കളിയാക്കണ... \"
അവൻ മറുപടി ഒന്നും പറയാതെ പോക്കറ്റിലിരുന്ന പൈസ മേശപുറത്തേക്കിട്ടു , എന്നിട്ട് വാതിൽ അടച്ചു പുറത്തു പോകുന്നു. അവർ ആശ്ചര്യത്തോടെ അവനെ തന്നെ നോക്കി നിന്നു. ലോഡ്‌ജ് മാനേജർ അവന്റെ ഇറങ്ങി പോക്ക് അതിശയത്തോടും സംശയത്തോടും കൂടി നോക്കി നിന്നു.
ആമ്പൽ അവനെ ഒരോ നിമിഷവും വേട്ടയാടുന്നു എന്ന് അവൻ മനസ്സിലാക്കി. മരണം വരെ ഇത് പിന്തുടരും എന്ന് അവൻ ഭയന്നു. അവൻ ലോഡ്ജിനു വെളിയിലൂടെ ധൃതിയിൽ നടന്നു , പെട്ടന്ന് എവിടെ നിന്നോ വന്ന ഒരാൾ അവനെ ഇടിച്ചിടുന്നു , അയാളുടെ കൈയ്യിലെ കവർ തെറിച്ച് റോഡിൽ വീഴുന്നു അവന് അത് എടുത്ത് കൊടുക്കുന്നു. തെരുവ് വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ അവൻ ആ മുഖങ്ങൾ വ്യക്തമായി കണ്ടു.
ഭാഗം 8: ഒരു പുതിയ ബലൂൺ ഉണ്ടായ കഥ.
ലോഡ്‌ജിലെ സംഭവങ്ങൾക്ക് ഒരാഴ്ച മുൻപാണ് ആ നഗരത്തിലേക്കവർ വരുന്നത്. അവർ വന്ന ബസ്സ് ഒരു ചെറിയ പൊടി പടലം സൃഷ്ടിച്ചു കടന്ന് കളഞ്ഞു , അത് മെല്ലെ പടർന്ന് അപ്രത്യക്ഷമായപ്പോഴേക്കും അപ്പുറത്ത് രണ്ട് ആളുകൾ പ്രത്യക്ഷപ്പെട്ടു , അവരുടെ ഇരുവരുടെയും കൈയ്യിലും രണ്ട് കവറുകൾ ഉണ്ടായിരുന്നു , ഒരാൾ നന്നേ മെലിഞ്ഞിട്ടാണ് നാല്പതിനുമുകളിൽ പ്രായം, മുഖത്തെ പേശികൾ ഒട്ടിയ അയാളുടെ തുറന്നിട്ട ഷർട്ടിനുള്ളിലൂടെ വാരിയെല്ലുകളും കാണാം , സമ്പുഷ്ടമായ നരച്ച മുടി കാറ്റിൽ പറക്കുന്നു- ഇയാൾ മുടിയൻ.
മറ്റെയാൾക്ക് ബലിഷ്ട്ടമായ ശരീരമാണ് ഷർട്ടിന്റെ കൈകൾ മടക്കി അലക്ഷ്യമായി കൈ മുട്ടിനു മുകളിൽ കേറ്റി വച്ചിരിക്കുന്നു , ഭാഗികമായി കഷണ്ടി വന്നിരിക്കുന്നു , സൂക്ഷിച്ച് നോക്കിയാൽ ചെവിയിലെ നരച്ച രോമങ്ങൾ കാണാം- ഇയാൾ ചെവീ പൂടക്കാരൻ.
രണ്ടു പേരും അടുത്തുള്ള ഒരു പെട്ടി കടയിലേക്ക് നീങ്ങി.
അവിടെ നിന്ന് സിഗരറ്റും മുറുക്കാനും വാങ്ങുന്നതിനിടയിൽ മുടിയൻ കടക്കാരനോട് ചോദിക്കുന്നു.
\"ഇവിടെ മുൻപ് കച്ചവടം നടത്തിയിരുന്നത് ഒരു കുഞ്ഞൂഞ്ഞ് അല്ലായിരുന്നോ ?\"
\"മൂപ്പര് മരിച്ചട്ട് ഇപ്പോ നാലഞ്ച് വർഷായി... ഞാൻ മരുമോനാ... കടയൊക്കെ നോക്കി നടത്തണത് ഇപ്പോ ഞാനാ..... നിങ്ങൾ എവിടുന്നാ ഇവിടെ ഉള്ളവരല്ലല്ലേ...? \"
കടക്കാരൻ സംശയത്തോടെ ചോദിച്ചു.
\"ഒരു പത്ത് മുപ്പത് കൊല്ലത്തോളം ഇവിടെ തന്നെയായിരുന്നു.\" ചെവിയിൽപൂടക്കാരൻ ഒരു സിഗരറ്റ് കത്തിച്ചു കൊണ്ടു പറഞ്ഞു.
അയാൾ വീണ്ടും ചോദിച്ചു.
\"ദാ ആ ആട്ടോ സ്റ്റാന്റിന്റെ അപ്പുറത്ത് ഒരു ഇറച്ചി കടയില്ലായിരുന്നോ ?\"
കടക്കാരൻ അല്പം വെറുപ്പോടെ പറഞ്ഞു.
\" മുസ്തഫാ ന്റെ , കടയല്ലേ....? , മണൽ ബിസിനസ്സക്കെയുള്ള മുസ്തഫാ....? , എന്റെ പൊന്നു ചേട്ടാ ഈ ഇറച്ചി വെട്ടുന്ന സ്വഭാവം കൊണ്ട് ഭാര്യടെ അടുത്ത് ചെന്നാ അവര് വച്ചേക്കുമോ....\"
മുടിയൻ സംശയത്തിൽ
\"എന്നാ പറ്റി....?\"
\" അവളെ മുടിക്ക് പിടിച്ചിട്ടു കുത്തിയതിന് കുറച്ചു കാലം മുൻപ് കടേന്ന് പോലീസ് പൊക്കിയെടുത്തോണ്ട് പോയതാ.....ഡൈവോഴ്സായി എന്നൊക്കെയാ കേക്കുന്നത് \"
മുടിയനും ചെവിയിൽ പൂടക്കാരനും മുഖത്തോട് മുഖം നോക്കി. വീണ്ടും കടക്കാരൻ ഇടപ്പെട്ടു.
\"മുപ്പത് കൊല്ലങ്ങളായിട്ട് ഇവിടെയുള്ള നിങ്ങൾക്കിതൊന്നും അറിയില്ലേ..?\"
കാശു കൊടുത്തതിനു ശേഷം ചെവീപൂടക്കാരൻ വിനയത്തോടെ പറഞ്ഞു.
\" ഒരു പത്തു പന്ത്രണ്ട് വർഷം വെളിയിലായിരുന്നു അതാ \"
ഇത്രയും പറഞ്ഞ് അവർ എങ്ങോട്ടോ പോയി. കടക്കാരൻ അവരെ ഒന്ന് സംശയത്തോട് കൂടി നോക്കി. ആ സംശയം അധികം നീണ്ടു നിന്നില്ല ഇതല്ലാം കണ്ടു കൊണ്ടു വന്ന കുഞ്ഞൂഞ്ഞിന്റെ പഴയ ഒരു കൂട്ടുക്കാരൻ വഴിയാണ് കടക്കാരൻ അത് മനസ്സിലാക്കിയത്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന ഒരു സർക്കസ്സ് കമ്പനിയിലെ പതിമൂന്നു വയസ്സുകാരി കുട്ടിയെ ചിന്നതുരുത്തിൽ വച്ച് വള്ളത്തിലിട്ട് പീഠിപിച്ച് കൊന്ന കേസിലെ പ്രതികളാണ് ഇപ്പോൾ വന്ന രണ്ടു പേരും എന്ന്.
പിന്നീട് അവർ അതിനെ പറ്റി കുറെ സംസാരിച്ചു , കുറെ കഴിഞ്ഞപ്പോൾ ആ കൂട്ടുക്കാരൻ കടയിൽ നിന്ന് ഒരു കെട്ട് ബീഡിയുമായി വീട്ടിലേക്ക് പോയി. അതിന് അയാൾ കാശ് കൊടുത്തില്ല , അത് കുഞ്ഞൂഞ്ഞിന്റെ കാലം മുതൽക്കേയുള്ള പങ്കാണ്. അതറിയാവുന്നതുകൊണ്ടാവും കുഞ്ഞൂഞ്ഞിന്റെ മരുമോൻ ആ ബീഡിയുടെ കണക്ക് ഒരു ബുക്കിലും എഴുതി ചേർക്കാത്തത്.
മുസ്തഫയെ കണ്ട് പഴയ മണൽ വാരൽ ജോലി വീണ്ടും തുടരനാകും എന്ന അവരുടെ കണക്ക്കൂട്ടൽ തെറ്റി. മുടിയൻ , ചെവിപൂടക്കാരനേയും കൂട്ടി അയാളുടെ വീട്ടിലേക്ക് പോയി. മുറ്റത്ത് മുടിയന്റെ അനിയനും അയാളുടെ മകളും പുൽക്കൂടുണ്ടാക്കുന്ന തിരക്കിലായിരുന്നു. വളരെ വയസ്സായ ഒരു സ്ത്രീ മുറ്റത്ത് കപ്പ ഉണക്കാൻ നിരത്തി വച്ചിരിക്കുന്നു. അവരാണ് ആദ്യം മുടിയനായ പുത്രനെ തിരിച്ചറിഞ്ഞത്. അവരെ കണ്ട ഉടൻ അനിയൻ മകളെ അകത്തേക്ക് വഴക്കുപ്പറഞ്ഞയച്ചു. അവൾ പുൽക്കൂടിനരികിൽ നിന്ന് മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കയറി പോയി. ചെവീപൂടക്കാരൻ ആ കൂട്ടിയെ ചൂഴ്ന്നൊന്നു നോക്കി. അവർ അധികമൊന്നും സംസാരിച്ചില്ല , അതൊരു വഴക്കായി മാറി , മുടിയൻ തന്റെ ഓഹരിയേ പറ്റിയും മറ്റും ചോദിച്ചു. വഴക്ക് ഒരു കയ്യേറ്റത്തിലേക്കു പോയപ്പോൾ ചെവീപൂടൻ ഇടപ്പെട്ടു. അനിയൻ അവരെ ഇറക്കി വിട്ടു. മുടിയൻ ക്ഷുഭിതനായി മുറ്റത്ത് നിരത്തി വച്ച കപ്പ ചവിട്ടി തെറിപ്പിച്ചു. ആ വൃദ്ധയായ സ്ത്രീ അയാളെ പ് രാകി.
\"നീ കൊണം പിടിക്കേല ടാ.... മുടിയാനായീട്ടൊണ്ടായവനേ.\"
പിന്നീടവർ തൊട്ടടുത്തുള്ള ഒരു ടൗണിൽ ലോഡ്ജിൽ മുറിയെടുത്തു , അടുത്തു തന്നെ ഉള്ള ഒരു കെട്ടിടം പണി നടക്കുന്നിടത്ത് പണിക്കും പോയി തുടങ്ങി. ചെവീപൂടക്കാരന്റെ ഭാര്യ , അയാൾ ജയിലിൽ പോയതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ പോയി. ഒരു വൈകുന്നേരം അയാൾ പണിക്കാശുമായി ഒരു തുണി കടയിൽ കയറി ഒരു സാരി വാങ്ങി , ഭാര്യയെ കാണാൻ പോകുമ്പോൾ കൊടുക്കാനായി. മുടിയന്റെ നിർബന്ധ പ്രകാരമാണ് അയാൾ ഒരു സിനിമക്ക് കയറിയത്. സിനിമയും കഴിഞ്ഞ് , തട്ടു കടയിൽ നിന്ന് ഭക്ഷണം കഴിച്ച് ഏറെ വൈകിയാണ് അവർ ലോഡ്ജിലേക്ക് മടങ്ങിയത്.
അധികം ആളൊഴിഞ്ഞ ഒരു റോഡിലെത്തിയപ്പോഴാണ് അവർ അത് കണ്ടത് രണ്ട് കടയുടെ ഇടയിൽ മൂന്ന് നാലു പേരിരുന്നു മധ്യപിക്കുന്നു. മുടിയനും ചെവീപൂടക്കാരനും ആ സംഘത്തിൽ ചേർന്നു. മധ്യപാനം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു, ബോധമറ്റ പലരും അവിടത്തന്നെ കിടന്നു. ചെവീപൂടക്കാരും മുടിയനും കഷ്ട്ടപ്പെട്ട് ലോഡ്ജിലേക്ക് നടന്നു. ലോഡ്ജിനു മുന്നിലെ തെരുവ് വിളക്കിന്റെ അടുത്തെത്തിയപ്പോൾ ആരോ ഒരാൾ ചെവിപൂടക്കാരനെ തട്ടി മറികടന്ന് പോയി , ചെവീ പൂടക്കാരന്റെ കൈയ്യിലെ കവർ താഴെ വീണു. ആ ചെറുപ്പക്കാരൻ ആ കവർ എടുത്തു കൊടുക്കുന്നു , എന്നിട്ട് അയാൾ അവരെ സൂക്ഷിച്ച് നോക്കുന്നു. അവർ അത് തിരികെ വാങ്ങുന്നു.
\" ഇവനൊക്കെ എവിടെ നോക്കിയാണോ.......\" മുടിയൻ അവ്യക്തമായി പറഞ്ഞു.
എന്നിട്ടവർ മധ്യ ലഹരിയിൽ എന്തക്കയോ പറഞ്ഞുകൊണ്ട് ലോഡ്ജിനുള്ളിലേക്ക് കയറി പോകുന്നു. അപ്പോഴും അവൻ അവിടെ തന്നെ നിൽക്കുകയായിരുന്നു , ശൂന്യമായ ലോഡ്‌ജിന്റെ വാതിൽക്കൽ കണ്ണും നട്ട്. അവന്റെ കണ്ണുകൾ തിളങ്ങി , അവനിലേക്ക് ഓർമ്മകളുടെ തിര ആഞ്ഞടിച്ചു. ഇടിമിന്നലിൽ തെളിഞ്ഞ ആ വളളക്കാരുടെ മുഖങ്ങൾ , മറ്റൊരു മിന്നലായി തെളിഞ്ഞ് വന്നു. ഈ കാലമത്രയും വേട്ടയാടിയ ആമ്പലിന്റെ ഓർമ്മകൾ സമ്മാനിച്ചവർ , ചിന്നതുരുത്തിലെ അത്ഭുതത്തിലേക്കുള്ള ആമ്പലിന്റേയും അവന്റേയും യാത്ര മുടക്കിയവർ. അന്ന് വള്ളത്തിൽ നിന്ന് വീണ കൗമാരക്കാരനായ അവൻ തന്നെ , ദേഹമാസകലം നനഞ്ഞ് അടക്കി പിടിച്ച കരച്ചിലുമായി തൊട്ടടുത്ത് വന്ന് നിൽക്കുന്നതായി അവന് തോന്നി.
ആ സംഭവം കഴിഞ്ഞു , ക്രിസ്തുമസ് രാത്രിയും പുതുവത്സര രാത്രിയും കടന്നു പോയി. പിറ്റേന്നത്തെ ചിന്നതുരുത്തിലെ ഒരു പകൽ ഒരു വ്യാഴ വട്ടക്കാലത്തിനു ശേഷം അവൻ ആ മണൽപ്പരപ്പിൽ കാലുക്കുത്തി. അവന്റെ വശങ്ങളിലൂടെ പലരും അത്ഭുതം കാണാനായി തിരക്കിട്ടു പോകുന്നു. അതിനിടയിലാണ് അവൻ ആ കുട്ടിയെ ശ്രദ്ധിച്ചത് , ആ കുട്ടി വലിയ വായിൽ കരയുന്നു അവന്റെയമ്മ കുറച്ചകലയായി കടല കച്ചവടം നടത്തുകയാണ്. അവൻ ആ കുട്ടിയുടെ അരികിലായി ഇരുന്നു. കുട്ടി ദൂരെയുള്ള മറ്റൊരു കുട്ടിയുടെ കൈയ്യിലിരുന്ന ബലൂൺ ചൂണ്ടി കാട്ടി കരഞ്ഞു. അപ്പോഴാണ് അവൻ പോക്കറ്റിലാകെ അറിയാതെ പരതിയത് , അവന്റെ കൈയ്യിൽ എന്തോ തടഞ്ഞു. അതൊരു കോണ്ടമായിരുന്നു , ആഴ്ചകൾക്കു മുമ്പ് ഒരു ലോഡ്ജു മുറിയിൽ വിലക്കു വാങ്ങിയ ശരീരത്തോട് മല്ലിട്ട് അതിലൂടെ സ്വയം താൻ ലോകത്ത് ജീവിക്കുന്നു എന്ന് തെളിയിക്കാൻ മുതിർന്ന അവന്റെ വിഫല ശ്രമത്തിന്റെ ബാക്കി പത്രമായിരുന്നു ആ കോണ്ടം. അത് അവൻ ഒരു ബലൂൺ പോലെ ശ്വാസം നിറച്ചു വലുതാക്കി , ആ കുട്ടിയെ കാണിച്ച് ആകാശത്തിലേക്ക് ഉയർത്തി വിട്ടു. ആ കുട്ടി അതുകണ്ട് ചെറിയ പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു.
അവൻ അതിൽ നോക്കി നിന്നു , എന്നിട്ടവൻ തുരുത്തിനുള്ളിലേക്ക് ആ അത്ഭുതം കാണാനായി പോയി , പലരും അതിന്റെ ചിത്രങ്ങൾ എടുത്തു. മണൽക്കൂനയുടെ മുകളിലേക്ക് കയറി ആ കാഴ്ച കണ്ണു നിറയെ അവൻ കണ്ടു. അതിന്റെ അപ്പുറത്തെ കരയിൽ കൗമാരക്കാരനായ അവൻ തന്നെ നിൽക്കുന്നതായി അവനു തോന്നി. ഇരുവരും മുഖത്തോട് മുഖം നോക്കി. വലിയ ഹൃദയത്തോടു കൂടിയാണ് അവൻ തിരികെ നടന്നത് , അവനെ വേട്ടയാടിയ സ്വപ്നങ്ങൾ ഇപ്പോൾ ഇല്ല , എവിടെ നിന്നോ വന്ന ഒരു കാറ്റ് അവന്റെ ശരീരത്തെ തഴുകി മറയുന്നു , അതിനൊപ്പം ഒരു പത്രകടലാസ് പറന്ന് അവന്റെ കാലിൽ തട്ടി തടഞ്ഞു നിന്നു. അവൻ അതെടുത്ത് വായിക്കാൻ ശ്രമിച്ചു , കുറച്ചു നേരം ആ പത്രക്കടലാസ് നോക്കിയതിനു ശേഷം ചെറിയ പുഞ്ചിരിയോടെ അത് കാറ്റിനു തന്നെ തിരികെ കൊടുത്തു അത് മണൽ പരപ്പിൽ തട്ടി തഴുകി മണൽക്കൂനയും താണ്ടി വെള്ളത്തിലേക്ക് വീണു , ആ പേപ്പർ പതുക്കെ നനയാൻ തുടങ്ങി. എന്നിട്ടും അതിലെ വാർത്തയും ചിത്രവും വ്യക്തമായി കാണാം.
\"ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ തെരുവിൽ കൊല്ലപ്പെട്ട നിലയിൽ \"
അതിന്റെ താഴെ രണ്ടു ചിത്രങ്ങൾ അത് മുടിയന്റേയും , ചെവീപൂടക്കാരന്റേയുമായിരുന്നു. ആ പത്രക്കടലാസ് ആ വെള്ളത്തിലലിഞ്ഞു ചേർന്നു. അപ്പോഴേക്കും അവൻ തിരികെ നോക്കാതെ മണൽപ്പരപ്പിലൂടെ ദൂരേക്ക്‌ നടന്നു നീങ്ങി കഴിഞ്ഞിരുന്നു , ലോകത്ത് ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ അവന്റെ കൈകളിൽ വള്ളക്കാരുടെ ചോരക്കറ പടർന്നിരിക്കുന്നു. ആ പത്രക്കടലാസ് വന്ന് വീണലിഞ്ഞത് ഒരു ചെറിയ സാധാരണ വെള്ള കെട്ടിലല്ലായിരുന്നു , അതൊരു വലിയ ജലാശയമായിരുന്നു ചിന്നതുരുത്തിന്റെ മധ്യത്തിലായി അത് അങ്ങനെ പരന്ന് കിടക്കുന്നു മഴക്കാലത്ത് തുരുത്ത് വെള്ളത്തിലമരുകയും വേനലിൽ ഉയർന്നു നിൽക്കുകയും ചെയ്യും , അങ്ങനെ തുരുത്തിനുള്ളിലെ ജലാശയത്തിലെ വെള്ളം മാത്രം വറ്റാതെ നിൽക്കും , അതിൽ നിറയെ ആമ്പൽ വിടർന്നു നിൽക്കും. അതൊരു കാഴ്ചയാണ്. മുടിയനും ചെവീ പൂടക്കാരനും ആമ്പൽ കുളത്തിൽ പൂർണ്ണമായി അലിഞ്ഞില്ലാതാകുന്നു.
ആമ്പൽക്കുളത്തിന്റെ ഒരു കരയിൽ പഴയ കൗമാരക്കാരൻ ആമ്പൽ പൂക്കളെ നോക്കി മണൽപ്പരപ്പിലിരിക്കുന്നു. എന്നിട്ടവൻ കൈയ്യിൽ ഒരുപിടി മണൽ വാരി എടുത്തു അത് നാണത്തോടെ കൈയ്യിൽ നിന്ന് ഒഴുകി പോകുന്നു , അപ്പോഴേക്കും സർക്കസ്സ് കൂടാരത്തിൽ കണ്ട പതിമൂന്നു വയസ്സുള്ള ആ അത്ഭുതം 'ആമ്പൽ' അവൾ അവന്റെയൊപ്പം വന്നിരിന്നു അവളുടെ കൈയിൽ ആ പഴയ പെട്ടിയും ഉണ്ടായിരുന്നു. അപ്പോൾ ചുറ്റും ആരും ഇല്ലായിരുന്നു ദൂരെ നടന്നകലുന്ന യുവാവ് മാത്രം. അവൻ ഒരിക്കലും നടക്കാത്ത ആ ഒർമ്മയുമായി നടന്നകലുന്നു. പുതിയ ആ ബലൂൺ എങ്ങോട്ടോ പറന്ന് നീങ്ങുന്നു.

വിഷ്ണു സദാനന്ദൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo