Slider

പതിവുപോലെ

1

പതിവുപോലെ പ്രഭാതസവാരിക്കുള്ള അലാറംവച്ചു കിടന്നുറങ്ങി.
സുബ്ഹി നിസ്‌കാരത്തിന്റെ ബാങ്ക് കേട്ടപ്പോ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ പള്ളിയിലേക്ക് വച്ചടിക്കാനുള്ള തിടുക്കത്തിൽ ഞാൻ പുറത്തേക്കിറങ്ങി..എന്നത്തേയും പോലെ ഇരുട്ടിന്റെ കാഠിന്യം കുറയാത്തതുകൊണ്ട് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പള്ളിക്കാട്ടിലൂടെയുള്ള കുറുക്കുവഴിയിലൂടെയാണ് യാത്ര.പെട്ടെന്ന് വന്ന ഫോൺകോൾ കാരണം ടോർച്ചു ഓഫാക്കാതെ മൊബൈലെടുത്ത് ചെവിയിൽ വച്ചതുകൊണ്ടു പരിസരമാകെ പ്രകാശിതമായി. ഇതോർക്കാതെ കറുത്ത ഷർട്ട് ധരിച്ചിരുന്ന ഞാൻ സംസാരം മുറുകിയപ്പോ പള്ളിക്കാട്ടിൽ ഒന്ന് ബ്രേക്കിട്ടു. ആ സമയം പടിഞ്ഞാറേ ഗേറ്റിൽ നിന്നും വന്ന ഉമ്മറിക്ക പെട്ടെന്ന് കറുത്ത വേഷത്തിൽ പ്രഭചൊരിഞ്ഞു പള്ളിക്കാട്ടിൽ നിൽക്കുന്ന എന്നെക്കണ്ട് ദൂരെ നിന്നും സൂക്ഷിച്ചുനോക്കി അവിടെ നിന്നു.കറുത്ത വേഷത്തിൽ നിൽക്കുന്ന കാഫിർ ജിന്നാണെന്ന് മനസ്സിൽ കരുതിയിട്ടാവണം മൂപ്പർ ഇമചിമ്മാതെ നോക്കി നിൽപ്പാണ്.ഇടയ്ക്കു കുനിഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ടെങ്കിലും അടുത്തുവരാൻ ധൈര്യം കാണിക്കുന്നുമില്ല.വെളുപ്പാൻകാലത്തു താൻ കണ്ട അസാധാരണ ശക്തിയുടെ സത്യമറിയാനുള്ള മൂപ്പരുടെ പരവേശവും മുഖത്ത് നിഴലിച്ച ഭീതിയും സത്യത്തിന്റെ വെള്ളകൊടി വീശാൻ എന്നെ പ്രേരിപ്പിച്ചു.ടോർച്ചു വെളിച്ചം എന്റെ മുഖത്തേക്കുതന്നെ തെളിച്ചു എന്റെമേൽ കയറിയ ജിന്നിനെ ഞാൻ തന്നെയിറക്കിവിട്ടു.പരിഭ്രമം വിട്ടുമാറാത്തതു കൊണ്ടാണോ അതോ വെളുപ്പാൻകാലത്തു തന്നെ മനസ് പേടിപ്പിച്ച എന്നോട് രണ്ടു പറയാനാണോ എന്തോ, ഉമ്മറിക്ക വുളു (അംഗശുദ്ധി )എടുക്കുന്നതിനിടയിൽ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ വടക്കു പടിഞ്ഞാറേ മൂലയിലെ ആഞ്ഞിലിമരത്തിൽ തമ്പടിച്ചിരിക്കുന്ന കാക്കക്കൂട്ടങ്ങളും എന്നെപ്പോലെ തന്നെ പ്രഭാതസവാരിക്കൊരുങ്ങിയിരുപ്പാണ്.നിസ്ക്കാരം കഴിഞ്ഞതും ചായക്കടക്കാരൻ അയ്മുട്ടിക്ക പുറത്തേക്ക് പാഞ്ഞു.ആ പള്ളി മഹല്ലിലെ പ്രധാന ഫിത്‌ന- ഫസാദ് (കുത്തിത്തിരുപ്പു - പരദൂഷണം)കേന്ദ്രമാണ് അയ്മുട്ടിക്കാടെ ചായപീടിക. തന്റെ പീടിക പരദൂഷണകേന്ദ്രമായതിൽ മൂപ്പർക്കുള്ള അമർഷം ഇടക്കിടക്ക് എന്നോട് പങ്കുവക്കാറുണ്ട്.പക്ഷെ വെളുപ്പിനത്തെ ചായയുടെ ഒപ്പം മഹല്ലുകാരുടെ ഇറച്ചി തിന്നാലേ സുബ്ഹിഹിയുടെ ഖുനൂത്തിന് (പ്രത്യേക പ്രാർത്ഥന)ഉത്തരം കിട്ടൂന്ന് കരുതുന്ന കാദറിക്ക ചായതേടി എത്തുന്നിടത്തോളം കാലം പീടികയിൽ പരദൂഷണം ഒഴിയില്ലയെന്നതാണു വാസ്തവം.കാദറിക്ക വന്നാൽ കടയിലെ ഈച്ചകളും കൊതുകുകളും തൽക്കാലം കളമൊഴിയും .തങ്ങളെക്കാൾ വലിയ കീടാണുവാഹകനായ കാദറിക്കയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തങ്ങൾക്കാവില്ലായെന്ന് ആ കീടങ്ങൾ വരെ തിരിച്ചറിഞ്ഞിരിക്കുന്നു..
"എടൊ അയ്മുട്ടി..ഓരു ചായ മധുരം കുറച്ചു..വെള്ളം കുറച്ചു എടുക്കാൻ പറഞ്ഞിട്ട് കാര്യമില്ലലോ..തന്റെ പാലിൽ കുടം കണക്കിന് വെള്ളമല്ലേ.." എന്ന് പറഞ്ഞു കാദർ വരവറിയിച്ചു..ദേഷ്യം കടിച്ചമർത്തി അയ്മുട്ടി ചായപ്പത്തിയിൽ വെള്ളമൊഴിച്ചു..
മേശയ്ക്കു ചുറ്റും കൂടിയിരുന്നവരോട് കാദറിക്ക പുലമ്പാൻ തുടങ്ങി.."എടൊ..എന്തെടോ..ഈയിടെ ഒരുത്തൻ നിയമസഭേൽ തുണീല്ലാതെ കേറിന്നോ, പ്രസംഗിച്ചൂന്നോ ഒക്കെ കേൾക്കണല്ലോ..അല്ലേലും പടച്ചോനെ വിശ്വാസോല്ലാത്തോർക്കിടെൽ ആർക്കെന്ത് നാണം..എന്നാലും നമ്മടെ രമേശ് മൂപ്പര് ഒന്നും പറഞ്ഞില്ലേ ആവോ.. പുള്ളിക്കാരൻ ചോദിച്ചില്ലേലും നാണോം മാനോം ഉള്ള നമ്മടെ കുഞ്ഞാലി സായിബ് എന്താണാവോ മിണ്ടാതിരുന്നേന്നു പിടികിട്ടണില്ലല്ലോ?.". ..കടുത്ത മാക്സിസ്റ്റ് വിരോധിയായ കാദറിക്കാടെ സംസാര സൈക്കിൾ ബെല്ലും ബ്രെക്കുമില്ലാതെ പായുന്നത് കണ്ടപ്പോ.."നാണം മറക്കാനും നാണം മറപ്പിക്കാനും കമ്മ്യൂണിസ്റ്റുകാർ ചെയ്ത ത്യാഗങ്ങളുടെ കഥകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മുലമുറിച്ച ചിരുതമാർ ഒഴുക്കിയ പ്രതിഷേധച്ചോര കൊണ്ടാണീ ചെങ്കോടി ചുമന്നതും അതിലെ അരിവാളിനു മൂർച്ച കൂടിയതെന്നും,ഒരു പക്ഷെ കാദറിനെപ്പോലുള്ള രാഷ്ട്രീയാൽപ്പന്മാരായിട്ടുള കുഞ്ഞാപ്പ ഭക്തന്മാർക്ക് അറിവ് കാണില്ലായിരിക്കാം. എങ്കിലും വീട്ടിലേ കാരണവന്മാർക്ക് അവരുടെ ബാപ്പ പറഞ്ഞു കൊടുത്ത പഴങ്കഥകളുടെ ഓർമ്മ മായാനിടയില്ലാത്തതിനാൽ ഒന്ന് ചോദിച്ചു മനസിലാക്കാനും,നേരത്തെ കാദർ പറഞ്ഞ നാണവും മാനവും ഉള്ള,..നിസ്‌ക്കാരത്തഴമ്പും മക്കത്തെ ഹജ്ജും അലങ്കാരമായി മാത്രം കരുതുന്ന , സാഹിബിന്റെ ഞെരിയാണിക്ക് മുകളിൽ വരിഞ്ഞു മുറുക്കിയ ഉടുതുണി, ഇരുട്ടുവീണപ്പൊ യത്തീമായ പെണ്ണിന്റെ മൊഞ്ചിന് മുന്നിൽ അഴിഞ്ഞുവീണത് ലോകം അറിഞ്ഞപ്പോ, കോടികൾകൊണ്ട് തുലാഭാരം നടത്തി അവളുടെ മാനത്തിന് വില പറഞ്ഞ സാഹിബിന്റെ വീരകഥകൾ ഒരു പക്ഷേ കാദർ മറന്നുവെങ്കിലും മറക്കാത്ത ഞങ്ങൾ നാട്ടിലുണ്ടെന്നും കൂടി പറയാൻ തുടങ്ങവെ ഇറച്ചി വെട്ടുകാരൻ കോയാനിക്ക ഇടപെട്ടു.
"നിങ്ങളു വിവരക്കേട് പറയാതെടോ കാദറെ..നിങ്ങള് പറഞ്ഞത് കേരളത്തിൽ നടന്നതല്ല..അങ്ങ് വടക്കെങ്ങാണ്ടാ..തൊട്ടേനും പിടിച്ചെനും നിങ്ങളീ പാർട്ടിക്കാരുടെ പുറത്തേക്ക് കുതിര കേറുന്നെന്തിനാ..? "
കോയാനിക്ക ഒരു ലീഗ് അനുഭാവിയാണേലും ബീഫിന്റെ പേരിൽ പുകിലുനടന്നപ്പോ ഇടതിന്റെ കുട്ടികളെ ചോദ്യം ചെയ്യാനും ഫെസ്റ്റ് നടത്താനും ഉണ്ടായുള്ളൂവെന്നത് കോയാനിക്കയെ ഒരു തണ്ണിമത്തൻ അനുഭാവിയാക്കി മാറ്റി.അതായത് പുറത്ത് പച്ച എന്നാൽ ഉള്ളു ചുമപ്പും..മൂപ്പർക്ക് ആകെവശമുള്ള പണി ഇറച്ചിവെട്ടാണല്ലോ...
ചർച്ച കോയാനിക്ക ഏറ്റെടുത്ത സന്തോഷത്തിൽ ചായക്കാശ് കൊടുത്തു ഞാൻ സ്ഥലം കാലിയാക്കി.
സമയം 6 മാണി കഴിഞ്ഞിരിക്കണം.ഇന്നലെ പടിഞ്ഞാറൻ ചക്രവാളത്തിൽ മുഖം ചുമപ്പിച്ചു നാണിച്ചു തലതാഴ്ത്തിയ സൂര്യൻ അതെ നാണത്തിനരുണിമയോടെ മറനീക്കി ഒളിവിതറി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.പാൽക്കാരൻ ഭാസ്‌ക്കരൻ കൈയിൽ പാൽകുപ്പികളുമായി വേഗത്തിൽ പായുന്നതു കണ്ടപ്പൊ.."എന്താ ഭാസ്‌ക്കരേട്ടാ നിങ്ങക്ക് സൂര്യന്റെ പേരായത് കൊണ്ടാണോ കോഴികൂവാൻ നേരം തന്നെ പായണതെന്ന്" പരിഹാസരൂപേണ ഞാൻ കുശലം ചോദിച്ചു."വൈകി കറന്നാലും നേരത്തെ കറന്നാലും ആടിന്റെ രണ്ടു മുലയല്ലേ വലിക്കാൻ പറ്റൂ. കിട്ടിയത് വേഗമൂറ്റി കുപ്പി നിറച്ചു "എന്ന് പറഞ്ഞു ഭാസ്‌ക്കരേട്ടൻ ചിരിച്ചു.ഇതിലും നല്ല മറുപടിക്ക് ഞാൻ അർഹനല്ല എന്ന് എനിക്കും തോന്നി..
മേരിച്ചേച്ചി രാവിലെ ഉണർന്നു ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ട്.സ്വന്തം വീട്ടിൽ അരിവേവിച്ചില്ലെങ്കിലും അയൽപക്കത്തെ അടുക്കളരഹസ്യങ്ങൾ അറിയാനുള്ള മേരിച്ചേച്ചിയുടെ ശുഷ്‌കാന്തി കൊണ്ടാകാം അയൽപക്കത്തെ ചെറുപ്പക്കാർ മേരിച്ചേച്ചിക്ക് "ബി. ബി. സി ."എന്ന വാർത്താ ചാനലിന്റെ പേര്, ഒമാനപ്പേരായി നൽകിയിരിക്കുന്നത്.പക്ഷെ എനിക്കെന്നും അവർ ഒരത്ഭുതമാണ്.വയസ്സ് 70 കഴിഞ്ഞുകാണും.പക്ഷെ ആ വാർഡിലെ ചെറുതും വലുതുമായ ഓരോ ചലനങ്ങളും വാർത്തകളായി മേരിച്ചേച്ചിയുടെ ചെവിയിലെത്തും. '4ജി' യേക്കാൾ വേഗത്തിൽ തനിക്ക് ലഭ്യമായ വാർത്തകളെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മേരിച്ചേച്ചിയുടെ നാവു വഹിക്കുന്ന പങ്കു നിസ്തുലം തന്നെയാണ്....മേരിച്ചേച്ചിയുടെ കാര്യത്തിൽ ഏഷ്യാനെറ്റിന്റെ ഈ വരികൾ ചേരും......"നിരോടെ...നിർഭയം.....നിരന്തരം.."ഏഷ്യാനെറ്റിന്റെ കാര്യത്തിൽ ചേരില്ല എന്നത് വേറെ വശം...
പക്ഷെ ഒരു കാര്യം..നഗരത്തിലെ വേഗതയുടെ ലോകത്തു മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങി രൂപംകൊണ്ട സ്വാർത്ഥതയുടെ വേരുകൾ ഗ്രാമാന്തരങ്ങളിലെ മണ്ണിൽ ആഴ്ന്നിറങ്ങാത്തതു ഇത് പോലുള്ള മേരിച്ചേച്ചിമാരുടെ സജീവ സാന്നിധ്യമാണ്.
"നടക്കാനിറങ്ങിയതാവും അല്ലെ " എന്ന മേരിച്ചേച്ചിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ മുന്നോട്ട് നീങ്ങി.
രാഘവേട്ടൻ വീട്ടുമുറ്റത്ത് തന്റെ ഓട്ടോ കഴുകുന്ന തിരക്കിലാണ്.എന്റെ ചെറുപ്പം മുതൽ ഞാൻ കാണുന്ന ബി.ജെ.പി. ക്കാരൻ.ചുവപ്പു കൊടിക്കാരോടും പച്ചമതക്കാരോടും മൂപ്പർക്കുണ്ടായിരുന്ന വിരോധം ഭാര്യ വിലാസിനിയുടെ ഹൃദയത്തിന്റെ ബൈപാസ് ഓപ്പറേഷനോടുകൂടി മാറി.വിലാസിനിച്ചേച്ചിയുടെ ജീവൻ രക്ഷിക്കാൻ, അവർക്കു രക്തം നൽകാൻ,ഞങ്ങൾ ചുവപ്പിന്റെ കൂട്ടുകാരോടിയെത്തിയ അന്നു മുതൽ രാഘവേട്ടനു ,താൻ പിടിക്കുന്ന കൊടിയുടെ മാഹാത്മ്യമോ, വിശ്വസിക്കുന്ന മതത്തിന്റെ ഉൽകൃഷ്ടതയോ അല്ല ജീവൻ തുടിക്കുന്ന 450 മില്ലി രക്തത്തിന്റെ ഔന്നത്ത്യമെന്നുണ്ടായ തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തിനുള്ള അനിവാര്യ സന്ദേശമാണ്.
റോഡിലൂടെ നടക്കുംപോൾ പരിചിത മുഖങ്ങളെല്ലാം കടന്നുപോകുന്നുണ്ട്.അവരോട് ഹായ് പറഞ്ഞും കൈ വീശിയും മുന്നോട്ട് നീങ്ങി.കൂടുതലും രാഷ്ട്രീയക്കാർ.ശരീരമനങ്ങാതെ അധ്വാനിക്കുന്ന രാഷ്ട്രസേവകരുടെ കൂട്ടത്തിൽ എണ്ണത്തിൽ കുറവെങ്കിലും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെ ചെറുകിട അമരക്കാരും ഉണ്ടെട്ടോ..ഇടക്ക് ജാഥയിലും പ്രകടനത്തിലും പങ്കെടുത്ത് ദേഹം അനങ്ങുന്നതുകൊണ്ടാകാം എണ്ണത്തിൽ കുറവ്..പാവം...ശരീരത്തിലെ കൊളസ്‌ട്രോളിനറിയില്ലല്ലോ അധ്വാനിക്കുന്നവർക്കായി സന്ധിയില്ലാ പോരാട്ടം നയിക്കുന്ന തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ നേതാവാണെന്ന്.
മെഡിക്കൽ കോളേജ് റോഡ് താരതമ്യേന വിശാലമാണെങ്കിലും അല്പം വിജനമാണ്.അവിടെ പാതയോരങ്ങൾക്കിരുവശവും പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത് ഒരു നിത്യകാഴ്ചയാണ്..മാലിന്യക്കൂമ്പാരം നിമിത്തം അവിടെ മനുഷ്യരെക്കാൾ കൂടുതൽ കാണുന്നത് മേനകമാരുടെയും രഞ്ജിനിമാരുടെയും അരുമക്കിടാങ്ങളെയാണ്.രണ്ടും- മൂന്നും സെന്ററിൽ വീടുവച്ചിരിക്കുന്ന സാധാരണക്കാർ മുതൽ രാത്രികാലങ്ങളിൽ കാറുകളിൽവന്നു മാലിന്യമെറിയുകയും പകൽനേരങ്ങളിൽ മാലിന്യ നിർമാർജനപരിപാടികൾ ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന പകൽമാന്യന്മാർ വരെ ഈ പാപത്തിന്റെ കറപറ്റിയവരിൽപ്പെടും.തങ്ങളുടെ വിഹാര കേന്ദ്രത്തിലേക് നടന്നു വരുന്ന എന്നെ, മൂന്നു- നാലു നായ്ക്കൾ സഗൗരവം തലയുയർത്തി നോക്കി..ഉള്ളിൽ ഭയമുണ്ടായിരുന്നുവെങ്കിലും പുറമെ അത് നടിക്കാതെ ഞാൻ മുന്നോട്ട് നടന്നു നീങ്ങി.അല്ലേലും ഞാൻ എന്തിന് ഭയക്കണം?എന്റെ കൈയിൽ മാംസപ്പോതിയൊന്നുമില്ലല്ലോ..എന്നും കാണുന്നത് കൊണ്ടോ എന്തോ നായ്ക്കൾ വീണ്ടും തലതാഴ്ത്തി തങ്ങളുടെ മാലിന്യക്കവറുകളുടെ കെട്ടഴിക്കുന്ന തിരക്കിൽ മുഴുകി..അല്ലേലും ഇവറ്റകൾ കൂട്ടം കൂടിയാലെ അപകടകാരികളാകൂ.എന്നാൽ ഒറ്റക്ക് മനുഷ്യ ഇറച്ചി തിന്നുന്ന കാദറിക്കയെ കുറിച്ചാലോചിക്കുമ്പോ ഇവറ്റകൾ എത്രയോ ഭേദമെന്നു കരുതി ഞാൻ മുന്നോട്ട് നീങ്ങി.
അതിരാവിലെ വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ അന്തരീക്ഷത്തിൽ കുറഞ്ഞതുകൊണ്ടാണോ, അതോ 190 ഉണ്ടായിരുന്ന രക്തത്തിലെ കൊളസ്‌ട്രോൾ കുറഞ്ഞതുകൊണ്ടോ, എന്തോ.. ഒരു ഊർജം കൂടിയത് പോലെ..കിതപ്പിനെ അവഗണിച്ചു ഞാൻ നടത്തത്തിനു വേഗത കൂട്ടി. ലക്ഷ്യസ്ഥാനമായ സ്കൂൾ ഗ്രൗണ്ട് എത്താൻ ഇനിയും ഒരു ഫർലോങ് ദൂരം പിന്നിടണം......
1
( Hide )
  1. പുലര്‍ കാല ഗ്രാമാന്തരീക്ഷം കസറി, തുടരുക all the best..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo