''ഉപ്പാനെ ഉമ്മ എന്തിനാ നുണയൻ എന്നു വിളിച്ചത്.? ''
പതിമൂന്ന് വയസ്സുള്ള മകൻ അജാസിൻെറ ചോദ്യം കേട്ട് ഞെട്ടലോടെ അയാൾ മകൻെറ മുഖത്തേക്കു നോക്കി.!
''ഉപ്പ നുണ പറയുമോ?'' വീണ്ടും ചോദ്യം.
''പറഞ്ഞിട്ടുണ്ട് മോനെ...'' അയാൾ മകനോട് പറഞ്ഞു.
'' ആ നുണ പക്ഷേ വലിയൊരു ദുരന്തമാണുണ്ടാക്കിയത്.!''
''ദുരന്തമോ ?'' അജാസിൻെറ ജിജ്ഞാസ മാറുന്നില്ല.
കംപ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന അയാളുടെ ഇരട്ട കുട്ടികളായ ചിയ മോളും ,ഏതോ ചിത്ര കഥാ പുസ്തകം വായിച്ചിരുന്ന ചിപ്പി മോളും ,അവരുടെ ഇക്കയോടൊപ്പം കൂടി.
അല്പം വില്ലത്തിയായ ചിയമോൾ അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു..''ഉമ്മാ...ഉപ്പ നൊണ പറഞ്ഞിട്ടുണ്ടെന്ന്.''
ഉമ്മയുടെ മറുപടിക്കു കാത്തു നില്കാതെ മൂന്നു പേരും അയാളുടെ ചുറ്റും കൂടി.
''പറ ഉപ്പാ..ഉപ്പ ഒരു നുണയേ പറഞ്ഞിട്ടുള്ളൂ..?''
ചിപ്പി മോൾക്ക് സംശയം.
''അല്ല മക്കളെ...പിന്നെ ഒത്തിരി നുണകൾ ഉപ്പ പറഞ്ഞിട്ടുണ്ട്. കാരണം ഒരു നുണ കൊണ്ടുണ്ടായ ദുരന്തത്തേക്കാൾ വലുതൊന്നും
ഇനി വരാനില്ലാന്ന് ഉപ്പാക്കറിയാം.''
അയാൾ ഒരു ചിരിയോടെ ചാരു കസേരയിൽ കിടന്ന് വീടിൻെറ മച്ചിലേക്ക് നോക്കി.
മച്ചിൽ ഒരു പ്രാണിയെ പിടിച്ച് വിഴുങ്ങനുള്ള ശ്രമത്തിലാണ് ഒരു പല്ലി.
''ഇത്ര വലിയ ദുരന്തം വരുത്തി വെച്ച നുണ എന്തായിരുന്നു ഉപ്പാ...?''
അജാസ് വിടാനുള്ള ഭാവമില്ല.
''ഉപ്പ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയോട് ''നിന്നെ ഞാൻ സ്നേഹിക്കുന്നു '' എന്നു പറഞ്ഞു.
അതിൻെറ പരിണിത ഫലമായ് ഞാനവളെ കെട്ടി അതാണ് മക്കളെ...നിങ്ങളുടെ ഉമ്മ. ഇതിലും വലിയൊരു ദുരന്തം വേറെ എന്തുണ്ടാകാനാണ് മക്കളെ....?!''
മക്കൾ ആർത്തു ചിരിച്ച് അടുക്കളയിലേക്ക് ഓടുംബോൾ അടുക്കളയിൽ നിന്നും അയാളുടെ ഭാര്യ വിളിച്ചു പറയുന്നുണ്ടായിരുന്നു .
''നുണയൻ ,നുണയൻ..! ''
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അബൂ നഫീസ് , ചാവക്കാട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക