Slider

ചന്തൂട്ടി

0

രാവിലെ തന്നെ ഉണർന്ന് പിന്നാമ്പുറത്തെ വരിക്കപ്ലാവിന്റെ ഉണങ്ങിയ ഇലകൾ പെറുക്കി കൂട്ടി തീക്കായാൻ ഉള്ള പുറപ്പാടിലായിരുന്നു ബഷീർ,
പെട്ടെന്നാണ് ഉമ്മറത്തെ മുറ്റത്ത് നിന്നും ഒരു സൈക്കിളിലെ ബെല്ലടി കേട്ടത് ,കൂടെ ഒരു വിളിയും
സെയ്തൂട്ടിക്കാ.......
ഇവിടെ ആരും ഇല്ലേ?
അടുക്കള ജനൽ വഴി ഏന്തി വലിഞ്ഞു നോക്കുമ്പോ മുറ്റത്തദാനിൽക്കുന്നു ചന്തൂട്ടി,
ചന്തൂട്ടിയുടെ വരവ് കണ്ടപ്പഴേ ബഷീറിന്റെ മുട്ട് കൂട്ടി ഇടിക്കാൻ തുടങ്ങി,
ചന്തൂട്ടി രണ്ടാം വട്ടം വിളിക്കുമ്പോഴേക്കും ഉമ്മറ കോലായിൽ ബാപ്പ എത്തി,
അല്ല ! ഇതാര് ചന്തൂട്ടിയോ താനെന്താ രാവിലെ തന്നെ?
എന്താ മുറ്റത്തങ്ങ് നിന്നു കളഞ്ഞത് വാ ഇരിക്കി':
കുഞ്ഞാമിനാ ഒരു ചായ ഇങ്ങെടുത്തോ - .....
അടുക്കള പണിക്കിടയിൽ നിന്നും ബാപ്പാന്റെ വിളി കേട്ട് ഉമ്മയും ഉമ്മറതെത്തി,
അല്ലാ..... ചന്തൂട്ടിയോ!
നിന്നെ ഇപ്പോ കാണാറില്ലാലോ?
ഇരിക്കിട്ടാ-- .. ഞാൻ ഇപ്പ ചായകൊണ്ട് വരാം -
ചായ കുടിക്കാനൊന്നും നേരമില്ലിക്കാ ,ഞാൻ വന്നതേ, നിങ്ങളെ മോനും വേറെ കോറേ കുട്ട്യേളും കൂടി ഇന്നലെ എന്റെ പറമ്പിലെ മാവിനു കല്ലെറിഞ്ഞു, കല്ല് കൊണ്ട് വീട്ടിന്റെ ഓട് പൊട്ടി വനജേന്റെ തലേലാ ഓട് വീണത്, രണ്ട് തുന്നികെട്ടാതലേല്, ഇങ്ങളെ മോനായത് കൊണ്ടാ ഞാൻ ഒന്നും ചെയ്യാഞ്ഞത്, ചെക്കനെ നിങ്ങളൊന്ന് പറഞ്ഞ് പഠിപ്പിക്കണം,
ഇത് പറയ്യാനാ ഞാൻ രാവിലെ തന്നെ വന്നത്, എന്നാ ശരി ഞാൻ ഇറങ്ങട്ടെ - ....
സെയ്തൂട്ടി എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുമ്പ് ചന്തൂട്ടി ഇറങ്ങി പോയി,
ബഷീറേ....... ബാപ്പാന്റെ നീട്ടിയുള്ള വിളി ഒരു തീമഴയായ് ബഷീറിന് തോന്നി, മുട്ടുവിറച്ചിട്ട് മുന്നോട്ട് നടക്കാൻ പറ്റാതെയായി, തൊണ്ടയിൽ വെള്ളം വറ്റി, നാവിറങ്ങി പോയ പോലെ,
ഉമ്മയാണെങ്കിൽ ചന്തൂട്ടി പറഞ്ഞത് കേട്ട് തലയിൽ കൈവെച്ചിരുന്നു പോയി , ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവം മുഖത്ത് വരുത്തി ,വേച്ച് വേച്ച് ബഷീർ മുറ്റത്തെത്തി,
എന്താ ബാപ്പാ :....
കണ്ണു യർത്തി മെല്ലെ ബാപ്പാന്റെ മുഖത്തേക്ക് പാളി നോക്കിയ ബഷീറിന്റെ ഉള്ള ധൈര്യം കൂടി ചോർന്ന് പോയി,
ബാപ്പാന്റെ കണ്ണ് ചോരക്കട്ട പോലെ ചുവന്നിരിക്കുന്നു, ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്,
ഉമ്മയും ഒന്നും മിണ്ടുന്നില്ല,
അടി ഉറപ്പിച്ച നിമിഷം,
വരുന്നത് വരട്ടെ, '
ബാപ്പ എന്തിനാ വിളിച്ചത് ?
നീ ഇങ്ങ് അടുത്ത് വാ - ..
ഉമ്മാനെ ഒരു വട്ടം കൂടി ദയനീയമായി നോക്കി മെല്ലെ മുന്നോട്ട് നടന്നു,
സാദാരണ ഇത്തരം വിഷയങ്ങളിൽ വക്കാലത്ത് എടുക്കുന്ന ഉമ്മ പോലും കൈ ഒഴിഞ്ഞിരിക്കുന്നു,
ദയനീയം,
വിഷയം അതീവ ഗൗരവം,
ചന്തൂട്ടി പറഞ്ഞത് അപ്പാടേ വിഴുങ്ങി നിൽക്കുന്ന അവരുടെ മുമ്പിൽ തന്റെ നിരപരാധിത്തം തെളിയിക്കൽ അസാധ്യം,
മാവിന് കല്ലെറിഞ്ഞത് തന്റെ നേതൃത്യത്തിൽ തന്നെ,
അതിൽ ബാബു എറിഞ്ഞ ഒരു കല്ല് വീടിന്റെ ഓടിന് കൊണ്ടതും സത്യം, ചന്തൂട്ടിയെ കണ്ട് ഓടിയതും സത്യം ബാക്കി ഒക്കെ നുണ, നല്ല കല്ല് വെച്ച നുണ, എന്നെ തല്ല് കൊള്ളിക്കാൻ വേണ്ടി ചന്തൂട്ടി പടച്ചുവിട്ട പെരുംനുണ,
പക്ഷെ എന്ത് കാര്യം, ആരു വിശ്വസിക്കാൻ - ....
ഉമ്മറ കോലായിലേക്ക് കയറിയതും ബാപ്പ മുന്നോട്ട് ഒരു വരവ്, ഒരു പുലി ചാടും പോലെ ,പിന്നെ ഒരലർച്ചയും,
പെട്ടെന്ന് തിരിഞ്ഞോടാൻ ശ്രമിച്ച ബഷീറിന്റെ ചന്തിക്കാണ് ബാപ്പാന്റെ ചവിട്ട് കൊണ്ട്, സത്യം പറഞ്ഞാ അങ്ങനെ ഒരാക്രമണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ നിലം തൊടാതെ മുറ്റത്തിന്റെ പകുതി ഭാഗം വായുവിൽ പറന്നു, വീണ പാടേ എഴുന്നേറ്റ് ഓടി പിന്നിൽ ബാപ്പയും,
കുഞ്ഞാമിനാ പിടിക്കവനെ, ഇന്നവന്റെ കുരുത്തകേട് ഞാൻ തീർക്കും, കെട്ടിയിട്ട് കണ്ണിൽ മുളകെഴുതും,
ബാപ്പാന്റെ അലർച്ചകൾ കേട്ടിട്ടും കേക്കാണ്ട് ബഷീർ നേരേ ചീരുഅമ്മന്റെ വീട്ടിൽ അഭയം തേടി, ചീരു അമ്മ ഉമ്മാമാന്റെ കൂട്ടാ......
ഉമ്മാമ മരിച്ചു പോയത് കൊണ്ട് തന്നെ ബാപ്പാക്ക് ഇപ്പം ചീരുഅമ്മ ഉമ്മാന്റെ സ്ഥാനത്താ-
അവരു പറഞ്ഞാ തട്ടൂല '
അതറിഞ്ഞ് കൊണ്ട് തന്നെയാ അങ്ങോട്ട് ഓടിയതും,
പാതി വഴി വരേ പിന്നാലെ ഓടി ബാപ്പ മടങ്ങി:
നീ ഇങ്ങോട്ട് തന്നെ വരുമല്ലോ.... എന്ന് പറയുന്നത് അവ്യക്തമായി കേട്ടു പിന്നെ എന്തൊക്കയോ തെറികളും'
ചീരു അമ്മേന്റെ മുണ്ടിന്റെ മറവ് തൂങ്ങി അവരുടെവിട്ടിൽ നിന്നുംതിരിച്ചെത്തി,
ചീരു അമ്മയുടെ ജാമ്യം,
ഇനിയെന്റെ മോൻ ഇങ്ങനെ ഒന്നും ചെയ്യൂല;
ആദ്യം വഴങ്ങാതിരുന്ന ബാപ്പ തുടർന്ന് ചീരു അമ്മയുടെ മധ്യസ്ഥ ചർച്ചയിൽ അഴഞ്ഞു,
ഒടുവിൽ ബാപ്പാക്ക് ശാസന നിറഞ്ഞ താക്കീതും,
ഇനി എന്റെ കുഞ്ഞിനെ തല്ലരുത്,
കണ്ണുനീർ ഒഴുകി ഒലിച്ച ബഷീറിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ചീരു അമ്മ എന്ന മാലാഖ പടിയിറങ്ങി,
രംഗം ശാന്തം ----
അലകൾ അടങ്ങിയ കടലായ് കുറച്ച് സമയം പോയ് '
വൈകുന്നേരം നാലു മണിയായ് ക്കാണും ഇടവയിയിൽ നിന്ന് ഒരു ചൂളം വിളി,
അതെ''''' ബാബു എത്തിയിരിക്കുന്നു ',
ഉമ്മാന്റെ കണ്ണുവെട്ടിച്ച് ഇടയിലേക്ക് ഓടി,
ബാബു ചീരു അമ്മയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞുള്ള വരവാണ്,
തല്ലി കിട്ടിയ തന്നെക്കാൾ നൊന്തത് അവനാണെന്ന് അവന്റെ കണ്ണുകൾ പറയുന്നുണ്ട്,
ബഷീറെ നിന്നെ തല്ലുകൊളളിച്ച ആ ചന്തൂട്ടിയെ വിടരുത്,
എനിക്ക് കിട്ടേണ്ട അടിയാ നീ വാങ്ങിയത്, അവന് പണി കൊടുക്കണം, നീ ഒന്നും അറിയണ്ട നീ വീട്ടിപ്പോ, അവന്റെ കാര്യം ഞങ്ങളേറ്റ്,
വേണ്ട ടാ ,''' വേണ്ട, എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി നീയായിട്ട് ഒന്നിനും പോണ്ട,
ഇനി നീ ഇങ്ങോട്ട് വരില്ലേ എന്നതായിരുന്നു എന്റെ വിഷമം.,
സേനഹത്തോടെ പുറത്ത് തട്ടി സമാധാനിപ്പിച്ച് ബാബുവിനെ പറഞ്ഞയക്കുമ്പോൾ ബഷീറിന് തന്റെ സുഹൃത്തിൽ അഭിമാനം തോന്നി:::.
കാലങ്ങൾ പിന്നെയും കടന്നു പോയി .......
മാവുകൾ പിന്നെയും പൂത്തു കായ്ചു, ഒരു ദിവസം രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉണർന്ന ബഷീർ മറുപുറത്ത് നിന്നും കേട്ടത് ഒരു മരണ വാർത്തയാണ്,
ചന്തൂട്ടി മരിച്ചിരിക്കുന്നു,
രാവിലെ ധൃതിപെട്ട് മരണവീട്ടിലേക്കോടിയ ബഷീർ കണ്ട കാഴ്ച
ചന്തൂട്ടിക്ക് ചിതയൊരുക്കാൻ നമ്മുടെ ആ പഴയ മാവ് മുറിക്കുന്ന ബാബുവിനെയാണ്,
അന്ന് അവന്റെ കണ്ണിൽ പഴയ ആ പകയക് പകരം ഉതിരാൻ ഊഴം കാത്ത് നിൽക്കുന്ന രണ്ട് തുള്ളി കണ്ണീരാണ് ........
ഇതു പോലെ കാലം എല്ലാ പകയുടെ കഥകകളും കണ്ണുനീരിൽ ഒഴുക്കി കളഞ്ഞെങ്കിൽ-- -- ..
'' - ഹരി മേലടി ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo