ഫാത്ത്മ പത്തുവര്‍ഷത്തിലധികമായി എന്റെ അയല്‍ക്കാരിയാണ്. അവര്‍ പൊതുവെ ഉംമെഹ്മൂദ് എന്നപേരിരലാണ് സ്വയം പരിചയപ്പെടുത്തുക.
അതായത് മെഹ്മൂദിന്റെ അമ്മ.
കുറച്ചടുപ്പമായതിനു ശേഷമാണ് സ്വന്തം പേരു പറഞ്ഞു തന്നത്.
ഫാത്മ പാലസ്തീന്‍ സ്വദേശിയാണ്.
ഈജിപ്തുകാരനായ ഭര്‍ത്താവിനും നാലു കുട്ടികള്‍ക്കുമൊപ്പം ഖത്തറില്‍ താമസമായിട്ട് ഇരുപതു വര്‍ഷമായത്രെ. സമ്പന്നമായ കുടുംബം. ഇംഗ്ളീഷ് വളരെക്കുറച്ചേ വഴങ്ങൂ, അതുകൊണ്ട് എപ്പോഴെങ്കിലുമേ ഞങ്ങള്‍ സംസാരിയ്ക്കൂ, അതും അറബിയും ആംഗ്യവും കലര്‍ത്തി. ചിലപ്പോള്‍ അവരുടെ മകള്‍ ദ്വിഭാഷിയായുണ്ടാവും. ഉയരുന്ന ജീവിതച്ചിലവിനെപ്പറ്റി, വീട്ടുവാടകയെപ്പറ്റി, കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റി ഞങ്ങള്‍ ഉത്കണ്ഠപ്പെടാറുണ്ട്. ഇന്ത്യയെപ്പറ്റി, കേരളമെന്ന നാടിനെപ്പറ്റി ഒരുപാട് ചോദ്യങ്ങളുമുണ്ട്.
ഇടയ്ക്കെല്ലാം ഭക്ഷണങ്ങള്‍ കൈമാറാറുമുണ്ട്. അങ്ങിനെയൊരിയ്ക്കലാണ് നിറകണ്ണുകളോടെ പറഞ്ഞത്..
അവര്‍ക്ക് സ്വദേശത്തേയ്ക്കൊരു മടക്കമില്ല. ആഭ്യന്തരകലാപവേളയില്‍ കുടുംബമൊത്ത് പലായനം ചെയ്യുകയായിരുന്നു. അമ്മയും ഏഴു കൂടപ്പിറപ്പുകളും ഇവിടെത്തന്നെ. എല്ലാവരും സാമാന്യം നല്ലനിലയില്‍, പക്ഷേ സ്വന്തം നാടില്ല. ഫാത്മയുടെ കുട്ടികള്‍ക്ക് അച്ഛന്റെ രാജ്യത്തെ പൗരത്വമുണ്ട്. അവര്‍ അവധിയ്ക്ക് അവിടെ പോയി വരാറുണ്ട്.
ഫാത്മയ്ക്ക് പക്ഷെ യാത്രാരേഖകളോ അനുമതിപത്രമോ ഇല്ല. അതുകൊണ്ടുതന്നെ, അവര്‍ ഇവിടം വിട്ടുപോകാതെ തുടരുകയാണ്. ബാല്യകാലം ചിലവഴിച്ച തന്റെനാടിനെക്കുറിച്ച് ആവേശപൂര്‍വ്വം പറഞ്ഞതോര്‍ക്കുന്നു. മുഴുവല്‍ മനസ്സിലായില്ലെങ്കിലും അരുവികളും പാറക്കെട്ടുകളും മലനിരകളുമുള്ള ഒരുനാടും, ആട്ടിന്‍പറ്റങ്ങളും പൂന്തോട്ടവുമുള്ള ഒരുവീടും ഞാന്‍ സങ്കല്പത്തില്‍ കണ്ടു. ഇന്നങ്ങിനെയൊരു വീടവിടെയില്ല എന്ന് ഞെട്ടലോടെയറിഞ്ഞു.
അങ്ങിനെ വേരുകള്‍ നഷ്ടപ്പെട്ട എത്രയോ പേര്‍!! മറ്റൊരു നാട്ടില്‍ വേരുപിടിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെട്ടവര്‍. സ്വന്തം നാടിനു പകരം മറ്റൊന്നുമില്ലന്ന് വിശ്വസിയ്ക്കുന്നവര്‍..
ദീപാവലിയ്ക്ക് ഉമ്മറവാതിലിനപ്പുറം മണ്‍ചെരാതുകളില്‍ ദീപം തെളിയിയ്ക്കുമ്പോള്‍ പതിവുപോലെ ഫാത്മ വാതില്‍തുറന്നു. ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ്..ഞാന്‍ വിശദീകരിച്ചു.. ഒരല്പം മധുരവും കൊടുത്തു. യെസ്.. അവര്‍ തലകുലുക്കി. പിന്നെ സുഖാന്വേഷണങ്ങള്‍.. സ്ഥിരം ചോദ്യവും, വെന്‍ ഗോയിംഗ് ഇന്ത്യ? ഞാന്‍ പറഞ്ഞു..ഇന്‍ഷാ അള്ളാഹ് നെക്സ്റ്റ്ഇയര്‍ .
പിന്നെ മടിച്ചാണെങ്കിലും ചോദിച്ചു.. യൂ ട്രാവെലിംഗ് ദിസ് ഇയര്‍? ഫാത്മ സങ്കടത്തോടെ നിഷേധപൂര്‍വ്വം തലയാട്ടി. എല്ലാംശരിയാവുമെന്ന എന്റെ ഭംഗിവാക്ക് അവര്‍ക്കാശ്വാസമാവുമോ? ഇന്‍ഷാള്ളാ നെക്സ്റ്റിയര്‍ ഗോ.. ഞങ്ങളൊന്നിച്ചു പറഞ്ഞു.. ചെരാതിലെ ദീപനാളങ്ങള്‍ ഒന്നുലഞ്ഞു വീണ്ടും തെളിഞ്ഞുകത്തി. ജന്മനാടിനെക്കുറിച്ചോര്‍ക്കാന്‍ ഫാത്മ ഒരു നിമിത്തമായതും ഇന്നു കേരളപ്പിറവിദിനമായതും കേവലം യാദൃച്ഛികമല്ല, മനഃപൂര്‍വ്വം മാത്രം. നാളികേരത്തിന്റെനാട്ടിന്ല്‍ സ്വന്തമായി ഒരുപിടി മണ്ണും ഒരുകൊച്ചുകൂടും ഉള്ളതെത്ര ആശ്വാസവും അഭിമാനവുമാണ്!!
ആഴത്തിലോടുന്ന വേരുകള്‍ തന്നെയാണ് പ്രവാസമെന്ന സ്ഥാനപ്പകര്‍ച്ചയെ ഏതുമണ്ണിലും പിടിച്ചു നിര്‍ത്തുന്നത്. ....
രാധാസുകുമാരന്‍.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക