Showing posts with label ദീപ്തിസുനിൽ. Show all posts
Showing posts with label ദീപ്തിസുനിൽ. Show all posts

***** സീമന്തിനി *****


***** സീമന്തിനി *****
അലാറം അടിച്ചു തുടങ്ങിയതും വേഗം തന്നെ കൈ എത്തിച്ച് അത് ഓഫ് ചെയ്തുകൊണ്ട് അവൾ ഭർത്താവിനെയും കുഞ്ഞിനേയും നോക്കി. ഭാഗ്യം രണ്ടുപേരും നല്ല ഉറക്കമാണ്. തന്റെ വയറിന്മേൽ ചുറ്റിയിരുന്ന അയാളുടെ കൈ മെല്ലെ എടുത്ത്മാറ്റി അഴിഞ്ഞ് കിടന്നിരുന്ന മുടി വാരിക്കെട്ടി ശബ്ദം കേൾപ്പിക്കാതെ പതിയെ എണീറ്റതും മോൻ ചെറുതായി ചിണുങ്ങാൻ തുടങ്ങി. വേഗം മോനോട് ചേർന്ന് കിടന്ന് അവനെ മാറോട് ചേർത്ത് പിടിച്ച് അമ്മിഞ്ഞപ്പാൽ കൊടുത്തുകൊണ്ട് അവന്‍റെ തലയിൽ അവൾ മൃദുവായി തലോടി. മാതൃത്വം അതിന്റെ പൂർണതയിൽ എത്തുന്നത് സ്നേഹമാകുന്ന അമൃത് ഇങ്ങനെ ആ കുഞ്ഞിളം ചുണ്ടുകളിലൂടെ പകർന്നു കൊടുക്കുമ്പോൾ ആണ്. അപ്പോൾ ഒരു അമ്മ അനുഭവിക്കുന്ന നിർവൃതി ആർക്കും വർണ്ണിക്കാൻ സാധിക്കില്ല എന്നിട്ടും എന്തേ ഇന്ന് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് ഈ അമൃത് ഊട്ടാൻ മടി കാണിക്കുന്നത് എന്നോർത്ത് അവൾ നെടുവീർപ്പിട്ടു. അധികം വൈകാതെ തന്നെ മോൻ ഉറങ്ങി. കുഞ്ഞിനെ അയാളോട് ചേർത്ത് കിടത്തി വാതിൽ ശബ്ദം ഉണ്ടാകാതെ മെല്ലെ തുറന്ന് അവൾ പുറത്തിറങ്ങി.
വേഗം തന്നെ കുളിച്ച് വന്ന് പൂജാമുറിയിൽ കയറി വിളക്ക് തെളിച്ച് പ്രാർത്ഥിച്ചു. നെറ്റിയിൽ ചന്ദനവും നിറുകയിൽ സിന്ദൂരവും തൊട്ട് അടുക്കളയിൽ കയറി. ഒൻപതുമണി ആകുമ്പോൾ ഏട്ടന് ജോലിക്ക് പോകണം. അതിനു മുൻപേ രാവിലത്തേക്കും ഉച്ചക്കത്തേക്കും ഉള്ളതെല്ലാം റെഡി ആക്കണം. ഇതിന്റെയിടക്ക് മോൻ ഉണർന്ന് പോയാൽ പിന്നെ എല്ലാം താളം തെറ്റും. ഏട്ടൻ പോയി കഴിഞ്ഞാൽ പിന്നെ മോന്റെ കൂടെ കളിക്കാനും കളിപ്പിക്കാനും അവന് ആഹാരം കൊടുത്തും സമയം പോകുന്നത് അറിയില്ല. കണ്ണുതെറ്റിയാൽ എന്തെങ്കിലും കുസൃതി ഒപ്പിക്കുന്ന മോനെയും കൊണ്ട് ഒരു പണിയും പറ്റില്ല.
തിരക്കിട്ട് പണികൾ തീർക്കുന്നതിനിടയിൽ അവൾ ക്ലോക്കിൽ നോക്കി സമയം ആറു കഴിഞ്ഞിരിക്കുന്നു. വേഗം ചെന്ന് അയാളെ വിളിച്ചുണർത്തി ഉന്തിത്തള്ളി ബാത്റൂമിലാക്കി ഇല്ലെങ്കിൽ പിന്നെയും മൂടി പുതച്ച് കിടന്നുറങ്ങിക്കളയും. ഉറങ്ങിക്കിടക്കുന്ന മോനെ ഒന്ന് നോക്കി ഒരു ചിരിയോട് അവൾ വീണ്ടും അടുക്കളയിലേക്ക് നടന്നു.
അയാൾ കുളിയെല്ലാം കഴിഞ്ഞ് എത്തിയപ്പോഴേക്കും കഴിക്കാനുള്ളതെല്ലാം അവൾ മേശപ്പുറത്ത് വിളമ്പി വച്ചിരുന്നു. തിരക്കിട്ട് പണികൾ തീർക്കുന്നതിനിടയിൽ മോൻ ഉണർന്ന് കരയാൻ തുടങ്ങി, വേഗം പോയി മോനെ എടുത്തുകൊണ്ട് വന്നു. അവന്‍റെ മുഖമൊക്കെ കഴുകിച്ച് ടേബിളിനു മുകളിൽ കൊണ്ടിരുത്തി.
" ഏട്ടാ മോനെ ഒന്ന് നോക്കണേ. ഞാൻ ഉച്ചക്കത്തെക്കുള്ള ടിഫിൻ എടുത്ത് വെക്കട്ടെ".
കഴിച്ച് കഴിഞ്ഞ് മോനെയും എടുത്ത് അയാൾ അടുക്കളയിലേക്കെത്തി.
"ദേവി നീ പണിയൊക്കെ മതിയാക്കി എന്തെങ്കിലും കഴിച്ചേ, ഞാൻ ഓഫീസിൽ പോയാൽ പിന്നെ മോന്റെ കാര്യങ്ങൾ നോക്കുന്നതിനിടയിൽ നീ സമയത്തു ആഹാരമൊന്നും കഴിക്കില്ല, ഇപ്പോൾ ഞാൻ ഉണ്ടല്ലോ, ബ്രേക്ക്ഫാസ്റ്റ് എങ്കിലും നീ സമയത്തിന് കഴിച്ചേ."
"ഓ... അതൊന്നും സാരമില്ല ഏട്ടാ, ഞാൻ പിന്നെ കഴിച്ചോളാം ഏട്ടൻ റെഡി ആയിക്കോളൂ".
"പറ്റില്ല...നീ വന്നേ"... വിലിമ്പിവെച്ച ആഹാരത്തിനു മുൻപിൽ അയാൾ തന്നെ അവളെ നിർബന്ധിച്ച് പിടിച്ചിരുത്തി.
" നീ കഴിച്ചിട്ട് വാ... അപ്പോഴേക്കും ഞാനും എന്റെ മോനുംകൂടി കുറച്ച് നേരം കളിക്കട്ടെ... പിന്നെ ഒരു കാര്യം ഇന്ന് ഞാൻ കുറച്ച് നേരത്തെ വരാം. നീയും മോനും റെഡി ആയി നിന്നോ. നമ്മുക്ക് പുറത്തതൊക്കെ ഒന്ന് കറങ്ങാം. വൈകിട്ടത്തെ ഭക്ഷണം പുറത്ത് നിന്ന് ആകാം. ഇന്ന് ഇനി അടുക്കളക്ക് അവധി കൊടുത്തോ"...
"എന്റെ ദേവി ഇങ്ങനെ വാരി വലിച്ച് കഴിക്കാതെ ഒന്ന് പതുക്കെ കഴിച്ചൂടെ നിനക്ക് "...
"അത് പിന്നെ ഏട്ടാ...ഏട്ടൻ ലേറ്റ് ആവണ്ടാന്ന് കരുതീട്ടാ ഞാൻ"....
"അതൊന്നുമില്ല നീ പതുക്കെ കഴിക്ക്".
കഴിച്ച് കഴിഞ്ഞ് അവൾ അയാൾക്ക് പോകാനുള്ളതെല്ലാ റെഡി ആക്കി വച്ചു. അയാൾ ബാഗുമെടുത്ത് പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്തപ്പോളെക്കും അവൾ ഗേറ്റ് തുറന്ന് കൊടുത്തു. "ഏട്ടാ സൂക്ഷിച്ച് ഓടിക്കണേ, അധികം സ്പീഡിൽ ഓടിക്കല്ലേ"...
അവരുടെ നേരെ കൈ വീശി പുഞ്ചിരിയോടെ അയാൾ പോകുന്നതും നോക്കി അവൾ കുറച്ച് നേരം നിന്നു. "ഈശ്വരാ എന്റെ ഏട്ടനെ കാത്തോളണേ...
ശേഷമുള്ള അവളുടെ സമയം മുഴുവൻ മോനെ ചുറ്റിപറ്റി ആയിരുന്നു. അവനെ കളിപ്പിച്ചും,കൂടെ കളിച്ചും, കുളിപ്പിച്ചും, ഇടയ്ക്കിടെ ആഹാരം കൊടുത്തും സമയം പോയതറിഞ്ഞില്ല.
ഉച്ചയോടെ മോനെ കിടത്തി ഉറക്കി. വീട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ പെട്ടന്ന് അടിവയറ്റിൽ ഭയങ്കര വേദന. ഇന്നലെ മുതൽ ചെറിയ നടുവേദന ഉണ്ടായിരുന്നു. കുളിമുറിയിൽ കയറി സംശയം തീർത്തു, അത് തന്നെ...ഇന്നലെ നടുവേദന തുടങ്ങിയപ്പോളെ സംശയം ഉണ്ടായിരുന്നു. കുറച്ച് നാളായി ഇതിന്‌ ഒരു കാലവും നേരവും ഇല്ല.... തോന്നുന്ന സമയത്തതൊക്കെയാ... ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് മോന് പാൽ കൊടുക്കുന്നത് കൊണ്ടുള്ള ഹോർമോണൽ ചൈഞ്ചേസ് കൊണ്ടാണെന്നാണ്. ഇനിയിപ്പോൾ പുറത്തു പോക്ക് കണക്കാ. രണ്ട് ദിവസത്തേക്ക് ഉണ്ടാവും വേദനയും അസ്വസ്ഥതകളും.
വൈകുനേരം വന്നപ്പോൾ തന്നെ അവളുടെ വാടിയ മുഖവും ക്ഷീണവും അയാൾ ശ്രെദ്ദിച്ചു.
" എന്താ ദേവി..എന്ത് പറ്റി...നിന്‍റെ മുഖമൊക്കെ വാടിയിരിക്കുന്നല്ലോ, ഇന്നും ഉച്ചക്ക് ഉറങ്ങാതെ ഉള്ള പണിയും ചെയ്ത് നടന്ന് കാണും. എത്രവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് മോൻ ഉറങ്ങുമ്പോൾ പണിക്ക് പോകാതെ ആ കൂടെ നീയും കുറച്ച് റസ്റ്റ് എടുക്കണമെന്ന്, നിനക്ക് ഈ ഇടയായി നല്ല ക്ഷീണം ഉണ്ട് കേട്ടോ.
ഞാൻ വരുമ്പോഴേക്കും റെഡി ആയിരിക്കാൻ പറഞ്ഞതല്ലാരുന്നോ.. എന്ത് പറ്റി?"
"അത് പിന്നെ ഏട്ടാ നമ്മുക്ക് വേറെ ഒരു ദിവസം പോകാം. എനിക്ക് വയ്യാ..ഭയങ്കര വയറു വേദന".
"ഹൂം..മനസ്സിലായി, സാരമില്ല... രണ്ട് മൂന്ന് ദിവസം കഴിയട്ടെ...എന്നിട്ട് പോകാം. ഞാൻ വേഗം ഫ്രഷ് ആയി വരാം. മോനെ ഞാൻ നോക്കിക്കോളാം, നീ കുറച്ചു നേരം കിടക്ക്. ക്ഷീണം മാറട്ടെ."
അയാൾ ഫ്രഷ് ആയി എത്തിയപ്പോഴേക്കും അവൾ ചായ എടുത്തു വച്ചിരുന്നു. "മോളെ...ചായ ഞാൻ ഉണ്ടാക്കുമായിരുന്നല്ലൊ... ആദ്യം നീ ഈ ചായ ചൂടോടെ കുടിച്ചെ എന്നിട്ട് കുറച്ചു നേരം കിടക്ക്".
അവളുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അയാൾ ആ ചായ അവളെ നിർബന്ധിച്ച് കുടിപ്പിച്ചു.
"ഇനി നീ പോയി കുറച്ച് നേരം കിടക്ക്."
"വേണ്ട ഏട്ടാ...ഇതൊന്നും കുഴപ്പമില്ല. ഏട്ടൻ ക്ഷീണിച്ച് വന്നതല്ലേ".
"ദേവി....നീ പോയെ... ഞാനും എന്റെ മോനും കൂടി കുറച്ച് നേരം കളിക്കട്ടെ...നീ വന്ന് ഞങ്ങളെ ശല്യപ്പെടുത്തല്ലേ"
അവളെ റൂമിലാക്കി അയാൾ മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞ് ഒരു കുപ്പിയിൽ ചൂട് വെള്ളവും നിറച്ച് അയാൾ അവളുടെ അടുത്ത് വന്നു.
"മോളെ.. ദേ ഇത് പതിയെ വയരിന്മേൽ വച്ചു കിടന്നേ, നല്ല ആശ്വാസം കിട്ടും."
അയാൾ പതിയെ അവളുടെ തലയിൽ തലോടി. അവളുടെ അടുത്തേക്ക് ചാടിയ മോനെയും എടുത്ത്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
"ദേവി രാത്രിയിലെ ഫുഡിന്റെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ടട്ടോ. ഇന്ന് എല്ലാം എന്റെ വകയാണ്..
മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വാതിൽ ചാരിക്കൊണ്ട് അയാൾ പറഞ്ഞു.
അയാളുടെ സ്നേഹത്തിലും കരുതലിലും തന്റെ എല്ലാ അസ്വസ്ഥതകളും ഉരുകി ഇല്ലാതാവുന്നത് അവൾ അറിഞ്ഞു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.
അലാറം നീട്ടി അടിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. വേഗം തന്നെ എണിറ്റു അലാറം ഓഫ് ചെയ്തു ചുറ്റിനും നോക്കി ഏട്ടനും മോനും കട്ടിലിൽ ഇല്ല. ദൈവമേ സമയം എന്തായി.. അവരവിടെ...
ചാടി എണീറ്റ് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും ആരോ പിടിച്ചു നിർത്തിയിട്ടെന്നോണം അവൾ നിന്നു. യാഥാർഥ്യം തീക്കനൽ പോലെ അവളെ പൊള്ളിച്ചു. ആ ചൂടിൽ താൻ വെന്തുരുകുന്നത് പോലെ അവൾക്ക് തോന്നി.
ഇത്രയും നേരം കണ്ടതെല്ലാം തന്റെ വെറും സ്വപ്നം മാത്രമായിരുന്നു എന്ന തിരിച്ചറിവിൽ ഒരു കുട്ടിയെ പോലെ അവൾ പൊട്ടി കരഞ്ഞു. എല്ലാം വെറും സ്വപ്നം മാത്രം ആയിരുന്നു.... ഒരിക്കലും തന്റെ ജീവിതത്തിൽ നടക്കാൻ ഇടയില്ലാത്ത എന്നാൽ താൻ ഏറെ ആഗ്രഹിക്കുന്ന സ്വപ്നം.
മുറിയിലെ അലമാരയിലെ കണ്ണാടിയിൽ അവൾ അവളെത്തന്നെ കുറെ നേരം നോക്കി നിന്നു. ഇത് താൻ തന്നെയാണോ എന്ന് വിശ്വാസം വരാതെ... എന്നോ തിളക്കം നഷ്ട്ടപെട്ട കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു. മുടിയിഴകളിൽ അങ്ങിങ്ങായി വെള്ളി നൂലുകൾ. ഒരു നെടുവീർപ്പോടെ അവൾ പതിയെ അലമാര തുറന്നു.. അതിൽ നിന്നും അവൾ ഏറെ ആഗ്രഹിച്ചിരുന്ന എന്നാൽ ഒരിക്കലും ഉടുക്കാൻ ഭാഗ്യം കിട്ടാതെ പോയ ചുമപ്പ് നിറമുള്ള പട്ട്സാരി എടുത്ത് നല്ല ഭംഗിയായി ഉടുത്തു, ആരും കാണാതെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് വച്ചിരുന്ന കുങ്കുമച്ചെപ്പ് എടുത്ത് അതിൽ നിന്നും ഒരു നുള്ള്‌ സിന്ദൂരം എടുത്ത് പൊട്ട് തൊട്ടു...പിന്നെ വിറയാർന്ന കൈകളോടെ കുറച്ചു സിന്ദൂരം നിറുകയിൽ ചാർത്തി... സീമന്തിനിയായി കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപം മതിവരുവോളം നോക്കി നിന്നു.
ജനിച്ചുവീണ സമയത്തിന്റെ പേരിൽ ചൊവ്വാദോഷം അടിച്ചേൽപ്പിച് തനിക്ക് മംഗല്യഭാഗ്യവും അതോടൊപ്പം
മാതൃത്വവും നിഷേധിച്ചവരോട് അവൾക്ക് പുച്‌ഛം തോന്നി. ആ ദോഷത്തിന്റെ പേരിൽ സ്നേഹത്തിന്റെ അമൃത് ചുരത്താൻ ഭാഗ്യം നിഷേധിക്കപ്പെട്ട തന്റെ മാറിടം വിങ്ങുന്ന വേദനയിൽ അവൾ പൊട്ടിക്കരഞ്ഞു. ഇല്ല ഇനിയും വയ്യാ..ഈ വേദനയും നിരാശയും സഫലമാകാത്ത സ്വപ്നങ്ങളും മാത്രം നിറഞ്ഞ ഈ ജീവിതം അവസാനിപ്പിച്ചേ മതിയാകൂ. സന്തോഷത്തിന്റെ മുഖംമൂടി ധരിച്ച് മറ്റൊരാളായി ജീവിക്കാൻ ഇനിയും വയ്യാ...
കണ്ണാടിയിൽ തെളിഞ്ഞ് നിന്നിരുന്ന തന്നെ ഒരിക്കൽക്കൂടി കൊതിതീരുവോളം നോക്കി നിറകണ്ണുകളോടെ അവൾ കൈയിൽ കരുതിയിരുന്ന ഗുളികകൾ ഒന്നോടെ വായിലേക്കിട്ടു. ഒരിക്കലും സഫലമാകാത്ത സ്വപ്നങ്ങളുടെ ലോകത്ത് നിന്നും ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ഒരു പുഞ്ചിരിയോടെ അവൾ പതിയെ തന്റെ കണ്ണുകൾ അടച്ചു.
വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് എന്നും ഒരു നൊമ്പരമായിരിക്കും. എന്നാൽ ജനിച്ച് വീഴുന്ന സമയത്തിന്റെ പേരിൽ ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസങ്ങൾ ഒരാളിൽ അടിച്ചേൽപ്പിക്കുന്നത് സത്യത്തിൽ തകർക്കുന്നത് ഒരു വ്യക്തിയുടെ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും സന്തോഷവും സ്വപ്നങ്ങളും അല്ലേ.. ഈ ഒരു വിശ്വാസത്തിന്റെ പേരിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും വെറും സ്വപ്നമായിക്കണ്ട് ജീവിക്കുന്നവർ ഇന്നും നമ്മുക്കിടയിൽ ഇല്ലേ... അങ്ങനെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന് ജീവിതം അവസാനിപ്പിച്ച എന്റെ പ്രീയ കൂട്ടുകാരിക്കായി....

*** മഴ ***


ജനാലയുടെ ഗ്ലാസിൽ എന്തോ ശക്തിയായി ചിതറി തെറിക്കുന്ന പോലുള്ള ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് വന്ന് നല്ല ഉറക്കത്തിൽ ആയിരുന്നതിനാൽ എന്താണു സംഭിക്കുന്നത് എന്നറിയാതെ കുറച്ചു നേരം ബെഡിൽ തന്നെ ഇരുന്നു. മഴത്തുള്ളികൾ ചില്ലിൽ തട്ടിത്തെറിക്കുന്ന ശബ്ദം ആണതെന്ന് മനസിലാക്കിയപ്പോൾ മനസ്സിനുള്ളിൽ ആകെ ഒരു കുളിർമ. വേഗം എഴുന്നേറ്റ് ജനലരികിൽ പോയി പെയ്തൊഴിയുന്ന മഴയും നോക്കി നിന്നപ്പോൾ മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. ഈ മണലാരണ്യത്തിൽ ഇങ്ങനെയൊരു കുളിർമയുള്ള കാഴ്ച വല്ലപ്പോഴും മാത്രം വീണ് കിട്ടുന്ന സൗഭാഗ്യം ആണല്ലോ. മണലാരണ്യങ്ങളിൽ ഇപ്പോൾ തണുപ്പ്കാലം ആയതിനാൽ ഇടക്ക് ഒരു മഴ ഇത് പോലെ വല്ലപ്പോഴും വന്ന് പോകാറുണ്ട്.
കണ്ണെത്താത്ത ദൂരത്തിൽ ആകാശത്തിലൂടെ ഒഴുകിനടക്കുന്ന പെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘങ്ങളിൽ നിന്നും യാത്ര തുടങ്ങി ഇങ്ങു താഴെ ഭൂമിയിലേക്ക് വന്നു പതിക്കുന്ന മഴതുള്ളികൾക്ക് ഒരു താളമുണ്ട്.ആ സംഗീതം ആവോളം ആസ്വദിച്ച് ആ മഴനൂലുകളിലേക്ക് കണ്ണും നട്ടിരുന്നപ്പോൾ ഞാൻ അറിയാതെ എന്റെ മനം എപ്പോഴോ എന്നെ ആ പഴയ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
ഓർമകളെ ഈറനണിയിച്ചുകൊണ്ട് പതിഞ്ഞു പെയ്യുന്ന മഴ. പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ പതിയെ ജനൽ തുറന്ന് കൈകൾ പുറത്തേക്ക് നീട്ടി. കൈക്കുമ്പിൾ നിറഞ്ഞ കൈകളിലൂടെ താഴോട്ട് ഒഴുകി ഇറങ്ങിയ മഴത്തുള്ളികൾക്ക് നഷ്ട്ടപെടലിന്റെ നനവ് ആയിരുന്നു. വർഷങ്ങൾക്കും ഓർമ്മകൾക്കും അകലെ ഇന്നും ഞാൻ തിരയുന്ന ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത എന്റെ നഷ്ടബാല്യത്തിൻ്റെ നനവ്.
അമ്മയുടെ അടിയുടെ പേടി നന്നായിട്ടുണ്ടെങ്കിലും അതെല്ലാം മറന്ന് കൂട്ടകാർക്കൊപ്പം കളിവീട് ഉണ്ടാക്കിയും മണ്ണപ്പം ചുട്ടും കണ്ണാരംപൊത്തിയും കളിച്ചു നടന്ന കുട്ടിക്കാലം. മഴക്കാറിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ ഞെട്ടറ്റു വീഴുന്ന മാമ്പഴങ്ങൾക്ക് വേണ്ടി മത്സരിച്ചുള്ള ഓട്ടം. പങ്കിട്ടെടുത്ത മൂവാണ്ടൻ മാങ്ങയുടെ ചെന പൊള്ളിച്ച ചുണ്ടുകളാൽ മധുരമാമ്പഴം നുണഞ്ഞ് കഴിച്ചിരുന്ന ആ കാലം ഓർമയിൽ പോലും മധുരം നിറക്കുന്നു.
മഴ പെയ്തൊഴിയുമ്പോൾ തൊടിയിൽ ഉറവ പൊട്ടുന്ന വെള്ളത്തിൽ തുമ്പപ്പൂക്കളും കടലാസ്സ്‌വഞ്ചികളും ഒഴുക്കിവിട്ടും, വെള്ളത്തിൽ ജീവനുവേണ്ടി പിടക്കുന്ന ചോണനുറുമ്പുകളെ പ്ലാവില ഇട്ട് രക്ഷപെടുത്തിയും, ഒഴുകി നീങ്ങുന്ന നീർകുമിളകളുടെ ഭംഗി നോക്കിയും, ചേമ്പിലകളിൽ ഉരുണ്ട് നടക്കുന്ന പളുങ്ക് മണികളെയും കണ്ണിലെഴുതാൻ മഴത്തുള്ളി ചെടി തേടി അലഞ്ഞും മഴയെ ഒരു ഉത്സവമാക്കിയ കുട്ടിക്കാലം. മുറ്റത്ത് പൂത്തുലഞ്ഞ് നിന്നിരുന്ന കുടമുല്ലയിൽ നിന്നും കൊഴിഞ്ഞുവീണ പൂക്കൾ പെറുക്കി മാലകോർത്തതും, ഒളിച്ചിരുന്ന് പാടുന്ന കുയിലിനൊപ്പം എതിർപാട്ട് പാടിയതും, നട്ടു വെച്ച ചെടികൾക്ക് വേര് കിളിർത്തുവോ എന്നറിയാൻ ആരും കാണാതെ പിഴുത് നോക്കിയതും അങ്ങനെയങ്ങനെ ഇന്നും ചുണ്ടിൽ ചിരി വിടർത്തുന്ന ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഓർമ്മകൾ.
നാല് വയസുകാരനായ എന്റെ മകൻ ആദിക്ക് മഴ എന്നാൽ ഇച്ചിച്ചീ ആണ് , അവന്‍റെ ഉടുപ്പെല്ലാം നനയ്ക്കുന്ന, ഷൂവിൽ അഴുക്ക് പറ്റിക്കുന്ന ഡേർട്ടി റെയിൻ. അവനറിയില്ലല്ലോ ഇതിലും കോരിച്ചൊരിയുന്ന മഴയത്ത് കുടയുണ്ടായിട്ടും മനപ്പൂർവം നനഞ്ഞ് കുതിർന്ന്, ചെരിപ്പ് പോലും ഇടാതെ മഴയിൽ തുള്ളിക്കളിച്ച് നടന്ന ഈ അമ്മക്ക് മഴയെന്നാൽ അവനൊരിക്കലും അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത സ്വപ്നതുല്യമായ ഒരു ബാല്യകാലത്തിന്റെ ഓർമപ്പെടുത്തൽ ആണെന്ന്.
ഓർമയുടെ ചില്ലുകുപ്പിയിൽ പലവർണ്ണങ്ങളിൽ ഉള്ള വളപ്പൊട്ടുകൾപോലെ ഇന്നും ഞാൻ സൂക്ഷിക്കുന്ന എന്റെ ആ മധുര ബാല്യത്തിന്റെ ഓർമക്കായി അറിയാതെ കൊതിച്ച് പോകുന്നു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കിൽ....
ദീപ്തി സുനിൽ

നിയോഗം


ഓഫീസിൽ നിന്നും സഹപ്രവർത്തകരോട് എല്ലാം ഓണാശംസകൾ പറഞ്ഞ് തിരക്കിട്ട് ഇറങ്ങുമ്പോൾ വാച്ചിൽ നോക്കി.. ഈശ്വരാ മണി 12 ആകാറായിരിക്കുന്നു. ഇനി റൂമിൽ ചെന്ന് ഫ്രഷ് ആയി ഒരുങ്ങി ഇറങ്ങുമ്പോൾ എന്തായാലും ഒരു മണി കഴിയും. മാനേജരോട് ഒരാഴ്ച്ച മുൻപേ പറഞ്ഞതായിരുന്നു താൻ ഇന്ന് മുതൽ ലീവ് ആയിരിക്കുമെന്ന്. എന്നിട്ടും ഇന്നലെ രാത്രി വിളിച്ചിട്ട് പറഞ്ഞു, കുറച്ച് വർക്സ് ഉടൻ തന്നെ ചെയ്തു തീർക്കാനുണ്ട്. മഹേഷ് രാവിലെ വന്നു എല്ലാം സൂപ്പർവൈസ് ചെയ്തിട്ട് പൊക്കോ. എന്തായാലും 10 മണിക്ക് മുൻപേ വിടാം എന്ന് സത്യം ചെയ്ത് പറഞ്ഞത് കൊണ്ടാണ് വന്നത് പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ സമയം ഇത്രയും ആയി.
റൂമിൽ എത്തി പെട്ടന്ന് കുളിച്ച് കണ്ണിൽ കണ്ടതൊക്കെ ബാഗിൽ നിറച്ച് വേഗം തന്നെ ഇറങ്ങി. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. ബസ് കാത്തു നിന്നാൽ ട്രെയിൻ പോകും. റെയിൽവേ സ്റ്റേഷൻ വരെ ഓട്ടോക്ക് പോകാം. വേഗത്തിൽ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
ഇന്നലെ രാത്രി തകർത്ത് പെയ്ത മഴയുടെ ശേഷിപ്പുകൾ റോഡിൽ അങ്ങിങ്ങായി കെട്ടിക്കിടക്കുന്നു. റോഡിൽ സാമാന്യം നല്ല തിരക്കുണ്ട്. വെള്ളിയാഴ്ച ആയതിനാലും തിങ്കൾ മുതൽ ഓണത്തിന്റെ അവധി തുടങ്ങുന്നതിനാലും എല്ലാവരും തന്നെപ്പോലെ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയെന്ന് തോന്നുന്നു.
ഓരോന്ന് ഓർത്തുകൊണ്ട് വേഗം നടന്നു. നാട്ടിൽ പോയിട്ട് മാസങ്ങളായി. എന്നും ഫോൺ വിളിച്ച് കാര്യങ്ങൾ തിരക്കിയാലും അമ്മയുടെ പരിഭവം മാറില്ല. " നീ നാടൊക്കെ മറന്നോ മഹി, അതോ അമ്മയെ വേണ്ടന്നായോ നിനക്ക്, അടുത്ത ആഴ്ചയെങ്കിലും വരില്ലേ നീയ്, അമ്മ കാത്തിരിക്കും" എന്ന് പറയുമ്പോൾ ആ വാക്കുകളിൽ ഒളിഞിരിക്കുന്ന സങ്കടം മനസിലാകാഞ്ഞിട്ടല്ല. പക്ഷെ...
അച്ഛൻ മരിച്ചതിനു ശേഷം അമ്മ ഒറ്റക്കാണ് നാട്ടിലെ ആ വലിയ വീട്ടിൽ. ഇവിടെ വന്നു കൂടെ നില്ക്കാൻ ഒരു നൂറ് വട്ടം പറഞ്ഞ് നോക്കി പക്ഷെ സമ്മതിക്കില്ല.
അച്ഛനും അമ്മക്കും ഒറ്റ മോനായിരുന്നു. അതിനാൽ സ്നേഹം ആവോളം തന്നായിരുന്നു അമ്മ തന്നെ വളർത്തിയത്. പക്ഷെ അച്ഛൻ... ഓർമയിൽ ഇന്നേ വരെ അച്ഛൻ തന്നെ ചെറുതായി പോലും ഒന്ന് തല്ലിയിട്ടില്ല , വഴക്ക് പറഞ്ഞിട്ടില്ല. എന്തിനെക്കിലും താൻ ബഹളം വച്ചാൽ പോലും സ്വരമുയർത്തി തന്നെ വിളിക്കില്ല പകരം "ലക്ഷ്മി....എന്ന് നീട്ടി അമ്മയെ വിളിക്കും. സ്നേഹത്തിന്റെ കാര്യത്തിലും അത് പോലെ തന്നെ. മോനെ എന്ന് വിളിച്ച് ഒരിക്കൽ പോലും സ്നേഹത്തോടെ അരികിൽ ചേർത്ത് നിർത്തിയിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്തു കൂട്ടുകാരൊക്കെ അവരുടെ അച്ഛനെ കുറിച്ച് ഓരോന്നും പറയുമ്പോൾ ആരും കാണാതെ മാറി നിന്ന് കരഞ്ഞിട്ടുണ്ട്. താനായി അടുക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം കൂടുതൽ അകലം പാലിച്ചു അച്ഛൻ. എന്താ അമ്മേ ഈ അച്ഛൻ ഇങ്ങനെ എന്ന് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ പുറം തിരിഞ്ഞു നിന്നു കരയുന്ന അമ്മയെ കാണാനുള്ള വിഷമം കൊണ്ട് പതിയെ പതിയെ അതും ഒഴിവാക്കി. പിന്നീട് വളർന്നു വന്നപ്പോൾ താനും പതിയെ പതിയെ അച്ഛനെ ഒഴിവാക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ അച്ഛനെ കാണുമ്പോൾ എല്ലാം ഒരു തരം അമർഷവും വീർപ്പ്മുട്ടലും ആയിരുന്നു തനിക്ക്. ജോലി കിട്ടി ഇങ്ങോട്ട് പോരുമ്പോൾ എന്തൊരു ആശ്വാസം ആയിരുന്നു. കഴിവതും നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി, വല്ലപ്പോഴും പോയാൽ തന്നെ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കില്ലായിരുന്നു. അച്ഛൻ മരിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിരിക്കുന്നു പക്ഷെ ഇപ്പോഴും ആ വീട്ടിൽ താമസിക്കുമ്പോൾ എന്തോ വീർപ്പ്മുട്ടുന്നത് പോലെ തോന്നും.
ആലോചനയിൽ മുഴുകി ധൃതിയിൽ നടക്കുന്നതിനിടയിൽ എതിരെ വന്ന ആരെയോ ചെന്ന് ഇടിച്ചു. കണ്ടാൽ ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ. പഴകിയതെങ്കിലും വളരെ മാന്യമായ വസ്ത്രധാരണം, ഒറ്റ നോട്ടത്തിലെ അറിയാം ആള് നന്നേ ക്ഷീണിതൻ ആണ്. ഇടിയുടെ ആഘാതത്തിൽ ആൾ തെറിച്ചു താഴെ വീണു. കയ്യിലെ ബാഗിൽ നിന്നും എന്തൊക്കെയോ നിലത്ത് ചിതറി കിടക്കുന്നു.
അയ്യോ.. ക്ഷമിക്കണം അങ്കിൾ എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തെ മെല്ലെ താങ്ങി എണീപ്പിച്ചു. താഴെ വീണതെല്ലാം പെറുക്കിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.
എനിക്ക് ഒന്നും പറ്റിയില്ല മോനെ, തെറ്റ് എന്റെ ഭാഗത്താണ്. ഞാനാണ് ശ്രെദ്ധയില്ലാതെ നടന്നത്. താഴെ വീണ സാധങ്ങൾ പെറുക്കി ബാഗിൽ ഇടുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് അയാളുടെ കൈ മുറിഞ്ഞത് എന്റെ ശ്രെദ്ധയിൽ പെട്ടത്. "അയ്യോ ചോര വരുന്നുണ്ടല്ലോ, വരൂ നമുക്ക്‌ ഒരു ഡോക്ടറുടെ അടുത്ത് പോകാം. "ഓ അതിന്റെ ആവശ്യം ഒന്നും ഇല്ല, ചെറുതായി തൊലി പോയിട്ടെ ഉള്ളൂ." ഷർട്ടിന്റെ പോക്കറ്റിൽ നിന്നും തൂവാല എടുത്ത് മുറിവ് പതുക്കെ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
എന്താ അങ്കിളിന്‍റെ പേര്, "മാധവൻ ".
എന്ത് ചെയ്യുന്നു എന്ന എന്റെ അടുത്ത ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു "ഒന്നും ചെയ്‌യുന്നില്ല, ഒരു ജോലി അന്വേഷിക്കണം."
ആ ഉത്തരം ചെറുതായി എന്നെ ഒന്ന് ആശ്ചര്യപ്പെടുത്താതിരുന്നില്ല. ഈ വയസ്സാം കാലത്ത് അദ്ദേഹം എന്ത് ജോലി ചെയ്യാനാണ് എന്ന് മനസ്സിൽ തോന്നിയെങ്കിലും അത് പറഞ്ഞില്ല.
"മോൻ വിചാരിച്ചാൽ എനിക്ക് എന്തെങ്കിലും ഒരു ജോലി ശെരിയാക്കാൻ പറ്റുമോ? ഇങ്ങനെ അലഞ്ഞ് തിരിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുന്നു. നല്ല പഠിപ്പും ആരോഗ്യവും ഉള്ള ചെറുപ്പക്കാർ തന്നെ ഒരു തൊഴിലിനു വേണ്ടി അലയുമ്പോൾ ഈ വൃദ്ധന്മാരെ ഒക്കെ ആർക്കു വേണം അല്ലേ". എന്റെ മനസ്സ് അറിഞ്ഞിട്ടെന്ന പോലെ ഒരു ആത്മഗതം പോലെ അദ്ദേഹം പറഞ്ഞു.
ഞാൻ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. നന്നേ ക്ഷീണിതൻ, ശോഷിച്ച കൈയും കാലുകളും, പക്ഷെ ആ മുഖത്ത് എന്തോ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ട്. ആ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാനാണ് തോന്നിയത്.
"ഊം" അദ്ദേഹം പതുക്കെ മൂളി , എങ്കിലും അത് കളവാണെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് പഴ്സിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് നീട്ടിയിട്ട് പറഞ്ഞു ," അങ്കിൾ ഇത് വാങ്ങൂ ,എന്നിട്ട് വല്ലതും വാങ്ങി കഴിക്കൂ".
ദേക്ഷ്യം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു "ഞാൻ ഇത് വരെ ഭിക്ഷ എടുത്തിട്ടില്ല". ആ മുഖത്ത് അപ്പോൾ നിഴലിച്ച സങ്കടവും അപമാനവും കണ്ടപ്പോൾ കാശ് നീട്ടിയ കൈ അറിയാതെ പുറകോട്ട് വലിഞ്ഞു."മോനെ എനിക്ക് വേണ്ടത് ഒരു ജോലിയാണ്,എന്ത് ചെയ്യാനും വിരോധമില്ല, അത് ശെരിയാക്കാൻ മോന് പറ്റുമോ? "
മറുപടി പറഞ്ഞില്ല പകരം ആ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അങ്കിൾ വരൂ ,
ഞാനും ഭക്ഷണം കഴിച്ചിട്ടില്ല, നമുക്ക്‌ ഒരുമിച്ച് കഴിക്കാം". എനിക്ക് പോകാനുള്ള ട്രെയിൻ മിസ്സ് ആകുമെന്ന് അറിയാമായിരുന്നെങ്കിലും അങ്ങനെ പറയാനാണ് തോന്നിയത്. "നിങ്ങൾക്കൊരു മകൻ ഉണ്ടെങ്കിൽ അവന്റെ പ്രായമല്ലേ എനിക്ക് കാണൂ ". തന്റെ സ്‌നേഹപൂർണമായ പെരുമാറ്റമാണോ അതോ മകനെ പറ്റി ഉള്ള പരാമർശം ആണോ എന്തോ ആ മനുഷ്യനിൽ ചെറിയ ഒരു മാറ്റം ഉണ്ടാക്കി, കൂടെ വരാമെന്നു സമ്മതിച്ചു.
അദ്ദേഹത്തെയും കൂട്ടി അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി. കൈ കഴുകി വന്ന് ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും അയിരുന്നു. സപ്ലയർ വന്നപ്പോൾ മെനു നോക്കാതെ തന്നെ രണ്ട് ഊണിനു ഓർഡർ കൊടുത്തു.
അധികം വയക്കാതെ സപ്ലയർ ഊണുമായി വന്നു. പിന്നീട് ഞാൻ കണ്ടത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മറക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. ഒരു മനുഷ്യൻ ഭക്ഷണത്തെ ഇത്ര ആരാധനയാോടെ കഴിക്കുന്നത് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.
"മോനറിയുമോ, വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഊണ്. കറികൾ ഓരോന്നും എടുത്ത് അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുന്നത് അറിയാതെ നോക്കിയിരുന്നു പോയി. ഉള്ളിൽ കുറ്റബോധം നിറഞ്ഞു, പലപ്പോഴായി എത്രമാത്രം ഭക്ഷണം വെറുതെ പാഴാക്കി കളഞ്ഞിരിക്കുന്നു.
"മോനെന്താ കഴിക്കുന്നില്ലേ?" കഴിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു. നിറഞ്ഞ സന്തോഷത്തോടെ ആദ്ദേഹം ഊണ് കഴിക്കുന്നത് കണ്ട് മനസ്സും വയറും നിറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന് വേണ്ടി എന്തൊക്കെയാ കഴിച്ചു. കഴിക്കുന്നതിനിടയിൽ വെറുതെ ചോദിച്ചു.
" അങ്കിളിന്റെ വീട് എവിടെയാ, ആരൊക്കെ ഉണ്ട്".
അല്പനേരത്തെ മൗനത്തിനു ശേഷം പറഞ്ഞു,
"എല്ലാവരും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആരും ഇല്ല, മോനറിയുമോ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്താണെന്ന്, "നമ്മൾ ജീവനെപ്പോലെ കരുതി സ്നേഹിക്കുന്നവർ ഒരു വാക്ക് പോലും പറയാതെ നമ്മളെ തനിച്ചാക്കി പെട്ടന്ന് കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന വേദന"... അത് അനുഭവിക്കുന്നതിലും നല്ലത് മരണമാണ്. മനസ്സിന്റെ താളം പോലും തെറ്റിപ്പോകും. അങ്ങനെയൊരു അവസ്ഥയിൽ കൂടി കടന്ന് പോയവനാണ് ഞാൻ. ഒത്തിരി ചോദ്യങ്ങൾ ബാക്കി ഉണ്ടായിരുന്നിട്ടും എന്തോ ആ മുഖത്ത് നോക്കി ഒന്നും ചോദിയ്ക്കാൻ മനസ്സ് അനുവദിച്ചില്ല.
എല്ലാം മറക്കുന്നതിനായി നാടും വീടും എല്ലാം ഉപേക്ഷിച്ച് ഞാൻ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. പക്ഷെ എന്ത് മറക്കണം എന്ന് ആഗ്രഹിച്ചോ അത് മാത്രം മറക്കാൻ പറ്റിയില്ല. അല്ലെങ്കിലും ജീവിതം അങ്ങനെയാണ് നാം ഒരിക്കലും മറക്കില്ല എന്ന് കരുതി പലപ്പോഴായി നെഞ്ചോട് ചേർത്ത് വച്ച ഓർമ്മകൾ പലതും നാം പോലുമറിയാതെ കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയുടെ കാണാക്കയങ്ങളിക്ക് ആണ്ടുപോകും, എന്നാൽ ഒരിക്കലും ഓർക്കാൻ ആഗ്രഹമില്ലാത്ത കാര്യങ്ങൾ എത്രയൊക്കെ ശ്രെമിച്ചാലും അവസാന ശ്വാസം വരെ ഒരു നോവായി മനസിനെ നീറ്റിക്കൊണ്ടിരിക്കും.
എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വെറുമൊരു കേൾവിക്കാരനെപ്പോലെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
ഊണ് കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുന്നതിനു മുൻപായി പഴ്സിൽ നിന്നും ആയിരം രൂപയും അതോടൊപ്പം തന്റെ കാർഡും എടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു , അങ്കിൾ ഇത് വാങ്ങു , ഞാൻ നാട്ടിൽ പോവുകയാണ് അടുത്ത ആഴ്ചയേ തിരിച്ചു വരൂ , എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം."
കാർഡ് വാങ്ങിയെങ്കിലും എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം ആ പണം വാങ്ങിയില്ല. "മോൻ ഇപ്പോൾ ചെയ്തത് തന്നെ ധാരാളം, വയറിനോടൊപ്പം ഇന്ന് എന്റെ മനസ്സും നിറഞ്ഞു, മോന് എന്നും നല്ലതേ വരൂ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ തലയിൽ തലോടിയപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ വിളിക്കാം മോനെ", എന്ന് പറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു.
സമയം ഏറെ വൈകിയിരിക്കുന്നു. ഇനിയിപ്പോൾ ബസ് തന്നെ ശരണം എന്ന് വിചാരിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നതും മോനെ എന്നൊരു വിളി, തിരിഞ്ഞു നോക്കിയപ്പോൾ ഇരുകൈകളും നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ട് വീഴാൻ പോകുന്ന അദ്ദേഹത്തെയാണ് കണ്ടത്. അങ്കിൾ എന്ന് ഉറക്കെ വിളിച്ച് ഓടിയെത്തിയപ്പോഴേയ്ക്കും വീണു പോയിരുന്നു. വേഗം നിലത്തിരുന്നു, പതിയെ അദ്ദേഹത്തിന്റെ തല എടുത്ത് മടിയിൽ വച്ചു, ശ്വാസം കിട്ടാതെ പിടക്കുന്ന അദ്ദേഹത്തെ കണ്ട് എന്താണു ചെയ്‌യേണ്ടത് എന്നറിയാതെ തരിച്ചിരുന്നപ്പോളാണ് ആ പിടച്ചിലിനിടയിൽ അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ തെറിച്ചു വീണത്. വർഷങ്ങളുടെ പഴക്കമുള്ള അരികുകൾ ദ്രവിച്ച് തുടങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. വെപ്രാളത്തിനിടയിലും ആ ഫോട്ടോയിലെ രണ്ട് മുഖങ്ങൾ എന്റെ കണ്ണിൽ പതിഞ്ഞു. മനസ്സിൽ കൂടി ഒരു മിന്നൽപിണർ കടന്ന് പോയി. വിറയാർന്ന കൈകളോടെ ആ ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ യുവത്വ കാലത്തിൽ എപ്പോഴോ എടുത്ത ആ ഫോട്ടോയിൽ അദ്ദേഹത്തിൻറെ ഇടത് വശം ചേർന്ന് തന്നെയും മാറോട് ചേർത്ത് നിൽക്കുന്ന തന്റെ അമ്മയെ കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറയുന്നത് പോലെ തോന്നി. മനസ്സിനോടൊപ്പം കൈകളും വിറച്ചതിനാൽ കൈകളിൽ നിന്നും ആ ഫോട്ടോ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണു, അപ്പോഴാണ് ആ ഫോട്ടോയുടെ പുറകിൽ എന്തോ എഴുതിയിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടത്, "ഇന്ന് എന്റെയും ലക്ഷ്മിയുടെയും മൂന്നാം വിവാഹവാർഷികം ഒപ്പം ഞങ്ങളുടെ പൊന്നുമോന്റെ ഒന്നാം പിറന്നാളും." ചെറുപ്പം മുതലേ തന്നെ അലട്ടിക്കൊണ്ടിരുന്നു പല ചോദ്യങ്ങൾക്കും ഒപ്പം അദ്ദേഹത്തോട് ചോദിയ്ക്കാൻ ബാക്കി വച്ച ചോദ്യങ്ങൾക്കും ഉള്ള എല്ലാ ഉത്തരങ്ങളും ആ വരികളിൽ നിന്നും വായിച്ചെടുത്തു. സത്യം മനസ്സിലാക്കി അച്ഛാ...എന്ന് അലറി വിളിക്കുമ്പോഴേക്കും ആ വിളി കേൾക്കാതെ..... നോവുന്ന ഓർമ്മകൾ ഇല്ലാത്തൊരു ലോകത്തേക്ക് ആ അച്ഛൻ യാത്ര ആയി കഴിഞ്ഞിരുന്നു...

നിനക്കായ്


മാളൂട്ടിയോടൊപ്പം ആ വലിയ ഓഡിറ്റോറിയത്തിന് മുൻപിൽ വന്നിറങ്ങുമ്പോൾ മനസ്സ് നിറയെ എന്തൊക്കെയോ ആശങ്കകൾ ആയിരുന്നു അഭിരാമിക്ക്....
മാളൂട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് തികച്ചും അപരിചിതയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമ്മതിച്ചത്....വീടും ഓഫീസും മാത്രം ആയിരുന്നു വർഷങ്ങളായി അവളുടെ ലോകം. ഇങ്ങനെയുള്ള പരിപാടികളിൽ നിന്നും സ്വയം ഒഴിഞ്ഞു മാറിയിട്ട് നാളുകളേറെയായി. ആളുകളെ അഭിമുഖികരിക്കാൻ മടി ആയി തുടങ്ങിയിരിക്കുന്നു....

മാളൂന്റെ കൈയും പിടിച്ച് അകത്തേക്ക് കയറാനൊരുങ്ങവേ അവളുടെ കൂട്ടുകാരി അടുത്തേക്ക് ഓടിയെത്തി...സർവ്വാഭരണവിഭൂഷിതയായി തന്റെ ഇഷ്ട്ട നിറമായ മെറൂൺകല്യാണസാരിയിൽ അവൾ വളരെ സുന്ദരി ആയിരിക്കുന്നു. ഒരു വസന്തം മുന്നിൽ വന്നു വിരിഞ്ഞതുപോലെ..... ഇതുപോലെ അണിഞ്ഞൊരുങ്ങാൻ ഏറെ കൊതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു തനിക്കും പക്ഷെ.... ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രെമിക്കുമെങ്കിലും ഇതുപോലെയുള്ള കാഴ്ചകൾ ശെരിക്കും മനസിന് ഒത്തിരി സന്തോഷം നൽകുന്നു...
മാളൂട്ടി പരിചയപ്പെടുത്തി...അപ്പച്ചി ഇതാണ് കാർത്തിക.....ഞാൻ എപ്പോളും പറയാറുള്ള എന്റെ കാർത്തു... ഡീ കള്ളി.....ഇതാണ് ഞാൻ നിന്നോട് പറയാറുള്ള എന്റെ അപ്പച്ചി.... തന്റെ നേരെ കൂപ്പിയ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ച് ആശംസകൾ നേരുമ്പോളായിരുന്നു... പെട്ടന്ന് അയാൾ അവിടേക്ക്‌ വന്നത്. മോളെ....നീ ഇവിടുണ്ടായിരുന്നോ... അച്ഛൻ എവിടെല്ലാം നോക്കി. ചെറുക്കനും കൂട്ടരും ഇപ്പൊ എത്തും.....മോള് വന്നേ....
പെട്ടന്ന് ഒരു ഷോക്ക് അടിച്ചതുപോലെ.... നെഞ്ചിനകത്ത് ഒരു പിടച്ചിൽ...ശരീരം ആകെ തളരുന്നത് പോലെ.... ഈ ശബ്ദം.... ഈശ്വരാ ഇത് അയാൾ അല്ലേ... വർഷങ്ങൾക്ക് ശേഷം ആണെങ്കിലും ആ ശബ്ദവും അതിന്റെ ഉടമയെയും പെട്ടന്ന് തിരിച്ചറിഞ്ഞു.... അപ്പോഴേക്കും കാർത്തിക പരിചയപ്പെടുത്തി... ആന്റി...ഇതാണെന്റെ അച്ഛൻ...അച്ഛാ... അച്ഛനറിയാല്ലോ മാളൂനെ... അവളുടെ അപ്പച്ചി ആണ്... നിറഞ്ഞ ഔപചാരികതയോടെ കൈകൾ കൂപ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു... വരൂ അകത്തോട്ടിരിക്കാം... തികച്ചും യാന്ത്രികമായി തിരിച്ചു കൈകൂപ്പുമ്പോൾ മനസ് ഒന്ന് പതറിയോ.....????
നീണ്ടവർഷങ്ങളായി താൻ കാത്തിരുന്ന ആളെ കണ്ടുമുട്ടിയത് അയാളുടെ മകളുടെ വിവാഹവേദിയിൽ... തന്നെ തിരിച്ചറിഞ്ഞില്ലാന്നുണ്ടോ...?? ആ മുഖത്ത് യാതൊരുവിധ ഭാവഭേദവും ഇല്ലല്ലോ? നിയന്ത്രണം വിട്ട് പഴയ ഓർമകളിലേക്ക് തിരിച്ചോടാൻ ശ്രെമിക്കുന്ന മനസ്സിനെ പിടിച്ചുനിർത്തി...എന്നാലും ഈശ്വരാ ഇത്രയും നാളത്തെ പ്രാർഥനക്കും കാത്തിരിപ്പിനും ഇങ്ങനെയൊരു കൂടിച്ചേരൽ ആയിരുന്നോ വേണ്ടിയിരുന്നത്...????

ഒരു കാലത്ത് എത്ര വലിയ ആൾകൂട്ടത്തിൽ നിന്നും തന്നെ തിരഞ്ഞു കണ്ടെത്തിയിരുന്ന കണ്ണുകൾ ഇന്ന് എന്തേ തന്നെ തിരിച്ചറിയുന്നില്ല.... അതോ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുകയാണോ.. മനസ്സിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌.....അറിയാതെ നിറഞ്ഞ കണ്ണുകൾ മറ്റുള്ളവർ കാണാതെ മുഖം അമർത്തി തുടച്ച് അകത്തേക്ക് കയറി..ചടങ്ങുകൾ എല്ലാം കാണത്തക്ക വിധത്തിൽ മുൻനിരയിലെ ഒഴിഞ്ഞ ഒരു കോണിലായിട്ടിരുന്നു... അപ്പച്ചി ഞാനൂടെ കാർത്തൂന്റെ അടുത്തോട്ട് ചെല്ലട്ടെ...ബാക്കി കൂട്ടുകാരെല്ലാം അവളുടെ കൂടെയുണ്ട്... ഇപ്പൊ വരാം എന്ന് പറഞ്ഞ് മാളൂ പോയപ്പോൾ ആശ്വാസം തോന്നി.. ഇപ്പോൾ തനിക്കാവശ്യം കുറച്ചു നേരത്തെ ഏകാന്തത ആണ്... 
ആരോടും പറയാതെ..... ആരെയും അറിയിക്കാതെ തന്റെ ഉള്ളിൽ ഒളിപ്പിച്ച ഇന്നലകളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു....

കോളേജിൽ പഠിക്കുന്ന കാലം... കൂടെയുള്ളവർ കോളേജ് ജീവിതം ആസ്വദിക്കുമ്പോൾ വീട്ടിലെ അവസ്ഥ മനസ്സിലാക്കി തന്നിലേക്ക് 
തന്നെ ചുരുങ്ങി ജീവിച്ചിരുന്ന കാലം. പെരുകിവന്ന കടബാധ്യതകൾക്കുള്ള പരിഹാരം അച്ഛൻ ഒരു മുഴം കയറിന്റെ തുമ്പിൽ കണ്ടെത്തിയപ്പോൾ ജീവിതത്തിനു മുൻപിൽ പകച്ചുപോയ അമ്മയുടെ ധൈര്യം താൻ ആയിരുന്നു. പഠിക്കാൻ മിടുക്കി ആയിരുന്ന തന്റെ മേൽ അത്രക്ക് ആത്‌മവിശ്വാസം ആയിരുന്നു അമ്മക്ക്.... ഇല്ലാത്ത കാശ് മുടക്കി പഠിക്കാൻ അയച്ചപ്പോൾ അമ്മ ഒന്നേ ആവശ്യപ്പെട്ടുള്ളു... തന്റെ താഴെയുള്ളവരുടെ ഭാവി അത് മറന്ന് ഒന്നും ചെയ്യില്ല എന്ന വാക്ക്...
എങ്ങനെയും പഠിച്ച് ഒരു മറുകര എത്തണം എന്ന വാശിയിൽ സ്വയം തീർത്ത ലോകത്തിൽ ഒറ്റപ്പെട്ട് ജീവിച്ചു... എന്നിട്ടും തന്നെ ശ്രെദ്ധിക്കുന്ന ആ കണ്ണുകളും ആ നോട്ടത്തിന്റെ തീക്ഷ്ണതയും തിരിച്ച് അറിഞ്ഞു...കണ്ടില്ലെന്നു നടിക്കുമ്പോളും ആ കണ്ണുകളുടെ ഉടമയെ അയാൾ പോലും അറിയാതെ ഒളിഞ്ഞു നോക്കുമായിരുന്നു. പതിയെ പതിയെ ആ കണ്ണുകൾ ആത്‌മാവിന്റെ ഭാഗമായി മാറി. രാത്രിയുടെ ഏകാന്തതയിൽ ആ കണ്ണുകളെ സ്വപ്നം കാണാൻ തുടങ്ങി.. പക്ഷെ അയാൾ സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം ഒഴിഞ്ഞുമാറി...

അവസാനവർഷം..... ക്‌ളാസ്സുകൾ തീരാൻ അധികം ദിവസങ്ങൾ ഇല്ല...ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോൾ കാലം തെറ്റി പെയ്ത മഴയും നനഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോൾ ഒരു കുടയുമായി ഓടി വന്നു കൂടെ നടന്നപ്പോൾ എന്തൊ എതിർക്കാൻ തോന്നിയില്ല... എന്തൊക്കെയോ സംസാരിച്ചു...പിന്നീടുള്ള ദിവസങ്ങളിൽ ഒരുമിച്ചുള്ള ആ യാത്ര ഒരു പതിവായി...അവസ്ഥകൾ എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഇനിയുള്ള ജീവിതത്തിൽ താങ്ങായും തണലായും കൂടെ ഉണ്ടാകുമെന്ന ഉറപ്പ് പറഞ്ഞു... അവസാന പരീക്ഷയും കഴിഞ്ഞ് വിട പറയുമ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളു...അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനുള്ള സാവകാശം..... എനിക്ക് ഒരു തിടുക്കവും ഇല്ല....കടമകൾ എല്ലാം പൂർത്തിയാക്കി നീ നിനക്കായ് എന്ന് ജീവിക്കാൻ തുടങ്ങുന്നുവോ അന്നറിയിക്കുക....എനിക്കായി കാത്തിരിക്കുക....എത്ര നാൾ ആയാലും നിന്നെയും തേടി ഞാൻ വരും...അവസാനമായി പിരിയുമ്പോൾ പറഞ്ഞ വാക്കുകൾ.....ആ ഒരു ഉറപ്പ് മതിയായിരുന്നു ലക്ഷ്യങ്ങൾ വെട്ടിപ്പിടിക്കാൻ... ആ വാക്കിന്റെ ബലത്തിൽ മുന്നിലെ തടസങ്ങൾ എല്ലാം വെട്ടിമാറ്റി മുന്നേറി...ഉയരങ്ങൾ കീഴടക്കി...
ഇടയ്ക്കിടെ കിട്ടുന്ന കത്തുകൾ പകർന്നുതന്ന ആത‌മവിശ്വാസം ഒരിക്കൽ സ്വപ്നം കണ്ടിരുന്ന ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടികളായി....പിന്നീട് എപ്പോളോ കത്തുകളുടെ ഇടവേളകൾ കൂടി....വന്ന കത്തുകൾ കുറെ വരികളിലായി ചുരുങ്ങി...സങ്കടങ്ങളും ആശങ്കകളും അറിയിച്ചിട്ടും കൃതയമായ ഒരു മറുപടി കിട്ടിയില്ല...പിന്നീട് എപ്പോളോ കത്തുകൾ നിലച്ചു...പക്ഷെ അതൊന്നും വക വയ്ക്കാതെ തുടരെ കത്തുകൾ എഴുതിക്കൊണ്ടിരിന്നു....എന്നാൽ ആ കത്തുകൾ വാങ്ങാൻ ആളില്ലാതെ തിരിച്ചു വന്നതോടെ പേടി ആയിത്തുടങ്ങി...എങ്കിലും തേടി വരും എന്ന ഉറപ്പുണ്ടായിരുന്നു.... അവസാനം അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റി സ്വസ്ഥമായി.... അപ്പോഴേക്കും ജീവിതം പാതിവഴി താണ്ടിക്കഴിഞ്ഞിരുന്നു...
ജീവിതവും ജീവിത സാഹചര്യങ്ങളും മാറിയപ്പോൾ സഹോദരങ്ങളുടെ നിർബന്ധത്തിൽ കൂടുതൽ സൗകര്യത്തിനായി നാടും വീടും മാറി ജീവിക്കേണ്ടി വന്നു എങ്കിലും അറിയാവുന്നിടത്തൊക്കെ അന്വേഷിച്ചു...പക്ഷെ നിരാശ ആയിരുന്നു ഫലം...എന്നിട്ടും കാത്തിരുന്നു....
പോകെപ്പോകെ അന്വേഷണങ്ങൾ നിലച്ചു...പേടി ആയിരുന്നു...ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത സത്യങ്ങളിലേക്ക് തന്റെ അന്വേഷണങ്ങൾ തന്നെ കൊണ്ടെത്തിച്ചേക്കുമോ എന്ന ഭയം...
തന്റെ മനസ്സറിഞ്ഞിട്ടോ...അതോ ആവശ്യങ്ങൾ ഒരിക്കലും തീരാഞ്ഞിട്ടോ സഹോദരങ്ങൾ ഒരിക്കലും ഒന്നിനും നിർബന്ധിച്ചില്ല...

അപ്പച്ചി....അപ്പച്ചി....ഇത് എന്തുവാ ഈ ചിന്തിച്ചു കൂട്ടുന്നെ...മാളൂട്ടിയുടെ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു. ഓർമ്മകളിലൂടെ പുറകോട്ട് പോയപ്പോൾ ചുറ്റും നടന്നതൊന്നും അറിഞ്ഞില്ല..
അയാൾ മകളുടെ കൈപിടിച്ച് സുന്ദരനായ വരന്റെ കൈകളിലേക്ക് ഏൽപ്പിച്ചു...ഉയർന്നുകേൾക്കുന്ന നാദസ്വര മേളങ്ങൾക്കിടയിൽ താലികെട്ട് നടന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുവോ..തന്റെ മകളായി ജനിക്കേണ്ടിയിരുന്നവൾ....മനസ്സ് നിറഞ്ഞ് അവൾക്കുവേണ്ടി പ്രാർത്ഥിച്ചു...ആത്‌മനിർവൃതിയോടെ വധുവരന്മാരെ അനുഗ്രഹിക്കുന്ന അയാളെ കണ്ടപ്പോൾ ആണ് ഓർത്തത് അദ്ദേഹത്തിന്റെ നല്ലപാതി ആകാൻ അനുഗ്രഹം കിട്ടിയ ആളെ കണ്ടില്ലല്ലോ...ചടങ്ങുകൾ എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോളും ആ ഒരു ആൾക്കുവേണ്ടി കണ്ണുകൾ എല്ലായിടത്തും പരതി...പക്ഷെ ആ ആളെ മാത്രം കാണാൻ കഴിഞ്ഞില്ല...തിരികെ വരുമ്പോൾ ഒഴുക്കൻമട്ടിൽ ചോദിച്ചു...മാളൂട്ടി ആ കുട്ടിയുടെ അമ്മ എവിടെ ? ചടങ്ങുകൾക്കൊന്നും കണ്ടില്ലല്ലോ....മൊബൈലിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നതിനിടയിൽ മാളൂ പറഞ്ഞു അവൾക്ക് അവളുടെ അച്ഛൻ അല്ലാതെ വേറെ ആരും ഇല്ല അപ്പച്ചി...ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിട്ടും എന്തൊ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല...

പിന്നീടുള്ള ദിവസങ്ങളിൽ ചിന്തകൾ മുഴുവൻ അദ്ദേഹത്തെ ചുറ്റിപറ്റി ആയിരുന്നു...ഒന്ന് വിളിച്ചാലോ ??? മാളൂട്ടിയോട് ചോദിച്ചാൽ ഫോൺ നമ്പർ കിട്ടുമായിരിക്കും....മനസിനെ കാർന്നു തിന്നുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തരാൻ അയാൾക്കേ പറ്റൂ...പക്ഷെ കണ്ടിട്ടും ഒരു പരിചയവും കാണിക്കാത്ത ആളെ വിളിച്ചാൽ കിട്ടുന്നത് ഇതിലും വലിയ വേദന ആണെങ്കിലോ ???? നിർത്താതെ അടിക്കുന്ന മൊബൈൽ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്...നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ...എടുക്കാൻ തോന്നിയില്ല... എന്നിട്ടും ഒരു ഉൾവിളിപോലെയെന്നോണം ഫോൺഎടുത്തു....ഹലോ....ആമീ....
ഓർക്കാപ്പുറത് കാതുകളിലേക്ക് ആ ശബ്ദം വന്നുവീണപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ...വർഷങ്ങളായി താൻ കാത്തിരുന്നത് ഈ ഒരു വിളി കേൾക്കാൻ വേണ്ടിയല്ലേ....ഒരു നൂറ് കാര്യങ്ങൾ ചോദിക്കാനുണ്ട് പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല....തിരിച്ച് പ്രതികരണം ഒന്നും ഇല്ലാഞ്ഞിട്ടാവാം തെല്ലൊരു സംശയത്തോടെ പിന്നെയും വിളിച്ചു ആമീ...എന്തോ.... വിളികേൾക്കാതിരിക്കാൻ ആയില്ല...എനിക്ക് സംസാരിക്കാനുണ്ട്...പക്ഷെ ഫോണിലൂടെ അല്ല നേരിട്ട്...നാളെ വീടിനടുത്തുള്ള അമ്പലത്തിൽ ഞാൻ വരും....വരണം ഞാൻ കാത്ത് നിൽക്കും. മറുപടി പറയാൻ പോലും സമയം തരാതെ മറുതലക്കൽ നിന്നു ഫോൺ കട്ട് ചെയ്തപ്പോളും അമ്പരപ്പ് മാറിയിരുന്നില്ല... തിരിച്ചു വിളിക്കാൻ ഒരുങ്ങിയതാണ്. പിന്നെ വിചാരിച്ചുപറയാനുള്ളത് എന്താണെങ്കിലും ആ മുഖത്തുനിന്നും നേരിട്ട് കേൾക്കാം....

എന്താവും പറയാനുള്ളത്....ചെയ്‌തു പോയ തെറ്റ് പൊറുക്കണം എന്നാകുമോ...അതോ എല്ലാം മറക്കണം എന്ന് പറയാനാകുമോ??? ഇപ്പോഴും താൻ കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കി സഹതാപം പ്രകടിപ്പിക്കാനാവുമോ???....ഒരു പക്ഷെ കൗമാരപ്രായത്തിന്റെ വെറും ചാപല്യമായിക്കണ്ട് തള്ളിക്കളയേണ്ടതിനു പകരം ആ വാക്ക് വിശ്വസിച് ജീവിച്ചതിനു കളിയാക്കാനാവും.... ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിച്ചു നേരം വെളുപ്പിച്ചു... വേഗം തന്നെ കുളിച്ച് അമ്പലത്തിലേക്ക് പോകാൻ തയ്യാറായി. പതിവില്ലാത്ത യാത്രയെ പലരും ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായി ഒരു മറുപടി നൽകാതെ ഇറങ്ങി നടന്നു...എന്തായാലും ആളെ കാണുന്നതിന് മുൻപേ ദേവിയെ മനസ്സ് നിറയെ കണ്ട് തൊഴുത് പ്രാർത്ഥിക്കണം. എല്ലാ സങ്കടങ്ങളും ഏറ്റുപറയണം...ആൾക്ക് പറയാനുള്ളത് എന്തായാലും കേൾക്കാനും സഹിക്കാനും ഉള്ള ശക്തി തരാൻ അപേക്ഷിക്കണം..പക്ഷെ കണക്ക്കൂട്ടലുകൾ തെറ്റി....അകലെ നിന്നെ കണ്ടു തന്നെയും കാത്തുനിൽക്കുന്ന അയാളെ...മനസ്സ് ഒന്ന് വിറച്ചുവോ...പക്ഷെ എവിടെനിന്നോ കിട്ടിയ ധൈര്യത്താൽ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ മുന്നിലേക്കെത്തിയത്...
വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു കാത്തുനിന്നു മുഴിഞ്ഞുവോ....ഇല്ലാ... പക്ഷെ ആമി വരാതിരിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു...കുറച്ചു നേരംകൂടി കാത്തുനിൽക്കു....ഞാൻ തൊഴുത് വരാം എന്ന് പറഞ്ഞ് അമ്പലത്തിനുള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതാണ്...നിൽക്കു....ആമി എനിക്ക് പറയാനുള്ളത് കേൾക്കു...എന്നിട്ടാവാം ദേവിയെ കാണുന്നത്...എന്തൊ ആ വാക്കുകളെ ധിക്കരിക്കാൻ ആയില്ല....
അന്ന് മോളുടെ കല്യാണത്തിന് അപ്രതീക്ഷിതമായി കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി....ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നില്ല.. സ്വയം നിയന്ത്രിച് ചടങ്ങുകൾ നടത്തുമ്പോളും ആമിയോട് സംസാരിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. പക്ഷെ സാഹചര്യം എന്നെ അടിമ ആക്കി....മോളാണ് ആമിയുടെ നമ്പർ വാങ്ങി തന്നത്...ആമി....ആമിയെന്താ വിവാഹം കഴിക്കാതിരുന്നത്....പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്...എങ്കിലും പറഞ്ഞു.....മനസ്സ് തുറന്നു സ്നേഹിച്ച ആൾ കാത്തിരിക്കാൻ പറഞ്ഞിട്ട് പോയത് ഇനി ഒരിക്കലും മടക്കമില്ലാത്ത ഒരു യാത്രയിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല....തന്റെ മറുപടി കേട്ട് നിറഞ്ഞ ആ കണ്ണുകൾ കണ്ടപ്പോൾ കുറ്റബോധം തോന്നി...വാക്കുകൾക്ക് മൂർച്ച കൂടിപ്പോയോ....
കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അദ്ദേഹം തുടർന്നു....ആമി...കാര്യങ്ങൾ ആമി കരുതും പോലെ അല്ല...കാർത്തിക അവൾ എന്റെ മകൾ അല്ല...എന്റെ താങ്ങും തണലും ആയിരുന്ന എന്റെ ഏട്ടന്റെ മകളാണവൾ....അവൾക്ക് ഈ ലോകത്തിൽ ഞാൻ മാത്രമേയുള്ളു.... അവൾക്ക് ചോറുകൊടുക്കാനായി ഗുരുവായൂർക്ക് പോകുന്ന വഴി ഒരു ആക്‌സിഡന്റിൽ പെട്ടാണ് അവളുടെ അച്ഛനും അമ്മയും മരിക്കുന്നത്. അന്ന് മുതൽ അവളുടെ അച്ഛനും അമ്മയും ഞാനാണ്...ചെറിയച്ഛൻ എന്ന് വിളിക്കാനല്ല അച്ഛൻ എന്ന് വിളിക്കാനാണ് അവളെ ഞാൻ പഠിപ്പിച്ചത്...സ്വന്തം മകളായിട്ടാണ് ഞാൻ അവളെ വളർത്തിയതും..ജീവിതത്തിൽ ഒരുപാട് പ്രാരാബ്ദങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്നു ഉയരങ്ങൾ താണ്ടാൻ ആഗ്രഹിച്ച നിന്‍റെ മുന്നിലേക്ക് എന്റെ മോളുടെ കൈയും പിടിച് വരാനുള്ള ധൈര്യം എനിക്കില്ലായിരുന്നു...നിന്‍റെ സ്വപ്‌നങ്ങൾ ലക്ഷ്യത്തിൽ എത്താൻ ഞങ്ങൾ ഒരു തടസ്സം ആകുമോ എന്ന ഭയം നിന്നിൽ നിന്നും ഒളിച്ചോടാൻ എന്നെ നിർബന്ധിതൻ ആക്കി....ഒരിക്കലും നിന്നെ മറക്കാനാകില്ലെന്നും....നിന്നിൽ ആണെന്റെ പൂർണതയെന്നും അറിഞ്ഞിട്ടും സ്വയം പിന്മാറി...എനിക്കറിയാമായിരുന്നു നീ തേടിയിറങ്ങുമെന്ന്...നിന്‍റെ നോട്ടം എത്താത്ത ഒരിടത്ത് നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച് എന്റെ മകൾക്ക് വേണ്ടി ജീവിച്ചു..

പതുക്കെ പതുക്കെ ആമി എല്ലാം മറക്കുമെന്നും നല്ലൊരു ജീവിതം കണ്ടെത്തുമെന്നും സ്വയം ആശ്വസിച്ചു....പക്ഷെ ഇന്നും നീ എനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന സത്യം അറിഞ്ഞപ്പോൾ തോറ്റുപോയത് ഞാൻ ആയിരുന്നു....ആമീ എന്നോട് പൊറുക്കില്ലേ നീയ്...ജീവിതത്തിൽ ഇനി എത്ര നാളുകൾ ബാക്കിയുണ്ട് എന്നെനിക്കറിയില്ല....
എങ്കിലും ഞാൻ ഒരു തീരുമാനം എടുത്തു...ഇനിയുള്ള ജീവിതം അത് കുറച്ച് നിമിഷങ്ങൾ മാത്രം ആണെങ്കിലും...ആ നിമിഷങ്ങളിൽ നീ എന്റെ ഒപ്പം വേണം. ഇത് ഒരു എടുത്തുചാട്ടമോ നിന്നോടുള്ള സഹതാപമോ ഒന്നും അല്ല....ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ നിന്നെ എന്റെ കണ്മുൻപിൽ എത്തിച്ചുതന്ന ദൈവത്തിന്റെ നിച്ഛയം ആണ്....വളരെ നന്നായി ആലോചിച്ചു.... ഇനിയുമൊരു വേർപിരിയൽ അത് വേണ്ട ആമി....

നിനക്ക് എന്നെ മനസിലാവുന്നില്ലേ ആമി...നീ വരില്ലേ ആമീ എന്റെ കൂടെ....
ഈശ്വരാ താൻ സ്വപ്നം കാണുകയാണോ..അതോ ഇതെല്ലാം തന്റെ മനസ്സിന്റെ വെറും തോന്നലുകളാണോ...അല്ല ഇത് സ്വപ്നം അല്ല കാരണം മനസിലെ സങ്കടകടൽ സന്തോഷത്തിനു വഴിമാറി മിഴിനീരായി ഒഴുകിയിറങ്ങുന്നത് തനിക്ക് അറിയാൻ പറ്റുന്നുണ്ട്...എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ ശബ്ദം നഷ്ട്ടപെട്ടതുപോലെ....ഈ ഒരു വിളിക്കായി ഈ ഒരു നിമിഷത്തിനായിട്ടാണ് താൻ കാത്തിരുന്നത് എന്ന് ഉറക്കെ പറയണമെന്നുണ്ട്....കണ്ണീരിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന തന്റെ കണ്ണുകളിലൂടെ സമ്മതം അറിഞ്ഞിട്ടോ എന്തൊ തന്റെ കൈയും പിടിച്ച് അമ്പലത്തിനുള്ളിലേക്ക് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു രണ്ടുപേർക്കും...താൻ ഇത്രയും നാൾ കാത്തിരുന്ന ആളോടൊപ്പം ദേവിയെ തൊഴുത് നിന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷം. തൊഴുത്തിറങ്ങിയപ്പോൾ കിട്ടിയ പ്രസാദം പരസ്പരം തൊടുവിച്ച്.... ദേവിയെ സാക്ഷിയാക്കി ആ പ്രസാദത്തിൽ നിന്നും കുറച്ച് കുങ്കുമം അയാൾ അവളുടെ നിറുകയിൽ ചാർത്തി കൊടുത്തപ്പോൾ നിറഞ്ഞത് അവരുടെ കണ്ണുകൾ മാത്രമല്ല മനസ്സുംകൂടി ആയിരുന്നു...ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ സങ്കടങ്ങൾ മറന്നുകൊണ്ട്....യാഥാർത്ഥപ്രണയം അത് കാലത്തിനും പ്രായത്തിനുമൊക്കെ അതീതമാണെന്നുള്ള സത്യം മനസ്സിലാക്കി പരസ്പരം കരം പിടിച് ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് നടന്നകലുമ്പോൾ അവരുടെ മനസ്സ് നിറയെ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരുന്നു.....ശ്രീകോവിലിനുള്ളിലെ ദേവിയുടെ അനുഗ്രഹവർഷമെന്നോണം.... അവരെ ആദ്യമായി ഒന്നിപ്പിച്ച കാലംതെറ്റി പെയ്ത മഴ അപ്പോളും പെയ്തുകൊണ്ടേയിരുന്നു........


By: 
Deepthi Sunil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo