മാളൂട്ടിയോടൊപ്പം ആ വലിയ ഓഡിറ്റോറിയത്തിന് മുൻപിൽ വന്നിറങ്ങുമ്പോൾ മനസ്സ് നിറയെ എന്തൊക്കെയോ ആശങ്കകൾ ആയിരുന്നു അഭിരാമിക്ക്....
മാളൂട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് തികച്ചും അപരിചിതയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമ്മതിച്ചത്....വീടും ഓഫീസും മാത്രം ആയിരുന്നു വർഷങ്ങളായി അവളുടെ ലോകം. ഇങ്ങനെയുള്ള പരിപാടികളിൽ നിന്നും സ്വയം ഒഴിഞ്ഞു മാറിയിട്ട് നാളുകളേറെയായി. ആളുകളെ അഭിമുഖികരിക്കാൻ മടി ആയി തുടങ്ങിയിരിക്കുന്നു....
മാളൂന്റെ കൈയും പിടിച്ച് അകത്തേക്ക് കയറാനൊരുങ്ങവേ അവളുടെ കൂട്ടുകാരി അടുത്തേക്ക് ഓടിയെത്തി...സർവ്വാഭരണവിഭൂഷിതയായി തന്റെ ഇഷ്ട്ട നിറമായ മെറൂൺകല്യാണസാരിയിൽ അവൾ വളരെ സുന്ദരി ആയിരിക്കുന്നു. ഒരു വസന്തം മുന്നിൽ വന്നു വിരിഞ്ഞതുപോലെ..... ഇതുപോലെ അണിഞ്ഞൊരുങ്ങാൻ ഏറെ കൊതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു തനിക്കും പക്ഷെ.... ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രെമിക്കുമെങ്കിലും ഇതുപോലെയുള്ള കാഴ്ചകൾ ശെരിക്കും മനസിന് ഒത്തിരി സന്തോഷം നൽകുന്നു...
മാളൂട്ടി പരിചയപ്പെടുത്തി...അപ്പച്ചി ഇതാണ് കാർത്തിക.....ഞാൻ എപ്പോളും പറയാറുള്ള എന്റെ കാർത്തു... ഡീ കള്ളി.....ഇതാണ് ഞാൻ നിന്നോട് പറയാറുള്ള എന്റെ അപ്പച്ചി.... തന്റെ നേരെ കൂപ്പിയ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ച് ആശംസകൾ നേരുമ്പോളായിരുന്നു... പെട്ടന്ന് അയാൾ അവിടേക്ക് വന്നത്. മോളെ....നീ ഇവിടുണ്ടായിരുന്നോ... അച്ഛൻ എവിടെല്ലാം നോക്കി. ചെറുക്കനും കൂട്ടരും ഇപ്പൊ എത്തും.....മോള് വന്നേ....
പെട്ടന്ന് ഒരു ഷോക്ക് അടിച്ചതുപോലെ.... നെഞ്ചിനകത്ത് ഒരു പിടച്ചിൽ...ശരീരം ആകെ തളരുന്നത് പോലെ.... ഈ ശബ്ദം.... ഈശ്വരാ ഇത് അയാൾ അല്ലേ... വർഷങ്ങൾക്ക് ശേഷം ആണെങ്കിലും ആ ശബ്ദവും അതിന്റെ ഉടമയെയും പെട്ടന്ന് തിരിച്ചറിഞ്ഞു.... അപ്പോഴേക്കും കാർത്തിക പരിചയപ്പെടുത്തി... ആന്റി...ഇതാണെന്റെ അച്ഛൻ...അച്ഛാ... അച്ഛനറിയാല്ലോ മാളൂനെ... അവളുടെ അപ്പച്ചി ആണ്... നിറഞ്ഞ ഔപചാരികതയോടെ കൈകൾ കൂപ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു... വരൂ അകത്തോട്ടിരിക്കാം... തികച്ചും യാന്ത്രികമായി തിരിച്ചു കൈകൂപ്പുമ്പോൾ മനസ് ഒന്ന് പതറിയോ.....????
നീണ്ടവർഷങ്ങളായി താൻ കാത്തിരുന്ന ആളെ കണ്ടുമുട്ടിയത് അയാളുടെ മകളുടെ വിവാഹവേദിയിൽ... തന്നെ തിരിച്ചറിഞ്ഞില്ലാന്നുണ്ടോ...?? ആ മുഖത്ത് യാതൊരുവിധ ഭാവഭേദവും ഇല്ലല്ലോ? നിയന്ത്രണം വിട്ട് പഴയ ഓർമകളിലേക്ക് തിരിച്ചോടാൻ ശ്രെമിക്കുന്ന മനസ്സിനെ പിടിച്ചുനിർത്തി...എന്നാലും ഈശ്വരാ ഇത്രയും നാളത്തെ പ്രാർഥനക്കും കാത്തിരിപ്പിനും ഇങ്ങനെയൊരു കൂടിച്ചേരൽ ആയിരുന്നോ വേണ്ടിയിരുന്നത്...????
ഒരു കാലത്ത് എത്ര വലിയ ആൾകൂട്ടത്തിൽ നിന്നും തന്നെ തിരഞ്ഞു കണ്ടെത്തിയിരുന്ന കണ്ണുകൾ ഇന്ന് എന്തേ തന്നെ തിരിച്ചറിയുന്നില്ല.... അതോ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുകയാണോ.. മനസ്സിൽ പൊട്ടിക്കരഞ്ഞുകൊണ്ട്.....അറിയാതെ നിറഞ്ഞ കണ്ണുകൾ മറ്റുള്ളവർ കാണാതെ മുഖം അമർത്തി തുടച്ച് അകത്തേക്ക് കയറി..ചടങ്ങുകൾ എല്ലാം കാണത്തക്ക വിധത്തിൽ മുൻനിരയിലെ ഒഴിഞ്ഞ ഒരു കോണിലായിട്ടിരുന്നു... അപ്പച്ചി ഞാനൂടെ കാർത്തൂന്റെ അടുത്തോട്ട് ചെല്ലട്ടെ...ബാക്കി കൂട്ടുകാരെല്ലാം അവളുടെ കൂടെയുണ്ട്... ഇപ്പൊ വരാം എന്ന് പറഞ്ഞ് മാളൂ പോയപ്പോൾ ആശ്വാസം തോന്നി.. ഇപ്പോൾ തനിക്കാവശ്യം കുറച്ചു നേരത്തെ ഏകാന്തത ആണ്...
ആരോടും പറയാതെ..... ആരെയും അറിയിക്കാതെ തന്റെ ഉള്ളിൽ ഒളിപ്പിച്ച ഇന്നലകളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു....
കോളേജിൽ പഠിക്കുന്ന കാലം... കൂടെയുള്ളവർ കോളേജ് ജീവിതം ആസ്വദിക്കുമ്പോൾ വീട്ടിലെ അവസ്ഥ മനസ്സിലാക്കി തന്നിലേക്ക്
തന്നെ ചുരുങ്ങി ജീവിച്ചിരുന്ന കാലം. പെരുകിവന്ന കടബാധ്യതകൾക്കുള്ള പരിഹാരം അച്ഛൻ ഒരു മുഴം കയറിന്റെ തുമ്പിൽ കണ്ടെത്തിയപ്പോൾ ജീവിതത്തിനു മുൻപിൽ പകച്ചുപോയ അമ്മയുടെ ധൈര്യം താൻ ആയിരുന്നു. പഠിക്കാൻ മിടുക്കി ആയിരുന്ന തന്റെ മേൽ അത്രക്ക് ആത്‌മവിശ്വാസം ആയിരുന്നു അമ്മക്ക്.... ഇല്ലാത്ത കാശ് മുടക്കി പഠിക്കാൻ അയച്ചപ്പോൾ അമ്മ ഒന്നേ ആവശ്യപ്പെട്ടുള്ളു... തന്റെ താഴെയുള്ളവരുടെ ഭാവി അത് മറന്ന് ഒന്നും ചെയ്യില്ല എന്ന വാക്ക്...
എങ്ങനെയും പഠിച്ച് ഒരു മറുകര എത്തണം എന്ന വാശിയിൽ സ്വയം തീർത്ത ലോകത്തിൽ ഒറ്റപ്പെട്ട് ജീവിച്ചു... എന്നിട്ടും തന്നെ ശ്രെദ്ധിക്കുന്ന ആ കണ്ണുകളും ആ നോട്ടത്തിന്റെ തീക്ഷ്ണതയും തിരിച്ച് അറിഞ്ഞു...കണ്ടില്ലെന്നു നടിക്കുമ്പോളും ആ കണ്ണുകളുടെ ഉടമയെ അയാൾ പോലും അറിയാതെ ഒളിഞ്ഞു നോക്കുമായിരുന്നു. പതിയെ പതിയെ ആ കണ്ണുകൾ ആത്‌മാവിന്റെ ഭാഗമായി മാറി. രാത്രിയുടെ ഏകാന്തതയിൽ ആ കണ്ണുകളെ സ്വപ്നം കാണാൻ തുടങ്ങി.. പക്ഷെ അയാൾ സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം ഒഴിഞ്ഞുമാറി...
അവസാനവർഷം..... ക്‌ളാസ്സുകൾ തീരാൻ അധികം ദിവസങ്ങൾ ഇല്ല...ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോൾ കാലം തെറ്റി പെയ്ത മഴയും നനഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോൾ ഒരു കുടയുമായി ഓടി വന്നു കൂടെ നടന്നപ്പോൾ എന്തൊ എതിർക്കാൻ തോന്നിയില്ല... എന്തൊക്കെയോ സംസാരിച്ചു...പിന്നീടുള്ള ദിവസങ്ങളിൽ ഒരുമിച്ചുള്ള ആ യാത്ര ഒരു പതിവായി...അവസ്ഥകൾ എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഇനിയുള്ള ജീവിതത്തിൽ താങ്ങായും തണലായും കൂടെ ഉണ്ടാകുമെന്ന ഉറപ്പ് പറഞ്ഞു... അവസാന പരീക്ഷയും കഴിഞ്ഞ് വിട പറയുമ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളു...അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനുള്ള സാവകാശം..... എനിക്ക് ഒരു തിടുക്കവും ഇല്ല....കടമകൾ എല്ലാം പൂർത്തിയാക്കി നീ നിനക്കായ് എന്ന് ജീവിക്കാൻ തുടങ്ങുന്നുവോ അന്നറിയിക്കുക....എനിക്കായി കാത്തിരിക്കുക....എത്ര നാൾ ആയാലും നിന്നെയും തേടി ഞാൻ വരും...അവസാനമായി പിരിയുമ്പോൾ പറഞ്ഞ വാക്കുകൾ.....ആ ഒരു ഉറപ്പ് മതിയായിരുന്നു ലക്ഷ്യങ്ങൾ വെട്ടിപ്പിടിക്കാൻ... ആ വാക്കിന്റെ ബലത്തിൽ മുന്നിലെ തടസങ്ങൾ എല്ലാം വെട്ടിമാറ്റി മുന്നേറി...ഉയരങ്ങൾ കീഴടക്കി...
ഇടയ്ക്കിടെ കിട്ടുന്ന കത്തുകൾ പകർന്നുതന്ന ആതമവിശ്വാസം ഒരിക്കൽ സ്വപ്നം കണ്ടിരുന്ന ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടികളായി....പിന്നീട് എപ്പോളോ കത്തുകളുടെ ഇടവേളകൾ കൂടി....വന്ന കത്തുകൾ കുറെ വരികളിലായി ചുരുങ്ങി...സങ്കടങ്ങളും ആശങ്കകളും അറിയിച്ചിട്ടും കൃതയമായ ഒരു മറുപടി കിട്ടിയില്ല...പിന്നീട് എപ്പോളോ കത്തുകൾ നിലച്ചു...പക്ഷെ അതൊന്നും വക വയ്ക്കാതെ തുടരെ കത്തുകൾ എഴുതിക്കൊണ്ടിരിന്നു....എന്നാൽ ആ കത്തുകൾ വാങ്ങാൻ ആളില്ലാതെ തിരിച്ചു വന്നതോടെ പേടി ആയിത്തുടങ്ങി...എങ്കിലും തേടി വരും എന്ന ഉറപ്പുണ്ടായിരുന്നു.... അവസാനം അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റി സ്വസ്ഥമായി.... അപ്പോഴേക്കും ജീവിതം പാതിവഴി താണ്ടിക്കഴിഞ്ഞിരുന്നു...
ജീവിതവും ജീവിത സാഹചര്യങ്ങളും മാറിയപ്പോൾ സഹോദരങ്ങളുടെ നിർബന്ധത്തിൽ കൂടുതൽ സൗകര്യത്തിനായി നാടും വീടും മാറി ജീവിക്കേണ്ടി വന്നു എങ്കിലും അറിയാവുന്നിടത്തൊക്കെ അന്വേഷിച്ചു...പക്ഷെ നിരാശ ആയിരുന്നു ഫലം...എന്നിട്ടും കാത്തിരുന്നു....
പോകെപ്പോകെ അന്വേഷണങ്ങൾ നിലച്ചു...പേടി ആയിരുന്നു...ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത സത്യങ്ങളിലേക്ക് തന്റെ അന്വേഷണങ്ങൾ തന്നെ കൊണ്ടെത്തിച്ചേക്കുമോ എന്ന ഭയം...
തന്റെ മനസ്സറിഞ്ഞിട്ടോ...അതോ ആവശ്യങ്ങൾ ഒരിക്കലും തീരാഞ്ഞിട്ടോ സഹോദരങ്ങൾ ഒരിക്കലും ഒന്നിനും നിർബന്ധിച്ചില്ല...
അപ്പച്ചി....അപ്പച്ചി....ഇത് എന്തുവാ ഈ ചിന്തിച്ചു കൂട്ടുന്നെ...മാളൂട്ടിയുടെ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു. ഓർമ്മകളിലൂടെ പുറകോട്ട് പോയപ്പോൾ ചുറ്റും നടന്നതൊന്നും അറിഞ്ഞില്ല..
അയാൾ മകളുടെ കൈപിടിച്ച് സുന്ദരനായ വരന്റെ കൈകളിലേക്ക് ഏൽപ്പിച്ചു...ഉയർന്നുകേൾക്കുന്ന നാദസ്വര മേളങ്ങൾക്കിടയിൽ താലികെട്ട് നടന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുവോ..തന്റെ മകളായി ജനിക്കേണ്ടിയിരുന്നവൾ....മനസ്സ് നിറഞ്ഞ് അവൾക്കുവേണ്ടി പ്രാർത്ഥിച്ചു...ആത്‌മനിർവൃതിയോടെ വധുവരന്മാരെ അനുഗ്രഹിക്കുന്ന അയാളെ കണ്ടപ്പോൾ ആണ് ഓർത്തത് അദ്ദേഹത്തിന്റെ നല്ലപാതി ആകാൻ അനുഗ്രഹം കിട്ടിയ ആളെ കണ്ടില്ലല്ലോ...ചടങ്ങുകൾ എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോളും ആ ഒരു ആൾക്കുവേണ്ടി കണ്ണുകൾ എല്ലായിടത്തും പരതി...പക്ഷെ ആ ആളെ മാത്രം കാണാൻ കഴിഞ്ഞില്ല...തിരികെ വരുമ്പോൾ ഒഴുക്കൻമട്ടിൽ ചോദിച്ചു...മാളൂട്ടി ആ കുട്ടിയുടെ അമ്മ എവിടെ ? ചടങ്ങുകൾക്കൊന്നും കണ്ടില്ലല്ലോ....മൊബൈലിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നതിനിടയിൽ മാളൂ പറഞ്ഞു അവൾക്ക് അവളുടെ അച്ഛൻ അല്ലാതെ വേറെ ആരും ഇല്ല അപ്പച്ചി...ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിട്ടും എന്തൊ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല...
പിന്നീടുള്ള ദിവസങ്ങളിൽ ചിന്തകൾ മുഴുവൻ അദ്ദേഹത്തെ ചുറ്റിപറ്റി ആയിരുന്നു...ഒന്ന് വിളിച്ചാലോ ??? മാളൂട്ടിയോട് ചോദിച്ചാൽ ഫോൺ നമ്പർ കിട്ടുമായിരിക്കും....മനസിനെ കാർന്നു തിന്നുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തരാൻ അയാൾക്കേ പറ്റൂ...പക്ഷെ കണ്ടിട്ടും ഒരു പരിചയവും കാണിക്കാത്ത ആളെ വിളിച്ചാൽ കിട്ടുന്നത് ഇതിലും വലിയ വേദന ആണെങ്കിലോ ???? നിർത്താതെ അടിക്കുന്ന മൊബൈൽ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്...നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ...എടുക്കാൻ തോന്നിയില്ല... എന്നിട്ടും ഒരു ഉൾവിളിപോലെയെന്നോണം ഫോൺഎടുത്തു....ഹലോ....ആമീ....
ഓർക്കാപ്പുറത് കാതുകളിലേക്ക് ആ ശബ്ദം വന്നുവീണപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ...വർഷങ്ങളായി താൻ കാത്തിരുന്നത് ഈ ഒരു വിളി കേൾക്കാൻ വേണ്ടിയല്ലേ....ഒരു നൂറ് കാര്യങ്ങൾ ചോദിക്കാനുണ്ട് പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല....തിരിച്ച് പ്രതികരണം ഒന്നും ഇല്ലാഞ്ഞിട്ടാവാം തെല്ലൊരു സംശയത്തോടെ പിന്നെയും വിളിച്ചു ആമീ...എന്തോ.... വിളികേൾക്കാതിരിക്കാൻ ആയില്ല...എനിക്ക് സംസാരിക്കാനുണ്ട്...പക്ഷെ ഫോണിലൂടെ അല്ല നേരിട്ട്...നാളെ വീടിനടുത്തുള്ള അമ്പലത്തിൽ ഞാൻ വരും....വരണം ഞാൻ കാത്ത് നിൽക്കും. മറുപടി പറയാൻ പോലും സമയം തരാതെ മറുതലക്കൽ നിന്നു ഫോൺ കട്ട് ചെയ്തപ്പോളും അമ്പരപ്പ് മാറിയിരുന്നില്ല... തിരിച്ചു വിളിക്കാൻ ഒരുങ്ങിയതാണ്. പിന്നെ വിചാരിച്ചുപറയാനുള്ളത് എന്താണെങ്കിലും ആ മുഖത്തുനിന്നും നേരിട്ട് കേൾക്കാം....
എന്താവും പറയാനുള്ളത്....ചെയ്‌തു പോയ തെറ്റ് പൊറുക്കണം എന്നാകുമോ...അതോ എല്ലാം മറക്കണം എന്ന് പറയാനാകുമോ??? ഇപ്പോഴും താൻ കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കി സഹതാപം പ്രകടിപ്പിക്കാനാവുമോ???....ഒരു പക്ഷെ കൗമാരപ്രായത്തിന്റെ വെറും ചാപല്യമായിക്കണ്ട് തള്ളിക്കളയേണ്ടതിനു പകരം ആ വാക്ക് വിശ്വസിച് ജീവിച്ചതിനു കളിയാക്കാനാവും.... ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിച്ചു നേരം വെളുപ്പിച്ചു... വേഗം തന്നെ കുളിച്ച് അമ്പലത്തിലേക്ക് പോകാൻ തയ്യാറായി. പതിവില്ലാത്ത യാത്രയെ പലരും ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായി ഒരു മറുപടി നൽകാതെ ഇറങ്ങി നടന്നു...എന്തായാലും ആളെ കാണുന്നതിന് മുൻപേ ദേവിയെ മനസ്സ് നിറയെ കണ്ട് തൊഴുത് പ്രാർത്ഥിക്കണം. എല്ലാ സങ്കടങ്ങളും ഏറ്റുപറയണം...ആൾക്ക് പറയാനുള്ളത് എന്തായാലും കേൾക്കാനും സഹിക്കാനും ഉള്ള ശക്തി തരാൻ അപേക്ഷിക്കണം..പക്ഷെ കണക്ക്കൂട്ടലുകൾ തെറ്റി....അകലെ നിന്നെ കണ്ടു തന്നെയും കാത്തുനിൽക്കുന്ന അയാളെ...മനസ്സ് ഒന്ന് വിറച്ചുവോ...പക്ഷെ എവിടെനിന്നോ കിട്ടിയ ധൈര്യത്താൽ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ മുന്നിലേക്കെത്തിയത്...
വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു കാത്തുനിന്നു മുഴിഞ്ഞുവോ....ഇല്ലാ... പക്ഷെ ആമി വരാതിരിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു...കുറച്ചു നേരംകൂടി കാത്തുനിൽക്കു....ഞാൻ തൊഴുത് വരാം എന്ന് പറഞ്ഞ് അമ്പലത്തിനുള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതാണ്...നിൽക്കു....ആമി എനിക്ക് പറയാനുള്ളത് കേൾക്കു...എന്നിട്ടാവാം ദേവിയെ കാണുന്നത്...എന്തൊ ആ വാക്കുകളെ ധിക്കരിക്കാൻ ആയില്ല....
അന്ന് മോളുടെ കല്യാണത്തിന് അപ്രതീക്ഷിതമായി കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി....ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നില്ല.. സ്വയം നിയന്ത്രിച് ചടങ്ങുകൾ നടത്തുമ്പോളും ആമിയോട് സംസാരിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. പക്ഷെ സാഹചര്യം എന്നെ അടിമ ആക്കി....മോളാണ് ആമിയുടെ നമ്പർ വാങ്ങി തന്നത്...ആമി....ആമിയെന്താ വിവാഹം കഴിക്കാതിരുന്നത്....പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്...എങ്കിലും പറഞ്ഞു.....മനസ്സ് തുറന്നു സ്നേഹിച്ച ആൾ കാത്തിരിക്കാൻ പറഞ്ഞിട്ട് പോയത് ഇനി ഒരിക്കലും മടക്കമില്ലാത്ത ഒരു യാത്രയിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല....തന്റെ മറുപടി കേട്ട് നിറഞ്ഞ ആ കണ്ണുകൾ കണ്ടപ്പോൾ കുറ്റബോധം തോന്നി...വാക്കുകൾക്ക് മൂർച്ച കൂടിപ്പോയോ....
കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അദ്ദേഹം തുടർന്നു....ആമി...കാര്യങ്ങൾ ആമി കരുതും പോലെ അല്ല...കാർത്തിക അവൾ എന്റെ മകൾ അല്ല...എന്റെ താങ്ങും തണലും ആയിരുന്ന എന്റെ ഏട്ടന്റെ മകളാണവൾ....അവൾക്ക് ഈ ലോകത്തിൽ ഞാൻ മാത്രമേയുള്ളു.... അവൾക്ക് ചോറുകൊടുക്കാനായി ഗുരുവായൂർക്ക് പോകുന്ന വഴി ഒരു ആക്‌സിഡന്റിൽ പെട്ടാണ് അവളുടെ അച്ഛനും അമ്മയും മരിക്കുന്നത്. അന്ന് മുതൽ അവളുടെ അച്ഛനും അമ്മയും ഞാനാണ്...ചെറിയച്ഛൻ എന്ന് വിളിക്കാനല്ല അച്ഛൻ എന്ന് വിളിക്കാനാണ് അവളെ ഞാൻ പഠിപ്പിച്ചത്...സ്വന്തം മകളായിട്ടാണ് ഞാൻ അവളെ വളർത്തിയതും..ജീവിതത്തിൽ ഒരുപാട് പ്രാരാബ്ദങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്നു ഉയരങ്ങൾ താണ്ടാൻ ആഗ്രഹിച്ച നിന്‍റെ മുന്നിലേക്ക് എന്റെ മോളുടെ കൈയും പിടിച് വരാനുള്ള ധൈര്യം എനിക്കില്ലായിരുന്നു...നിന്‍റെ സ്വപ്‌നങ്ങൾ ലക്ഷ്യത്തിൽ എത്താൻ ഞങ്ങൾ ഒരു തടസ്സം ആകുമോ എന്ന ഭയം നിന്നിൽ നിന്നും ഒളിച്ചോടാൻ എന്നെ നിർബന്ധിതൻ ആക്കി....ഒരിക്കലും നിന്നെ മറക്കാനാകില്ലെന്നും....നിന്നിൽ ആണെന്റെ പൂർണതയെന്നും അറിഞ്ഞിട്ടും സ്വയം പിന്മാറി...എനിക്കറിയാമായിരുന്നു നീ തേടിയിറങ്ങുമെന്ന്...നിന്‍റെ നോട്ടം എത്താത്ത ഒരിടത്ത് നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച് എന്റെ മകൾക്ക് വേണ്ടി ജീവിച്ചു..
പതുക്കെ പതുക്കെ ആമി എല്ലാം മറക്കുമെന്നും നല്ലൊരു ജീവിതം കണ്ടെത്തുമെന്നും സ്വയം ആശ്വസിച്ചു....പക്ഷെ ഇന്നും നീ എനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന സത്യം അറിഞ്ഞപ്പോൾ തോറ്റുപോയത് ഞാൻ ആയിരുന്നു....ആമീ എന്നോട് പൊറുക്കില്ലേ നീയ്...ജീവിതത്തിൽ ഇനി എത്ര നാളുകൾ ബാക്കിയുണ്ട് എന്നെനിക്കറിയില്ല....
എങ്കിലും ഞാൻ ഒരു തീരുമാനം എടുത്തു...ഇനിയുള്ള ജീവിതം അത് കുറച്ച് നിമിഷങ്ങൾ മാത്രം ആണെങ്കിലും...ആ നിമിഷങ്ങളിൽ നീ എന്റെ ഒപ്പം വേണം. ഇത് ഒരു എടുത്തുചാട്ടമോ നിന്നോടുള്ള സഹതാപമോ ഒന്നും അല്ല....ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ നിന്നെ എന്റെ കണ്മുൻപിൽ എത്തിച്ചുതന്ന ദൈവത്തിന്റെ നിച്ഛയം ആണ്....വളരെ നന്നായി ആലോചിച്ചു.... ഇനിയുമൊരു വേർപിരിയൽ അത് വേണ്ട ആമി....
നിനക്ക് എന്നെ മനസിലാവുന്നില്ലേ ആമി...നീ വരില്ലേ ആമീ എന്റെ കൂടെ....
ഈശ്വരാ താൻ സ്വപ്നം കാണുകയാണോ..അതോ ഇതെല്ലാം തന്റെ മനസ്സിന്റെ വെറും തോന്നലുകളാണോ...അല്ല ഇത് സ്വപ്നം അല്ല കാരണം മനസിലെ സങ്കടകടൽ സന്തോഷത്തിനു വഴിമാറി മിഴിനീരായി ഒഴുകിയിറങ്ങുന്നത് തനിക്ക് അറിയാൻ പറ്റുന്നുണ്ട്...എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ ശബ്ദം നഷ്ട്ടപെട്ടതുപോലെ....ഈ ഒരു വിളിക്കായി ഈ ഒരു നിമിഷത്തിനായിട്ടാണ് താൻ കാത്തിരുന്നത് എന്ന് ഉറക്കെ പറയണമെന്നുണ്ട്....കണ്ണീരിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന തന്റെ കണ്ണുകളിലൂടെ സമ്മതം അറിഞ്ഞിട്ടോ എന്തൊ തന്റെ കൈയും പിടിച്ച് അമ്പലത്തിനുള്ളിലേക്ക് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു രണ്ടുപേർക്കും...താൻ ഇത്രയും നാൾ കാത്തിരുന്ന ആളോടൊപ്പം ദേവിയെ തൊഴുത് നിന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷം. തൊഴുത്തിറങ്ങിയപ്പോൾ കിട്ടിയ പ്രസാദം പരസ്പരം തൊടുവിച്ച്.... ദേവിയെ സാക്ഷിയാക്കി ആ പ്രസാദത്തിൽ നിന്നും കുറച്ച് കുങ്കുമം അയാൾ അവളുടെ നിറുകയിൽ ചാർത്തി കൊടുത്തപ്പോൾ നിറഞ്ഞത് അവരുടെ കണ്ണുകൾ മാത്രമല്ല മനസ്സുംകൂടി ആയിരുന്നു...ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ സങ്കടങ്ങൾ മറന്നുകൊണ്ട്....യാഥാർത്ഥപ്രണയം അത് കാലത്തിനും പ്രായത്തിനുമൊക്കെ അതീതമാണെന്നുള്ള സത്യം മനസ്സിലാക്കി പരസ്പരം കരം പിടിച് ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് നടന്നകലുമ്പോൾ അവരുടെ മനസ്സ് നിറയെ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരുന്നു.....ശ്രീകോവിലിനുള്ളിലെ ദേവിയുടെ അനുഗ്രഹവർഷമെന്നോണം.... അവരെ ആദ്യമായി ഒന്നിപ്പിച്ച കാലംതെറ്റി പെയ്ത മഴ അപ്പോളും പെയ്തുകൊണ്ടേയിരുന്നു........
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക