ഉമ്മ ചോറ് വെക്കാൻ വെള്ളം തിളപ്പിക്കുന്നുണ്ടോ എന്നും നോക്കി ഞാൻ പാത്തും പതുങ്ങിയും നടന്നു. എന്താടാ ... കളിക്കാനൊന്നും പോവുന്നില്ലേ? ഇക്കയാണ് ..തലക്ക് ഒരു കിഴുക്ക് തന്ന് ഏതോ സിനിമാ പാട്ടും പാടി അവനങ്ങ് പോയി. ഉമ്മ അലൂമിനിയം ചെമ്പിൽ വെള്ളം നിറച്ച് അടുപ്പിലേക്ക് കയറ്റി വെച്ചു. തൊണ്ട് നിറച്ച അടുപ്പിലേക്ക് ഓലക്കണ്ണി കത്തിച്ചിട്ടു.. ഒരു കൊതുമ്പ് കൂടി കയറ്റി വെച്ച് ഓടക്കുഴൽ കൊണ്ട് ഊതിയപ്പോൾ മഞ്ഞയും ചുവപ്പും കലർന്ന തീ കത്തി തുടങ്ങി.ഉമ്മാ...ഈ കോഴി മുട്ട ഒന്ന് വാട്ടി തരാമോ? വെളുക്കനെ ചിരിച്ച് വായിൽ കപ്പലോടിക്കാൻ മാത്രം വെള്ളം നിറച്ച് ഞാൻ ചിണുങ്ങി.ഈ ചെക്കന്റ ഒരു മുട്ടക്കൊതി.. ഉമ്മ ചിരിച്ച് കൊണ്ട് എന്റെ കയ്യിലിരുന്ന വെളുപ്പിൽ ചുമപ്പ് കലർന്ന നാടൻ കോഴി മുട്ട വാങ്ങി നന്നായി കഴുകി വൃത്തിയാക്കി കലത്തിലേക്കിട്ടു.ഇനി അതൊന്ന് വെന്തു കിട്ടുന്ന വരെയാണ് അക്ഷമയോടുള്ള കാത്തിരിപ്പ്.
മുട്ടക്കൊതി പണ്ടേ ഉള്ളതാണ് അതും നാടൻ മുട്ട തന്നെ വേണം.. പകുതി പുഴുങ്ങി എടുക്കണം... വാട്ടുക എന്നാണ് അതിന് പറയുക. ചൂട് മാറ്റാൻ തണുത്ത വെള്ളത്തിലിടും... എന്നിട്ട് കുഞ്ഞി സ്പൂൺ കൊണ്ട് തോട് അൽപം പൊട്ടിച്ച് ഐസ് ക്രീം പോലെ കഴിക്കാം.. വെളളയും മഞ്ഞയും കൂടി.. എന്താ രസം.. ഹീ...
മുട്ടയുടെ ആവശ്യകത വല്ലാതെ കൂടിയപ്പോൾ ഉമ്മ ഒരു കോഴിയെ കൂടി വാങ്ങി.. ഗിരിരാജൻ ഇനത്തിൽ പെട്ട മണ്ണിന്റെ നിറമുള്ള തടിച്ച് കൊഴുത്തൊരു സുന്ദരി പിടക്കോഴി... ദിവസം ഓരോ മുട്ട വെച്ച് തരുമെന്നാണ് കാശെണ്ണി വാങ്ങിക്കുമ്പോൾ കോഴിക്കച്ചവടക്കാരി
നാണിത്തള്ള പറഞ്ഞത് .വലിയ മുട്ട തരുന്നത് കൊണ്ടാവാം എനിക്കവളെ വല്ലാതങ്ങിഷ്ടായി.. ഗിരി മോളേന്ന് വിളിച്ച് പിറകെ തന്നെ നടന്നു.
നാണിത്തള്ള പറഞ്ഞത് .വലിയ മുട്ട തരുന്നത് കൊണ്ടാവാം എനിക്കവളെ വല്ലാതങ്ങിഷ്ടായി.. ഗിരി മോളേന്ന് വിളിച്ച് പിറകെ തന്നെ നടന്നു.
പരിസരത്തുള്ള പൂവന്മാരൊക്കെ കണ്ണ് വെച്ചെങ്കിലും ഗിരി മോൾ പൊടിക്ക് ഗമയിട്ട് തന്നെ നടന്നു... തീറ്റ അൽപം കൂടുതലാണെങ്കിലും അവളുടെ ശരീര വലിപ്പം പരിഗണിച്ച് അതും ക്ഷമിച്ചു.അയലത്തെ മറിയത്തയുടെ വാഴത്തൈകളുടെ കൂമ്പ് കൊത്തി തിന്ന കൊലപാതക കേസ് അവളുടെ തന്നെ മുട്ട കൈ കൂലി കൊടുത്താണ് ഒതുക്കിയത്. ആദ്യമൊക്കെ പതിവായി ലഭിച്ചിരുന്ന മുട്ടകൾ പിന്നീട് ചില ദിവസങ്ങളിൽ കാണാതാവാനും തുടങ്ങി.കീരി കക്കുന്നതാവാം എന്നായിരുന്നു ഉമ്മയുടെ സംശയം.
അങ്ങനെയിരിക്കെയാണ് ഗിരി മോളുടെ സ്വഭാവത്തിലൊക്കെ ഒരു മാറ്റം കണ്ട് തുടങ്ങിയത്. തൂവൽ എടുത്ത് പിടിച്ച നടപ്പും വല്ലാത്തൊരു കുറുകലുമൊക്കെ... പൊരുത്ത് ആയതാണത്രെ... മുട്ട സൂക്ഷിച്ച് വെച്ചിരുന്നേൽ അട വെച്ച് വിരിയിക്കാമായിരുന്നു എന്ന് ഉമ്മ ആവലാതി പറഞ്ഞു. ഞാനൊന്നും മിണ്ടാൻ പോയില്ല.. ഇനി മുട്ട കിട്ടൂലല്ലോ എന്നത് മാത്രമായിരുന്നു സങ്കടം.
ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം രാവിലെ പല്ല് തേക്കാൻ മുറ്റത്തിറങ്ങിയ ഞാൻ അന്തം വിട്ട് വാ പൊളിച്ച് നിന്ന് പോയി.. ഗിരി മോളുണ്ട് അന്തസായി നടന്ന് വരുന്നു.. കൂടെ പഞ്ഞിത്തുണ്ടുകൾക്ക് കാല് മുളച്ച പോലെ എട്ട് പത്ത് കോഴിക്കുഞ്ഞുങ്ങൾ.. സംഭവം കണ്ട ഉമ്മയും മൂക്കത്ത് വിരൽ വെച്ചു നിന്നു.. അമ്പടി കേമീ... കാണാതായ മുട്ടകൾ എവിടെപ്പോയെന്ന് ഇപ്പോഴല്ലേ പിടി കിട്ടിയേ... അത്ഭുതം സന്തോഷത്തിന് വഴി മാറി.. ഗിരി മോളപ്പോൾ മക്കളെ തീറ്റുന്ന തിരക്കിലായിരുന്നു.. ഒറ്റക്ക് എല്ലാം വെട്ടി വിഴുങ്ങുന്നവൾ ഇപ്പോൾ തീറ്റ കൊച്ച് കഷണങ്ങളാക്കി കുഞ്ഞുങ്ങൾക്ക് ഇട്ട് കൊടുക്കാണ്.. അതുങ്ങൾ പീ .. പീ. ശബ്ദമുണ്ടാക്കി ഓടി നടന്ന് തിന്നുന്നു...
ഗിരി മോളേം കുഞ്ഞ് ഗിരി മക്കളേം നോക്കിയങ്ങനെ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്നൊരു ചിന്ത വന്നു.. ഈ പത്തെണ്ണവും വളർന്ന് വലിയ പിടക്കോഴികൾ ആയാൽ ..പടച്ചോനേ..ദിവസോം പത്ത് മുട്ട..! ഹുറേ... സന്തോഷത്തിൽ ഞാനറിയാതങ്ങ് അലറിപ്പോയി.. ശബ്ദം കേട്ടാവാം ഗിരി മോൾ തീറ്റ കൊടുക്കൽ നിർത്തി വെച്ച് തിരിഞ്ഞൊന്ന് നോക്കി.. ആ കണ്ണുകളിൽ ഒരു വല്ലാത്ത കുസൃതി ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നോ?... എനിക്ക് തോന്നിയതാവും ലെ..............
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക